ബൈബിൾകാലങ്ങളിലെ യുവദാസൻമാർ
തങ്ങളുടെ ദൈവസേവനം ഗൗരവമായി എടുത്തവരും അങ്ങനെ ചെയ്തതിനാൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടവരുമായ ഉത്തമരായ യുവജനങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നു. നാം ചെറുപ്പക്കാരായിരുന്നാലും വയസ്സുചെന്ന് നരച്ചവരായിരുന്നാലും ഈ ഉത്തമ ബൈബിൾ ദൃഷ്ടാന്തങ്ങൾക്ക് വലിയ പ്രോൽസാഹനം പ്രദാനംചെയ്യാൻ കഴിയും.
യോസേഫ് ഈജിപ്ററിലെ അടിമത്തത്തിലേക്കു വിൽക്കപ്പെട്ടപ്പോൾ അവൻ വെറും 17 വയസ്സുള്ളവനായിരുന്നു. അവിടെ, തന്റെ കുടുംബത്തിൽനിന്ന് അകലെയായിരുന്നിട്ടും, അവനെ അറിയാവുന്നവരുടെ കണ്ണിൽപെടാതിരുന്നിട്ടും, യോസേഫ് തന്റെ നിർമ്മലത തെളിയിച്ചു. പോത്തീഫറിന്റെ ഭാര്യ യോസേഫിനെ വഴിപിഴപ്പിക്കാൻ ശ്രമിച്ചപ്പോൾ അവൻ പറഞ്ഞു: “ഈ മഹാവഷളത്വം പ്രവർത്തിക്കാനും ദൈവത്തിനെതിരെ പാപംചെയ്യാനും എനിക്ക് എങ്ങനെ കഴിയും?” തന്റെ നാളിലെ ഏററവും ശക്തനായ രാജാവായിരുന്ന ഫറവോയുടെ മുമ്പാകെപോലും, ഫറവോയുടെ സ്വപ്നങ്ങളുടെ വ്യാഖ്യാനത്തിന്റെ ബഹുമതി ദൈവത്തിനു കൊടുക്കാൻ യോസേഫ് അവസരം പ്രയോജനപ്പെടുത്തി. അവൻ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു. ക്ഷാമത്താലുള്ള മരണത്തിൽനിന്ന് ഈജിപ്ററുകാരെയും തന്റെ കുടുംബത്തെയും രക്ഷിക്കാനും തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെയും ഈജിപ്ററിലേക്കു കൊണ്ടുവരാനും അവനെ ദൈവം ഉപയോഗിച്ചു.—ഉല്പത്തി 37:2; 39:7-9; 41:15, 16, 32.
മോശയും യൗവനത്തിൽ വിശ്വസ്തരായിരുന്ന മററുള്ളവരും
ഫറവോയുടെ മകൾ മോശയെ തന്റെ സ്വന്തം കുട്ടിയായി സ്വീകരിച്ചു, എന്നാൽ മോശയുടെ അമ്മക്കും അപ്പനും സത്യദൈവത്തെക്കുറിച്ച് അവനെ പഠിപ്പിക്കാൻ കഴിഞ്ഞു. മോശ മുതിർന്നവനായപ്പോൾ “പാപത്തിന്റെ താല്ക്കാലിക ആസ്വാദനം ഉണ്ടായിരിക്കുന്നതിനെക്കാൾ ദൈവജനത്തോടുകൂടെ ദുഷ്പെരുമാററത്തിന് വിധേയനാകുന്നതിനെ തെരഞ്ഞെടുത്തുകൊണ്ട് ഫറവോയുടെ മകളുടെ മകൻ എന്ന് വിളിക്കപ്പെടുന്നതിന് വിസമ്മതിച്ചു” എന്ന് ബൈബിൾ പറയുന്നു. തന്റെ ജനത്തെ ഈജിപ്ററിൽനിന്ന് കൊണ്ടുവരാനും സീനായിയിൽ ന്യായപ്രമാണം സ്വീകരിക്കാനും ബൈബിളിന്റെ ഒരു വലിയ ഭാഗം എഴുതാനും ദൈവം മോശയെ ഉപയോഗിച്ചു. നിങ്ങളുടെ പ്രായം എന്തുതന്നെയായിരുന്നാലും മോശ ചെയ്തതുപോലെ ദൈവത്തെ സേവിക്കാനുള്ള ഒരു തീരുമാനം നിങ്ങൾ വളർത്തിയെടുക്കുന്നുവോ?—എബ്രായർ 11:23-29; പുറപ്പാട് 2:1-10.
