യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തുടച്ചുനീക്കുന്നു
യഹോവയുടെ സാക്ഷികളിൽപ്പെട്ട രണ്ടുപേർ വീടുതോറുമുള്ള പ്രസംഗവേലയിൽ, തനിക്കു താത്പര്യമില്ലെന്നു പറഞ്ഞ ഒരു വ്യക്തിയെ കണ്ടുമുട്ടി. സാക്ഷികൾ ഒന്നും മിണ്ടാതെ അവിടം വിട്ടു. എന്നാൽ, അവർ നടപ്പാതയിലൂടെ നടക്കവേ ആ മനുഷ്യൻ തങ്ങളുടെ പിന്നാലെ വരുന്നതായി അവർ ശ്രദ്ധിച്ചു. “ദയവായി ഒന്നു നിൽക്കൂ!” ആ മനുഷ്യൻ വിളിച്ചുപറഞ്ഞു. “എനിക്കു നിങ്ങളോടു മാപ്പു ചോദിക്കണം. എനിക്കു സാക്ഷികളെക്കുറിച്ചൊന്നും അറിയില്ല. പലർക്കും നിങ്ങളെക്കുറിച്ചു തെറ്റായ വിവരങ്ങളാണു ലഭിച്ചിരിക്കുന്നതെന്നു ഞാൻ കരുതുന്നു.”
എന്നിട്ട്, താൻ കാലിഫോർണിയയിലെ ദക്ഷിണ സാൻ ഫ്രാൻസിസ്കോയുടെ റോട്ടറി ക്ലബ്ബിലെ കാര്യപരിപാടി അധ്യക്ഷനായ റെനാൻ ഡോമിങ്കെസ് ആണെന്ന് ആ മനുഷ്യൻ സ്വയം പരിചയപ്പെടുത്തി. ഒരു സാക്ഷി, ക്ലബ്ബിൽ വന്ന് യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് ഒരു പ്രസംഗം നടത്തുമോയെന്ന് അദ്ദേഹം ചോദിച്ചു. കാര്യപരിപാടി തയ്യാറാക്കി. 30 മിനിറ്റ് നേരം സാക്ഷി പ്രസംഗിക്കും. അതിനുശേഷം, സദസ്യരിൽനിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകും. അനേകം വർഷമായി സാൻ ഫ്രാൻസിസ്കോ പ്രദേശത്ത് ഒരു സാക്ഷിയായിരുന്ന ആർണസ്റ്റ് ഗരെറ്റിനോട്, 1995 ആഗസ്ററ് 17-ന് റോട്ടറി ക്ലബ്ബിനുവേണ്ടിയുള്ള പരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ടു. പിൻവരുന്ന അനുഭവം അദ്ദേഹം പങ്കുവെച്ചതായിരുന്നു:
“പണമിടപാടുകാർ, അഭിഭാഷകർ, ഡോക്ടർമാർ എന്നിങ്ങനെ ബിസിനസ് രംഗത്തും സമുദായത്തിലുമുള്ള നേതാക്കന്മാരായ റോട്ടറി ക്ലബ്ബ് അംഗങ്ങളോട് എനിക്ക് എന്തു പറയാൻ കഴിയും എന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചു, പ്രാർഥിച്ചു. ഞാൻ ചെറിയ തോതിൽ ഒരു ഗവേഷണം നടത്തി, സമുദായത്തെ ശക്തിപ്പെടുത്തുകയാണ് റോട്ടറി ക്ലബ്ബിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നു മനസ്സിലാക്കി. അതുകൊണ്ട്, ‘നിങ്ങളുടെ ജനസമുദായത്തിനു സുവാർത്തയ്ക്കുള്ള പ്രായോഗിക മൂല്യം’ എന്നു നാമകരണം ചെയ്യപ്പെട്ട, യഹോവയുടെ സാക്ഷികൾ ഇരുപതാം നൂററാണ്ടിൽ എന്ന ലഘുപത്രികയുടെ 23-ാം പേജിലെ വിവരം ഞാൻ അവതരിപ്പിച്ചു.”a
