നിങ്ങളുടെ ആരാധനാസ്ഥലത്തെ നിങ്ങൾ ആദരിക്കുന്നുവോ?
“സുവിശേഷത്തിന്റെ ശൈശവത്തിൽതുടങ്ങി എല്ലാക്കാലവും ക്രിസ്ത്യാനികൾക്ക് അവരുടെ ദിവ്യാരാധനക്കായുള്ള സുസ്ഥിരവും സുനിശ്ചിതവുമായ സ്ഥലം ഉണ്ടായിരുന്നിട്ടുണ്ട്.”—വില്യം കേവിനാലുള്ള “പ്രാചീന ക്രിസ്ത്യാനിത്വം” (“Primitive Christianity” by William Cave)
ആരാധനക്കായി കൂടിവരുന്നതിൽ ദൈവത്തിന്റെ ജനങ്ങൾ എല്ലായ്പോഴും ഉല്ലാസം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴെന്നപോലെ ഒന്നാം നൂററാണ്ടിലും ഇതു വാസ്തവമായിരുന്നു. ലൂസിയനും ക്ലെമൻറും ജെസ്ററിൻ മാർട്ടിറും തെർത്തുല്യനും പോലെയുള്ള ആദിമ എഴുത്തുകാരും വേദശാസ്ത്രിമാരും എല്ലാം ക്രിസ്ത്യാനികൾക്കു പതിവായി ആരാധനക്കു കൂടിവരുന്നതിനുള്ള പ്രത്യേക സ്ഥലങ്ങളുണ്ടായിരുന്നുവെന്നു സമ്മതിക്കുന്നു.
ക്രിസ്ത്യാനികളുടെ കൂട്ടങ്ങളാൽ നടത്തപ്പെട്ട പതിവായ യോഗങ്ങളുടെ നിരവധി സൂചനകൾ നൽകിക്കൊണ്ടു ബൈബിൾ ഇതേ ആശയത്തെ സംസ്ഥാപിക്കുന്നു. ഈ കൂട്ടങ്ങൾ സഭകൾ എന്ന് അറിയപ്പെട്ടിരുന്നു. ഇത് അനുയോജ്യമാണ്, കാരണം “സഭ” എന്ന പദം ബൈബിളിന്റെ മൂലഭാഷയിൽ ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ പ്രവർത്തനത്തിനോ വേണ്ടി കൂട്ടിച്ചേർക്കപ്പെട്ട ആളുകളുടെ ഒരു കൂട്ടത്തെ കുറിക്കുന്നു.
ആദ്യകാലത്തെ ക്രിസ്തീയ ആരാധനാസ്ഥലങ്ങൾ
ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ കൂടിവരുമ്പോൾ അവർ എന്തുചെയ്തിരുന്നു? ബൈബിൾ അപ്രകാരമുള്ള അനേകം യോഗങ്ങളെക്കുറിച്ചു വിവരിക്കുകയും പഠിപ്പിക്കൽ ഒരു പ്രധാന സവിശേഷതയായിരുന്നുവെന്നു കാണിക്കുകയും ചെയ്യുന്നു. (പ്രവൃത്തികൾ 2:42; 11:26; 1 കൊരിന്ത്യർ 14:19, 26) പ്രസംഗങ്ങൾ, പ്രോത്സാഹജനകമായ അനുഭവങ്ങളുടെ വിവരണം, യെരുശലേമിലെ ഭരണസംഘത്തിൽനിന്നോ ഒരു അപ്പോസ്തലനിൽനിന്നോ ലഭിച്ച കത്തുകളുടെ സൂക്ഷ്മമായ പരിചിന്തനം മുതലായ സംഗതികളോടുകൂടെ വിദ്യാഭ്യാസപരിപാടികൾ ക്രമീകരിച്ചിരുന്നു.
