ലോകത്തെ വീക്ഷിക്കൽ
അശ്ലീല സാഹിത്യവും അക്രമവും
പതിവായി അശ്ലീല സാഹിത്യങ്ങൾ വായിക്കുന്നത് ഉപദ്രവകരമാണെന്നും അത് “ലൈംഗിക അക്രമ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു എന്നും” ഐക്യനാടുകളിലെ നീതിന്യായ വകുപ്പ് നടത്തിയ ഒരു പഠനം തെളിയിച്ചിരിക്കുന്നതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അശ്ലീല പരിപാടികൾ വീക്ഷിക്കുന്നത്, “ആളുകൾ അവ എത്രത്തോളം കാണുന്നുവോ അത്രകണ്ട് ബലാൽസംഗവും മറ്റുതരത്തിലുള്ള ലൈംഗിക അക്രമപ്രവൃത്തികളും ഗൗരവം കുറഞ്ഞതായി വീക്ഷിക്കാൻ ഇടയാക്കുമെന്ന്” അശ്ലീല പരിപാടികൾ വീക്ഷിക്കുന്നതിനെ സംബന്ധിച്ചുള്ള ഒരു പതിനൊന്നംഗ പഠന സംഘം കുറിക്കൊണ്ടു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും അശ്ലീല സാഹിത്യങ്ങളുടെ വില്പന നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ള നിയമങ്ങൾ പാലിക്കാൻ അധികാരികൾ ശ്രദ്ധിക്കുന്നില്ല എന്ന് അവർ കൂട്ടിച്ചേർത്തു. അശ്ലീല സാഹിത്യത്തിന്റെ നിർമ്മാണവും വിതരണവും സംഘടിതമായി കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാൽ “നേരിട്ട് നടത്തപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ” ചെയ്യുന്നു എന്നതിന്റെ ശക്തമായ തെളിവും ഈ പഠന സംഘത്തിന്റെ ശ്രദ്ധയിൽപെട്ടു.
അഗ്നിപർവ്വത സ്ഫോടനം സംബന്ധിച്ച് പ്രകൃതിയുടെ മുന്നറിയിപ്പ്.
അഗ്നിപർവ്വതങ്ങൾ ഉള്ള പ്രദേശങ്ങളിലെ ആളുകൾക്ക് അവയുടെ പ്രവർത്തനം സംബന്ധിച്ച് കാര്യക്ഷമായ രീതിയിൽ മുന്നറിയിപ്പ് ലഭിക്കേണ്ട വലിയ ആവശ്യമുണ്ട്. ഒരു അഗ്നിപർവ്വതത്തിന്റെ പാർശ്വങ്ങളിൽ വളരുന്ന ചെടികളെ നിരീക്ഷിക്കുന്നതിനാൽ അഗ്നിപർവ്വത സ്ഫോടനം മുൻകൂട്ടിപ്പറയാൻ കഴിയുമെന്ന് പാരീസ് പ്രകൃതി ശാസ്ത്ര മ്യൂസിയത്തിലെ ഗവേഷകനായ മിസ്റ്റർ ക്ലോഡ് സാസ്ട്രേ അവകാശപ്പെടുന്നു. ഗ്വാദേലൂപ്പേയിലെ സൂഫ്റിയേർ അഗ്നിപർവ്വതം ഒരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 1976 ഫെബ്രുവരിയിൽ തന്നെ അഗ്നിപർവ്വത സ്ഫോടനം ആസന്നമാണെന്ന് സസ്യശാസ്ത്രജ്ഞൻമാർക്ക് തെളിവ് ലഭിച്ചിരുന്നു. ആറുമാസങ്ങൾക്കുശേഷം വിള്ളലുകൾ പ്രത്യക്ഷമാവുകയും ലാവാ പുറത്തേയ്ക്കു വമിക്കുകയും ചെയ്ത അതേ സ്ഥാനങ്ങളിൽ അന്നുതന്നെ ചെടികൾ കരിഞ്ഞിരുന്നു.
