മികച്ച വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള അന്വേഷണം
മികച്ചരീതിയിലുള്ള ഒരു വിദ്യാഭ്യാസം ഇന്നത്തെ സമൂഹത്തിലെ ജീവിതത്തിൽ വിജയകരമായി പിടിച്ചുനിൽക്കാൻ കുട്ടികളെ ഒരുക്കുന്നു. അതവർക്കു നന്നായി എഴുതാനും വായിക്കാനും കണക്കുകൂട്ടാനുമുള്ള കഴിവുകളുൾപ്പെടെയുള്ള വിദ്യാഭ്യാസയോഗ്യതകൾ നേടിക്കൊടുക്കുന്നു. കൂടാതെ, അതു മറ്റുള്ളവരുമായുള്ള അവരുടെ ഇടപെടലുകളെ സ്വാധീനിക്കുകയും നല്ല സാന്മാർഗികനിലവാരങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
എന്നാലും ഇതു ദുർഘടസമയങ്ങളായതിനാൽ അത്തരം വിദ്യാഭ്യാസം കൊടുക്കുക എന്നതു വളരെ ബുദ്ധിമുട്ടാണ്. പരിചയസമ്പന്നനായ ഒരു സ്കൂളധ്യാപകന്റെ പരിദേവനം ശ്രദ്ധിക്കൂ: “ആക്രമണോന്മുഖരായവർ, ദ്രോഹകരമായ വൃത്തികെട്ട ഭാഷ സംസാരിക്കുന്നവർ, ഉറക്കമിളച്ചിരുന്നു ടിവി കണ്ടു ക്ഷീണതരായവർ, വികലപോഷിതരോ വിശന്നിരിക്കുന്നവരോ ആയവർ, അച്ചടക്കമില്ലാത്തവരായി വളർത്തപ്പെട്ടവർ എന്നിങ്ങനെയുള്ള കുട്ടികളാണു ക്ലാസിലുള്ളത്.” “പരുക്കൻ കുട്ടികളെ പഠിപ്പിക്കുക അസാധ്യമാണെ”ന്ന് അധ്യാപകർ നിങ്ങളോടു പറയും.
അമേരിക്കൻ അധ്യാപക ഫെഡറേഷന്റെ പ്രസിഡണ്ടായ ആൽബർട്ട് ശങ്കർ അധ്യാപകരുടെ സന്ദിഗ്ധാവസ്ഥയെ ഇങ്ങനെ വർണിച്ചു: “അവർക്ക്, മദ്യത്തെയും മയക്കുമരുന്നിനെയുംകുറിച്ചുള്ള ബോധവത്കരണം, ലൈംഗികബോധവത്കരണം, . . . കുട്ടികളിൽ ആത്മാഭിമാനം വളർത്താനുള്ള പരിശീലനം, സാമൂഹികവിരുദ്ധരെ തിരിച്ചറിയാനുള്ളമാർഗം പഠിപ്പിക്കൽ, . . . തുടങ്ങിയവയും മറ്റനേകം കാര്യങ്ങളും നടത്തണം. യഥാർഥ അധ്യാപനം ഒഴികെ മറ്റെല്ലാം. . . . സാമൂഹികപ്രവർത്തകർ, അമ്മമാർ, അച്ഛന്മാർ, ചികിത്സകർ, പൊലീസുകാർ, പോഷകാഹാരവിദഗ്ധർ, പൊതുജനാരോഗ്യപ്രവർത്തകർ, വൈദ്യശാസ്ത്രവിദഗ്ധർ എന്നിവരായിരിക്കുക എന്നതാണ് വാസ്തവത്തിൽ അവരിൽനിന്നാവശ്യപ്പെടുന്നത്.”
എന്തുകൊണ്ടാണ് അധ്യാപകർ ഇതു ചെയ്യേണ്ടിവരുന്നത്? ഉത്തരപൂർവ ഐക്യനാടുകളിലെ ഏതെങ്കിലുമൊരു വൻനഗരത്തിലെ ക്ലാസുമുറികളുടെ സംക്ഷിപ്തമായ ഒരവലോകനം, അതെന്തുകൊണ്ടാണെന്നു സൂചിപ്പിക്കുന്നു. ശരാശരി 23 വിദ്യാർഥികളുള്ള ഒരു ക്ലാസിനെപ്പറ്റിയുള്ള ഒരു വിദഗ്ധന്റെ പ്രസ്താവന ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. അദ്ദേഹം പറഞ്ഞതിതാണ്: “8 മുതൽ 15 വരെ പേർ ദാരിദ്ര്യത്തിൽ ജീവിക്കുന്നവരായിരിക്കും; 3 പേർ മയക്കുമരുന്നിനടിമകളായ അമ്മമാർക്കു ജനിച്ചവരും 15 പേർ മാതാപിതാക്കളിൽ ഒരാൾ മാത്രം കൂടെയുള്ളവരുമായിരിക്കും.”
