ഫൈബ്രോമയാൾജിയയെ മനസ്സിലാക്കലും പൊരുത്തപ്പെട്ടു ജീവിക്കലും
നിങ്ങൾക്ക് ശരീരം ആസകലം വേദന അനുഭവപ്പെടുന്നുണ്ടോ? വല്ലാത്ത ക്ഷീണം തോന്നുന്നുണ്ടോ? രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിന് മരവിപ്പും തളർച്ചയും അനുഭവപ്പെടാറുണ്ടോ? ചിലപ്പോഴൊക്കെ മറവിയുണ്ടാകാറുണ്ടോ? ഒരുപക്ഷേ ഇവ ഫൈബ്രോമയാൾജിയ സിൻഡ്രോമിന്റെ (എഫ്എംഎസ്) ഏതാനും ചില ലക്ഷണങ്ങൾ ആയിരുന്നേക്കാം.
“1989-ലായിരുന്നു അത്. ഒരു ദിവസം രാവിലെ ഉണർന്നപ്പോൾ 45 മിനിറ്റു നേരത്തേക്ക് എനിക്കു ശരീരം അനക്കാനേ കഴിഞ്ഞില്ല,” റ്റെഡ് പറയുന്നു.a ഫൈബ്രോമയാൾജിയയുമായുള്ള റ്റെഡിന്റെ പോരാട്ടം അന്നു തുടങ്ങി. ഫൈബ്രോമയാൾജിയ അടിസ്ഥാനപരമായി “കണ്ഡരകൾ, സ്നായുക്കൾ, പേശികൾ എന്നിവിടങ്ങളിലെ വേദന”യെ അർഥമാക്കുന്നു.
ഒരുപക്ഷേ നിങ്ങളുടെ ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ എഫ്എംഎസ് ഉണ്ടായിരിക്കാം. അവരെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും? ഇനി, നിങ്ങളൊരു എഫ്എംഎസ് രോഗിയാണെങ്കിൽ എന്തു ചെയ്യാൻ കഴിയും? എഫ്എംഎസ്-നെക്കുറിച്ച് അറിയുന്നത് അതിനെ മനസ്സിലാക്കാനും അതുമായി പൊരുത്തപ്പെടാനും നിങ്ങളെ വളരെയധികം സഹായിക്കും. എങ്കിലും, മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവർക്കെല്ലാം എഫ്എംഎസ് ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല.
ഫൈബ്രോമയാൾജിയയെ നിർവചിക്കൽ
അമേരിക്കൻ വാതരോഗ ചികിത്സാശാസ്ത്ര കോളെജിന്റെ അഭിപ്രായപ്രകാരം, “ഒരാൾക്ക് ഫൈബ്രോമയാൾജിയ ആണോയെന്നു നിർണയിക്കുന്നത്, ആ വ്യക്തിക്ക് ശരീരം ആസകലം വിട്ടുമാറാത്ത വേദനയുണ്ടോ എന്നതിന്റെയും ആ വ്യക്തിയുടെ പ്രത്യേക ശരീര ഭാഗങ്ങളിൽ ദുർബല സ്ഥാനങ്ങൾ ഡോക്ടർക്ക് കണ്ടെത്താൻ കഴിയുന്നുണ്ടോ എന്നതിന്റെയും അടിസ്ഥാനത്തിലാണ്.” ഇവ കൂടാതെ മറ്റു ലക്ഷണങ്ങളുമുണ്ട്. അവയിൽ ചിലത് വിട്ടുമാറാത്ത ക്ഷീണരോഗത്തിന്റേതിനോട് (സിഎഫ്എസ്) സമാനമാണ്.
വാസ്തവത്തിൽ, എഫ്എംഎസ് ഉള്ള പലർക്കും സിഎഫ്എസ്-ഉം മറ്റു രോഗങ്ങളും ഉണ്ട്. വിഷാദവും അസാധാരണമായ ഉത്കണ്ഠയും എഫ്എംഎസ് ഉള്ളവരുടെയിടയിൽ സാധാരണമാണ്. സാധാരണഗതിയിൽ എഫ്എംഎസ് നിമിത്തമാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത്, അല്ലാതെ മറിച്ചല്ല. അമിതമായ അല്ലെങ്കിൽ തീരെ കുറഞ്ഞ അളവിലുള്ള ശരീരാധ്വാനം, തണുത്ത കാറ്റുകൊള്ളുന്നത്, ഉറക്കമിളയ്ക്കൽ, അമിത സമ്മർദം എന്നിങ്ങനെയുള്ള ബാഹ്യ ഘടകങ്ങൾ എഫ്എംഎസ് വഷളാകുന്നതിന് ഇടയാക്കിയേക്കാം.
