ജീവിതകഥ
നല്ല മാതൃകകളെ കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്നു
“എനിക്ക് എത്ര വയസ്സായെന്ന് അറിഞ്ഞിട്ടുതന്നെയാണോ?” ഞാൻ ചോദിച്ചു. “അതൊക്കെ എനിക്ക് കൃത്യമായി അറിയാം,” ഐസക് മറേ മറുപടി പറഞ്ഞു. കൊളറാഡോയിലായിരുന്ന എന്നെ ന്യൂയോർക്കിലെ പാറ്റേർസണിൽനിന്ന് ഫോൺ ചെയ്യുകയായിരുന്നു അദ്ദേഹം. എന്താണ് ആ സംഭാഷണത്തിലേക്കു നയിച്ചത്? ഞാൻ പറയാം.
ഐക്യനാടുകളിലുള്ള കാൻസസിലെ വിചറ്റോയിലാണു ഞാൻ ജനിച്ചത്, 1936 ഡിസംബർ 10-ന്. നാലു മക്കളിൽ മൂത്തയാളായിരുന്നു ഞാൻ. ദൈവസേവനത്തിൽ തീക്ഷ്ണതയുള്ളവരായിരുന്നു എന്റെ പപ്പ വില്യമും അമ്മ ജീനും. പപ്പ കമ്പനിദാസനായിരുന്നു. സഭയിൽ നേതൃത്വമെടുക്കുന്ന സഹോദരനെ അക്കാലങ്ങളിൽ വിളിച്ചിരുന്നത് അങ്ങനെയാണ്. അമ്മയെ സത്യം പഠിപ്പിച്ചത് അമ്മയുടെ അമ്മയായിരുന്നു. എമ്മാ വാഗ്നർ എന്നായിരുന്നു വല്യമ്മയുടെ പേര്. വല്യമ്മ മറ്റു പലരെയും സത്യം പഠിപ്പിച്ചിട്ടുണ്ട്. അതിൽ ഒരാളായിരുന്നു പോർട്ടോ റീക്കോയിൽ വർഷങ്ങളോളം മിഷനറിയായി സേവിച്ച ഗെർട്രൂഡ് സ്റ്റീൽ.a അങ്ങനെ പല വ്യക്തികളുടെയും മാതൃകകൾ കണ്ടാണു ഞാൻ വളർന്നുവന്നത്.
കുട്ടിക്കാലത്തെ നല്ല മാതൃകകൾ
വഴിയാത്രക്കാർക്കു മാസികകൾ കൊടുത്തുകൊണ്ട് തെരുവിൽ നിൽക്കുന്ന എന്റെ പപ്പ
എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ, ഒരു ശനിയാഴ്ച വൈകുന്നേരം തെരുവിൽ നിന്നുകൊണ്ട് പപ്പയും ഞാനും ആളുകൾക്കു വീക്ഷാഗോപുരം മാസികയും ആശ്വാസം (ഇപ്പോൾ ഉണരുക!) മാസികയും കൊടുക്കുകയായിരുന്നു. രാജ്യം രണ്ടാം ലോകയുദ്ധത്തിൽ ഏർപ്പെട്ടിരുന്ന സമയം. മദ്യപിച്ച് ലക്കുകെട്ട് അതുവഴി വന്ന ഒരു ഡോക്ടർ പപ്പ ക്രിസ്തീയനിഷ്പക്ഷത പാലിക്കുന്നതിനെ കളിയാക്കാനും അധിക്ഷേപിക്കാനും തുടങ്ങി. പപ്പ ഒരു ഭീരുവാണെന്നും സൈന്യത്തിൽച്ചേരാതെ മുങ്ങിനടക്കുകയാണെന്നും അയാൾ പറഞ്ഞു. അയാൾ പപ്പയുടെ അടുത്തേക്കുവന്ന് തുറിച്ചുനോക്കിക്കൊണ്ട് പറഞ്ഞു: “ചുണയുണ്ടെങ്കിൽ എന്നെയൊന്ന് അടിക്ക്, പേടിത്തൊണ്ടാ!” ഞാൻ ശരിക്കും പേടിച്ചുപോയി. പക്ഷേ പപ്പയോട് എനിക്ക് അങ്ങേയറ്റം ആദരവ് തോന്നി. കാരണം, തടിച്ചുകൂടിയ ജനക്കൂട്ടത്തിനു പപ്പ അപ്പോഴും മാസിക കൊടുക്കുകയായിരുന്നു. അപ്പോൾ അതുവഴി ഒരു പട്ടാളക്കാരൻ നടന്നുവന്നു. ഡോക്ടർ ആ പട്ടാളക്കാരനോട് ഇങ്ങനെ അലറി: “ഇയാളെ കൊണ്ടുപോയി എന്തെങ്കിലും ചെയ്യാമോ?” ഡോക്ടർ മദ്യപിച്ചിട്ടാണു സംസാരിക്കുന്നതെന്നു പട്ടാളക്കാരനു മനസ്സിലായി. അതുകൊണ്ട് പട്ടാളക്കാരൻ അയാളോടു പറഞ്ഞു: “വീട്ടിൽ പോ, വെളിവ് വരട്ടെ?” ഡോക്ടർ അങ്ങനെ അവിടെനിന്ന് പോയി, പട്ടാളക്കാരനും അവിടെ നിന്നില്ല. യഹോവ പപ്പയ്ക്കു ധൈര്യം കൊടുത്തതിനെക്കുറിച്ച് ഞാൻ നന്ദിയോടെ ഓർക്കുന്നു. വിചറ്റോയിൽ പപ്പയ്ക്കു രണ്ടു ബാർബർഷോപ്പുകളുണ്ടായിരുന്നു. ഡോക്ടറാകട്ടെ പപ്പയുടെ ബാർബർഷോപ്പിൽ സ്ഥിരമായി വരുന്നയാളും!
