ആയുധവ്യാപാരം—അതു നിങ്ങളെ എങ്ങനെ ബാധിക്കുന്നു?
“പ്രതിരോധത്തിനായി ചെലവഴിക്കുന്നതിലെ പ്രശ്നം പുറമെനിന്നു സംരക്ഷിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളെ ഉള്ളിൽ നിന്നു നശിപ്പിക്കാതെ നിങ്ങൾക്കു എത്രത്തോളം പോകാം എന്നു നിർണ്ണയിക്കുകയാണ്.” മുൻ അമേരിക്കൻ പ്രസിഡണ്ട് ഐസൻഹോവർ 1956ൽ ഇപ്രകാരം പറഞ്ഞപ്പോൾ ആഗോള സൈനികച്ചെലവ് സ്ഥിരമൂല്യത്തിൽ ഇപ്പോഴത്തേതിന്റെ പകുതിയിൽ കുറവായിരുന്നു. ആയുധക്കച്ചവടത്തിലെ ഈ ബൃഹത്തായ വളർച്ച നിങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു? ലോകസൈനിക സാമൂഹികച്ചെലവുകൾ എന്ന പ്രസിദ്ധീകരണത്തിലെ ഒരു ഗവേഷണപഠനം വെളിപ്പെടുത്തുന്നു:
1. ആയുധങ്ങൾക്കായുള്ള ആഗോളചെലവിന്റെ ഇപ്പോഴത്തെ നിരക്കനുസരിച്ച് അതിനായി പണം ലഭ്യമാക്കാൻ ജോലിചെയ്യുന്നതിനു ഒരു ശരാശരി വ്യക്തി ജീവിതത്തിന്റെ മൂന്നുമുതൽ നാലുവരെ വർഷങ്ങൾ മാററിവക്കേണ്ടതുണ്ട്.
2. ആയുധങ്ങൾ അനിയന്ത്രിതമായി വാങ്ങിക്കൂട്ടുന്നത് വരും തലമുറകൾക്ക് പൊതുഋണബാദ്ധ്യതയുടെ കൂമ്പാരം തന്നെ വരുത്തിവച്ചിരിക്കുന്നു.
3. സൈനിക ബലത്തിനായുള്ള അനുധാവനത്തിൽ സാമൂഹികാവശ്യങ്ങൾക്കുണ്ടായ അവഗണന ജീവിക്കുന്ന അഞ്ചുപേരിൽ ഒരാളെ ഞെരുക്കുന്ന ദാരിദ്ര്യത്തിൽ എത്തിച്ചിരിക്കുന്നു. അക്ഷരാഭ്യാസക്കുറവ്, അനാരോഗ്യം, വിട്ടുമാറാത്ത വിശപ്പ് ഇവ സഹിക്കുന്നവരുടെ എണ്ണം ആഗോളാടിസ്ഥാനത്തിൽ പെരുകിക്കൊണ്ടിരിക്കുന്നു.
4. സൈനികാവശ്യങ്ങൾ ഉന്നതസാങ്കേതിക വിദ്യക്കു ഊന്നൽ നൽകുന്നതുകൊണ്ട് തുല്യമായതുകകൾ വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിർമ്മാണം, മററുസൈനികേതര ആവശ്യങ്ങൾ എന്നിവക്കു ചെലവഴിച്ചാൽ ഉണ്ടാകുമായിരുന്നതിനേക്കാൾ ആപേക്ഷികമായി കുറച്ചു തൊഴിലുകൾ മാത്രമെ സൃഷ്ടിക്കപ്പെടുന്നുള്ളു. തൊഴിലില്ലായ്മ ഉയരുന്നു.
5. ലോകത്തിൽ 43 ആളുകൾക്കു ഒരു പട്ടാളക്കാരൻ ഉള്ളപ്പോൾ 1,030 ആളുകൾക്കു ഒരു ഡോക്ടർ മാത്രമേയുള്ളു.
