സ്വത്ത് ഭാഗം വെക്കുന്നതിലെ ആസൂത്രണത്തിന്റെ ജ്ഞാനവും നേട്ടങ്ങളും
പീറ്റേഴ്സൺ ദമ്പതികൾ അങ്ങേയറ്റം നിരാശരായി.a തങ്ങളുടെ സ്വത്തുക്കൾ വിറ്റുകിട്ടുന്ന പണംകൊണ്ട്, ജോലിയിൽനിന്നു വിരമിച്ച ശേഷമുള്ള കാലം കഴിഞ്ഞുകൂടാനും മക്കൾക്കു നല്ലൊരു വീതം നൽകാനും സാധിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. സ്വത്തുക്കൾ വിറ്റെങ്കിലും കനത്ത നികുതി അടയ്ക്കേണ്ടി വന്നപ്പോൾ ആ പ്രതീക്ഷകൾ പൊലിഞ്ഞുപോയി.
സ്മിത്ത് ദമ്പതികൾക്കും സ്വത്തുക്കൾ ഉണ്ടായിരുന്നു, വർഷങ്ങൾകൊണ്ട് അതിന്റെ മൂല്യം വളരെയധികം വർധിച്ചു. ഒരു പ്രത്യേക ക്രമീകരണത്തിലൂടെ അവ വിൽക്കാൻ സാധിച്ചതിനാൽ, ജോലിയിൽനിന്നു വിരമിച്ച ശേഷമുള്ള കാലത്തെ ചെലവുകൾക്ക് ഒരു തുക നീക്കിവെക്കാനും മക്കൾക്കു നല്ലൊരു വിഹിതം കൊടുക്കാനും അവർക്കു കഴിഞ്ഞു. മാത്രമല്ല, തങ്ങൾക്കു പ്രിയപ്പെട്ട ഒരു ധർമസ്ഥാപനത്തിന് കുറെ സംഭാവന നൽകാനും അവർക്കു സാധിച്ചു.
റോസ് ജോൺസ് വളരെ ആകുലചിത്ത ആയിത്തീർന്നു. ഭർത്താവിന്റെ അകാലമരണത്തെ തുടർന്ന് താമസിയാതെ സംസ്ഥാന, കേന്ദ്ര ഗവൺമെന്റുകളിൽ നിന്നു ചില നോട്ടീസുകൾ അവൾക്കു ലഭിച്ചു. പക്ഷേ, അവ എന്തിനുള്ളതെന്ന് അവൾക്കു മനസ്സിലായില്ല. നികുതികൾ കൊടുക്കുന്നതും ലൈഫ് ഇൻഷ്വറൻസ് കൈകാര്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള പണപരമായ കാര്യങ്ങൾ നടത്തിയിരുന്നത് എല്ലായ്പോഴും അവളുടെ ഭർത്താവ് ജോൺ ആയിരുന്നു. “എല്ലാം ഭംഗിയായി ചെയ്തിട്ടു”ണ്ടെന്നും അതിനാൽ വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം അവളോട് എപ്പോഴും പറയുമായിരുന്നു. എന്നാൽ വിൽപ്പത്രം എഴുതിവെക്കാതെ അദ്ദേഹം മരിച്ചപ്പോൾ, വരുമാനത്തിനായി റോസ് ജോൺസ് ആശ്രയിച്ചിരുന്ന ചില സ്വത്തുക്കൾ അവൾക്കു പ്രയോജനം ചെയ്തില്ല. ഭർത്താവിന്റെ സ്വത്തുക്കൾ ഏതൊക്കെയെന്നു കണ്ടെത്താനും തന്റെ പേരിൽ അവ എഴുതി കിട്ടാൻ എന്താണ് ആവശ്യമായിരിക്കുന്നത് എന്നു മനസ്സിലാക്കാനും ഒരു വക്കീലിനെ നിയമിക്കാൻ പലരും അവളോട് ഉപദേശിച്ചു. ആ സ്വത്തുക്കളുടെ കുറെ ഭാഗം അവളുടെ ഭർത്താവിനു മുൻ വിവാഹത്തിൽ ഉണ്ടായ കുട്ടികൾക്ക് നിയമപ്രകാരം കൈമാറപ്പെടുമെന്ന് അവൾ മനസ്സിലാക്കി—അത് അദ്ദേഹത്തിന്റെ ഉദ്ദേശ്യം അല്ലായിരുന്നുവെന്ന് അവൾക്ക് അറിയാമായിരുന്നു. എന്തു ചെയ്യണമെന്ന് തിട്ടമില്ലാത്ത അവസ്ഥയും കാര്യങ്ങൾ എങ്ങനെ നേരേയാക്കിയെടുക്കുമെന്ന ഉത്കണ്ഠയും അവളുടെ വൈധവ്യദുഃഖം വർധിപ്പിച്ചതേയുള്ളൂ.
