മൊണാർക്ക് ചിത്രശലഭങ്ങളുടെ കൊലക്കളങ്ങളായി മാറിയ പ്രകൃതി സംരക്ഷിത മേഖലകൾ
കാനഡയിലോ ഉത്തര ഐക്യനാടുകളിലോ വേനൽക്കാലം ചെലവഴിക്കുന്ന മൊണാർക്ക് ചിത്രശലഭങ്ങൾ, ഓറഞ്ചും കറുപ്പും കലർന്ന ചിറകുകൾ വിരിച്ചുകൊണ്ട് വിസ്മയകരമായ ഒരു ദേശാന്തരഗമനപ്പറക്കലിൽ, കാനഡയിൽനിന്ന് ഐക്യനാടുകൾക്കു കുറുകെ സഞ്ചരിച്ചു പടിഞ്ഞാറൻ മെക്സിക്കോയിലെ ഒരു പ്രത്യേക സ്ഥലത്ത് ഒരുമിച്ചുചേരുന്നു. 3,400 മീറ്റർ ഉയരമുള്ള, ഫിർ മരങ്ങൾ നിറഞ്ഞ പർവതമുകളിൽ 1986-ൽ മെക്സിക്കൻ ഗവൺമെൻറ് അഞ്ചു പ്രകൃതി സംരക്ഷിത മേഖലകൾ സ്ഥാപിച്ചു. 1994-ലെ ഒരു സെൻസസ് പ്രകാരം കുറഞ്ഞപക്ഷം ആറു കോടി മൊണാർക്കുകളെങ്കിലും ഈ സംരക്ഷിത മേഖലകളിൽ ശീതകാലം ചെലവഴിക്കുന്നുണ്ട്.
ആ മരങ്ങൾ, ചിത്രശലഭങ്ങൾക്കു തണുത്ത മഴയിൽനിന്നും മഞ്ഞിൽനിന്നും സംരക്ഷണമേകുന്ന ഒരു കനത്ത മേൽവിതാനമായി വർത്തിക്കുന്നതിനാൽ ഫിർ മരങ്ങളോടു മൊണാർക്കുകൾക്കു പ്രത്യേക താത്പര്യമാണ്. ഈ അഞ്ചു സംരക്ഷിത മേഖലകളിൽ മരംവെട്ടൽ നിരോധിച്ചിട്ടുണ്ടെങ്കിലും അതു നിയമവിരുദ്ധമായ മരംവെട്ടലിന് അറുതി വരുത്തുന്നില്ല. “ഗവൺമെൻറിന്റെ നിരോധനങ്ങളെല്ലാമുണ്ടായിരുന്നിട്ടും മെക്സിക്കൻ സംരക്ഷിത മേഖലകളിൽ നടക്കുന്ന ഫിർമരം വെട്ടൽ മൊണാർക്കുകളെ ശക്തമായ കൊടുങ്കാറ്റുകളാലും തണുപ്പിനാലും കൂടുതൽ നാശം സംഭവിക്കാവുന്ന അവസ്ഥകളിലാക്കുന്നു. . . . വൃക്ഷങ്ങളുടെയും അവയുടെ വിതാനങ്ങളുടെയും നഷ്ടം ചിത്രശലഭങ്ങളെ മഴയും മഞ്ഞും ഏൽക്കാനിടയാക്കുന്നു,” എന്നതു സംബന്ധിച്ചു ചിത്രശലഭ ശാസ്ത്രജ്ഞന്മാർ ഉത്കണ്ഠാകുലരാണ്. മരംവെട്ടൽ ഈ സംരക്ഷണാത്മക വിതാനം തകർക്കുന്നു. ജെയിൻസ്വില്ലിയിലെ ഫ്ളോറിഡ സർവകലാശാലയിലെ ജന്തുശാസ്ത്രജ്ഞനായ ലിങ്കൺ ബ്രോവർ മൊണാർക്കുകളുടെ ഈ സംരക്ഷണാത്മക കവചത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഈ കാടുകൾ എത്രമാത്രം ക്ഷയിക്കുന്നുവോ അത്രമാത്രം അവയുടെ കരിമ്പടത്തിൽ തുളകൾ വീണുകൊണ്ടിരിക്കും.”
“മോശമായ കാലാവസ്ഥയും മരങ്ങൾ മുറിച്ചുകളയുന്നതും ചിത്രശലഭങ്ങളുടെ വിനാശത്തിനു ഹേതുവാണ്” എന്നു ദ ന്യൂയോർക്ക് ടൈംസ് പറഞ്ഞു. 1995 ഡിസംബർ 30-ാം തീയതി രാത്രിയിലുണ്ടായ ഹിമപാതത്തെക്കുറിച്ച് അതു കൂടുതലായി ഇങ്ങനെ റിപ്പോർട്ടുചെയ്തു: “സംരക്ഷിത മേഖലകളിൽ ചുറ്റിസഞ്ചരിച്ച സർക്കാർ വനസംരക്ഷണ ഉദ്യോഗസ്ഥരും ജീവശാസ്ത്രജ്ഞരും, ആയിരക്കണക്കിനു തണുത്തുറഞ്ഞ മൊണാർക്കുകൾ മൂടിക്കിടക്കുന്ന മഞ്ഞുകൂമ്പാരങ്ങൾ അവിടെയുണ്ടായിരുന്നുവെന്നും വളരെയേറെ ചിത്രശലഭങ്ങൾ മഞ്ഞിൽ കുഴിച്ചുമൂടപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞു.”
ഈ പേജിന്റെ മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ദുഃഖപര്യവസായിയായ ആ കഥയുടെ വാസ്തവികത തെളിയിക്കുന്നു.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Jorge Nunez/Sipa Press