അപ്രകാരമുള്ള ഒരു കത്ത് അന്ത്യോക്യയിൽ ഒരു കൂട്ടം ക്രിസ്ത്യാനികളെ വായിച്ചുകേൾപ്പിച്ചശേഷം യൂദയും ശീലാസും “പല വചനങ്ങളാലും സഹോദരൻമാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു” എന്നു പ്രവൃത്തികൾ 15:22-35-ൽ നാം വായിക്കുന്നു. പൗലോസും ബർന്നബാസും അന്ത്യോക്യയിൽ എത്തിയശേഷം “സഭയെ ഒരുമിച്ചുകൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും . . . അറിയിച്ചു” എന്നു മറെറാരു വിവരണം പറയുന്നു. യഹോവയോടുള്ള പ്രാർഥനയും ക്രിസ്തീയയോഗങ്ങളുടെ ഒരു പ്രധാന സവിശേഷതയായിരുന്നു.—പ്രവൃത്തികൾ 14:27.
ഒന്നാം നൂററാണ്ടിലെ സഭകൾ ആരാധനയ്ക്കായി കൂടിവന്നിരുന്നത് ഇന്നു ക്രൈസ്തവലോകത്തിലെ അനേകം പള്ളികൾപോലെയുള്ള പരിഷ്കൃത മന്ദിരങ്ങളിൽ ആയിരുന്നില്ല. അധികവും ക്രിസ്ത്യാനികൾ സ്വകാര്യ ഭവനങ്ങളിൽ കൂടിവന്നു. (റോമർ 16:5; 1 കൊരിന്ത്യർ 16:19; കൊലൊസ്സ്യർ 4:15; ഫിലേമോൻ 2) മിക്കപ്പോഴും ഒരു സ്വകാര്യഭവനത്തിന്റെ മേൽത്തട്ടോ മാളികമുറിയോ ആണ് ഉപയോഗിച്ചിരുന്നത്. കർത്താവിന്റെ സന്ധ്യാഭക്ഷണം നടന്നത് ഒരു മാളികമുറിയിലായിരുന്നു. പെന്തെക്കോസ്തു നാളിൽ 120 ശിഷ്യൻമാർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടതും ഒരു മാളികമുറിയിൽവെച്ചായിരുന്നു.—ലൂക്കൊസ് 22:11, 12, 19, 20; പ്രവൃത്തികൾ 1:13, 14; 2:1-4; 20:7, 9.
അപ്പോസ്തലൻമാർ സ്ഥാപിച്ച മാതൃക ഇന്നു യഹോവയുടെ സാക്ഷികൾ പിൻപററുന്നു. അവർ രാജ്യഹാളുകൾ എന്നറിയപ്പെടുന്ന യോഗസ്ഥലങ്ങൾ ഉപയോഗിക്കുന്നു. അവിടെ അവർ ദൈവരാജ്യത്തിന്റെ സുവാർത്തയുടെ പ്രസംഗകരായി പരിശീലിപ്പിക്കപ്പെടുന്നു. (മത്തായി 24:14) രാജ്യഹാളിൽ അവർ തിരുവെഴുത്തുകൾ പഠിക്കുകയും പ്രാർഥിക്കുകയും പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് എബ്രായർ 10:24, 25-ലെ ബൈബിൾ പ്രബോധനത്തിനു ചേർച്ചയിലാണ്: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.”
നമ്മുടെ ആരാധനാസ്ഥലത്തെ യഥായോഗ്യം ഉപയോഗിക്കൽ
“ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ” എന്നും “സകലവും ഉചിതമായും ക്രമമായും നടക്കട്ടെ” എന്നും ഉള്ള അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ നിങ്ങൾ അനുസ്മരിക്കുന്നുണ്ടോ? ഈ വാക്കുകളുടെ സന്ദർഭം പരിശോധിച്ചാൽ ക്രിസ്തീയ യോഗങ്ങൾ നടത്തേണ്ട രീതിയെപ്പററി പൗലോസ് ചർച്ചചെയ്യുകയായിരുന്നുവെന്നു നിങ്ങൾ കണ്ടെത്തും. അപ്പോസ്തലിക കാലഘട്ടത്തിലെപ്പോലെ ക്രിസ്ത്യാനികൾ ഇന്ന് അവരുടെ യോഗങ്ങൾ ക്രമീകൃതവും സുസംഘടിതവും ആണെന്ന് ഉറപ്പുവരുത്തുന്നു.—1 കൊരിന്ത്യർ 14:26-40.