മേരി ബ്രൗണിന് ഒരു ദുരന്തത്തെ നേരിടേണ്ടിവന്നു, അകാലത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടു. തനിക്കും രണ്ടു കുട്ടികൾക്കും സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുന്നതിനു വേണ്ടത്ര ഇൻഷ്വറൻസ് കരുതലുകൾ തന്റെ ഭർത്താവ് ചെയ്തിട്ടുണ്ടെന്നുള്ള അറിവ് അവൾക്കു തെല്ലൊരു ആശ്വാസം പകർന്നു. ഭർത്താവിന്റെ മരണശേഷം ഉടനെതന്നെ തന്റേതായിത്തീർന്ന സ്വത്തുക്കൾ ഏതെല്ലാമെന്നും അദ്ദേഹത്തിന്റെ വിൽപ്പത്രപ്രകാരം ലഭിക്കാൻ പോകുന്ന സ്വത്തുക്കൾ ഏതെല്ലാമെന്നും അവൾ മനസ്സിലാക്കി. വൈധവ്യത്തിന്റെ വെല്ലുവിളികളുമായി പൊരുത്തപ്പെട്ടു തുടങ്ങിയെങ്കിലും, ഭർത്താവിന്റെ മരണം മൂലം തന്റെയും മക്കളുടെയും മേൽ സാമ്പത്തിക തിരിച്ചടികൾ ഉണ്ടാകാതിരിക്കത്തക്കവണ്ണം അദ്ദേഹം കാര്യങ്ങൾ വേണ്ടവിധം ക്രമീകരിച്ചതിൽ അവൾക്ക് അദ്ദേഹത്തോട് ആഴമായ കൃതജ്ഞത തോന്നി.
സ്മിത്ത് ദമ്പതികളുടെയും മേരി ബ്രൗണിന്റെയും കാര്യത്തിൽ ഈ വ്യത്യാസം ഉളവാക്കിയത് എന്താണ്? സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണം.
സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണം എന്താണ്?
മരിക്കുമ്പോൾ നിങ്ങളുടെ സ്വത്ത് വിഭാഗിക്കപ്പെടേണ്ടത് എങ്ങനെയെന്നു തീരുമാനിക്കുകയും ആ തീരുമാനം ഫലപ്രദമായും ലാഭകരമായും നടപ്പിലാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന പ്രക്രിയയെയാണ് ‘സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വത്തുക്കൾ തരംതിരിക്കുന്നതും ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതും വിൽപ്പത്രങ്ങളും ട്രസ്റ്റ് പ്രമാണങ്ങളും പോലുള്ള രേഖകൾ ഉണ്ടാക്കുന്നതും അത്തരം പടികളിൽ ഉൾപ്പെട്ടേക്കാം. സങ്കീർണമായ സാഹചര്യങ്ങളിൽ അതിലും കൂടുതൽ സംഗതികൾ ഉൾപ്പെട്ടേക്കാം.
അത്തരം ക്രമീകരണങ്ങൾ ചെയ്യുന്നത് ജ്ഞാനമാണെന്നു തീർച്ചയായും മിക്കവരും സമ്മതിക്കുന്നെങ്കിലും, താരതമ്യേന ചുരുക്കം പേർ മാത്രമേ അവ ചെയ്തിട്ടുള്ളൂ. ഐക്യനാടുകളിൽ പ്രായപൂർത്തിയായ 70 ശതമാനം പേർക്കും ഒരു വിൽപ്പത്രം ഇല്ലത്രേ! ആളുകൾ അതിന് സാധാരണ പറയാറുള്ള ഒഴിവുകഴിവുകളിൽ ചിലതു പിൻവരുന്നവയാണ്: “എനിക്കു വലിയ തിരക്കാണ്, ഞാൻ അതു പിന്നീട് ചെയ്തുകൊള്ളാം.” “കൈമാറാൻ എനിക്ക് അധികം സമ്പത്തൊന്നും ഇല്ല.” “എനിക്ക് ഒരു വക്കീൽ ഇല്ല.” “മരണത്തെക്കുറിച്ചു ചിന്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.” “എവിടെ തുടങ്ങണമെന്ന് എനിക്ക് അറിയില്ല.”
സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണത്തെ കുറിച്ചുള്ള ചിന്തതന്നെ ആകുലപ്പെടുത്തുന്നത് ആയിരിക്കാം എന്നതു ശരിതന്നെ. എന്നാൽ, അത് അങ്ങനെ ആയിരിക്കേണ്ടതില്ല. കാര്യങ്ങൾ സംഘടിതമാക്കുകയും നിങ്ങൾ അഭിമുഖീകരിക്കുന്ന തീരുമാനങ്ങൾ ഏതൊക്കെയെന്നു മനസ്സിലാക്കുകയും ചെയ്തുകൊണ്ട് തുടക്കമിടാവുന്നതാണ്. മറ്റനേകം സംഗതികളുടെ കാര്യത്തിൽ എന്നപോലെ, പല ഭാഗങ്ങളായി തിരിച്ച് ഭാഗം ഭാഗമായി അതു കൈകാര്യം ചെയ്യുന്നെങ്കിൽ സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണം ദുഷ്കരമായിരിക്കില്ല.
