സ്കൂളുകൾ മാതാപിതാക്കളുടെ സ്ഥാനം ഏറെറടുക്കുന്നുവോ?
ഇന്ന് വായന, എഴുത്ത്, ഗണിതം എന്നിവയിലധികം സ്കൂളുകളിൽ നിന്നു പ്രതീക്ഷിക്കുന്നു. വീട്ടിൽ മാത്രം ലഭിച്ചിരുന്ന ഭക്ഷണവും സദാചാരപാഠങ്ങളും മററു സേവനങ്ങളും ഇന്നു അനേകം സ്കൂളുകളും നൽകുന്നു. “കുട്ടികളെ വളർത്തിയെടുക്കാനുള്ള ഉത്തരവാദിത്തം സ്കൂളുകളോ സ്കൂളുകളിലുള്ള സൻമാർഗ്ഗോപദേശകരോ ഏറെറടുക്കണമെന്ന് അനേകം മാതാപിതാക്കൾ പ്രതീക്ഷിക്കുന്നു” എന്ന് ഒരു ഹൈസ്കൂൾ ഗൈഡൻസ് വകുപ്പ് മേധാവിയായ ജിം മക്ളുവർ പ്രസ്താവിച്ചു.
എങ്കിലും അനേകം മാതാപിതാക്കൾക്ക് മതിയായ ജീവിതമാർഗ്ഗം കണ്ടെത്തുകയും അതേസമയം മക്കളെ പരിശീലിപ്പിക്കുകയും ചെയ്യുകയെന്നത് വളരെ പ്രയാസകരമായി അനുഭവപ്പെടുന്നു. ഒരു തലമുറ മുമ്പത്തെ അവസ്ഥയിൽനിന്നു വ്യത്യസ്തമായി, ഇന്ന് ജീവിതമാർഗ്ഗം കണ്ടെത്തുന്നതിന് മാതാപിതാക്കൾ ശരിയായ സംരക്ഷണം നൽകാൻ കഴിയാതെ മക്കളെ വിട്ടുപോകേണ്ടതായി വന്നിരിക്കുന്നു. നേരെമറിച്ച് അത്തരം ശ്രദ്ധ നൽകുകയാണെങ്കിൽ കുടുംബത്തിനു മതിയായ ജീവിതമാർഗ്ഗം കണ്ടെത്താനാവാത്ത അവസ്ഥയായിരിക്കും ഫലം. ഈ രണ്ടു സാഹചര്യങ്ങളും അഭികാമ്യമല്ല.
അധോമുഖപ്രവണതയുടെ ആരംഭം
ആധുനിക വിദ്യാഭ്യാസത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ പഠിച്ചിട്ടുള്ളവർ വിശ്വസിക്കുന്നത് നാല്പതിലേറെ വർഷങ്ങൾക്ക് മുമ്പ്, രണ്ടാംലോകമഹായുദ്ധാനന്തരം ഉടൻതന്നെ അധോമുഖ പ്രവർണത ആരംഭിച്ചുവെന്നാണ്. വ്യാവസായിക തൊഴിൽ വിപണിയിൽ ജോലി സ്വീകരിച്ചുകൊണ്ട് സ്ത്രീകൾ യുദ്ധയത്നങ്ങളെ പിന്തുണച്ചു. അനന്തരം, യുദ്ധം അവസാനിച്ചുവെങ്കിലും, മാതാവും തങ്ങളുടെ മക്കളുടെ പ്രമുഖ അദ്ധ്യാപികയും എന്ന മുൻധർമ്മത്തിലേക്ക് ഗണ്യമായ സംഖ്യ തിരിച്ചുവന്നില്ല. തൊഴിൽ മേഖലയിൽ അവർ തുടർന്നു.
വർഷങ്ങൾ കടന്നുപോയതോടെ മററു സാമൂഹിക മാററങ്ങളും കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കി. ധാർമ്മിക മൂല്യങ്ങൾ ദ്രവിച്ചു. വിവാഹമോചനം സ്വീകാര്യമായിത്തീർന്നു. ഇതുമൂലം അനേകം ഭവനങ്ങളിൽ മാതാവോ പിതാവോ ഒരാൾ മാത്രം അവശേഷിച്ചു. കൂടാതെ, ജീവിതച്ചെലവിന്റെ വർദ്ധനവ് കൂടുതൽ മാതാപിതാക്കളെ അധികം മണിക്കൂറുകൾ ജോലിചെയ്യാൻ നിർബന്ധിതരാക്കി. മക്കളുടെ ബുദ്ധിപരവും ശാരീരികവും വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾക്കു ശ്രദ്ധ നൽകുന്നതിന് മാതാപിതാക്കൾ നീക്കിവച്ചിരുന്ന മണിക്കൂറുകളെ അത്തരം പ്രവണതകൾ വളരെ പരിമിതപ്പെടുത്തി. ഈ ശൂന്യത പരിഹരിക്കുന്നതിന് മാതാപിതാക്കൾ സ്കൂളുകളെ അമിതമായി ആശ്രയിക്കാനിടയായി. എന്നാൽ ഇത് യഥാർത്ഥത്തിൽ സ്കൂളുകളുടെ ഉത്തരവാദിത്തമാണോ?
