ഇന്നു വിദ്യാലയങ്ങളിൽ എന്തു നടക്കുന്നു?
“നമ്മുടെ വിദ്യാലയങ്ങൾ പ്രതിസന്ധിയിൽ: ഉടൻ പൊലീസിനെ കൊണ്ടുവരിക.” ന്യൂയോർക്ക് നഗരത്തിലെ ഒരു വർത്തമാനപ്പത്രത്തിൽ അടുത്തകാലത്തു വന്ന പ്രധാനവാർത്തയായിരുന്നു ഇത്. ന്യൂയോർക്ക് നഗര വിദ്യാഭ്യാസബോർഡിന് നഗരത്തിലെ ആയിരത്തിലേറെ വിദ്യാലയങ്ങളിൽ റോന്തുചുറ്റുന്ന—3,200 അംഗങ്ങളുള്ള—സ്വന്തം സംരക്ഷണസേനയുണ്ട്. എന്നിട്ടും ഇപ്പോൾ മിക്കയാളുകളും വിദ്യാലയങ്ങളിൽ സംരക്ഷണസേനയെ സഹായിക്കുന്നതിനുവേണ്ടി നഗരത്തിലെ പൊലീസിനെ കൊണ്ടുവരാനാഗ്രഹിക്കുന്നു. വാസ്തവത്തിൽ അവരുടെ ആവശ്യമുണ്ടോ?
“ന്യൂയോർക്ക് നഗരത്തിലെ 20% കുട്ടികളും ആയുധങ്ങൾ കൊണ്ടുനടക്കുന്നു എന്ന് ഒരു റിപ്പോർട്ടു കാണിക്കുന്നു” എന്നാണ് ന്യൂയോർക്ക് ടൈംസിലെ ഒരു തലക്കെട്ടു പറഞ്ഞത്. 1990 മുതൽ 1992 വരെ ന്യൂയോർക്ക് നഗരത്തിലെ വിദ്യാലയങ്ങളുടെ മേധാവിയായിരുന്ന ജോസഫ് ഫെർണാണ്ടസ് ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “നമ്മുടെ വൻനഗരങ്ങളിലെ വിദ്യാലയങ്ങളിൽ ഇന്നു കാണുന്ന അക്രമംപോലെയുള്ള യാതൊന്നും ഞാനിന്നേവരെ കണ്ടിട്ടില്ല. . . . 1990-ൽ ന്യൂയോർക്കിൽ ചാൻസലറായി സ്ഥാനമേറ്റെടുത്തപ്പോൾ സ്ഥിതിഗതികൾ ഇത്ര മോശമായിരിക്കുമെന്ന് എനിക്കു ചിന്തിക്കാൻപോലും കഴിഞ്ഞിരുന്നില്ല. ഇതു വെറുമൊരു തോന്നലല്ല, മാരകമായ വ്യാധിയാണ്.”
അത് എത്ര മോശമാണ്?
“ഞാൻ ചാൻസലറായതിനു ശേഷമുള്ള ആദ്യത്തെ പത്തു മാസങ്ങളിൽ ഞങ്ങളുടെ കണക്കനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ശരാശരി ഒരു സ്കൂൾകുട്ടി വീതം ഭൂഗർഭ റയിൽപാതകളിൽവച്ചു കുത്തേറ്റോ, സ്കൂൾമുറ്റത്തോ തെരുക്കോണുകളിലോ വച്ചു വെടിയേറ്റോ മരിച്ചു . . . ചില ഹൈസ്കൂളുകളിൽ പതിനഞ്ചോ പതിനാറോ [കാവൽഭടന്മാർ] ഇടനാഴികളിൽകൂടിയും മുറ്റങ്ങളിൽകൂടിയും റോന്തുചുറ്റുന്നുണ്ട്” എന്നു ഫെർണാണ്ടസ് റിപ്പോർട്ടുചെയ്തു. “നമ്മുടെ വിദ്യാലയങ്ങളിലെ അക്രമം സാംക്രമികമാണ്, അനിതരസാധാരണമായ സുരക്ഷാനടപടികൾ എടുക്കുകയും വേണം. ചിക്കാഗോ, ലോസാഞ്ചലസ്, ഡെട്രോയിറ്റ് എന്നിങ്ങനെ എല്ലാ വൻ മെട്രോപൊളിറ്റൻ കേന്ദ്രങ്ങളിലെയും വിദ്യാലയങ്ങളിൽ ഏറെക്കുറെ ഭീതിജനകമായ കിരാതത്വത്തിന്റെ നിഴലാണ് ഇപ്പോഴുള്ളത്.
