കടുവ! കടുവ!
ഇന്ത്യയിലെ ഉണരുക! ലേഖകൻ
നേപ്പാളിലെ റോയൽ ചിറ്റവാൻ ദേശീയ പാർക്കിൽ അനേകം വർഷങ്ങൾ കടുവയെക്കുറിച്ചു പഠനം നടത്തിയ ഡോ. ചാൾസ് മക്ഡ്യൂഗൽ അനുസ്മരിക്കുന്നു: ‘ഒരിക്കൽ ഞാൻ ഇടുങ്ങിയ ഒരു പർവതനിരയിലൂടെ നടക്കുകയായിരുന്നു. നടക്കുമ്പോൾ, എതിർദിശയിൽനിന്ന് ഒരു കടുവ വരുന്നു. ഏതാണ്ടു മുകളിൽവെച്ചായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയത്. ഞങ്ങൾക്കിടയിൽ അധികം അകലമൊന്നും ഉണ്ടായിരുന്നില്ല—ഏതാണ്ട് 15 വാര അകലം.’ ഡോ. മക്ഡ്യൂഗൽ നിശ്ചലനായി നിന്നു. കടുവയുടെ കണ്ണിലേക്ക് ഉറ്റുനോക്കുന്നതിനുപകരം—കടുവ ഇത് ഒരു വെല്ലുവിളിയായിട്ടാണു കരുതുന്നത്—കടുവയുടെ മുതുകിനു മുകളിലൂടെ അദ്ദേഹം നോട്ടം പായിച്ചു. കടുവ പതുങ്ങിക്കിടന്നു, എന്നാൽ ആക്രമിക്കാനുള്ള ഭാവമൊന്നുമില്ലായിരുന്നു. ഏറെ സമയത്തിനുശേഷം, ഡോ. മക്ഡ്യൂഗൽ പിന്നിലേക്ക് ഏതാനും ചുവടുകൾവെച്ചു. ‘എന്നിട്ട് ഞാൻ വന്നിടത്തേക്കുതന്നെ തിരിച്ചുനടന്നു,’ അദ്ദേഹം പറയുന്നു.
ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ഇന്ത്യയിലെ ഏതാണ്ട് 40,000 എണ്ണം ഉൾപ്പെടെ, സ്വദേശമായ ഏഷ്യയിൽ 1,00,000 കടുവകൾ ഉണ്ടായിരുന്നു. എന്നാൽ, 1973 ആയപ്പോഴേക്കും ഈ വിശിഷ്ട ജന്തുക്കളുടെ സംഖ്യ ലോകമൊട്ടാകെ 4,000-ത്തിൽ താഴെയായി കുറഞ്ഞിരിക്കുന്നു. മുഖ്യമായും നായാട്ടിന്റെ ഫലമായിട്ടാണ് ഇതു സംഭവിച്ചിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും വലിയ പൂച്ചയായ കടുവ, മനുഷ്യരാലുള്ള വംശനാശ ഭീഷണി നേരിടാൻ ഇടയായി. എന്നാൽ, കടുവ മനുഷ്യർക്ക് ഒരു ഭീഷണിയാണോ? ഈ വൻ പൂച്ച യഥാർഥത്തിൽ എങ്ങനെയിരിക്കും? അതു നാമാവശേഷമാകുന്നതു തടയാനുള്ള ശ്രമങ്ങൾ വിജയകരമായിരുന്നിട്ടുണ്ടോ?
