പിൽഗ്രിമുകളും സ്വാതന്ത്ര്യത്തിനായുള്ള അവരുടെ പോരാട്ടവും
നെതർലൻഡ്സിലെ ഉണരുക! ലേഖകൻ
ആയിരത്തിത്തൊള്ളായിരത്തിയിരുപതിൽ നെതർലൻഡ്സിലെ റോട്ടർഡാമിനടുത്തുള്ള ഡെൽഫ്സ്ഹേവനിൽ നിന്നു കപ്പൽകയറിയ ഒരു കൂട്ടം ഇംഗ്ലീഷ് പ്യൂരിറ്റന്മാർ, ഇപ്പോൾ തെക്കുകിഴക്കൻ മസാച്ചുസെറ്റ്സ് എന്നു വിളിക്കപ്പെടുന്ന ന്യൂ ഇംഗ്ലണ്ടിൽ—പ്ലൈമോത്ത് കോളനി—യൂറോപ്യന്മാരാലുള്ള ആദ്യത്തെ സ്ഥിരതാമസസ്ഥാനം സ്ഥാപിച്ചു. ആഴമായ മതതീക്ഷ്ണതയുള്ള ഈ ആളുകളെ, ആപത്കരമായ അറ്റ്ലാൻറിക് സമുദ്രത്തിലൂടെ മേയ്ഫ്ളവർ എന്ന കൊച്ചു കപ്പലിൽ ദൈർഘ്യമേറിയതും ദുഷ്കരവുമായ ഇത്തരമൊരു സാഹസിക യാത്രയ്ക്കു പ്രേരിപ്പിച്ചതെന്താണ്? അവർ നെതർലൻഡ്സിൽ വന്നത് എന്തിനായിരുന്നു? എന്തുകൊണ്ടാണ് അവർ അവിടം വിട്ടത്?
ഇംഗ്ലണ്ടിലെ മതപരമായ ചുറ്റുപാടുകൾ
1500-കളിൽ മതനവീകരണം റോമൻ കത്തോലിക്കാ സഭയെ ഒട്ടാകെ പിടിച്ചുലച്ചു. ഇംഗ്ലണ്ടുൾപ്പെടെ, യൂറോപ്പിൽ എല്ലായിടത്തും പ്രൊട്ടസ്റ്റൻറ് സഭകൾ അസ്തിത്വത്തിൽ വന്നു. ഇംഗ്ലണ്ടിന്റെ കാര്യത്തിൽ, റോമുമായി അവസാന ഛിദ്രമുണ്ടായത്, തന്റെ ആദ്യവിവാഹം അസാധുവാക്കാൻ അനുവദിക്കണമെന്ന ഹെൻട്രി VIII-ാമൻ രാജാവിന്റെ അഭ്യർഥന പോപ്പ് നിഷേധിച്ചതിനെ തുടർന്നായിരുന്നു. റോമുമായി ആംഗല സഭ വേർപിരിയുകയും 1534-ൽ ഇംഗ്ലണ്ടിലെ പാർലമെൻറ് ഔദ്യോഗികമായി “ദൈവം കഴിഞ്ഞ് അടുത്ത സ്ഥാനമുള്ള, ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭൂമിയിലെ പരമോന്നത അധികാരി” ആയി ഹെൻട്രിയെ അംഗീകരിക്കുകയും ചെയ്തു. 1533-ൽ ജനിച്ച, അദ്ദേഹത്തിന്റെ മകൾ എലിസബത്തിനെ ഒരു പ്രൊട്ടസ്റ്റൻറുകാരിയായി വളർത്തിക്കൊണ്ടുവന്നു, പിന്നീട് അവർ I-ാം എലിസബത്ത് രാജ്ഞി ആയിത്തീർന്നതിനു ശേഷം ആംഗ്ലിക്കൻ സഭയ്ക്ക് ഒരു ശക്തമായ പ്രൊട്ടസ്റ്റൻറ് സ്വഭാവവിശേഷത ഉണ്ടാക്കിക്കൊടുത്തു. എന്നുവരികിലും, അതിനോടകം പ്രബലമായിത്തീർന്നിരുന്ന ആംഗ്ലിക്കൻ സഭയോടു യോജിക്കാഞ്ഞ താരതമ്യേന ചെറിയ മറ്റു പ്രൊട്ടസ്റ്റൻറ് വിഭാഗങ്ങളുമുണ്ടായിരുന്നു. ആംഗ്ലിക്കൻ സഭയെ റോമൻ കത്തോലിക്കാ മതത്തിന്റെ എല്ലാ കളങ്കങ്ങളിൽ നിന്നും ശുദ്ധീകരിക്കാൻ (purify) ആഗ്രഹിച്ചതിനാൽ ഇക്കൂട്ടരിൽ മിക്കവരും പ്യൂരിറ്റന്മാർ എന്നായിരുന്നു വിളിക്കപ്പെട്ടത്. ഒരു പ്യൂരിറ്റൻ വിഭാഗം സഭയിൽ നിലവിലുണ്ടായിരുന്ന ബിഷപ്പുമാരുടെയും പുരോഹിതന്മാരുടെയും അധികാരശ്രേണിയിൽ നിന്നു വേർപിരിഞ്ഞതിനാൽ അതിനെ പ്രത്യേകിച്ചും മൗലികവാദികളാണെന്നു കരുതിയിരുന്നു. അവർ തങ്ങളുടെതന്നെ മൂപ്പന്മാരുടെ ഭരണത്തിൻകീഴിൽ തങ്ങളുടെ സഭ പൂർണമായും സ്വതന്ത്രമാണെന്നു കരുതി.