“ഇതിലെ മാനക്കേട് അന്ധാളിപ്പിക്കുംവിധം വ്യക്തമാണ്. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലായി നമുക്ക് അസ്വീകാര്യമായതിനെ സ്വീകരിക്കേണ്ടതായി വന്നിരിക്കുന്നു: അമേരിക്കൻ സ്കൂളുകളെ യുദ്ധക്കളങ്ങളായി, വിജ്ഞാനത്തിന്റെ സങ്കേതങ്ങൾ എന്നതിനുപകരം ഭയത്തിന്റെയും ഭീഷണിപ്പെടുത്തലുകളുടെയും ആവാസകേന്ദ്രങ്ങളായി.”
ഐക്യനാടുകളിലെ 245 വിദ്യാലയവ്യവസ്ഥകളിൽ സുരക്ഷാ ഉദ്യോഗസ്ഥന്മാരുണ്ട്, ഇതിൽ 102 എണ്ണത്തിൽ ഉദ്യോഗസ്ഥന്മാർ ആയുധധാരികളാണ്. എന്നാൽ ആയുധധാരികളായവർ അവർ മാത്രമല്ല. മിച്ചിഗൺ സർവകലാശാലയുടെ ഒരു പഠനം കണക്കാക്കുന്നതനുസരിച്ച്, ഐക്യനാടുകളിലെ വിദ്യാർഥീവിദ്യാർഥിനികൾ ഓരോ ദിവസവും 2,70,000 തോക്കുകൾ സ്കൂളിൽ കൊണ്ടുവരുന്നുണ്ട്, മറ്റായുധങ്ങളെയൊന്നും ഉൾപ്പെടുത്താതെയുള്ള കണക്കാണിത്!
മെച്ചപ്പെടുന്നതിനു പകരം സ്ഥിതിഗതികൾ കൂടുതൽ മോശമായിരിക്കുന്നു. മിക്ക വിദ്യാലയങ്ങളിലും ഉപയോഗിക്കുന്ന മെറ്റൽ ഡിറ്റക്ടറുകൾ ആയുധങ്ങളുടെ ഒഴുക്കു തടയുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. 1994-ലെ ശരത്കാലത്ത് ന്യൂയോർക്ക് നഗരത്തിലെ വിദ്യാലയങ്ങളിൽ നടന്നതായി റിപ്പോർട്ടുചെയ്യപ്പെട്ട അക്രമസംഭവങ്ങൾ ഒരു വർഷം മുമ്പ് അതേ കാലഘട്ടത്തിൽ നടന്നതിനെക്കാൾ 28 ശതമാനം കൂടുതലായിരുന്നു! ഫി ഡെൽറ്റ കപ്പൻ ഐക്യനാടുകളിൽ നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പിനെപ്പറ്റി ഇങ്ങനെ വിവരിക്കുന്നു: “ചരിത്രത്തിലാദ്യമായി ‘പോരാട്ടം, അക്രമം, തസ്കരസംഘങ്ങൾ’ എന്ന വിഭാഗം പ്രാദേശിക സർക്കാർവിദ്യാലയങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി ‘അച്ചടക്കരാഹിത്യ’ത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നു.”
വിദ്യാലയ അക്രമം മിക്ക രാജ്യങ്ങളിലെയും വിദ്യാലയങ്ങളിൽ ഒരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. കാനഡയിലെ ടൊറന്റോയിൽ നിന്നുള്ള ഗ്ലോബ് ആൻഡ് മെയിലിൽ ഇങ്ങനെയൊരു തലക്കെട്ടു വന്നു: “സ്കൂളുകൾ അപകടമേഖലകളായിക്കൊണ്ടിരിക്കുന്നു.” ആക്രമണവിധേയരാകുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്യുമെന്ന ഭീതി മൂലം ഏതാണ്ട് 60 ശതമാനം പ്രൈമറിവിദ്യാർഥികളെയും മാതാപിതാക്കൾതന്നെ സ്കൂളിലേക്കു കൊണ്ടുവരികയും തിരികെ കൊണ്ടുപോവുകയും ചെയ്യുന്നു എന്ന് ഓസ്ട്രേലിയയിലെ മെൽബണിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി.