ദൈവത്തിന്റെ ന്യായപ്രമാണം ഇസ്രായേലിനെ വായിച്ചുകേൾപ്പിച്ചപ്പോൾ ശേഷിച്ച ജനതയോടൊപ്പം “കൊച്ചുകുട്ടികളും” ശ്രദ്ധിച്ചതായി തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. (ആവർത്തനം 31:10-13) നെഹെമ്യാവിന്റെ നാളിൽ ന്യായപ്രമാണം കേൾക്കുന്നതിന് “ശ്രദ്ധിക്കാൻ പ്രായമായ എല്ലാവരും അതിരാവിലെ മുതൽ ഉച്ചവരെ” നിന്നു. (നെഹമ്യാവ് 8:1-8) കൊച്ചുകുട്ടികൾ സകല കാര്യങ്ങളും ഗ്രഹിച്ചില്ലെങ്കിൽത്തന്നെയും അവർ യഹോവയാം ദൈവത്തെ അനുസരിക്കുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അവർക്ക് വിലമതിക്കാൻ കഴിഞ്ഞു. നിങ്ങളുടെ പ്രായം എന്തുതന്നെയായിരുന്നാലും ദൈവവചനം ചർച്ചചെയ്യപ്പെടുന്ന കൺവെൻഷനുകളിലും സമ്മേളനങ്ങളിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആ യുവ ഇസ്രായേല്യർ ചെയ്തതുപോലെ, അവനെ അനുസരിക്കുന്നതിന്റെ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ?
ദാവീദും യോശീയാവും യിരെമ്യാവും
ദൈവം എട്ടു സഹോദരൻമാരിൽ ഇളയവനായ ദാവീദിനെ പ്രത്യേകസേവനത്തിനായി തെരഞ്ഞെടുക്കുകയും അവനെക്കുറിച്ച് ഇപ്രകാരം പറയുകയുംചെയ്തു: “ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എന്റെ ഹൃദയത്തിന് ഇണങ്ങിയ ഒരു പുരുഷനായി കണ്ടെത്തിയിരിക്കുന്നു, അവൻ ഞാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യും.” തന്റെ ജനത്തിന്റെ “ഒരു ഇടയൻ” ആയിരിക്കാൻ ദൈവം അവനെ തെരഞ്ഞെടുത്തു, അനേകവർഷക്കാലം യഹോവയോടുള്ള തന്റെ സ്നേഹം തെളിയിക്കെ, ദാവീദ് ആ സേവനം നിർവഹിച്ചു. അവൻ 70ലധികം സങ്കീർത്തനങ്ങൾ രചിക്കുകയും യേശുക്രിസ്തുവിന്റെ ഒരു പൂർവപിതാവായിത്തീരുകയും ചെയ്തു. ചെറുപ്പക്കാരനോ പ്രായമുള്ളവനോ ആയിരുന്നാലും നിങ്ങൾ ദാവീദിനെപ്പോലെ, ദൈവത്തിന്റെ വഴികൾ വിലമതിക്കുന്നുണ്ടോ, അവൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നുണ്ടോ?—പ്രവൃത്തികൾ 13:22; സങ്കീർത്തനം 78:70, 71; 1 ശമൂവേൽ 16:10, 11; ലൂക്കോസ് 3:23, 31.
യോശീയാവ് വെറും എട്ടു വയസ്സുള്ളപ്പോൾ രാജാവായിത്തീർന്നു. ഏതാണ്ട് 15 വയസ്സുള്ളപ്പോൾ “അവൻ ഒരു ബാലനായിരിക്കുമ്പോൾത്തന്നെ, തന്റെ പൂർവപിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി.” യോശീയാവ് 20 വയസ്സാകുന്നതിനുമുമ്പേ വ്യാജാരാധനക്കെതിരെ പ്രചാരണമാരംഭിച്ചു. പിന്നീട് അവൻ ആലയത്തിന്റെ കേടുപോക്കുകയും ദേശത്ത് ശുദ്ധാരാധന പുനഃസ്ഥാപിക്കുകയും ചെയ്തു. നാം വായിക്കുന്നു: “അവന്റെ നാളിലൊക്കെയും അവർ തങ്ങളുടെ പൂർവപിതാക്കൻമാരുടെ ദൈവമായ യഹോവയെ അനുഗമിക്കുന്നതിൽനിന്ന് വ്യതിചലിച്ചില്ല.” നമുക്കെല്ലാവർക്കും യോശീയാവിനെപ്പോലെ രാജാവായിരിക്കാൻ കഴികയില്ല, എന്നാൽ നമ്മുടെ പ്രായം എന്തായിരുന്നാലും നമുക്ക് ദൈവത്തെ സേവിക്കാനും വ്യാജാരാധനക്കെതിരെ ഉറച്ചുനിൽക്കാനും കഴിയും.—2 ദിനവൃത്താന്തം 34:3, 8, 33.