1940-ൽ വിചറ്റോയിലെ കൺവെൻഷനു മാതാപിതാക്കളോടൊപ്പം
എനിക്ക് എട്ടു വയസ്സുള്ളപ്പോൾ പപ്പയും അമ്മയും വീടും കടകളും വിറ്റിട്ട് ചെറിയ ഒരു വാഹനവീടു പണിതു. എന്നിട്ട് ആവശ്യം അധികമുള്ളിടത്ത് സേവിക്കാനായി ഞങ്ങൾ കൊളറാഡോയിലേക്കു പോയി ഗ്രാന്റ് ജംഗ്ഷന് അടുത്ത് താമസമാക്കി. അവിടെ പപ്പയും അമ്മയും മുൻനിരസേവനം ചെയ്യാൻതുടങ്ങി. ഒപ്പം കൃഷിയും കന്നുകാലിവളർത്തലും. യഹോവയുടെ അനുഗ്രഹത്തിന്റെയും തീക്ഷ്ണതയോടെയുള്ള അവരുടെ സേവനത്തിന്റെയും ഫലമായി അവിടെ ഒരു സഭ രൂപീകരിച്ചു. അവിടെവെച്ച് ബൈബിൾസത്യം സ്വീകരിച്ച പലരോടുമൊപ്പം 1948 ജൂൺ 20-ന് പപ്പ എന്നെ മലയിലെ ഒരു അരുവിയിൽ സ്നാനപ്പെടുത്തി. അന്ന് എന്റെകൂടെ സ്നാനമേറ്റവരായിരുന്നു ബില്ലി നിക്കോൾസും ഭാര്യയും. ആ ദമ്പതികൾ പിന്നീടു സർക്കിട്ട് വേല ആരംഭിച്ചു. അവരുടെ മകനും ഭാര്യയും അതേ പാത പിന്തുടർന്നു.
മുഴുസമയസേവനത്തിലായിരുന്ന പലരുമായും ഞങ്ങൾ അടുത്ത് സഹവസിക്കുകയും കെട്ടുപണി ചെയ്യുന്ന ആത്മീയചർച്ചകൾ ആസ്വദിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് സ്റ്റീൽ കുടുംബാംഗങ്ങളായ ഡോണും എർലിനും, ഡേവും ജൂലിയയും, സൈയും മാർത്തയും. എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചവരാണ് അവർ. ദൈവരാജ്യം ഒന്നാമതു വെക്കുന്നത് ഒരാളുടെ ജീവിതത്തിന് യഥാർഥ സന്തോഷവും ആനന്ദവും പകരുന്നത് എങ്ങനെയാണെന്ന് അവർ കാണിച്ചുതന്നു.
വീണ്ടും മാറിത്താമസിക്കുന്നു
എനിക്ക് 19 വയസ്സുള്ളപ്പോൾ ഞങ്ങളുടെ ഒരു കുടുംബസുഹൃത്തായ ബഡ് ഹാസ്റ്റി ഐക്യനാടുകളുടെ തെക്കുഭാഗത്ത് മുൻനിരസേവനം ചെയ്യാൻ എന്നെ ക്ഷണിച്ചു. നിഷ്ക്രിയരായ നിരവധി സഹോദരങ്ങളുണ്ടായിരുന്ന ലൂയിസിയാനയിലെ റെസ്റ്റണിൽ സേവിക്കാൻ സർക്കിട്ട് മേൽവിചാരകൻ ഞങ്ങളോട് ആവശ്യപ്പെട്ടു. മീറ്റിങ്ങിനു വരുന്നവർ എത്ര കുറവാണെങ്കിലും എല്ലാ ആഴ്ചയും മീറ്റിങ്ങ് നടത്തണമെന്നു ഞങ്ങളോടു പറഞ്ഞിരുന്നു. ആദ്യം അതിനായി ഞങ്ങൾ നല്ല ഒരു സ്ഥലം കണ്ടുപിടിച്ചു. പിന്നെ മീറ്റിങ്ങുകളെല്ലാം നടത്താൻ തുടങ്ങി. പക്ഷേ ആദ്യത്തെ ചില ആഴ്ചകളിൽ ഞങ്ങൾ രണ്ടു പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരാൾ പരിപാടി നടത്തുമ്പോൾ മറ്റേയാൾ സദസ്സിലിരുന്ന് ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയും. അവതരണമുള്ളപ്പോൾ ഞങ്ങൾ രണ്ടു പേരും സ്റ്റേജിലായിരിക്കും. സദസ്സാകട്ടെ കാലിയും! ഒടുവിൽ പ്രായമുള്ള ഒരു സഹോദരി വരാൻ തുടങ്ങി. കാലക്രമേണ ചില ബൈബിൾവിദ്യാർഥികളും നിഷ്ക്രിയരായവരും. അധികം വൈകാതെ അതു തഴച്ചുവളരുന്ന ഒരു സഭയായി മാറി.
