ലോകത്തെ വീക്ഷിക്കൽ
സാംക്രമിക രോഗബാധ
കഴിഞ്ഞ വർഷം സംഭവിച്ച 5.2 കോടി മരണങ്ങളിൽ മൂന്നിലൊന്ന് സാംക്രമികരോഗങ്ങൾ നിമിത്തമായിരുന്നുവെന്നു ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) പറയുന്നു. മരിച്ചവരിൽ കണക്കാക്കപ്പെട്ട 1.7 കോടിയിൽ ഭൂരിപക്ഷവും കൊച്ചുകുട്ടികളായിരുന്നു. ഡബ്ലിയുഎച്ച്ഒ പുറത്തിറക്കിയ ലോകാരോഗ്യ റിപ്പോർട്ട് 1996, [ഇംഗ്ലീഷ്] അനുസരിച്ച്, കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഇബോള വൈറസും എയ്ഡ്സും ഉൾപ്പെടെ ഏറ്റവും കുറഞ്ഞത് 30 പുതിയ സാംക്രമികരോഗങ്ങളെയെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. ക്ഷയരോഗം, കോളറ, മലമ്പനി എന്നിവ പോലുള്ള പ്രധാന രോഗങ്ങളെ തടയാനോ ചുരുങ്ങിയ ചെലവിൽ ചികിത്സിക്കാനോ കഴിയുമെങ്കിലും, അവ ഒരു തിരിച്ചുവരവു നടത്തുകയാണ്, ഔഷധങ്ങളെ ചെറുത്തുനിൽക്കാനുള്ള വർധിച്ച കഴിവും അവ നേടിയിരിക്കുന്നു. സാർവദേശീയ യാത്രയും കൊതുകു-ബാധിത ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ജനസംഖ്യാ വർധനവും പോലെയുള്ള മറ്റു ഘടകങ്ങൾ ഉൾപ്പെടെ, “രോഗപ്രതിരോധ ഔഷധങ്ങളുടെ അനിയന്ത്രിതവും അനുചിതവുമായ ഉപയോഗ”മാണു അതിന്റെ കാരണമെന്ന് പ്രസ്തുത റിപ്പോർട്ടു പറയുന്നു.
പുസ്തകശാലാ കുമ്പസാരക്കൂടുകൾ
ഒരു ഇറ്റാലിയൻ കത്തോലിക്കാ അസോസിയേഷൻ അതിന്റെ മതപരമായ പുസ്തകശാലകളുടെ ശൃംഖലയിൽ കുമ്പസാരക്കൂടുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു, ഓരോന്നും കുമ്പസാരം കേൾക്കാനുള്ള ഒരു വൈദികനുൾപ്പെടെ സമ്പൂർണമാണ്. പരീക്ഷണം ആരംഭിച്ചത് മിലാനിലാണ്. “ആത്മീയോപദേശം തേടാനോ കുമ്പസാരിക്കാനോ പോലും ഒരു വൈദികനെ കാണാൻ ആഗ്രഹിക്കുന്ന, എന്നാൽ അത് ഒരു പള്ളിയിൽവെച്ചായിരിക്കാൻ ആഗ്രഹിക്കാത്ത എല്ലാവർക്കും” വേണ്ടി പട്ടണത്തിലെ വാണിജ്യകേന്ദ്രത്തിലുള്ള ഒരു പുസ്തകശാലയിൽ ഓരോ ബുധനാഴ്ചയും ഒരു വൈദികൻ ലഭ്യമായിരുന്നുവെന്നു ശാലയുടെ മാനേജർ പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു: “ആദ്യ ഫലങ്ങൾ ഞങ്ങളുടെ ഏറ്റവും കൂടിയ ശുഭപ്രതീക്ഷകളെക്കാളും വളരെ മെച്ചമായിരുന്നു.” എന്തുകൊണ്ടാണ് ഈ സംരംഭം? “കുമ്പസാര കൂദാശയിലെ കുറവു നികത്താ”നാണെന്ന് ഇറ്റാലിയൻ പത്രമായ ലാ റിപ്പബ്ലിക്കാ വിശദീകരിക്കുന്നു.