ഫൈബ്രോസൈറ്റിസ് (പേശീവാതം) ഉൾപ്പെടെ വ്യത്യസ്ത പേരുകളിൽ മുമ്പ് അറിയപ്പെട്ടിരുന്ന എഫ്എംഎസ് വൈരൂപ്യത്തിനോ വൈകല്യങ്ങൾക്കോ ഇടയാക്കുന്നില്ല, അത് അതിൽത്തന്നെ ജീവനു ഭീഷണിയുമല്ല. എഫ്എംഎസ് ഒരു പാരമ്പര്യ രോഗമാണെന്ന് ഉറപ്പായി പറയാൻ കഴിയില്ലെങ്കിലും ചില കുടുംബങ്ങളിലെ ഒന്നിലധികം അംഗങ്ങൾക്ക് അതുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളെ, എല്ലാ പ്രായത്തിലുമുള്ള മുതിർന്നവരെ, അതു ബാധിക്കുന്നു. എങ്കിലും പുരുഷൻമാരെക്കാൾ കൂടുതൽ സ്ത്രീകളെയാണ് അതു ബാധിക്കുന്നത്.
എഫ്എംഎസ്-ന്റെ കാരണം
എഫ്എംഎസ്-ന്റെ കാരണത്തെക്കുറിച്ച് പലരും വ്യത്യസ്ത സിദ്ധാന്തങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ട്. അതിനു കാരണം ഒരുപക്ഷേ വൈറസ് ആയിരിക്കാം, അല്ലെങ്കിൽ സിറോറ്റോനിൻ എന്ന നാഡീപ്രേഷകത്തിന്റെ അസന്തുലനമോ—ഇത് ഉറക്കത്തെ ബാധിക്കുന്നു—ശരീരത്തിൽ സഹജമായുള്ള വേദന സംഹാരികളായ എൻഡോർഫിനുകൾ പോലെയുള്ള രാസവസ്തുക്കളുടെ അസന്തുലനമോ ആയിരിക്കാം. ഇവയെക്കുറിച്ചും മറ്റ് സിദ്ധാന്തങ്ങളെ കുറിച്ചുമുള്ള ഗവേഷണം തുടരുകയാണ്.
എഫ്എംഎസ് ഉള്ളവരുടെ പേശികൾ ഒരു സൂക്ഷ്മ ദർശിനിയിലൂടെ നോക്കുമ്പോൾ ആരോഗ്യമുള്ളവയായി കാണപ്പെടുന്നു. എന്നാൽ പേശീകോശങ്ങളുടെ ഊർജോത്പാദന ഭാഗങ്ങൾ സാധാരണരീതിയിൽ പ്രവർത്തിക്കുന്നില്ലായിരിക്കാം. അതിന്റെ കാരണവും പ്രതിവിധിയും അജ്ഞാതമാണ്. പലപ്പോഴും ശാരീരികമോ വൈകാരികമോ ആയ ക്ഷതത്തിന് ഇടയാക്കിയ ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ തുടർന്ന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി വ്യക്തി മനസ്സിലാക്കുന്നു. എന്നാൽ മറ്റു ചിലരുടെ കാര്യത്തിൽ രോഗാരംഭം നിഗൂഢമായിരുന്നേക്കാം.
എഫ്എംഎസ്—രോഗനിർണയത്തിനുള്ള ബുദ്ധിമുട്ടുകൾ
എഫ്എംഎസ്-ന്റെ മിക്ക ലക്ഷണങ്ങളുംതന്നെ മറ്റു രോഗങ്ങൾക്കും ഉള്ളതിനാൽ കാനഡയിലെ ഡോ. കാർല ഓക്ലി ഇങ്ങനെ പറയുന്നു: “സന്ധികളിൽ വേദനയുമായി ഒരു രോഗി ഞങ്ങളെ സമീപിക്കുമ്പോൾ എല്ലായ്പോഴും ആദ്യം പരിശോധിക്കുന്നത് അയാൾക്ക് എഫ്എംഎസ് ഉണ്ടോ എന്നായിരിക്കില്ല. ആഴ്ചകൾ കഴിഞ്ഞിട്ടും വേദന മാറുന്നില്ലെങ്കിൽ ഞങ്ങൾ കൂടുതലായ പരിശോധനകൾ നടത്തുന്നു. എഫ്എംഎസ് ആണെന്നു കണ്ടുപിടിച്ചു കഴിഞ്ഞാൽ സ്ഥിരീകരണത്തിനായി സാധാരണഗതിയിൽ ഞാൻ ആ രോഗിയെ ഒരു വാതരോഗ ചികിത്സാവിദഗ്ധന്റെ അടുത്ത് അയയ്ക്കുന്നു.”
