വിദ്യാലയങ്ങൾ പ്രതിസന്ധിയിൽ
വായന, എഴുത്ത്, ഗണിതം എന്നീ കാര്യങ്ങളെക്കാളധികം പഠിക്കാനാണ് മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ വിടുന്നത്. മാതാപിതാക്കൾക്ക് അഭിമാനിക്കാൻ കഴിയുന്ന മുതിർന്നവരായി വളർന്നുവരാൻ കുട്ടികളെ സജ്ജരാക്കുന്ന വളരെ നല്ല വിദ്യാഭ്യാസം വിദ്യാലയങ്ങൾ അവർക്കു നൽകാൻ മാതാപിതാക്കൾ പ്രതീക്ഷിക്കുന്നു. എന്നാൽ മിക്കപ്പോഴും അവരുടെ പ്രതീക്ഷ സഫലമാകാതെ പോകുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ലോകമെമ്പാടുമുള്ള സ്കൂളുകൾ പ്രതിസന്ധിയിലാണ്.
അനേകം രാജ്യങ്ങളിലും കുട്ടികളുടെ വിദ്യാഭ്യാസത്തെ അപകടത്തിലാക്കുന്നത് പണത്തിന്റെയും പഠിപ്പിക്കുന്നവരുടെയും അഭാവമാണ്. ഉദാഹരണത്തിന്, ഐക്യനാടുകളിലെമ്പാടും സമീപ വർഷങ്ങളിലുണ്ടായ സാമ്പത്തികമാന്ദ്യം ‘പഴയ പാഠപുസ്തകങ്ങൾ വീണ്ടും തുന്നിക്കെട്ടാനും സീലിങ് തേപ്പ് അടർന്നുവീഴാനും കലാപരവും കായികപരവുമായ പരിപാടികൾ വേണ്ടെന്നോ അടുപ്പിച്ച് കുറെ ദിവസത്തേക്ക് അടച്ചുപൂട്ടാമെന്നോ വെക്കാനും’ ചില സ്കൂളുകളെ ഇടയാക്കിയിരിക്കുന്നു എന്നു ടൈം മാഗസിൻ അഭിപ്രായപ്പെടുന്നു.
സമാനമായി ആഫ്രിക്കയിലും വിദ്യാഭ്യാസവിഭവങ്ങൾ വേണ്ടത്രയില്ല. ലാഗോസിലെ ഡെയ്ലി ടൈംസ് പറയുന്നതനുസരിച്ച്, നൈജീരിയ എന്ന രാഷ്ട്രത്തിന് ഓരോ 70 കുട്ടികൾക്കും 1 അധ്യാപകൻ മാത്രമേയുള്ളൂ. “അധ്യാപകരിൽ മൂന്നിലൊരാൾ യോഗ്യതയില്ലാത്തയാളായിരിക്കാനുള്ള നല്ല സാധ്യതയുമുണ്ട്.” ദക്ഷിണാഫ്രിക്കയിൽ—അധ്യാപകരുടെ കുറവു മാത്രമല്ല—വിദ്യാർഥികൾ തിങ്ങിനിറഞ്ഞ ക്ലാസ്സ് മുറികളും രാഷ്ട്രീയ പ്രക്ഷുബ്ധതയും കാരണം സൗത്ത് ആഫ്രിക്കൻ പനോരമ പറയുന്നപ്രകാരം “കറുത്ത വർഗക്കാർക്കായുള്ള വിദ്യാലയങ്ങളിൽ ക്രമഭംഗം” ഉണ്ടാകാനിടയായിരിക്കുന്നു.
