വിദ്വേഷം—എന്തുകൊണ്ട് ഇത്ര അധികം?
ജർമനിയിലെ ഉണരുക! ലേഖകൻ
“എന്തുകൊണ്ട്”—ഒരു ചെറിയ വാക്ക്, എന്നാൽ ഉത്തരം ആവശ്യപ്പെടുന്ന ഒന്ന്. ഉദാഹരണത്തിന്, 1996 മാർച്ചിൽ സ്കോട്ട്ലൻഡിലെ ഡൺബ്ലേനിലുള്ള ഒരു സ്കൂളിനു വെളിയിൽ പുഷ്പങ്ങളുടെ കൂമ്പാരങ്ങൾക്കും പാവക്കരടികൾക്കും മധ്യേ ഒരു കടലാസ്സു തുണ്ടിലും ആ ചോദ്യം കാണപ്പെട്ടു. ഏതാനും ദിവസം മുമ്പ് ഒരു മനുഷ്യൻ അകത്തേക്കു പാഞ്ഞുകയറി 16 കുട്ടികളെയും അവരുടെ അധ്യാപികയെയും വെടിവെച്ചു കൊന്നിരുന്നു. മറ്റു നിരവധി ആളുകളെക്കൂടെ പരിക്കേൽപ്പിച്ചശേഷം അയാൾ സ്വയം വെടിവെച്ചു മരിച്ചു. വ്യക്തമായും, അയാളുടെ മനസ്സു നിറയെ വിദ്വേഷമായിരുന്നു—തന്നോടുതന്നെയും മറ്റുള്ളവരോടും സമൂഹത്തോടു പൊതുവേയും. ദുഃഖാർത്തരായ മാതാപിതാക്കളും സുഹൃത്തുക്കളും ലോകമെമ്പാടുമുള്ള കോടിക്കണക്കിനു മററാളുകളും അതേ ചോദ്യം ചോദിക്കുന്നു. ‘എന്തുകൊണ്ട്? നിഷ്കളങ്കരായ കുട്ടികൾ എന്തുകൊണ്ട് ഈ വിധം മരിക്കുന്നു?’
ലോകത്തിൽ യുക്തിസഹമല്ലാത്ത, അകാരണമായ വിദ്വേഷം നിറഞ്ഞുനിൽക്കുന്നത് സാധ്യതയനുസരിച്ച് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കണം. വാസ്തവത്തിൽ, ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങൾത്തന്നെയും വിദ്വേഷത്തിന് ഇരയായിട്ടുണ്ടായിരിക്കാം. സാധ്യതയനുസരിച്ച്—ഒരുപക്ഷേ ഒന്നിലധികം പ്രാവശ്യം—നിങ്ങളും ചോദിച്ചിരിക്കാം, ‘എന്തുകൊണ്ട്?’
നല്ലതും മോശവുമായ വിദ്വേഷങ്ങൾ
“വെറുപ്പ്,” “വിദ്വേഷം” എന്നീ വാക്കുകൾ “കൊടിയ ശത്രുതയും വിരക്തിയും” എന്നു നിർവചിക്കപ്പെട്ടിരിക്കുന്നു. ദോഷകരമോ വ്യക്തിബന്ധങ്ങൾക്കു ഹാനികരമോ ആയ കാര്യങ്ങളോട് “കൊടിയ ശത്രുതയും വിരക്തിയും” ഉണ്ടായിരിക്കുന്നതു തീർച്ചയായും പ്രയോജനപ്രദംതന്നെ. എല്ലാവർക്കും ഇത്തരത്തിലുള്ള വിദ്വേഷമുണ്ടായിരുന്നെങ്കിൽ ലോകം ജീവിക്കാൻ കൊള്ളാവുന്ന മെച്ചപ്പെട്ട ഒരു ഇടമായിത്തീർന്നേനെ. എന്നാൽ സങ്കടകരമെന്നു പറയട്ടെ, വെറുക്കരുതാത്ത കാര്യങ്ങളെ വെറുക്കാനാണ് അപൂർണ മനുഷ്യർക്കു ചായ്വ്. അതും തെറ്റായ കാരണങ്ങളുടെ പേരിൽ.