സർവശക്തനായ ദൈവം യിരെമ്യാവിനോടു പറഞ്ഞു: “ഞാൻ നിന്നെ ഉദരത്തിൽ നിർമ്മിച്ചുകൊണ്ടിരുന്നതിനുമുമ്പ് ഞാൻ നിന്നെ അറിഞ്ഞിരുന്നു, നീ ഗർഭപാത്രത്തിൽനിന്ന് പുറപ്പെട്ടുവന്നതിനുമുമ്പ് ഞാൻ നിന്നെ വിശുദ്ധീകരിച്ചു. ഞാൻ നിന്നെ ജനതകൾക്കു പ്രവാചകനാക്കി.” ഒരു പ്രവാചകനായിരിക്കാൻ താൻ വളരെ ചെറുപ്പമാണെന്ന് യിരെമ്യാവ് തടസ്സം പറഞ്ഞു: “അയ്യോ, പരമാധികാരിയാം കർത്താവായ യഹോവേ! ഇതാ എങ്ങനെ സംസാരിക്കണമെന്ന് എനിക്ക് യഥാർത്ഥത്തിൽ അറിയാൻപാടില്ല, ഞാൻ വെറുമൊരു ബാലനല്ലോ.” യഹോവ ഇപ്രകാരം പ്രതിവചിച്ചു: “‘ഞാൻ വെറുമൊരു ബാലനാണ്’ എന്ന് പറയരുത്. എന്നാൽ ഞാൻ നിന്നെ അയക്കുന്ന എല്ലാവരുടെയും അടുക്കൽ നീ പോകണം; ഞാൻ നിന്നോടു കല്പിക്കുന്നതെല്ലാം നീ സംസാരിക്കണം.” യിരെമ്യാവ് 40-ൽ അധികം വർഷം അതുതന്നെ ചെയ്തു, അവൻ നിർത്താൻ ആഗ്രഹിച്ചപ്പോൾപോലും അവന് അതിനു കഴിഞ്ഞില്ല. ദൈവത്തിന്റെ വചനം “[അവന്റെ] അസ്ഥികളിൽ അടക്കപ്പെട്ടിരിക്കുന്ന എരിയുന്ന തീ പോലെയാണെന്ന് തെളിഞ്ഞു.” അവൻ സംസാരിക്കേണ്ടതുണ്ടായിരുന്നു! നിങ്ങളുടെ പ്രായം എന്തുതന്നെയായിരുന്നാലും നിങ്ങൾ യിരെമ്യാവ് ചെയ്തതുപോലെ, ദൈവസേവനത്തിൽ മുന്നേറിക്കൊണ്ട് അവനുണ്ടായിരുന്ന വിശ്വാസം വികസിപ്പിക്കുന്നുവോ?—യിരെമ്യാവ് 1:4-8; 20:9.
