ബൈബിൾവായനയിൽനിന്ന് പൂർണപ്രയോജനം നേടുക
“ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ പ്രമോദിക്കുന്നു.”—റോമ. 7:22.
1-3. ബൈബിൾ വായിക്കുകയും അതിലെ ഉപദേശങ്ങൾ ജീവിതത്തിലേക്കു കൊണ്ടുവരുകയും ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
“ബൈബിൾ മനസ്സിലാക്കാൻ യഹോവ എന്നെ സഹായിക്കുന്നതുകൊണ്ട് ഓരോ പ്രഭാതത്തിലും ഞാൻ അവനോടു നന്ദി പറയുന്നു.” ഇതു പറഞ്ഞ പ്രായമായ സഹോദരി ബൈബിൾ മുഴുവനും 40-ലേറെ തവണ വായിച്ചുതീർത്തിരിക്കുന്നു! സഹോദരി പിന്നെയും വായന തുടരുകയാണ്. ഒരു യുവസഹോദരി പറയുന്നത്, യഹോവയെ ഒരു യഥാർഥവ്യക്തിയായി കാണാൻ ബൈബിൾവായന തന്നെ സഹായിച്ചിരിക്കുന്നു എന്നാണ്. അങ്ങനെ അവൾക്ക് സ്വർഗീയപിതാവുമായി കൂടുതൽ അടുത്തബന്ധം ആസ്വദിക്കാനാകുന്നു. “ജീവിതത്തിൽ ഇതേവരെ ഞാൻ ഇത്രയും സന്തോഷവതിയായിരുന്നിട്ടില്ല,” ആ സഹോദരി പറയുന്നു.
2 “ദൈവവചനത്തിലെ മായമില്ലാത്ത പാൽ കുടിക്കാൻ വാഞ്ഛിക്കുവിൻ” എന്ന പ്രോത്സാഹനം പത്രോസ് അപ്പൊസ്തലൻ എല്ലാവർക്കും നൽകി. (1 പത്രോ. 2:2) ബൈബിൾപഠനത്തിലൂടെ ആ വാഞ്ഛ തൃപ്തിപ്പെടുത്തുകയും ബൈബിളുപദേശങ്ങൾ ജീവിതത്തിലേക്കു കൊണ്ടുവരുകയും ചെയ്യുന്നവർക്ക് ഒരു ശുദ്ധമനസ്സാക്ഷിയും ജീവിതത്തിൽ ലക്ഷ്യബോധവും ഉണ്ടായിരിക്കും. സത്യദൈവത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരുമായി ഉറ്റസൗഹൃദം അവർ വളർത്തിയെടുക്കുന്നു. “ദൈവത്തിന്റെ ന്യായപ്രമാണത്തിൽ പ്രമോദി”ക്കാനുള്ള നല്ല കാരണങ്ങളാണ് ഇവയെല്ലാം. (റോമ. 7:22) എന്നാൽ ഇനിയുമേറെ പ്രയോജനങ്ങളുണ്ട്. അവയിൽ ചിലത് ഏതൊക്കെയാണ്?
3 യഹോവയെക്കുറിച്ചും അവന്റെ പുത്രനെക്കുറിച്ചും പഠിക്കുന്തോറും അവരോടും സഹമനുഷ്യരോടും ഉള്ള നിങ്ങളുടെ സ്നേഹം വർധിച്ചുവരും. അനുസരണമുള്ള മനുഷ്യവർഗത്തെ ജീർണിച്ചുകൊണ്ടിരിക്കുന്ന ഈ വ്യവസ്ഥിതിയിൽനിന്ന് ദൈവം ഉടൻതന്നെ രക്ഷിക്കാൻപോകുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ ശരിയായ തിരുവെഴുത്തു പരിജ്ഞാനം നിങ്ങളെ സഹായിക്കും. ശുശ്രൂഷയിലായിരിക്കെ രാജ്യസുവാർത്തയെന്ന ശുഭസന്ദേശം ആളുകളുമായി പങ്കുവെക്കാൻ നിങ്ങൾക്കു കഴിയുന്നു. ദൈവവചനത്തിന്റെ വായനയിലൂടെ മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ യഹോവ നിങ്ങളെ അനുഗ്രഹിക്കും.
വായിക്കുക, മനനം ചെയ്യുക
4. യോശുവ 1:8-ലെ നിർദേശത്തിനു ചേർച്ചയിൽ നാം എന്തു ചെയ്യണം?