കടുവയുടെ കുടുംബജീവിതം
വർഷങ്ങളായുള്ള ക്ഷമാപൂർവമായ നിരീക്ഷണം, പ്രകൃതിശാസ്ത്രജ്ഞന്മാർക്ക് കടുവകളെക്കുറിച്ചു വ്യക്തമായ അറിവു നൽകിയിരിക്കുന്നു. വടക്കേ ഇന്ത്യയിലുള്ള രന്തമ്പോറിലെ മനോഹരമായ വനങ്ങളിലെ ഒരു സാധാരണ കടുവാകുടുംബത്തെ നമ്മൾ നിരീക്ഷിക്കുന്നതായി വിഭാവന ചെയ്യുക. മൂക്ക്മുതൽ വാലറ്റംവരെ മൂന്നു മീറ്ററോളം നീളമുള്ള ആൺകടുവയ്ക്ക് 200 കിലോഗ്രാം തൂക്കമുണ്ടായിരിക്കും. അവന്റെ ഇണയ്ക്ക് ഏതാണ്ട് 2.7 മീറ്റർ നീളവും 140 കിലോഗ്രാം തൂക്കവും കാണും.a മൂന്ന് കടുവാക്കുഞ്ഞുങ്ങളാണുള്ളത്, ഒരാണും രണ്ടു പെണ്ണും.
ഈ വനങ്ങളിലെ താപനില 45 ഡിഗ്രി സെൽഷ്യസിലും കവിഞ്ഞേക്കാം. എന്നാൽ കടുവാകുടുംബം ഇലകൾ ധാരാളമുള്ള മരങ്ങൾക്കടിയിൽ തണൽ കണ്ടെത്തുന്നു. കൂടാതെ, അടുത്തുള്ള തടാകത്തിലെ തണുത്ത വെള്ളത്തിൽ അവയ്ക്ക് എപ്പോഴും മുങ്ങിരസിക്കുകയുമാവാം. നീന്തുന്ന പൂച്ചകളോ? അതേ, കടുവകൾക്കു വെള്ളം വളരെ പ്രിയമാണ്. യഥാർഥത്തിൽ, അഞ്ചു കിലോമീറ്ററിലേറെ ദൂരം അവ നിറുത്താതെ നീന്തുന്നതായി അറിയപ്പെടുന്നു.
സൂര്യപ്രകാശം വൃക്ഷങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങി കടുവയുടെ ഓറഞ്ച് നിറത്തിലുള്ള തിളക്കമുള്ള പുറംതോലിൽ പതിക്കുമ്പോൾ അതു ശോഭിക്കുന്നതുപോലെ കാണപ്പെടുന്നു. കറുത്ത വരകൾ മിന്നിത്തിളങ്ങുന്നു. തവിട്ടു കലർന്ന മഞ്ഞ നിറത്തിലുള്ള കണ്ണുകൾക്കുമീതെയുള്ള വെള്ള വരകൾ വെട്ടിത്തിളങ്ങുന്നു. ആ മൂന്നു കടുവാക്കുഞ്ഞുങ്ങളെയും അൽപ്പസമയം നോക്കിനിന്നാൽ, വ്യത്യസ്തമായ അവയുടെ വരകളും മുഖത്തെ പാടുകളും നിമിത്തം അവയെ നമുക്ക് എളുപ്പം തിരിച്ചറിയാൻ സാധിക്കും.
കടുവയുടെ വളർച്ച
പ്രസവം അടുത്തപ്പോൾ തള്ളക്കടുവ, നിബിഡമായ സസ്യങ്ങളാൽ മറയ്ക്കപ്പെട്ട, പറ്റിയ ഒരു ഗുഹ തേടിപ്പിടിച്ചിരുന്നു. അവിടെയിരുന്നാൽ ആ കുടുംബത്തിന്, മറ്റു മൃഗങ്ങളെ ആകർഷിക്കുന്ന ഒരു കുളത്തോടുകൂടിയ സമഭൂമിയിലേക്കുള്ള വീക്ഷണം ലഭിക്കുന്നു. കുഞ്ഞുങ്ങളുടെ അടുക്കൽനിന്ന് അധികം ദൂരെയല്ലാതെ ആഹാരത്തിനായി വേട്ടയാടാം എന്നതുകൊണ്ടാണ് പെൺകടുവ ഈ സ്ഥലം തിരഞ്ഞെടുത്തത്.
