പഠനലേഖനം 22
ഗീതം 127 ഞാൻ എങ്ങനെയുള്ള ആളായിരിക്കണം?
ഡേറ്റിങ്ങ് നിങ്ങളെ ശരിയായ തീരുമാനത്തിലേക്ക് നയിക്കട്ടെ
“ആന്തരികമനുഷ്യനാണ് . . . വിലയുള്ളത്.”—1 പത്രോ. 3:4.
ഉദ്ദേശ്യം
ശരിയായ തീരുമാനമെടുക്കാൻ സഹായിക്കുന്ന രീതിയിൽ എങ്ങനെ ഡേറ്റിങ്ങ് നടത്താമെന്നും സഭയിലെ മറ്റുള്ളവർക്ക് എങ്ങനെ അവരെ പിന്തുണയ്ക്കാമെന്നും കാണും.
1-2. ഡേറ്റിങ്ങിനെക്കുറിച്ച് ചിലർക്ക് എന്താണു തോന്നുന്നത്?
സന്തോഷം സമ്മാനിക്കാൻ കഴിയുന്ന ഒരു സമയമാണ് ഡേറ്റിങ്ങ്. നിങ്ങൾ ഇപ്പോൾ ഡേറ്റിങ്ങിലാണെങ്കിൽ തീർച്ചയായും ആ സമയം നന്നായി ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കും. പലരുടെയും കാര്യത്തിൽ അത് അങ്ങനെതന്നെയാണ്. ഇത്യോപ്യയിലുള്ള സിയാൻa സഹോദരി പറയുന്നു: “വിവാഹത്തിനു മുമ്പ് ഞാനും ഭർത്താവും ഒരുമിച്ച് ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള സമയങ്ങളിൽ ഒന്ന്. ഞങ്ങൾ ഗൗരവമുള്ള പല വിഷയങ്ങളും ചർച്ച ചെയ്തു, അതോടൊപ്പം തമാശകളും പറഞ്ഞു. എന്നെ സ്നേഹിക്കുന്ന, എനിക്കു സ്നേഹിക്കാനാകുന്ന ഒരാളെ കണ്ടെത്താൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം തോന്നി.”
2 നെതർലൻഡ്സിൽനിന്നുള്ള അലീഷോ സഹോദരൻ പറയുന്നു: “ഡേറ്റിങ്ങിന്റെ സമയത്ത് എനിക്ക് അവളെ നല്ലതുപോലെ അടുത്തറിയാനായി. അതു നല്ല രസമുള്ള സമയമായിരുന്നു. പക്ഷേ, ഞങ്ങൾക്കു പല വെല്ലുവിളികളും നേരിടേണ്ടിവന്നു.” ഡേറ്റിങ്ങിന്റെ സമയത്ത് ഉണ്ടായേക്കാവുന്ന ചില വെല്ലുവിളികളെക്കുറിച്ചും ആ സമയം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന ചില ബൈബിൾ തത്ത്വങ്ങളെക്കുറിച്ചും ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. ഡേറ്റിങ്ങിലേർപ്പെടുന്നവരെ സഭയിലുള്ളവർക്ക് എങ്ങനെ പിന്തുണയ്ക്കാമെന്നും ചിന്തിക്കും.
ഡേറ്റിങ്ങിന്റെ ഉദ്ദേശ്യം
3. ഡേറ്റിങ്ങിന്റെ ഉദ്ദേശ്യം എന്താണ്? (സുഭാഷിതങ്ങൾ 20:25)
3 ഡേറ്റിങ്ങ് വളരെ സന്തോഷം തരുന്ന സമയമാണ്. എന്നാൽ അത് വിവാഹത്തിലേക്കു നയിച്ചേക്കാവുന്നതുകൊണ്ട് അവർ അതിനെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. വിവാഹദിവസം അവർ യഹോവയുടെ മുമ്പാകെ എടുക്കുന്ന പ്രതിജ്ഞയിൽ, ജീവിച്ചിരിക്കുന്നിടത്തോളം കാലം പരസ്പരം സ്നേഹിക്കുമെന്നും ബഹുമാനിക്കുമെന്നും വാക്കു കൊടുക്കുന്നുണ്ട്. (സുഭാഷിതങ്ങൾ 20:25 വായിക്കുക.) ഏതൊരു പ്രതിജ്ഞ എടുക്കുന്നതിനു മുമ്പും നമ്മൾ കാര്യങ്ങൾ നന്നായി വിലയിരുത്തണം. വിവാഹപ്രതിജ്ഞയുടെ കാര്യത്തിലും അതു സത്യമാണ്. വിവാഹത്തിനു മുമ്പ് പരസ്പരം അടുത്തറിയാനും ശരിയായ തീരുമാനമെടുക്കാനും ഡേറ്റിങ്ങ് അവസരം നൽകുന്നു. ചിലപ്പോൾ വിവാഹം കഴിക്കാനായിരിക്കും തീരുമാനിക്കുന്നത് അല്ലെങ്കിൽ ഡേറ്റിങ്ങ് അവസാനിപ്പിക്കാനായിരിക്കും. വിവാഹം കഴിക്കേണ്ടാ എന്നാണ് തീരുമാനമെങ്കിൽ അതിന്റെ അർഥം, അവരുടെ ഡേറ്റിങ്ങ് ഒരു പരാജയമായിരുന്നു എന്നല്ല, പകരം ഡേറ്റിങ്ങിന്റെ ഉദ്ദേശ്യം നടന്നു എന്നാണ്. അതായത് അവർക്ക് ഒരു നല്ല തീരുമാനം എടുക്കാനായി.