സ്വീകരിക്കേണ്ട പടികൾ
നിങ്ങളുടെ സ്വത്തിന്റെ ഇനവിവരപ്പട്ടിക തയ്യാറാക്കുക എന്നതാണ് ആദ്യ പടി. നിങ്ങൾക്കു സ്വന്തമായിട്ടുള്ള സ്വത്തുക്കൾ മാത്രമല്ല, ഓരോ സ്വത്തിന്റെയും മൂല്യവും അതു നിങ്ങൾക്ക് എപ്രകാരം സ്വന്തമായിരിക്കുന്നു അഥവാ അതിന്റെ നിയമപരമായ ഉടമസ്ഥത എങ്ങനെ ഉള്ളതാണ് എന്നതും പട്ടികപ്പെടുത്തേണ്ടതുണ്ട്. (“അറ്റമൂല്യ നിർണയ പത്രം” എന്ന ചതുരം കാണുക.) ആസ്തികൾ കാണിക്കുന്ന പത്രങ്ങൾ (സ്റ്റോക്കുകൾ, ബോണ്ടുകൾ, ഉഭയ ഫണ്ടുകൾ), സ്ഥാവര സ്വത്തുക്കൾ (വീട്, വാടകയ്ക്കു കൊടുക്കുന്ന സ്വത്തുക്കൾ, നിക്ഷേപമായി വെച്ചിരിക്കുന്ന സ്വത്തുക്കൾ), ബാങ്ക് നിക്ഷേപങ്ങൾ (സേവിങ്സ് അക്കൗണ്ടുകൾ, ചെക്കിങ് അക്കൗണ്ടുകൾ, സ്റ്റോക്ക് മാർക്കറ്റ് ഫണ്ടുകൾ), സ്വകാര്യ സ്വത്തുക്കൾ (ശേഖരിച്ച വിലപിടിപ്പുള്ള വസ്തുക്കൾ, കലാമൂല്യമുള്ള വസ്തുക്കൾ, ആഭരണങ്ങൾ, കാറുകൾ, ഫർണിച്ചർ), ലൈഫ് ഇൻഷ്വറൻസ്, തൊഴിൽവിരാമകാല ആനുകൂല്യങ്ങൾ, ബിസിനസ് സംരംഭങ്ങൾ തുടങ്ങിയ ഇനങ്ങളായി മിക്ക സ്വത്തുക്കളും പട്ടികപ്പെടുത്താവുന്നതാണ്. നിങ്ങളുടെ സ്വത്തുക്കൾ പട്ടികപ്പെടുത്തിയ ശേഷം, മറ്റുള്ളവർക്കു കടപ്പെട്ടിരിക്കുന്ന സംഗതികളുടെ പട്ടിക ഉണ്ടാക്കുക. വീട്ടുവായ്പ്പകൾ, ലോണുകൾ, കടപ്പത്രങ്ങൾ, ക്രെഡിറ്റ് കാർഡ് ബാധ്യതകൾ തുടങ്ങിയവ ഇതിൽ പെടും. നിങ്ങൾക്കു മൊത്തമുള്ള സ്വത്തുക്കളുടെ മൂല്യത്തിൽനിന്ന് ഈ കടങ്ങൾ കുറച്ചാൽ അറ്റമൂല്യം (net worth) കിട്ടും. ഒരാൾ മരിക്കുമ്പോൾ മറ്റുള്ളവർക്കു കൈമാറുന്ന വസ്തുക്കൾക്കു പല രാജ്യങ്ങളിലും നികുതി ചുമത്താറുണ്ട്. നികുതിയായി കൊടുക്കേണ്ടിവരുന്ന തുക കൈമാറപ്പെടുന്ന സ്വത്തുക്കളുടെ അറ്റമൂല്യത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ, നിങ്ങളുടെ സ്വത്തുക്കളുടെ അറ്റമൂല്യം നിർണയിക്കുന്നതു പ്രധാനമാണ്.
ആത്യന്തിക ലക്ഷ്യങ്ങളെ വിലയിരുത്തുന്നതാണ് രണ്ടാമത്തെ പടി—തുകയുടെ കാര്യത്തിൽ അല്ല, പിന്നെയോ നിങ്ങൾക്കും ഗുണഭോക്താക്കൾക്കും എന്തു പ്രയോജനം കിട്ടാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്റെ കാര്യത്തിൽ. സാധാരണ ഗതിയിൽ, ഒരു വിവാഹിത വ്യക്തി തന്റെ ഇണയ്ക്കു സുരക്ഷിതത്വം നൽകാൻ ആഗ്രഹിക്കും. മക്കൾക്ക് ഒരു പരിധിവരെ സാമ്പത്തിക സുരക്ഷിതത്വം നൽകാൻ ഒരു മാതാവോ പിതാവോ ആഗ്രഹിച്ചേക്കാം. ഒരു മുതിർന്ന മകനോ മകളോ തന്റെ പ്രായംചെന്ന മാതാപിതാക്കൾക്കു പരിപാലനത്തിനുള്ള ക്രമീകരണം ചെയ്യാൻ ആഗ്രഹിച്ചേക്കാം. ഇനിയും, നിങ്ങളുടെ സ്വത്തു ഭാഗം വെക്കുമ്പോൾ ചില സുഹൃത്തുക്കളെയോ ധർമസ്ഥാപനങ്ങളെയോ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ സ്വത്തു ഭാഗം വെക്കുമ്പോൾ ആരെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു എന്നതും ഓരോരുത്തരോടുമുള്ള ബന്ധത്തിൽ നിങ്ങൾക്കുള്ള ഉദ്ദേശ്യം എന്ത് എന്നതും എഴുതിവെക്കുന്നതു പ്രധാനമാണ്.
