ലോകത്തെ വീക്ഷിക്കൽ
പുതിയ ക്യാൻസർ പ്രതിവിധി
ക്യാൻസറിന്റെ പ്രതിവിധി നാം ചിന്തിക്കുന്നതിനേക്കാൾ സമീപമാണോ? “ക്യാൻസറിനെ ഇല്ലായ്മ ചെയ്യുന്ന മരുന്നുകൾ മാരകമായ മുഴകളിൽ നേരിട്ട് എത്തിക്കുന്ന അനുപമായ ഒരു രക്തജവസ്തു” ദക്ഷിണാഫ്രിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞൻമാർ ഉല്പാദിപ്പിച്ചതായി സൗത്ത് ആഫ്രിക്കൻ ഡൈജസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. എങ്ങനെ? ഒരു പ്രത്യേക ക്യാൻസർ കണ്ടുപിടിക്കുന്നതുവരെ ഈ കൃത്രിമ രക്തജവസ്തുക്കൾ ശരീരത്തിലൂടെ കടത്തിവിടുന്നതിനാൽ തന്നെ. രക്തജവസ്തു ഒരിക്കൽ അതിന്റെ ഇരയെ കണ്ടുപിടിച്ചാൽ തന്റെ മാരകമായ മരുന്ന് അതിൻമേൽ “പ്രയോഗി”ച്ചുകൊണ്ട് മുഴ നശിപ്പിച്ചുകളയും. “പരിശീലിപ്പിക്കപ്പെട്ട ഒരു പോലീസ് നായെ”പ്പോലെ ഈ രക്തജവസ്തു മുഴ കണ്ടുപടിക്കുന്നതോടെ അതിന്റെ കൃത്യം അവസാനിപ്പിക്കുന്നില്ല. കണ്ടുപടിക്കാത്ത വേറെ ഏതെങ്കിലും ക്യാൻസർ ഉണ്ടോ എന്ന് അന്വേഷിക്കുകയും അതിൻമേൽ ജീവരക്താകരമായ ഈ മരുന്ന് കൂടുതലായി പ്രയോഗിക്കുകയും ചെയ്യും.
ജീവരക്താകരമായ പേശീപ്രക്രിയ
അധികം സമയത്തേക്ക് വെള്ളത്തിനുള്ളിൽ മുങ്ങിപ്പോയാൽ അതിജീവിക്കുക സാദ്ധ്യമാണോ? അതെ, ന്യൂയോർക്ക് ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നപ്രകാരം “ജരായുജ മുങ്ങൽ പ്രക്രിയ” എന്നറിയപ്പെടുന്ന ജീവരക്താകരമായ പേശീപ്രക്രിയയ്ക്കു നന്ദി. അധികസമയം വെള്ളത്തിനടിയിലായിരിക്കുന്നതിന് കടൽ നായെ സഹായിക്കുന്ന അതേ “യാന്ത്രിക പ്രവർത്തനം” മനുഷ്യനുമുണ്ടെന്ന് മിച്ചിഗൺ സർവ്വകലാശാലയിലെ ഒരു ഗവേഷകനായിരിക്കുന്ന ഡോ. മാർട്ടിൻ നെവിറോഫ് കണ്ടുപിടിച്ചിരിക്കയാണ്. നാല് മിനിറ്റിൽ കൂടുതൽ ഓക്സിജൻ ലഭിക്കുന്നില്ലെങ്കിൽ തലച്ചോറ് നശിക്കുമെന്ന് മുമ്പ് വിശ്വസിച്ചിരുന്നു. എന്നാൽ, ഒരു വ്യക്തി 70 ഡിഗ്രി ഫാരൻ ഹീറ്റിൽ കുറവുള്ള വെള്ളത്തിനടിയിലായിരിക്കയും ഈ പേശീപ്രക്രിയ നടക്കുകയും ചെയ്താൽ മസ്തിഷ്കത്തിലൊഴിച്ച് ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും രക്തചംക്രമണ വേഗത കുറയുന്നു. ഇത് 40 മിനിറ്റ് സമയത്തേക്ക് വെള്ളത്തിനടിയിൽ മുങ്ങിപ്പോയ മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടി അടുത്ത കാലത്ത് രക്ഷപ്പെട്ടതെങ്ങനെയെന്ന് വിവരിക്കുന്നു. വ്യക്തിയെ വെള്ളത്തിൽനിന്ന് എടുത്താലുടൻ പുനരുജ്ജീവനമാർഗ്ഗം പ്രയോഗിക്കുന്നെങ്കിൽ മസ്തിഷ്കവും ശരീരവും ജീവനിലേക്ക് മടക്കിവരുത്താവുന്നതാണ്. ബാഹ്യപ്രചോദനത്തിന് വിധേയമാകുന്ന ഈ പ്രതിസ്പന്ദനം വയോജനങ്ങളെക്കാൾ കൂടുതൽ പ്രയോഗക്ഷമായിരിക്കുന്നത് കുട്ടികൾക്കാണെന്ന് പറയപ്പെടുന്നു.