4. ഡേറ്റിങ്ങിനെക്കുറിച്ച് നമുക്കു ശരിയായ കാഴ്ചപ്പാട് ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
4 ഏകാകികൾക്ക് ഡേറ്റിങ്ങിനെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണ്? അങ്ങനെയാകുമ്പോൾ, അവർ വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യമില്ലാതെ ഡേറ്റിങ്ങിൽ ഏർപ്പെടില്ല. എന്നാൽ ഇക്കാര്യത്തിൽ ഏകാകികൾക്കു മാത്രമല്ല ശരിയായ കാഴ്ചപ്പാട് ഉണ്ടായിരിക്കേണ്ടത്, എല്ലാവർക്കും വേണം. ഉദാഹരണത്തിന്, ഡേറ്റിങ്ങിൽ ഏർപ്പെടുന്ന രണ്ടു പേർ തമ്മിൽ എന്തായാലും വിവാഹം കഴിക്കണം എന്ന ചിന്ത ചിലർക്കുണ്ട്. ഈ മനോഭാവം ഏകാകികളായ ക്രിസ്ത്യാനികളെ എങ്ങനെയാണ് ബാധിക്കുന്നത്? ഐക്യനാടുകളിൽനിന്നുള്ള ഏകാകിയായ മെലിസ സഹോദരി പറയുന്നു: “ഒരു സഹോദരനും സഹോദരിയും ഡേറ്റിങ്ങ് ചെയ്യുമ്പോൾ വിവാഹിതരാകാൻ സഹോദരങ്ങളിൽനിന്നുതന്നെ അവർക്കു വലിയ സമ്മർദമുണ്ടാകാറുണ്ട്. അതുകൊണ്ട് പരസ്പരം യോജിക്കില്ലെന്നു തോന്നിയാൽപ്പോലും, വിവാഹം കഴിക്കാം എന്നു ചിലർ തീരുമാനിക്കുന്നു. മറ്റു ചിലർ ഡേറ്റിങ്ങേ വേണ്ട എന്നു വെക്കുന്നു.”
പരസ്പരം അടുത്തറിയുക
5-6. ഡേറ്റിങ്ങിൽ ഏർപ്പെടുന്നവർ പരസ്പരം എന്തെല്ലാം കാര്യങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കണം? (1 പത്രോസ് 3:4)
5 നിങ്ങൾ ആരെങ്കിലുമായി ഡേറ്റിങ്ങിലാണെങ്കിൽ വിവാഹം കഴിക്കണോ വേണ്ടയോ എന്ന് എങ്ങനെ തീരുമാനിക്കാനാകും? പരസ്പരം നന്നായി അടുത്തറിയാൻ ശ്രമിക്കുക. ഡേറ്റിങ്ങ് തുടങ്ങുന്നതിനു മുമ്പുതന്നെ ആ വ്യക്തിയെക്കുറിച്ച് കുറെ കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും. എന്നാൽ ഇത് ‘ആന്തരികമനുഷ്യനെ’ അഥവാ ഉള്ളിന്റെ ഉള്ളിലെ വ്യക്തിയെ അടുത്തറിയാനുള്ള അവസരമാണ്. (1 പത്രോസ് 3:4 വായിക്കുക.) അതിൽ ആ വ്യക്തിയുടെ ആത്മീയതയും വ്യക്തിത്വവും ചിന്താരീതിയും ഒക്കെ നന്നായി മനസ്സിലാക്കുന്നത് ഉൾപ്പെടുന്നു. ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം കണ്ടെത്താൻ നിങ്ങൾക്കു കഴിയണം: ‘ഈ വ്യക്തി എനിക്കു ചേരുന്ന ഒരു വിവാഹ പങ്കാളി ആയിരിക്കുമോ?’ (സുഭാ. 31:26, 27, 30; എഫെ. 5:33; 1 തിമൊ. 5:8) ‘വിവാഹം കഴിഞ്ഞ്, പരസ്പരം വേണ്ട സ്നേഹവും ശ്രദ്ധയും കൊടുക്കാൻ ഞങ്ങൾക്കു പറ്റുമോ? മറ്റേയാളുടെ വ്യക്തിത്വത്തിലെ പോരായ്മകൾ എനിക്കു സഹിക്കാൻ പറ്റുന്നവയാണോ?’b (റോമ. 3:23) അടുത്തറിയാൻ ശ്രമിക്കുമ്പോൾ ഒരു കാര്യം മനസ്സിൽ പിടിക്കണം: പരസ്പരയോജിപ്പ് എന്നത്, നിങ്ങൾ തമ്മിൽ എത്രത്തോളം സമാനതകളുണ്ട് എന്നതിനെ ആശ്രയിച്ചല്ല. പകരം, നിങ്ങളുടെ സ്വഭാവത്തിലെ വ്യത്യാസങ്ങളുമായി നിങ്ങൾക്ക് എത്രത്തോളം പൊരുത്തപ്പെട്ടു പോകാൻ കഴിയും എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.
