യുവജനങ്ങൾ ചോദിക്കുന്നു . . .
ഗതിഭേദിത റോക്ക് സംഗീതം അതെനിക്കുള്ളതോ?
“ഞങ്ങൾ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന വ്യത്യസ്ത പ്രശ്നങ്ങളെയും അനുഭവങ്ങളെയും പറ്റിയുള്ള പാട്ടുകളോട് എനിക്ക് അനുഭാവമുണ്ട്.”—15 വയസ്സുകാരൻ ജോർജ്.a
“അതിനു പോപ്പ് സംഗീതത്തിന്റെയും ഹെവിമെറ്റലിന്റെയും ഇടയിലുള്ള നിലവാരമാണുള്ളത്.”—19 വയസ്സുകാരൻ ഡാൻ.
“അതു പുത്തനാണ്, വ്യത്യസ്തമാണ്, വൻതോതിൽ ഉത്പാദിതമാകുന്ന മുഖ്യധാരാസംഗീതത്തിൽപ്പെടുന്നതല്ല.”—17 വയസ്സുകാരി മരിയ.
ഗതിഭേദിത റോക്ക് സംഗീതം. പല യുവജനങ്ങൾക്കും അതു കേൾക്കാൻ ഇഷ്ടമാണ്. ചില മുതിർന്നവരെ ഇത് അസ്വസ്ഥരാക്കുന്നു. പ്രാഥമികമായി, അതെന്തർഥമാക്കുന്നു എന്നു മിക്ക മാതാപിതാക്കൾക്കും കാര്യമായി അല്ലെങ്കിൽ ഒട്ടും അറിയില്ല.
ഗതിഭേദിത റോക്ക് സംഗീതം എന്നാൽ എന്താണെന്നു കൃത്യമായി വിശദീകരിക്കുക എളുപ്പമല്ലെന്നു സമ്മതിക്കുന്നു. തുടക്കത്തിൽ, എന്തെങ്കിലും വ്യത്യസ്തമായത്, റേഡിയോയിലൂടെ കേൾക്കുന്ന ജനപ്രീതിയാർജിച്ച മുഖ്യധാരാ സംഗീതത്തിൽനിന്നും ഗതിഭേദം ഭവിച്ച ഒന്ന് ആഗ്രഹിച്ചിരുന്ന യുവജനങ്ങളുടെ സംഗീതമായിരുന്നു ഇത്. ഇതിന്റെയെല്ലാം തുടക്കം, പ്രാദേശിക കോളെജ് റേഡിയോ നിലയങ്ങൾ ഫലത്തിൽ തീർത്തും അറിയപ്പെടാതിരുന്ന ഗായക സംഘങ്ങൾക്ക്—വാണിജ്യ സംഗീത വ്യവസായത്തിൽനിന്നു നേട്ടം കൈവരിക്കുന്നതിനു തങ്ങളുടെ സംഗീതത്തിനു മാറ്റം വരുത്താത്തതിൽ അഭിമാനിക്കുന്ന സംഗീതഗ്രൂപ്പുകൾക്ക്—പ്രക്ഷേപണസമയം അനുവദിച്ചപ്പോഴായിരുന്നുവെന്നു ചിലർ പറയുന്നു. ഈ പുതിയ വിഭാഗം സംഗീതജ്ഞർ മുഖ്യ റെക്കോഡിങ് കമ്പനികളെയും സംഗീത വീഡിയോകൾ പോലുള്ള വൻകിട വിപണനതന്ത്രങ്ങളെയും അവഗണിച്ചു. മാത്രമല്ല, അവർ എഴുതിയ വിഷയങ്ങൾ ഏറ്റവും ജനപ്രീതിയാർജിച്ച 40 പാട്ടുകളിൽ അപൂർവമായി മാത്രം ഉൾപ്പെടുത്തപ്പെട്ടവയായിരുന്നു.