മെക്സിക്കോയിൽ പട്ടിശല്യം
വാഹനവും മൂടൽമഞ്ഞും ജനപ്പെരുപ്പവും മാത്രമല്ല മെക്സിക്കോ നഗരത്തിലെ പ്രശ്നങ്ങൾ. പൊതു ജനാരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥനായിരിക്കുന്ന ഡോ. അൻജലിൻ ഡി ലാ ഗാർഡാ പറയുന്നതനുസരിച്ച് മെക്സിക്കോ നഗരത്തിൽ ഒരു ദശലക്ഷത്തിലധികം പട്ടികളുണ്ട്. മാത്രമല്ല പട്ടിയുടെ സംഖ്യ പ്രതിവർഷം 20 ശതമാനം കണ്ട് വർദ്ധിക്കുകയുമാണ്! വീടില്ലാത്ത വേറെ 2,00,000 പട്ടികൾ നഗരത്തിലെ തെരുവുകളിലൂടെ ചുറ്റിക്കറങ്ങുന്നുമുണ്ട്. അവർക്ക് പേപ്പട്ടിവിഷവും മറ്റ് രോഗങ്ങളും ഉണ്ടായിരിക്കുന്നതിനുള്ള സാദ്ധ്യതയുമുണ്ട്. അവയുടെ സംഖ്യ കുറയ്ക്കുന്നതിനുവേണ്ടി പ്രതിവർഷം ശരാശരി 12,000 പട്ടികളെ നശിപ്പിക്കുന്നുണ്ട്. എന്നാൽ മൃഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനെ എതിർക്കുന്നവർ ഈ പട്ടിപിടുത്തക്കാരെ ആക്രമണ ലക്ഷ്യങ്ങളാക്കിയിരിക്കയാണ്. അതുകൊണ്ട് അവർ പലപ്പോഴും കല്ലുകൊണ്ടും വടികൊണ്ടും തീകൊണ്ടുപോലുമുള്ള ആക്രമണത്തിന് വിധേയരായിട്ടുണ്ട്.
“സാധാരണ പ്രതികരണമോ?”
അമേരിക്കൻ ഐക്യനാടുകളിലെ ദേശീയ കുറ്റാന്വേഷണ വിഭാഗം പറയുന്നതനുസരിച്ച് അവിടെ 1985-ൽ “നിർബ്ബന്ധ ബലാൽസംഗം” 4% വർദ്ധിച്ചിരിക്കയാണ്. ന്യൂയോർക്ക് നഗരമാണ് അത്തരം ബലാൽസംഗങ്ങളുടെ ഏറ്റം വലിയ സംഖ്യ റിപ്പോർട്ട് ചെയ്തത്—3880. അടുത്തത് ലോസ് ആൻജലസ്—2318. അധികാരികൾ ഇതിന് നിരവധി കാരണങ്ങൾ നൽകുന്നുണ്ടെങ്കിലും ചില വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് “ചില സ്ത്രീകൾ പ്രലോഭിപ്പിക്കുന്ന വിധത്തിൽ വസ്ത്രം ധരിക്കുകയും നടക്കുകയും സംസാരിക്കുകയും ചെയ്യുന്നതിനാൽ ബലാൽസംഗം വിളിച്ചുവരുത്തുന്നു.” (ഗ്ലോബ് ആൻഡ് മെയിൽ, ടൊറോണ്ടോ, കാനഡ) 16 വയസ്സുള്ള ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്ത ഒരു മനുഷ്യനെ വിസ്കോൺസിൽ ജഡ്ജി ധാർമ്മിക വിചാരണയ്ക്കു വെച്ചു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവരുടെ പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണം നിമിത്തം ആ ബലാൽസംഗം ഒരു “സാധാരണ പ്രതികരണ”മായിരുന്നുവെന്ന് ജഡ്ജി നിഗമനം ചെയ്തു.