6 ഡേറ്റിങ്ങിന്റെ സമയത്ത് മറ്റേ ആളെക്കുറിച്ച് ഇനി എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ അറിയണം? ആ വ്യക്തിയുമായി ഒരുപാട് അടുക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ പോലുള്ള പ്രധാനപ്പെട്ട ചില വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കും. എന്നാൽ ആരോഗ്യപ്രശ്നങ്ങളോ സാമ്പത്തികപ്രശ്നങ്ങളോ മുൻകാലത്തുണ്ടായ ദുരനുഭവങ്ങളോ പോലുള്ള കൂടുതൽ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചോ? എല്ലാ കാര്യങ്ങളെക്കുറിച്ചും തുടക്കത്തിൽത്തന്നെ പറയണമെന്നില്ല. (യോഹന്നാൻ 16:12 താരതമ്യം ചെയ്യുക.) ചില ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാനുള്ള സമയം ആയിട്ടില്ല എന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ അത് ആ വ്യക്തിയോടു പറയുക. എന്നാൽ കാര്യങ്ങളെല്ലാം വിലയിരുത്തി ഒരു തീരുമാനമെടുക്കാൻ കഴിയണമെങ്കിൽ, കുറച്ച് കഴിയുമ്പോൾ മറ്റേ വ്യക്തി അതെല്ലാം അറിയേണ്ടതുണ്ട്. അതുകൊണ്ട് ഒരു ഘട്ടമെത്തുമ്പോൾ എന്തായാലും നിങ്ങൾക്ക് അതെക്കുറിച്ചെല്ലാം തുറന്ന് സംസാരിക്കേണ്ടിവരും.
7. ഡേറ്റിങ്ങിൽ ഏർപ്പെടുന്ന രണ്ടു പേർക്ക് പരസ്പരം എങ്ങനെ അടുത്തറിയാം? (“അകലെയുള്ള രണ്ടു പേർ തമ്മിൽ ഡേറ്റിങ്ങിൽ ഏർപ്പെടുമ്പോൾ” എന്ന ചതുരവും കാണുക.) (ചിത്രങ്ങളും കാണുക.)
7 ഉള്ളിന്റെ ഉള്ളിൽ മറ്റേ വ്യക്തി എങ്ങനെയുള്ള ആളാണെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാം? സത്യസന്ധമായി തുറന്ന് സംസാരിക്കുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും നന്നായി ശ്രദ്ധിക്കുന്നതും ആണ് അതിനുള്ള ഏറ്റവും നല്ലൊരു വഴി. (സുഭാ. 20:5; യാക്കോ. 1:19) ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും പൊതുസ്ഥലങ്ങളിൽ ഒരുമിച്ച് നടക്കാൻ പോകുന്നതും ഒരുമിച്ച് പ്രസംഗപ്രവർത്തനം ചെയ്യുന്നതും ഒക്കെ തുറന്ന് സംസാരിക്കാനുള്ള അവസരങ്ങൾ നിങ്ങൾക്ക് തരും. കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും കൂടെ ആയിരിക്കുമ്പോഴും നിങ്ങൾക്ക് പരസ്പരം അടുത്തറിയാനാകും. വ്യത്യസ്ത സാഹചര്യങ്ങളിൽ ആ വ്യക്തി എങ്ങനെയാണ് ഇടപെടുന്നത്, വ്യത്യസ്ത തരക്കാരായ ആളുകളോട് എങ്ങനെയാണ് പെരുമാറുന്നത്, എന്നൊക്കെ മനസ്സിലാക്കാൻ സഹായിക്കുന്ന പലപല കാര്യങ്ങൾ പ്ലാൻ ചെയ്യുക. നെതർലൻഡ്സിൽനിന്നുള്ള എഷ്വിൻ എന്താണ് ചെയ്യാൻ ശ്രമിച്ചതെന്നു നോക്കുക. അലീഷ്യയുമായുള്ള ഡേറ്റിങ്ങിനെക്കുറിച്ച് അദ്ദേഹം പറയുന്നു: “പരസ്പരം മനസ്സിലാക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ ഞങ്ങൾ ശ്രമിച്ചു. അത് മിക്കതും ചെറിയചെറിയ കാര്യങ്ങൾ ആയിരുന്നു. ഭക്ഷണം ഉണ്ടാക്കുന്നതും മറ്റു ജോലികളും ഒക്കെ ഞങ്ങൾ ഒരുമിച്ച് ചെയ്തു. അപ്പോൾ മറ്റേയാളിന്റെ കഴിവുകളും പോരായ്മകളും ഒക്കെ മനസ്സിലാക്കാനായി.”