അതേ, വ്യക്തമായി പറഞ്ഞാൽ കുടുംബം വിഘടിച്ചുകൊണ്ടിരിക്കുകയാണ്. ഐക്യനാടുകളിൽ ഓരോ മൂന്നു ജനനങ്ങളിലും ഒന്നുവീതം അവിഹിതജനനങ്ങളാണ്. രണ്ടു വിവാഹങ്ങളിൽ ഒന്നുവീതം വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്യുന്നു. എന്നാൽ, ഡന്മാർക്ക്, ഫ്രാൻസ്, ഗ്രേറ്റ് ബ്രിട്ടൻ, സ്വീഡൻ എന്നീ രാജ്യങ്ങളിൽ അവിഹിതജനനങ്ങളുടെ നിരക്ക് ഇതിലും കൂടുതലാണ്. വിദ്യാലയങ്ങളിൽ ഈ സാഹചര്യം സംജാതമാക്കുന്ന പ്രതിസന്ധിയെ തരണം ചെയ്യാൻ എന്തെല്ലാം ശ്രമങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്?
പരിഹാരങ്ങൾ തേടുന്നു
പരീക്ഷണാർഥമോ പകരമായോ നിരവധി വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളുടെമേൽ കൂടുതൽ അടുത്ത മേൽനോട്ടം ഉണ്ടായിരിക്കത്തക്കവിധം, ഇവ സാധാരണമായി താരതമ്യേന ചെറുതാണ്. കുട്ടികളുടെ ആവശ്യങ്ങൾ കൂടുതൽ മെച്ചമായി നിർവഹിക്കുന്നതിന് മിക്കവയ്ക്കും സ്വന്തം പാഠ്യപദ്ധതിയാണുള്ളത്. 1993-നു ശേഷം ന്യൂയോർക്ക് നഗരത്തിൽ അത്തരം 48 ചെറിയ വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു, ഇനിയും 50 എണ്ണത്തിനു കൂടി പദ്ധതിയിട്ടുകൊണ്ടിരിക്കുന്നു. “[വിദ്യാലയ] അക്രമമാണ് ഈ പരീക്ഷണത്തിനു തുടക്കമിട്ട”തെന്ന് ദ ന്യൂയോർക്ക് ടൈംസ് അഭിപ്രായപ്പെടുന്നു. 1992-ാമാണ്ടായപ്പോഴേക്കും റഷ്യയിൽ 3,33,000-ത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന 500-ലധികം പകരം വിദ്യാലയങ്ങൾ ആരംഭിച്ചുകഴിഞ്ഞിരുന്നു.
അതേസമയം, “അനവധിയാളുകൾ തങ്ങളുടെ കുട്ടികളെ ചെലവേറിയ പ്രത്യേക സ്വകാര്യവിദ്യാലയങ്ങളിലേക്കു മാറ്റിക്കൊണ്ടിരിക്കുന്നു” എന്ന് ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. കാനഡയിലെ ഒൺടേറിയോ പ്രവിശ്യയിൽ മാത്രം ഏറെക്കുറെ 75,000 കുട്ടികൾ സ്വകാര്യവിദ്യാലയങ്ങളിൽ പോകുന്നുണ്ട്. സ്വകാര്യവിദ്യാലയങ്ങൾ ഇപ്പോൾ റഷ്യയിലുടനീളവും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. “പുതുമഴക്കു കുരുത്ത മുളങ്കൂമ്പുകൾപോലെ അവ ചൈനയിലാകെ പൊട്ടിമുളച്ചിരിക്കുന്നു”വെന്ന് ചൈനാ ടുഡേ എന്ന മാസിക പറയുന്നു. സ്വകാര്യവിദ്യാലയങ്ങളുടെ ഹാൻഡ്ബുക്ക (ഇംഗ്ലീഷ്)-ൽനിന്ന് ഐക്യനാടുകളിലുള്ള അത്തരം ഏകദേശം 1,700 വിദ്യാലയങ്ങളുടെ ഒരു പട്ടിക സൗജന്യമായി ലഭിക്കുന്നു. അവിടെയൊക്കെ വാർഷിക റ്റ്യൂഷൻ ഫീസ് 20,000 ഡോളറോ അതിൽകൂടുതലോ ആകാം.