വാച്ച്ടവറിന്റെ 1969 ഒക്ടോബർ 15-ലെ ലക്കം പ്രസ്താവിച്ചു: “സത്യാരാധനയിലും ബൈബിൾ പ്രബോധനത്തിലും ഉള്ള യഥാർഥ താത്പര്യത്തിൽനിന്നും ഉത്ഭൂതമാകുന്ന നിർവ്യാജമായ ആത്മീയ അന്തരീക്ഷമാണു രാജ്യഹാളിലേത്. ഹാളിലെ വെളിച്ചവും സ്വാഭാവിക ചുററുപാടുകളും സന്നിഹിതരായിരിക്കുന്നവരെ തുറന്നുസംസാരിക്കുന്നതിനും സൗഹൃദമുള്ളവരായിരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നു, അടിച്ചേല്പിക്കുന്ന ഗോപ്യമായ ഒരു അനുഷ്ഠാനം തടസ്സമുണ്ടാക്കുന്നില്ല.” രാജ്യ ഹാളിന്റെ ഉപയോഗം എല്ലായ്പോഴും ആദരവും അന്തസ്സും പ്രതിഫലിപ്പിക്കത്തക്കവണ്ണം ശ്രദ്ധചെലുത്തുകയും ചെയ്യുന്നു.
ഈ രംഗത്ത് ക്രൈസ്തവലോകം കടുത്ത അനാദരവു പ്രകടമാക്കിയിരിക്കുന്നു. ചില മതസ്ഥാപനങ്ങൾ അവരുടെ ആരാധനാസ്ഥലങ്ങളെ വിനോദത്തിനുവേണ്ടിയുള്ള സാമുദായിക കേന്ദ്രങ്ങളായി ഉപയോഗിക്കുന്നു. മതപരമായ റോക്ക് സംഗീതങ്ങളുടെ വാദ്യമേളവും ഭാരോദ്വഹനത്തിനുള്ള മുറികളും ബില്യാർഡ് കളിക്കുന്നതിനുള്ള മേശകളും നേഴ്സറികളും ഉള്ളിൽത്തന്നെ സിനിമാശാലയും അവർക്കുണ്ട്. ഒരു സഭക്കു തങ്ങളുടെ കാര്യപരിപാടിയുടെ ഭാഗമായി ഒരു ഗുസ്തി മത്സരവും ഉണ്ടായിരുന്നു. ഇത് അപ്പോസ്തലൻമാർ വച്ച മാതൃകയുമായി ഒട്ടും ചേർച്ചയിലല്ല.
ഒന്നാം നൂററാണ്ടിലെ ഏതെങ്കിലും സഭ തെററായവിധം പ്രവർത്തിച്ചിരുന്നെങ്കിൽ തിരുത്തൽ അനുയോജ്യമായിരുന്നു. ദൃഷ്ടാന്തമായി, കൊരിന്ത്യ സഭയിൽ ചിലർ കർത്താവിന്റെ സന്ധ്യാഭക്ഷണം തീററിക്കും കുടിക്കുമുള്ള അവസരമായി ഉപയോഗിച്ചു. അവർ യോഗങ്ങൾക്കു മുമ്പോ അതു നടന്നുകൊണ്ടിരിക്കുമ്പോഴോ കഴിക്കുന്നതിനായി തങ്ങളുടെ അത്താഴം കൊണ്ടുവരുമായിരുന്നു, ചിലർ അമിത തീററയും അമിത കുടിയും പോലും നടത്തിയിരുന്നു. ഇതു തീർത്തും അനുചിതമായിരുന്നു. അപ്പോസ്തലനായ പൗലോസ് അവർക്ക് എഴുതി: “തിന്നുവാനും കുടിപ്പാനും നിങ്ങൾക്കു വീടുകൾ ഇല്ലയോ?”—1 കൊരിന്ത്യർ 11:20-29.