ഹെവിമെറ്റൽ, റാപ്പ് സംഗീതത്തിൽനിന്നു വ്യത്യസ്തമായി ഗതിഭേദിത റോക്ക് സംഗീതം അത്ര എളുപ്പം തിരിച്ചറിയാവുന്നതോ തരംതിരിക്കാവുന്നതോ അല്ല. സംഗീത വ്യവസായത്തിലെ വിദഗ്ധർ പോലും ഗതിഭേദിത റോക്ക് കൃത്യമായി എന്താണെന്നതിന്റെ കാര്യത്തിൽ യോജിപ്പിലെത്തിയിട്ടില്ല. അതിനു കാരണം, അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെതന്നെ അതിൽ വിപുലവൈവിധ്യമാർന്ന ശബ്ദങ്ങളും ഭാവങ്ങളും വികാരങ്ങളും ഉൾക്കൊള്ളുന്നു എന്നതാണ്. ഒരു ചെറുപ്പക്കാരൻ പറഞ്ഞു: “അതിനെ ഒരു പ്രത്യേക വകുപ്പിൽപ്പെടുത്തുക പ്രയാസമാണ്. അതിൽ ആധുനിക സംഗീതത്തിന്റെ വിപുലമായ മണ്ഡലം ഉൾക്കൊള്ളുന്നു.” മറ്റൊരു യുവാവു കൂസലില്ലാതെ ഇങ്ങനെ പറഞ്ഞു: “അതെപ്പോഴും, ഉച്ചത്തിലുള്ളതോ മൃദുസ്വരത്തിലുള്ളതോ, വേഗത്തിലുള്ളതോ മന്ദഗതിയിലുള്ളതോ, ആനന്ദകരമോ ദുഃഖകരമോ അല്ല.” ഒരു യുവാവ് “എനിക്കു ഗതിഭേദിത റോക്ക് സംഗീതം ഇഷ്ടമാണെന്ന് ഉറപ്പിച്ചുപറയാൻ കഴിയില്ല. അതെന്താണെന്നതിനെപ്പറ്റി എനിക്കത്ര നിശ്ചയമില്ല എന്നതുതന്നെ കാരണം” എന്നുപോലും സമ്മതിച്ചുപറഞ്ഞു.
എന്താണെങ്കിലും, ഗതിഭേദിത റോക്ക് സംഗീതത്തിന്റെ കൂടുതൽ അറിയപ്പെടുന്ന പല കലാകാരന്മാരെയും ഇപ്പോൾ മുഖ്യധാരാ സംഗീതത്തിന്റെ ഒരു ഭാഗമായി കണക്കാക്കത്തക്കവിധം ആ സംഗീതത്തിന്റെ പ്രശസ്തി വർധിച്ചിരിക്കുന്നു. മാത്രമല്ല, ഹെവിമെറ്റലിനോടോ റോക്ക് സംഗീതത്തിന്റെ മറ്റു തട്ടുപൊളിപ്പൻ സംഗീതരൂപങ്ങളോടോ ഉള്ള എതിർപ്പു വെച്ചു നോക്കുമ്പോൾ ഈ സംഗീതരൂപത്തെ എതിർക്കാനുള്ള പ്രവണത മാതാപിതാക്കൾക്കും താരതമ്യേന കുറവാണെന്നു കാണപ്പെടുന്നു. എങ്ങനെയായാലും, ഏതെല്ലാം സംഗീതട്രൂപ്പുകളെയാണ് അല്ലെങ്കിൽ ഏതെല്ലാം പേരിലുള്ള സംഗീത ആൽബങ്ങളെയാണ് ഗതിഭേദിതമെന്നു വിളിക്കുന്നതെന്നു പ്രത്യക്ഷത്തിൽ അറിയാവുന്ന മാതാപിതാക്കൾ വളരെക്കുറച്ചേ ഉള്ളൂവെന്നതു തീർച്ചയാണ്. ഇങ്ങനെയെല്ലാം ആണെങ്കിലും, ഈ സംഗീതത്തിന്റെ കാര്യത്തിൽ ഒരളവുവരെയുള്ള മുൻകരുതൽ ആവശ്യമാണ്.
ആകർഷണീയത എന്തുകൊണ്ട്?