അക്രമം പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. കടുത്ത ഉത്കണ്ഠയുളവാക്കുന്ന മറ്റു കാര്യങ്ങൾ നമ്മുടെ സ്കൂളുകളിൽ അരങ്ങേറുന്നുണ്ട്.
സദാചാരങ്ങൾ സംബന്ധിച്ച പ്രശ്നം
പരസംഗം—വിവാഹിതരാകാത്തവർ തമ്മിലുള്ള ലൈംഗികബന്ധങ്ങൾ—തെറ്റാണെന്നു ബൈബിൾ പറയുന്നുണ്ടെങ്കിലും ഇന്നത്തെ സ്കൂളുകൾ അത്തരം മികച്ച സദാചാരമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നില്ല. (എഫെസ്യർ 5:5; 1 തെസ്സലൊനീക്യർ 4:3-5; വെളിപ്പാടു 22:15) ഫെർണാണ്ടസ് “നമ്മുടെ കൗമാരപ്രായക്കാരിൽ 80 ശതമാനത്തോളം ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നവരാണ്” എന്നു പറഞ്ഞപ്പോൾ അദ്ദേഹം വർണിച്ച അവസ്ഥക്ക് തീർച്ചയായും ഇതൊരു കാരണമാണ്. ചിക്കാഗോയിലെ ഒരു ഹൈസ്കൂളിൽ പെൺകുട്ടികളിൽ മൂന്നിലൊന്നു ഗർഭവതികളായിരുന്നു!
ചില വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ കുട്ടികളെ സംരക്ഷിക്കുന്നതിനുവേണ്ടി നഴ്സറികൾ ഉണ്ട്. ഇതു കൂടാതെ എയ്ഡ്സ് എന്ന മഹാവ്യാധിയും ജാരസന്തതികളുടെ ത്വരിതഗതിയിലുള്ള വർധനവും തടയുന്നതിനുള്ള ഒരു വിഫലശ്രമത്തിന്റെ ഭാഗമായി ഗർഭനിരോധന ഉറകളും മുറയ്ക്കു വിതരണം ചെയ്യുന്നുണ്ട്. ഗർഭനിരോധന ഉറകളുടെ വിതരണം യഥാർഥത്തിൽ കുട്ടികൾ പരസംഗം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയല്ലെങ്കിൽ, അവർ അതു ചെയ്യുന്നതിനു നേരെ കണ്ണടക്കുന്നു. സദാചാരങ്ങളെപ്പറ്റി കുട്ടികൾ എന്തു വിചാരിക്കണം?
“ശരിയും തെറ്റുമൊന്നുമില്ലെന്നും സദാചാരപരമായ തിരഞ്ഞെടുപ്പുകൾ നിങ്ങൾക്കെന്തു തോന്നുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും വിശ്വസിക്കുന്ന യുവജനങ്ങളുടെ എണ്ണം അതിശയിപ്പിക്കുന്നതാണെ”ന്ന് പരിചയസമ്പന്നയായ ഒരു സർവകലാശാലാ അധ്യാപിക പറഞ്ഞു. എന്തുകൊണ്ടാണു യുവജനങ്ങൾ ഈ വിധത്തിൽ ചിന്തിക്കുന്നത്? ആ അധ്യാപികയുടെ അഭിപ്രായമിതാണ്: “ഒരുപക്ഷേ ഹൈസ്കൂളിലെ അവരുടെ അനുഭവങ്ങളായിരിക്കും അവരെ ധാർമിക അജ്ഞേയതാവാദികളാക്കിത്തീർത്തത്.” ഇത്തരം സദാചാരപരമായ അനിശ്ചിതത്വത്തിന്റെ പരിണതഫലങ്ങളെന്തൊക്കെയാണ്?