തുറന്ന് സംസാരിക്കാൻ അവസരമൊരുക്കുന്ന കാര്യങ്ങൾ ഒരുമിച്ച് ചെയ്യുന്നത്, പരസ്പരം അടുത്തറിയാൻ നിങ്ങളെ സഹായിച്ചേക്കും (7-8 ഖണ്ഡികകൾ കാണുക)
8. ഒരുമിച്ച് പഠിക്കുന്നത് ഡേറ്റിങ്ങ് ചെയ്യുന്നവർക്ക് എങ്ങനെ പ്രയോജനപ്പെട്ടേക്കാം?
8 ഒന്നിച്ച് ആത്മീയവിഷയങ്ങളെ കുറിച്ച് പഠിച്ചുകൊണ്ടും നിങ്ങൾക്ക് പരസ്പരം അടുത്തറിയാനാകും. വിവാഹം കഴിക്കുകയാണെങ്കിൽ നിങ്ങൾ എന്തായാലും കുടുംബാരാധനയ്ക്ക് സമയം കണ്ടെത്തണം. (സഭാ. 4:12) കാരണം വിവാഹത്തിൽ യഹോവയ്ക്കാണല്ലോ മുഖ്യസ്ഥാനം. അതുകൊണ്ട് ഡേറ്റിങ്ങിന് ഇടയിൽത്തന്നെ എന്തുകൊണ്ട് അതിനായി സമയം മാറ്റിവെച്ചുകൂടാ? ശരിയാണ്, ഡേറ്റിങ്ങിൽ ഏർപ്പെടുന്നവർ ഒരു കുടുംബമായിട്ടില്ല. മാത്രമല്ല, സഹോദരൻ സഹോദരിയുടെ തലയും അല്ല. എങ്കിലും ഒരുമിച്ച് പഠിക്കുന്നതിലൂടെ രണ്ടു പേരുടെയും ആത്മീയതയെക്കുറിച്ച് അവർക്ക് പരസ്പരം മനസിലാക്കാനാകും. ഐക്യനാടുകളിൽനിന്നുള്ള മാക്സും ലിസയും ഇതിന്റെ മറ്റൊരു പ്രയോജനം കണ്ടെത്തി. മാക്സ് പറയുന്നു: “ഡേറ്റിങ്ങിന്റെ തുടക്കത്തിൽതന്നെ ഡേറ്റിങ്ങ്, വിവാഹം, കുടുംബജീവിതം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്ന് ഞങ്ങൾ പഠിക്കാൻ തുടങ്ങി. വെറുതെ സംസാരിക്കുമ്പോൾ കടന്നുവരാത്ത പല പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള അവസരങ്ങൾ ഞങ്ങൾക്ക് അതിലൂടെ കിട്ടി.”
ചിന്തിക്കേണ്ട മറ്റു ഘടകങ്ങൾ
9. ഡേറ്റിങ്ങിനെക്കുറിച്ച് ആരോടൊക്കെ പറയണം എന്ന് ചിന്തിക്കുമ്പോൾ ഏത് കാര്യങ്ങൾ ഓർക്കണം?
9 ഡേറ്റിങ്ങിനെക്കുറിച്ച് നിങ്ങൾ ആരോടൊക്കെ പറയണം? അത് തീരുമാനിക്കേണ്ടത് നിങ്ങളാണ്. തുടക്കത്തിൽ ഇക്കാര്യം അധികം ആരോടും പറയേണ്ടെന്ന് നിങ്ങൾ തീരുമാനിച്ചേക്കാം. (സുഭാ. 17:27) അങ്ങനെയാകുമ്പോൾ അനാവശ്യചോദ്യങ്ങളും സമ്മർദങ്ങളും നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയും. എന്നാൽ ആരോടും പറയാതിരിക്കുന്നതും അപകടമാണ്. കാരണം ആരെങ്കിലും കണ്ടുപിടിക്കുമോ എന്നുള്ള പേടി കാരണം നിങ്ങൾ രണ്ടു പേരും ഒറ്റയ്ക്കായിപോകാനുള്ള സാധ്യതയുണ്ട്. അത് അപകടം ചെയ്യും. അതുകൊണ്ട് നല്ല ഉപദേശവും പ്രായോഗിക സഹായവും തരാൻ കഴിയുന്ന ചിലരോടെങ്കിലും പറയുന്നതു നല്ലതാണ്. (സുഭാ. 15:22) ഉദാഹരണത്തിന്, ചില കുടുംബാംഗങ്ങളോടോ പക്വതയുള്ള സുഹൃത്തുക്കളോടോ മൂപ്പന്മാരോടോ ഒക്കെ അതെക്കുറിച്ച് പറയാം.