ഇന്നത്തെ യാഥാർത്ഥ്യങ്ങൾ
വിദ്യാഭ്യാസലേഖകനായ ജെനേ ഐ. മേറോഫ് ഇങ്ങനെ വിശദീകരിക്കുന്നു, “ഗൃഹനാഥയായ തന്റെ ഭാര്യയുടെയും യോഗ്യരായ രണ്ടു മക്കളുടെയും അടുത്തേക്ക് പകലത്തെ കഠിനാദ്ധ്വാനത്തിനുശേഷം ഓരോ വൈകുന്നേരവും വിശ്വസ്തതയോടെ മടങ്ങിവന്നുകൊണ്ടിരുന്ന പിതാവ് ഇപ്പോൾ പക്ഷേ, എവിടെയോ ഒരു ശൂന്യമായ മുറിയിലിരുന്ന് ഭാര്യയ്ക്കുള്ള പ്രതിവാര ജീവനാംശ തുകയുടെ ചെക്ക് എഴുതിയശേഷം തന്റെ ടി. വി. ഭോജനങ്ങൾക്ക് എങ്ങനെ പണം നൽകും എന്ന് കണക്കുകൂട്ടുകയാകും. കുട്ടികളോടൊത്ത് ഭവനത്തിലായിരുന്ന മാതാവ് . . . ആഴ്ചയിൽ മൂന്നു ദിവസം ജോലിക്കുപോകുന്നു.” എന്തുദോഷഫലങ്ങളോടെ?
മേറോഫ് പറയുന്നു: “കേവലം ചീളുകളിൻമേൽ അടിസ്ഥാനപ്പെടുത്തി തങ്ങളുടെ വിദ്യാഭ്യാസ ഭാവി കെട്ടുപണിചെയ്യേണ്ട ഭീകരമായ അവസ്ഥയെ കുട്ടികൾ അഭിമുഖീകരിക്കുന്നു.” ദൃഷ്ടാന്തത്തിന് ഐക്യനാടുകളിലെ ഒരു എലിമെൻററിസ്കൂൾ ടീച്ചർ നിരീക്ഷിക്കുന്നു: “ഞങ്ങളുടെ വിദ്യാർത്ഥികളിൽ 20 ശതമാനത്തിലധികം ദിവസവും രാവിലത്തെ ഭക്ഷണം കഴിക്കാതെ സ്കൂളിൽ വരുന്നു.” പഠനത്തിനു ഭക്ഷണം സുപ്രധാനമാണ്. അതുകൊണ്ട് ഈ ടീച്ചർ പറയുന്നു: “ഒരു പ്രഭാത ഭക്ഷണ പരിപാടി ആവിഷ്ക്കരിച്ചുകൊണ്ട് ഞങ്ങൾ പ്രശ്നത്തെ നേരിടാൻ ശ്രമിക്കുകയാണ്.” അതേ സ്കൂളിൽ ഒരു വിദ്യാർത്ഥി കടുത്ത പനിയുമായി ഹാജരായി. ജോലിസ്ഥലത്തെത്തിയ അമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “എനിക്ക് അവളുടെ അടുത്തേക്ക് വരാൻ കഴിയില്ല. ഞാൻ ജോലിയിലാണ്.” അവസാനം അവൾ അവധിയെടുത്ത് വന്നുവെങ്കിലും അസുഖം ബാധിച്ചകുഞ്ഞിനെ പരിചരിക്കുകയോ പണസമ്പാദനമോ ഏതുവേണമെന്ന് തീരുമാനിക്കാൻ നിർബദ്ധയായതിനാൽ “മാനസികത്തകർച്ച”യിലായിരുന്നു.
സ്കൂളുകളിലെ അവസ്ഥകൾ
സമൂഹത്തിന്റെ ധാർമ്മികാധഃപതനം സ്കൂളുകളുടെ പഠിപ്പിക്കാനുള്ള പ്രാപ്തിയെ ഗുരുതരമായി ഹനിച്ചിരിക്കുന്നു. സദാചാരോപദേശം നൽകാൻ ഇതുമൂലം സ്കൂളുകൾക്കു കഴിയാതായിരിക്കുന്നു. യു. എസ്സ്. പബ്ലിക്ക് സ്കൂളുകളിൽ 1940-ൽ പ്രധാന അച്ചടക്ക പ്രശ്നങ്ങൾ ഏഴെണ്ണം ആയിരുന്നപ്പോൾ 1982-ൽ 17 അച്ചടക്കപ്രശ്നങ്ങൾ പ്രമുഖമായിരുന്നു എന്ന വസ്തുത സ്കൂളിന്റെ മാററം വന്ന അവസ്ഥയെ ചൂണ്ടിക്കാട്ടുന്നു. 1940-ൽ സ്കൂളിലെ പ്രധാന പ്രശ്നങ്ങൾ ഇവയായിരുന്നു: (1) സംസാരം (2) ച്യൂയിംഗ് ഗം (3) ഒച്ചവയ്ക്കൽ (4) ഹാളുകളിൽ ഓടിനടക്കുക (5) ലൈനിൽ സ്ഥാനം തെററിക്കുക (6) അനുചിതമായ വസ്ത്രധാരണം (7) കടലാസ് വേസ്ററ് കുട്ടയിൽ ഇടാതിരിക്കുക.