4 തന്റെ ദാസന്മാർ തന്റെ വചനം ഓടിച്ചു വായിച്ചുതീർക്കാനല്ല യഹോവ ആഗ്രഹിക്കുന്നത്. “ഈ ന്യായപ്രമാണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; . . . നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം” എന്ന് തന്റെ ദാസനായ യോശുവയോട് യഹോവ പറഞ്ഞു. (യോശു. 1:8; സങ്കീ. 1:2) ന്യായപ്രമാണപുസ്തകത്തിലുള്ളത്, “വായിൽനിന്നു നീങ്ങിപ്പോകരുത്” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം ഉൽപത്തി മുതൽ വെളിപാട് വരെ ബൈബിളിലെ എല്ലാ വാക്കുകളും അക്ഷരാർഥത്തിൽ ഒരു മന്ദസ്വരത്തിൽ വായിക്കണമെന്നാണോ? അല്ല. മറിച്ച്, നമ്മുടെ വായന മനനം ചെയ്യാൻ കഴിയുംവിധം സാവകാശമായിരിക്കണം എന്നാണ്. അങ്ങനെ ഇരുത്തിവായിക്കുന്നത് ആ സമയത്ത് നിങ്ങൾക്ക് പ്രത്യേകാൽ ആവശ്യമുള്ളതും പ്രോത്സാഹനമേകുന്നതും ആയ വേദഭാഗങ്ങളിൽ ശ്രദ്ധയൂന്നാൻ സഹായിക്കും. അത്തരം വാചകങ്ങളോ വാക്യങ്ങളോ വിവരണങ്ങളോ കാണുമ്പോൾ സാവധാനം വായിക്കുക, നിങ്ങളുടെ വായകൊണ്ട് അവ ഉച്ചരിക്കുക. അങ്ങനെയാകുമ്പോൾ ആ തിരുവെഴുത്തിന്റെ പ്രഭാവം ഒട്ടും ചോർന്നുപോകാതെ വ്യക്തിപരമായി നിങ്ങളിൽ സ്വാധീനം ചെലുത്തും. അത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം, ദൈവം നൽകുന്ന ബുദ്ധിയുപദേശത്തിന്റെ അർഥം കൃത്യമായി മനസ്സിലാകുന്നെങ്കിൽ മാത്രമേ അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ഹൃദയം നിങ്ങളെ പ്രചോദിപ്പിക്കൂ.
5-7. ദൈവവചനം സാവകാശം മനസ്സിരുത്തി വായിക്കുന്നത്, (എ) ധാർമികശുദ്ധി പാലിക്കുന്നതിന് (ബി) മറ്റുള്ളവരോട് ക്ഷമയോടും ദയയോടും കൂടെ ഇടപെടുന്നതിന് (സി) പ്രതിസന്ധികൾ നേരിടുമ്പോൾ യഹോവയിൽ ആശ്രയം അർപ്പിക്കുന്നതിന്, സഹായകരമാകുന്നത് എങ്ങനെയെന്ന് ദൃഷ്ടാന്തീകരിക്കുക.
5 അത്ര പരിചിതമല്ലാത്ത ബൈബിൾപ്പുസ്തകങ്ങൾ വായിക്കുമ്പോൾ സാവകാശം മനസ്സിരുത്തിവായിക്കുന്നത് വിശേഷാൽ ഗുണംചെയ്യും. അതു മനസ്സിലാക്കാനായി മൂന്നു സാഹചര്യങ്ങൾ നമുക്കു നോക്കാം. ആദ്യം, വ്യക്തിപരമായ ബൈബിൾവായനയുടെ ഭാഗമായി ഹോശേയപ്രവചനം വായിക്കാനെടുക്കുന്ന ഒരു കൗമാരക്കാരനെക്കുറിച്ചു ചിന്തിക്കാം. 4-ാം അധ്യായത്തിന്റെ 11-13 വരെയുള്ള വാക്യങ്ങൾ സാവകാശം വായിച്ചതിനു ശേഷം അവൻ അൽപ്പം നിറുത്തുന്നു. (ഹോശേയ 4:11-13 വായിക്കുക.) എന്തുകൊണ്ട്? സ്കൂളിലായിരിക്കെ അസാന്മാർഗികകാര്യങ്ങളിൽ ഉൾപ്പെടാനുള്ള സമ്മർദം ചെറുത്തുനിൽക്കാൻ കഠിനമായി ശ്രമിച്ചുകൊണ്ടിരുന്ന അവനെ ഈ വാക്യം പെട്ടെന്ന് ആകർഷിക്കുന്നു. അവൻ ആ തിരുവെഴുത്തിനെക്കുറിച്ച് ഒരുനിമിഷം ആലോചിക്കുന്നു. അവൻ മനസ്സിൽ ഇങ്ങനെ ചിന്തിക്കുന്നു: ‘ആളുകൾ രഹസ്യത്തിൽ ചെയ്യുന്ന മോശമായ കാര്യങ്ങൾപോലും യഹോവ കാണുന്നു. അവനെ വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.’ ദൈവമുമ്പാകെ ധാർമികശുദ്ധി പാലിക്കാൻ ഈ യുവസഹോദരൻ ഉള്ളിൽ തീരുമാനമെടുക്കുന്നു.