യാതൊന്നും പാഴാകുന്നില്ല
ഏതാണ്ട് 270 കിലോഗ്രാം മാംസം എടുത്തുകഴിഞ്ഞിട്ടുള്ള, പശുവിന്റെ ശേഷിക്കുന്ന ഭാഗത്തിന് എന്തു സംഭവിക്കുന്നു? തൈറോയ്ഡ്ഗ്രന്ഥി, ആഗ്നേയഗ്രന്ഥി, ശ്വാസകോശങ്ങൾ, പ്ലീഹ, അഡ്രിനൽഗ്രന്ഥി, അണ്ഡാശയങ്ങൾ, പിറ്റ്യൂട്ടറിഗ്രന്ഥി തുടങ്ങിയ ആന്തരികാവയവങ്ങളും കരളിൽനിന്നും പിത്താശയത്തിൽനിന്നുമുള്ള പിത്തരസവും ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. എല്ലുകൾ, കുളമ്പുകൾ, ചർമം എന്നിവയിൽനിന്ന്, സുഗന്ധദ്രവ്യങ്ങളിലും ലേപനങ്ങളിലും ഉപയോഗിക്കുന്നതിനുള്ള ഒരുതരം മാംസ്യം (Collagen) വേർതിരിച്ചെടുക്കുന്നു. തരുണാസ്ഥിയും കൊഴുപ്പും പല സൗന്ദര്യവർധക വസ്തുക്കളിലും കേശസംരക്ഷണോത്പന്നങ്ങളിലും ഉപയോഗിക്കുന്ന ബ്യൂട്ടൈൻ സ്റ്റിയറേറ്റ്, പിഇജി-150 ഡൈസ്റ്റിയറേറ്റ്, ഗ്ലിക്കോൾ സ്റ്റിയറേറ്റ് എന്നിവയിൽ ചെന്നവസാനിക്കുന്നു. മൃഗക്കൊഴുപ്പിൽനിന്ന് ഉണ്ടാക്കുന്നവയാണ് ഭൂരിഭാഗം സോപ്പുകളും. ഐസ്ക്രീം, ചില മിഠായികൾ, നിരവധി “കൊഴുപ്പു രഹിത” ഉത്പന്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നൂറുകണക്കിനു ഭക്ഷ്യവിഭവങ്ങളിൽ ഉപയോഗിക്കുന്ന ജെലാറ്റിൻ ഉണ്ടാക്കുന്നതിനുവേണ്ടി എല്ലുകളും കുളമ്പുകളും പൊടിച്ചെടുക്കുന്നു. ശേഷിക്കുന്ന ഭാഗങ്ങൾ ഉപയോഗിക്കുന്നത് വർണച്ചോക്ക്, തീപ്പെട്ടിക്കൊള്ളി, തറമെഴുക്, തറ വിരിപ്പ്, ആൻറിഫ്രീസ്, സിമൻറ്, കളനാശിനികൾ, സുതാര്യ പൊതിക്കടലാസ്, ഛായാഗ്രഹണക്കടലാസ്, സ്പോർട്സ് വസ്തുക്കൾ, ഇരിപ്പിട അലങ്കാരങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെയൊക്കെ നിർമാണത്തിനാണ്. ഏറ്റവും ഉയർന്ന വില നൽകേണ്ടതു പിത്തകോശപിണ്ഡത്തിനാണ്—ഒരു ഔൺസിന് 600 (യു.എസ്.) ഡോളർ! വിദൂരപൂർവ ദേശങ്ങളിലുള്ള വ്യാപാരികൾ കാമോദ്ദീപകൗഷധമായി ഉപയോഗിക്കാൻ അവ വാങ്ങുന്നു.