വിനാശകമായ വിദ്വേഷം മുൻവിധിയിലോ അജ്ഞതയിലോ തെറ്റായ വിവരങ്ങളിലോ അധിഷ്ഠിതമാണ്. മാത്രവുമല്ല, ഒരു നിർവചനമനുസരിച്ച്, സാധാരണമായി “ഭയം, കോപം, വ്രണിതവികാരം” എന്നിവയാണ് അതിനു തിരികൊളുത്തുന്നത്. ശരിയായ അടിസ്ഥാനമില്ലാത്തതുകൊണ്ട് ഈ വിദ്വേഷം അനിഷ്ട സംഭവങ്ങളിൽ കലാശിക്കുന്നു, കൂടെക്കൂടെ ‘എന്തുകൊണ്ട്?’ എന്ന ചോദ്യം ഉയർത്തുന്നു.
ചിലപ്പോൾ പ്രവൃത്തിയാലോ സ്വഭാവത്താലോ നമ്മെ അലോസരപ്പെടുത്തുന്നവരും ഇടപെടാൻ നമുക്ക് ബുദ്ധിമുട്ടുള്ളവരുമായ ആളുകളുണ്ട്. എന്നാൽ അലോസരപ്പെടുത്തലും ആളുകളെ ശാരീരികമായി ഉപദ്രവിക്കാനുള്ള ആഗ്രഹവും തമ്മിൽ വലിയ അന്തരമുണ്ട്. അതുകൊണ്ട് ചില വിഭാഗങ്ങളിൽപ്പെട്ട ആളുകളോട്—മിക്കപ്പോഴും തനിക്ക് അറിയില്ലാത്ത ആളുകളോട്—ഒന്നടങ്കം, ഒരു വ്യക്തിക്ക് എങ്ങനെ വിദ്വേഷം വെച്ചുപുലർത്താനാകുമെന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. അവർ അയാളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോടു വിയോജിച്ചേക്കാം, അല്ലെങ്കിൽ അവർ വ്യത്യസ്ത മതത്തിൽപ്പെട്ടവരോ വംശത്തിൽപ്പെട്ടവരോ ആയിരിക്കാം. എന്നാൽ ഇവയെല്ലാം അവരെ ദ്വേഷിക്കുന്നതിനുള്ള കാരണങ്ങളാണോ?
എങ്കിലും അത്തരം വിദ്വേഷം നിലനിൽക്കുന്നു! 1994-ൽ, ആഫ്രിക്കയിലെ റുവാണ്ടയിൽ ഹൂട്ടു ഗോത്രക്കാരും ടൂട്സി ഗോത്രക്കാരും പരസ്പരം കൊന്നൊടുക്കിയതിലേക്കു നയിച്ചതു വിദ്വേഷമായിരുന്നു. ഇത് ഒരു റിപ്പോർട്ടറെ ഇപ്രകാരം ചോദിക്കാൻ പ്രേരിപ്പിച്ചു: “ഇത്രയും ചെറിയ ഒരു രാജ്യത്ത് ഇത്രയധികം വിദ്വേഷം കുമിഞ്ഞുകൂടിയതെങ്ങനെ?” മധ്യപൂർവദേശത്ത് അറബി ഭീകരരും ഇസ്രായേല്യ തീവ്രവാദികളും അഴിച്ചുവിടുന്ന ആക്രമണങ്ങൾക്കു കാരണം വിദ്വേഷമാണ്. യൂറോപ്പിൽ, മുൻ യൂഗോസ്ലാവിയയുടെ വിഭജനത്തിലേക്കു നയിച്ചതും വിദ്വേഷംതന്നെ. ഒരു പത്രറിപ്പോർട്ട് അനുസരിച്ച്, ഐക്യനാടുകളിൽ മാത്രമായി, “ഏതാണ്ട് 250 വിദ്വേഷപ്രേരക സംഘങ്ങൾ” വർഗീയവാദത്തിന്റേതായ ആശയങ്ങൾ പ്രചരിപ്പിക്കുന്നു. എന്തുകൊണ്ട്, എന്തുകൊണ്ടാണ് ഇത്ര അധികം വിദ്വേഷമുള്ളത്?