എന്നാൽ, എഫ്എംഎസ്-ന്റെ നിർണയത്തിന് അടുത്തകാലംവരെ യാതൊരു മാനദണ്ഡവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ രോഗം ആത്മനിഷ്ഠമായിരുന്നു, അതായത് രോഗിക്കുമാത്രം അനുഭവവേദ്യമായ ഒന്നായിരുന്നു. പരിശോധനയിലൂടെ കണ്ടുപിടിക്കാൻ സാധിക്കുന്ന ഒന്നായിരുന്നില്ല. അതുകൊണ്ട് അതിനെ സംബന്ധിച്ച് പല ഡോക്ടർമാർക്കും അറിയില്ലായിരുന്നു. റെയ്ച്ചൽ എന്നു പേരുള്ള ഒരു സ്ത്രീ ഇങ്ങനെ വിലപിക്കുന്നു: “ഞാൻ 25 വർഷക്കാലം പല ഡോക്ടർമാരുടെ അടുക്കൽ പോയി ആയിരക്കണക്കിന് ഡോളർ ചെലവിട്ടതിനു ശേഷമാണ് എനിക്ക് എഫ്എംഎസ് ആണെന്ന് സ്ഥിരീകരിച്ചത്.”
അപ്പോൾപ്പിന്നെ, നിങ്ങൾക്കു ഫൈബ്രോമയാൾജിയ ഉണ്ടെന്നു നിങ്ങൾ വിചാരിക്കുന്നപക്ഷം എവിടെ സഹായം കണ്ടെത്താൻ കഴിയും? സന്ധിവാത ചികിത്സാസ്ഥാപനത്തിന്റെ പ്രാദേശിക ശാഖയുമായി ബന്ധപ്പെടുകയോ ഒരു വാതരോഗ ചികിത്സാവിദഗ്ധനെ പോയി കാണുകയോ ചെയ്യാൻ പേശീവേദന വിട്ടുമാറാത്തപ്പോൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഗെയ്ൽ ബാക്ക്സ്ട്രോം നിർദേശിക്കുന്നു.
ചികിത്സ
എഫ്എംഎസ്-ന് ഇതുവരെ ഫലകരമെന്നു തെളിഞ്ഞ പ്രതിവിധിയൊന്നും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് ചികിത്സ സാധാരണഗതിയിൽ രോഗലക്ഷണങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. ഒരു പ്രധാന രോഗലക്ഷണമായ വേദന മറ്റു ലക്ഷണങ്ങളെപ്പോലെതന്നെ ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നു മാത്രമല്ല ഒരേ വ്യക്തിയിൽത്തന്നെ ദിവസംതോറും വ്യത്യാസപ്പെട്ടുകൊണ്ടുമിരിക്കുന്നു.
കാലം കടന്നുപോകവേ വേദന സംഹാരികളും ചില ചികിത്സാ രീതികളും ഫലകരമല്ലാതായിത്തീരുന്നു എന്നത് ചികിത്സാപ്രശ്നത്തിന് ആക്കം കൂട്ടുന്നു. ഗെയ്ൽ ബാക്ക്സ്ട്രോം ഇങ്ങനെ നിർദേശിക്കുന്നു: “കുറെ നാളുകൾക്കുശേഷം വീണ്ടും ഉപയോഗിക്കുന്നെങ്കിൽ മിക്കപ്പോഴും അവ പിന്നെയും കുറെക്കാലത്തേക്കു പ്രയോജനം ചെയ്യും.” എന്നാൽ ഡോക്ടറോട് ചോദിച്ചിട്ടേ അവ വീണ്ടും ഉപയോഗിക്കാവൂ. പാർശ്വഫലങ്ങളോ ആസക്തിയോ ഉണ്ടാകുന്നതിനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട്, “ശക്തിയേറിയ വേദന സംഹാരികൾ ഒഴിവാക്കണം” എന്ന് അമേരിക്കൻ വാതരോഗ ചികിത്സാശാസ്ത്ര കോളെജ് ശുപാർശചെയ്യുന്നു.