അപ്പോസ്തലനായ പൗലോസിന്റെ ഉപദേശത്തിനു ചേർച്ചയായി യഹോവയുടെ സാക്ഷികൾ വ്യക്തിപരമായ കാര്യങ്ങൾ രാജ്യഹാളിൽവെച്ചു നടത്തുന്നതിനുപകരം വീട്ടിലോ മറെറവിടെയെങ്കിലുമോവെച്ചു നടത്തുന്നതിനായി പരിശ്രമിക്കുന്നു. നമ്മുടെ പതിവായുള്ള യോഗങ്ങൾ ഒരേ സമയത്ത് അനേകം സുഹൃത്തുക്കളെ ഒന്നിച്ചുകാണുന്നതിനു സൗകര്യപ്രദമായ ഒരു അവസരം പ്രദാനം ചെയ്യുന്നുവെന്നതു ശരിതന്നെ. എന്നിരുന്നാലും, രാജ്യഹാൾ യഹോവയ്ക്കു സമർപ്പിച്ചിട്ടുള്ളതാണ് അതുകൊണ്ട്, അതു സമ്പൂർണമായും അവിടുത്തെ ആരാധനയ്ക്കായി ഉപയോഗിക്കേണ്ടതുണ്ട്. നമ്മുടെ അവിടത്തെ ഉപസ്ഥിതി ലൗകിക വ്യാപാരം നടത്തുന്നതിനോ വ്യക്തിപരമായ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനോ നാം പ്രയോജനപ്പെടുത്തുന്നില്ല.
കൂടാതെ, രാജ്യഹാളുകൾ വിനോദ കാര്യപരിപാടികളോ പണപ്പിരിവുകൾക്കായുള്ള പ്രവർത്തനങ്ങളോ ശിശുസംരക്ഷണംപോലെയുള്ള സാമൂഹികസേവനങ്ങളോ നടത്തുന്നതിനുവേണ്ടി ഉപയോഗിക്കാനുള്ളതല്ല. ഒരുവനു വ്യക്തിപരവും വ്യാപാരപരവും ആയ അത്തരം കാര്യങ്ങൾ നടത്താൻ വേറെ സ്ഥലങ്ങളുണ്ട്.
ഒരു രാജ്യഹാളിൽ സഭാംഗങ്ങൾ യോഗങ്ങളിൽ വച്ചു കടം വാങ്ങുന്നതും, കടംവാങ്ങിയ സാമഗ്രികൾ തിരിച്ചുകൊടുക്കുന്നതും ഒരു പതിവാക്കുന്നതായി മൂപ്പൻമാർ നിരീക്ഷിച്ചു. കൂടാതെ ചലച്ചിത്ര വീഡിയോകാസെററുകൾ രാജ്യഹാളിൽവെച്ചു കൈമാറുന്ന പതിവും അവർക്കുണ്ടായിരുന്നു. ഈ പ്രവർത്തനം വാണിജ്യ സ്വഭാവമുള്ളവയായിരുന്നില്ലെങ്കിലും സംഗതികൾ സാധ്യമാകുന്നിടത്തോളം വീട്ടിൽവെച്ചു കൈകാര്യം ചെയ്യുന്നതിന്റെ ജ്ഞാനം കണ്ടെത്തുന്നതിനു മൂപ്പൻമാർ അവരെ സഹായിച്ചു.