ഒരു ദിവസം ചർച്ച് ഓഫ് ക്രൈസ്റ്റ് സഭാവിഭാഗത്തിന്റെ ഒരു ശുശ്രൂഷകനെ ഞാനും ബഡും കണ്ടുമുട്ടി. എനിക്കു പരിചയമില്ലാത്ത ചില തിരുവെഴുത്തുകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ആ സംഭാഷണം എന്നെയൊന്നു പിടിച്ചുകുലുക്കി. ഞാൻ വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ അത് ഇടയാക്കി. അദ്ദേഹം ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഒരു ആഴ്ച മുഴുവൻ വിളക്കിന്റെ ചെറുനാളത്തിൽ രാത്രി വൈകിയിരുന്നും ഞാൻ പഠിച്ചു. സത്യം സ്വന്തമാക്കാൻ അത് എന്നെ ശരിക്കും സഹായിച്ചു. മറ്റൊരു മതശുശ്രൂഷകനുമായി സംസാരിക്കാൻ ഞാൻ അതിയായി വെമ്പൽകൊണ്ടു.
കുറച്ച് നാൾ കഴിഞ്ഞ്, അർക്കൻസാസിലെ എൽ ഡൊറാഡോയിലേക്കു പോയി അവിടെയുള്ള സഭയെ സഹായിക്കാൻ സർക്കിട്ട് മേൽവിചാരകൻ എന്നോടു പറഞ്ഞു. അവിടെയായിരുന്നപ്പോൾ സൈനികബോർഡിനു മുമ്പാകെ ഹാജരാകാൻ കൂടെക്കൂടെ ഞാൻ കൊളറാഡോയിലേക്കു പോകുമായിരുന്നു. അങ്ങനെ ഒരു യാത്രയിൽ ഞാനും കൂടെയുണ്ടായിരുന്ന മുൻനിരസേവകരും സഞ്ചരിച്ച എന്റെ കാർ ടെക്സസിൽവെച്ച് ഒരു അപകടത്തിൽപ്പെട്ടു. കാർ ഉപയോഗിക്കാൻ കൊള്ളാതായി. ഞങ്ങൾ ഒരു സഹോദരനെ ഫോൺ ചെയ്തു. അദ്ദേഹം വന്ന് ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്കും പിന്നെ മീറ്റിങ്ങിനും കൊണ്ടുപോയി. അവിടെവെച്ച് ഞങ്ങൾക്കുണ്ടായ അപകടത്തെക്കുറിച്ച് അവർ ഒരു അറിയിപ്പു നടത്തി. അവിടെയുള്ള സഹോദരങ്ങൾ ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ചു. എന്നെ കൂട്ടിക്കൊണ്ടുപോയ സഹോദരൻ എന്റെ കാർ 25 ഡോളറിനു വിറ്റുതരുകയും ചെയ്തു.
ഞങ്ങൾ അവിടെനിന്ന് വിചറ്റോയിൽ എത്തി. ഡോക്ക് എന്നു വിളിച്ചിരുന്ന ഞങ്ങളുടെ ഒരു കുടുംബസുഹൃത്തായ ഇ. എഫ്. മക്കാർട്ട്നി അവിടെ മുൻനിരസേവനം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികളായ ഫ്രാങ്കും ഫ്രാൻസിസും അന്നും ഇന്നും എന്റെ ഉറ്റസുഹൃത്തുക്കളാണ്. അവർക്ക് ഒരു പഴയ കാറുണ്ടായിരുന്നു. അവർ അത് എനിക്കു തന്നു, 25 ഡോളറിന്. എന്റെ കേടായ കാർ വിറ്റ അതേ വിലയ്ക്കുതന്നെ. രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെച്ചതുകൊണ്ട് യഹോവ എന്റെ ആവശ്യം നടത്തിത്തന്നത് അന്നു ഞാൻ ആദ്യമായി കണ്ടു. അവിടെയായിരുന്നപ്പോൾ മക്കാർട്ട്നിയും കുടുംബവും ബെഥേൽ ക്രെയിൻ എന്ന സുന്ദരിയായ, ആത്മീയതയുള്ള ഒരു സഹോദരിയെ എനിക്കു പരിചയപ്പെടുത്തി. കാൻസസിലുള്ള വെലിങ്ടണിലെ രൂത്ത് എന്ന സഹോദരിയായിരുന്നു ബെഥേലിന്റെ അമ്മ. 90 വയസ്സു കഴിഞ്ഞിട്ടും അവർ തീക്ഷ്ണതയോടെ മുൻനിരസേവനം തുടർന്നു. ഞാനും ബെഥേലും പരിചയപ്പെട്ട് ഒരു വർഷം തികയുന്നതിനു മുമ്പ് 1958-ൽ വിവാഹിതരായി. ഞങ്ങൾ ഒരുമിച്ച് എൽ ഡൊറാഡോയിൽ മുൻനിരസേവനം ചെയ്യാൻ തുടങ്ങി.