“ഈ ദിശയിൽ യഹോവയുടെ സാക്ഷികൾ ഒരു സ്വാധീനമാണ് എന്നു ഞാൻ വിശദമാക്കി. ആഴ്ചയിൽ എല്ലാ ദിവസവും തങ്ങളുടെ സമുദായത്തിലെ വീടുകൾതോറും അവർ പോകുന്നു. അയൽക്കാർക്കു ബലിഷ്ഠമായ ഒരു കുടുംബമുണ്ടായിരിക്കുന്നതിന് അവരെ സ്വാധീനിക്കാനാണ് അവർ ആഗ്രഹിക്കുന്നത്—ബലിഷ്ഠമായ കുടുംബം ബലിഷ്ഠമായ സമുദായത്തെ ഉണ്ടാക്കുന്നു. ക്രിസ്തീയ തത്ത്വങ്ങൾക്കനുസൃതമായി ജീവിക്കാൻ എത്രയധികം വ്യക്തികളെയും കുടുംബങ്ങളെയും യഹോവയുടെ സാക്ഷികൾ സ്വാധീനിക്കുന്നുവോ സമുദായത്തിൽ കൃത്യവിലോപം, അധാർമികത, കുറ്റകൃത്യം എന്നിവ അത്രയധികം കുറഞ്ഞിരിക്കും. ഈ വിവരം അംഗങ്ങൾക്കു നന്നേ ബോധിച്ചു. കാരണം, ഇതു റോട്ടറി ക്ലബ്ബിന്റെ ലക്ഷ്യങ്ങളുമായി ചേർച്ചയിലായിരുന്നു.”
“നിങ്ങൾ എന്തുകൊണ്ട് രാഷ്ട്രീയ കാര്യങ്ങളിൽ ഉൾപ്പെടുന്നില്ല?”
“യോഗത്തിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള സമയം വന്നെത്തിയപ്പോൾ ആദ്യത്തെ ചോദ്യങ്ങളിലൊന്ന്, ‘നിങ്ങൾ എന്തുകൊണ്ട് രാഷ്ട്രീയ കാര്യങ്ങളിലും ഗവൺമെൻറ് കാര്യങ്ങളിലും ഉൾപ്പെടുന്നില്ല?’ എന്നായിരുന്നു. ഈ ചോദ്യം ചോദിച്ച മാന്യദേഹം എന്നിട്ട് ഇപ്രകാരം കൂട്ടിച്ചേർത്തു: ‘നിങ്ങൾക്കറിയാമോ, “കൈസർക്കുള്ളതു കൈസർക്കു കൊടുക്കുക” എന്നാണു ബൈബിൾ പറയുന്നത്.’ ആ പ്രസ്താവനയോടു ഞങ്ങൾക്കു പൂർണ യോജിപ്പാണെന്നും ഞങ്ങൾ അതു പൂർണമായി അംഗീകരിക്കുന്നുണ്ടെന്നും ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ആ തിരുവെഴുത്ത് ഉദ്ധരിക്കുന്ന ഭൂരിഭാഗം പേരും, ‘ദൈവത്തിനുള്ളതു ദൈവത്തിനു കൊടുക്കുക’ എന്നുപറയുന്ന അതിന്റെ മറുഭാഗം ഒരിക്കലും ഉദ്ധരിക്കുന്നതായി ഞാൻ കേട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. (മത്തായി 22:21) അതുകൊണ്ട്, എല്ലാം കൈസർക്ക് അവകാശപ്പെട്ടതല്ലെന്നു നാം നിഗമനം ചെയ്യണം. ദൈവത്തിന് അവകാശപ്പെട്ട ചില കാര്യങ്ങളുണ്ട്. കൈസർക്ക് അവകാശപ്പെട്ടത് എന്താണെന്നും ദൈവത്തിന് അവകാശപ്പെട്ടത് എന്താണെന്നും നാം കണ്ടെത്തേണ്ടിയിരിക്കുന്നു.