സ്വത്തു ഭാഗം വെക്കുന്നതിലെ നിങ്ങളുടെ ക്രമീകരണത്തെ ബാധിക്കാൻ കഴിയുന്ന നാനാ ഘടകങ്ങൾ പരിചിന്തിക്കാൻ മറക്കരുത്. ഉദാഹരണത്തിന്, നിങ്ങൾ നിർദേശിക്കുന്ന ഗുണഭോക്താവ് നിങ്ങൾക്കു മുമ്പു മരിച്ചുപോകുന്നെങ്കിലോ? അപ്പോൾ, ആ ഗുണഭോക്താവിന്റെ ഇണയ്ക്കോ കുട്ടികൾക്കോ മറ്റാർക്കെങ്കിലുമോ നിങ്ങളുടെ സ്വത്തിന്റെ ഓഹരി ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
നിങ്ങളുടെ ആഗ്രഹങ്ങൾ നടപ്പാക്കാൻ ഉത്തരവാദിത്വമുള്ളവരെ തിരഞ്ഞെടുക്കുക എന്നതാണ് മൂന്നാമത്തെ പടി. മിക്ക കേസുകളിലും, വിൽപ്പത്ര പ്രകാരം കാര്യങ്ങൾ നടത്തുന്ന ഒരാളെയും ഒരു രക്ഷാകർത്താവിനെയും ഒരു ചുമതലക്കാരനെയും നിങ്ങൾക്ക് ആവശ്യമുണ്ട്. നിങ്ങൾ ആരെ തിരഞ്ഞെടുത്താലും, അയാൾക്കു പകരമായി ചുരുങ്ങിയത് ഒരാളെങ്കിലും ഉണ്ടായിരിക്കണം. നിങ്ങൾ തിരഞ്ഞെടുക്കുന്ന എല്ലാ വ്യക്തികളും പ്രസ്തുത ജോലി ചെയ്യാൻ ഒരുക്കമുള്ളവരാണെന്ന് ഉറപ്പു വരുത്തുക. മരണശേഷം, നിങ്ങളുടെ സ്വത്തുക്കൾ ഏവയെന്നു നിർണയിച്ച് അവയുടെ നിയമ നടപടികൾ പൂർത്തിയാക്കി നിങ്ങളുടെ ഇഷ്ടപ്രകാരം അവ വീതിച്ചുനൽകുക എന്നതാണ് വിൽപ്പത്ര പ്രകാരം കാര്യങ്ങൾ നടത്തുന്ന ആളുടെ ചുമതല. പ്രസ്തുത ഉത്തരവാദിത്വം നിർവഹിക്കാൻ ഏറ്റവും പറ്റിയ സ്ഥാനത്തായിരിക്കുന്നത് നിങ്ങളുടെ ഒരു കുടുംബാംഗമാണ്. എന്നാൽ, നിങ്ങളുടെ സ്ഥിതിവിശേഷം വളരെ സങ്കീർണമാണെങ്കിൽ ബാങ്ക് ട്രസ്റ്റ് ഡിപ്പാർട്ട്മെന്റ് പോലുള്ള ഒരു സ്ഥാപനത്തെ ഉപയോഗിക്കുന്നതാണ് അഭികാമ്യം. കുട്ടികൾ ചെറുപ്പം ആയിരിക്കേ നിങ്ങളും ഇണയും മരിക്കുന്നപക്ഷം അവരെ വളർത്താൻ ഒരു രക്ഷാകർത്താവിന്റെ പേര് നിങ്ങളുടെ വിൽപ്പത്രത്തിൽ വെക്കേണ്ടതുണ്ട്. നിങ്ങളുടെ ആസൂത്രണത്തിൽ കുട്ടികൾക്കായുള്ള ട്രസ്റ്റുകൾ ഉണ്ടെങ്കിൽ, ചുമതലക്കാരൻ എന്ന നിലയിലും രക്ഷാകർത്താവിന്റെ പേരു വെക്കാവുന്നതാണ്. എന്നാൽ, ഫണ്ടുകൾ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ആ രക്ഷാകർത്താവിന് ഉണ്ടായിരിക്കണമെന്നു മാത്രം. അയാൾക്കു സാമ്പത്തിക കാര്യങ്ങളിൽ വൈദഗ്ധ്യം കുറവാണെങ്കിൽ ബാങ്ക് ട്രസ്റ്റ് ഡിപ്പാർട്ട്മെന്റ് പോലുള്ള ഒരു സ്ഥാപനത്തിന്റെ പേര്, ട്രസ്റ്റിന്റെ സമ്പൂർണ ചുമതല ഏറ്റെടുക്കുന്നതിനോ രക്ഷാകർത്താവിനോടൊപ്പം സഹചുമതല ഏറ്റെടുക്കുന്നതിനോ വേണ്ടി നിർദേശിക്കാവുന്നതാണ്.