പ്രസവസമയ ദുരന്തം
ഓരോ വർഷവും ഏകദേശം 5,85,000 സ്ത്രീകൾ ഗർഭകാലത്തോ പ്രസവസമയത്തോ മരണമടയുന്നതായി യൂനിസെഫിന്റെ (ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി) ഒരു പുതിയ സർവതോൻമുഖ സർവേ പറയുന്നു. രാഷ്ട്രങ്ങളുടെ പുരോഗതി 1996 (ഇംഗ്ലീഷ്) എന്ന റിപ്പോർട്ട് അനുസരിച്ച്, പ്രസവസമയ ദുരന്തത്തിൽ അധികവും തടയാവുന്നതാണ്. അതു പ്രസ്താവിക്കുന്നു: “ഈ മരണങ്ങൾ ഭൂരിഭാഗവും രോഗികളുടെതോ വളരെ പ്രായമുള്ളവരുടെതോ പ്രായം വളരെ കുറഞ്ഞവരുടെതോ അല്ല, മറിച്ച് ജീവിതത്തിലെ ഏറ്റവും ഊർജസ്വലമായ ഘട്ടത്തിലുള്ള ആരോഗ്യവതികളായ സ്ത്രീകളുടെതാണ്.” ഓരോ വർഷവും ഏതാണ്ട് 75,000 സ്ത്രീകൾ ഗർഭച്ഛിദ്രത്തിലെ പാകപ്പിഴ നിമിത്തവും 40,000 പേർ പ്രസവതടസ്സത്തിന്റെ ഫലമായും, 1,00,000 പേർ രക്തത്തിലെ രോഗാണുബാധ നിമിത്തവും 75,000 പേർ മസ്തിഷ്കത്തിനും വൃക്കയ്ക്കും ഉണ്ടാകുന്ന എക്ലാംപ്സിയാകൊണ്ടുള്ള തകരാറു മൂലവും (പ്രസവപൂർവ സംക്ഷോഭം) 1,40,000 പേർ രക്തസ്രാവം നിമിത്തവും മരിക്കുന്നു. നിരവധി രാജ്യങ്ങളിൽ പ്രസവ ശുശ്രൂഷയുടെ അപര്യാപ്തതയാണു പ്രധാന കാരണമെന്നു പറയപ്പെടുന്നു. ദക്ഷിണ ഏഷ്യയിൽ 35 സ്ത്രീകളിൽ ഒരാളും സഹാറയുടെ തെക്കുള്ള ആഫ്രിക്കൻ പ്രദേശങ്ങളിൽ 13 പേരിൽ ഒരാളും, അതിനോടു താരതമ്യം ചെയ്യുമ്പോൾ കാനഡയിൽ 7,300 പേരിൽ ഒരാളും ഐക്യനാടുകളിൽ 3,300 പേരിൽ ഒരാളും യൂറോപ്പിൽ 3,200 പേരിൽ ഒരാളും വീതം ഗർഭത്തോടും ശിശുജനനത്തോടും ബന്ധപ്പെട്ട കാരണങ്ങൾ നിമിത്തം മരിക്കുന്നതായി വിവരങ്ങൾ സൂചിപ്പിക്കുന്നുവെന്ന് യൂനിസെഫ് അധികൃതർ പറയുന്നു. വർഷം ഏകദേശം 5,00,000 മരണങ്ങൾ എന്ന നേരത്തെയുള്ള കണക്കിനെക്കാൾ ഏതാണ്ട് 20 ശതമാനം കൂടുതലാണ് ഈ സംഖ്യ.
എയ്ഡ്സ് രോഗം ഇപ്പോഴും വർധിക്കുന്നു
“ലോകത്തിന്റെ ധാരാളം ഭാഗങ്ങളിൽ, വിശേഷിച്ചും ഏഷ്യയിലും ആഫ്രിക്കയുടെ തെക്കും എയ്ഡ്സിനിടയാക്കുന്ന വൈറസ് ദ്രുതഗതിയിൽ തുടർന്നും പടർന്നുപിടിക്കുന്നു. എയ്ഡ്സ് രോഗികളുടെ എണ്ണവും കുതിച്ചുയർന്നിരിക്കുന്നു”വെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. എച്ച്.ഐ.വി.