രണ്ടാമത്തെ പ്രമുഖ ലക്ഷണം വേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും നിമിത്തം അനിവാര്യമായ ഉറക്കം ലഭിക്കാതെ വരുന്നതാണ്. മെലനീ, വേദന കുറയ്ക്കുന്നതിനുവേണ്ടി ഒരു ബോഡി പില്ലോ ഉപയോഗിക്കുന്നു. വെളിയിലെ ശബ്ദം കേൾക്കാതിരിക്കാനായി അവർ ഒരു എയർ കൂളർ പ്രവർത്തിപ്പിക്കുന്നു. ഇയർപ്ലഗ്ഗുകളും ഫോം പാഡും എഗ്ക്രേറ്റ് മാട്രെസ് ടോപ്പർ എന്നു വിളിക്കുന്നതുമെല്ലാം മറ്റു സഹായികളാണ്.b നോർത്ത് കരോലിനയിലെ ഡോ. ഡ്വേൻ ഏയെഴ്സ് ഇപ്രകാരം പറയുന്നു: “ഉറക്കം മെച്ചപ്പെടുത്താനുള്ള സഹായം നൽകിക്കഴിയുമ്പോൾ എന്റെ രോഗികൾ മറ്റു ചികിത്സകളോട് ഏറെ നന്നായി പ്രതികരിക്കുന്നു.”
സന്ധിവാത-പേശി-അസ്ഥി-ത്വക് രോഗ ദേശീയ സ്ഥാപനത്തിന്റെ അഭിപ്രായപ്രകാരം “വ്യായാമം, ഔഷധചികിത്സ, ഫിസിക്കൽ തെറാപ്പി, വിശ്രമം ഇവയെല്ലാം ഫൈബ്രോമയാൾജിയാ രോഗികൾക്കു പ്രയോജനം ചെയ്തേക്കാം.” തിരുമ്മു ചികിത്സ, സമ്മർദ നിയന്ത്രണം, ശരീരത്തിന് വലിവു കിട്ടുന്ന തരം വ്യായാമങ്ങൾ എന്നിവ മറ്റു ചികിത്സകളിൽ പെടുന്നു. എന്നാൽ, എല്ലായ്പോഴും വേദനയും ക്ഷീണവും അനുഭവിക്കുന്ന ഒരാൾക്ക് വ്യായാമം ചെയ്യുക എന്നത് അസാധ്യമായി തോന്നിയേക്കാം. അതുകൊണ്ട് വ്യായാമ പരിപാടി വളരെ സാവധാനം തുടങ്ങാൻ ചിലർ ശുപാർശചെയ്യുന്നു. ഏതൊരു വ്യായാമ പരിപാടിയും തുടങ്ങുന്നതിനു മുമ്പായി തീർച്ചയായും ഡോക്ടറുടെ ഉപദേശം തേടുക.
ഫൈബ്രോമയാൾജിയ നെറ്റ്വർക്ക് എന്ന വാർത്താപത്രികയുടെ 1997 ജൂലൈ ലക്കം, ഓറിഗണിലെ പോർട്ട്ലൻഡിലുള്ള വ്യായാമ ശരീരധർമ ശാസ്ത്രജ്ഞയും ഗവേഷകയുമായ ഷാരൺ ക്ലാർക്ക് ഇങ്ങനെ പറയുന്നതായി ഉദ്ധരിക്കുന്നു: ഒരു വ്യക്തിക്ക് 20-ഓ 30-ഓ മിനിറ്റുനേരം വ്യായാമം ചെയ്യാൻ കഴിയില്ലെങ്കിൽ “5 മിനിറ്റു വെച്ച് ദിവസവും ആറു തവണ നടക്കാവുന്നതാണ്, അതു പ്രയോജനകരമായ ഫലങ്ങൾ കൈവരുത്തും.” എയ്റോബിക് മാതൃകയിലുള്ള വ്യായാമം മിതമായ തോതിൽ ചെയ്യുന്നത് എൻഡോർഫിനുകളുടെ ഉത്പാദനം വർധിപ്പിക്കുകയും നന്നായി ഉറങ്ങാൻ സഹായിക്കുകയും ശരീരവ്യവസ്ഥയ്ക്കും പേശികൾക്കും ആവശ്യമായ ഓക്സിജൻ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
