യുദ്ധായുധങ്ങൾ—അവയ്ക്കുവേണ്ടി എത്രമാത്രം ചെലവഴിക്കുന്നു?
രാഷ്ട്രങ്ങളുടെ ഇന്നത്തെ മിലിററ്റി ബജറ്റ് മനുഷ്യമനസ്സിനെ വിഷമത്തിലാക്കുന്നു. അവ മനുഷ്യവർഗ്ഗത്തിന്റെ ശ്രദ്ധിക്കപ്പെടേണ്ട ആവശ്യങ്ങൾക്ക് പ്രാമുഖ്യത നൽകാതെ വെടിക്കോപ്പുകൾ വാങ്ങുന്നതിന് പ്രാമുഖ്യത നൽകുമ്പോൾ ശരിയായ ആശയം അവഗണിച്ചുകളയുന്നു. ഈ “അവസാന കാലത്ത്” ഒരു പ്രത്യേക “രാജാവ്” (അല്ലെങ്കിൽ ഭരണം) തന്റെ “സ്വർണ്ണ”വും “രത്ന”വും (അതിന്റെ വിഭവങ്ങളോ സ്വത്തോ) “കോട്ടയുടെ ദേവനെ” (സൈനിക മേധാവിത്വം) ആദരിക്കുന്നതിനുവേണ്ടി ചെലവിടുമെന്ന് ബൈബിൾ മുന്നമേ പ്രസ്താവിച്ചിട്ടുണ്ട്. മറ്റ് ശക്തികളും അതുപോലെതന്നെ പ്രവർത്തിക്കുന്നു. യുദ്ധായുധങ്ങളിൽ തങ്ങളെത്തന്നെ അന്ധമായി അർപ്പിച്ചിരിക്കുന്നത് മുഖാന്തരം പൗരജനങ്ങൾക്കാവശ്യമായിരിക്കുന്ന ആഹാരസാധനങ്ങൾ സാധാരണയളവിൽ ലഭിക്കുന്നതുപോലും ഇല്ലാതായിരിക്കയാണ്. ഉല്പന്നങ്ങളുടെ കുറവും കടകളിൽ എപ്പോഴും ദൃശ്യമായിരിക്കുന്ന ക്യൂവും വിചിത്രമായിത്തീർന്നിരിക്കുന്നു.—ദാനിയേൽ 11:35-38.
മോൺട്രിയൽ, കാനഡയിൽ 1985 മാർച്ച് 30-ന് പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാസികയായിരിക്കുന്ന പ്ലസിൽ റിപ്പോർട്ട് ചെയ്തതനുസരിച്ച് ലോകരാഷ്ട്രങ്ങൾ യുദ്ധായുധങ്ങൾക്കുവേണ്ടി ഭ്രാന്തമായി എത്രമാത്രം പണം ചെലവഴിക്കുന്നുവെന്ന് പരിചിന്തിക്കുക.
□ ലോകരാഷ്ട്രങ്ങൾ യുദ്ധായുധങ്ങൾക്കുവേണ്ടി ഓരോ സെക്കണ്ടിലും 3,70,000-ത്തിലധികം രൂപാ ചെലവഴിക്കുന്നു.
□ യുദ്ധായുധങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുവേണ്ടി നേരിട്ടോ അല്ലാതെയോ 5 കോടിയിലധികമാളുകൾ ഏർപ്പെട്ടിട്ടുണ്ട്.
□ അമേരിക്കൻ ഐക്യനാടുകളിൽ ഗവേഷണത്തിനുവേണ്ടി ചെലവഴിക്കുന്ന ഡോളറിൽ 62 ശതമാനവും സൈനിക കാര്യങ്ങളോട് ബന്ധപ്പെട്ട ഗവേഷണത്തിനാണ് ചെലവിടുന്നത്. ഗവൺമെൻറിന്റെ മൊത്തം ചെലവിൽ 27 ശതമാനവും സൈനിക കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നു. സ്വിറ്റ്സർലണ്ടിൽ പോലും ഗവൺമെൻറിന്റെ മൊത്തം ചെലവിൽ 25 ശതമാനത്തിലധികവും പ്രതിരോധ കാര്യങ്ങൾക്കുവേണ്ടി ചെലവഴിക്കുന്നു.
□ യുദ്ധായുധങ്ങൾ കയറ്റിയയക്കുന്ന 12 വൻരാഷ്ട്രങ്ങളിൽപ്പെടുന്ന റഷ്യയും അമേരിക്കയുമാണ് മൊത്തം ആയുധവിൽപ്പനയിൽ 73 ശതമാനവും നിർവ്വഹിക്കുന്നത്. ഫ്രാൻസ് 9 ശതമാനം വിൽപ്പന നടത്തുന്നു. 1984-ൽ കാനഡ 1,300 കോടി രൂപയുടെ വെടിക്കോപ്പുകൾ കയറ്റുമതി ചെയ്യുകയുണ്ടായി.