തെററായ ധാരണ നൽകാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും രാജ്യഹാൾ യഥായോഗ്യമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിനും ഓരോരുത്തരും തന്നോടുതന്നെ ഇങ്ങനെ ചോദിക്കേണ്ടതുണ്ട്: ‘വീട്ടിൽ കൈകാര്യം ചെയ്യാവുന്ന വ്യക്തിപരമായ ഏതെങ്കിലും കാര്യങ്ങൾ ഞാൻ രാജ്യഹാളിൽവെച്ചു കൈകാര്യം ചെയ്യാറുണ്ടോ?’ ദൃഷ്ടാന്തമായി, വിനോദയാത്രകളോ സാമൂഹിക കൂട്ടങ്ങളോ സംഘടിപ്പിക്കുമ്പോൾ അത്തരം ക്രമീകരണങ്ങളെപ്പററി വീട്ടിൽവച്ചു സംസാരിക്കുന്നതായിരിക്കില്ലേ നല്ലത്? നാം സമ്പർക്കംപുലർത്താൻ ആഗ്രഹിക്കുന്നവരുമായി ടെലിഫോണിൽക്കൂടി സംസാരിക്കുകയോ അവരുടെ വീടുകൾ സന്ദർശിക്കുകയോ ചെയ്തുകൂടേ? പൗലോസിന്റെ വാക്കുകൾ കടമെടുത്തു നമുക്ക് ഇങ്ങനെ പറയാൻ കഴിയും: “അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുവേണ്ടി നമുക്കു തീർച്ചയായും വീടുകളുണ്ട്, ഇല്ലേ?”
യഹോവയെ ആരാധിക്കുന്നതിന് ഒരു നിയമിത സമയവും സ്ഥാനവും
ബൈബിളിൽ സഭാപ്രസംഗി 3:1-ൽ ഇപ്രകാരം പ്രസ്താവിക്കുന്നു: “എല്ലാററിന്നും ഒരു സമയമുണ്ടു; ആകാശത്തിൻകീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.” രാജ്യഹാളിൽ യോഗങ്ങൾക്കു ഹാജരാകുമ്പോൾ നമുക്കു ക്രിസ്തീയസേവനത്തോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നമ്മെത്തന്നെ മുഴുവനായി നിമഗ്നമാക്കാം. അതു യഹോവയെ ആരാധിക്കുന്നതിനുള്ള നിയമിത സമയമാണ്.
യേശുവിന്റെ അർധസഹോദരനായ യാക്കോബ് ക്രിസ്തീയ സഭയ്ക്കുള്ളിൽ പക്ഷപാതം കാണിക്കുന്നതിനെതിരെ ബുദ്ധ്യുപദേശം നൽകി. (യാക്കോബ് 2:1-9) ഈ ബുദ്ധ്യുപദേശം രാജ്യഹാളുകളിൽ നമുക്ക് എങ്ങനെ ബാധകമാക്കാം? സാമുദായിക കാര്യങ്ങൾക്കായുള്ള ക്ഷണക്കത്ത് അവിടെവെച്ചു ശ്രദ്ധയാകർഷിക്കുമാറു വിതരണം ചെയ്യുമ്പോൾ പക്ഷപാതത്തിന്റെ തോന്നൽ ഉണ്ടാകാവുന്നതാണ്. ഒരു സഭയിലെ പതിവ്, ഹാജരായിരിക്കുന്നവർക്ക് അപ്രകാരമുള്ള ക്ഷണക്കത്തുകൾ പുസ്തകസഞ്ചിയിൻമേലോ ബൈബിളിലോ വയ്ക്കുകയായിരുന്നു. ഇതു ക്ഷണക്കത്തു തപാൽവഴി അയക്കുകയോ വീടുതോറും എത്തിച്ചുകൊടുക്കുകയോ ചെയ്യുന്നതിനെക്കാൾ വളരെ സൗകര്യപ്രദമാണെന്നുള്ളതു ശരിതന്നെ. എന്നിരുന്നാലും, മററുള്ളവർക്കു ക്ഷണം കൊടുക്കുന്നതു നിരീക്ഷിക്കുന്ന ക്ഷണം ലഭിക്കാത്ത വ്യക്തികൾക്ക് എന്തുതോന്നും? ഇതു പക്ഷപാതത്തിന്റെ തോന്നൽ നൽകിയേക്കുമോ?