എങ്കിലും ആളുകൾ വ്യത്യസ്തരാണ്. എഫ്എംഎസ് അവരെ ബാധിക്കുന്നതും വ്യത്യസ്ത തോതിലായിരുന്നേക്കാം. ഇലെയ്ൻ നമ്മോടിങ്ങനെ പറയുന്നു: “എന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒരു തവണ നടക്കുന്നതുതന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. എന്നാൽ എഫ്എംഎസ് ഉള്ള എന്റെ കൂട്ടുകാരിക്ക് ഒരു മൈൽ നടക്കാൻ കഴിയുന്നുണ്ട്.” “കഷ്ടപ്പെടാതെ കാര്യം നടക്കില്ല” എന്നത് എഫ്എംഎസ് ഉള്ളവരുടെ കാര്യത്തിൽ ബാധകമല്ല. എന്നാൽ എഫ്എംഎസ് ഉള്ളവർ തീർച്ചയായും “ശ്രമം ഉപേക്ഷിക്കരുത്.” സിഎഫ്എസും എഫ്എംഎസും ഉള്ള റ്റെഡ് ഇങ്ങനെ പറയുന്നു: “ആദ്യമൊക്കെ എനിക്ക് എന്റെ വ്യായാമ സൈക്കിൾ ആഴ്ചയിൽ ഒരു തവണ രണ്ടോ മൂന്നോ മിനിറ്റു നേരത്തേക്കേ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഇപ്പോൾ ഞാൻ ആഴ്ചയിൽ മൂന്നോ നാലോ തവണ 20 മിനിറ്റിലധികം നേരം വ്യായാമം ചെയ്യുന്നുണ്ട്. എന്നാൽ അത്രത്തോളമെത്താൻ എനിക്കു നാലു വർഷം വേണ്ടിവന്നു.”
അക്യൂപങ്ചർ, കൈറോപ്രാക്റ്റിക്, മറ്റു ചികിത്സാരീതികൾ അല്ലെങ്കിൽ ഔഷധികളുടെയോ അധിക പോഷണം പ്രദാനം ചെയ്യുന്ന മറ്റ് സാധനങ്ങളുടെയോ ഉപയോഗം എന്നിങ്ങനെയുള്ള പകര ചികിത്സാമുറകൾ വിവാദവിഷയമായിരിക്കുകയാണ്. മേൽപ്പറഞ്ഞ ചില ചികിത്സാ രീതികളിലൂടെ തങ്ങളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് പലരും അവകാശപ്പെടുമ്പോൾ മറ്റു ചിലർക്ക് അത് ഫലപ്രദമായിരുന്നിട്ടില്ല. ഈ ചികിത്സാരീതികളിൽ പലതിനെക്കുറിച്ചും ഗവേഷകർ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഫലങ്ങൾ സംബന്ധിച്ച് ഇപ്പോഴും ഒന്നും പറയാറായിട്ടില്ല.
ചിലപ്പോൾ, ഔഷധങ്ങൾ വിശക്കുമ്പോഴുണ്ടാകുന്ന തരം അസ്വസ്ഥത ഉളവാക്കുന്നു. അല്ലെങ്കിൽ ഉത്കണ്ഠയെ മറികടക്കാനുള്ള ഉപാധിയെന്നോണം രോഗികൾ ഭക്ഷണം കഴിക്കുന്നു. എന്നാൽ ശരീര ഭാരം വർധിക്കുമ്പോൾ അത് പേശികളിൽ കൂടുതൽ സമ്മർദം ഏൽപ്പിക്കുന്നു. അത് വേദന വർധിപ്പിക്കുന്നു. അതുകൊണ്ട്, ചില കേസുകളിൽ ഏതാനും കിലോഗ്രാം തൂക്കം കുറയ്ക്കാൻ ഡോക്ടർമാർ ശുപാർശചെയ്യുന്നു.
എഫ്എംഎസ് ഉണ്ടെന്നറിയുമ്പോൾ പരിഭ്രാന്തിയും ദേഷ്യവും തോന്നിയേക്കാം. എങ്കിലും ആരെയും മുറിവേൽപ്പിക്കാത്ത വിധത്തിൽ ഈ സാധാരണ വികാരങ്ങളെ കൈകാര്യം ചെയ്യാൻ കഴിയും. ദുഃഖം തോന്നുന്നതും സാധാരണമാണ്. ആരോഗ്യം പോലെ നമുക്ക് വിലപ്പെട്ട ഒന്നു നഷ്ടമാകുമ്പോൾ അതിയായ ദുഃഖം തോന്നുക സ്വാഭാവികമാണ്.