-യെയും എയ്ഡ്സിനെയും സംബന്ധിച്ച ഐക്യരാഷ്ട്രങ്ങളുടെ സംയുക്ത പരിപാടി സമാഹരിച്ച വിവരങ്ങൾ പ്രകടമാക്കുന്നപ്രകാരം 1995-ൽ 13 ലക്ഷം ആളുകൾ എയ്ഡ്സ് രോഗലക്ഷണങ്ങളുള്ളവരായിരുന്നു, അത് മുൻ വർഷത്തെക്കാൾ 25 ശതമാനം വർധനവാണ്. പ്രായപൂർത്തിയായ 2.1 കോടി ആളുകൾ ലോകവ്യാപകമായി എച്ച്.ഐ.വി. ബാധിച്ചവരാണെന്ന് ഇപ്പോൾ കണക്കാക്കിയിരിക്കുന്നു, അവരിൽ ഏകദേശം 42 ശതമാനം സ്ത്രീകളാണ്. അതിനു പുറമേ ഓരോ ദിവസവും 7,500 ആളുകൾ രോഗാണുബാധിതരായിത്തീരുന്നു. അനേകം ദശലക്ഷം കുട്ടികൾക്കും രോഗാണുബാധയുള്ളതായി പറയപ്പെടുന്നു. ഗുരുതര രോഗമായിത്തീരാൻ രോഗാണുബാധയുടെ സമയംമുതൽ ഏകദേശം പത്തു വർഷമെടുക്കുന്നു. 1995-ൽ എയ്ഡ്സിനോടു ബന്ധപ്പെട്ട രോഗങ്ങൾമൂലം 9,80,000 ആളുകൾ മരിച്ചെന്നും 1996-ൽ ഇത് 11,20,000 ആയി കുതിച്ചുയരുമെന്നും യുഎൻ റിപ്പോർട്ടു കണക്കാക്കുന്നു. തെക്കേ ആഫ്രിക്കയിലും ഇന്ത്യയിലും അടുത്തകാലത്തു പ്രസ്തുത വൈറസ് വ്യാപകമായി പടർന്നിരിക്കുന്നു, ചൈനയിലും വിയറ്റ്നാമിലും അതുതന്നെ ഉണ്ടാകുമെന്നു കരുതുന്നു. രോഗാണുബാധയുടെ നിരക്കു ചില ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ ഇപ്പോൾത്തന്നെ 16 മുതൽ 18 വരെ ശതമാനം ഉയർന്നതാണ്. രോഗാണുബാധയുള്ള യുവസ്ത്രീകളുടെ എണ്ണം ലോകവ്യാപകമായി ദ്രുതഗതിയിൽ വർധിക്കുന്നത് ഉത്കണ്ഠാജനകമാണ്. ഈ സ്ത്രീകൾക്കു ജനിക്കുന്ന ശിശുക്കളിൽ മൂന്നിലൊന്നിനും പ്രസ്തുത വൈറസ് ഉണ്ടായിരിക്കും.
വേഗത സൂക്ഷിക്കുക!
വളരെ വേഗത്തിൽ വാഹനമോടിക്കുന്നത് വർഷംതോറും 1,000 ബ്രിട്ടീഷുകാരുടെ മരണത്തിനു കാരണമാകുകയും 77,000 പേർക്കു പരിക്കേൽപ്പിക്കുകയും ചെയ്യുന്നുവെന്ന് ലണ്ടനിലെ ദ ഡെയ്ലി ടെലഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ വേഗതാപരിധി നിലനിർത്തുന്നതുപോലും സുരക്ഷിതമല്ലായിരുന്നേക്കാം. കൂടുതൽ വേഗത്തിൽ പോകാവുന്ന നിരത്തുകളിലെ 10 ശതമാനത്തിലധികം അപകടങ്ങൾ മുന്നിലുള്ള വാഹനത്തോടു വളരെ അടുത്തു വാഹനമോടിക്കുന്നതിന്റെ ഫലമായാണുണ്ടാകുന്നത്. നിങ്ങൾക്കും മുമ്പിലുള്ള കാറിനും ഇടയിൽ രണ്ടു സെക്കൻറ് ദൂരമിടാൻ ബ്രിട്ടീഷ് ഹൈവേ നിയമം ശുപാർശ ചെയ്യുന്നു. എന്നാൽ, നനഞ്ഞതോ തെന്നുന്നതോ ആയ റോഡിലൂടെ വാഹനമോടിക്കുമ്പോൾ അല്ലെങ്കിൽ ശരിയായി