എലിസബത്ത് രാജ്ഞി, പ്യൂരിറ്റന്മാരെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ ജനങ്ങളുടെമേൽ തനിക്കുള്ള പിടി ഇല്ലാതാവുമോ എന്നു ഭയപ്പെട്ടു. അതുകൊണ്ട് രാജ്ഞി അവർക്കെതിരെ കടുത്ത നിയമനടപടികൾ കൈക്കൊണ്ടു. ഇങ്ങനെയെല്ലാമായിരുന്നിട്ടും, വ്യത്യസ്ത പ്യൂരിറ്റൻ വിഭാഗങ്ങൾ രഹസ്യമായി സ്വകാര്യ ഭവനങ്ങളിൽ കൂടിവന്നുകൊണ്ടിരുന്നു. തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചു വിവരിക്കുന്ന പലതരത്തിലുള്ള മത ലഘുലേഖകളും പ്യൂരിറ്റന്മാർ വിതരണം ചെയ്തു. ലണ്ടൻ പ്യൂരിറ്റന്മാർ തങ്ങൾക്കുതന്നെ മൂപ്പന്മാരുടെ സംഘത്തെയും നിയമിച്ചു. ഇതിൽ അധികവും പിരിച്ചുവിടപ്പെട്ട ആംഗ്ലിക്കൻ ശുശ്രൂഷകരായിരുന്നു ഉൾപ്പെട്ടിരുന്നത്. ആംഗ്ലിക്കൻ സഭയെ നവീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അതിൽനിന്നു വേർപെട്ടുപോയ വിഭാഗങ്ങളെ വേർപാടുകാർ എന്നു പറഞ്ഞുവരുന്നു.
എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായ ജയിംസ് I-ാമൻ രാജാവ് “രാജ്യം വിടാൻ [പ്യൂരിറ്റന്മാരെ] നിർബന്ധിതരാക്കിക്കൊണ്ട്,” അവരുടെ അതേ മതനയം പിന്തുടർന്നു. അതേസമയം, അദ്ദേഹത്തെ ബൈബിളിന്റെ ഒരു പുതിയ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കാൻ നിയോഗിക്കുകയും ചെയ്തു—1611-ൽ പൂർത്തിയായ ജയിംസ് രാജാവിന്റെ ഭാഷാന്തരം ആണത്. ഈ പുതിയ ഭാഷാന്തരം, ബൈബിൾ പരിശോധിക്കാൻ ആളുകളെ പ്രേരിതരാക്കി. ഫലമെന്തായിരുന്നു? കൂടുതൽ ആളുകൾ ദേശീയ സഭയോടു വിയോജിപ്പു പ്രകടമാക്കാൻ തുടങ്ങി. നിങ്ങൾ ആ നാളുകളിലാണു ജീവിച്ചിരുന്നതെങ്കിൽ എന്തു ചെയ്യുമായിരുന്നു? പീഡനത്തിന്റെ ഭീഷണിയിൻകീഴിൽ നിങ്ങളുടെ മതവിശ്വാസങ്ങളിൽ ചില വിട്ടുവീഴ്ചകൾ വരുത്തുമായിരുന്നുവെന്നു നിങ്ങൾ വിചാരിക്കുന്നുവോ? അതോ എന്തു വില ഒടുക്കേണ്ടിവന്നാലും നിങ്ങൾ നിങ്ങളുടെ വിശ്വാസം മുറുകെപ്പിടിക്കുമായിരുന്നോ? നിരവധി പ്യൂരിറ്റന്മാർ ഒത്തുതീർപ്പിലെത്താൻ വിസമ്മതിച്ചുകൊണ്ട് അതാണു ചെയ്തത്.