6. അനേകവർഷങ്ങളിലെ സൈനികാധിപത്യം മനുഷ്യജീവനു ചരിത്രത്തിൽ ഏതുകാലത്തേക്കാളുമധികം അസ്ഥിരവും കൂടുതൽ അപകടകരവുമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നു.
7. സ്പർശനമാത്രയിൽ ആക്രമണം അഴിച്ചുവിടാൻ കഴിയുന്ന കൂട്ടസംഹാരത്തിനുള്ള ആയുധങ്ങൾ മനുഷ്യകുലത്തെയാകെ പണയപ്പെടുത്തിയിരിക്കുന്നു.
ഒരു വമ്പിച്ച “കൊള്ള”
ആയുധക്കച്ചവടം ഏററവുമധികം ബാധിച്ചിരിക്കുന്നത് ലോകത്തിലെ ദരിദ്രവർഗ്ഗത്തെയാണ്—സമ്പന്നരാഷ്ട്രങ്ങളിലും ദരിദ്രരാഷ്ട്രങ്ങളിലും. ഡ്വൈററ് ഡി. ഐസൻഹോവർ അതു ഇങ്ങനെ ചൂണ്ടിക്കാട്ടി: “നിർമ്മിക്കപ്പെടുന്ന ഓരോ തോക്കും ഓരോ യുദ്ധക്കപ്പലും ഓരോ റോക്കററും അന്തിമമായി, വിശന്നിട്ടും ഭക്ഷണം ലഭിക്കാത്തവരും തണുത്തിട്ടും വസ്ത്രമില്ലാത്തവരും ആയവരിൽനിന്നുള്ള കൊള്ളയാണ്. ലോകം ആയുധമണിയുന്നത് പണം മാത്രം ചെലവഴിച്ചല്ല. അദ്ധ്വാനത്തിന്റെ വിയർപ്പും ശാസ്ത്രജ്ഞൻമാരുടെ ബുദ്ധിയും മക്കളുടെ ഭവനങ്ങളും ചെലവഴിച്ചാണത്.” ഇരകളായവർക്ക് ഈ “കൊള്ള” എന്തർത്ഥമാക്കുന്നു?
അത് അവരുടെ വിദ്യാഭ്യാസം താറുമാറാക്കുന്നു:
■ ഒരേയൊരു പുതിയ ആണവഅന്തർവാഹിനിയുടെ വില സ്കൂൾപ്രായത്തിലുള്ള 16കോടിയിലധികം കുട്ടികളുള്ള 23 വികസ്വര രാഷ്ട്രങ്ങളിലെ മൊത്തം വാർഷിക വിദ്യാഭ്യാസബജററിനു തുല്യമാണ്.
■ അമേരിക്കൻ വ്യോമസേനയുടെ ബജററ് ആഫ്രിക്കയിലും ലാററിൻ അമേരിക്കയിലും ജപ്പാനൊഴികെ ഏഷ്യയിലുമുള്ള നൂറുകോടിയിലധികം കുട്ടികളുടെ മൊത്തം വിദ്യാഭ്യാസബജററിൽ അധികമാണ്.
അത് അവരുടെ പണം തട്ടിയെടുക്കുന്നു:
■ ഇക്കഴിഞ്ഞ വർഷങ്ങളിൽ ലോകത്തിലെ ആയുധ ഇറക്കുമതിയുടെ 75 ശതമാനം മൂന്നാം ലോകരാജ്യങ്ങളാണ് നടത്തിയത്—വിദേശനാണയത്തിന്റെ കൂസലില്ലാത്ത ദുരുപയോഗം; ഇത് അനേകർ അനിയന്ത്രിതമായ വിദേശബാദ്ധ്യതയുടെ ഭാരം പേറാനിടയാക്കിയിരിക്കുന്നു.
■ 1988 ആയപ്പോഴേക്ക് മൂന്നാം ലോകരാഷ്ട്രങ്ങളുടെ മൊത്തം വിദേശകടം ഭീമാകാരമായ ഒരു ലക്ഷത്തിമുപ്പതിനായിരം കോടി ഡോളർ (13,00,00,00,00,000 ഡോളർ) ആയിത്തീർന്നു.