ഉദാഹരണത്തിന്, എന്തുകൊണ്ടാണു യുവജനങ്ങളിൽ മിക്കവരും ഈ സംഗീതത്തിൽ ആകൃഷ്ടരാകുന്നതെന്നു പരിചിന്തിക്കാം. പലർക്കും അതു സുഹൃത്തുക്കളുമായി ഒത്തുപോകാനുള്ള ഒരു സംഗതി മാത്രമാണ്. അതു സംഭാഷണത്തിനും ടേപ്പുകളോ സിഡി-കളോ കൈമാറുന്നതുപോലുള്ള പ്രവർത്തനങ്ങൾക്കും ഒരു പൊതു അടിസ്ഥാനവും പ്രദാനം ചെയ്യുന്നു.
എങ്കിലും, മിക്ക യുവജനങ്ങളെ സംബന്ധിച്ചും ഗതിഭേദിത റോക്ക് സംഗീതത്തിന്റെ പ്രത്യേക ശൈലിയും അതിന്റെ സന്ദേശവുമാണ് അതിനെ ഇത്ര ആകർഷകമാക്കുന്നത്. പ്രത്യേകിച്ച്, ഗാനരചയിതാക്കളുടെ അനുഭവങ്ങളോടും വികാരങ്ങളോടും തങ്ങൾ താദാത്മ്യം പ്രാപിക്കുന്നതായി മിക്ക യുവജനങ്ങളും കണ്ടെത്തുന്നു. ടൈം മാഗസിന്റെ ഒരു കവർ ലേഖനപരമ്പര ഈ വിഷയത്തെപ്പറ്റി ഇങ്ങനെ വിശദീകരിച്ചു: “പോപ്പ് സംഗീതം മിക്കപ്പോഴും പ്രേമത്തെക്കുറിച്ചായിരിക്കുമ്പോൾ, ഗതിഭേദിത റോക്ക് സംഗീതം സാധാരണമായി കുറേക്കൂടി കടുത്ത വികാരങ്ങളാണു കൈകാര്യം ചെയ്യുന്നത്: നിരാശ, കാമാസക്തി, സംഭ്രമം തുടങ്ങിയവ. . . . നിങ്ങൾ കൗമാരപ്രായത്തിലോ 20-കളിലോ ആണെങ്കിൽ നിങ്ങളുടെ കുടുംബം ഒരു വിവാഹമോചനത്തിലൂടെ കടന്നുപോയിരിക്കാനിടയുണ്ട്. ഗതിഭേദിത റോക്ക് ഒരു വികാരോദ്ദീപക സംഗീതമാണ്, ഉപേക്ഷിക്കപ്പെടുന്നതിന്റെയും അന്യായത്തിന്റെയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളെ അതു പ്രതിപാദിക്കുന്നു.” അതുകൊണ്ട്, 21-കാരനായ ഒരു കോളെജ് റേഡിയോ സംഗീത അവതാരകൻ ഇങ്ങനെ പറയുന്നു: “അത് എന്നെയും എന്റെ സുഹൃത്തുക്കളെയും ആകർഷിച്ചു, കാരണം ഞങ്ങളുടെ തലമുറ ലോകത്തോട് അത്ര വിരക്തിയുള്ളവരായിരിക്കുന്നു. സ്കൂൾ പഠനത്തിനുശേഷം ഞങ്ങൾക്കു കാര്യമായ പ്രതീക്ഷയൊന്നുമില്ല.”