ജനനംമുതൽ കടുവാക്കുഞ്ഞുങ്ങൾക്കു വളരെയധികം ശ്രദ്ധ ലഭിച്ചിട്ടുണ്ട്. നന്നേ കുഞ്ഞുങ്ങളായിരിക്കെ, അമ്മ അവയെ തന്റെ കാലുകൾക്കിടയിലായി അണച്ചുപിടിക്കുകയും മൂക്കുകൊണ്ട് അവയുടെ മേൽ ഉരസുകയും അവയെ നക്കുകയുമൊക്കെ ചെയ്തിരുന്നു. അപ്പോഴെല്ലാം അമ്മ പതുക്കെ മുറുമുറുക്കുന്നുണ്ടായിരിക്കും. കുഞ്ഞുങ്ങൾ വളർന്നപ്പോൾ അവ ഒളിച്ചുകളിക്കാനും കളിപ്പോരു നടത്താനും തുടങ്ങി. കടുവാക്കുഞ്ഞുങ്ങൾക്കു കുറുകൽ ശബ്ദം പുറപ്പെടുവിക്കാൻ സാധിക്കുകയില്ലെങ്കിലും ഏതാണ്ട് ഒരു വയസ്സുമുതൽ, വളരെനേരത്തിനുശേഷം അമ്മ തിരിച്ചെത്തുമ്പോൾ അവ വളരെ വലിയ ശബ്ദത്തിൽ ഉച്ഛ്വസിക്കുന്നു.
അമ്മയോടൊപ്പം വെള്ളത്തിൽ നീന്തിക്കളിക്കാൻ കടുവാക്കുഞ്ഞുങ്ങൾക്ക് ഇഷ്ടമാണ്. വാൽ വെള്ളത്തിലിട്ട് പെൺകടുവ തടാകക്കരയിൽ ഇരിക്കുന്നതു വിഭാവനചെയ്യുക. ഉഷ്ണിക്കുന്നതിനാൽ ഇടയ്ക്കിടെ അവൾ വാലിളക്കി ശരീരത്തിലേക്കു വെള്ളം തെറിപ്പിക്കുന്നു. വാലുകളെപ്പറ്റി പറയുകയാണെങ്കിൽ, അമ്മ തന്റെ വാൽ അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ടിരിക്കവേ അതു പിടിക്കാൻ ശ്രമിക്കുന്നതിൽ കടുവാക്കുഞ്ഞുങ്ങൾക്ക് ഒരിക്കലും മടുപ്പുതോന്നാറില്ല. ഇങ്ങനെ ചെയ്യുകവഴി പെൺകടുവ തന്റെ കുഞ്ഞുങ്ങളുമായി വെറുതെ കളിക്കുക മാത്രമല്ല ചെയ്യുന്നത്, പിന്നീട് വേട്ടയാടിത്തുടങ്ങുമ്പോൾ ചാടിവീഴാനുള്ള വിദ്യ അവൾ അവയെ പഠിപ്പിക്കുക കൂടി ചെയ്യുന്നു. മരം കേറാനും കടുവാക്കുഞ്ഞുങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ, ഏതാണ്ട് 15 മാസമാകുന്നതോടെ മരത്തിൽ എളുപ്പം കയറാൻ സാധിക്കാത്തവിധം അവയ്ക്ക് അത്രയേറെ തടിവെക്കുന്നു.