ഹെഡ്ഫോണുകൾ അപകടകരം
മുന്നറിയിപ്പ്! ഹെഡ്ഫോണുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ശ്രവണ പ്രാപ്തിക്ക് ഹാനികരമായിത്തീർന്നേക്കാം! ഹെഡ്ഫോണിലൂടെ സ്റ്റീരിയോ സംഗീതം ശ്രവിച്ചിരുന്ന കൗമാരപ്രായക്കാരുടെയിടയിലെ ഒരു സർവ്വേ അനുസരിച്ച് അവരിൽ പകുതിപ്പേർക്ക് താല്ക്കാലികമായ ശ്രവണ തകരാറുണ്ടായിരുന്നു. മിതമായതോ ഉയർന്നതോ ആയ ശബ്ദത്തിലുള്ള സംഗീതം മൂന്നു മണിക്കൂർ ശ്രദ്ധിച്ചശേഷം അവരുടെ ചെവികളിൽ മണിയടി മുഴങ്ങിക്കൊണ്ടിരുന്നതായി അവരിൽ 3⁄4 ഭാഗം പേരും പരാതിപ്പെട്ടു. ശബ്ദം 120 ഡെസിബെൽസിൽ കൂടുതലായിരിക്കുമ്പോൾ അതു കർണ്ണങ്ങൾക്ക് തകരാറുവരുത്തുന്നു എന്ന് അമേരിക്കൻ ശ്രവണശബ്ദശാസ്ത്ര അക്കാഡമി റിപ്പോർട്ടു ചെയ്യുന്നു. മിക്ക റേഡിയോകൾക്കും അത്രയും ശബ്ദം പുറപ്പെടുവിക്കാൻ കഴിയുന്നു. ശ്രവണ സുരക്ഷിതത്വത്തിന് ഹെഡ്ഫോണിലൂടെ കുറഞ്ഞ സമയത്തേയ്ക്ക് താഴ്ന്ന സ്വരത്തിൽ മാത്രം സംഗീതം ശ്രവിക്കാൻ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു.
ആപൽക്കരമായ തീയതി
1986 ഏപ്രിൽ 26-ാം തീയതി ചെർണോബിൽ അണുശക്തി കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിന്റെ ഫലമായി അന്തരീക്ഷത്തിലേക്കു തുറന്നു വിടപ്പെട്ട അണുപ്രസരത്തിന്റെ അപകടകരമായ ഫലങ്ങൾ ആയിരക്കണക്കിന് ആളുകൾ അനുഭവിക്കേണ്ടിവരും എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അവരുടെ കണക്കുകൂട്ടൽ അനുസരിച്ച് ചെർണോബിലിൽ നിന്നും പ്രസരിച്ച സീസിയം 137-ന്റെ ഫലമായി 4000 പേർക്കെങ്കിലും ക്യാൻസർ ബാധിക്കുകയും അതിന്റെ ഫലമായി 2000 പേരെങ്കിലും മരിക്കുകയും ചെയ്യും. അയഡിൻ 131 ശ്വസിക്കുന്നതിനാൽ 24000 പേർക്ക് തൈറോയിഡ് സംബന്ധിച്ച തകരാറുകളുണ്ടാവുകയും 120,000 പേർക്കെങ്കിലും അണുപ്രസരമുള്ള പാലും മറ്റു ഭക്ത്യ വസ്തുക്കളും ഉൾക്കൊള്ളുന്നതിനാൽ അത്തരം കുഴപ്പങ്ങൾ സംഭവിക്കുകയും ചെയ്യും. തൈറോയിഡ് ക്യാൻസർ 2000-ത്തിലധികം മരണത്തിന് കാരണമായേക്കാം. ഈ കണക്കുകൾ വളരെ ചുരുങ്ങിയ സമയത്തേയ്ക്കുള്ള അണുപ്രസരത്തിന്റെ ഫലങ്ങളാണ് എന്ന് ഗവേഷകർ പറയുന്നു. മൂന്നാഴ്ചകളോ അതിൽ ദീർഘമോ ആയ കാലഘട്ടത്തെ അണുപ്രസരം ക്യാൻസർ ബാധിതരുടെയും മരണത്തിന്റെയും എണ്ണം നാലുമടങ്ങ് വർദ്ധിപ്പിക്കും! കിഴക്കേ യൂറോപ്പിലെയും സ്കാൻഡിനേവിയായിലെയും സോവിയറ്റ് യൂണിയനിലേയും ആളുകളായിരിക്കും ഏറ്റവും അധികം ബാധിക്കപ്പെടുക എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു.