ചില ക്രിസ്തീയ യുവജനങ്ങളും ഗതിഭേദിത റോക്ക് സംഗീതം വളരെയധികം ഇഷ്ടപ്പെടുന്നു. സ്വാഭാവികമായും, മിക്കവരും മയമില്ലാത്തതും മത്സരാത്മകവും അക്രമാസക്തവും അധാർമികവുമായ പാട്ടുകൾ ഒഴിവാക്കിയിരിക്കുന്നു. എന്നിരുന്നാലും, താരതമ്യേന നിരുപദ്രവകരമെന്നു കാണപ്പെടുന്ന ഇത്തരം പാട്ടുകൾക്കെതിരെയും ഈ യുവജനങ്ങളിൽ ചിലർ ശബ്ദമുയർത്തിയിരിക്കുന്നു. യുവാവായ ഡാൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “പാട്ടുകാരിൽ ചിലർ അറിയപ്പെടുന്ന പുരുഷസ്വവർഗസംഭോഗികളോ സ്ത്രീസ്വവർഗസംഭോഗികളോ മയക്കുമരുന്നുപയോഗിക്കുന്നവരോ ആണ്. അവരുടെ പാട്ടുകൾ അവരുടെ ജീവിതരീതിയെ പ്രതിഫലിപ്പിക്കുന്നു.” ജാക്ക് എന്നു പേരുള്ള മറ്റൊരു യുവാവു പറയുന്നു: “ഇന്നത്തെ യുവജനങ്ങളെയോ അവരുടെ പ്രശ്നങ്ങളെയോ ഭാവിയെയോ ആരും ഗൗനിക്കുന്നില്ല എന്നു ചില ഗായക സംഘങ്ങൾ വിചാരിക്കുന്നു. അതുകൊണ്ട്, അവർ അതു തങ്ങളുടെ പാട്ടുകളിൽ പ്രതിഫലിപ്പിക്കുന്നു. മിക്കവർക്കും ഒരു ഉദ്ദേശ്യമോ പ്രത്യാശയോ ഇല്ല.”
ഒരു മുന്നറിയിപ്പിൻ വാക്ക്
“സർവ്വലോകവും ദുഷ്ടന്റെ,” പിശാചായ സാത്താന്റെ, “അധീനതയിൽ കിടക്കുന്നു”വെന്നു ബൈബിൾ നമ്മോടു പറയുന്നു. (1 യോഹന്നാൻ 5:19) അതുകൊണ്ട്, യുവജനങ്ങളെ വഴിതെറ്റിക്കാനായി സാത്താൻ ഉപയോഗിക്കുന്ന മാധ്യമങ്ങളിലൊന്നാണു സംഗീതം എന്നതു നിങ്ങളെ അതിശയിപ്പിക്കരുത്. ഈ പത്രികയിലെയും ഇതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരത്തിലെയും മുൻകാല ലേഖനങ്ങൾ ഈ വസ്തുത ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.b ഹെവിമെറ്റലിനെയും റാപ്പ് സംഗീതത്തെയും സംബന്ധിച്ചു നൽകിയിരുന്ന മുന്നറിയിപ്പുകൾ ഗതിഭേദിത റോക്ക് സംഗീതത്തിനും ബാധകമാണ്. ബൈബിൾ പറയുന്നപ്രകാരം, “സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.”—സദൃശവാക്യങ്ങൾ 14:15.
ഒരു സംഗതി, സംഗീതത്തിലുള്ള നിങ്ങളുടെ അഭിരുചിയുടെ കാര്യത്തിൽ ഭൂരിപക്ഷത്തിന്റെ പിന്നാലെ പോകുന്നതു വിവേകശൂന്യമാണ് എന്നതാണ്. നിങ്ങളുടെ തീരുമാനങ്ങൾ മറ്റുള്ളവർക്കു വിടുന്നതിന്റെ കാര്യത്തിൽ ബാധകമാക്കാവുന്ന ഈ ബൈബിൾ തത്ത്വം ശ്രദ്ധിക്കുക: “നിങ്ങൾ ദാസന്മാരായി അനുസരിപ്പാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന്നു ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ?” (റോമർ 6:16) ഒരു ക്രിസ്തീയ യുവാവിനെ സംബന്ധിച്ചിടത്തോളം, പ്രശ്നം, ഒരുവന്റെ സമപ്രായക്കാർ എന്ത് അംഗീകരിക്കും എന്നതല്ല, പകരം “കർത്താവിന്നു പ്രസാദമായതു” എന്താണ് എന്നതാണ്. (എഫെസ്യർ 5:10) കൂടാതെ, എങ്ങനെയുള്ള യുവജനങ്ങളാണ് ഗതിഭേദിത റോക്ക് സംഗീതത്തിലേക്ക് ആകർഷിക്കപ്പെടുന്നത്? സന്തുഷ്ടരും സമനിലയുള്ളവരും ആത്മീയകാര്യങ്ങളിൽ തത്പരരായവരുമാണോ? അതോ, അതിന്റെ ശ്രോതാക്കൾ മുഖ്യമായും, അതൃപ്തരും അസന്തുഷ്ടരും കോപിഷ്ഠർ പോലുമോ ആയ യുവാക്കളാണോ?