അഴിമതി വിവരങ്ങൾ പെട്ടെന്ന് നൽകുന്ന മാദ്ധ്യമം
ഡോക്ടർമാരുടെയിടയിലെ അഴിമതിയാരോപണ കേസുകളുടെ ഭയം നിമിത്തം തങ്ങൾ “ചികിത്സിക്കേണ്ട രോഗികൾ എന്നെങ്കിലും അഴിമതിക്കെതിരെ കേസ് കൊടുത്തിട്ടുള്ളവരാണോ അല്ലയോ” എന്ന് അറിയുന്നതിനുവേണ്ടി ഐക്യനാടുകളിൽ ഡോക്ടർമാരെ സഹായിക്കുന്ന ഒരു പുതിയ ഡിപ്പാർട്ടുമെൻറുണ്ട്. ‘ഡോക്ടറുടെ ജാഗ്രത’ എന്ന് അറിയപ്പെടുന്ന, പെട്ടെന്ന് വിവരങ്ങൾ നൽകുന്ന ടെലിഫോൺ ലൈനുകളെക്കുറിച്ച് ചെയിഞ്ചിംഗ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അത് പ്രതിവർഷം 150 ഡോളറും കണ്ടുപിടിക്കുന്ന ഓരോ വ്യക്തിക്കും 10 ഡോളറും ഫീസ് ഈടാക്കിക്കൊണ്ട് ഭാവി രോഗികളെക്കുറിച്ച് വിവരങ്ങൾ നൽകുന്നു. എന്നാൽ ഡോക്ടർമാരെ സഹായിക്കുന്ന ഈ ഏർപ്പാടിന്റെ പ്രതികരണമെന്നനിലയിൽ, ഒരു ഡോക്ടർ എന്നെങ്കിലും അഴിമതിയാരോപണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പെട്ടെന്ന് അറിയാൻ രോഗികളെ സഹായിക്കുന്ന ഒരു മാദ്ധ്യമവും നിലവിലുണ്ട്. അതിന്റെ ഫീസ് 5 ഡോളറാണ്. രണ്ട് ഏർപ്പാടും ഒരു പ്രത്യേക കോടതിക്കേസിന്റെ വിധി വെളിപ്പെടുത്തുകയില്ല.
കുശാഗ്രബുദ്ധിയുള്ള കുട്ടികൾ
കുട്ടികൾക്ക് ബുദ്ധിസാമർത്ഥ്യം ഉണ്ടോ? ഉണ്ടെന്ന് സ്വതന്ത്രമായ പഠനങ്ങൾ തെളിയിക്കുന്നു. അവരുടെ ശ്രദ്ധാകേന്ദ്രത്തിന്റെ അളവ് പരിശോധിച്ചതിൽനിന്നും വെറും ആറുമാസമുള്ള ശിശുക്കളുടെ പോലും ബുദ്ധിസാമർത്ഥ്യം അളക്കാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നതായി ഡെട്രോയിറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അവരുടെ ഈ മാർക്കുകൾ നാലോ അഞ്ചോ വയസ്സുള്ളപ്പോൾ അവർ ബുദ്ധിപരിശോധനവേളയിൽ നേടിയ മാർക്കുകളോട് ഏതാണ്ട് യോജിച്ചുവരുന്നതായി പറയപ്പെടുന്നു. പഠനപ്രാപ്തി മെച്ചപ്പെടുത്തുന്നതിനുവേണ്ടി മാതാപിതാക്കളിൽനിന്ന് പ്രചോദനം ലഭിക്കുന്ന കുട്ടികൾ അധികം പ്രചോദനം ലഭിക്കാത്ത കുട്ടികളെക്കാൾ അത്തരം പരീക്ഷകളിൽ കൂടുതൽ മാർക്ക് നേടിയതായി ന്യൂയോർക്ക് സർവ്വകലാശാലയിലെ ഗവേഷകനായ മാർക്ക് ബോൺ സ്റൈയിൻ കുറിക്കൊണ്ടു.