ആവേശംകൊള്ളിച്ച ക്ഷണങ്ങൾ
ഞങ്ങൾ കണ്ടുവളർന്ന മാതൃകായോഗ്യരായ സഹോദരങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോൾ യഹോവയുടെ സംഘടന ആവശ്യപ്പെടുന്നത് എന്തും ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. അർക്കൻസാസിലെ വാൾനട്ട് റിഡ്ജിൽ പ്രത്യേക മുൻനിരസേവകരായി ഞങ്ങളെ നിയമിച്ചു. 1962-ൽ ഗിലെയാദിന്റെ 37-ാമത്തെ ക്ലാസ്സിലേക്കു ക്ഷണം ലഭിച്ചപ്പോൾ ഞങ്ങൾ ശരിക്കും ആവേശഭരിതരായി. ഡോൺ സ്റ്റീൽ ഞങ്ങളുടെ ക്ലാസ്സിലുണ്ടെന്നറിഞ്ഞപ്പോൾ ഞങ്ങളുടെ സന്തോഷം വർധിച്ചു. ബിരുദം ലഭിച്ചതിനു ശേഷം ഞങ്ങളെ കെനിയയിലെ നയ്റോബിയിലേക്കു നിയമിച്ചു. ന്യൂയോർക്കിൽനിന്ന് പോന്നപ്പോൾ ഞങ്ങൾക്ക് അതിയായ ദുഃഖം തോന്നി. പക്ഷേ, നയ്റോബിയിലെ വിമാനത്താവളത്തിൽവെച്ച് സഹോദരങ്ങളെ കണ്ടപ്പോൾ ആ സങ്കടം സന്തോഷത്തിനു വഴിമാറി.
നയ്റോബിയിൽ മേരിയോടും ക്രിസിനോടും കൂടെ ശുശ്രൂഷയിൽ
കെനിയയും അവിടുത്തെ സന്തോഷകരമായ ശുശ്രൂഷയും പെട്ടെന്നുതന്നെ ഞങ്ങൾ ഇഷ്ടപ്പെട്ടുതുടങ്ങി. ഞങ്ങളുടെ ഫലകരമായ ആദ്യത്തെ ബൈബിൾപഠനം ക്രിസ് കനിയയും മേരി കനിയയും ഒത്തുള്ളതായിരുന്നു. അവർ ഇപ്പോഴും കെനിയയിൽ മുഴുസമയം സേവിക്കുന്നു. പിറ്റേ വർഷം യുഗാണ്ടയിലെ കമ്പാലയിലേക്കു ഞങ്ങളെ നിയമിച്ചു. അവിടുത്തെ ആദ്യത്തെ മിഷനറിമാരായിരുന്നു ഞങ്ങൾ. ആവേശകരമായ സമയങ്ങളായിരുന്നു പിന്നീട്. അവിടെയുള്ള അനേകർക്കും ബൈബിൾ പഠിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. അവരെല്ലാം യഹോവയുടെ സാക്ഷികളായിത്തീരുകയും ചെയ്തു. അങ്ങനെ ആഫ്രിക്കയിൽ മൂന്നര വർഷം ഞങ്ങൾ ചെലവിട്ടു. അതിനു ശേഷം ഞങ്ങൾ മക്കളെ വളർത്തുന്നതിലെ സന്തോഷം ആസ്വദിക്കാൻ തീരുമാനിച്ച് ഐക്യനാടുകളിലേക്കു മടങ്ങി. ആഫ്രിക്ക വിട്ട ആ ദിവസം ഞങ്ങൾക്കുണ്ടായ ദുഃഖം, ന്യൂയോർക്കിൽനിന്ന് പോന്നപ്പോൾ ഉണ്ടായതിനെക്കാൾ വളരെ വലുതായിരുന്നു. ആഫ്രിക്കയിലെ ആളുകളെ ഞങ്ങൾ അത്രയ്ക്കു സ്നേഹിച്ചിരുന്നു. എന്നെങ്കിലും ഒരിക്കൽ അവിടെ മടങ്ങിയെത്താമെന്നും ഞങ്ങൾ ആശിച്ചു.