“‘കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ’? എന്നു യേശുവിനോടു ചോദിച്ചപ്പോൾ അതെയെന്നോ അല്ലെന്നോ അവൻ ഉത്തരം നൽകിയില്ലെന്നു ഞാൻ അദ്ദേഹത്തിനു കാണിച്ചു കൊടുത്തു. ഒരു റോമൻ ദിനാറയായ ‘കരത്തിന്നുള്ള നാണയം കാണിപ്പിൻ’ എന്ന് അവൻ പറഞ്ഞു. അവൻ ചോദിച്ചു: ‘ഈ സ്വരൂപവും മേലെഴുത്തും ആരുടേതു?’ അവർ പറഞ്ഞു: ‘കൈസരുടേത്.’ അപ്പോൾ അവൻ പറഞ്ഞു: ‘എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ.’ (മത്തായി 22:17-20) മറ്റു വിധത്തിൽ പറഞ്ഞാൽ, കൈസറിൽനിന്നു ചില ആനുകൂല്യങ്ങൾ നമുക്കു ലഭിക്കുന്നതുകൊണ്ട് കൈസർക്ക് നികുതി നൽകുക. ഇവയ്ക്കുവേണ്ടി ഞങ്ങൾ ശരിയായി നികുതി അടയ്ക്കുകയും ചെയ്യുന്നു. യഹോവയുടെ സാക്ഷികൾ തങ്ങളുടെ നികുതി അടയ്ക്കുന്നുവെന്നും ഗവൺമെൻറിന് ശരിയായി അവകാശപ്പെട്ട കാര്യങ്ങൾ നൽകാതെ അതിനെ വഞ്ചിക്കുന്നില്ലെന്നും ഞാൻ വിശദമാക്കി.
“എന്നിട്ട്, തങ്ങളുടെ ജീവൻ കൈസർക്ക് അവകാശപ്പെട്ടതാണെന്നു യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നില്ലെന്നു ഞാൻ പറഞ്ഞു. തങ്ങളുടെ ആരാധന ദൈവത്തിന് അവകാശപ്പെട്ടതാണെന്ന് അവർ വിശ്വസിക്കുന്നു. ഇത് അവർ ശരിയായി അവനു തിരിച്ചു നൽകുന്നു. അതുകൊണ്ട്, ഞങ്ങൾ ഈ നിലപാടു സ്വീകരിക്കുമ്പോൾ കൈസറോട് ഏതെങ്കിലും തരത്തിലുള്ള അനാദരവ് കാണിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. കൈസറുടെ എല്ലാ നിയമങ്ങളും ഞങ്ങൾ അനുസരിക്കുന്നു. എന്നാൽ, വൈരുദ്ധ്യമുള്ളപ്പോൾ ഞങ്ങൾ മനുഷ്യരെക്കാളുപരി ദൈവത്തെ ഭരണാധികാരി എന്ന നിലയിൽ അനുസരിക്കാൻ തീരുമാനിക്കുന്നു. അപ്പോൾ, ഈ ചോദ്യം ഉന്നയിച്ച വ്യക്തി മുഴു സംഘത്തിന്റെയും മുമ്പാകെ ഇപ്രകാരം പറഞ്ഞു: “എനിക്ക് അതിനോടു വിയോജിക്കാൻ കഴിയില്ല!”
നമ്മുടെ പ്രസംഗപ്രവർത്തനത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഞങ്ങൾക്കു കഴിഞ്ഞു. യോഗത്തിനുശേഷം അംഗങ്ങളിൽ പലരും വന്ന് ഹസ്തദാനം നൽകി. അവർ ഞങ്ങളോടു പൂർണമായും യോജിക്കുന്നുവെന്ന്—അതായത്, സുസ്ഥിരമായ ഒരു സമുദായത്തിന്റെ നട്ടെല്ല് കുടുംബമാണെന്ന്—പറയുകയുണ്ടായി. അതിനുശേഷം, ഞങ്ങൾ ഓരോ അംഗത്തിനും യഹോവയുടെ സാക്ഷികൾ ഇരുപതാം നൂറ്റാണ്ടിൽ എന്ന ലഘുപത്രിക നൽകി.