കൗമാര ഗർഭഛിദ്രങ്ങൾ
“വ്യവസായവൽകൃത രാഷ്ട്രങ്ങളിലെ അവിവാഹിതരായിരിക്കുന്ന കൗമാര പ്രായക്കാരുടെയിടയിൽ കാണുന്ന ഏറ്റവും കൂടുതൽ ഗർഭധാരണനിരക്ക്” അമേരിക്കൻ ഐക്യനാടുകളിലാണെന്ന് മാനുഷ ലൈംഗിക വൈദ്യശാസ്ത്രം എന്ന പുസ്തകത്തിലെ ഒരു ലേഖനം കുറിക്കൊള്ളുന്നു. ഈ പെൺകുട്ടികളിൽ ഏതാണ്ട് മൂന്നിൽ രണ്ടും പ്രസവിക്കുന്നു. ശേഷിക്കുന്ന ഒരു ഭാഗം ഗർഭഛിദ്രം നടത്തുന്നു. കൗമാരപ്രായക്കാരിൽ നടത്തിയ 4,50,000 ഗർഭഛിദ്രങ്ങളിൽ ഏതാണ്ട് പതിനയ്യായിരവും പതിനഞ്ച് വയസ്സിന് താഴെയുള്ള പെൺകുട്ടികളിലാണ് നിർവ്വഹിക്കപ്പെട്ടത്. ഈ യുവതികളിൽ പലരും ആവർത്തിച്ചുള്ള ഗർഭഛിദ്രങ്ങൾ ഒരു ഗർഭനിരോധന മാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നുവെന്ന് ലേഖനം പറയുന്നു. ഐക്യനാടുകളിലെ മൊത്തം ഗർഭഛിദ്രങ്ങളിൽ 28 ശതമാനവും കൗമാരപ്രായക്കാരാണ് നിർവ്വഹിക്കുന്നതെന്ന് സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
പുസ്തകങ്ങളാണ് ഭേദം!
നല്ല വിദ്യാർത്ഥികൾ ഒരു കംപ്യൂട്ടറിന്റെയും ടെലിവിഷന്റെയും മുമ്പിൽ അധികം സമയം ചെലവഴിക്കുന്നില്ലെന്ന് 13-16 വയസ്സുള്ള 1050 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയ ജർമ്മനിയിലെ ഡോർട്ട്മണ്ട് സർവ്വകലാശാലയുടെ ഒരു പഠനം പ്രസ്താവിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ “പുസ്തകങ്ങളിലൂടെ പശ്ചിമ സംസ്ക്കാരവുമായി അടുത്ത സമ്പർക്കത്തിൽ വരാൻ” ഇഷ്ടപ്പെടുന്നു. അവർ സാങ്കേതിക ശാസ്ത്രത്തെക്കുറിച്ചും കംപ്യൂട്ടറെക്കുറിച്ചും പലപ്പോഴും കൂടുതൽ സംശയാസ്പദവും വ്യവസ്ഥാപിതവുമായ ഒരു നിലപാട് കൈക്കൊള്ളുന്നു. അതിന് വിപരീതമായി, “കംപൂട്ടർ ആസക്തർ” സ്ക്രീന്റെ മുമ്പിൽ പ്രതിദിനം 8 മണിക്കൂറോളം ചെലവഴിക്കുന്നതായി ജർമ്മൻ വർത്തമാനപ്പത്രമായ ഫ്രാങ്ക് ഫർട്ടർ അൽജമീൻ സീറ്റുംഗ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഏതാണ്ട് മൂന്നോ നാലോ മണിക്കൂർ കംപ്യൂട്ടറിൽ ചെലവഴിക്കുന്നു. ശേഷിക്കുന്നത് ടെലിവിഷനോ വീഡിയോയോ വീക്ഷിക്കുന്നതിൽ ചെലവിടുന്നു.