6 ഇനി, രണ്ടാമത്തെ സാഹചര്യത്തിലേക്കു വരാം. യോവേൽപ്രവചനം വായിച്ചുകൊണ്ടിരിക്കുന്ന ഒരു സഹോദരി അതിന്റെ 2-ാം അധ്യായം 13-ാം വാക്യത്തിലെത്തുന്നു. (യോവേൽ 2:13 വായിക്കുക.) ആ വാക്യം മനസ്സിരുത്തി വായിക്കവെ, “കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള” യഹോവയെ എങ്ങനെ അനുകരിക്കാം എന്ന് അവൾ ധ്യാനിക്കുന്നു. ഭർത്താവിനോടും മറ്റുള്ളവരോടും സംസാരിക്കുമ്പോൾ പരിഹാസവും ദേഷ്യവും ഒഴിവാക്കാൻ ശ്രമിക്കുമെന്ന് അവൾ തീരുമാനമെടുക്കുന്നു.
7 മൂന്നാമത്തെ സാഹചര്യത്തിൽ നാം കാണുന്നത് ഒരു ക്രിസ്തീയപിതാവിനെയാണ്. ജോലി നഷ്ടപ്പെട്ട അദ്ദേഹം ഭാര്യയെയും മക്കളെയും എങ്ങനെ പുലർത്തും എന്ന ഉത്കണ്ഠയിലാണ്. അദ്ദേഹം നഹൂം 1:7-ലെ, ‘യഹോവ തങ്കൽ ആശ്രയിക്കുന്നവരെ അറിയുന്നു’ എന്നും അവൻ ‘കഷ്ടദിവസത്തിൽ ശരണമാകുന്നു’ എന്നുമുള്ള വാക്കുകൾ മനസ്സിരുത്തി സാവകാശം വായിക്കുന്നു. അത് അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നു. യഹോവയുടെ ആർദ്രമായ പരിപാലനം അദ്ദേഹത്തിന് അനുഭവവേദ്യമാകുന്നു. അങ്ങനെ അമിതമായി ഉത്കണ്ഠപ്പെടുന്നത് അദ്ദേഹം നിറുത്തുന്നു. താഴേക്കു വായിച്ചുവരുമ്പോൾ 15-ാം വാക്യവും അദ്ദേഹം ഇതുപോലെ സാവധാനം വായിക്കുന്നു. (നഹൂം 1:15 വായിക്കുക.) ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോഴും സുവാർത്താപ്രസംഗവേല നിറുത്താതെ തുടരുന്നത് താൻ യഹോവയെ ശരണമാക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് ആ സഹോദരൻ മനസ്സിലാക്കുന്നു. അതുകൊണ്ട്, ജോലിയന്വേഷണം തുടരുന്നതിനോടൊപ്പം മധ്യവാര വയൽസേവനക്രമീകരണത്തെ പിന്തുണയ്ക്കാനും അദ്ദേഹം ഇപ്പോൾ പ്രചോദിതനായിരിക്കുകയാണ്.
8. നിങ്ങളുടെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ഒരു ആത്മീയരത്നത്തെക്കുറിച്ച് ചുരുക്കമായി പറയുക.
8 മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്നു ചിലർ കരുതുന്ന ബൈബിൾപ്പുസ്തകങ്ങളിൽനിന്നുള്ളവയാണ് നാം ഇപ്പോൾ കണ്ട പ്രയോജനപ്രദമായ വിവരങ്ങൾ. ഹോശേയ, യോവേൽ, നഹൂം എന്നീ പുസ്തകങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അതിന്റെ ഇതരഭാഗങ്ങളും സാവകാശം മനസ്സിരുത്തി വായിക്കുക. ഈ പ്രവാചകന്മാരുടെ ലിഖിതങ്ങളിൽ എത്രയെത്ര ജ്ഞാനമൊഴികളും ആശ്വാസവചസ്സുകളും ആണ് നിങ്ങളെ കാത്തിരിക്കുന്നതെന്നോ! മറ്റു ബൈബിൾപ്പുസ്തകങ്ങളുടെ കാര്യമോ? ദൈവവചനം സമ്പന്നമായ ഒരു രത്നഖനിപോലെയാണ്. അവിടം നന്നായി ഖനനം ചെയ്യുക! ദിവ്യമാർഗനിർദേശത്തിന്റെയും സമാശ്വാസത്തിന്റെയും അനർഘരത്നങ്ങൾ കുഴിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ മുഴുബൈബിളും വായിക്കുക.
ഗ്രാഹ്യം നേടാൻ യത്നിക്കുക
9. ദൈവഹിതത്തെക്കുറിച്ചുള്ള ഗ്രാഹ്യം നമുക്ക് എങ്ങനെ വർധിപ്പിക്കാം?
9 എല്ലാ ദിവസവും ബൈബിളിന്റെ ഒരു ഭാഗം വായിക്കുന്നത് പ്രധാനമായിരിക്കുമ്പോൾത്തന്നെ, വായിക്കുന്ന ഭാഗത്തെക്കുറിച്ചുള്ള ഗ്രാഹ്യവും ഉൾക്കാഴ്ചയും നേടാനും നിങ്ങൾ മനസ്സുവെക്കണം. അതുകൊണ്ട്, നിങ്ങൾ വായിക്കുന്ന ഭാഗത്തു പരാമർശിച്ചിരിക്കുന്ന ആളുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എന്നിവയുടെ പശ്ചാത്തലവിവരങ്ങൾ ഗവേഷണം ചെയ്യാനായി യഹോവയുടെ സംഘടനയുടെ പ്രസിദ്ധീകരണങ്ങൾ നന്നായി പ്രയോജനപ്പെടുത്തുക. ഇനി, വായനയുടെ ഇടയിൽ ശ്രദ്ധയിൽപ്പെട്ട ഏതെങ്കിലുമൊരു തിരുവെഴുത്തുപദേശം പ്രാവർത്തികമാക്കേണ്ടത് എങ്ങനെയെന്ന് നിങ്ങൾക്ക് വ്യക്തമല്ലെങ്കിൽ സഭയിലെ ഒരു മൂപ്പനോടോ പക്വതയുള്ള ഒരു ക്രിസ്ത്യാനിയോടോ ചോദിക്കുക. തിരുവെഴുത്തുഗ്രാഹ്യം വർധിപ്പിക്കാൻ യത്നിച്ച ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്ത്യാനിയുടെ മാതൃക നമുക്കു പരിചിന്തിക്കാം—അപ്പൊല്ലോസിന്റെ മാതൃക. നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അത് എടുത്തുകാണിക്കുന്നു.
10, 11. (എ) സുവാർത്തയുടെ ശുശ്രൂഷകനെന്ന നിലയിൽ പുരോഗമിക്കാൻ അപ്പൊല്ലോസിന് എന്തു സഹായം ലഭിച്ചു? (ബി) അപ്പൊല്ലോസിനെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (“ഏറ്റവും പുതിയ ഗ്രാഹ്യത്തിനു ചേർച്ചയിലാണോ നിങ്ങൾ പഠിപ്പിക്കുന്നത്?” എന്ന ചതുരം കാണുക.)
10 ‘തിരുവെഴുത്തുകളിൽ പ്രാവീണ്യമുള്ളവനും ആത്മാവിനാൽ ജ്വലിച്ചിരുന്നവനും’ ആയ ഒരു യഹൂദക്രിസ്ത്യാനിയായിരുന്നു അപ്പൊല്ലോസ്. “യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ എങ്കിലും . . . (അവൻ) യേശുവിനെക്കുറിച്ചുള്ള കാര്യങ്ങൾ കൃത്യതയോടെ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു” എന്നാണ് പ്രവൃത്തികളുടെ പുസ്തകത്തിൽ അവനെക്കുറിച്ചു പറയുന്നത്. പക്ഷേ, അറിയാതെയാണെങ്കിലും സ്നാനത്തെക്കുറിച്ചുള്ള കാലഹരണപ്പെട്ട ഒരു ആശയമാണ് അപ്പൊല്ലോസ് പഠിപ്പിച്ചുപോന്നത്. അവൻ എഫെസൊസിൽ പഠിപ്പിക്കുന്നതു കേട്ട ക്രിസ്തീയദമ്പതികളായ പ്രിസ്കില്ലയും അക്വിലായും, “ദൈവത്തിന്റെ മാർഗത്തെക്കുറിച്ച് കൂടുതൽ കൃത്യതയോടെ (അവനു) വിവരിച്ചുകൊടുത്തു.” (പ്രവൃ. 18:24-26) അപ്പൊല്ലോസിനെ ഇത് എങ്ങനെയാണ് സഹായിച്ചത്?
11 എഫെസൊസിലെ പ്രസംഗപ്രവർത്തനത്തിനു ശേഷം അപ്പൊല്ലോസ് അഖായയിലേക്കു പോയി. “അവിടെ എത്തിയപ്പോൾ ദൈവകൃപയാൽ വിശ്വാസത്തിലേക്കു വന്നവരെ അവൻ വളരെ സഹായിച്ചു. അവൻ പരസ്യമായി യഹൂദന്മാരുടെ വാദങ്ങൾ ശക്തിയുക്തം ഖണ്ഡിക്കുകയും യേശുതന്നെയാണ് ക്രിസ്തു എന്ന് തിരുവെഴുത്തുകളിൽനിന്നു തെളിയിക്കുകയും ചെയ്തു.” (പ്രവൃ. 18:27, 28) അപ്പോഴേക്കും ക്രിസ്തീയസ്നാനത്തിന്റെ അർഥം കൃത്യമായി വിശദീകരിക്കാൻ അപ്പൊല്ലോസ് പഠിച്ചുകഴിഞ്ഞിരുന്നു. ഗ്രാഹ്യം മെച്ചപ്പെടുത്താനായതു നിമിത്തം സത്യാരാധനയിൽ പുരോഗമിക്കുന്നതിന് പുതിയ ആളുകളെ ‘വളരെയധികം സഹായിക്കാൻ’ അവനു കഴിഞ്ഞു. ഈ വിവരണത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാനാകും? അപ്പൊല്ലോസിനെപ്പോലെ, ബൈബിളിൽനിന്നു വായിക്കുന്ന കാര്യങ്ങളുടെ അർഥം ഗ്രഹിക്കാനായി നാം പരിശ്രമിക്കണം. കൂടാതെ, നമ്മുടെ പഠിപ്പിക്കൽ മെച്ചപ്പെടുത്താനുള്ള ചില മാർഗങ്ങൾ പരിചയസമ്പന്നനായ ഒരു സഹവിശ്വാസി പറഞ്ഞുതരുന്നെങ്കിൽ താഴ്മയോടും നന്ദിയോടും കൂടെ അതു സ്വീകരിക്കുക. അങ്ങനെ ചെയ്യുന്നപക്ഷം, നമ്മുടെ വിശുദ്ധസേവനത്തിന്റെ ഗുണമേന്മ ഇനിയും വർധിക്കും.
മറ്റുള്ളവരെ സഹായിക്കുന്നതിന് പഠിച്ച കാര്യങ്ങൾ ഉപയോഗിക്കുക
12, 13. തിരുവെഴുത്തുകൾ നയപൂർവം ഉപയോഗിച്ചുകൊണ്ട് ബൈബിൾവിദ്യാർഥികളെ എങ്ങനെ സഹായിക്കാമെന്ന് ദൃഷ്ടാന്തീകരിക്കുക.
12 പ്രിസ്കില്ലയെയും അക്വിലായെയും അപ്പൊല്ലോസിനെയും പോലെ മറ്റുള്ളവർക്ക് അനുഗ്രഹമായിത്തീരാൻ നമുക്കുമാകും. ഒരു താത്പര്യക്കാരന്റെ ആത്മീയപുരോഗതിക്ക് വിഘ്നംനിൽക്കുന്ന ഒരു കാര്യം മറികടക്കാൻ നിങ്ങളുടെ പ്രോത്സാഹനം അദ്ദേഹത്തെ സഹായിക്കുന്നെങ്കിൽ നിങ്ങൾക്ക് എത്ര സന്തോഷം തോന്നും! ഇനി, നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ, നിങ്ങൾ നൽകിയ തിരുവെഴുത്തു ബുദ്ധിയുപദേശം ദുഷ്കരമായ ഒരു സാഹചര്യത്തെ തരണംചെയ്യാൻ തന്നെ സഹായിച്ചെന്ന് ഒരു സഹോദരനോ സഹോദരിയോ നിങ്ങളോടു നന്ദിയോടെ വന്നു പറയുമ്പോൾ നിങ്ങൾക്ക് എന്തായിരിക്കും തോന്നുക? ജീവിതം മെച്ചപ്പെടുത്താൻ ദൈവവചനം ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരെ സഹായിക്കുന്നത് നിങ്ങൾക്ക് എന്തെന്നില്ലാത്ത സന്തോഷവും ചാരിതാർഥ്യവും പകരും.a അത് എങ്ങനെ ചെയ്യാനാകുമെന്നു നോക്കാം.