പിതാവിന്റെ പങ്ക്
തള്ളക്കടുവ തനിച്ചാണു കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടുവരുന്നതെന്നും അവസരം ലഭിക്കുന്നപക്ഷം ആൺകടുവ കുഞ്ഞുങ്ങളെ കൊല്ലുമെന്നും സമീപകാലംവരെ പലരും വിചാരിച്ചിരുന്നു. എന്നാൽ, ഒട്ടുമിക്ക കടുവകളെയും സംബന്ധിച്ചിടത്തോളം വാസ്തവം അതല്ല. തന്തക്കടുവ കുറേക്കാലത്തേക്കു വനത്തിൽ അപ്രത്യക്ഷമായി 50 ചതുരശ്ര കിലോമീറ്ററിലേറെ വരുന്ന തന്റെ പ്രദേശത്തു വിഹരിക്കുന്നു. എന്നാൽ, അവൻ തന്റെ കുടുംബം സന്ദർശിക്കുകയും ചെയ്യുന്നു. സന്ദർശനം നടത്തുമ്പോൾ, പെൺകടുവയോടും കുഞ്ഞുങ്ങളോടുമൊപ്പം അവൻ വേട്ടയാടാൻ കൂടിയേക്കാം. വേട്ടയാടി കിട്ടിയ മൃഗത്തെ അവരുമായി പങ്കുവെക്കുകപോലും ചെയ്തേക്കാം. ഏറ്റവും സാമർഥ്യമുള്ള കടുവാക്കുഞ്ഞ് ആദ്യം തീറ്റയാരംഭിക്കുന്നു. ആർത്തി കാട്ടി കുറേ നേരത്തേക്ക് സഹോദരിമാർക്ക് ഒന്നും കൊടുക്കാതിരിക്കുകയാണെങ്കിൽ അമ്മ അവനു പതുക്കെ ഒരു തട്ടുകൊടുക്കുകയോ പാദംകൊണ്ടു നല്ല അടിവെച്ചുകൊടുക്കുകപോലുമോ ചെയ്തേക്കാം. പെൺകുഞ്ഞുങ്ങൾക്കും വിഭവത്തിന്റെ മിതമായ പങ്കു കിട്ടാനാണത്.
തങ്ങളുടെ ഭീമാകാരനായ പിതാവുമൊത്ത് കടുവാക്കുഞ്ഞുങ്ങൾ കളിച്ചുരസിക്കുന്നു. അടുത്തുള്ള കുളമാണ് ഇതിനു പറ്റിയ സ്ഥലം. തന്തക്കടുവ പിന്നോട്ട് കഴുത്തറ്റം വെള്ളത്തിൽ മുങ്ങുന്നു. (കണ്ണിൽ വെള്ളം തെറിക്കുന്നതു കടുവകൾക്കിഷ്ടമല്ല!) കടുവാക്കുഞ്ഞുങ്ങൾ തന്റെ ശരീരത്തിൽ മൂക്കുകൊണ്ട് ഉരസാൻ അവൻ അനുവദിക്കുന്നു. അപ്പോഴെല്ലാം അവൻ അവയുടെ മുഖങ്ങൾ നക്കിക്കൊണ്ടിരിക്കുന്നു. ശക്തമായ കുടുംബബന്ധമുണ്ടെന്നു സ്പഷ്ടം.
നരഭോജികളോ?
മിക്കപ്പോഴും, പതുങ്ങിച്ചെന്ന് മനുഷ്യരെ ആക്രമിച്ചു കൊന്നുതിന്നുന്ന, ക്രൗര്യമേറിയ ആക്രമണകാരികളായ ജന്തുക്കളായിട്ടാണു പുസ്തകങ്ങളും സിനിമകളും കടുവകളെ ചിത്രീകരിക്കുന്നത്. എന്നാൽ, ഇതിൽ ഒട്ടുതന്നെ സത്യമില്ല. എല്ലാ കടുവകളും നരഭോജികളല്ല. വനത്തിൽ ഒരു മനുഷ്യനെ കണ്ടാൽ കടുവ നിശബ്ദം തെന്നിമാറുകയാണു പതിവ്. രസകരമായി, മനുഷ്യഗന്ധം കടുവകളിൽ യാതൊരു പ്രതികരണവും ഉളവാക്കുന്നില്ലെന്നു കാണപ്പെടുന്നു.
