യഹോവയോടും അവന്റെ പുത്രനോടും സന്തോഷപൂർവം ഐക്യത്തിലായിരിക്കുക
ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം മാർച്ച് 28-ന് ആചരിക്കുക
1 രണ്ടായിരത്തിരണ്ട് മാർച്ച് 28-ന് സൂര്യാസ്തമയ ശേഷം കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നതിലൂടെ, യഹോവയോടും യേശുക്രിസ്തുവിനോടും നാം സന്തോഷപൂർവം ഐക്യത്തിലാണെന്നു പ്രകടമാക്കുകയായിരിക്കും ചെയ്യുക. ആ പ്രത്യേക സന്ദർഭത്തിൽ, അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പ് സഹരാജ്യാവകാശികളുമായും പിതാവും പുത്രനുമായും ഒരു പ്രത്യേക “കൂട്ടായ്മ” ആസ്വദിക്കും. (1 യോഹ. 1:3; എഫെ. 1:11, 12) ദശലക്ഷങ്ങൾ വരുന്ന “വേറെ ആടുകൾ,” ദൈവത്തിന്റെ വേല നിറവേറ്റുന്നതിൽ ഒരേ മനസ്സും ഹൃദയവും ഉള്ളവരായിരുന്നുകൊണ്ട് യഹോവയോടും അവന്റെ പുത്രനോടും ഐക്യത്തിലായിരിക്കുന്നതിന്റെ മഹത്തായ പദവിയെ കുറിച്ചു ധ്യാനിക്കും!—യോഹ. 10:16.
2 ഉറ്റ ബന്ധത്തിൽ യോജിച്ചു പ്രവർത്തിക്കുക: യഹോവയും യേശുവും എല്ലായ്പോഴും സന്തോഷപൂർവം ഐക്യത്തിലായിരുന്നിട്ടുണ്ട്. മനുഷ്യസൃഷ്ടിക്കു മുമ്പ് യുഗങ്ങളോളം അവർ ഉറ്റ സഹവാസം ആസ്വദിച്ചിരുന്നു. (മീഖാ 5:2) അങ്ങനെ അവർക്കിടയിൽ ആർദ്രപ്രിയത്തിന്റെ ആഴമായ ഒരു ബന്ധം വികാസംപ്രാപിച്ചു. ജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവം എന്ന നിലയിൽ ഈ ആദ്യജാത പുത്രന് മനുഷ്യപൂർവ അസ്തിത്വത്തിൽ ആയിരിക്കെ ഇപ്രകാരം പറയാൻ കഴിഞ്ഞു: ‘ഞാൻ ഇടവിടാതെ [യഹോവയുടെ] മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനമ്പ്രതി അവന്റെ പ്രമോദമായിരുന്നു [“അവന് അത്യന്തം പ്രിയമുള്ളവനായിരുന്നു,” NW].’ (സദൃ. 8:30) സ്നേഹത്തിന്റെ ഉറവിടവുമായുള്ള, എണ്ണമറ്റ യുഗങ്ങളിലെ അടുത്ത സഹവാസം ദൈവപുത്രന്റെമേൽ ശക്തമായ സ്വാധീനം ചെലുത്തി.—1 യോഹ. 4:8.
3 മനുഷ്യവർഗത്തിന്റെ വീണ്ടെടുപ്പ് മുൻനിറുത്തി നമ്മുടെ പ്രത്യാശയ്ക്കുള്ള ഏക അടിസ്ഥാനമായ മറുവിലയാഗം പ്രദാനം ചെയ്യുന്നതിന് മനുഷ്യരിൽ പ്രത്യേകിച്ചു പ്രമോദം കണ്ടെത്തിയിരുന്ന തന്റെ ഏകജാത പുത്രനെ യഹോവ തിരഞ്ഞെടുത്തു. (സദൃ. 8:31) ഒരേ ഉദ്ദേശ്യം നിറവേറ്റുന്നതിൽ യഹോവയും അവന്റെ പുത്രനും ഐക്യത്തിലായിരിക്കുന്നതുപോലെ നാമും സന്തോഷപൂർവം ദൈവേഷ്ടം ചെയ്തുകൊണ്ട് അവരോടും തമ്മിൽ തമ്മിലും ശക്തമായ സ്നേഹബന്ധം പുലർത്തിക്കൊണ്ട് ഐക്യത്തിൽ തുടരുന്നു.