ഒരു പുതിയ നിയമനം
എന്റെ പപ്പയും അമ്മയും താമസിച്ച കൊളറാഡോയുടെ പടിഞ്ഞാറെ മലഞ്ചെരുവിൽ ഞങ്ങൾ താമസമാക്കി. അധികം വൈകാതെ ഞങ്ങളുടെ മൂത്ത മകൾ കിംബർലിയും 17 മാസത്തിനു ശേഷം രണ്ടാമത്തെ മകൾ സ്റ്റെഫാനിയും ജനിച്ചു. മാതാപിതാക്കളെന്ന നിലയിലുള്ള ഉത്തരവാദിത്വം ഞങ്ങൾ ഗൗരവമായെടുത്തു. പ്രിയപ്പെട്ട മക്കളിൽ ബൈബിൾസത്യങ്ങൾ നട്ടുവളർത്താൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾക്കു ലഭിച്ച മാതൃക ഞങ്ങളുടെ കുട്ടികൾക്കും നൽകാൻ ഞങ്ങൾ ആഗ്രഹിച്ചു. കാരണം സ്വഭാവം രൂപപ്പെടുത്തുന്നതിൽ നല്ല മാതൃകകൾക്കു ശക്തമായ സ്വാധീനമുണ്ട്. പക്ഷേ അവർ വളരുമ്പോൾ യഹോവയെ സേവിക്കുമെന്ന് അത് ഉറപ്പു നൽകുന്നില്ല. എന്റെ അനിയനും ഒരു അനിയത്തിയും സത്യം വിട്ടുപോയി. കണ്ടുവളർന്ന മാതൃകകൾ അവർ വീണ്ടും അനുകരിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
കുട്ടികളെ പരിപാലിക്കുന്നതു ഞങ്ങൾക്കു ശരിക്കും സന്തോഷം നൽകി. ഞങ്ങൾ എപ്പോഴും കുടുംബം ഒരുമിച്ച് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു. ഞങ്ങൾ താമസിച്ചിരുന്നതു കൊളറാഡോയിലെ ആസ്പെന് അടുത്തായിരുന്നതുകൊണ്ട് മിക്കപ്പോഴും ഞങ്ങൾ മഞ്ഞിലൂടെ തെന്നിനടക്കാൻ പോകുമായിരുന്നു. ആ ഉല്ലാസവേളകളിൽ മക്കളോടു സംസാരിക്കാൻ ഞങ്ങൾ സമയം കണ്ടെത്തി. ചിലപ്പോഴൊക്കെ ഞങ്ങൾ ഒരുമിച്ച് പുറത്തുപോയി തങ്ങും. ആ സമയങ്ങളിൽ തീകൂട്ടി അതിനു ചുറ്റും ഇരുന്നുള്ള സംഭാഷണങ്ങൾ വളരെ രസകരമായിരുന്നു. ചെറുപ്പമായിരുന്നെങ്കിലും മക്കൾ പല ചോദ്യങ്ങളും ചോദിച്ചിരുന്നു. “വളർന്നുവരുമ്പോൾ ഞാൻ എന്തു ചെയ്യണം? ഞാൻ ആരെ വിവാഹം കഴിക്കണം?” എന്നൊക്കെ. അവരുടെ മനസ്സിലും ഹൃദയത്തിലും ആത്മീയമൂല്യങ്ങൾ നട്ടുവളർത്താൻ ഞങ്ങൾ ശ്രമിച്ചു. മുഴുസമയസേവനം ലക്ഷ്യം വെക്കുന്നതിനു ഞങ്ങൾ അവരെ പ്രോത്സാഹിപ്പിച്ചു. അതേ ലക്ഷ്യമുള്ള ആരെയെങ്കിലും വിവാഹം കഴിക്കുന്നതാണു നല്ലതെന്നും ഞങ്ങൾ പറയുമായിരുന്നു. ചെറുപ്പത്തിലേ വിവാഹം കഴിക്കാതിരിക്കുന്നതിന്റെ പ്രയോജനം മനസ്സിലാക്കാൻ ഞങ്ങൾ അവരെ സഹായിച്ചു. “23 വരെ കല്യാണം വേണ്ട” എന്ന ഒരു ചൊല്ലുതന്നെ ഞങ്ങളുണ്ടാക്കിയെടുത്തു.
ഞങ്ങളുടെ മാതാപിതാക്കളുടെ മാതൃക അനുകരിച്ചുകൊണ്ട് ഞങ്ങളും മീറ്റിങ്ങുകളിൽ പങ്കെടുക്കാനും കുടുംബം ഒന്നിച്ച് വയൽസേവനത്തിൽ ക്രമമായി ഏർപ്പെടാനും നല്ല ശ്രമം ചെയ്തു. മുഴുസമയസേവനത്തിലുള്ള ചിലരെ ഞങ്ങളുടെ വീട്ടിൽ താമസിപ്പിച്ചു. ഞങ്ങൾ മിഷനറിസേവനത്തിലായിരുന്ന കാലത്തെക്കുറിച്ച് വളരെ താത്പര്യത്തോടെ മിക്കപ്പോഴും സംസാരിച്ചിരുന്നു. നാലു പേരും ഒരുമിച്ച് ആഫ്രിക്കയിലേക്കു യാത്ര ചെയ്യുന്നതിനെക്കുറിച്ച് ഇടയ്ക്കിടെ പറയും. ഞങ്ങളുടെ മക്കൾ അവിടെ പോകാൻ ആഗ്രഹിക്കുകയും ചെയ്തു.