അടുത്തകാലത്ത് ഒരു വർത്തമാനപ്പത്രത്തിലെ മുഖപ്രസംഗം ഇങ്ങനെ വിലപിച്ചു: “ആരും ഒരിക്കലും ഒന്നിന്റെയും കുറ്റമേൽക്കാൻ തയ്യാറല്ലാത്തതുപോലെയാണ് ഇടക്കൊക്കെ കാണപ്പെടുന്നത്.” അതിലടങ്ങിയിരിക്കുന്ന സന്ദേശം എന്തും അനുവദനീയമാണ് എന്നതാണ്! ഇതിനു വിദ്യാർഥികളിൽ ഉണ്ടായിരിക്കാവുന്ന ആഴത്തിലുള്ള സ്വാധീനത്തിന്റെ ഒരുദാഹരണം പരിശോധിക്കുക. രണ്ടാംലോകയുദ്ധവും നാസിസത്തിന്റെ വളർച്ചയും എന്ന വിഷയത്തെ സംബന്ധിച്ച ഒരു സർവകലാശാലാ ക്ലാസിൽ വിദ്യാർഥികളുടെ ഏറിയപങ്കും കൂട്ടക്കുരുതിക്ക് ആരെങ്കിലും കുറ്റക്കാരായിരുന്നുവെന്നു വിശ്വസിച്ചിരുന്നില്ലെന്ന് ഒരു പ്രൊഫസർ കണ്ടെത്തി! “വിദ്യാർഥികളുടെ മനസ്സുകളിൽ ആ കൂട്ടക്കുരുതി ഒരു പ്രകൃതിവിപത്തുപോലെയായിരുന്നു. അത് അനിവാര്യവും ഒഴിവാക്കാനാവാത്തതുമായിരുന്നു” എന്ന് ആ അധ്യാപകൻ പറഞ്ഞു.
വിദ്യാർഥികൾക്ക് തെറ്റും ശരിയും തിരിച്ചറിയാൻ കഴിയാതെ വരുന്നത് ആരുടെ കുറ്റമാണ്?
നിർണായകകാലങ്ങൾക്കിടയിൽ
വിദ്യാലയങ്ങളെ ന്യായീകരിച്ചുകൊണ്ട് ഒരു മുൻ അധ്യാപിക പറഞ്ഞു: “പ്രശ്നം ഉത്ഭവിക്കുന്നതു സമൂഹത്തിലാണ്, അവിടെ നിലവിലുള്ള പ്രശ്നങ്ങൾ വിദ്യാലയങ്ങളിൽ പ്രതിഫലിക്കുന്നുവെന്നു മാത്രം.” സമൂഹത്തിലെ നേതാക്കന്മാർ ചെയ്യാൻ പരാജയപ്പെട്ട കാര്യങ്ങൾ വിജയകരമായി പഠിപ്പിക്കുക എന്നത് തീർച്ചയായും അത്ര എളുപ്പമല്ല.
യു.എസ്. ഗവണ്മെന്റുദ്യോഗസ്ഥന്മാരുടെ അധാർമികനടപടികൾ വാർത്താപ്രാധാന്യം നേടിയിരുന്ന ഒരുകാലത്ത് ഒരു പ്രസിദ്ധ പംക്തിയെഴുത്തുകാരി ഇതേപ്പറ്റി വിശദീകരിച്ചുകൊണ്ട് ഇങ്ങനെയെഴുതി: “വക്രതനിറഞ്ഞ ഈ യുഗത്തിൽ അധ്യാപകർക്ക് എങ്ങനെ സദാചാരനിഷ്ഠ പഠിപ്പിക്കാൻവേണ്ടി ശ്രമിക്കാൻ സാധിക്കും എന്നതിനെപ്പറ്റി എനിക്കൊരു ഊഹവുമില്ല. . . . ‘വാഷിങ്ടനിലേക്കു നോക്കൂ!’ ഒരു കൊച്ചുകുട്ടിപോലും അതിനെതിരെ ശബ്ദമുയർത്തും. ലോകത്തിലെ ഏറ്റവും നീചമായ വഞ്ചന ആ വലിയ വൈറ്റ്ഹൗസിന്റെ മേൽക്കൂരക്കു കീഴിലാണു നടന്നിട്ടുള്ളതെന്ന് . . . അവർക്കറിയാം.”
“അന്ത്യകാലത്ത് ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങൾ ഇവിടെ ഉണ്ടായിരിക്കും” എന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (2 തിമോത്തി 3:1-5, NW) തീർച്ചയായും ഇതു ദുർഘടസമയങ്ങളാണ്! ഇതിന്റെ വെളിച്ചത്തിൽ ഇന്നു വിദ്യാലയങ്ങളിലുള്ള പ്രതിസന്ധിയെ തരണംചെയ്യാനും കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം ലഭിക്കാനും വേണ്ടി എന്തു ചെയ്യാൻ കഴിയും? രക്ഷിതാക്കളും വിദ്യാർഥികളുമെന്നനിലയിൽ നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? പിൻവരുന്ന ലേഖനങ്ങൾ അതു ചർച്ച ചെയ്യും.