ഹോളണ്ടിലേക്കുള്ള രക്ഷപ്പെടൽ
ഒത്തുതീർപ്പിലെത്താഞ്ഞ വേർപാടുകാരുടെ ഒരു വിഭാഗം സ്ക്രൂബി എന്ന ചെറിയ ഇംഗ്ലീഷ് പട്ടണത്തിൽ ഉണ്ടായിരുന്നു. അവിടെ അവരുടെ “ഭരണം നടത്തുന്ന മൂപ്പൻ” ആയിരുന്ന പോസ്റ്റ് മാസ്റ്റർ വില്യം ബ്ര്യൂസ്റ്ററുടെ ഭവനത്തിൽ അവർ രഹസ്യമായി കൂടിവന്നു. ഒരു മുൻ ആംഗ്ലിക്കൻ പുരോഹിതനായിരുന്ന ജോൺ റോബിൻസണും അവരോടൊത്തു സഹവസിച്ചിരുന്നു. പുരോഹിതന്മാരുടെയും ബിഷപ്പുമാരുടെയും ഭരണത്തിനുപകരം മൂപ്പന്മാരുടെ സഭാഭരണ സംവിധാനത്തിനുവേണ്ടി വാദിക്കുക മാത്രമല്ല, സ്ക്രൂബിയിലെ ആ വിഭാഗം പുരോഹിതാധിപത്യത്തെയും മിക്കവാറും മറ്റെല്ലാ ആചാരപരമായ ആംഗ്ലിക്കൻ സഭാ ശുശ്രൂഷകളെയും അവഗണിക്കുകയും ചെയ്തു. ഈ സംഗതികൾ നിയമം ആവശ്യപ്പെടുന്നവ ആയിരുന്നുവെങ്കിൽ പോലും.
വർധിച്ചുവന്ന സമ്മർദത്തിൻകീഴിൽ, ഈ ചെറിയ വിഭാഗം തങ്ങളുടെ അനുമാനങ്ങളും സമ്പ്രദായങ്ങളും വെച്ചുപൊറുപ്പിച്ചേക്കുമായിരുന്ന യൂറോപ്പിലെ ഒരേയൊരു സ്ഥലമായിരുന്ന നെതർലൻഡ്സിലേക്കു പലായനം ചെയ്യാൻ തീരുമാനിച്ചു. എന്നുവരുകിലും, കുടിയേറ്റം നിയമവിരുദ്ധമായിരുന്നു. അതുകൊണ്ട്, പരമാവധി രഹസ്യമായി അവർ തങ്ങളുടെ വീടുകളും തങ്ങൾക്കു കൂടെക്കൊണ്ടുപോകാൻ സാധിക്കാത്ത ബാക്കിയുള്ളവയെല്ലാം വിറ്റ് 1608-ൽ കപ്പലിൽ ആംസ്റ്റർഡാമിലേക്കു പുറപ്പെട്ടു. നെതർലൻഡ്സിൽ വെച്ചാണ് വേർപാടുകാർ തങ്ങളെത്തന്നെ തീർഥാടകരായി കണക്കാക്കാൻ തുടങ്ങിയത്.
വന്നതിന്റെ പിറ്റേവർഷം അതായത്, സ്പെയിനും നെതർലൻഡ്സും തമ്മിൽ നടന്ന ഉഗ്ര യുദ്ധത്തിനു താത്കാലിക വിരാമമിട്ട ഉടമ്പടി ഉണ്ടാക്കിയ അതേവർഷം പിൽഗ്രിമുകൾ ലെയ്ഡെനിലേക്കു നീങ്ങി. താത്കാലികസന്ധി പിൽഗ്രിമുകൾക്കു കൂടുതൽ സമാധാനപരമായ ഒരു അന്തരീക്ഷം ഉണ്ടാക്കിക്കൊടുത്തു. ക്രമേണ, ഇംഗ്ലണ്ടിൽനിന്നും കൂടുതൽ അഭയാർഥികൾ എത്തിച്ചേർന്നു, ആ കൂട്ടം ഏകദേശം 300 പേരോളമായി വളരുകയും ചെയ്തു. ഒടുക്കം അവർ ഒരു വലിയ വീടു വാങ്ങി. അവിടെയാണ് ജോൺ റോബിൻസണും കുടുംബവും താമസിച്ചിരുന്നത്, മാത്രമല്ല, അവർക്ക് അവിടെ യോഗങ്ങൾ നടത്താനും കഴിഞ്ഞു.