എങ്കിലും, ചില സാഹചര്യങ്ങളിൽ വിശന്നുവലഞ്ഞ ഒരു കടുവ തീർച്ചയായും അപകടകാരിയായിത്തീരാവുന്നതാണ്. വയസ്സുചെന്നു പല്ലുകൊഴിഞ്ഞതിന്റെയോ മനുഷ്യർ മുറിവേൽപ്പിക്കുകയോ ചെയ്തതിന്റെ ഫലമായി അതിനു സാധാരണവിധത്തിൽ വേട്ടയാടാൻ കഴിയാതെ വന്നേക്കാം. അതുപോലെതന്നെ മനുഷ്യൻ കടുവയുടെ ആവാസം കൈയേറി താമസമാരംഭിക്കുമ്പോൾ കടുവകളുടെ സ്വഭാവിക ഇരകളുടെ എണ്ണം കുറഞ്ഞേക്കാം. ഇതുപോലുള്ള കാരണങ്ങൾക്കൊണ്ട്, ഇന്ത്യയിൽ വർഷത്തിൽ 50-തോളം പേരെ കടുവകൾ കൊല്ലുന്നു. എങ്കിലും പാമ്പുകടിയേറ്റു മരിക്കുന്നവരുടെ എണ്ണം ഇതിന്റെ നൂറിരട്ടിയിലധികമാണ്. മുഖ്യമായും ഗംഗയുടെ ചതുപ്പുനിറഞ്ഞ അഴിപ്രദേശത്താണ് കടുവയിൽനിന്നുള്ള ആക്രമണങ്ങൾ പ്രധാനമായും സംഭവിക്കുന്നത്.
ഡോ. മക്ഡ്യൂഗൽ പറയുന്നതനുസരിച്ച്, കടുവകൾ മിക്കയാളുകളും കരുതുന്നത്ര അപകടകാരികളൊന്നുമല്ല. കടുവയുടെ വളരെയടുത്തു വരുന്നത് ആക്രമിക്കാൻ തക്കവിധം അതിനെ ചൊടിപ്പിക്കാമെങ്കിലും “കടുവ, സംയമനമുള്ള വളരെ ശാന്തനും സമചിത്തതയുമുള്ള ഒരു മൃഗമാണ്. സാധാരണഗതിയിൽ, നിങ്ങൾ ഒരു കടുവയെ കണ്ടുമുട്ടുകയാണെങ്കിൽ—വളരെ അടുത്തുവെച്ചാണെങ്കിൽപോലും—അതു നിങ്ങളെ ആക്രമിക്കുകയില്ല, അദ്ദേഹം പറയുന്നു.”
കടുവകൾക്കിടയിൽ ശണ്ഠ അപൂർവമാണ്. ഉദാഹരണത്തിന്, പ്രായംകുറഞ്ഞ ഒരു കടുവ അലഞ്ഞുതിരിഞ്ഞു മറ്റൊരു കടുവയുടെ പ്രദേശത്തേക്കു കടന്ന് അവിടത്തെ താമസക്കാരനായ ആൺകടുവയെ ആകസ്മികമായി കണ്ടുമുട്ടിയേക്കാം. ഉച്ചത്തിലുള്ള മുരൾച്ചകളും പേടിപ്പെടുത്തുന്ന ഗർജനങ്ങളും മുഖത്തോടുമുഖം നോക്കിയുള്ള മുറുമുറുക്കലുകളും ഉണ്ടാകുന്നു. എന്നാൽ, പ്രായംചെന്ന ആൺകടുവ തന്റെ മേൽക്കോയ്മ കാണിക്കുമ്പോൾ പ്രായംകുറഞ്ഞ കടുവ കീഴ്പെടലിന്റെ സൂചനയെന്നനിലയിൽ കാലുകൾ വായുവിലാക്കി മലർന്നുകിടക്കുന്നു. അതോടെ ഏറ്റുമുട്ടലും അവസാനിച്ചു.