അതു നിങ്ങളുടെ തൊഴിലിനെ ബാധിക്കുമ്പോൾ
എഫ്എംഎസ് ഉള്ളവർ ജോലിസ്ഥലത്ത് പ്രശ്നങ്ങളെ അഭിമുഖീകരിച്ചേക്കാം. ലീയുടെ കാര്യമെടുക്കാം. എഫ്എംഎസ് നിമിത്തം, വർഷങ്ങളായി ചെയ്തുകൊണ്ടിരുന്ന ജോലിചെയ്യാൻ അവർക്കു ബുദ്ധിമുട്ടു നേരിട്ടു. തൊഴിലുടമകളോട് തന്റെ പ്രശ്നത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവർക്ക് അതേ കമ്പനിയിൽത്തന്നെ ഒരു അംശകാല ജോലി തരപ്പെട്ടു കിട്ടി. അത് അവരുടെ സമ്മർദത്തിന് അയവു വരുത്തി. കൂടാതെ, അവരെ അതിശയിപ്പിക്കുമാറ്, മണിക്കൂർ വേതനത്തിൽ വർധനവും ലഭിച്ചു.
ശരീരത്തിന് അധികം സമ്മർദം ഏൽക്കാത്ത വിധത്തിൽ ജോലി ചെയ്യാനുള്ള വഴികൾ കണ്ടെത്തുന്നതിന് പ്രവൃത്തിചികിത്സയോ (occupational therapy) ഫിസിക്കൽ തെറാപ്പിയോ നടത്തുന്ന വിദഗ്ധന് നിങ്ങളെ സഹായിക്കാൻ കഴിയും. കൈയുള്ള കസേര ഉപയോഗിക്കുന്നത് സഹായകമായിരിക്കുന്നതായി ലിസ കണ്ടെത്തി. കസേര മാത്രമല്ല, മേശയും മാറാൻ ഇവോനോട് ഡോക്ടർ നിർദേശിച്ചു. എന്നാൽ തൊഴിൽ മാറ്റം അനിവാര്യമെങ്കിൽ ചില ഏജൻസികൾക്കു നിങ്ങളെ സഹായിക്കാൻ കഴിയും.
നിങ്ങൾക്കു സഹായിക്കാൻ കഴിയുന്ന വിധം
കുട്ടികൾ ഉൾപ്പെടെ എല്ലാ കുടുംബാംഗങ്ങൾക്കും എഫ്എംഎസിനെക്കുറിച്ചു പഠിക്കാൻ കഴിയും. എഫ്എംഎസ് രോഗി, ആരോഗ്യമുള്ള ആളായി കാണപ്പെട്ടാലും അയാൾ വേദനയും ക്ഷീണവും ഉളവാക്കുന്ന സ്ഥായിയായ ഒരു രോഗത്തിന് അടിമയാണെന്ന സംഗതി അവർ മനസ്സിലാക്കേണ്ടതുണ്ട്. നല്ല ആശയവിനിമയവും മർമപ്രധാനമാണ്. ജെന്നി ഇപ്രകാരം പറയുന്നു: “ഓരോരുത്തർക്കും എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് കാണുന്നതിനായി ഞങ്ങൾ ഇടയ്ക്കിടെ കുടുംബം ഒന്നിച്ച് കാര്യങ്ങൾ ചർച്ചചെയ്യാറുണ്ട്.” ജോലികളിൽ ഏർപ്പെടുമ്പോൾത്തന്നെ അധികം ഊർജം ചെലവാക്കാതിരിക്കാൻ പഠിക്കുന്നത് എഫ്എംഎസുമായി പൊരുത്തപ്പെടുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു പ്രധാന സംഗതിയാണ്. ഇതിന് സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാപ്തിയും മറ്റുള്ളവരുടെ സഹകരണവും ആവശ്യമായി വന്നേക്കാം. ഇവിടെയും ഒരു പ്രവൃത്തിചികിത്സകന് സഹായിക്കാൻ കഴിയും.
വിധിക്കുന്നവർ ആയിരിക്കാതെ ഒരു നല്ല ശ്രോതാവ് ആയിരുന്നുകൊണ്ട് നിങ്ങൾക്ക് എഫ്എംഎസ് ഉള്ള ഒരു സുഹൃത്തിനെ സഹായിക്കാൻ കഴിയും. മുഴു സംഭാഷണവും ഫൈബ്രോമയാൾജിയയെ കുറിച്ചായിരിക്കാതെ ചർച്ചകളെ ക്രിയാത്മക കാര്യങ്ങളിൽ കേന്ദ്രീകരിച്ചു നിർത്താൻ ശ്രമിക്കുക. പറയേണ്ടതും പറയരുതാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണ്? നിർദേശങ്ങൾക്ക് 23-ാം പേജിലെ ചതുരം കാണുക. നിങ്ങൾ എഫ്എംഎസ് ഉള്ള ആളാണെങ്കിൽ നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ഒരാളോടുതന്നെ പറഞ്ഞ് അയാളെ മടുപ്പിക്കുന്നതിനു പകരം പലരോട് സംസാരിക്കുക. എഫ്എംഎസിനെക്കുറിച്ചുതന്നെ എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ എല്ലാവർക്കും താത്പര്യം കാണില്ലെന്ന കാര്യം ഓർമിക്കുക.