ഏകദേശം പത്തു വർഷം ലെയ്ഡെനിൽ താമസിച്ചതിനുശേഷം, പിൽഗ്രിമുകൾക്ക് വീണ്ടും അസ്ഥിരത അനുഭവപ്പെട്ടുതുടങ്ങി. സ്പെയിനുമായുള്ള താത്കാലികസന്ധി അവസാനിക്കാറായിരുന്നു. സ്പാനിഷ് മതവിരുദ്ധർക്കെതിരെയുള്ള റോമൻ കത്തോലിക്കാ മതവിചാരണക്കോടതി നെതർലൻഡ്സിൽ നിയന്ത്രണമേറ്റെടുത്താൽ തങ്ങളുടെ സ്ഥിതി ജയിംസ് രാജാവിന്റെ കീഴിലായിരുന്നപ്പോഴത്തേക്കാൾ മോശമായേക്കുമോ എന്നവർ ഭയപ്പെട്ടു. മാത്രമല്ല, അവർ തങ്ങളുടെ കൂടുതൽ സ്വതന്ത്രചിന്താഗതിക്കാരായ ഡച്ച് അയൽക്കാരുമായി ഉപദേശപരമായി വിയോജിക്കുകയും ചെയ്തു. തന്നെയുമല്ല, അവർ ദുർമാർഗികളെന്നു വീക്ഷിച്ചിരുന്ന ഡച്ച് യുവജനങ്ങളുമായി തങ്ങളുടെ മക്കൾ സഹവസിക്കുന്നതു സംബന്ധിച്ച് ഉത്കണ്ഠാകുലരാകുകയും ചെയ്തു. അവർക്കിപ്പോൾ എന്തു ചെയ്യാൻ കഴിയും? അവർ മറ്റൊരു വളരെ വലിയ സ്ഥലം മാറ്റത്തെപ്പറ്റി ചിന്തിച്ചു—ഇപ്രാവശ്യം അമേരിക്കയിലേക്ക്!
മേയ്ഫ്ളവർ സമുദ്രയാനം ചെയ്യുന്നു!
അത്തരമൊരു വലിയ കപ്പൽയാത്രയ്ക്കുള്ള പണം സ്വരൂപിക്കുക എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ വെല്ലുവിളി. പരിഗണിക്കേണ്ടിയിരുന്ന മറ്റൊരു പ്രശ്നം ഇംഗ്ലണ്ടിന്റെ രാജാവിൽനിന്നും ഈ സാഹസികയാത്രയ്ക്കുള്ള അനുമതി നേടേണ്ടിയിരുന്നു എന്നതാണ്—അവർ നെതർലൻഡ്സിലേക്കു പലായനം ചെയ്തപ്പോൾ ആരുടെ കയ്യിൽനിന്നു രക്ഷപ്പെടാൻ ആഗ്രഹിച്ചോ അതേ രാജാവിൽനിന്നുതന്നെ! അനുമതി നൽകുന്നതുവരെ പിൽഗ്രിമുകൾ ജയിംസ് രാജാവിനെ അപേക്ഷകൾകൊണ്ട് അഭിഷേകം ചെയ്തു. ഒടുവിൽ, ഒരു കൂട്ടം ലണ്ടൻ വ്യാപാരികൾ ആ സാഹസികോദ്യമത്തിനു വേണ്ട സാമ്പത്തിക സഹായവും നൽകി.
അവസാനം, യാത്രയാകാനുള്ള സമയമായി! സ്ഥലം മാറാൻ തീരുമാനിച്ചിരുന്ന ലെയ്ഡെനിലെ പിൽഗ്രിം സഭയിലുള്ളവർ 1620, ജൂലൈ 22-നു സ്പീഡ്വെൽ എന്ന കപ്പലിലേറി ഡെൽഫ്സ്ഹേവനിൽനിന്നു കൂടുതൽ അംഗങ്ങളോടൊപ്പം ചേരാൻ ആദ്യം ഇംഗ്ലണ്ടിലേക്കു പോയി. പിൽഗ്രിമുകൾ സ്പീഡ്വെൽ, മേയ്ഫ്ളവർ എന്നീ രണ്ടു കപ്പലുകളിലായി തങ്ങളുടെ യാത്ര ആരംഭിച്ചു. എന്നിരുന്നാലും, സ്പീഡ്വെല്ലിന്റെ പള്ളയിലുണ്ടായ ഗുരുതരമായ ചോർച്ചകൾ രണ്ടു കപ്പലുകളെയും ഇംഗ്ലണ്ടിലേക്കു മടങ്ങാൻ നിർബന്ധിതമാക്കി. അവിടെവെച്ച് സ്പീഡ്വെല്ലിലെ യാത്രക്കാരെയും ചരക്കുകളെയും മേയ്ഫ്ളവർ ഏറ്റുവാങ്ങി. ഒടുക്കം, സെപ്റ്റംബർ 6-ന്, കപ്പൽത്തട്ടിൽ 24 കുടുംബങ്ങളെയും—മൊത്തം 102 യാത്രക്കാർ—25 കപ്പൽ ജോലിക്കാരെയും വഹിച്ചുകൊണ്ട് 27 മീറ്റർ മാത്രം നീളമുള്ള കൊച്ചു മേയ്ഫ്ളവർ ഇംഗ്ലണ്ടിലെ പ്ലൈമോത്തിൽനിന്നു തനിയെ യാത്രതുടങ്ങി. 5,000 കിലോമീറ്റർ വരുന്ന ഒരു സമുദ്രയാത്രയ്ക്കു മുതിരാൻ അനുഭവപരിചയമില്ലാത്ത ഈ യാത്രക്കാർക്ക് എത്രമാത്രം ധൈര്യം ആവശ്യമായിരുന്നിരിക്കും! കപ്പൽ ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. തന്നെയുമല്ല അപകടകരമായ ഉത്തര അറ്റ്ലാൻറിക് കാലാവസ്ഥയോടും മല്ലിടേണ്ടിയിരുന്നു. ഒമ്പതു നീണ്ട ആഴ്ചകൾ കടലിൽ ചെലവഴിച്ചശേഷം അങ്ങകലെ കര കണ്ടെത്തുന്ന അവരുടെ വികാരങ്ങൾ ഒന്നു സങ്കൽപ്പിച്ചുനോക്കൂ!