“ഈ യോഗത്തിനുശേഷം കാര്യപരിപാടി അധ്യക്ഷൻ, ശ്രീ. ഡോമിങ്കെസ്, തന്റെ ഓഫീസിലേക്കു വരാമോയെന്ന് എന്നോടു ഫോണിൽ ചോദിച്ചു. നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച് അദ്ദേഹത്തിനു കൂടുതൽ കാര്യങ്ങൾ ചോദിക്കാനുണ്ടത്രേ. നിരവധി തിരുവെഴുത്തുകളെക്കുറിച്ചു ഞങ്ങൾ നല്ലൊരു ചർച്ചതന്നെ നടത്തി. രക്തം സംബന്ധിച്ച നമ്മുടെ നിലപാടു വിശദമാക്കണമെന്ന് അദ്ദേഹം പ്രത്യേകം എന്നോടാവശ്യപ്പെട്ടു. താൻ രക്തപ്പകർച്ച നടത്തുകയില്ലെന്ന് അദ്ദേഹം സ്വമേധയാ സമ്മതിച്ചു. രക്തം സംബന്ധിച്ച നമ്മുടെ നിലപാട് ക്ലബ്ബ് അംഗങ്ങളുമായി സംസാരിക്കാൻ എന്നെ ക്ഷണിക്കത്തക്കവിധം രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? എന്ന ലഘുപത്രികയിൽനിന്നു ഞാൻ നൽകിയ വിവരം അദ്ദേഹത്തിൽ അത്രയ്ക്കു മതിപ്പുളവാക്കി. ഈ പരിപാടിയിൽ എന്നോടൊപ്പം ചേരാൻ ഡോൺ ഡാൽ എന്ന മറ്റൊരു സാക്ഷിയെ ഞാൻ ക്ഷണിച്ചു. സാക്ഷികൾക്കു ശസ്ത്രക്രിയ ആവശ്യമുള്ളപ്പോൾ ഡോക്ടർമാരോടു പ്രശ്നത്തെക്കുറിച്ചു ചർച്ച ചെയ്യാൻ അദ്ദേഹം ആശുപത്രികളിലേക്കു പോകാറുണ്ട്. തിരുവെഴുത്തുപരമായ നമ്മുടെ നിലപാടു വ്യക്തമാക്കുന്നതിനും രക്തപ്പകർച്ചയ്ക്കു പകരമായ ചികിത്സകൾ നിർദേശിക്കുന്നതിനും നാം ഡോക്ടർമാരും ആശുപത്രിയുടെ കാര്യനിർവാഹകരുമൊത്തു പ്രവർത്തിക്കുന്ന വിധം ഞങ്ങളൊന്നിച്ച് നന്നായി വിശദീകരിച്ചു.”—ലേവ്യപുസ്തകം 17:10-12; പ്രവൃത്തികൾ 15:19-21, 28, 29.
‘നിങ്ങളുടെ മകൻ മരിക്കാൻ അനുവദിക്കുമെന്നാണോ അർഥമാക്കുന്നത്?’
“യോഗത്തിനുശേഷം ഒരു മാന്യദേഹം എന്നെ സമീപിച്ചു സ്വകാര്യമായി ചോദിച്ചു: ‘അപകടത്തിൽപെട്ട് രക്തം വാർന്നൊഴുകുന്ന നിലയിൽ അത്യാഹിത വിഭാഗത്തിലേക്കു താങ്കളുടെ മകനെ കൊണ്ടുവന്നാൽ അവൻ മരിക്കാൻ താങ്കൾ അനുവദിക്കുമെന്നാണോ അർഥമാക്കുന്നത്?’ എനിക്ക് ഒരു മകനുണ്ടായിരുന്നതുകൊണ്ടും 1988-ൽ സ്കോട്ട്ലൻഡിലെ ലോക്കർബീയുടെ മുകളിൽവെച്ചുണ്ടായ വിമാനദുരന്തത്തിൽ അവനെ നഷ്ടമായതുകൊണ്ടും അദ്ദേഹത്തിനുള്ള ഉത്കണ്ഠ ഞാനും അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പുനൽകി. അദ്ദേഹത്തിന്റെ ചോദ്യത്തിനുള്ള മറുപടി എന്ന നിലയിൽ, എന്റെ മകൻ മരിക്കാൻ ഞാൻ ആഗ്രഹിക്കുകയില്ലെന്ന് ആദ്യം അദ്ദേഹത്തോടു പറഞ്ഞു.