ലക്ഷ്യങ്ങൾ നിവർത്തിക്കാൻ നിങ്ങളെ സഹായിക്കുന്ന ലഭ്യമായ ഉപകരണങ്ങൾ ഏതൊക്കെയെന്നു മനസ്സിലാക്കുകയാണ് നാലാമത്തെ പടി. നിങ്ങൾ സ്വത്ത് ഗുണഭോക്താവിനു നിരുപാധിക സംഭാവനയായി നൽകാനാണോ, അതോ ആ വ്യക്തിയുടെ പ്രയോജനാർഥം ഒരു ചുമതലക്കാരനെ ഏൽപ്പിക്കാനാണോ ആഗ്രഹിക്കുന്നത്? ഇവ തമ്മിൽ വലിയ അന്തരം ഉണ്ട്. സ്വത്തുക്കൾ നിരുപാധികമായി നൽകുമ്പോൾ, നിങ്ങളുടെ മരണത്തോടെ അതിന്മേൽ നിങ്ങൾക്കുള്ള നിയന്ത്രണം ഇല്ലാതാകുന്നു. എന്നാൽ, പ്രസ്തുത വ്യക്തിയുടെ പ്രയോജനത്തിനായി ഒരു ചുമതലക്കാരനെ ഏൽപ്പിക്കുന്ന സ്വത്തുക്കളുടെ മേൽ നിങ്ങൾക്കു മരണശേഷവും കുറെയൊക്കെ നിയന്ത്രണം ഉണ്ടായിരിക്കും. ആ ചുമതലക്കാരൻ ട്രസ്റ്റിൽ നിങ്ങൾ നൽകിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം സ്വത്തുക്കളുടെമേൽ നിയന്ത്രണം പുലർത്തിക്കൊണ്ട് ഗുണഭോക്താക്കളുടെ പ്രയോജനത്തിനായി അവ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, പ്രായം കുറഞ്ഞ കുട്ടികളുടെ കാര്യത്തിൽ, വ്യക്തിഗത ആവശ്യങ്ങൾക്ക് അനുസരിച്ച് അവരുടെ പരിപാലനത്തിനുള്ള ക്രമീകരണം ചെയ്യാനും തുടർന്ന് ട്രസ്റ്റിൽ വിവരിച്ചിരിക്കുന്ന സ്വത്തുക്കളുടെ മേൽ ഏതു പ്രായത്തിൽ അവർക്ക് അവകാശം ലഭിക്കുന്നു എന്ന് നിർണയിക്കാനും ഒരു ചുമതലക്കാരനു കഴിയും.
ആർക്കു സഹായിക്കാൻ കഴിയും?
മിക്ക കേസുകളിലും, നിങ്ങളുടെ ലക്ഷ്യങ്ങൾ സാധിക്കുന്നതിൽ പ്രയോജനകരമായ ഏതൊക്കെ സംഗതികൾ ലഭ്യമാണെന്നു മനസ്സിലാക്കാൻ സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണത്തിൽ പരിചയമുള്ള ഒരാളുടെ അഭിപ്രായം തേടേണ്ടതുണ്ട്. നിങ്ങളുടെ തനതായ ലക്ഷ്യങ്ങൾക്കും സാഹചര്യങ്ങൾക്കും ഇണങ്ങുന്ന വിധത്തിൽ വേണം സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണം ക്രമീകരിക്കാൻ. സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണത്തിൽ ഒരു അക്കൗണ്ടന്റ്, സാമ്പത്തിക ആസൂത്രകൻ, ഇൻഷ്വറൻസ് ഏജന്റ് എന്നിങ്ങനെയുള്ള പല ഉപദേശകരുടെയും സഹായം തേടുന്നത് ആവശ്യമായിരുന്നേക്കാം. നിങ്ങളുടെ സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണത്തിൽ ഒരു ധർമസ്ഥാപനത്തെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നെങ്കിൽ, ആ ധർമസ്ഥാപനത്തിന്റെ ‘ആസൂത്രിത കൊടുക്കൽ വിഭാഗം’ നിങ്ങൾക്കു സൗജന്യമായി വിവരങ്ങൾ പ്രദാനം ചെയ്തേക്കാം. സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണത്തിൽ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയെ ഉൾപ്പെടുത്താൻ താത്പര്യമുള്ളവർക്ക് സൊസൈറ്റിയുടെ ‘ആസൂത്രിത കൊടുക്കൽ വിഭാഗം’ സഹായം നൽകുന്നുണ്ട്. നികുതികൾ കുറയ്ക്കാനും തങ്ങളുടെ പ്രിയപ്പെട്ടവർക്കും സൊസൈറ്റിക്കും നേട്ടങ്ങൾ കൂട്ടാനും കഴിയുന്ന വിധത്തിൽ എങ്ങനെ തങ്ങളുടെ കാര്യാദികൾ ഏറ്റവും മെച്ചമായി ക്രമീകരിക്കാം എന്നതു സംബന്ധിച്ചുള്ള വ്യക്തമായ നിർദേശങ്ങൾ ഇപ്രകാരം ലഭിച്ചതിൽനിന്നു പലർക്കും പ്രയോജനം ഉണ്ടായിട്ടുണ്ട്.b
ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പലരും ഉൾപ്പെട്ടിരുന്നേക്കാമെങ്കിലും, സ്വത്തു ഭാഗം വെക്കൽ ആസൂത്രണം സംബന്ധിച്ച അവസാന രേഖയും ആവശ്യമായ മറ്റു രേഖകളും തയ്യാറാക്കേണ്ടത് പ്രസ്തുത രംഗത്തു വിദഗ്ധനായ ഒരു മുക്തിയാർ ആയിരിക്കണം. അദ്ദേഹത്തിന്റെ പശ്ചാത്തലവും സ്വത്തു ഭാഗം വെക്കൽ ആസൂത്രണത്തിലെ അനുഭവ പരിചയവും സംബന്ധിച്ച് ഒരു ഉപദേശകനോടു തുറന്നു ചോദിക്കാൻ മടിക്കരുത്. ഒരു ബിസിനസ് സംരംഭം കുടുംബത്തിനു കൈമാറൽ, അല്ലെങ്കിൽ രോഗിയായ ഒരു ബന്ധുവിന്റെ പരിപാലനം എന്നിങ്ങനെ നിങ്ങൾക്കു പ്രത്യേകാൽ ഉത്കണ്ഠയുള്ള വിഷയങ്ങളിൽ, അതുപോലുള്ള സംഗതികൾ മുമ്പ് കൈകാര്യം ചെയ്ത് അദ്ദേഹത്തിനു പരിചയം ഉണ്ടോ എന്നു നിങ്ങൾ ഉപദേശം തേടുന്ന വ്യക്തിയോടു ചോദിക്കുക. ഏതു കേസായാലും, ചെയ്യപ്പെടുന്ന സേവനത്തിന്റെ ചാർജ് എന്താണെന്ന് ചോദിച്ചറിഞ്ഞ് അത് എഴുതി വാങ്ങണം.
അൽപ്പം അറിവ് ആപത്തായിരിക്കുന്ന ഒരു മണ്ഡലമാണ് സ്വത്തു ഭാഗം വെക്കൽ ആസൂത്രണം. ദൃഷ്ടാന്തത്തിന്, നമുക്ക് ഒരു ദമ്പതികളുടെ കാര്യമെടുക്കാം. അവരെ പോൾ എന്നും മേരി എന്നും നമുക്കു വിളിക്കാം. തങ്ങളുടെ മൂന്നു പെൺമക്കൾക്കും തുല്യമായി സ്വത്തെല്ലാം ഭാഗം വെക്കാൻ അവർ ആഗ്രഹിച്ചിരുന്നു. അവരുടെ പുത്രിയായ സാറ തൊട്ടടുത്തുതന്നെ താമസിച്ചിരുന്നതിനാൽ, സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തിൽ തങ്ങളുടെ പേരിനോടൊപ്പം അവളുടെ പേരും വെക്കാൻ അവർ തീരുമാനിച്ചു. ‘ഞങ്ങൾക്കു വയ്യാതാകുമ്പോൾ സ്വത്തുക്കളുടെ കാര്യം നോക്കാൻ സാറയ്ക്കു കഴിയും. തന്നെയുമല്ല, ഉടമസ്ഥാവകാശത്തിൽ സാറയുടെ പേര് ഉള്ളതിനാൽ ഞങ്ങൾ മരിക്കുമ്പോൾ സ്വത്തിന്റെ ഏക അധികാരി അവളായിരിക്കും. ഒരു വിൽപ്പത്രവും അതിന്റെ സാധുത തെളിയിക്കുന്ന രേഖയും ആവശ്യമായി വരുന്നില്ലതാനും. ഞങ്ങളുടെ മരണശേഷം അവളുടെ പേരിലുള്ള ഈ സ്വത്ത് തന്റെ രണ്ടു സഹോദരിമാർക്കുമായി വീതം വെക്കാനും അവൾക്കു സാധിക്കുമല്ലോ’ എന്നാണ് ആ മാതാപിതാക്കൾ വിചാരിച്ചത്.