13 ഏലിയാവിന്റെ കാലത്തെ ഇസ്രായേല്യരിൽ നല്ലൊരുപങ്കും ആരാധനയോടുള്ള ബന്ധത്തിൽ ‘രണ്ടുതോണിയിൽ കാൽവെക്കുന്നവരായിരുന്നു.’ ഏലിയാവ് അവർക്കു നൽകിയ ബുദ്ധിയുപദേശം, ആത്മീയമായി പുരോഗതിപ്രാപിക്കാൻ മടിച്ചുനിൽക്കുന്ന തീരുമാനശേഷിയില്ലാത്ത ഒരു ബൈബിൾവിദ്യാർഥിയെ സഹായിക്കുന്നതിന് ഉപയോഗിക്കാനാകും. (1 രാജാക്കന്മാർ 18:21 വായിക്കുക.) മറ്റൊരു സാഹചര്യം പറഞ്ഞാൽ, ഒരു താത്പര്യക്കാരൻ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ഭയക്കുന്നെന്നു കരുതുക. യഹോവയെ ആരാധിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ബലപ്പെടുത്താൻ യെശയ്യാവു 51:12, 13 (വായിക്കുക.) ഉപയോഗിച്ച് അദ്ദേഹത്തോടു സംസാരിച്ചുനോക്കുക.
14. മറ്റുള്ളവരെ സഹായിക്കാനായി ഒരു തിരുവെഴുത്ത് ആവശ്യമായിവരുമ്പോൾ അത് ഓർത്തെടുക്കാൻ എങ്ങനെ കഴിയും?
14 വായനക്കാരെ പ്രോത്സാഹിപ്പിക്കുകയും തിരുത്തുകയും ബലപ്പെടുത്തുകയും ചെയ്യാൻപോന്ന അനേകം വചനങ്ങളാൽ സമൃദ്ധമാണ് ബൈബിൾ. എന്നാൽ നിങ്ങളുടെ മനസ്സിൽ ഇപ്പോൾ ഒരു ചോദ്യം ഉദിക്കുന്നുണ്ടാകും: ‘ഒരു സാഹചര്യം വരുമ്പോൾ പറ്റിയ ഒരു തിരുവെഴുത്ത് എനിക്ക് എങ്ങനെ കണ്ടെത്താനാകും?’ എല്ലാദിവസവും ബൈബിൾ വായിക്കുകയും ദൈവത്തിന്റെ ചിന്തകളെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുക. അങ്ങനെ ദിവ്യ അരുളപ്പാടുകളുടെ ഒരു ശേഖരം മനസ്സിൽ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്കു കഴിയും. ആവശ്യമായി വരുമ്പോൾ അത് ഓർമയിലേക്കു കൊണ്ടുവരാൻ യഹോവയുടെ ആത്മാവ് സഹായിക്കും.—മർക്കോ. 13:11; യോഹന്നാൻ 14:26 വായിക്കുക.b
15. ദൈവവചനം കൂടുതൽ മെച്ചമായി മനസ്സിലാക്കാൻ നിങ്ങളെ എന്തു സഹായിക്കും?
15 ശലോമോൻ രാജാവിനെപ്പോലെ ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുള്ള ജ്ഞാനത്തിനായി യഹോവയോടു പ്രാർഥിക്കുക. (2 ദിന. 1:7-10) യഹോവയെയും അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള പരിജ്ഞാനത്തിനായി, പുരാതന നാളിലെ പ്രവാചകന്മാരെപ്പോലെ ദൈവവചനത്തിൽ “ആരായുകയും സൂക്ഷ്മതയോടെ അന്വേഷിക്കുകയും” ചെയ്യുക. (1 പത്രോ. 1:10-12) “വിശ്വാസത്തിന്റെ വചനത്താലും . . . സദുപദേശത്താലും” സ്വയം പോഷിപ്പിക്കണമെന്ന് പൗലോസ് അപ്പൊസ്തലൻ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചു. (1 തിമൊ. 4:6) അപ്രകാരം ചെയ്യുന്നെങ്കിൽ മറ്റുള്ളവരെ ആത്മീയമായി സഹായിക്കാൻ പറ്റിയ സ്ഥാനത്തായിരിക്കും നിങ്ങൾ. കൂടാതെ നിങ്ങളുടെതന്നെ വിശ്വാസവും ബലപ്പെടും.