തീർച്ചയായും, ആരും രാജ്യഹാളിൽവെച്ചു മറെറാരാൾക്കു വ്യക്തിപരമായ ഒരു സന്ദേശമോ പൊതിയോ കൈമാറാൻ പാടില്ല എന്നു പറയുന്ന കർശനമായ ഒരു ചട്ടം ആവശ്യമില്ല; രാജ്യഹാളിൽവെച്ചു ദൈനംദിനപ്രവർത്തനങ്ങളെപ്പററിയോ സംഭവങ്ങളെപ്പററിയോ സംസാരിക്കുന്നതും ഒരാളെ വീട്ടിലേക്കു ക്ഷണിക്കുന്നതും ഒരാളോട് ഏതെങ്കിലും വിനോദങ്ങൾക്കു പങ്കുചേരുന്നതിനായി ആവശ്യപ്പെടുന്നതും തെററല്ല. എന്നാൽ ഇത് ആകസ്മികമായിരിക്കണം, വകതിരിവോടെ മററുള്ളവരുടെ ശ്രദ്ധ ആകർഷിക്കാത്തരീതിയിൽ ചെയ്യുകയും വേണം. വ്യക്തിപരമായ ക്രമീകരണങ്ങൾ നാം രാജ്യഹാളിൽ ഒരുമിച്ചുകൂടുന്നതിന്റെ യഥാർഥ ഉദ്ദേശ്യത്തിൽനിന്നും, അതായത് ആത്മീയമായി പോഷിപ്പിക്കപ്പെടുന്നതിൽനിന്നും ഒരിക്കലും നമ്മെ വ്യതിചലിപ്പിക്കരുത്.—മത്തായി 6:33; ഫിലിപ്പിയർ 1:10.
ദൃഷ്ടാന്തം വയ്ക്കുന്ന പുരുഷൻമാർ
രാജ്യഹാളിനോട് ആദരവു പ്രകടമാക്കുന്നതിൽ മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും തീക്ഷ്ണതയോടെ ദൃഷ്ടാന്തം വയ്ക്കുന്നു. സാധാരണമായി രാജ്യഹാളിന്റെ സംരക്ഷണത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുപോകുന്നതിനു നിയമിതരായ ഒന്നോ രണ്ടോ മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും ഉണ്ട്. ഒരു രാജ്യഹാൾ ഒന്നിൽ കൂടുതൽ സഭകൾ ഉപയോഗിക്കുന്നിടത്തു മൂപ്പൻമാരുടെ ഒരു കമ്മിററി ഈ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നു.
അത്തരം ചുമതലകൾ നിർവഹിക്കുന്നതിനു ചിലരെ പ്രത്യേകാൽ നിയമിക്കുന്നുവെന്നിരിക്കെ എല്ലാ ശുശ്രൂഷാദാസൻമാരും മൂപ്പൻമാരും ഹാളിൽ ആത്മാർഥമായ താത്പര്യം പ്രകടിപ്പിക്കണം. രാജ്യഹാൾ യഹോവയ്ക്കായി സമർപ്പിച്ചിരിക്കുന്നുവെന്നും അവിടുത്തെ ആരാധനയ്ക്കായി ഉപയോഗിക്കുന്നുവെന്നും അവർ തിരിച്ചറിയുന്നു.