തീർച്ചയായും, യോഗ്യരായ വേണ്ടത്ര അധ്യാപകരും വേണ്ടത്ര സംവിധാനങ്ങളുമുള്ള ഒരു സ്കൂൾ, വിദ്യാഭ്യാസപരമായ വിജയം ഉറപ്പു വരുത്തുന്നില്ല. ദൃഷ്ടാന്തത്തിന്, ഓസ്ട്രിയയിൽ 14 വയസ്സു പ്രായമുള്ളവരിൽ ഏതാണ്ട് മൂന്നിലൊന്നു പേർക്കും നിസ്സാര കണക്കുകൾ കൂട്ടാനോ തെററുകൂടാതെ വായിക്കാനോ അറിയില്ല എന്നു റിപ്പോർട്ടു ചെയ്യപ്പെടുന്നു. ബ്രിട്ടനിൽ ഗണിതശാസ്ത്രം, സയൻസ്, ദേശീയഭാഷ എന്നിവയിൽ ജയിക്കുന്ന കുട്ടികളുടെ നിരക്കുകൾ “ജർമനി, ഫ്രാൻസ്, ജപ്പാൻ എന്നിവടങ്ങളിൽ ജയിക്കുന്ന കുട്ടികളുടെ നിരക്കുകളെക്കാൾ വളരെ പിന്നിലാണ്” എന്ന് ലണ്ടനിലെ ദ ടൈംസ് അഭിപ്രായപ്പെടുന്നു.
ഐക്യനാടുകളിൽ കുട്ടികൾ ടെസ്ററുകളിൽ നല്ല മാർക്ക് നേടുന്നുണ്ടെങ്കിലും പലരും ഒരു നല്ല ഉപന്യാസമെഴുതാനോ കണക്കുകൾ ചെയ്യാനോ പല പാഠങ്ങളിലെയോ ലേഖനങ്ങളിലെയോ അടിസ്ഥാനാശയങ്ങളുടെ ഒരു സംക്ഷിപ്തം തയ്യാറാക്കാനോ കഴിയാത്തവരാണെന്ന് അധ്യാപകർ പരാതിപ്പെടുന്നു. തത്ഫലമായി, ലോകമൊട്ടുക്കുമുള്ള വിദ്യാഭ്യാസ അധികൃതർ സ്കൂൾ പാഠ്യപദ്ധതിയും കുട്ടികളുടെ പുരോഗതി തിട്ടപ്പെടുത്തുന്നതിനുള്ള രീതികളും പുനഃപരിശോധിക്കുകയാണ്.
വിദ്യാലയ അക്രമം
അശുഭസൂചകവും വർധിച്ചുവരുന്നതുമായ അക്രമം വിദ്യാലയങ്ങളിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. 15 ശതമാനം സ്കൂൾ കുട്ടികൾ “അക്രമം അവലംബിക്കാൻ സജ്ജരാ”ണെന്നു ജർമനിയിൽ നടന്ന അധ്യാപകരുടെ ഒരു സമ്മേളനത്തിൽ പറയപ്പെട്ടു. “5 ശതമാനം പേർക്കു കൊടിയ ക്രൂരകൃത്യങ്ങൾ ചെയ്യുന്നതിനും മടിയില്ല. ഉദാഹരണത്തിന്, നിലത്തു നിരായുധനായി കിടക്കുന്ന ഒരുവനെ തൊഴിക്കാൻ അവർ മടിക്കാറില്ല.”—ഫ്രാങ്ക്ഫുർട്ടർ ആൽജമൈന ററ്സൈററുങ്.
കൊടിയ ക്രൂരതയിൽപ്പെട്ട ഓരോ സംഭവങ്ങളും വലിയ ഉത്കണ്ഠ ഉണർത്തിവിടുന്നവയാണ്. പാരീസിലെ ഒരു വിദ്യാലയത്തിൽ കക്കൂസ് മുറിയിൽവെച്ച് നാലു യുവാക്കൾ ചേർന്ന് 15 വയസ്സുള്ള ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്തു. സ്കൂളിൽ കൂടുതൽ മെച്ചപ്പെട്ട സുരക്ഷിതത്വം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരുവുകളിൽ പ്രകടനം നടത്താൻ ഈ ചെയ്തി കുട്ടികളെ പ്രേരിപ്പിച്ചു. ലൈംഗിക കടന്നാക്രമണങ്ങളും പിടിച്ചുപറിയും വൈകാരിക അക്രമവും സംബന്ധിച്ചു മാതാപിതാക്കൾ ഉത്കണ്ഠയുള്ളവരാണ്. അത്തരം സംഭവങ്ങൾ യൂറോപ്പിന്റെ മാത്രം സവിശേഷതയല്ല, പിന്നെയോ അവ ലോകമൊട്ടുക്കും വളരെ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഹൈസ്കൂളിലെ പ്രായംകുറഞ്ഞ കുട്ടികളും മുതിർന്ന കുട്ടികളും ഉൾപ്പെടുന്ന അക്രമത്തിന്റെ വർധനവിനെക്കുറിച്ച് ജപ്പാനിലെ വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ടു ചെയ്യുന്നു. “തോക്കുകളേന്തിയ വിദ്യാർഥികൾ വിദ്യാലയങ്ങളുടെ നിയന്ത്രണമേറെറടുക്കുന്നു” എന്ന ശീർഷകത്തിനു കീഴിൽ സവെറേറാ നഗരത്തിലെ അനേകം ക്ലാസ്സ് മുറികളിലും അരങ്ങേറുന്ന രംഗത്തെ ദക്ഷിണാഫ്രിക്കൻ പത്രമായ ദ സ്ററാർ 19-ാം നൂററാണ്ടിൽ ഐക്യനാടുകളിൽ നിലവിലിരുന്ന “വന്യമായ അവസ്ഥ”യോടു താരതമ്യപ്പെടുത്തി. അക്രമത്തിനു ന്യൂയോർക്ക് സിററിക്കു പോലുമുള്ള കീർത്തി ലണ്ടനിലെ ദ ഗാർഡിയന്റെ വാക്കുകളിൽ പറഞ്ഞാൽ, “ഒരു സുരക്ഷിത സ്ഥാപനം കുട്ടികൾക്കു വേണ്ടി വെടിയുണ്ട കടക്കാത്ത വസ്ത്രങ്ങൾക്കു വേണ്ടി വലിയ ഒരു ഓർഡർ നൽകിയതോടെ പുതിയ മാനങ്ങളിലേക്കുയർന്നു.”
വിദ്യാലയ അക്രമം നിമിത്തം ബ്രിട്ടനും കഷ്ടമനുഭവിക്കുന്നുണ്ട്. അധ്യാപക യൂണിയനിലെ ഒരു ഉദ്യോഗസ്ഥൻ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “കഴിഞ്ഞ 10 വർഷങ്ങളിൽ ആയുധങ്ങൾ ഉപയോഗിക്കാനുള്ള വർധിച്ചുവരുന്ന ഒരു പ്രവണത ഞങ്ങൾ കണ്ടുവരുന്നു. അതു പ്രായംകുറഞ്ഞവരുടെ ഇടയിൽപ്പോലുമുണ്ട്. ഇപ്പോൾ ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും ആയുധങ്ങളെ അവലംബിക്കുന്നു.”
കുട്ടികളെ സ്കൂളിൽ വിടാതെ വീട്ടിലിരുത്തി പഠിപ്പിക്കാൻ ചില മാതാപിതാക്കൾ തീരുമാനിക്കുന്നതിൽ അതിശയിക്കാനില്ല.a ഇത് അപ്രായോഗികമാണെന്നു കണ്ടെത്തുന്നവർ സ്കൂൾ തങ്ങളുടെ കുട്ടികളുടെമേൽ ചെലുത്തിയേക്കാവുന്ന മോശമായ ഫലത്തെ സംബന്ധിച്ച് മിക്കപ്പോഴും ഉത്കണ്ഠപ്പെടുകയാണ്. ഈ പ്രശ്നത്തെ എങ്ങനെ നേരിടാൻ കഴിയുമെന്നും അവർ അമ്പരക്കുന്നു. വിദ്യാലയത്തിൽ നേരിടുന്ന പ്രശ്നങ്ങളെ വിജയപ്രദമായി തരണം ചെയ്യാൻ കുട്ടികളെ സഹായിക്കുന്നതിനു മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും? കുട്ടികൾക്കു സ്കൂളിൽനിന്ന് പരമാവധി പ്രയോജനം കിട്ടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് അധ്യാപകരുമായി മാതാപിതാക്കൾക്ക് എങ്ങനെ സഹകരിക്കാൻ കഴിയും? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം പ്രദാനം ചെയ്യുന്നു.
[അടിക്കുറിപ്പുകൾ]
a 1993 ജൂലൈ 8 ഉണരുക!യിൽ പ്രസിദ്ധീകരിക്കപ്പെട്ട “ഭവന അധ്യാപനം—അതു നിങ്ങൾക്കുള്ളതോ?” എന്ന ലേഖനം ഈ പ്രതിവിധിയെക്കുറിച്ച് അവലോകനം നടത്തുന്നുണ്ട്.