ദൈവവചനം നമുക്കേകുന്ന സംരക്ഷണം
16. (എ) “ദിനന്തോറും ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിക്കു”ന്ന പതിവ് ബെരോവക്കാർക്ക് ഗുണംചെയ്തത് എങ്ങനെ? (ബി) ദിവസവും ബൈബിൾ വായിക്കുന്നത് ഇന്നു നമുക്ക് ജീവത്പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
16 മാസിഡോണിയൻ നഗരമായ ബെരോവയിലെ യഹൂദന്മാർക്ക് “ദിനന്തോറും ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിക്കു”ന്ന ഒരു പതിവുണ്ടായിരുന്നു. പൗലോസ് അവരോടു സുവിശേഷം പ്രസംഗിച്ചപ്പോൾ അവൻ പറഞ്ഞ കാര്യങ്ങൾ തങ്ങൾക്ക് അപ്പോൾത്തന്നെയുണ്ടായിരുന്ന തിരുവെഴുത്തുഗ്രാഹ്യവുമായി അവർ ഒത്തുനോക്കി. ഫലമോ? അവൻ പഠിപ്പിക്കുന്നത് സത്യമാണെന്ന് അവരിൽ പലർക്കും ബോധ്യംവന്നു. “അങ്ങനെ, അവരിൽ അനേകർ വിശ്വാസികളായിത്തീർന്നു.” (പ്രവൃ. 17:10-12) ഇതു കാണിക്കുന്നത് ദൈവവചനം ദിവസവും വായിക്കുന്നത് യഹോവയിലുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്നു എന്നാണ്. ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക് അതിജീവിക്കണമെങ്കിൽ അത്തരം വിശ്വാസം അഥവാ ‘പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ചബോധ്യം’ അനിവാര്യമാണ്.—എബ്രാ. 11:1.
17, 18. (എ) ശക്തമായ വിശ്വാസവും സ്നേഹവും ഒരു ക്രിസ്ത്യാനിയുടെ ആലങ്കാരികഹൃദയത്തെ സംരക്ഷിക്കുന്നത് എങ്ങനെ? (ബി) പ്രത്യാശ നമ്മെ അനർഥങ്ങളിൽനിന്ന് സംരക്ഷിക്കുന്നത് എങ്ങനെ?
17 പൗലോസ് പിൻവരുന്ന പ്രകാരം എഴുതിയതിന് തക്ക കാരണമുണ്ടായിരുന്നു: “നാമോ പകലിനുള്ളവരാകയാൽ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മാർച്ചട്ട ധരിച്ചും രക്ഷയുടെ പ്രത്യാശയാകുന്ന ശിരസ്ത്രം അണിഞ്ഞും സുബോധത്തോടെയിരിക്കാം.” (1 തെസ്സ. 5:8) ഒരു യോദ്ധാവിന്റെ ഹൃദയത്തിന് ശത്രുവിന്റെ ആക്രമണത്തിൽനിന്നു സംരക്ഷണം ആവശ്യമാണ്. സമാനമായി, ഒരു ക്രിസ്ത്യാനിയുടെ ആലങ്കാരികഹൃദയത്തിന് പാപം ചെലുത്തുന്ന സ്വാധീനത്തിൽനിന്നു സംരക്ഷണം ആവശ്യമാണ്. ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്നേഹത്തോടൊപ്പം യഹോവയുടെ ഒരു ദാസൻ അവന്റെ വാഗ്ദാനങ്ങളിൽ ശക്തമായ വിശ്വാസം പ്രകടമാക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? അപ്പോൾ അയാൾ അത്യന്തം മേന്മയേറിയ ആത്മീയമാർച്ചട്ട അണിയുകയാണ്. ദൈവാംഗീകാരം നഷ്ടപ്പെടുന്ന എന്തെങ്കിലും അയാൾ ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്.
18 പൗലോസ് ഹെൽമെറ്റിനെ അഥവാ ശിരസ്ത്രത്തെ കുറിച്ചും പറഞ്ഞു, “രക്ഷയുടെ പ്രത്യാശയാകുന്ന ശിരസ്ത്രം.” തല സംരക്ഷിക്കാനുള്ള മാർഗം സ്വീകരിച്ചില്ലെങ്കിൽ ബൈബിൾക്കാലങ്ങളിലെ ഒരു പടയാളി എളുപ്പത്തിൽ കൊല്ലപ്പെടുമായിരുന്നു. എന്നാൽ നല്ല ഒരു ശിരസ്ത്രം, ആഘാതങ്ങളേൽക്കുമ്പോൾ ഗുരുതരമായ പരിക്കുപറ്റാതെ തലയെ സംരക്ഷിക്കും. ദൈവവചനം പഠിക്കുമ്പോൾ രക്ഷിക്കാനുള്ള യഹോവയുടെ പ്രാപ്തിയിൽ പ്രത്യാശയർപ്പിക്കാൻ നമുക്കു സാധിക്കും. ശക്തമായ പ്രത്യാശ, വിശ്വാസത്യാഗികളെയും കാർന്നുതിന്നുന്ന വ്രണംപോലുള്ള അവരുടെ ‘വ്യർഥഭാഷണങ്ങളെയും’ തിരസ്കരിക്കാൻ നമ്മെ സഹായിക്കും. (2 തിമൊ. 2:16-19) യഹോവ കുറ്റംവിധിച്ചിരിക്കുന്നതരം പ്രവൃത്തികളിലേക്ക് നമ്മെ സ്വാധീനിക്കാൻ ശ്രമിക്കുന്നവർക്കു പുറംതിരിയാനുള്ള ഉൾക്കരുത്തും പ്രത്യാശ നമുക്ക് പ്രദാനംചെയ്യും.