വിദ്വേഷം വളരെ ആഴത്തിൽ വേരുപിടിച്ചിരിക്കുന്നതുകൊണ്ട്, അതു തിരികൊളുത്തിയ സംഘട്ടനങ്ങൾ കെട്ടടങ്ങിയാലും അത് അവശേഷിക്കുന്നു. യുദ്ധബാധിതവും ഭീകരപ്രവർത്തനങ്ങൾ നടമാടുന്നതുമായ രാജ്യങ്ങളിൽ സമാധാനം നിലനിർത്താനും വെടിനിർത്തൽ കരാറുകൾ പാലിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനു മറ്റു വല്ല കാരണവുമുണ്ടോ? ബോസ്നിയ-ഹെർട്സെഗോവിനയും ക്രൊയേഷ്യയും ചേർന്നുള്ള ഫെഡറേഷന്റെ കീഴിൽ സാരയെവോ നഗരം പുനരൈക്യപ്പെടുത്താമെന്ന സമാധാന കരാറിൽ ഒപ്പുവെക്കപ്പെട്ടശേഷം നടന്ന സംഭവവികാസങ്ങൾക്കു മറ്റു വല്ല കാരണവുമുണ്ടോ? അവിടെ ജീവിച്ചിരുന്ന മിക്ക സെർബിയക്കാരും പ്രതികാര നടപടികൾ ഭയന്ന് ആ നഗരത്തിൽനിന്നും അതിന്റെ പ്രാന്തപ്രദേശങ്ങളിൽനിന്നും പലായനം ചെയ്യാൻ തുടങ്ങി. പോകുന്ന പോക്കിൽ അവർ ആ നഗരത്തിൽ കൊള്ളയും കൊള്ളിവെപ്പും നടത്തിയതായി റിപ്പോർട്ട് ചെയ്തശേഷം ടൈം ഇങ്ങനെ ഉപസംഹരിച്ചു: “പുനരൈക്യപ്പെട്ടത് സാരയെവോ ആണ്, അവിടുത്തെ ആളുകളല്ല.”
സാഹചര്യങ്ങൾ എത്ര നല്ലതായിരുന്നാലും, പരസ്പരം ദ്വേഷിക്കുന്ന ആളുകൾക്കിടയിലെ സമാധാനം വ്യാജമായിരിക്കും. കള്ളപ്പണം പോലെതന്നെ അത് മൂല്യമില്ലാത്തതായിരിക്കും. അതിനെ പിന്താങ്ങാൻ യഥാർഥത്തിൽ മൂല്യവത്തായ ഒന്നുമില്ലാത്തതുകൊണ്ട് നേരിയ സമ്മർദത്തിൻ കീഴിൽപ്പോലും അത് നിലംപരിചായേക്കാം. എന്നാൽ ലോകത്തിൽ ഇന്ന് വളരെയധികം വിദ്വേഷമുണ്ട്, സ്നേഹം വളരെ കുറവാണുതാനും. എന്തുകൊണ്ട്?
[4-ാം പേജിലെ ആകർഷകവാക്യം]
വിനാശകമായ വിദ്വേഷം മുൻവിധിയിലോ അജ്ഞതയിലോ തെറ്റായ വിവരങ്ങളിലോ അധിഷ്ഠിതമാണ്