ഞങ്ങൾക്കു ക്രമമായ കുടുംബാധ്യയനമുണ്ടായിരുന്നു. സ്കൂളിൽ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങളെ ഞങ്ങൾ അഭിനയിച്ചുനോക്കും. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ഒരു സാക്ഷിയായി മക്കൾ അഭിനയിക്കും. ഈ വിധത്തിൽ പഠിക്കുന്നത് അവർക്ക് ഇഷ്ടമായിരുന്നു. അത് അവർക്ക് ആത്മവിശ്വാസം നേടിക്കൊടുക്കുകയും ചെയ്തു. അവർ മുതിർന്നപ്പോൾ ചിലപ്പോഴൊക്കെ കുടുംബാധ്യയനത്തെക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങി. ഒരിക്കൽ നിരാശപ്പെട്ട് ഞാൻ അവരോട്, കുടുംബാധ്യയനം ഇല്ലെന്നും മുറിയിലേക്കു പൊയ്ക്കൊള്ളാനും പറഞ്ഞു. അവർക്കു വിഷമമായി. പഠിക്കണമെന്നു പറഞ്ഞ് രണ്ടു പേരും കരയാൻ തുടങ്ങി. അവരുടെ ഹൃദയങ്ങളിൽ ആത്മീയകാര്യങ്ങളോടുള്ള വിലമതിപ്പു ഞങ്ങൾ നട്ടുവളർത്തുന്നുണ്ടെന്നു ഞങ്ങൾക്കു ബോധ്യമായി. അവർ പഠനം ഇഷ്ടപ്പെടാൻ തുടങ്ങി. എല്ലാ കാര്യങ്ങളും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾ അവർക്കു കൊടുക്കുകയും ചെയ്തു. നമ്മുടെ വിശ്വാസത്തിലെ ചില കാര്യങ്ങളോടു തങ്ങൾക്കു യോജിക്കാൻ കഴിയുന്നില്ലെന്നു ചിലപ്പോഴൊക്കെ അവർ പറഞ്ഞതു ഞങ്ങളെ വളരെയധികം വേദനിപ്പിച്ചു. എങ്കിലും അവരുടെ ഹൃദയത്തിൽ എന്താണുള്ളതെന്നു ഞങ്ങൾക്കു മനസ്സിലാക്കാൻ കഴിഞ്ഞു. അവരുമായി ന്യായവാദം ചെയ്തുകഴിയുമ്പോൾ കാര്യങ്ങളെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം ശരിയാണെന്ന് അവർക്കു മനസ്സിലാകും.
മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നു
മക്കളെ വളർത്തിക്കൊണ്ടുവരുന്ന പ്രോജക്ട് ഞങ്ങൾ വിചാരിച്ചതിലും വേഗം പൂർത്തിയായി. യഹോവയെ സ്നേഹിക്കുന്ന മക്കളായി അവരെ വളർത്തിക്കൊണ്ടുവരാൻ ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രമിച്ചു. അതിനു ദൈവത്തിന്റെ സംഘടനയുടെ സഹായവും വഴിനടത്തിപ്പും ഉണ്ടായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം അവർ രണ്ടു പേരും മുൻനിരസേവനം തുടങ്ങിയപ്പോൾ ഞങ്ങൾക്കു വളരെയധികം സന്തോഷം തോന്നി. അതിന് ആവശ്യമായ പണം കണ്ടെത്തുന്നതിനുവേണ്ടി ചില വൈദഗ്ധ്യങ്ങളും അവർ വികസിപ്പിച്ചെടുത്തു. ആവശ്യം അധികമുള്ളിടത്ത് പ്രവർത്തിക്കാനായി അവർ വേറെ രണ്ടു സഹോദരിമാരോടൊപ്പം ടെന്നസീയിലെ ക്ലിവ്ലാൻഡിലേക്കു പോയി. അവർ ഞങ്ങളുടെ അടുത്തുനിന്ന് പോയതു ഞങ്ങളെ വളരെയധികം വിഷമിപ്പിച്ചു. പക്ഷേ അവർ മുഴുസമയസേവനത്തിലാണല്ലോ എന്നോർത്തതു ഞങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്തു. ബെഥേലും ഞാനും വീണ്ടും മുൻനിരസേവനം ചെയ്യാൻതുടങ്ങി. സന്തോഷകരമായ മറ്റു പദവികളിലേക്ക് അതു വാതിൽ തുറന്നു. ഞങ്ങൾ പകരം സർക്കിട്ട് വേലയും കൺവെൻഷൻ നടത്തിപ്പിന്റെ ചുമതലയും നിർവഹിച്ചു.