കോളനി സ്ഥാപിക്കൽ
പിൽഗ്രിമുകൾ കരയ്ക്കെത്തുന്നതിനു മുമ്പ് അവർ പുതിയ കോളനിയുടെ ഭാവി ഭരണം സംബന്ധിച്ച് ഒരു പരസ്പര സന്ധിയിൽ അല്ലെങ്കിൽ ഉടമ്പടിയിൽ എത്തിച്ചേർന്നു. കൂട്ടത്തിലുണ്ടായിരുന്ന 41 പുരുഷന്മാർ ഒപ്പുവെച്ച ഈ ഉറപ്പിൻപ്രകാരം പിൽഗ്രിമുകൾ തങ്ങൾക്കുതന്നെ ഒരു “ആഭ്യന്തര ജനായത്ത രാഷ്ട്രീയ സംഘടന” രൂപീകരിക്കുകയും തങ്ങളുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതിനായി നിയമങ്ങൾ നിർമിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ഉള്ള ഉത്തരവാദിത്വം കൈക്കൊള്ളുകയും ചെയ്തു. ചില ചരിത്രകാരന്മാർ ഇതിനെ ഒന്നാം അമേരിക്കൻ ഭരണഘടന എന്നു വിളിച്ചിട്ടുണ്ടെങ്കിലും ഇതു രൂപകൽപ്പന ചെയ്ത പിൽഗ്രിമുകളുടെ “മനസ്സിലുണ്ടായിരുന്നത് മതപരമായ സ്വഭാവമുള്ള ഒരു അധികാരം സ്ഥാപിക്കുക” എന്നതായിരുന്നുവെന്നു ക്രോട്ടെ വിങ്ക്ളർ പ്രിൻസ് എൻസീക്ലോപീഡീ ചൂണ്ടിക്കാണിക്കുന്നു. അതിന്റെ ഉദ്ദേശ്യം കോളനിയിലെ എല്ലാ അംഗങ്ങളെയും ശാരീരികമായും മതപരമായും ഒരുമിച്ചു നിൽക്കുന്നതിനുള്ള ഉത്തരവാദിത്വത്തിൻകീഴിലാക്കുക എന്നതായിരുന്നു.
തീരപ്രദേശങ്ങൾ പരിശോധിക്കുകയും ഉൾനാടുകളിൽ പര്യവേക്ഷണങ്ങൾ നടത്തുകയും ചെയ്ത ശേഷം, ന്യൂ പ്ലൈമോത്ത് എന്നു പേരിട്ടതും പിന്നീട് പ്ലൈമോത്ത് കോളനി എന്നു വിളിക്കപ്പെട്ടതുമായ സ്ഥലത്ത് തണുത്ത ഡിസംബറിൽ ആ സംഘം വാസമുറപ്പിച്ചു. അവർ ഇന്ത്യക്കാർ കൃഷിചെയ്തിരുന്ന വയലുകൾ കണ്ടു. എന്നാൽ പര്യവേക്ഷകർ കണ്ടെത്തിയിരുന്ന വലിയ ഇന്ത്യൻ ജനസമൂഹം ഏതാനും വർഷം മുമ്പ് പര്യവേക്ഷകരുടെ തന്നെ രോഗങ്ങളാൽ—വസൂരിയും അഞ്ചാംപനിയും ഉൾപ്പെടെ—സംഹരിക്കപ്പെട്ടിരുന്നു. അല്ലായിരുന്നെങ്കിൽ ഒരു കോളനി സ്ഥാപിക്കാനുള്ള പിൽഗ്രിമുകളുടെ ശ്രമങ്ങളെ ഇന്ത്യക്കാർ ചെറുത്തുനിൽക്കുമായിരുന്നു.