“കത്തോലിക്ക” സ്പെയിൻ
സ്പെയിനിന്റെ സ്വന്ത ചരിത്രവും അതിന്റെ കോളനികളുടെ ചരിത്രവും കത്തോലിക്ക സഭയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നതിനാൽ ലോകത്തിലേക്കും ഏറ്റവും കത്തോലിക്കമായ രാജ്യമായിട്ടാണ് സ്പെയിൻ അറിയപ്പെടുന്നത്. 1978 വരെ അവിടത്തെ ഔദ്യോഗിക മതം കത്തോലിക്ക മതമായിരുന്നു. എന്നാൽ ഈ അടുത്തകാലത്ത് സ്പെയിനിലെ കത്തോലിക്ക സാമൂഹ്യ ഗവേഷക കേന്ദ്രം. പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൻ പ്രകാരം അവിടത്തെ 46 ശതമാനം ആളുകൾ മാത്രമേ കത്തോലിക്ക മതം ആചരിക്കുന്നവരായി തങ്ങളെത്തന്നെ കണക്കാക്കുന്നുള്ളു. ഇവരിൽ വെറും 18 ശതമാനം മാത്രം ക്രമായി കുർബ്ബാനക്കു ഹാജരാകുന്നു. “ഒരു കത്തോലിക്ക രാജ്യമെന്നുള്ള സ്പെയിനിന്റെ മുഖഛായ സംബന്ധിച്ച് ഈ കണക്കുകൾ സംശയം ജനിപ്പിച്ചിരിക്കുന്നു എന്ന് സഭയുടെ ഒരു വക്താവ്” പറഞ്ഞതായി പാരീസിൽ നിന്നുള്ള ഒരു ദിനപ്പത്രമായ ദി ഇൻറർ നാഷനൽ ഹെറാൾഡ് ട്രിബ്യൂൺ കുറിക്കൊണ്ടു. 1979 ഡിസംബർ മുതൽ സ്പെയിനിലെ സ്കൂളുകളിൽ കത്തോലിക്ക മതപഠനം നിർബ്ബന്ധമല്ല.
വി.ഡി.യു-ഉം കാഴ്ചക്കുറവും
വി.ഡി.യു. (വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്) പ്രവർത്തിപ്പിക്കുന്നവരിൽ അഞ്ചിൽ നാലുപേർക്കും ആയാസവും കണ്ണുകടിയും കാഴ്ചക്കുറവും നീറ്റലും അനുഭവപ്പെടുന്നതായി ലണ്ടനിൽ നിന്നുള്ള ദി റൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഇതു സംബന്ധിച്ച് എന്തു ചെയ്യാനാവും? ഓരോ മണിക്കൂറിലും അഞ്ചു മുതൽ പത്തുവരെ മിനിറ്റു സമയത്തേയ്ക്ക് ഓപ്പറ്റേറർമാരെ സ്ക്രീനിൽ നിന്നു ദൃഷ്ടി മാറ്റി മറ്റെവിടെയെങ്കിലും നോക്കാൻ അനുവദിക്കണം എന്ന് ലണ്ടനിലെ മൂർഫീൽഡ് കണ്ണാശുപത്രിയിലെ മുഖ്യ നേത്രരോഗ വിദഗ്ദ്ധയായ ജാനറ്റ് സിൽവർ നിർദ്ദേശിക്കുന്നു. സ്ക്രീനിന്റെ തെളിമയും ചുറ്റുപാടുകളുടെ ഇരുളിമയും ക്രമീകരിക്കുന്നതും കണ്ണഞ്ചിപ്പിക്കാത്ത വിധത്തിൽ സ്ക്രീനിന്റെ സ്ഥാനം നിർണ്ണയിക്കുന്നതും അവർ ശുപാർശചെയ്തിരിക്കുന്നു. ഇത്തരം ഒരു യന്ത്രം പ്രവർത്തിപ്പിക്കുന്ന ജോലി ഏറ്റെടുക്കുന്നവർ നേത്ര പരിശോധന നടത്തണമെന്നും തുടർന്നു ഓരോ രണ്ടു വർഷം കൂടുമ്പോഴും വീണ്ടും പരിശോധനയ്ക്കു വിധേയരാകണമെന്നും അവർ നിർദ്ദേശിക്കുന്നു.