ഈ വൻ പൂച്ചയുടെ ഭാവി
കടുവയിൽനിന്ന് അപകടം നേരിടുന്നതിനുപകരം കടുവയുടെ ഒരേ ഒരു യഥാർഥ ഭീഷണി മനുഷ്യനാണെന്നു തെളിഞ്ഞിരിക്കുന്നു. വംശനാശം സംഭവിക്കുന്നതിൽനിന്നു കടുവയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. നിരവധി ഏഷ്യൻ രാജ്യങ്ങൾ കടുവാസംരക്ഷണകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 1973-ൽ, വടക്കേ ഇന്ത്യയിലെ കോർബറ്റ് ദേശീയ പാർക്കിൽ പ്രൊജക്ട് ടൈഗർ എന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേക ശ്രമം നടപ്പാക്കുകയുണ്ടായി. പ്രൊജക്ട് ടൈഗറിനുവേണ്ടി ഫണ്ടുകളും സജ്ജീകരണങ്ങളും ലോകമെമ്പാടുനിന്നും ഇന്ത്യയിലേക്ക് ഒഴുകി. കാലക്രമേണ, 18 കടുവാസംരക്ഷണകേന്ദ്രങ്ങൾക്കായി മൊത്തം 28,000 ചതുരശ്ര കിലോമീറ്ററിലേറെ വരുന്ന പ്രദേശം ഇന്ത്യയിൽ മാറ്റിവെച്ചു. 1978-ഓടെ, വംശനാശം നേരിടുന്ന വർഗങ്ങളുടെ പട്ടികയിൽ കടുവയെയും ഉൾപ്പെടുത്തി. അത്ഭുതം ജനിപ്പിക്കുന്ന ഫലങ്ങളുണ്ടായി! കടുവാവേട്ട നിരോധിക്കുന്നതിനുമുമ്പ് മനുഷ്യനെ പേടിച്ച് കടുവ പതുങ്ങിനടക്കാനും മുഖ്യമായും രാത്രികാലങ്ങളിൽമാത്രം ഇറങ്ങിനടക്കാനും തുടങ്ങിയിരുന്നു. എന്നാൽ ഏതാനും വർഷക്കാലത്തെ സംരക്ഷണത്തിനുശേഷം, അവ സംരക്ഷണകേന്ദ്രങ്ങളിൽ വിഹരിക്കാനും നല്ല പകൽവെളിച്ചത്തിൽ വേട്ടയാടാനും തുടങ്ങി!
എന്നിട്ടും, കടുവകൾ ഇപ്പോഴും നേരിടുന്ന ഒരു ഭീഷണിയുണ്ട്: കടുവയുടെ ശരീരഭാഗങ്ങൾ കൊണ്ടുണ്ടാക്കുന്ന പരമ്പരാഗത ഏഷ്യൻ മരുന്നുകളുടെ അന്താരാഷ്ട്രതലത്തിലുള്ള ആവശ്യമാണത്. ഉദാഹരണത്തിന്, ഒരു സഞ്ചി കടുവയുടെ അസ്ഥികൾക്ക് ഇന്ത്യയിൽ 18,000 രൂപ വിലവരും; അസ്ഥികൾ സംസ്കരണം ചെയ്ത് വിദൂരപൗരസ്ത്യദേശത്തെ വിപണികളിൽ എത്തുമ്പോഴേക്കും വില 7,50,000-ത്തിലധികം രൂപയായി കുത്തനെ ഉയർന്നിരിക്കും. ഇത്രയേറെ പണം സമ്പാദിക്കാമെന്നുള്ളതുകൊണ്ട്, വനപാലകരെ കബളിപ്പിക്കുന്നതിൽ അനധികൃത കടുവാവേട്ടക്കാരോടൊപ്പം കൂടാനുള്ള പ്രലോഭനം ദരിദ്രരായ ഗ്രാമീണർക്കുണ്ടാകുന്നു. കടുവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയപ്രദമാണെന്ന് ആദ്യമൊക്കെ കരുതിയിരുന്നു. എന്നാൽ 1988 മുതൽ, സാഹചര്യങ്ങൾ വഷളായിത്തുടങ്ങിയിരിക്കുന്നു. ഇന്ന് ഏതാണ്ട് 27 കടുവകൾ മാത്രമേ രന്തമ്പോറിൽ വിഹരിക്കുന്നുള്ളൂ. 20 വർഷം മുമ്പ് 40 എണ്ണമുണ്ടായിരുന്നു. ലോകമൊട്ടാകെ നോക്കുകയാണെങ്കിൽ കടുവകളുടെ സംഖ്യ 5,000-ത്തോളമായി കുറഞ്ഞിരിക്കുന്നു!