10. മാന്യമായ വിധത്തിൽ എങ്ങനെ ഡേറ്റിങ്ങ് നടത്താം? (സുഭാഷിതങ്ങൾ 22:3)
10 മാന്യമായ വിധത്തിൽ എങ്ങനെ ഡേറ്റിങ്ങ് നടത്താം? പരസ്പരമുള്ള ഇഷ്ടം കൂടുന്നതനുസരിച്ച് നിങ്ങൾ തമ്മിലുള്ള ശാരീരിക ആകർഷണവും കൂടും. ധാർമികമായി ശുദ്ധരായിരിക്കാൻ നിങ്ങളെ എന്തു സഹായിക്കും? (1 കൊരി. 6:18) അധാർമിക കാര്യങ്ങളെക്കുറിച്ചുള്ള സംസാരം, ഒറ്റയ്ക്ക് ആയിരിക്കുന്നത്, അമിത മദ്യപാനം ഇതെല്ലാം ഒഴിവാക്കുക. (എഫെ. 5:3) കാരണം ഈ കാര്യങ്ങളെല്ലാം ലൈംഗിക ആഗ്രഹങ്ങൾ ഉണർത്തുകയും ശരിയായത് ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്യും. അന്തസ്സും മാന്യതയും നഷ്ടപ്പെടാത്ത വിധത്തിൽ എങ്ങനെ ഡേറ്റിങ്ങ് മുന്നോട്ടു കൊണ്ടുപോകാം എന്ന് ഇടയ്ക്കിടെ പരസ്പരം ചർച്ച ചെയ്യുന്നത് നല്ലതാണ്. (സുഭാഷിതങ്ങൾ 22:3 വായിക്കുക.) ഇത്യോപ്യക്കാരായ ഡാവിറ്റിനെയും അൽമാസിനെയും എന്താണ് സഹായിച്ചതെന്നു നോക്കുക: “ചുറ്റും ഒരുപാട് ആളുകൾ ഉള്ളപ്പോഴോ കൂട്ടുകാരുടെ ഒപ്പം ആയിരിക്കുമ്പോഴോ ഒക്കെയാണ് ഞങ്ങളൊരുമിച്ച് സമയം ചെലവഴിച്ചത്. ഒരു കാറിലോ വീട്ടിലോ ഒന്നും ഒറ്റയ്ക്കായി പോകാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെ പ്രലോഭനം തോന്നിയേക്കാവുന്ന സാഹചര്യങ്ങൾ ഞങ്ങൾ ഒഴിവാക്കി.”
11. സ്നേഹപ്രകടനങ്ങൾ എത്രത്തോളം ആകാം എന്ന് തീരുമാനിക്കുമ്പോൾ ഏതെല്ലാം കാര്യങ്ങൾ കണക്കിലെടുക്കണം?
11 സ്നേഹപ്രകടനങ്ങളുടെ കാര്യമോ? നിങ്ങൾ തമ്മിലുള്ള ഇഷ്ടം കൂടുന്നതനുസരിച്ച് ഉചിതമായ ചില വിധങ്ങളിൽ സ്നേഹം പ്രകടിപ്പിക്കാനും നിങ്ങൾ തീരുമാനിച്ചേക്കാം. എന്നാൽ ലൈംഗിക ആഗ്രഹങ്ങൾ ശക്തമാകാൻ ഇടയായാൽ വികാരങ്ങൾ മാറ്റിനിർത്തി ആ വ്യക്തിയെ ശരിയായ വിധത്തിൽ വിലയിരുത്താൻ നിങ്ങൾക്ക് കഴിയാതെ പോകും. (ഉത്ത. 1:2; 2:6) സ്നേഹപ്രകടനങ്ങൾ ആത്മനിയന്ത്രണം നഷ്ടമാകുന്നതിലേക്കും തെറ്റായ പ്രവൃത്തിയിലേക്കും നയിച്ചേക്കാം. (സുഭാ. 6:27) അതുകൊണ്ട് ഡേറ്റിങ്ങ് തുടങ്ങുമ്പോൾത്തന്നെ ഇക്കാര്യത്തിൽ ബൈബിൾതത്ത്വങ്ങൾക്ക് ചേർച്ചയിൽ എന്തെല്ലാം പരിധികൾ വെക്കാമെന്ന് ചർച്ച ചെയ്യുക.c (1 തെസ്സ. 4:3-7) അതുകൊണ്ട് ഇങ്ങനെ ചോദിക്കുക: ‘ഞങ്ങൾ തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ കണ്ടാൽ ചുറ്റുമുള്ള ആളുകൾക്ക് എന്തു തോന്നും? അതിലൂടെ ഞങ്ങളിൽ ആർക്കെങ്കിലും ലൈംഗിക ആഗ്രഹം തോന്നാൻ ഇടയുണ്ടോ?’