ആഫ്രിക്കയിൽ എയ്ഡ്സ്
കഴിഞ്ഞ നവംബർ മുതൽ ഒരു ദിവസം ഒരാൾ എന്ന കണക്കിൽ ഉഗാണ്ടയുടെ തലസ്ഥാനത്തെ മുലാഗോ ആശുപത്രിയിൽ എയ്ഡ്സ് രോഗ ബാധിതരെ പ്രവേശിപ്പിച്ചതായി 1986 ഏപ്രിൽ 20-ലെ സൺഡേ ടൈംസ് ലണ്ടനിൽ നിന്ന് റിപ്പോർട്ടു ചെയ്യുന്നു. “മെഡിക്കൽ വാർഡുകളിലെ ഏറ്റവും വലിയ കൊലയാളി എയ്ഡ്സാണ് എന്ന് ടൈംസ് ചൂണ്ടിക്കാണിക്കുന്നു. ഉഗാണ്ടയിൽ പരിശോധിക്കപ്പെട്ടവരിൽ പത്തിൽ ഒരാൾ വീതം എയ്ഡ്സിന്റെ രോഗാണുക്കൾ ശരീരത്തിൽ കൊണ്ടു നടക്കുന്നവരാണെന്ന് ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നു. ഇതിന് എന്തു വിശദീകരണമാണ് അവർ നൽകുന്നത്? സ്വവർഗ്ഗരതിക്കു പുറമേ പരസംഗവും രക്തപ്പകർച്ചയും ഈ മാരകരോഗം പരത്തുന്ന കണ്ണികളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പകർച്ചയ്ക്കുപയോഗിക്കുന്ന രക്തത്തിൽ എയ്ഡ്സ് രോഗത്തിനാൽ ദിവസേന നടക്കുന്ന 20 രക്തപ്പകർച്ചകൾ 2 പേർക്കെങ്കിലും ഈ രോഗം ബാധിക്കാനിടയാക്കുന്നു എന്ന് ഡോക്ടർമാർ കണക്കാക്കുന്നു!”
ഉയർന്ന കസേരയും സുരക്ഷിതത്വവും
ഉയരമുള്ള കസേരകൾ സുരക്ഷിതമാണോ? പേരൻസ് മാസിക റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് 1984-ൽ മാത്രം ഉയർന്നകസേരയോടു ബന്ധപ്പെട്ട അപകടങ്ങൾക്ക് ശിശുക്കളും അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുമായ 8000 പേർക്ക് ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഐക്യനാടുകളിലെ ഉപഭോക്തവസ്തു സുരക്ഷിത കമ്മീഷൻ അഭിപ്രായപ്പെട്ട പ്രകാരം നോക്കാനാളില്ലാതെയിരിക്കുകയോ കസേരയിൽ സുരക്ഷിതമായി ബന്ധിക്കപ്പെടാതിരിക്കുകയോ ചെയ്യുമ്പോൾ ഒരു കുട്ടിക്ക് ഗുരുതരമായ പരുക്ക് പറ്റാനിടയുണ്ട്. പരിക്കേല്പ്പിക്കുന്ന സാധാരണ രീതികൾ കസേരയിൽ നിന്നുള്ള വീഴ്ച, കസേര മറിയുകയോ മടങ്ങുകയോ ചെയ്യുന്നത്, അത്തരം സന്ദർഭങ്ങളിൽ കൈകാലുകൾ അവയ്ക്കിടയിൽപെട്ട് ചതയുന്നത്, അവയിൽ കുരുങ്ങിപ്പോകുന്നത് എന്നിവയാണ്. അപകടങ്ങൾ ഒഴിവാക്കുന്നതിന് ലഭ്യമായ സുരക്ഷിത ബെൽറ്റുകൾ ഉപയോഗിക്കുന്നതും ശിശു കസേരയിൽ ഇരിക്കുമ്പോൾ സൂക്ഷ്മ ശ്രദ്ധകൊടുക്കുന്നതുമാണ് കമ്മീഷൻ ശുപാർശ ചെയ്യുന്നത്.