എങ്കിലും, ഉന്മേഷഭരിതവും ആഹ്ലാദകരവുമായ വ്യക്തിത്വങ്ങളുള്ള ചില യുവജനങ്ങളും ഗതിഭേദിത റോക്ക് സംഗീതത്തിലേക്ക് ആകർഷിക്കപ്പെട്ടേക്കാമെന്നതു നേരാണ്. പക്ഷേ ഇതു പരിചിന്തിക്കുക: ക്രിസ്ത്യാനികൾക്ക്, ചെറുപ്പക്കാർക്കും പ്രായമായവർക്കും, തങ്ങളെക്കാത്തിരിക്കുന്ന ഉജ്ജ്വലമായ ഒരു ഭാവി മുന്നിലുണ്ട്. (2 പത്രൊസ് 3:13) “ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയില്ല,” എന്നു പറഞ്ഞുകൊണ്ട് പൗലൊസ് അപ്പോസ്തലൻ ദൈവിക വാഗ്ദത്തങ്ങളുടെ നിവൃത്തിയെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നു. (എബ്രായർ 6:18) അങ്ങനെയെങ്കിൽ, ചില ഗതിഭേദിത റോക്ക് സംഗീതങ്ങൾ പ്രകടിപ്പിക്കുന്ന ഭാവിയെ സംബന്ധിച്ച നിരുത്സാഹപ്പെടുത്തുന്നതും നിഷേധാത്മകവുമായ വീക്ഷണവുമായി സമ്പർക്കത്തിൽ വരുന്നത് എന്തു മെച്ചമാണുണ്ടാക്കുക? ഭയം, നിരാശ, പ്രത്യാശയില്ലായ്മ തുടങ്ങിയവ പ്രതിഫലിപ്പിക്കുന്ന സംഗീതത്തിൽ അലിഞ്ഞുചേരുന്നതു നിങ്ങളുടെ വിശ്വാസത്തിനു തുരങ്കംവയ്ക്കുകയില്ലേ? മാത്രമല്ല, അത്തരം സംഗീതം ക്രമമായി കേട്ടാൽ അതു നിങ്ങളുടെ വൈകാരിക വീക്ഷണഗതിയിൽ എന്തു പരിണതഫലമാണുണ്ടാക്കുക?
തിരഞ്ഞെടുക്കുന്നവരായിരിക്കുക
“ഗതിഭേദിത” എന്ന ലേബലുള്ള എല്ലാ സംഗീതവും അവശ്യം ഹാനികരമോ ദുഷിപ്പിക്കുന്നതോ ആണെന്നു പറയുന്നതിനല്ല ഇത്. എന്നാൽ, നിങ്ങൾക്കാരെങ്കിലും വിഷം തരാൻ ശ്രമിക്കുകയാണെന്നു നിങ്ങളറിഞ്ഞു എന്നു സങ്കൽപ്പിക്കുക. നിങ്ങൾ ഭക്ഷണം കഴിക്കുന്നതു നിർത്തുകയില്ലെങ്കിലും, തീർച്ചയായും നിങ്ങളുടെ ഭക്ഷണം ശ്രദ്ധാപൂർവം പരിശോധിക്കും, അല്ലേ? അതുപോലെ, സാത്താൻ നിങ്ങളുടെ വീക്ഷണഗതിയെയും മനോഭാവത്തെയും വിഷലിപ്തമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന അറിവ്, നിങ്ങൾ തിരഞ്ഞെടുക്കുന്ന സംഗീതം സംബന്ധിച്ചു നിങ്ങളെ ശ്രദ്ധാലുവാക്കിത്തീർക്കണം. ബൈബിൾ പറയുന്നതുപോലെ “അണ്ണാക്കു ആഹാരത്തെ രുചിനോക്കുന്നു; ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു.” (ഇയ്യോബ് 34:3) അന്ധമായി ഭൂരിപക്ഷത്തെ പിന്തുടരുന്നതിനു പകരം, നിങ്ങൾക്കിഷ്ടമുള്ള സംഗീതം ശോധന ചെയ്യുക.