പിൽഗ്രിമുകൾ ഒരു പൊതു ഭവനവും നിരവധി സ്വകാര്യ ഭവനങ്ങളും പണിതുകൊണ്ടാണ് ജീവിതമാരംഭിച്ചത്. അവരുടെ വരവു ശൈത്യകാലത്തായിരുന്നതിനാലും കപ്പലിലെ വിഭവശേഖരങ്ങളിൽ അവർക്കു വേണ്ടത്ര ഭക്ഷണം ശേഷിക്കാഞ്ഞതിനാലും അതൊരു പ്രയാസമേറിയ തുടക്കമായിരുന്നു. ആ ആദ്യത്തെ ശൈത്യകാലത്ത്, 24 ഭർത്താക്കന്മാരിൽ 13 പേരും 18 ഭാര്യമാരിൽ 14 പേരും ഉൾപ്പെടെ 52 പേർ രോഗം നിമിത്തം മരിച്ചു. അവരുടെ ആദ്യത്തെ ഗവർണറായിരുന്ന ജോൺ കാർവറും അതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ അതിജീവകർ ന്യൂ പ്ലൈമോത്തിൽ തന്നെ തുടരാൻ നിശ്ചയിച്ചു. അടുത്ത ഗവർണർ, ഉത്സാഹിയായ വില്യം ബ്രാഡ്ഫോർഡ്, ഈ പുതിയ കോളനിയുടെ ചരിത്രം സമഗ്രമായി രേഖപ്പെടുത്തിവെച്ചതിനാൽ അദ്ദേഹത്തെ അമേരിക്കയുടെ ആദ്യത്തെ ചരിത്രകാരനായി കണക്കാക്കുന്നു.
പിൽഗ്രിമുകളും ഇന്ത്യക്കാരും
ന്യൂ പ്ലൈമോത്തിൽ വന്ന ആദ്യകാല പിൽഗ്രിമുകൾ തദ്ദേശ ഇന്ത്യൻ ഗോത്രമായ വാമ്പനോവാഗിന്റെ പ്രബലനായ തലവൻ മസ്സാസൊയിറ്റുമായി ഒരു പരസ്പര സമാധാനക്കരാർ ഉണ്ടാക്കി. കരാറിൽ പിൽഗ്രിമുകളും വാമ്പനോവാഗുകളും പരസ്പരം ഉപദ്രവിക്കുകയില്ലെന്ന് ഉറപ്പു കൊടുത്തു. മാത്രമല്ല, പുറത്തുനിന്നുള്ളവരുമായി യുദ്ധമുണ്ടാകുകയാണെങ്കിൽ പരസ്പരം സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു. മസ്സാസൊയിറ്റിന്റെ സൗഹൃദമില്ലായിരുന്നെങ്കിൽ, പിൽഗ്രിമുകളിൽ ആരെങ്കിലും അതിജീവിക്കുമായിരുന്നോ എന്നു സംശയമാണ്. ഈ ഇന്ത്യക്കാർ കുടിയേറ്റക്കാർക്കു ഭക്ഷിക്കുന്നതിനും നട്ടുപിടിപ്പിക്കുന്നതിനുമായി നാട്ടുത്പന്നമായ ചോളം കൊടുത്തു. മറ്റു ഗോത്രവർഗങ്ങളുടെ കയ്യിലകപ്പെട്ടു നശിച്ചുപോകുന്നതു തടയുന്നതിനും അവരുമായുള്ള സൗഹൃദം പിൽഗ്രിമുകളെ സഹായിച്ചു.
ആദ്യകാലങ്ങളിൽ, അധിനിവേശകർക്ക് ഇന്ത്യക്കാരിൽനിന്നും വളരെയേറെ സഹായങ്ങൾ ലഭിച്ചിരുന്നു. ഗവർണറായിരുന്ന വില്യം ബ്രാഡ്ഫോർഡിന്റെ വാക്കുകളിൽ, ടിസ്ക്വാൻടെം എന്ന ഇന്ത്യക്കാരൻ അധിനിവേശകരെ “ചോളം എങ്ങനെയാണു നടുന്നതെന്നും, എവിടെനിന്നു മത്സ്യം പിടിക്കാമെന്നും, മറ്റ് ഉപകാരപ്രദമായ വസ്തുക്കൾ സമ്പാദിക്കാനും” പഠിപ്പിച്ചു. “മാത്രമല്ല, അവരുടെ പ്രയോജനത്തിനായി അവരെ അറിയപ്പെടാത്ത സ്ഥലങ്ങളിൽ എത്തിച്ച അവരുടെ വഴികാട്ടിയുമായിരുന്നു അയാൾ.” ഇന്ത്യൻ ചോളത്തിന്റെ ആദ്യത്തെ വിളവു നന്നായിരുന്നു. പക്ഷികളെ വേട്ടയാടുന്നതിലും പിൽഗ്രിമുകൾ വിജയിച്ചു. അവർ ദൈവത്തിനു നന്ദി പറയുകയും ഒരു ത്രിദിന കൊയ്ത്തുത്സവം ആചരിക്കാൻ തീരുമാനിക്കുകയും ചെയ്തു. മസ്സാസൊയിറ്റും അദ്ദേഹത്തിന്റെ പരാക്രമശാലികളായ പടയാളികളിൽ 90 പേരും സദ്യയ്ക്കു കൊഴുപ്പുകൂട്ടാനായി അഞ്ചു മാനുകളുമായി വന്നുചേർന്നു.