കേടുപോക്കലിന്റെ ആവശ്യമുള്ളപ്പോൾ മൂപ്പൻമാർ അതു നീട്ടിക്കൊണ്ടുപോകരുത്. (2 ദിനവൃത്താന്തം 24:5, 13; 29:3; 34:8; നെഹെമ്യാവു 10:39; 13:11) ചില രാജ്യഹാളുകളിൽ എന്തെങ്കിലും കേടുപോക്കലുകൾ ആവശ്യമെങ്കിൽ അതു കൃത്യമായി നടത്തുന്നതിനു പതിവായി പരിശോധന നടത്തുന്നു. അത്യാവശ്യ സാധനങ്ങൾ വേണ്ടുവോളം കൈവശമുണ്ടെന്ന് ഉറപ്പുവരുത്താൻ ഇന വിവരപ്പട്ടിക സൂക്ഷിക്കുന്നു. സാമഗ്രികളും ഉപകരണങ്ങളും ശുചീകരണ ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് ഒരു നിശ്ചിതസ്ഥാനമുണ്ടെങ്കിൽ എല്ലാമൂപ്പൻമാരും ശുശ്രൂഷാദാസൻമാരും അതിന്റെ അവസ്ഥയിൽ താത്പര്യം പ്രകടിപ്പിക്കുകയും അതു വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. സാഹിത്യത്തിന്റെയും മാസികയുടെയും കൗണ്ടറുകളിൽ വേലചെയ്യുന്നവർക്കു കാലിയായ കടലാസ്സുപെട്ടികൾ ഹാളിൽ ചിതറിക്കിടക്കാതിരിക്കാൻ കൃത്യമായ ശ്രദ്ധകൊടുത്തുകൊണ്ടു തങ്ങളുടെ താത്പര്യത്തെ പ്രകടമാക്കാൻ കഴിയും.
മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും, സഭയിലെ മററുള്ളവർ രാജ്യഹാളിനോടു തീക്ഷ്ണത പ്രദർശിപ്പിക്കുന്നതിനു ദൃഷ്ടാന്തംവച്ചുകൊണ്ടു സഹായം നൽകാൻ കഴിയും. (എബ്രായർ 13:7) ഹാൾ വൃത്തിയാക്കുന്നതിൽ പങ്കുപററിക്കൊണ്ടും അതിന്റെ മൊത്തം ആകാരത്തിൽ ആത്മാർഥമായ താത്പര്യമെടുത്തുകൊണ്ടും എല്ലാവർക്കും ശരിയായ ആദരവു പ്രകടമാക്കാൻ കഴിയും.
മത്തായി 18:20-ൽ യേശു ഇപ്രകാരം പറഞ്ഞു: “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ടു.” യഹോവയെ ആരാധിക്കാനായി ഒന്നിച്ചുകൂടുമ്പോൾ നാം ചെയ്യുന്നതിൽ യേശു തത്പരനാണ്. സ്വകാര്യഭവനങ്ങളിൽ നടക്കുന്ന ഏതുയോഗങ്ങളും കൺവെൻഷനുകളും സമ്മേളനങ്ങളും പോലെ വലിയ യോഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികൾക്ക് അവരുടെ പതിവ് ആരാധനാസ്ഥലമായ രാജ്യഹാളിനെക്കാൾ പ്രിയങ്കരമായ വേറൊരു സ്ഥലവുമില്ല. അവർ ആ സ്ഥലത്തോട് ഉചിതമായ ആദരവു കാണിക്കുന്നു. അതു പരിരക്ഷിക്കുന്നതിൽ അവർ ശുഷ്ക്കാന്തി പ്രദർശിപ്പിക്കുകയും അതു ശരിയായവിധം ഉപയോഗിക്കുന്നതിനായി എല്ലായ്പോഴും പരിശ്രമിക്കുകയും ചെയ്യുന്നു. “ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക” എന്നു യഹോവ തന്നെ നൽകുന്ന താക്കീതു നിങ്ങളും പിൻപററാൻ ഇടവരട്ടെ.—സഭാപ്രസംഗി 5:1.