12. ഡേറ്റിങ്ങിനിടെ പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നെങ്കിൽ നിങ്ങൾ എന്തു ചിന്തിക്കണം?
12 പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും എങ്ങനെ കൈകാര്യം ചെയ്യാം? നിങ്ങൾ തമ്മിൽ ഇടയ്ക്കിടയ്ക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നെങ്കിലോ? നിങ്ങളുടെ ബന്ധം ശരിയാകില്ല എന്നാണോ അതിനർഥം? അങ്ങനെയാകണമെന്നില്ല. എല്ലാ ദമ്പതികൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. മറ്റേയാളുടെ താത്പര്യങ്ങളുമായി പൊരുത്തപ്പെടാനും പരസ്പരം ബഹുമാനിക്കാനും രണ്ടുപേരും തയ്യാറാകുന്നതാണ് ശക്തമായ വിവാഹബന്ധത്തിന്റെ ഒരു രഹസ്യം. ഇപ്പോൾ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് നിങ്ങളുടെ വിവാഹബന്ധം വിജയിക്കുമോ ഇല്ലയോ എന്ന് സൂചിപ്പിച്ചേക്കാം. സ്വയം ചോദിക്കുക: ‘കാര്യങ്ങൾ ശാന്തമായി, ആദരവോടെ ചർച്ച ചെയ്യാൻ ഞങ്ങൾക്ക് കഴിയാറുണ്ടോ? തെറ്റുകൾ പറ്റുമ്പോൾ അത് മടികൂടാതെ സമ്മതിക്കാനും മാറ്റം വരുത്താനും ഞങ്ങൾ മനസ്സുള്ളവരാണോ? വിട്ടുവീഴ്ച ചെയ്യാനും ക്ഷമ ചോദിക്കാനും ക്ഷമിക്കാനും ഞങ്ങൾ പെട്ടെന്ന് തയ്യാറാകുന്നുണ്ടോ?’ (എഫെ. 4:31, 32) എന്നാൽ ഡേറ്റിങ്ങിനിടെ നിങ്ങൾക്കിടയിൽ കൂടെക്കൂടെ അഭിപ്രായവ്യത്യാസങ്ങളോ തർക്കങ്ങളോ ഉണ്ടാകുന്നെങ്കിലോ? വിവാഹം കഴിഞ്ഞും അതിനു വലിയ വ്യത്യാസമൊന്നും വരാൻ സാധ്യതയില്ല. മറ്റേ വ്യക്തി നിങ്ങൾക്ക് ചേരുന്ന ആളല്ല എന്ന് മനസ്സിലാക്കുന്നെങ്കിൽ ഡേറ്റിങ്ങ് അവസാനിപ്പിക്കുന്നതായിരിക്കും നിങ്ങൾക്ക് രണ്ടു പേർക്കും ഏറ്റവും നല്ലത്.d
13. എത്ര കാലം ഡേറ്റിങ്ങ് മുന്നോട്ട് കൊണ്ടുപോകണമെന്നു തീരുമാനിക്കാൻ ഏതു കാര്യങ്ങൾ നിങ്ങളെ സഹായിക്കും?
13 എത്ര നാൾ ഡേറ്റിങ്ങ് ചെയ്യണം? എടുത്തുചാടിയുള്ള തീരുമാനങ്ങൾക്ക് മിക്കപ്പോഴും അതിന്റേതായ ചില ഭവിഷ്യത്തുകളും ഉണ്ടാകാറുണ്ട്. (സുഭാ. 21:5) അതുകൊണ്ട്, മറ്റേയാളെ നന്നായി അടുത്തറിയാൻ ആവശ്യമായ അത്രയും സമയം നിങ്ങൾ ചെലവിടണം. എന്നാൽ ഡേറ്റിങ്ങിന്റെ സമയം അനാവശ്യമായി വലിച്ചുനീട്ടുകയുമരുത്. “പ്രതീക്ഷകൾ നിറവേറാൻ വൈകുമ്പോൾ ഹൃദയം തകരുന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാ. 13:12) മാത്രമല്ല, ഡേറ്റിങ്ങിന്റെ സമയം നീണ്ടുപോകുന്നതനുസരിച്ച്, ലൈംഗികാഗ്രഹങ്ങളെ ചെറുക്കുന്നതു കൂടുതൽ ബുദ്ധിമുട്ടായേക്കാം. (1 കൊരി. 7:9) ഡേറ്റിങ്ങ് തുടങ്ങിയിട്ട് എത്ര നാളായി എന്നു ചിന്തിക്കുന്നതിനു പകരം സ്വയം ചോദിക്കുക, ‘ഒരു തീരുമാനം എടുക്കാൻ മറ്റേ വ്യക്തിയെക്കുറിച്ച് ഇനി ഞാൻ എന്താണ് അറിയേണ്ടത്?’
മറ്റുള്ളവർക്ക് എങ്ങനെ സഹായിക്കാം?