■ ലോകത്തിന്റെ മൊത്തം സൈനികച്ചെലവ് ഓരോ വർഷവും 44 ദരിദ്രരാജ്യങ്ങളിലെ 250 കോടി ജനങ്ങളുടെ വരുമാനത്തിനു തുല്യമാകുന്നു.
അതവരുടെ ആഹാരം കവർന്നുകളയുന്നു:
■ ഒരു വിമാനവാഹിനിക്കപ്പൽ പ്രവർത്തിക്കുന്നതിന് ഒരു ദിവസം 5,90,000 ഡോളർ ചെലവുണ്ട്, തൽസമയം ആഫ്രിക്കയിൽ മാത്രം ഓരോ ദിവസവും വിശപ്പുകൊണ്ടോ പട്ടിണിയോടു ബന്ധപ്പെട്ട കാരണങ്ങൾകൊണ്ടൊ 14,000 കുട്ടികൾ മരിക്കുന്നു.
അത് അവരുടെ ആരോഗ്യവും ജീവനും നശിപ്പിക്കുന്നു
■ ഓരോ മിനിട്ടിലും ലോകത്തിൽ സാധാരണ രോഗങ്ങളാൽ ശരാശരി മുപ്പതു കുട്ടികൾ മരിക്കുന്നു. സൈനിക ശക്തിയേക്കാൾ സാമൂഹികവും ആരോഗ്യപരവുമായ ആവശ്യങ്ങൾക്കു ഊന്നൽ കൊടുത്താൽ കുത്തിവയ്പ്പുകളും ശുചീകരണ നടപടികളും നല്ലപോഷണവും കൊണ്ട് ഈ മരണങ്ങൾ തടയാവുന്നതാണ്.
■ പകർച്ചവ്യാധികൾക്കെതിരെ 75 കോടി കുട്ടികളെ സംരക്ഷിക്കാവുന്ന ഒരു കുത്തിവയ്പ്പ് പരിപാടിക്ക് ആയുധങ്ങൾക്കായി ലോകം ചെലവാക്കുന്ന കേവലം രണ്ടു ദിവസത്തെ പണം മതിയെന്നു കണക്കാക്കുന്നു.
■ ദരിദ്രരാജ്യങ്ങളിലെ ആയുർദൈർഘ്യം സമ്പന്നരാഷ്ട്രങ്ങളിലേതിനേക്കാൾ 30 വർഷം കുറവാണ്. കൂടുതൽ ആയുധങ്ങൾക്കായുള്ള അനുധാവനത്തിൽ ആരോഗ്യ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്നതാണ് ഒരു കാരണം.
നിശ്ചയമായും ലോകത്തിലെ കഷ്ടപ്പാടുകൾക്കു ആയുധവ്യാപാരികൾ കനത്ത ഉത്തരവാദിത്തം വഹിക്കുന്നു. ഈ കഷ്ടാവസ്ഥകളെക്കുറിച്ച് അവർക്കു എന്തു തോന്നുന്നു? “ഞങ്ങൾക്കു മന:സാക്ഷിയുടെ പ്രശ്നങ്ങൾ ഒന്നുമില്ല. ഞങ്ങൾ സ്വന്തം വളർച്ചക്കായി പ്രവർത്തിക്കുന്നു,” ആയുധമുൽപ്പാദിപ്പിക്കുന്ന ഒരു പ്രമുഖരാജ്യത്തിലെ വിദേശകാര്യ ഉപമന്ത്രി പറയുന്നു. എന്നാൽ ഒരു സാധാരണക്കാരൻ ചോദിച്ചേക്കാം, ‘ഇതു നിർത്താൻ കഴിയുമോ?’ അടുത്ത രണ്ടു ലേഖനങ്ങളിൽ നമുക്കു ആ ചോദ്യം പരിചിന്തിക്കാം. (g89 6/8)