മറ്റുചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുക എന്ന മാർഗം തിരഞ്ഞെടുത്തിരിക്കുന്നു. ഐക്യനാടുകളിൽ മാത്രം വീട്ടിലിരുന്നു പഠിക്കുന്നവരുടെ എണ്ണം 1970-ൽ 15,000 ആയിരുന്നത് 1995 ആയപ്പോഴേക്കു പത്തുലക്ഷമായി വർധിച്ചുവെന്നു കണക്കാക്കപ്പെടുന്നു.
വ്യത്യസ്ത ഫലങ്ങൾ
ലോകത്തിലെ എല്ലാ വിദ്യാലയവ്യവസ്ഥകളും താരതമ്യം ചെയ്യാവുന്ന ഫലങ്ങളല്ല നേടുന്നത്. 1993 ജൂലൈയിൽ ശങ്കർ യു.എസ്-ലെ വിദ്യാഭ്യാസവിദഗ്ധരുടെ ഒരു സംഘത്തോട് ഇങ്ങനെ പറഞ്ഞു: “മറ്റു രാജ്യങ്ങളും വിദ്യാലയങ്ങൾ നടത്തുന്നുണ്ട്. അവർക്കു നമ്മെക്കാൾ തികച്ചും മെച്ചപ്പെട്ട ഫലങ്ങൾ ലഭിക്കുന്നുമുണ്ട്.” ഇതു തെളിയിക്കാൻവേണ്ടി അദ്ദേഹം റഷ്യയിൽനിന്ന് ഐക്യനാടുകളിലേക്കു മാറിത്താമസിച്ച ഒരു ദമ്പതികളെ കണ്ടുമുട്ടിയ കഥ പറഞ്ഞു. അദ്ദേഹം ഇങ്ങനെ വിവരിച്ചു: “ഇപ്പോൾ എട്ടാംതരത്തിൽ പഠിക്കുന്ന അവരുടെ കുട്ടിയെ വളരെ നല്ലനിലവാരമുള്ള ഒരു സ്വകാര്യവിദ്യാലയത്തിലാണയയ്ക്കുന്നതെങ്കിലും റഷ്യയിൽ മൂന്നാംതരത്തിൽ പഠിച്ചുകഴിഞ്ഞ കാര്യങ്ങളാണ് അവൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നതെന്ന് അവർ പറഞ്ഞു.”
മുൻ സോവിയറ്റ് യൂണിയൻ രാജ്യത്തെ ജനങ്ങളെ മുഴുവനും എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന ഒരു വിദ്യാലയവ്യവസ്ഥയാണു വികസിപ്പിച്ചെടുത്തത്. അതേസമയം അമേരിക്കൻ വിദ്യാഭ്യാസ വകുപ്പിന്റെ ഒരു കണക്കനുസരിച്ച്, ഒരു സ്ട്രീറ്റ് ബോർഡോ ബസിലെ നമ്പരോ വായിച്ചു മനസ്സിലാക്കാൻ കഴിയാത്തവരായി 2.7 കോടി അമേരിക്കക്കാരുണ്ട്. ഓസ്ട്രേലിയയിലെ കാൻബറാ ടൈംസ് ഇങ്ങനെ റിപ്പോർട്ടുചെയ്തു: “പ്രൈമറിസ്കൂൾ വിദ്യാർഥികളിൽ 25 ശതമാനവും ഹൈസ്കൂളിലേക്കു പോകുന്നത് എഴുതാനും വായിക്കാനും അറിയാത്തവരായിട്ടായിരുന്നു.”
മിക്കവാറും എല്ലായിടത്തുംതന്നെ ഒരു പരിധിവരെ സ്കൂളുകളിലെ പ്രതിസന്ധി നിലവിലുണ്ട്. 1994-ൽ പുറത്തിറങ്ങിയ, നവറഷ്യയിലെ വിദ്യാഭ്യാസവും സമൂഹവും (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം പറയുന്നതു ശ്രദ്ധിക്കൂ: “അഭിമുഖം നടത്തപ്പെട്ട സ്കൂളധ്യാപകരിൽ 72.6 ശതമാനവും വിദ്യാലയവ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്നതിനോടു യോജിച്ചു.” മോസ്കോയിലുള്ള, താനിയാ എന്ന പരിചയസമ്പന്നയായ ഒരു അധ്യാപികയുടെ അഭിപ്രായത്തിൽ “മാതാപിതാക്കളും വിദ്യാർഥികൾ തന്നെയും മേലാൽ വിദ്യാഭ്യാസത്തിനു വില കല്പിക്കുന്നില്ല.” ഉദാഹരണത്തിന്, “ഒരു സാധാരണ ബസ് ഡ്രൈവറുടെ വരുമാനത്തിന്റെ പകുതിയോളമോ അതിലും കുറവോ ആണ് ഒരധ്യാപകന്റെ വരുമാന”മെന്ന് അവർ ചൂണ്ടിക്കാട്ടി.
മികച്ച വിദ്യാഭ്യാസം അത്യന്താപേക്ഷിതം
മനുഷ്യസമൂഹം മുമ്പെന്നത്തെക്കാളുമേറെ സങ്കീർണമായിക്കൊണ്ടിരിക്കേ, മികച്ച വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യമുണ്ട്. പല സ്ഥലങ്ങളിലും ഒരു പ്രായപൂർത്തിയായ ഒരു യുവാവിന് സ്വന്തം ചെലവുകൾ നടത്താനും ഭാവിയിൽ ഒരു കുടുംബത്തെ പോറ്റാനും കൂടി പര്യാപ്തമായ ഒരു തൊഴിൽ കണ്ടുപിടിക്കാൻ ആവശ്യമായ സ്കൂൾവിദ്യാഭ്യാസത്തിന്റെ അളവു വർധിച്ചിട്ടുണ്ട്. അതുകൊണ്ട് അടിസ്ഥാന വിദ്യാഭ്യാസയോഗ്യതകൾ നേടിയെടുത്തിട്ടുള്ളവർക്കു കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങളുണ്ട്. തൊഴിൽദാതാക്കൾ പ്രാഥമികസംഗതികൾക്കാണു മുൻതൂക്കം കൊടുക്കുന്നത്. അതായത്, ഉദ്യോഗാർഥിക്കു ജോലി എത്ര നന്നായി ചെയ്യാൻ കഴിയുമെന്ന്.
ഹൈസ്കൂൾ വിദ്യാഭ്യാസം സിദ്ധിച്ച അനേകരെക്കുറിച്ചും ഒരു തൊഴിൽസേവനസ്ഥാപനത്തിന്റെ മാനേജർ ഇപ്രകാരം നിരീക്ഷിച്ചു: “അവരെ ജോലി ചെയ്യാൻ പഠിപ്പിച്ചിട്ടില്ല.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്തു: “ചെറുപ്പക്കാരുടെ കാര്യത്തിൽ തൊഴിൽദാതാക്കൾ എന്നോടു പതിവായി പറയാറുള്ള ഒരു പ്രശ്നം അവർക്കു നന്നായി എഴുതാനും വായിക്കാനും അറിയില്ലെന്നുള്ളതാണ്. അവർക്ക് ജോലിക്കുള്ള ഒരപേക്ഷ പൂരിപ്പിക്കാൻ കഴിയില്ല.”
തങ്ങളുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം വേണമെന്നു മാതാപിതാക്കൾ ആഗ്രഹിക്കുമെന്നതു തീർച്ചയാണ്. അതുപോലെതന്നെ കുട്ടികൾക്കും തങ്ങൾക്കതു ലഭിക്കണമെന്ന ആഗ്രഹമുണ്ടാവും. എന്നാൽ അവർ അതു നേടിയെടുക്കാൻ ആവശ്യമായ അടിസ്ഥാന സംഗതികൾ പ്രയോഗത്തിൽ വരുത്തണം. ഈ അടിസ്ഥാന സംഗതികൾ എന്തൊക്കെയാണ്, അവ എങ്ങനെ പ്രയോഗത്തിൽ വരുത്താം?
[6-ാം പേജിലെ ആകർഷകവാക്യം]
റഷ്യയിൽ “ഒരു സാധാരണ ബസ് ഡ്രൈവറുടെ പകുതി വരുമാനമേ ഒരധ്യാപകനുള്ളൂ”