കാണാൻ കഴിയാത്തപ്പോൾ ഈ ദൂരം ഇരട്ടിയാക്കണം. വളരെയടുത്തു പിന്തുടരുന്നതു സുരക്ഷിതമല്ലെന്നു മാത്രമല്ല ക്ഷീണിപ്പിക്കുന്നതും സമ്മർദപൂരിതവുമാണ്. തങ്ങൾ സുരക്ഷിതമായ അകലമിടുമ്പോൾ മറ്റൊരു കാർ ഇടയ്ക്കുകയറുന്നതായി ഡ്രൈവർമാർ മിക്കപ്പോഴും പരാതിപ്പെടുന്നു. എന്നാൽ, ഇതിനുള്ള ഏക സുരക്ഷിത പ്രതികരണം വേഗത കുറച്ച് അകലം വീണ്ടും വർധിപ്പിക്കുക എന്നതാണ്. പെട്ടെന്നു ബ്രേക്കുചെയ്യുന്നത് അപകടങ്ങൾക്കു വഴിതെളിച്ചേക്കാവുന്നതാണ്, അതുകൊണ്ടു സാധ്യമായ അപകടങ്ങളെക്കുറിച്ചു ജാഗ്രത പാലിക്കുക. ആൻറിലോക്ക് ബ്രേക്കിങ് സംവിധാനം ഉണ്ടായിരിക്കുന്നതു വാഹനം പൂർണമായി നിർത്തുന്നതിനാവശ്യമായ ദൂരം കുറയ്ക്കുന്നില്ല. ഡ്രൈവിങ് പരിശീലകനായ പോൾ റിപ്ലേ പറയുന്നു: “ഏതു സാഹചര്യത്തിലെയും സുരക്ഷിതമായ വേഗത ഭൂരിഭാഗം ഡ്രൈവർമാരും തിരിച്ചറിയുന്നതിനെക്കാൾ വളരെ കുറഞ്ഞതാണ്.”
ശസ്ത്രക്രിയാവിദഗ്ധരേ, നിങ്ങൾ പറയുന്നതു സൂക്ഷിക്കുക
സാധാരണഗതിയിലുള്ള കൃത്രിമബോധക്ഷയത്തിലാണെങ്കിൽ പോലും, ശസ്ത്രക്രിയയ്ക്കു വിധേയരാകുന്ന രോഗികൾ “കേൾക്കാൻ” പ്രാപ്തരാണെന്ന നെതർലൻഡ്സിലെ എറാസ്മുസ് സർവകലാശാലയിൽനിന്നുള്ള ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം, ശസ്ത്രക്രിയാ സമയത്തു സംസാരിച്ച വാക്കുകളുടെ ആദ്യ പദാംഗം നൽകിയിട്ട്, മനസ്സിലേക്കുവരുന്ന ആദ്യവാക്കു പറഞ്ഞുകൊണ്ട് ആ വാക്കുകൾ പൂർത്തീകരിക്കാൻ 240 രോഗികളോട് ആവശ്യപ്പെട്ടു. ഒരിക്കൽ മാത്രം പരാമർശിച്ച വാക്കുകൾ 24 മണിക്കൂറിനു ശേഷംപോലും മിക്ക രോഗികൾക്കും ഓർമിക്കാൻ കഴിഞ്ഞു. കൃത്രിമബോധക്ഷയത്തിലായിരിക്കുന്ന രോഗികൾക്ക് ഓപ്പറേഷന്റെ സമയത്ത് “കേൾക്കാൻ” കഴിയുമെന്നും നിഷേധാത്മകമോ അവമതിക്കുന്നതോ ആയ പരാമർശനങ്ങളോടു സൂക്ഷ്മവേദകത്വമുണ്ടായിരുന്നേക്കാമെന്നും ഇതു സൂചിപ്പിക്കുന്നുവെന്നു ഗവേഷകർ പറയുന്നു. ശാസ്ത്രീയ ഗവേഷണങ്ങൾക്കുള്ള നെതർലൻഡ്സ് സ്ഥാപനം പ്രസിദ്ധീകരിച്ച നെതർലൻഡിൽനിന്നുള്ള ഗവേഷണ റിപ്പോർട്ടുകൾ (ഇംഗ്ലീഷ്) ഇങ്ങനെ ഉപസംഹരിക്കുന്നു: “അതുകൊണ്ട്, ഓപ്പറേഷൻ സമയത്തെ തങ്ങളുടെ സംഭാഷണം സംബന്ധിച്ച് മെഡിക്കൽ സ്റ്റാഫുകൾ ശ്രദ്ധയുള്ളവരായിരിക്കേണ്ടതുണ്ട്.”
