ദൈവത്തെ സേവിക്കുന്ന യുവജനങ്ങൾ
ദൈവത്തെക്കുറിച്ചു സംസാരിക്കാൻ നിങ്ങളുടെ വീട്ടുവാതിൽക്കൽ വരുന്നതിന് കൂലി സ്വീകരിക്കാതെ ഉത്തമരായ യുവജനങ്ങൾ തങ്ങളുടെ സമയം ചെലവഴിക്കുന്നത് അസാധാരണമായി നിങ്ങൾ കണ്ടെത്തുന്നുവോ? അവിശ്വാസം വർദ്ധിച്ചുവരുന്ന ഒരു യുഗത്തിൽ, ഒരു സന്തുഷ്ടഭാവി സംബന്ധിച്ച അത്ഭുതകരമായ ബൈബിൾവാഗ്ദത്തങ്ങളെക്കുറിച്ച് മററുള്ളവരോടു സംസാരിക്കുന്നതിൽ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളോടു ചേരുന്നത് ആശ്ചര്യമായി തോന്നുന്നുവോ?a
യഹോവയുടെ സാക്ഷികളുടെ ഭൂമിയിലെമ്പാടുമുള്ള 60,000ത്തിലധികം വരുന്ന സഭകളിൽ മിക്കതിലും നിങ്ങൾ അനേകം യുവജനങ്ങളെ കണ്ടെത്തും. അവർ വാരംതോറുമുള്ള ഒരു സണ്ടേസ്കൂളിലേക്കോ മതപഠനക്ലാസ്സിലേക്കോ പോകുന്നില്ല. പകരം, ഈ യുവജനങ്ങൾ സഭായോഗങ്ങളിൽനിന്ന് പ്രയോജനം അനുഭവിക്കുന്നു, അതിൽ പങ്കെടുക്കുകപോലും ചെയ്യുന്നു. കൊച്ചുകുട്ടികൾ ലളിതമായ അഭിപ്രായങ്ങൾ പറഞ്ഞേക്കാം. കൗമാരപ്രായം എത്താത്തവർ ദിവ്യാധിപത്യശുശ്രൂഷാസ്കൂളിൽ പങ്കെടുക്കുന്നു. അനേകം കൗമാരപ്രായക്കാർ ദൈവത്തെക്കുറിച്ചും ഭാവിയെസംബന്ധിച്ച അവന്റെ അത്ഭുതകരമായ വാഗ്ദത്തങ്ങളെക്കുറിച്ചും പഠിക്കാൻ അയൽക്കാരെ സഹായിച്ചുകൊണ്ട് സ്കൂൾഅവധിക്കാലം ചെലവഴിക്കുന്നു.
യൗവനകാലത്തെ അത്തരം പ്രവർത്തനം സംബന്ധിച്ച് യഥാർത്ഥത്തിൽ പുതുമയായി യാതൊന്നുമില്ല. വിശ്വസ്തരും ചെറുപ്പക്കാരുമായ സ്ത്രീപുരുഷൻമാരെ സംബന്ധിച്ചും ദൈവത്തെ സേവിക്കുന്നതിൽ മികച്ച ദൃഷ്ടാന്തംവെച്ച യുവാക്കളെയും കൊച്ചുകുട്ടികളെയും സംബന്ധിച്ചും ബൈബിൾ പറയുന്നു.
ദൈവികസേവനത്തിൽ “മഞ്ഞുതുള്ളികൾ”പോലെ ഉൻമേഷദായകരും അസംഖ്യവുമായ “യുവാക്കളുടെ സംഘ”ത്തെക്കുറിച്ച് സങ്കീർത്തനങ്ങൾ എന്ന ബൈബിൾപുസ്തകം മുൻകൂട്ടിപ്പറഞ്ഞു. ദൈവനാമത്തെ സ്തുതിക്കുന്ന യുവാക്കളെയും “കന്യകമാരെയും” സംബന്ധിച്ചും അതു പറഞ്ഞു. (സങ്കീർത്തനം 110:3; 148:12, 13) ക്രി.വ. 33ലെ പെന്തെക്കോസ്തിൽ വിശ്വാസികളുടെമേൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് പകരപ്പെട്ടപ്പോൾ സന്നിഹിതരായിരുന്നവരുടെ കൂട്ടത്തിൽ കുറെ യുവജനങ്ങളും ഉണ്ടായിരുന്നിരിക്കാനിടയുണ്ട്. ആ ദിവസം ഏകദേശം 3,000 പേർ വചനം കൈക്കൊണ്ട് സ്നാപനം സ്വീകരിച്ചു. ഞെട്ടിക്കുന്ന ഈ സംഭവം യോവേൽ പ്രവചനത്തിന്റെ ഒരു നിവൃത്തിയായിരുന്നുവെന്ന് അപ്പോസ്തലനായ പത്രോസ് പറഞ്ഞു: “നിങ്ങളുടെ പുത്രൻമാരും നിങ്ങളുടെ പുത്രിമാരും പ്രവചിക്കും, നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ കാണും, നിങ്ങളുടെ വൃദ്ധൻമാർ സ്വപ്നങ്ങൾ ദർശിക്കും.”—പ്രവൃത്തികൾ 2:4-8, 16, 17, 41.
തങ്ങളുടെ യൗവനത്തിൽ യഹോവയാം ദൈവത്തെ സേവിച്ച ആളുകളുടെ മററു ബൈബിൾദൃഷ്ടാന്തങ്ങളിൽ ശമൂവേലും നീതിമാനായ ദാവീദ്രാജാവും സുപ്രസിദ്ധ ബൈബിൾപ്രവാചകൻമാരായ യിരെമ്യാവും ദാനിയേലും അതുപോലെതന്നെ വിശ്വസ്തനായിരുന്ന തിമൊഥെയോസും ഉൾപ്പെടുന്നു. ഈ ബൈബിൾ ദൃഷ്ടാന്തങ്ങളിൽ ചിലരെ സംബന്ധിച്ച് മൂന്നു ലേഖനങ്ങൾ ഈ ലക്കത്തിൽ അടങ്ങിയിരിക്കുന്നു. യുവാക്കളും അതുപോലെതന്നെ പ്രായമുള്ള ആളുകളും ദൈവത്തെ സേവിക്കുന്നത് ഗൗരവമായി എടുക്കുന്നത് എന്തുകൊണ്ടെന്നും അതുതന്നെ ചെയ്യാൻ തങ്ങളുടെ അയൽക്കാരെ സഹായിക്കുന്നതിന് അവർ വളരെയധികം സമയം ചെലവഴിക്കുന്നതെന്തുകൊണ്ടെന്നും നിങ്ങൾ ആ ലേഖനങ്ങളിൽനിന്ന് മനസ്സിലാക്കും. (w90 8⁄1)
[അടിക്കുറിപ്പ്]
a ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയാറിനുശേഷം ജനിച്ച അമേരിക്കക്കാരിൽ 12 ശതമാനം മാത്രമേ തങ്ങൾക്ക് 16-ാമത്തെ വയസ്സിൽ “വലിയ അളവിൽ വിശ്വാസം” ഉണ്ടായിരുന്നതായി പറഞ്ഞുള്ളുവെന്ന് 1985-ലെ ഒരു അഭിപ്രായസർവ്വേ കണ്ടെത്തി.