എന്നാൽ 1982-ൽ പ്രധാന പ്രശ്നങ്ങൾ ഇവയായിരുന്നു: (1) ബലാൽസംഗം (2) പിടിച്ചുപറി (3) ആക്രമണം (4) കൊള്ള (5) തീവയ്പ് (6) ബോംബെറിയൽ (7) കൊലപാതകം (8) ആത്മഹത്യ (9) ഹാജരാകാതിരിക്കൽ (10) തെമ്മാടിത്തം (11) ഭീഷണിപ്പെടുത്തൽ (12) മയക്കുമരുന്നുപ്രയോഗം (13) മദ്യപാനം (14) സംഘം ചേർന്നു പോരാട്ടം (15) ഗർഭധാരണം (16) ഗർഭം അലസിപ്പിക്കൽ (17) ഗുഹ്യരോഗങ്ങൾ.
മക്കളുടെമേൽ ഈ മാറിയ സ്കൂൾ പരിതസ്ഥിതി ഉളവാക്കാവുന്ന സ്വാധീനമോർത്ത് നാലുകുട്ടികളുടെ മാതാവായ ദബോരാ വ്യാകുലപ്പെടുന്നു. “സംരക്ഷണയിലാണ് ഞാൻ വളർന്നത്,” അവൾ അനുസ്മരിക്കുന്നു. “എനിക്കു ചുററുമുണ്ടായിരുന്ന മിക്കവാറും എല്ലാം, എല്ലാവരും, വളർന്നുവരാൻ എനിക്കു സഹായമായിരുന്നു. ഈ വിധത്തിൽ വളർത്തപ്പെട്ട നാമെല്ലാവരും നമ്മുടെ കുട്ടികൾ പുറത്ത് വളരെ വ്യത്യസ്തമായ ഒരു ലോകത്തിലാണ് എന്ന വസ്തുത അറിഞ്ഞിരിക്കേണ്ടതാണ്.”
നിശ്ചയമായും ഐക്യനാടുകളിലെ ചില നഗരാന്തർ സ്കൂളുകളിൽ വിദ്യാർത്ഥികൾ കത്തികളും തോക്കുകളും സാധാരണ കൊണ്ടുനടക്കുന്നു; അവർ മയക്കുമരുന്ന് ഉപയോഗിക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്നു; “കോക്ക് ഹെഡ്” (കൊക്കെയ്ൻ ഉപയോഗിക്കുന്നവൻ) പോലുള്ള പ്രയോഗങ്ങൾ അനുദിനപദാവലിയുടെ ഭാഗങ്ങളാണ്. അദ്ധ്യാപകർ മിക്കവാറും സംതൃപ്തരാണ്, വിദ്യാർത്ഥികളെ വിജയകരമായി പഠിപ്പിച്ചതുകൊണ്ടല്ല പിന്നെയോ കുഴപ്പം കൂടാതെ ഒരു ദിവസം കൂടെ അതിജീവിച്ചതുകൊണ്ട്.
വിജയകരമായ ജീവിതം നയിക്കുന്നതിന് കുട്ടികൾക്കുവേണ്ട മാർഗ്ഗദർശനവും പിന്തുണയും നൽകുന്ന കാര്യത്തിൽ മാതാപിതാക്കളുടെ സ്ഥാനം ഏറെറടുക്കാൻ സ്കൂളുകൾക്കു കഴിയില്ലെന്ന വസ്തുത സ്കൂളുകളിലെ പരിതാപകരമായ അവസ്ഥയ്ക്ക് അടിവരയിടുന്നു. അത്തരം അവസ്ഥകൾ ഉണ്ടെങ്കിൽപോലും ലോകമെമ്പാടുമുള്ള സ്കൂളുകളിൽ വളരെ നല്ല വിദ്യാർത്ഥികളും ഉണ്ട്.
‘ഈ രംഗത്തു വിജയിക്കുന്നതിനു എന്താണു വേണ്ടത്?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ‘എന്റെ കുട്ടി വിജയം നേടുന്നതിന് മാതാവോ പിതാവോ എന്ന നിലയിൽ എനിക്കെങ്ങനെ സഹായിക്കാൻ കഴിയും? എന്റെ കുട്ടി ചെയ്യേണ്ടതെന്താണ്?’ (g88 9/8)