4 നമ്മുടെ ഹൃദയംഗമമായ വിലമതിപ്പു പ്രകടിപ്പിക്കൽ: സ്മാരകത്തിനു സന്നിഹിതരാകുകയും ശ്രദ്ധയോടും ആദരവോടും കൂടെ കേൾക്കുകയും ചെയ്തുകൊണ്ട് യഹോവയുടെ സ്നേഹത്തോടും നമുക്കു വേണ്ടിയുള്ള അവന്റെ പുത്രന്റെ യാഗത്തോടുമുള്ള ആത്മാർഥമായ വിലമതിപ്പ് നമുക്കു പ്രകടിപ്പിക്കാനാകും. യേശുവിന്റെ സ്നേഹപൂർവകമായ ദൃഷ്ടാന്തം, മറുവില പ്രദാനം ചെയ്യുന്നതിൽ മരണത്തോളം അവൻ പാലിച്ച വിശ്വസ്തത, ദൈവത്തിന്റെ സ്ഥാപിത രാജ്യത്തിന്റെ രാജാവ് എന്ന നിലയിലുള്ള അവന്റെ ഭരണം, മനുഷ്യവർഗത്തിന് ആ രാജ്യം കൈവരുത്തുന്ന അനുഗ്രഹങ്ങൾ എന്നിവ തദവസരത്തിൽ വിശേഷവത്കരിക്കപ്പെടും. നമ്മുടെ വിശ്വാസം തുടർച്ചയായി പ്രകടമാക്കേണ്ടതിന്റെയും, ‘സത്യത്തിന്റെ കൂട്ടുവേലക്കാർ’ ആയിരുന്നുകൊണ്ട് യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ ഉത്സാഹപൂർവം പ്രവർത്തിക്കേണ്ടതിന്റെയും ആവശ്യത്തെ കുറിച്ചും നാം ഓർമിപ്പിക്കപ്പെടും.—3 യോഹ. 8; യാക്കോ. 2:17.
5 നമ്മോടൊപ്പം പങ്കുചേരാൻ മറ്റുള്ളവരെ സഹായിക്കൽ: ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിനു ഹാജരാകാൻ തങ്ങളുടെ പ്രദേശത്തുള്ള നിഷ്ക്രിയരായ എല്ലാ സാക്ഷികളെയും പ്രോത്സാഹിപ്പിക്കുന്നതിന് മൂപ്പന്മാരുടെ സംഘം ഒരു പ്രത്യേക ശ്രമം നടത്തണം. (മത്താ. 18:12, 13) ആരെയൊക്കെ സന്ദർശിക്കാനുണ്ട് എന്നതിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കുക, അങ്ങനെയാകുമ്പോൾ ആരുടെയും കാര്യം മറന്നുപോകാതെ എല്ലാവരെയും വ്യക്തിപരമായി ക്ഷണിക്കാൻ കഴിയും.
6 സ്മാരകത്തിനു വന്നേക്കാവുന്ന മറ്റുള്ളവരെ നിങ്ങൾക്ക് അറിയാമോ? ഈ അവസരത്തോടുള്ള അവരുടെ വിലമതിപ്പു വളർത്തിയെടുക്കാൻ മുൻകൈ എടുക്കുക. അവരെ ഊഷ്മളമായി ക്ഷണിക്കുക, അവർക്കു സ്വാഗതമുണ്ട് എന്ന തോന്നൽ ഉളവാക്കുക. ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായ സ്മാരകത്തിന് നമ്മുടെ എല്ലാ ബൈബിൾ വിദ്യാർഥികളെയും മറ്റു താത്പര്യക്കാരെയും കുടുംബാംഗങ്ങളെയും പരിചയക്കാരെയും ക്ഷണിക്കാൻ നമ്മാലാവതു ചെയ്യാം. “ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത” മനസ്സിലാക്കുന്ന ഏവർക്കും മറുവിലയുടെ പ്രയോജനങ്ങൾ ലഭ്യമാണ്. (ഫിലി. 3:8) ക്രിസ്തുവിന്റെ യാഗത്തിൽ വിശ്വാസം പ്രകടമാക്കുന്നവർക്ക് നിത്യജീവന്റെ ഉറച്ച പ്രത്യാശ കൈവരിക്കാനാകും.—യോഹ. 3:16.