ദാനിയേലും യേശുവും തിമൊഥെയോസും
നിങ്ങൾ ദാനിയേലിനെക്കുറിച്ചു കേട്ടിട്ടില്ലേ? ബാബിലോൻരാജാവായിരുന്ന നെബുഖദ്നേസറിന്റെ രാജസദസ്സിലേക്ക് തടവുകാരായ മററ് “കുട്ടികളോ”ടൊപ്പം അവനെ കൊണ്ടുപോയപ്പോൾ അവന് 20 വയസ്സിൽ താഴെ പ്രായമുണ്ടായിരുന്നിരിക്കണം. ദാനിയേലിന്റെ യുവത്വം ഗണ്യമാക്കാതെ അവൻ ദൈവത്തെ അനുസരിക്കാൻ ദൃഢനിശ്ചയംചെയ്തിരുന്നു. ദാനിയേലും അവന്റെ ചങ്ങാതിമാരും ദൈവനിയമം ലംഘിക്കുന്നവയോ പുറജാതീയ മതചടങ്ങുകളാൽ മലിനമാക്കപ്പെട്ടവയോ ആയ ആഹാരസാധനങ്ങൾകൊണ്ട് തങ്ങളെത്തന്നെ മലീമസമാക്കുന്നതിന് വിസമ്മതിച്ചു. എൺപതിലധികം വർഷങ്ങളോളം ദാനിയേൽ ഒരിക്കലും പതറിയില്ല. ദൈവത്തോടു പ്രാർത്ഥിക്കുന്നത് നിർത്തുവാൻ വിസമ്മതിക്കുന്ന അളവോളം അവന്റെ നിർമ്മലത കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ. ഇത് അവനെ സിംഹങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്നതിൽ കലാശിക്കുമായിരുന്നെങ്കിൽപോലും അവൻ അങ്ങനെ ചെയ്തു. നിങ്ങളുടെ ദൈവസേവനവും നിങ്ങളുടെ പ്രാർത്ഥനകളും അത്ര ഗൗരവമുള്ളതായി നിങ്ങൾ പരിഗണിക്കുന്നുവോ? നിങ്ങൾ അങ്ങനെ ചെയ്യേണ്ടതാണ്.—ദാനിയേൽ 1:3, 4, 8; 6:10, 16, 22.
യേശു 12-ാമത്തെ വയസ്സിൽ യരൂശലേമിലെ ആലയത്തിൽ മതോപദേഷ്ടാക്കളുടെ നടുവിൽ “അവരെ ശ്രദ്ധിച്ചുകൊണ്ടും അവരോടു ചോദിച്ചുകൊണ്ടും” ഇരിക്കുന്നതായി കണ്ടെത്തപ്പെട്ടു. “എന്നാൽ [യുവ യേശുവിനെ] ശ്രദ്ധിച്ച എല്ലാവരും അവന്റെ ഗ്രാഹ്യത്തിലും അവന്റെ ഉത്തരങ്ങളിലും നിരന്തരം വിസ്മയിക്കുകയായിരുന്നു.” യേശുവിന്റെ കാര്യത്തിലെന്നപോലെ, ആലയത്തിൽ മൂപ്പൻമാരുടെ ഒരു തിരുവെഴുത്തുചർച്ച നിങ്ങളിൽ താത്പര്യം ഉണർത്തുമായിരുന്നോ? നിങ്ങളുടെ ഗ്രാഹ്യത്താലും നിങ്ങളുടെ ഉത്തരങ്ങളാലും മററുള്ളവർ വിസ്മയിക്കുമായിരുന്നോ? ഇന്ന്, പഠിക്കുകയും സൂക്ഷ്മമായി ശ്രദ്ധിക്കുകയും ക്രിസ്തീയ യോഗങ്ങളിൽ പങ്കുപററുകയും ചെയ്യുന്ന പല യുവസാക്ഷികൾക്കും മുതിർന്നവരെ ആശ്ചര്യപ്പെടുത്തുന്ന തിരുവെഴുത്തുപരിജ്ഞാനമുണ്ട്.—ലൂക്കോസ് 2:42, 46, 47.
ഒരു കുട്ടിയെന്ന നിലയിൽ “വിശുദ്ധലിഖിതങ്ങൾ” പഠിപ്പിക്കപ്പെട്ട തിമൊഥെയോസിനെപ്പോലെയാണോ നിങ്ങൾ? ഒരു യുവാവായിരുന്നപ്പോൾ തിമൊഥെയോസ് ചുരുങ്ങിയത് രണ്ട് സഭകളിലെ “സഹോദരൻമാരാൽ നല്ല സാക്ഷ്യം ലഭിച്ചവനായിരുന്നു.” തന്നോടുകൂടെ സഞ്ചരിക്കാൻ അപ്പോസ്തലനായ പൗലോസ് തിമൊഥെയോസിനെ തെരഞ്ഞെടുത്തു, വെറും സാധനങ്ങൾ ചുമക്കുന്നവനായിരിക്കാനല്ല, പിന്നെയോ മററുള്ളവരെ പഠിപ്പിക്കുന്നതിൽ പൗലോസിനെ സഹായിക്കാൻ. അത്തരം പദവികൾക്ക് നിങ്ങൾ തെരഞ്ഞെടുക്കപ്പെടുമോ? നിങ്ങളുടെ സ്വന്തം സഭയിൽ മാത്രമല്ല, പിന്നെയോ മററുള്ളവയിലും നിങ്ങളുടെ പ്രവർത്തനത്തിന് “നല്ല സാക്ഷ്യം” ഉണ്ടോ?—2 തിമൊഥെയോസ് 3:15; പ്രവൃത്തികൾ 16:1-4.