“ഞങ്ങൾ ഡോക്ടർവിരോധികളോ ഔഷധവിരോധികളോ ആശുപത്രിവിരോധികളോ അല്ല. ഞങ്ങൾ വിശ്വാസരോഗശാന്തിക്കാരല്ല. ഞങ്ങൾക്കു വൈദ്യശാസ്ത്ര സംഘത്തിന്റെ സേവനങ്ങൾ ആവശ്യമാണ്. ഞങ്ങൾ ദൈവത്തിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു. രക്തം സംബന്ധിച്ച ഇക്കാര്യത്തിൽ അവന്റെ മാർഗനിർദേശങ്ങൾ നമ്മുടെ നിലനിൽക്കുന്ന നന്മയ്ക്കായിട്ടാണെന്ന ഉറച്ച ബോധ്യം ഞങ്ങൾക്കുണ്ട്. ‘ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന’വനായി ബൈബിൾ ദൈവത്തെ വർണിച്ചിരിക്കുന്നു. (യെശയ്യാവു 48:17) മരിച്ചവരെ ഉയിർപ്പിക്കാനുള്ള കഴിവ് അവൻ തന്റെ പുത്രനു നൽകിയിട്ടുണ്ട്. യേശു പറഞ്ഞു: ‘ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും; ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?’—യോഹന്നാൻ 11:25, 26.
“ഞങ്ങളുടെ നിലപാടു മനസ്സാക്ഷിപരമാണെന്നും അതു സംബന്ധിച്ച് ഒരു ഒത്തുതീർപ്പിലെത്താൻ സാധിക്കുകയില്ലെന്നും മനസ്സിലാക്കണമെന്നു മാത്രമാണു ഞങ്ങൾ ഡോക്ടർമാരോട് ആവശ്യപ്പെടുന്നത്. വ്യഭിചാരം സംബന്ധിച്ച ദൈവനിയമത്തെക്കുറിച്ച് ഒരു ഒത്തുതീർപ്പിലെത്താൻ കഴിയാത്തതുപോലെതന്നെ ഇതു സംബന്ധിച്ചും ഒരു ഒത്തുതീർപ്പിലെത്താൻ ഞങ്ങൾക്കാവില്ല. ദൈവവുമായി ഒരു ഒത്തുതീർപ്പിലെത്തി ഇപ്രകാരം ചോദിക്കാൻ നമുക്കാവില്ല: ‘ദൈവമേ എനിക്കു വ്യഭിചരിക്കാൻ കഴിയുന്ന ഏതെങ്കിലും അവസരം ഉണ്ടോ?’ എന്നിട്ട് ഞാൻ ഈ വ്യക്തിയോട് പറഞ്ഞു: ‘രക്തപ്പകർച്ച നിഷേധിച്ചുകൊണ്ടു ഞാൻ എന്റെ മകനെ മരിക്കാൻ അനുവദിക്കുമോ എന്നു താങ്കൾ ചോദിച്ചു. ഏതെങ്കിലുമൊരു രാഷ്ട്രത്തിനുവേണ്ടിയുള്ള സൈനികസേവനത്തിൽവെച്ച് താങ്കളുടെ മകൻ മരിക്കാൻ താങ്കൾ അനുവദിക്കുമോ എന്ന് സകല ആദരവോടും കൂടെ ചോദിക്കാൻ ഞാൻ താത്പര്യപ്പെടുന്നു. ഉടനടി അദ്ദേഹം ദൃഢമായി പറഞ്ഞു, ‘ഉവ്വ്! കാരണം അത് അവന്റെ കടമയാണ്!’ ഞാൻ പറഞ്ഞു: ‘താങ്കൾ വിശ്വസിക്കുന്ന ഒരു തത്ത്വത്തിനുവേണ്ടിയായതുകൊണ്ട് മകൻ മരിക്കാൻ താങ്കൾ അനുവദിക്കും. എന്റെ മകന്റെ കാര്യത്തിലും അതേ പദവി ഉണ്ടായിരിക്കാൻ എന്നെ അനുവദിക്കുക.’