വിദ്യാർത്ഥികളുടെ അക്രമം വർദ്ധിക്കുന്നു
കാറിന്റെ ടയർ കുത്തിക്കീറുക, കണ്ണാടിച്ചില്ലുകൾ തകർക്കുക, തീവെക്കുക, കത്തിക്കുത്തു നടത്തുക, വെടിവെക്കുക തുടങ്ങിയവ “വിദ്യാർത്ഥികളുടെ അക്രമ”മായി ബ്രിട്ടനിലെ 4000 സ്കൂൾ അദ്ധ്യാപകരുടെ ഒരു സർവ്വേ റിപ്പോർട്ടു ചെയ്യുന്നു. വിദ്യാർത്ഥികൾ അന്യോന്യം കത്തിക്കുത്തുനടത്തുന്നതായും ചെറുപ്പക്കാരെ ബാൽക്കണിയിലൂടെയും ജനാലകളുടെ കണ്ണാടിച്ചില്ലുകൾക്കിടയിലൂടെയും എറിയുന്നതായും സ്കൂൾ അധികാരികൾ റിപ്പോർട്ടു ചെയ്യുന്നു. നാല് അദ്ധ്യാപകരിൽ ഒരാൾ വീതം ഭീഷണിയുടെ ലക്ഷ്യങ്ങളാണെന്ന് സർവ്വേ റിപ്പോർട്ടു ചെയ്യുന്നു. പത്തിൽ ഒന്ന് ശാരീരികാക്രമണത്തിന് വിധേയമാണെന്ന് അവകാശപ്പെടുന്നു. കൂടാതെ ഇരുപത്തിയഞ്ചിൽ ഒന്ന് ദേഹോപദ്രവം സഹിക്കുന്നു. സ്ത്രീകൾക്കും പുരുഷൻമാർക്കും നേരെ അക്രമുള്ളതായും അദ്ധ്യാപകവൃത്തിയിലേർപ്പെട്ടിരിക്കുന്ന സ്ത്രീകളെ ലൈംഗികമായി ശല്യപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. സ്കൂളിലെ അക്രമം “വളരെ ഗുരുതരമാണ്. ചില പ്രദേശങ്ങളിൽ അത് സംഘം ചേർന്നുള്ള തുറന്ന പോരാട്ട”മാണെന്ന് ലണ്ടൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
കുഴഞ്ഞ ഭാഷാന്തരക്കാർ
ഓരോ ദിവസവും കംപ്യൂട്ടറുകൾ ഒരു ഭാഷയിൽനിന്ന് മറ്റൊന്നിലേക്ക് രേഖകൾ (സാഹിത്യമയമല്ലാത്ത സാങ്കേതിക വിവരങ്ങൾ) തർജ്ജമ ചെയ്യുന്നതിൽ കൂടുതൽ പ്രാവീണ്യം നേടുന്നു. തങ്ങൾ “പ്രതിവർഷം ഇംഗ്ലീഷിൽ നിന്ന് സ്പാനീഷിലേക്കും ഫ്രഞ്ചിലേക്കും ഇറ്റാലിയനിലേക്കും ജർമ്മനിലേക്കും പോർട്ടുഗീസിലേക്കും 50,000 പേജുകൾ വെറും ഒരു ബട്ടൺ അമർത്തിക്കൊണ്ട് തർജ്ജമ ചെയ്യുന്ന”തായി സിറോക്സ് കോർപ്പറേഷന്റെ ഭാഷാന്തര വിഭാഗത്തിലെ ഡയറക്ടറായിരിക്കുന്ന പീറ്റർ ഡിമോറോ പറയുന്നു. യൂറോട്രാ എന്ന് അറിയപ്പെടുന്ന അത്തരം ഒരു യന്ത്രത്തിന് 30 ദശലക്ഷം ഡോളർ വിലവരും. എന്നിരുന്നാലും “ബുദ്ധിശക്തിയുള്ള യന്ത്രങ്ങൾക്ക് വളരെ വിരളമായി ഉപയോഗിക്കുന്നതും രണ്ട് അർത്ഥം വരുന്നതുമായ വാക്കുകൾ തർജ്ജമ ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ട്” എന്ന് ഒരു മെക്സിക്കൻ പത്രമായ എൽ യൂണിവേഴ്സൽ റിപ്പോർട്ടു ചെയ്യുന്നു. ഉദാഹരണത്തിന്, “അഗ്നിപ്രതിരോധ സുരക്ഷിതത്വം” എന്നത് “സൂക്ഷിപ്പുകാരനെ തീവെക്കുക!” എന്ന് തെറ്റായി തർജ്ജമ ചെയ്യാവുന്നതാണ്.