എന്നാൽ, പോളും മേരിയും ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ നടന്നില്ല. അവരുടെ മരണശേഷം സാറ അവരുടെ സ്വത്തുക്കൾ തന്റെ സഹോദരിമാരുമായി ഭാഗം വെച്ചു. എന്നാൽ കൈമാറ്റം നടത്തിയപ്പോൾ വലിയൊരു തുക നികുതിയായി അടയ്ക്കേണ്ടിവന്നതിനാൽ സാറയ്ക്ക് ചെറിയൊരു ഭാഗമേ കിട്ടിയുള്ളൂ. മാത്രമല്ല, ഒരു കൂട്ട് ഉടമസ്ഥ ആയിരുന്നെങ്കിലും, പോളും മേരിയും സാറയ്ക്ക് ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ച പ്രാപ്തികൾ അവൾക്ക് ഇല്ലാതെപോയി. ആ മാതാപിതാക്കളുടെ ലക്ഷ്യങ്ങൾ നല്ലതായിരുന്നു. തങ്ങൾക്കു വയ്യാതായാൽ ആ ലക്ഷ്യങ്ങൾ നടപ്പാകുമെന്ന് ഉറപ്പു വരുത്താൻ അവർ ആഗ്രഹിച്ചിരുന്നു. അധികം ചെലവും ബുദ്ധിമുട്ടും കൂടാതെ തങ്ങളുടെ സ്വത്തുക്കൾ മക്കൾക്കു കൈമാറാനും അവർ അഭിലഷിച്ചിരുന്നു. എന്നാൽ ലക്ഷ്യം നടപ്പിലാക്കാൻ അവർ തിരഞ്ഞെടുത്ത മാർഗം തെറ്റിപ്പോയി.
ഒരിക്കൽ ചെയ്തുതീർത്താൽ പിന്നെ മറന്നുകളയാവുന്ന ഒന്നല്ല സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണം. ഇടയ്ക്കിടെ പുനഃപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. കാരണം നികുതി നിയമങ്ങൾക്കും കൈവശാവകാശ നിയമങ്ങൾക്കും ജീവിത സാഹചര്യങ്ങൾക്കും മാറ്റം വരുന്നു. ഒരു ബന്ധുവിന്റെ മരണം, പേരക്കുട്ടികളുടെ ജനനം, സ്വത്തിന്റെ ലഭ്യത, സ്വത്തിന്റെ വർധന തുടങ്ങിയവയെല്ലാം നിങ്ങളുടെ സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണം പുനഃപരിശോധിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്ന ഘടകങ്ങളാണ്.
അതേ, സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണം ഒരു വെല്ലുവിളി തന്നെയാണ്. അതിനു സമയവും ഊർജവും അർപ്പണ മനോഭാവവും ആവശ്യമാണ്. മിക്കപ്പോഴും ദുഷ്കരമായ ചില തീരുമാനങ്ങൾ എടുക്കുന്നതും അതിൽ ഉൾപ്പെടുന്നു. അതിൽ ആഴമായ വികാരങ്ങൾ പോലും ഉൾപ്പെട്ടിരിക്കുന്നു. നിങ്ങൾ കരുതൽ പ്രകടമാക്കുന്ന ആളുകളും അവരുടെ ഭാവി സംബന്ധിച്ച നിങ്ങളുടെ അഭിലാഷങ്ങളും നിങ്ങൾ വിലയേറിയതായി കരുതുന്ന മൂല്യങ്ങളും അതിൽ ഉൾപ്പെട്ടിരിക്കുന്നു. നിങ്ങളുടെ സ്വത്തുക്കൾകൊണ്ട് എന്തു ചെയ്യാൻ ആഗ്രഹിക്കുന്നു എന്നു തീരുമാനിക്കാനും ആ ലക്ഷ്യങ്ങൾ നിവർത്തിക്കാൻ ഉത്തമമായ മാർഗം ഏതെന്നു നിർണയിക്കാനും മാനസികമായ നല്ല വിലയിരുത്തൽ ആവശ്യമാണ്. എന്നിരുന്നാലും, ഒരുവൻ സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണത്തിനു ശരിയായ ശ്രദ്ധ നൽകാതിരുന്നാൽ, ഗുരുതരമായ പ്രശ്നങ്ങൾ ഉയർന്നുവന്നേക്കാം. ഈ ലേഖനത്തിന്റെ തുടക്കത്തിലെ അനുഭവങ്ങൾ അതാണു ദൃഷ്ടാന്തീകരിക്കുന്നത്. അതേ, അപ്പോൾ ഒടുക്കേണ്ടി വരുന്ന വിലയെക്കാൾ വലുതായിരിക്കും പ്രതിഫലങ്ങൾ. ഏറ്റവും വലിയ പ്രയോജനം, നിങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാനുള്ള കാലാനുസൃത ആസൂത്രണം നിങ്ങൾ ചെയ്തിരിക്കുന്നു എന്ന് അറിയുന്നതിൽനിന്നു ലഭിക്കുന്ന മനസ്സമാധാനമാണ്.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന അനുഭവങ്ങൾ സാങ്കൽപ്പികം ആണെങ്കിലും, യഥാർഥത്തിലുള്ള പല ജീവിത അനുഭവങ്ങളെയും അധികരിച്ചുള്ളതാണ്. കൂടാതെ, ഇതിലെ വിവരങ്ങൾ പ്രാഥമികമായും ഐക്യനാടുകളിലെ നിയമങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണെങ്കിലും ചർച്ച ചെയ്തിരിക്കുന്ന തത്ത്വങ്ങൾ മറ്റു പല രാജ്യങ്ങളിലും ബാധകമാണ്.
b കൂടുതൽ വിവരങ്ങൾക്ക്, ദയവായി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന ലോകവ്യാപക രാജ്യസേവനത്തിന് ഗുണകരമായ ആസൂത്രിത കൊടുക്കൽ (ഇംഗ്ലീഷ്) എന്ന ലഘുപത്രിക കാണുക.