“ഭ്രാന്തുപിടിച്ച പശുരോഗം”
◼ ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട “ഭ്രാന്തുപിടിച്ച പശുരോഗം” മൃഗസംരക്ഷണത്തെക്കുറിച്ചുള്ള ഒരു ദീർഘകാല വസ്തുതയെ മുൻപന്തിയിലേക്കു കൊണ്ടുവന്നിരിക്കുന്നു. മറ്റു മൃഗങ്ങളുടെ ശരീരഭാഗങ്ങൾ തിന്നാൻ നൽകിയതിനാൽ സ്വതവേ സസ്യഭുക്കുകളായ മൃഗങ്ങൾ മാംസഭുക്കുകളായി മാറിയിരിക്കുന്നു. വിഭവങ്ങൾ സംരക്ഷിക്കാനും ലാഭം വർധിപ്പിക്കാനും മൃഗവളർച്ച ത്വരിതപ്പെടുത്താനുമായി ഉണങ്ങിയ രക്തമോ പൊടിച്ച അസ്ഥിയോ പൊടിച്ചെടുത്ത കുടൽ, സുഷുമ്നാ നാഡി, തലച്ചോറ് എന്നിവയും ആഗ്നേയഗ്രന്ഥി, ശ്വാസനാളം, വൃക്ക തുടങ്ങിയ മറ്റ് ആന്തരികാവയവങ്ങളും അടങ്ങിയ മാംസ ഭക്ഷണം ക്രമമായി ഉപയോഗിക്കുന്നു. ഒരു സാധാരണ പശുക്കിടാവിന് ആറുമാസം പ്രായമാകുമ്പോഴേക്കും മറ്റു മൃഗങ്ങളുടെ ശേഷിതഭാഗങ്ങളിൽനിന്നു നിർമിച്ച ഏകദേശം 12 കിലോഗ്രാം തീറ്റ നൽകിക്കഴിഞ്ഞിരിക്കുമെന്നു പ്രസ്തുത രോഗത്തെക്കുറിച്ച് ആദ്യം മുന്നറിയിപ്പു മുഴക്കിയ വിദഗ്ധരിൽ ഒരാളായ ഡോ. ഹറോഷ് നാറങ് പറയുന്നു. ഒരു കശാപ്പുശാലയിലെ തന്റെ സന്ദർശനത്തെ പരാമർശിക്കവേ അദ്ദേഹം പറഞ്ഞു: “ഞാൻ അത്ഭുതസ്തബ്ധനായി. നാം വാസ്തവത്തിൽ കന്നുകാലിയെ കന്നുകാലിയിലേക്കു പുനഃചംക്രമണം നടത്തുകയാണ്. എന്റെ അഭിപ്രായത്തിൽ ഇത് സ്വവർഗമൃഗഭോജനമാണ്.”
◼ “ഭ്രാന്തുപിടിച്ച പശുരോഗ”ത്തെക്കുറിച്ചുള്ള ഭീതിനിമിത്തം തനിക്കു ലാഭത്തിൽ വിൽക്കാൻ കഴിയാത്ത പ്രായംചെന്ന പശുക്കളെ ഉപയോഗിക്കുന്നതിനുള്ള ഒരു മാർഗം ബ്രിട്ടീഷുകാരനായ ഒരു കാലിവളർത്തുകാരൻ കണ്ടുപിടിച്ചുവെന്നത് ഒരു ശോഭനമായ വശമാണ്. ന്യൂസ്വീക്ക് റിപ്പോർട്ടു ചെയ്തപ്രകാരം, അയാൾ അവയെ പരസ്യപ്പലകകളായി ഉപയോഗിക്കുന്നു. തിരക്കുള്ള പ്രധാനവീഥിയുടെ സമീപം മേയുന്ന തന്റെ കന്നുകാലികളുടെമേൽ പരസ്യങ്ങൾ പതിച്ചുകൊണ്ട് അയാൾ ആഴ്ചതോറും പശുവൊന്നിന് 40 ഡോളർ സമ്പാദിക്കുന്നു. “നാം പുതിയ വരുമാന മണ്ഡലങ്ങൾ അന്വേഷിക്കേണ്ടതുണ്ടെ”ന്ന് ആ കർഷകൻ പറഞ്ഞു. “ഇത്, അവയുടെ ചെലവു വഹിക്കുന്നതിനു പറ്റിയ നല്ലൊരു മാർഗമാണെന്നു തോന്നി.”