നിങ്ങൾക്കെങ്ങനെ അതു ചെയ്യാൻ കഴിയും? “സംഗീതം തെരഞ്ഞെടുക്കാനൊരു വഴികാട്ടി” എന്ന പേരിലുള്ള ചതുരത്തിൽ നിങ്ങൾക്കു പരീക്ഷിച്ചുനോക്കാവുന്ന സഹായകമായ ചില നിർദേശങ്ങൾ ഉണ്ട്. നിങ്ങളുടെ ക്രിസ്തീയ മാതാപിതാക്കളോട് നിങ്ങൾക്കിഷ്ടപ്പെട്ട സംഗീതത്തെപ്പറ്റി അവരെന്തു വിചാരിക്കുന്നു എന്നു ചോദിക്കാൻ ശ്രമിക്കുക. (സദൃശവാക്യങ്ങൾ 4:1) അവരുടെ ഉത്തരങ്ങൾ നിങ്ങളെ അതിശയിപ്പിച്ചേക്കാം! തീർച്ചയായും, നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെക്കാൾ പ്രായമേറിയവരാണ്. സംഗീതത്തിലുള്ള നിങ്ങളുടെ അഭിരുചിയോട് ഒരുപക്ഷേ അവർക്ക് ഒത്തുപോകാനാവില്ലായിരിക്കാം എന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, അതിനെ ദുഷിപ്പിക്കുന്നതും അധഃപതിപ്പിക്കുന്നതും വെറുക്കത്തക്കതുമായി കാണുന്ന ഘട്ടത്തോളം അവർക്കു നിങ്ങളുടെ സംഗീതത്തോട് അനിഷ്ടമാണെങ്കിൽ, നിങ്ങൾ അവർക്കു പറയാനുള്ളതിനെ അവഗണിക്കണമോ? “ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപി”ക്കും എന്നു ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 1:5.
ഈ സംഗീതം നിങ്ങളെ ബാധിക്കുന്നതെങ്ങനെയെന്നും പരിചിന്തിക്കുക. അതു നിങ്ങളെ കോപിഷ്ഠനോ മത്സരിയോ വിഷാദമഗ്നനോ ആക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, ഇതു നിങ്ങൾ അവഗണിക്കാൻ പാടില്ലാത്ത മുന്നറിയിപ്പിൻ അടയാളങ്ങളാണ്! നിങ്ങളുടെ പിരിമുറുക്കം അകറ്റുന്നതോ സാന്ത്വനമേകുന്നതോ ആയ അല്ലെങ്കിൽ ഉന്മേഷം പ്രദാനം ചെയ്യുന്ന തരം സംഗീതം എന്തുകൊണ്ടു കണ്ടെത്തിക്കൂടാ?
സംഗീതത്തിലെ പ്രവണതകൾ മാറിക്കൊണ്ടേയിരിക്കുന്നു. ഏറെത്താമസിയാതെ, സംഗീതത്തിലെ മറ്റേതെങ്കിലും ശൈലിയായിരിക്കും ഏറ്റവും പുതിയ അഭിനിവേശം. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന ഇത്തരം ഒഴുക്കിനൊത്തു നീങ്ങരുത്. സംഗീതത്തിന്റെ കാര്യത്തിൽ വിവേചനയുള്ളവരും തെരഞ്ഞെടുക്കുന്നവരുമായിരിക്കുക. നിങ്ങൾ ശ്രദ്ധിക്കുന്നത് ആരോഗ്യാവഹവും കെട്ടുപണിചെയ്യുന്നതുമാണെന്ന് ഉറപ്പുള്ളവരായിരിക്കുക. (ഫിലിപ്പിയർ 4:8) സംഗീതത്തിനു നിങ്ങളുടെ ജീവിതത്തിലെ അമൂല്യവും ആസ്വാദ്യവുമായ ഒരു ഭാഗമായിരിക്കാൻ കഴിയും!