[26-ാം പേജിലെ ചതുരം]
സ്വീകരിക്കേണ്ട പടികൾ
• നിങ്ങളുടെ സ്വത്തിന്റെ ഇനവിവരപ്പട്ടിക തയ്യാറാക്കുക. സ്വന്തമായുള്ളതും കടപ്പെട്ടിരിക്കുന്നതുമായ കാര്യങ്ങൾ അതിൽ പട്ടികപ്പെടുത്തേണ്ടതുണ്ട്
• നിങ്ങളുടെ വ്യക്തിപരവും കുടുംബപരവുമായ ലക്ഷ്യങ്ങളും ലാക്കുകളും ആവശ്യങ്ങളും നിർണയിക്കുക
• വിൽപ്പത്രപ്രകാരം കാര്യങ്ങൾ നടത്തുന്നയാൾ, ചുമതലക്കാരൻ, കുട്ടികളുടെ രക്ഷാകർത്താവ് എന്നിങ്ങനെ നിങ്ങളുടെ അഭിലാഷങ്ങൾ നടപ്പിലാക്കുന്ന വ്യക്തികളെ തിരഞ്ഞെടുക്കുക. ആ ഉത്തരവാദിത്വം ഏൽക്കാൻ അവർക്കു സമ്മതമാണ് എന്ന് ഉറപ്പു വരുത്തുക.
• സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണത്തിൽ വിദഗ്ധനായ ഒരാളുടെ ഉപദേശം തേടിക്കൊണ്ട് സഹായകമായ വിവരങ്ങൾ ഏതൊക്കെയെന്നു കണ്ടെത്തുക
[25-ാം പേജിലെ ചാർട്ട്]
അറ്റമൂല്യ നിർണയ പത്രം
സ്വത്തുക്കൾ നിങ്ങളുടെ പേരിലുള്ളവ ഇണയുടെ പേരിലുള്ളവ പലരുടെ പേരിലുള്ളവ
പാർപ്പിടം (നിലവിലുള്ള കമ്പോളവിലയിൽ) രൂ. രൂ. രൂ.
മറ്റു സ്ഥാവര സ്വത്തുക്കൾ രൂ. രൂ. രൂ.
ബാങ്ക് നിക്ഷേപങ്ങൾ (ചെക്കിങ് അക്കൗണ്ടുകൾ, സേവിങ്സ് അക്കൗണ്ടുകൾ) രൂ. രൂ. രൂ.
മറ്റു പണ നിക്ഷേപങ്ങൾ രൂ. രൂ. രൂ.
സ്റ്റോക്കുകൾ, ബോണ്ടുകൾ, ഉഭയ ഫണ്ടുകൾ രൂ. രൂ. രൂ.
ലൈഫ് ഇൻഷ്വറൻസ് (മുഖവില) രൂ. രൂ. രൂ.
കൂട്ടു ബിസിനസ് സംരംഭങ്ങൾ രൂ. രൂ. രൂ.
തൊഴിൽവിരാമകാല ആസൂത്രണ നിക്ഷേപങ്ങൾ രൂ. രൂ. രൂ.
വ്യക്തിഗത സ്വത്തുക്കൾ രൂ. രൂ. രൂ.
മറ്റു സമ്പാദ്യങ്ങൾ (പ്രത്യേകം സൂചിപ്പിക്കുക) രൂ. രൂ. രൂ.
മൊത്തം സ്വത്തുക്കൾ രൂ. രൂ. രൂ.
ബാധ്യതകൾ
വീട്ടുവായ്പകൾ രൂ. രൂ. രൂ.
മറ്റു ലോണുകൾ അല്ലെങ്കിൽ കടങ്ങൾ (വ്യക്തിഗത ലോണുകൾ, ക്രെഡിറ്റ് കാർഡ് ബാധ്യതകൾ തുടങ്ങിയവ) രൂ. രൂ. രൂ.
മൊത്തം ബാധ്യതകൾ രൂ. രൂ. രൂ.
അറ്റമൂല്യം (സ്വത്തിന്റെ മൂല്യത്തിൽനിന്ന് ബാധ്യത കുറച്ചുകിട്ടുന്നത്) രൂ. രൂ. രൂ.
[25-ാം പേജിലെ ചിത്രം]
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഭാവിക്കു വേണ്ടി ആസൂത്രണം ചെയ്യുന്നത് സ്വത്തു ഭാഗം വെക്കുന്നതിലെ ആസൂത്രണത്തിൽ ഉൾപ്പെട്ടിരിക്കുന്നു