അധിനിവേശസമുദായത്തെപ്പോലെതന്നെ ആഘോഷത്തിലും ശക്തമായ മതസ്വാധീനമുണ്ടായിരുന്നു. വിളവുകൾ മോശമായതിനാൽ പിറ്റേവർഷം പിൽഗ്രിമുകൾ ഉത്സവം കൊണ്ടാടിയില്ലെങ്കിലും, പിന്നീട് ഐക്യനാടുകളിലും കാനഡയിലും മറ്റു ചില രാജ്യങ്ങളിലും കൃതജ്ഞതാപ്രകടന ദിനം ഒരു ദേശീയവും മതപരവുമായ വാർഷിക അവധിദിവസമായിത്തീർന്നു. ഇന്ന്, കൃതജ്ഞതാപ്രകടന ദിനം വടക്കേ അമേരിക്കയിൽ മിക്കപ്പോഴും ടർക്കിക്കോഴിയും ക്രാൻബറി സോസും മത്തങ്ങാ പൈയും ഉൾപ്പെട്ട ഒരു കുടുംബ വിരുന്നിന്റെ അവസരമാണ്—എന്നാൽ തത്ത്വത്തിൽ അത് ഇപ്പോഴും “ആത്മാർഥമായ മതചിന്തയുടെയും പള്ളി ശുശ്രൂഷകളുടെയും പ്രാർഥനയുടെയും അവസരമായി” നിലനിൽക്കുന്നു.—ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ, 1994.a
പിൽക്കാല വികാസങ്ങൾ
ഇംഗ്ലണ്ടിലെ ലെയ്ഡെനിൽനിന്ന് 1622-ൽ കൂടുതൽ പിൽഗ്രിമുകൾ വന്നുചേർന്നു. പിന്നീട്, യൂറോപ്പിൽ നിന്നുള്ള അവരുടെ സഹവിശ്വാസികളുമായി കൂടുതൽ കപ്പലുകൾ എത്തിച്ചേർന്നു. 1630-ൽ ലെയ്ഡെനിലെ പിൽഗ്രിമുകളുടെ അവസാന കൂട്ടം എത്തിച്ചേർന്നു. അങ്ങനെ ആ അധിനിവേശകരുടെ എണ്ണം 300 ആയി. കോളനി ക്രമേണ വടക്കുമാറി അധികം അകലെയല്ലാതെ സ്ഥിതിചെയ്തിരുന്ന കുറേക്കൂടി വലുതായ മസ്സാച്ചുസെറ്റ്സ് ബേ കോളനിയുമായി ലയിച്ചു. ഈ അധിനിവേശകരും പ്യൂരിറ്റൻ വിശ്വാസങ്ങൾ പിൻപറ്റുന്നവരായിരുന്നു. ഇതിനിടയ്ക്ക്, അധിനിവേശകരും അവരുടെ ഇന്ത്യൻ അയൽക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർധിച്ചുവന്നു. തങ്ങൾ ഈ പുതിയ ദേശം പിടിച്ചടക്കണമെന്നത് ദൈവം മുൻകൂട്ടി നിശ്ചയിച്ചിരുന്നതാണെന്നു വിശ്വസിച്ച പ്യൂരിറ്റൻമാർ കൂടുതൽ ഗർവിഷ്ഠരായിത്തീർന്നു. ഇതുകണ്ടപ്പോൾ ഇന്ത്യക്കാർക്ക് അവരോടു കൂടുതൽ വെറുപ്പായി. ദുഃഖകരമെന്നു പറയട്ടെ, വാമ്പനോവാഗുകളുമായി കരാറുണ്ടാക്കി വെറും 55 വർഷം കഴിഞ്ഞപ്പോൾ, പ്ലൈമോത്തിലെ കോളനി മറ്റു മൂന്നു കോളനികളോടും വേറെ ചില ഇന്ത്യക്കാരോടും സഖ്യം ചേർന്നു മസ്സാസൊയിറ്റിന്റെ മകനെതിരെ യുദ്ധം ചെയ്യാൻ പുറപ്പെട്ടു. അദ്ദേഹവും ഏകദേശം മൂവായിരം ഇന്ത്യൻ പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുകയും നൂറുകണക്കിനാളുകളെ പ്യൂരിറ്റന്മാർ അടിമകളായി വിൽക്കുകയും ചെയ്തു. അങ്ങനെ വാമ്പനോവാഗുകൾ നാമാവശേഷമായി.