അതിജീവനത്തിന് അനുപേക്ഷണീയം
19, 20. ദൈവവചനത്തെ നാം അത്യധികം ആദരിക്കുന്നത് എന്തുകൊണ്ട്, അതിനോടുള്ള വിലമതിപ്പ് എങ്ങനെ കാണിക്കാം? (‘എനിക്ക് ആവശ്യമായതുതന്നെ യഹോവ നൽകുന്നു’ എന്ന ചതുരം കാണുക.)
19 വ്യവസ്ഥിതിയുടെ അന്ത്യത്തോട് അടുക്കുന്തോറും യഹോവയുടെ വചനത്തിലുള്ള ആശ്രയം നാം ഇനിയുമേറെ വർധിപ്പിക്കേണ്ടിവരും. തെറ്റായ ശീലങ്ങളെ തിരുത്താനും പാപപൂർണമായ ചായ്വുകളെ നിയന്ത്രിക്കാനും അതിൽനിന്നുള്ള ഉപദേശം നമ്മെ സഹായിക്കും. അതു പകരുന്ന ആശ്വാസത്തിലൂടെയും പ്രോത്സാഹനത്തിലൂടെയും, സാത്താനും അവന്റെ ലോകവും കൊണ്ടുവരുന്ന ഏതു പരിശോധനകളെയും മറികടക്കാൻ നമുക്കാകും. യഹോവ തന്റെ വചനത്തിലൂടെ നൽകുന്ന ഉപദേശങ്ങൾ ജീവന്റെ പാതയിൽനിന്നു വ്യതിചലിക്കാതെ മുന്നേറാൻ നമ്മെ സഹായിക്കും.
20 “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണ”മെന്നതാണ് ദൈവഹിതം എന്നോർക്കുക. ‘സകലതരം മനുഷ്യരിൽ’ യഹോവയുടെ ദാസന്മാരായ നമ്മളും പ്രസംഗപഠിപ്പിക്കൽ വേലയിലൂടെ നമ്മൾ ഇനിയും സഹായിക്കാനിരിക്കുന്നവരും ഉൾപ്പെടും. എന്നാൽ രക്ഷ പ്രാപിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ‘സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തേണ്ടതുണ്ട്.’ (1 തിമൊ. 2:4) അതുകൊണ്ട് അന്ത്യനാളുകളെ അതിജീവിക്കുന്നതിന് ബൈബിൾ വായിക്കുന്നതും അതിലെ നിശ്വസ്തമൊഴികൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതും ഒഴിച്ചുകൂടാനാകാത്തതാണ്. അതെ, ദിവസേനയുള്ള ബൈബിൾവായനയിലൂടെ യഹോവയുടെ വിലപ്പെട്ട സത്യവചനത്തെ അത്യധികം ആദരിക്കുന്നെന്ന് തെളിയിക്കുകയാണു നാം.—യോഹ. 17:17.
a മറ്റുള്ളവരെ കുറ്റംവിധിക്കാനോ അവരുടെമേൽ സമ്മർദം ചെലുത്താനോ നാം തിരുവെഴുത്തു ബുദ്ധിയുപദേശം കരുവാക്കുകയില്ല. യഹോവ നമ്മോട് ഇടപെടുന്നതുപോലെ, ക്ഷമയോടെയും ദയയോടെയും വേണം നാം ബൈബിൾവിദ്യാർഥികളോട് ഇടപെടാൻ.—സങ്കീ. 103:8.
b ഒരു തിരുവെഴുത്തിലെ പ്രധാനവാക്കുകൾ അല്ലാതെ പുസ്തകത്തിന്റെ പേരോ അധ്യായമോ വാക്യമോ നിങ്ങൾ ഓർക്കുന്നില്ലെങ്കിലോ? ബൈബിളിന്റെ പുറകിലെ പദസൂചികയിലോ ഇംഗ്ലീഷിലുള്ള വാച്ച്ടവർ ലൈബ്രറിയിലോ പുതിയ ലോക ഭാഷാന്തരം ബൈബിളിന്റെ പദസൂചികയിലോ (Comprehensive Concordance of the New World Translation of the Holy Scriptures) വാക്കു തിരഞ്ഞ് തിരുവെഴുത്ത് കണ്ടെത്താനാകും.