സമുദ്ര നിരപ്പ് ഉയരുന്നു
അടുത്ത നൂറ്റാണ്ടിൽ, ലോകമെമ്പാടുമുള്ള സമുദ്രതീരവാസികൾ ഒരു യഥാർത്ഥ ഭീഷണി അഭിമുഖീകരിച്ചേക്കാമെന്ന് പ്രകൃതി എന്ന ബ്രിട്ടീഷ് മാസികയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ രണ്ട് ഭൂഗർഭശാസ്ത്രജ്ഞൻമാർ അവകാശപ്പെടുന്നു. അവരുടെ കണക്കുകൂട്ടലനുസരിച്ച് വലിയ അളവിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിന്റെ ഫലമായി അന്തരീക്ഷത്തിലുണ്ടാകുന്ന കാർബൺ ഡൈയോക്സൈഡ് ഗോളമാസകലം സമുദ്രനിരപ്പിൽ നിർണ്ണായകമായ ഒരു ഉയർച്ച കൈവരിച്ചിരിക്കയാണ്. ഈ കാർബൺ ഡൈയോക്സൈഡ് ഭൂമിയുടെ ചൂട് പുറത്തുപോകുന്നത് തടയുന്നതിനാൽ കാലാവസ്ഥ ചൂടുള്ളതാകുന്നു അല്ലെങ്കിൽ ഭൂമി “ചൂടുപിടിച്ച ഒരു ഭവന”മായിത്തീരുന്നു. അതിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുകയും മദ്രഭാഗത്തെ മഞ്ഞ് ഉരുകുകയും ചെയ്യുന്നതായി വിശ്വസിക്കുന്നു. ഒരളവുവരെ മനുഷ്യന്റെ ഇടപെടലിന് ഗോളമാസകലമുള്ള സമുദ്രനിരപ്പിന്റെ പ്രതിവർഷ ഉയർച്ച കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും “സമുദ്രനിരപ്പ് വർദ്ധിക്കുന്നതനുസരിച്ച് മനുഷ്യവർഗ്ഗത്തിന്റെ ഭാവി ‘മരണവും പ്രശ്നങ്ങളുമാണ്’” എന്ന് ഭൂഗർഭ ശാസ്ത്രജ്ഞൻമാർ പറയുന്നു.
ഇപ്പോഴും ഒരു ലാഭകച്ചവടം
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്ക 6000-ത്തിലധികം വ്യാപാരങ്ങളുടെ പതനം ദർശിക്കുകയുണ്ടായി—പ്രതിദിനം ശരാശരി 16. പല വ്യാപാരങ്ങൾക്കും 1985 മോശമായ ഒരു വർഷമായി തെളിഞ്ഞെങ്കിലും ഒരു പ്രത്യേക തരത്തിലുള്ള വ്യാപാരം നിലനിന്നു—ആഫ്രിക്കൻ മരുന്നുകളുടെ. യോഹന്നസ് ബർഗ്ഗിലെ ഒരു മരുന്നുകടയുടെ ഉടമസ്ഥനായിരിക്കുന്ന ഡോ. നെയിഡു ഇപ്രകാരം പറഞ്ഞു: “എല്ലാ വർഗ്ഗത്തിലും പ്രായത്തിലുമുള്ള ആളുകൾ മരുന്ന് വാങ്ങാൻ വരുന്ന ഒരു സൂപ്പർ മാർക്കറ്റ് പോലെയാണ് എന്റെ കട.” ഉപഭോക്താക്കൾ സ്നേഹം എന്ന കഷായവും കുടുംബപ്രശ്നങ്ങൾക്കുള്ള ഒരു പ്രതിവിധിയും അന്വേഷിക്കുന്നു. ദുഷ്ടാത്മാക്കളെ പുറത്താക്കുന്നതിനും ഭാവി മുൻകൂട്ടിപ്പറയുന്നതിനും ഉള്ള മാർഗ്ഗം കണ്ടുപിടിക്കുന്നതിനും അവർ ആഗ്രഹിക്കുന്നു. അദ്ദേഹം മൃഗചർമ്മങ്ങളും അസ്ഥികളും കുരങ്ങുകളുടെ ഭാഗങ്ങളും (അവ ദുഷ്ടാത്മാക്കളിൽ നിന്നുള്ള ഒരു സംരക്ഷണമാണെന്ന് വിശ്വസിക്കുന്നു.) പച്ചക്കൊത്തമല്ലിയും കടയിൽ സംഭരിച്ചുവെക്കുന്നു. അദ്ദേഹം കടയിലെ വസ്തുക്കൾ ദുഷ്ടാത്മാക്കളിൽനിന്ന് സംരക്ഷിക്കുന്നതിനുവേണ്ടി ഓരോ നാല് മണിക്കൂറിലും പെപ്പോ എന്ന് അറിയപ്പെടുന്ന ഒരു പച്ചമരുന്ന് കത്തിക്കുന്നു.
ഇംഗ്ലീഷ് ആർക്ക് വേണം?
ലണ്ടനിലുള്ള 12,000-ലധികം ചെറുപ്പക്കാർ ബംഗാളിഭാഷ സംസാരിക്കുന്നുണ്ടെന്നും അവരുടെ സ്കൂളുകളിൽ സാധാരണ ഉപയോഗിക്കുന്ന ഭാഷകളിൽ രണ്ടാം സ്ഥാനമുള്ളത് ബംഗാളി ഭാഷയ്ക്കാണെന്നും മനസ്സിലാക്കിയപ്പോൾ ലണ്ടൻകാർ വിസ്മയിച്ചുപോയി. ഒരു സ്കൂളിൽ 45 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നുണ്ട്. നഗരത്തിലെല്ലായിടത്തുമുള്ള സ്കൂൾ കുട്ടികൾ 161 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു. എന്നിരുന്നാലും ഇംഗ്ലീഷ് പൊതുഭാഷയായി നിലകൊള്ളുന്നു, ഭൂരിപക്ഷവും ഭവനങ്ങളിൽപോലും അത് സംസാരിക്കുന്നു.
അമേരിക്കൻ ഐക്യനാടുകളിലെ കോളജുകളിൽ 1980-കളിൽ ജാപ്പാനീസ് വളരെ പെട്ടെന്ന് വളരുന്ന ഒരു ഭാഷയായിത്തീർന്നിരിക്കയാണ്—സർവ്വകലാശാലതലത്തിൽ 40-ലധികം ശതമാനം വർദ്ധിക്കുന്നു. സ്കൂൾ തലത്തിലും ഭാഷയിൽ സമാനമായ താല്പര്യം പ്രകടമാണ്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുമുമ്പ് പേർചാർത്തിയവരുടെ എണ്ണത്തോടുള്ള താരതമ്യത്തിൽ, ജാപ്പാനീസ് വിദ്യാർത്ഥികൾ മൂന്നുമടങ്ങ് വർദ്ധിച്ചിരിക്കയാണെന്ന് ന്യൂയോർക്ക് നഗരത്തിലെ ജപ്പാൻ സമൂഹം റിപ്പോർട്ടു ചെയ്യുന്നു. ജാപ്പാനീസ് പഠിക്കാൻ ഇത്രമാത്രം തള്ളൽ എന്തുകൊണ്ട്? ഭാഷയിലെ ദേശീയ താല്പര്യം “ജപ്പാനും അമേരിക്കയും തമ്മിലുള്ള സാങ്കേതിക ശാസ്ത്രീയ സാമ്പത്തിക ബന്ധം വികസിപ്പിക്കുന്നതിൽ അധിഷ്ഠിതമാണെന്ന് കാണപ്പെടുന്നു. (g86 7/22)