പിൽഗ്രിമുകളുടെ പൈതൃകം
നെതർലൻഡ്സിൽ പിൽഗ്രിമുകൾ ജീവിച്ചിരുന്ന ലെയ്ഡെന്റെ ഭാഗവും ഡെൽഫ്സ്ഹേവനും അവർ അമേരിക്കയ്ക്കു കപ്പൽകയറിയ തുറമുഖവും നിങ്ങൾക്കിപ്പോഴും സന്ദർശിക്കാൻ കഴിയും. മസ്സാച്ചുസെറ്റ്സിലെ ഇപ്പോഴത്തെ പ്ലൈമോത്ത് പട്ടണത്തിൽ, പിൽഗ്രിമുകൾ പണ്ടു പണിത ഗ്രാമത്തിന്റെ ഒരു പുനർനിർമിതിയും ഒരു പിൽഗ്രിം മ്യൂസിയവും മേയ്ഫ്ളവറിന്റെ ഒരു പ്രതിമാതൃകയും ഉൾക്കൊള്ളുന്ന പ്ലൈമോത്ത് കോളനി നിങ്ങൾക്കു കാണാൻ കഴിയും. ഗ്രാമത്തിൽ അഭിനേതാക്കൾ ആദിമ നിവാസികളുടെ വേഷമണിഞ്ഞ് അവരെ ചിത്രീകരിക്കുന്നു. ദൈവത്തിന്റെ നാമം യഹോവ എന്നാണെന്നും “സഭ” എന്നാൽ കല്ലുകൊണ്ടുള്ള ഒരു കെട്ടിടമല്ലെന്നും അതു നിർമിക്കപ്പെട്ടിരിക്കുന്നത് മനുഷ്യരെക്കൊണ്ടാണെന്നും അവർ നിങ്ങളോടു പറയും. “നിങ്ങളുടെ സഭയിൽ എത്ര മൂപ്പന്മാർ ഉണ്ട്?” എന്ന ചോദ്യത്തിന് അവർ “ബൈബിൾ വ്യവസ്ഥകളിൽ എത്തിച്ചേരുന്നത്രയും,” എന്നു മറുപടി പറയും.
പ്യൂരിറ്റൻ സംസ്കാരം—ബൈബിളിലെ അമേരിക്കൻ വേരുകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച്, പിൽഗ്രിമുകൾ അവരുടെ സമൂഹത്തെ “മോശയുടെ കീഴിലുണ്ടായിരുന്ന പന്ത്രണ്ടു ഗോത്രങ്ങളോടു പരമാവധി ചേർച്ചയിൽ” രൂപപ്പെടുത്തുന്നതിനു ശ്രമിച്ചു. എങ്കിലും, ചിലപ്പോൾ പ്യൂരിറ്റന്മാർ അമിതത്വം കാട്ടുന്നവരായിരുന്നു. ഉദാഹരണമായി, കഠിനാധ്വാനികൾ എന്ന അവരുടെ ഖ്യാതി, ഉണ്ടാകാനിടയാക്കിയത് ഒരു പരിധിവരെ ഭൗതികസമൃദ്ധി ദൈവത്തിന്റെ പ്രീതിയെ തിരിച്ചറിയിക്കുന്നു എന്ന അവരുടെ വിശ്വാസത്തിൽ നിന്നായിരുന്നു. അവർക്കു തങ്ങളുടെ കുട്ടികളോട് യഥാർഥ സ്നേഹമുണ്ടായിരുന്നെങ്കിലും മിക്ക മുൻകാല പ്യൂരിറ്റന്മാരും “തങ്ങളുടെ അളവറ്റ സ്നേഹം . . . മറച്ചുവെക്കണമെന്നു” വിശ്വസിച്ചിരുന്നു. അങ്ങനെ, “പ്യൂരിറ്റാനിക്കൽ” എന്ന പദം കഠിനതയോടും കർക്കശതയോടും കടുത്ത നിഷ്ഠയോടും ബന്ധപ്പെടുത്തി ഉപയോഗിക്കാനിടയായിരിക്കുന്നു. എന്നിരുന്നാലും, ഈ പരിമിതികളെല്ലാം ഉണ്ടായിരിക്കെത്തന്നെ പിൽഗ്രിമുകൾ ഒരളവുവരെ ധാർമിക ഉൾക്കരുത്തുള്ളവരും ദൈവഭക്തിയുള്ളവരും ബൈബിളനുസരിച്ചു ജീവിക്കാൻ ശ്രമിച്ചവരുമായിരുന്നു. വ്യക്തമായും, ഈ ഗുണങ്ങളായിരുന്നു പിൽഗ്രിമുകളെ ഒരുമിച്ചു നിർത്തിയതും അനേകം പരിശോധനകളെ അതിജീവിക്കാൻ അവരെ സഹായിച്ചതും.
[അടിക്കുറിപ്പ്]
a സത്യക്രിസ്ത്യാനികൾക്കു ദൈവത്തോടു കൃതജ്ഞത പ്രകടിപ്പിക്കാൻ ഒരു പ്രത്യേക അവധിദിവസത്തിന്റെ ആവശ്യമില്ല. കൂടുതൽ വിവരത്തിന്, ദയവായി 1976 നവംബർ 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 9-13 പേജുകൾ കാണുക.
[26-ാം പേജിലെ ചിത്രം]
വാമ്പനോവാഗ് ഇന്ത്യക്കാർ പിൽഗ്രിമുകളെ സഹായിച്ചു
[കടപ്പാട്]
Harper’s Encyclopædia of United States History
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Top: Model van de Mayflower