ടെന്നസീയിലേക്കു മാറിത്താമസിക്കുന്നതിനു മുമ്പ് ഞങ്ങളുടെ മക്കൾ ലണ്ടനിലേക്ക് ഒരു യാത്ര പോയി. ആ സമയത്ത് അവിടെയുള്ള ബ്രാഞ്ചോഫീസ് സന്ദർശിച്ചു. അവിടെവെച്ച് അന്ന് 19 വയസ്സുണ്ടായിരുന്ന സ്റ്റെഫാനി ഒരു യുവ ബെഥേൽ അംഗമായിരുന്ന പോൾ നോർട്ടനെ കണ്ടുമുട്ടി. പിന്നീട് അവിടെ വീണ്ടും സന്ദർശിച്ചപ്പോൾ കിംബർലി പോളിന്റെ ഒരു സഹപ്രവർത്തകനായ ബ്രയാൻ ലെവ്ലിനെ പരിചയപ്പെട്ടു. പോളും സ്റ്റെഫാനിയും ആദ്യം വിവാഹിതരായി. സ്റ്റെഫാനിക്ക് 23 വയസ്സായതിനു ശേഷം. അടുത്ത വർഷം ബ്രയാനും കിംബർലിയും വിവാഹിതരായി. കിംബർലിക്ക് അപ്പോൾ പ്രായം 25. അങ്ങനെ 23 വയസ്സുവരെ കുടുംബഭാരങ്ങളൊന്നുമില്ലാതെ സ്വതന്ത്രരായി അവർ ദൈവത്തെ സേവിച്ചു. മക്കൾ ഉത്തമ വിവാഹയിണകളെ തിരഞ്ഞെടുത്തതു ഞങ്ങളെ വളരെയധികം സന്തോഷിപ്പിച്ചു.
2002-ൽ മലാവി ബ്രാഞ്ചോഫീസിൽ പോളിനൊപ്പം സ്റ്റെഫാനിയും ബ്രയാനും കിംബർലിയും
ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും വെച്ച മാതൃക സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽപ്പോലും ‘ഒന്നാമത് രാജ്യം അന്വേഷിക്കാനുള്ള’ യേശുവിന്റെ കല്പന അനുസരിക്കാൻ സഹായിച്ചെന്നു ഞങ്ങളുടെ മക്കൾ പറഞ്ഞിട്ടുണ്ട്. (മത്താ. 6:33) 1998 ഏപ്രിലിൽ പോളിനെയും സ്റ്റെഫാനിയെയും ഗിലെയാദിന്റെ 105-ാമത്തെ ക്ലാസ്സിലേക്കു ക്ഷണിച്ചു. ബിരുദദാനത്തിനു ശേഷം അവരെ ആഫ്രിക്കയിലെ മലാവിയിലേക്കു നിയമിച്ചു. ആ സമയത്തുതന്നെ ബ്രയാനെയും കിംബർലിയെയും ലണ്ടൻ ബെഥേലിലേക്കും നിയമിച്ചു. പിന്നീട് അവർക്കു മലാവി ബെഥേലിലേക്കു നിയമനം കിട്ടി. ഇതെല്ലാം കണ്ടപ്പോൾ ഞങ്ങൾക്ക് ഒരുപാടു സന്തോഷം തോന്നി. കാരണം, യുവജനങ്ങൾക്ക് അവരുടെ ജീവിതം ചെലവഴിക്കാൻ ഇതിലും മെച്ചമായ ഒരു വഴിയില്ല.
ആവേശകരമായ മറ്റൊരു ക്ഷണം
2001 ജനുവരിയിലാണു ഞാൻ നേരത്തെ പരാമർശിച്ച ഫോൺ എനിക്കു വന്നത്. പരിഭാഷാവിഭാഗത്തിന്റെ മേൽവിചാരകനായിരുന്ന മറേ സഹോദരൻ ലോകമെമ്പാടുമുള്ള പരിഭാഷകർക്ക് ഇംഗ്ലീഷ് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു കോഴ്സ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് എന്നോടു പറഞ്ഞു. അതിന്റെ ഒരു അധ്യാപകനാകാനുള്ള പരിശീലനത്തിന് എന്നെ പരിഗണിച്ച കാര്യം പറയാനാണ് എന്റെ 64-ാം വയസ്സിൽ അദ്ദേഹം എന്നെ വിളിച്ചത്. ബെഥേലും ഞാനും അതെക്കുറിച്ച് പ്രാർഥിച്ചു. ഞങ്ങളുടെ പ്രായമായ അമ്മമാരുടെ അഭിപ്രായം ആരാഞ്ഞു. ഞങ്ങളുടെ സഹായം നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും അവർക്കു രണ്ടു പേർക്കും ഞങ്ങൾ പോകണമെന്നുതന്നെയായിരുന്നു. ഞാൻ മറേ സഹോദരനെ വിളിച്ച് ഈ വലിയ പദവി ചെയ്യാൻ ഞങ്ങൾക്കു സന്തോഷമേ ഉള്ളൂ എന്നു പറഞ്ഞു.