മാറ്റങ്ങളുമായി പൊരുത്തപ്പെടൽ
ചിലപ്പോൾ നാം മാറ്റങ്ങളോട് മറുതലിക്കാൻ ചായ്വുള്ളവരാണ്, പ്രത്യേകിച്ചും നിർബന്ധിത മാറ്റങ്ങളോട്. എന്നാൽ നൂറോളം എഫ്എംഎസ് രോഗികൾക്കു സഹായം നൽകിയിട്ടുള്ള ഒരു ഫിസിക്കൽ തെറാപ്പിസ്റ്റ് നമ്മോട് ഇങ്ങനെ പറയുന്നു: “തങ്ങളുടെ സാഹചര്യത്തെ അംഗീകരിക്കേണ്ടത് ആവശ്യമാണെന്ന് അവർക്കു മനസ്സിലാക്കിക്കൊടുക്കാൻ ഞാൻ ശ്രമിക്കുന്നു. ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും താത്കാലികമായ തിരിച്ചടികളോ രോഗമൂർച്ഛയോ ഉണ്ടാകുമ്പോൾ നിരുത്സാഹിതരാകാൻ പാടില്ലെന്നും മനസ്സിലാക്കാനും ഞാൻ അവരെ സഹായിക്കുന്നു. എഫ്എംഎസ് അവരെ നിയന്ത്രിക്കാൻ അനുവദിക്കുന്നതിനു പകരം, സ്വയം കാര്യങ്ങൾ ചെയ്യുന്നതിലൂടെയും അറിവ്, ഗ്രാഹ്യം, വ്യായാമം എന്നിവയിലൂടെയും അവർക്ക് എഫ്എംഎസിനെ നിയന്ത്രിക്കാൻ കഴിയും.”
എഫ്എംഎസ് ഉള്ള ഡേവ് പറയുന്നു: “കൂടുതൽ ആരോഗ്യം തോന്നുന്ന ദിവസം കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള പ്രവണത തോന്നിയേക്കാമെങ്കിലും ആഴ്ചയുടെ ബാക്കി ദിവസങ്ങളിൽ കിടപ്പിലാകാതിരിക്കത്തക്കവണ്ണം പിറ്റേ ദിവസത്തേക്കായി കുറെ ഊർജം ബാക്കിവെക്കുന്നത് ഏറെ ബുദ്ധിയായിരിക്കും.” പിന്നീട് കഷ്ടപ്പെടേണ്ടി വന്നാലും വേണ്ടില്ല, ഒരു സാമൂഹിക കൂടിവരവിലോ ഒരു വിശേഷ അവസരത്തിലോ സംബന്ധിച്ചേ മതിയാകൂ എന്നു ചിലപ്പോൾ നിങ്ങൾക്കു തോന്നിയേക്കാം. നിങ്ങൾക്ക് എഫ്എംഎസ് ഉണ്ടെന്ന കാര്യം മറ്റുള്ളവരിൽനിന്ന്, പ്രത്യേകിച്ചും യഥാർഥ കരുതലുള്ളവരിൽനിന്ന്, മറച്ചുവെക്കുന്നത് എല്ലായ്പോഴും ബുദ്ധിയായിരിക്കില്ല. നർമബോധം നിലനിർത്താനും ശ്രമിക്കുക. “സാധാരണഗതിയിൽ, ഉള്ളുതുറന്നൊന്നു ചിരിച്ചതിനുശേഷം അല്ലെങ്കിൽ ഒരു നല്ല ഹാസ്യപരിപാടി കണ്ടതിനുശേഷം കിടക്കുമ്പോൾ കൂടുതൽ നന്നായി ഉറങ്ങാൻ കഴിയുന്നതായി ഞാൻ കണ്ടെത്തുന്നു” എന്ന് ആൻഡ്രേ അഭിപ്രായപ്പെടുന്നു.