14. ഡേറ്റിങ്ങിൽ ഏർപ്പെടുന്നവരെ ഏതെല്ലാം വിധങ്ങളിൽ നമുക്കു പിന്തുണയ്ക്കാം? (ചിത്രവും കാണുക.)
14 ഡേറ്റിങ്ങിൽ ഏർപ്പെടുന്ന രണ്ടു പേരെ നമുക്ക് എങ്ങനെ സഹായിക്കാം? ഭക്ഷണത്തിനോ കുടുംബാരാധനയ്ക്കോ വിനോദപരിപാടികൾക്കോ നമുക്ക് അവരെ ക്ഷണിക്കാം. (റോമ. 12:13) അത് അവർക്കു കുടുതൽ അടുത്തറിയാനുള്ള അവസരങ്ങളായിരിക്കും. അവർക്ക് ഒരുമിച്ച് പുറത്ത് പോകാനോ, കാറിൽ യാത്ര ചെയ്യാനോ ഒരു കൂട്ട് വേണോ? എങ്കിൽ അവരെ സഹായിക്കുക. (ഗലാ. 6:10) ഇനി, സംസാരിച്ചിരിക്കാൻ ഒരു സ്ഥലമാണ് വേണ്ടതെങ്കിൽ, അവരെ വീട്ടിലേക്കു ക്ഷണിക്കുക. മുമ്പ് കണ്ട അലീഷ്യക്കും എഷ്വിനും കിട്ടിയ സഹായത്തെക്കുറിച്ച് അലീഷ്യ പറയുന്നു: “ഒറ്റയ്ക്കായിപോകാതെ ഒരുമിച്ച് സമയം ചെലവഴിക്കാൻ ഒരു സ്ഥലം വേണമെങ്കിൽ വീട്ടിലേക്കു വരാൻ ചില സഹോദരങ്ങൾ ഞങ്ങളോടു പറഞ്ഞു. അതു ഞങ്ങൾക്കു വലിയ ആശ്വാസമായി.” ഡേറ്റിങ്ങിൽ ഏർപ്പെടുന്ന സഹോദരനും സഹോദരിയും ഒരു കൂട്ട് വരാമോ എന്നു ചോദിക്കുമ്പോൾ അവരെ സഹായിക്കാനുള്ള വിലയേറിയ അവസരമായി നിങ്ങൾക്ക് അതിനെ കാണാൻ കഴിയില്ലേ? കൂട്ട് പോകുമ്പോൾ അവർ തീർത്തും തനിച്ചായിപോകാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. അതേസമയം അവർക്കു മാത്രമായി സംസാരിക്കാൻ കഴിയുന്നുണ്ടെന്നും ഉറപ്പുവരുത്തണം.—ഫിലി. 2:4.
ഡേറ്റിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രായോഗികമായി പിന്തുണയ്ക്കാനുള്ള വഴികൾ കണ്ടെത്തുക (14-15 ഖണ്ഡികകൾ കാണുക)
15. ഡേറ്റിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവരെ സഹായിക്കാൻ സുഹൃത്തുക്കൾക്ക് മറ്റ് എന്തു ചെയ്യാം? (സുഭാഷിതങ്ങൾ 12:18)
15 നമ്മുടെ വാക്കുകൾകൊണ്ടും അവരെ പിന്തുണയ്ക്കാൻ കഴിയും. ചിലപ്പോൾ സ്വയം നിയന്ത്രിച്ച് ഒന്നും പറയാതിരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. (സുഭാഷിതങ്ങൾ 12:18 വായിക്കുക.) ഉദാഹരണത്തിന്, രണ്ടു പേർ തമ്മിൽ ഡേറ്റിങ്ങ് തുടങ്ങിയെന്ന കാര്യം മറ്റുള്ളവരോടു പറയാൻ നമുക്ക് ആവേശം തോന്നിയേക്കാം. എന്നാൽ അത് അവർതന്നെ മറ്റുള്ളവരോടു പറയുന്നതായിരിക്കും അവർക്ക് ഇഷ്ടം. അതുപോലെ നമ്മൾ ഡേറ്റിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവരെക്കുറിച്ച്, അതുമിതും പറഞ്ഞുനടക്കാനോ അവരുടെ വ്യക്തിപരമായ കാര്യങ്ങളെ വിമർശിക്കാനോ പാടില്ല. (സുഭാ. 20:19; റോമ. 14:10; 1 തെസ്സ. 4:11) കൂടാതെ കല്യാണം കഴിക്കാൻ സമ്മർദം തോന്നുന്ന വിധത്തിലുള്ള അഭിപ്രായങ്ങൾ പറയുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും അവരെ ബുദ്ധിമുട്ടിച്ചേക്കാം. തങ്ങളുടെ ഡേറ്റിങ്ങിന്റെ സമയത്തെക്കുറിച്ച് എലീസ സഹോദരിയും ഭർത്താവും പറയുന്നത് ഇങ്ങനെയാണ്: “വിവാഹത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് മറ്റുള്ളവർ ചോദിച്ചപ്പോൾ ഞങ്ങൾക്ക് ആകെ ഒരു ബുദ്ധിമുട്ടു തോന്നി. കാരണം അതെക്കുറിച്ച് ഞങ്ങൾ സംസാരിച്ചിട്ടുപോലുമില്ലായിരുന്നു.”