ഇവയിലെല്ലാംവെച്ച് ഏറ്റവും രസകരമായ സംഭവവികാസം, കാര്യപരിപാടി അധ്യക്ഷൻ, ശ്രീ. ഡോമിങ്കെസ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഒപ്പം അത്താഴം കഴിക്കാൻ എന്നെയും ഭാര്യയെയും ക്ഷണിച്ചു എന്നതാണ്. യഹോവയുടെ സാക്ഷികളെക്കുറിച്ചു തെറ്റായ വിവരങ്ങളും ധാരണകളും തന്റെ ഭാര്യയ്ക്കു ലഭിച്ചിരിക്കുന്നതായി അദ്ദേഹത്തിനു തോന്നി. അദ്ദേഹത്തിന്റെ തോന്നൽ ശരിയായിരുന്നു. അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരുന്നു. ആസ്വാദ്യമായ ഒരു സായാഹ്നം ഞങ്ങൾ ചെലവഴിച്ചു. ഞങ്ങളെയും ഞങ്ങളുടെ പ്രവർത്തനത്തെയും സംബന്ധിച്ച് അനേകം ചോദ്യങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ചു. അതിനെല്ലാം വിശദമായ മറുപടി നൽകാനും അവർ അനുവദിച്ചു. പിറ്റേ ദിവസം ഫോൺ ചെയ്ത്, ഞാനും ഭാര്യയുമൊത്തുള്ള കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ഭാര്യ വളരെയേറെ ആസ്വദിച്ചതായും ഞങ്ങൾ വളരെ നല്ല ആളുകളാണെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ശ്രീ. ഡോമിങ്കെസിനെ ഞാൻ പതിവായി സന്ദർശിക്കുന്നു. ബൈബിളിൽ അദ്ദേഹം കാര്യമായ താത്പര്യം പ്രകടമാക്കുന്നു. അദ്ദേഹം എന്നോട് ഇപ്രകാരം പറയുകതന്നെ ചെയ്തു: ‘ഗ്രേറ്റർ സാൻ ഫ്രാൻസിസ്കോ ബേ പ്രദേശത്തുള്ള എല്ലാ റോട്ടറി ക്ലബ്ബുകളുടെയും കാര്യപരിപാടി അധ്യക്ഷന്മാരുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ക്ലബ്ബിൽ നിങ്ങൾ നടത്തിയതുപോലുള്ള ഒരു പ്രസംഗം അവരുടെ ക്ലബ്ബിലും നടത്താനുള്ള പ്രോത്സാഹനം നിങ്ങൾക്കു നൽകാൻ ഞാൻ മടിക്കുന്നില്ല. എന്റെ പേർ നിങ്ങൾക്കു പരാമർശിക്കാവുന്നതാണ്. എന്നോടു ചോദിക്കുന്നപക്ഷം, അതിഥിപ്രസംഗകനെന്നനിലയിൽ നിങ്ങളെ ക്ഷണിക്കുന്നതിനു വളരെ കാര്യമായി ശുപാർശ ചെയ്യാൻ എനിക്കു സന്തോഷമേയുള്ളൂ.’
“റോട്ടറി ക്ലബ്ബുകൾ സാർവദേശീയമായ ഒന്നാണ്. ഐക്യനാടുകളിലും ലോകമെമ്പാടും ഉള്ള മറ്റു ക്ലബ്ബുകൾ യഹോവയുടെ സാക്ഷികളെ സ്വാഗതം ചെയ്തേക്കുമോ?”
[അടിക്കുറിപ്പ്]
a 1994-ൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
[18-ാം പേജിലെ ചിത്രം]
ആർണസ്റ്റ് ഗരെറ്റ് സഹോദരനോടൊപ്പം ശ്രീ. റെനാൻ ഡോമിങ്കെസ് (ഇടത്ത്)