യഹോവ നിങ്ങളുടെ പ്രവർത്തനത്തെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തുന്നില്ലെന്നും പകരം നിങ്ങൾ പ്രകടമാക്കുന്ന വിശ്വാസത്തെയും ആഴമായ സ്നേഹത്തെയും വിലമതിക്കുന്നുവെന്നും ഓർക്കുക. (മർക്കൊസ് 12:41-44) നിങ്ങളുടെ പരിമിതികൾക്ക് അനുസൃതമായി ജീവിക്കാൻ പഠിക്കുന്നതാണ് പ്രധാന സംഗതി. നിങ്ങൾക്കുതന്നെ അമിത സംരക്ഷണം നൽകുന്നവരോ ഒട്ടും സംരക്ഷണം നൽകാതിരിക്കുന്നവരോ ആകരുത്. നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നതിനുള്ള ജ്ഞാനത്തിനും ശക്തിക്കുമായി യഹോവയാം ദൈവത്തിലേക്ക് ഉറപ്പോടെ നോക്കുക. (2 കൊരിന്ത്യർ 4:16, NW) ഉടൻതന്നെ ഈ ഭൂമി ഒരു പറുദീസയായിത്തീരുമെന്ന വാഗ്ദാനം ഹൃദയത്തിൽ അടുപ്പിച്ചു നിർത്തുക. അന്ന്, “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” (യെശയ്യാവു 33:24) അതേ, നിങ്ങൾ വീണ്ടും ആരോഗ്യമുള്ളവർ ആയിത്തീരുന്ന ഒരു ദിവസം വന്നെത്തും!
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്.
b ഉണരുക! ഏതെങ്കിലും പ്രത്യേക തരത്തിലുള്ള ഉറക്ക സഹായിയോ എഫ്എംഎസ്-ന് ഏതെങ്കിലും പ്രത്യേക തരത്തിലുള്ള ചികിത്സയോ ശുപാർശചെയ്യുന്നില്ല.
[22-ാം പേജിലെ ചതുരം]
ബൈബിളിൽനിന്നുള്ള സാന്ത്വനം
• മനസ്സു തകർന്നവരെ യഹോവ രക്ഷിക്കുന്നു.—സങ്കീർത്തനം 34:18.
• യഹോവ നിങ്ങളെ താങ്ങും.—സങ്കീർത്തനം 41:3.
• നിങ്ങളുടെ സകല ഭാരവും യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിങ്ങളെ പുലർത്തും.—സങ്കീർത്തനം 55:22; 1 പത്രൊസ് 5:7.
• നിങ്ങളുടെ സേവനം എത്ര പരിമിതമായിരുന്നാലും യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ മുഴുദേഹിയോടെയുള്ള ശ്രമങ്ങളിൽ അവൻ സന്തുഷ്ടനാണ്.—മത്തായി 13:8; ഗലാത്യർ 6:4, NW; കൊലൊസ്സ്യർ 3:23, 24, NW.
• നാം ശ്രമം ഉപേക്ഷിക്കുന്നില്ല.—2 കൊരിന്ത്യർ 4:16-18, NW.
[23-ാം പേജിലെ ചതുരം]
പറയേണ്ട കാര്യങ്ങൾ
• നിങ്ങളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
• ഇവിടെയെത്താൻ നിങ്ങൾ വളരെയധികം ശ്രമം ചെയ്തു കാണുമല്ലോ.
• നിങ്ങൾക്ക് എന്തു സഹായം വേണമെങ്കിലും ഞാൻ ചെയ്തു തരാം. എന്നെ സംബന്ധിച്ചിടത്തോളം അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.
• നിങ്ങൾക്ക് ഇത്രയുമൊക്കെ ചെയ്യാൻ കഴിയുന്നുണ്ടല്ലോ. അതുതന്നെ എത്രയോ നല്ല സംഗതിയാണ്.
പറയരുതാത്ത കാര്യങ്ങൾ
• നിങ്ങൾ അനുഭവിക്കുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നുണ്ട്.
• നിങ്ങളെ കണ്ടിട്ട് നല്ല ആരോഗ്യമുള്ളതുപോലെയുണ്ടല്ലോ. നിങ്ങൾ രോഗിയാണെന്ന് ആരാ പറയുക?
• എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണേ.
[21-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഫൈബ്രോമയാൾജിയ ഉണ്ടോ എന്നു കണ്ടുപിടിക്കാൻ പരിശോധിക്കുന്ന ദുർബല സ്ഥാനങ്ങളിൽ ചിലതാണ് കറുത്ത പൊട്ടുകൾകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നത്
[24-ാം പേജിലെ ചിത്രം]
നല്ല ആശയവിനിമയവും കുടുംബ ചർച്ചകളും അനിവാര്യമാണ്