16. രണ്ടു പേർ ഡേറ്റിങ്ങ് അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ നമ്മൾ എങ്ങനെ പ്രതികരിക്കണം?
16 ഇനി, ഡേറ്റിങ്ങ് അവസാനിപ്പിക്കാനാണ് രണ്ടു പേർ തീരുമാനിക്കുന്നതെങ്കിലോ? അതിന്റെ കാരണത്തെക്കുറിച്ച് കുത്തിക്കുത്തി ചോദിക്കുന്നതും ഒരാളുടെ പക്ഷം പിടിക്കുന്നതും നമ്മൾ ഒഴിവാക്കണം. (1 പത്രോ. 4:15) ലിയ എന്ന സഹോദരി പറയുന്നു: “ഞാനും ഒരു സഹോദരനും തമ്മിലുള്ള ഡേറ്റിങ്ങ് അവസാനിപ്പിച്ചപ്പോൾ അതിന്റെ കാരണത്തെക്കുറിച്ച് പലരും പല ഊഹാപോഹങ്ങളും നടത്തി. അത് എന്നെ ഒരുപാട് വിഷമിപ്പിച്ചു.” മുമ്പ് പറഞ്ഞതുപോലെ, രണ്ടു പേർ തമ്മിൽ ഡേറ്റിങ്ങ് അവസാനിപ്പിച്ചാൽ അവർ പരാജയപ്പെട്ടു എന്നല്ല, പകരം മിക്കപ്പോഴും അതിന്റെ അർഥം, ഡേറ്റിങ്ങിന്റെ ഉദ്ദേശ്യം നടന്നു, അവർക്കു ശരിയായ തീരുമാനം എടുക്കാനായി എന്നാണ്. എങ്കിലും ആ തീരുമാനം അവരെ വേദനിപ്പിച്ചേക്കാം, ഒരു ഒറ്റപ്പെടലും അവർക്കു തോന്നിയേക്കാം. അതുകൊണ്ട് നമുക്ക് അവരെ പിന്തുണയ്ക്കാൻ ശ്രമിക്കാം.—സുഭാ. 17:17.
17. ഡേറ്റിങ്ങിൽ ഏർപ്പെടുന്നവർ എന്തു ചെയ്യണം?
17 നമ്മൾ കണ്ടതുപോലെ, ഡേറ്റിങ്ങിന് അതിന്റേതായ വെല്ലുവിളികളുണ്ട്. പക്ഷേ അതു വളരെ സന്തോഷമുള്ള സമയവുമാണ്. ജെസീക്ക പറയുന്നു: “ഡേറ്റിങ്ങിനുവേണ്ടി ഞങ്ങൾ ഒരുപാട് സമയം ചെലവഴിക്കുകയും ശ്രമം ചെയ്യുകയും ചെയ്തു. പക്ഷേ അതൊന്നും ഒരു നഷ്ടമായി എനിക്കു തോന്നിയതേ ഇല്ല.” ഡേറ്റിങ്ങിൽ ഏർപ്പെടുന്ന രണ്ടു പേരാണ് നിങ്ങളെങ്കിൽ, പരസ്പരം അടുത്തറിയാൻ നല്ല ശ്രമം ചെയ്യുക. അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങളുടെ ഡേറ്റിങ്ങ് വിജയിക്കും, നിങ്ങൾക്കു ശരിയായ തീരുമാനം എടുക്കാനാകും.
ഗീതം 49 യഹോവയുടെ ഹൃദയം സന്തോഷിപ്പിക്കാം
a ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.
b ചിന്തിക്കേണ്ട കൂടുതൽ ചോദ്യങ്ങൾ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 2 (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ പേ. 39-40-ൽ കാണാം.
c മറ്റൊരാളുടെ ജനനേന്ദ്രിയങ്ങൾ തഴുകുന്നത്, ഒരുതരം ലൈംഗിക അധാർമികതയാണ്. സഭാമൂപ്പന്മാർ അതു നീതിന്യായപരമായി കൈകാര്യം ചെയ്യും. സ്തനങ്ങൾ തഴുകുന്നതും മെസ്സേജിലൂടെയോ ഫോണിലൂടെയോ അധാർമികകാര്യങ്ങൾ സംസാരിക്കുന്നതും സാഹചര്യങ്ങളനുസരിച്ച് നീതിന്യായപരമായി കൈകാര്യം ചെയ്യേണ്ടിവന്നേക്കാം.
d കൂടുതൽ വിവരങ്ങൾക്ക്, 1999 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.