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്
b ഉണരുക!യുടെ 1993 ഫെബ്രുവരി 8, ഫെബ്രുവരി 22, മാർച്ച് 22 ലക്കങ്ങളിൽ പ്രത്യക്ഷപ്പെട്ട “യുവജനങ്ങൾ ചോദിക്കുന്നു . . .” ലേഖനങ്ങൾ കാണുക. 1993 എപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “ആരോഗ്യാവഹമല്ലാത്ത സംഗീതത്തിനെതിരെ ജാഗ്രതപുലർത്തുക!” എന്ന ലേഖനവും കാണുക.
[22-ാം പേജിലെ ആകർഷകവാക്യം]
“പോപ്പ് സംഗീതം മിക്കപ്പോഴും പ്രേമത്തെക്കുറിച്ചായിരിക്കുമ്പോൾ, ഗതിഭേദിത റോക്ക് സംഗീതം സാധാരണമായി കുറേക്കൂടി കടുത്ത വികാരങ്ങളാണു കൈകാര്യം ചെയ്യുന്നത്: നിരാശ, കാമാസക്തി, സംഭ്രമം തുടങ്ങിയവ.”—ടൈം മാഗസിൻ
[23-ാം പേജിലെ ചതുരം]
സംഗീതം തിരഞ്ഞെടുക്കാനൊരു വഴികാട്ടി
◆ആൽബത്തിന്റെ കവർ പരിശോധിക്കുക. ഇതു മിക്കപ്പോഴും സംഗീതത്തെയും സംഗീതജ്ഞരെയും പറ്റി വളരെയധികം നിങ്ങളോടു പറയും. അക്രമം, ഭൂതചിഹ്നങ്ങൾ, വിചിത്രമായ വസ്ത്രധാരണവും ചമയവും അല്ലെങ്കിൽ നഗ്നത എന്നിവ ചിത്രീകരിക്കുന്ന കവറുകൾ സംബന്ധിച്ചു ജാഗ്രത പുലർത്തുക.
◆വരികളിലുള്ള സന്ദേശം ശ്രദ്ധിക്കുക. സംഗീതജ്ഞരുടെ ചിന്തകളെയും ജീവിതരീതിയെയും ഇതു തിരിച്ചറിയിക്കുന്നു. നിങ്ങൾ എത്തരം ആശയങ്ങൾ ഉൾക്കൊള്ളണമെന്നാണ് അവർ ആഗ്രഹിക്കുന്നത്?
◆സംഗീതത്തിന്റെ മൊത്തത്തിലുള്ള ശബ്ദം സംഗീതജ്ഞർ നിങ്ങൾക്കുണ്ടാകണമെന്നാഗ്രഹിക്കുന്ന ഭാവത്തെയും വികാരങ്ങളെയും ധ്വനിപ്പിക്കുന്നു—ശോകം, സന്തോഷം, മത്സരം, ലൈംഗിക ഉത്തേജനം, പ്രശാന്തത അല്ലെങ്കിൽ നിരാശ തുടങ്ങിയവ.
◆പ്രസ്തുത സംഗീതസംഘത്തിലേക്ക് ആകർഷിക്കപ്പെടുന്ന സാധാരണ ശ്രോതാക്കളെ പരിഗണിക്കുക. അത്തരമൊരു കൂട്ടം ആളുകളുമായും അവരുടെ മനോഭാവങ്ങളുമായും ബന്ധമുള്ളതായി തിരിച്ചറിയിക്കപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
[23-ാം പേജിലെ ചിത്രം]
മിക്ക യുവജനങ്ങളും ഇന്നത്തെ ഗാനങ്ങളിലെ വരികളുമായി താദാത്മ്യം പ്രാപിക്കുന്നു