നിങ്ങൾ ഏതു തരം ഭാവി ആഗ്രഹിക്കുന്നു?
യോസേഫും മോശയും ദാവീദും മററുള്ളവരും ആയിരുന്നതുപോല, ഇന്ന് യുവജനങ്ങൾക്ക് വിശ്വസ്തരായിരിക്കുക സാദ്ധ്യമാണോ? ഉവ്വ്, സാദ്ധ്യമാണ്. പല യുവാക്കളും ഉല്ലാസത്തിൽമാത്രം തത്പരരാണെന്നുള്ളത് ശരിതന്നെ. എന്നാൽ മററുള്ളവർ ദൈവത്തെ അറിയാനും തങ്ങൾക്കുവേണ്ടിയുള്ള അവന്റെ ഇഷ്ടം അറിയാനും അവരുടെ യൗവനം ജ്ഞാനപൂർവം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇവർ ഈ ബൈബിൾ പ്രവചനം നിറവേററുന്നു: “നിന്റെ സൈനികശക്തിയുടെ നാളിൽ നിന്റെ ജനം സ്വമേധയാ തങ്ങളെത്തന്നെ അർപ്പിക്കും. . . . മഞ്ഞുതുള്ളികൾ പോലെ യുവാക്കളുടെ സൈന്യം നിനക്കുണ്ടായിരിക്കും.”—സങ്കീർത്തനം 110:3.
ഉത്തമരായ ആ യുവജനങ്ങൾ അവരുടെ ഇപ്പോഴത്തെ ജീവിതം വിജയമാക്കാൻ ദൈവത്തിന് അവരെ സഹായിക്കാൻ കഴിയുന്നതുകൊണ്ടും വരാൻ പോകുന്ന പുതിയ ലോകത്തിൽ ഒരു മഹത്തായ ഭാവി അവർക്കു നൽകുന്നതുകൊണ്ടും അവരുടെ പ്രായത്തെ കവിയുന്ന ജ്ഞാനം പ്രകടമാക്കുന്നു. (1 തിമൊഥെയോസ് 4:8) എങ്കിലും, ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ആ ചെറുപ്പക്കാരുടേതുപോലെയുള്ള ഒരു വിശ്വാസം വികസിപ്പിച്ചെടുക്കാൻ ഒരു ആധുനികയുവാവിന് എങ്ങനെ കഴിയും? നിങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ, ഈ മാസികയുടെ 27-ാം പേജിൽ തുടങ്ങുന്ന “യഹോവയുടെ സേവനത്തിലെ സന്തുഷ്ടരായ യുവജനങ്ങൾ” എന്ന ലേഖനം വായിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. (w90 8⁄1)
[5-ാം പേജിലെ ചിത്രം]
യുവാവായ മോശ ഈജിപ്ററിലെ ധനത്താൽ വഴിപിഴപ്പിക്കപ്പെട്ടില്ല
യുവാവായിരുന്ന ദാവീദ് യഹോവയുടെ ഹൃദയത്തിന് ഇണങ്ങിയവനായിരുന്നു
[6-ാം പേജിലെ ചിത്രം]
താൻ “വെറുമൊരു ബാലൻ” ആണെന്ന് യിരെമ്യാവിനു തോന്നിയെങ്കിലും അവൻ ജനസമ്മതിയില്ലാഞ്ഞ ഒരു ദൂത് ധീരമായി പ്രസംഗിച്ചു
യേശു 12-ാമത്തെ വയസ്സിൽ ദൈവവചനത്തെക്കുറിച്ചുള്ള തന്റെ ഗ്രാഹ്യത്താൽ അവന്റെ മൂപ്പൻമാരെ വിസ്മയിപ്പിച്ചു
[7-ാം പേജിലെ ചിത്രം]
ഇസ്രായേലിൽ കൊച്ചുകുട്ടികൾപോലും ദൈവത്തിന്റെ ന്യായപ്രമാണം വായിച്ചപ്പോൾ ശ്രദ്ധിച്ചു. നിങ്ങൾ ശ്രദ്ധിക്കുന്നുവോ?