അങ്ങനെയിരിക്കെ എന്റെ അമ്മയ്ക്കു കാൻസറാണെന്നു പരിശോധനയിൽ തെളിഞ്ഞു. ഞങ്ങൾ പോകുന്നില്ലെന്നും എന്റെ അനിയത്തി ലിൻഡയോടൊപ്പം അമ്മയെ പരിചരിക്കാൻ നിൽക്കാമെന്നും ഞാൻ പറഞ്ഞു. എന്നാൽ അമ്മയുടെ മറുപടി ഇതായിരുന്നു: “നീ അങ്ങനെ ചെയ്യരുത്. അത് എന്നെ കൂടുതൽ വിഷമിപ്പിക്കുകയേ ഉള്ളൂ.” ലിൻഡയ്ക്കും അതുതന്നെയാണു തോന്നിയത്. അവരുടെ ആത്മത്യാഗമനോഭാവവും പ്രദേശത്തെ മറ്റു സുഹൃത്തുക്കളുടെ സഹായവും ഞങ്ങൾ എത്ര വിലമതിച്ചെന്നോ! ഞങ്ങൾ പാറ്റേർസണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിലേക്കു പോയതിന്റെ പിറ്റേന്നു ലിൻഡ ഞങ്ങളെ വിളിച്ച് അമ്മ മരിച്ചുപോയെന്നു പറഞ്ഞു. ആ സമയത്ത് എന്തു ചെയ്യാൻ അമ്മ പ്രോത്സാഹിപ്പിക്കുമായിരുന്നോ അതുതന്നെ ഞങ്ങൾ ചെയ്തു; ഞങ്ങൾ ഞങ്ങളുടെ പുതിയ വേലയിൽ മുഴുകി.
ഞങ്ങളുടെ ആദ്യനിയമനം മലാവി ബ്രാഞ്ചിലേക്കായിരുന്നു. ഞങ്ങളുടെ മക്കളും അവരുടെ ഭർത്താക്കന്മാരും സേവിക്കുന്ന അതേ സ്ഥലത്തേക്ക്. ആ പുനഃസംഗമം ഞങ്ങളെ എത്ര സന്തോഷിപ്പിച്ചെന്നോ! അതിനു ശേഷം ആ കോഴ്സ് പഠിപ്പിക്കാനായി ഞാൻ സിംബാബ്വെയിലേക്കും സാംബിയയിലേക്കും പോയി. മൂന്നര വർഷം പഠിപ്പിച്ചതിനു ശേഷം ഞങ്ങളോടു മലാവിയിലേക്കു തിരികെപ്പോകാൻ പറഞ്ഞു. അവിടെ ക്രിസ്തീയ നിഷ്പക്ഷതയുടെ പേരിൽ പീഡനം അനുഭവിച്ച സാക്ഷികളുടെ അനുഭവങ്ങൾ രേഖപ്പെടുത്തുക എന്നതായിരുന്നു ഞങ്ങളുടെ പുതിയ നിയമനം.b
പേരക്കുട്ടികളോടൊപ്പം ശുശ്രൂഷയിൽ
2005-ൽ ഞങ്ങൾ കൊളറാഡോയിലുള്ള ബെസാൾട്ടിലേക്കു മടങ്ങി. ദുഃഖം പേറുന്ന മനസ്സുമായിട്ടായിരുന്നു ആ മടങ്ങിപ്പോക്ക്. ബെഥേലും ഞാനും അവിടെ മുൻനിരസേവനം തുടരുന്നു. 2006-ൽ ബ്രയാനും കിംബർലിയും, അവരുടെ രണ്ടു പെൺമക്കളായ മാക്കെൻസീയെയും എലിസബെത്തിനെയും വളർത്താനായി ഞങ്ങളുടെ തൊട്ടടുത്തേക്കു താമസം മാറി. പോളും സ്റ്റെഫാനിയും ഇപ്പോഴും മലാവിയിൽത്തന്നെയാണ്. പോൾ അവിടുത്തെ ബ്രാഞ്ച് കമ്മിറ്റി അംഗമായി സേവിക്കുന്നു. എനിക്ക് ഇപ്പോൾ 80-നോടടുത്ത് പ്രായമുണ്ട്. വർഷങ്ങളായി ഞാൻ വഹിച്ച ഉത്തരവാദിത്വങ്ങൾ എന്റെകൂടെ പ്രവർത്തിച്ച ചെറുപ്പക്കാരായ ആളുകൾ ഇപ്പോൾ നിർവഹിക്കുന്നതു കാണുമ്പോൾ എനിക്കു വളരെയധികം സന്തോഷം തോന്നുന്നു. ഈ സന്തോഷത്തിനെല്ലാം ഞാൻ കടപ്പെട്ടിരിക്കുന്നതു പ്രധാനമായും ഞങ്ങൾക്കു മാതൃകവെച്ച വ്യക്തികളോടാണ്. മക്കളുടെയും പേരക്കുട്ടികളുടെയും പ്രയോജനത്തിനായി ആ മാതൃക പ്രതിഫലിപ്പിക്കാൻ ഞങ്ങൾ കഠിനശ്രമം ചെയ്യുന്നു.
a 1956 മെയ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 269-272 പേജുകളിലും 1971 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 186-190 പേജുകളിലും സ്റ്റീൽ കുടുംബാംഗങ്ങളുടെ മിഷനറി പ്രവർത്തനത്തിന്റെ അനുഭവങ്ങൾ കാണാവുന്നതാണ്.
b ഉദാഹരണത്തിന്, 2015 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരം 14-18 പേജുകളിലെ ട്രോഫിം സോമ്പ സഹോദരന്റെ ജീവിതകഥ കാണുക.