വലിയ കടത്തിലായിരിക്കുന്നതും മറ്റ് രാഷ്ട്രങ്ങളിൽ നിന്നെടുത്തിരിക്കുന്ന ലോൺ തിരിച്ചടയ്ക്കാൻ പ്രയാസപ്പെടുന്നതുമായ രാഷ്ട്രങ്ങളാണ് യുദ്ധായുധങ്ങൾക്കുവേണ്ടി വളരെയധികം പണം ചെലവഴിക്കുന്ന രാഷ്ട്രങ്ങളിൽ ഉൾപ്പെടുന്നത്.
□ ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങൾ പശ്ചിമ ബാങ്കുകൾക്ക് കടപ്പെട്ടിരിക്കുന്ന 3,50,000 കോടി രൂപയിൽ ഏതാണ്ട് 90,000 കോടി രൂപയും സൈനിക കാര്യങ്ങൾക്കുവേണ്ടിയാണ് ചെലവഴിച്ചത്.
□ 13,000 കോടി രൂപാ കടമുള്ള പെറു 1983-ൽ ആയുധങ്ങൾക്കുവേണ്ടി 4,000 കോടി രൂപ ചെലവഴിച്ചു.
□ മദ്ധ്യ അമേരിക്കൻ രാഷ്ട്രങ്ങളുടെ യുദ്ധസമയത്തെ ചെലവ് 1979-നും 1983-നും ഇടയ്ക്ക് 50 ശതമാനം വർദ്ധിച്ചതായി നിരീക്ഷിക്കുകയുണ്ടായി.
□ ചില രാഷ്ട്രങ്ങളിലെ പണപ്പെരുപ്പത്തിനുശേഷമുള്ള സാമ്പത്തിക സ്ഥിതി പരിചിന്തിക്കുമ്പോൾ, സൈന്യത്തെ നിലനിർത്തുന്നതിനുവേണ്ടി ഓരോ വ്യക്തിയും വഹിക്കേണ്ടി വരുന്ന വാർഷികഭാരം ഞെട്ടിപ്പിക്കുന്നതാണ്: ആർജൻറീന 2,100 ക.; ചിലി 1,200ക.; വെനിസ്വുല 670ക.; മെക്സിക്കോ 190ക.; ബ്രസീൽ 170ക..
ഈ ഞെരുക്കുന്ന സൈനികച്ചെലവ് അവസാനിക്കുന്നെങ്കിൽ അത് എത്രമാത്രം അനുഗ്രഹവും ആശ്വാസവുമായിരിക്കുമെന്ന് സങ്കൽപ്പിക്കുക! എന്നിരുന്നാലും രാഷ്ട്രങ്ങൾ തങ്ങളുടെ ശക്തിപ്രയോഗം അവസാനിപ്പിക്കുകയില്ല. സർവ്വശക്തനായ യഹോവയാം ദൈവത്തിനു മാത്രമേ അത് അവസാനിപ്പിക്കാൻ കഴിയുകയുള്ളു; അവൻ അവസാനിപ്പിക്കുകയും ചെയ്യും. ഇതാണ് അവന്റെ സുനിശ്ചിത വാഗ്ദത്തം: “അവൻ ഭൂമിയുടെ അറ്റങ്ങളോളം യുദ്ധങ്ങളെ നിർത്തൽ ചെയ്യുന്നു,” അതെ, “അവൻ ലോകമെമ്പാടും യുദ്ധത്തിന് ഒരറുതി വരുത്തുന്നു,” “യുദ്ധവാഹനങ്ങളെ തീയിൽ ദഹിപ്പിച്ചുകളക” പോലും ചെയ്യുന്നു.—സങ്കീർത്തനം 46:9; ആർ. കെ. ഹാരിസ്സന്റെ ഇന്നേക്കുള്ള സങ്കീർത്തനങ്ങൾ.
ഈ വചനങ്ങൾ വിശ്വാസയോഗ്യവും സത്യവുമാണ്. എന്തുകൊണ്ടെന്നാൽ “സമാധാനം നൽകുന്ന ദൈവ”ത്തിന് ‘ഭോഷ്കു പറയാൻ സാദ്ധ്യമല്ല.’—റോമർ 16:20; എബ്രായർ 6:18; വെളിപ്പാട് 21:1-5. (g86 7/22)