7 ആത്മാർഥഹൃദയരുടെമേൽ സ്മാരകത്തിന് ഉളവാക്കാൻ കഴിയുന്ന ഫലം ഒരിക്കലും താഴ്ത്തിമതിക്കരുത്. രണ്ടു വർഷം മുമ്പ് പാപ്പുവ ന്യൂഗിനി എന്ന ദ്വീപരാഷ്ട്രത്തിൽ, സ്മാരകത്തിനു ഹാജരാകുന്നതിനായി 11 താത്പര്യക്കാർ ഇളകിമറിയുന്ന കടലിലൂടെ ഒരു ചെറിയ ബോട്ടിൽ 17 മണിക്കൂർ യാത്രചെയ്തു. കാരണം? അവർ പറഞ്ഞു: “യഹോവയെ സേവിക്കുന്ന സഹ ആരാധകരോടൊപ്പം ക്രിസ്തുവിന്റെ സ്മാരകം ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു; അതിനാൽ, ഇങ്ങോട്ടുള്ള ഞങ്ങളുടെ വരവ് ശരിക്കും ഗുണകരമായിരുന്നു.” ആ താത്പര്യക്കാർ പ്രകടമാക്കിയ ഉത്സാഹത്തെയും യഹോവയോടും അവന്റെ പുത്രനോടും ക്രിസ്തീയ സഹോദരവർഗത്തോടും സന്തോഷപൂർവം ഐക്യത്തിലായിരിക്കുന്നതിലുള്ള അവരുടെ വിലമതിപ്പിനെയും കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ!
8 എല്ലാ താത്പര്യക്കാർക്കും ബൈബിൾ അധ്യയനം വാഗ്ദാനം ചെയ്യുക. ക്രമമായി സഭായോഗങ്ങൾക്കു ഹാജരാകാനും പഠിക്കുന്ന സത്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനും അവരെ പ്രോത്സാഹിപ്പിക്കുക. ‘വെളിച്ചത്തിൽ നടക്കാനും’ ബൈബിൾ തത്ത്വങ്ങൾ തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കിക്കൊണ്ട് ‘സത്യം പ്രവർത്തിക്കാനും’ അവരെ സഹായിക്കുക. (1 യോഹ. 1:6, 7) യഹോവയുമായി ഒരു ഉറ്റ ബന്ധം വളർത്തിയെടുക്കാനും ഐക്യത്തിൽ അവന്റെ ഇഷ്ടം ചെയ്യുക എന്ന പദവിയിൽ തുടർന്നു വളരാനും അവരെ സഹായിക്കുക.
9 ‘ഏകാത്മാവിൽ നിലനിന്ന്, ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നതിൽ’ സന്തോഷപൂർവം ഐക്യത്തിലായിരിക്കുക എന്നത് എത്ര മഹത്തായ പദവിയാണ്! (ഫിലി. 1:27, 28) യഹോവയോടും അവന്റെ പുത്രനോടും നന്ദിയുള്ളവരായിരുന്നുകൊണ്ട് മാർച്ച് 28-ലെ സ്മാരകവേളയിൽ സന്തോഷകരമായ സഹവാസം ആസ്വദിക്കുന്നതിനായി നമുക്കു നോക്കിപ്പാർത്തിരിക്കാം!—ലൂക്കൊ. 22:19.