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനംവരെ ഇന്ത്യയിൽ കടുവകളും മനുഷ്യരും ആപേക്ഷിക ഒരുമയോടെ സഹവർത്തിച്ചുപോന്നിരുന്നു. അവർക്കു വീണ്ടും അങ്ങനെ ആയിരിക്കാൻ കഴിയുമോ? ഇപ്പോൾ, “കടുവ! കടുവ!” എന്ന ഉത്സാഹപൂർവമായ വിളി, ലോകത്തിലെ ഏറ്റവും വലിയ പൂച്ചയെ കണ്ടതിന്റെ ഫലമായിട്ടായിരിക്കാം. പരിരക്ഷണ പദ്ധതികൾ കടുവയ്ക്കു ഭാവിയിൽ സംരക്ഷണം ഉറപ്പാക്കുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. എന്നാൽ, മുഴു ഭൂമിയും ഒടുവിൽ ഏദെൻതോട്ടം പോലെ ഒരു പറുദീസയായിത്തീരുമെന്നു ബൈബിൾ നമുക്ക് ഉറപ്പുതരുന്നു. അപ്പോൾ, മനുഷ്യനും കടുവയെപ്പോലെയുള്ള വന്യജീവികളും സമാധാനത്തിൽ ഭൂമി പങ്കുവെക്കും.—യെശയ്യാവു 11:6-9.
[അടിക്കുറിപ്പ്]
a ഏറ്റവും വലുപ്പമേറിയ ഉപവർഗങ്ങളായ സൈബീരിയൻ കടുവകൾക്ക് 320 കിലോഗ്രാമിലേറെ തൂക്കവും 4 മീറ്ററിലേറെ നീളവും കണ്ടേക്കാം.
[17-ാം പേജിലെ ചതുരം/ചിത്രം]
വെളുത്ത കടുവ
ഇന്ത്യയിലെ ദേശീയ നിധിയായ, അപൂർവമായ വെളുത്ത കടുവ ഉത്പരിവർത്തനം സംഭവിച്ച ഗുപ്തഗുണമുള്ള ജീനിന്റെ ഫലമാണ്. 1951-ൽ വെളുത്ത ഒരു ആൺകടുവാക്കുഞ്ഞിനെ ഇന്ത്യയിലെ റേവ വനത്തിൽവെച്ചു പിടികൂടി. സാധാരണ നിറത്തിലുള്ള ഒരു പെൺകടുവയുമൊത്ത് ഇണചേർത്തപ്പോൾ സാധാരണ നിറത്തിലുള്ള കടുവാക്കുഞ്ഞുങ്ങളുണ്ടായി. എന്നാൽ, അതിൽപെട്ട ഒരു പെൺകടുവയെ വെളുത്ത തന്തക്കടുവയുമായി ഇണചേർത്തപ്പോൾ അവൾ നാലു വെളുത്ത കടുവാക്കുഞ്ഞുങ്ങളെ പ്രസവിച്ചു. ശ്രദ്ധാപൂർവമുള്ള പ്രജനനംവഴി അപൂർവമായ ഈ മനോഹര മൃഗങ്ങളെ മൃഗശാലകളിൽ കാണാൻ ആളുകൾക്കു കഴിയുന്നു.
[16-ാം പേജിലെ ചിത്രം]
നീന്തുന്ന പൂച്ചകളോ? അതേ!
[17-ാം പേജിലെ ചിത്രം]
മിക്ക ആളുകളും കരുതുന്നത്ര അപകടകാരികളല്ല കടുവകൾ