പുകയിലയുടെ പരസ്യം നിരോധിക്കുന്നു
“സിഗറ്ററുകളുടെയും പുകയില്ലാത്ത മറ്റു പുകയില ഉല്പന്നങ്ങളുടെയും പരസ്യം പാടെ ഒഴിവാക്കണമെന്ന് ഐക്യനാടുകളിലെ അനേകം ആരോഗ്യ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നതായി അമേരിക്കൻ ക്യാൻസർ സൊസൈറ്റി പ്രഖ്യാപിച്ചിരിക്കുന്നു.” സിഗറ്ററുവലികൊണ്ടുണ്ടാകുന്ന രോഗം, അഗ്നിബാധ, മറ്റു അപകടങ്ങൾ എന്നിവ വരുത്തിവയ്ക്കുന്ന നാശം അമ്പരപ്പിക്കുന്നതാണെന്ന് സൊസൈറ്റിയുടെ പ്രസിഡൻറ് ഡോ. ലേമായസ്ട്രേ കുറിക്കൊണ്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സിഗറ്ററുവലി മൂലം ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലും കൊറിയൻ, വിയറ്റ്നാം യുദ്ധങ്ങളിലും എല്ലാം കൂടി മരിച്ച അമേരിക്കാക്കാരേക്കാൾ കൂടുതൽ പേർ ഓരോ വർഷവും മരണമടയുന്നു. അതുപോലെ അമേരിക്കൻ ഐക്യനാടുകളിൽ ഓരോ വർഷവും മോട്ടോർ അപകടങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ഏഴുമടങ്ങാണ് അത്.
സ്ത്രീകൾക്ക് ദീർഘായുസ്സ്
ഇംഗ്ലണ്ടിലും വെയിൽസിലും ദീർഘായുസ്സുകാരുടെ എണ്ണം പെരുകി വരുന്നതായി ലണ്ടനിൽ നിന്നുള്ള ദി ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ബ്രിട്ടനിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ഗവേഷക സ്ഥാപനത്തിന്റെ ഡയറക്ടർ സർ സിറിൽ ക്ലാർക്ക് പറയുന്നത് നൂറു വയസ്സിൽ കൂടുതൽ ജീവിക്കുന്നവരുടെ എണ്ണം 30 വർഷം മുമ്പത്തെ അപേക്ഷിച്ച് ഒൻപതു മടങ്ങ് ഉണ്ടെന്നാണ്. എന്നാൽ ഇതിൽ 15 ശതമാനം മാത്രമേ പുരുഷൻമാരുള്ളു! പുരുഷൻമാർ മിക്കപ്പോഴും ആരോഗ്യത്തിനു പറ്റാത്ത ഒരു ജീവിതരീതി, വേണ്ടത്ര വ്യായാമം ലഭിക്കാത്ത, അമിത തൂക്കത്തിനിടയാക്കുന്ന, ഒന്ന് അവലംബിക്കുന്നതാണ് അവരുടെ ജീവനെ അപകടപ്പെടുത്തുന്നത് എന്നാണ് ക്ലാർക്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്. നേരെമറിച്ച് സ്ത്രീകൾ പൊതുവേ വീടിനെ ചുറ്റിപ്പറ്റി കൂടുതൽ ജോലി ചെയ്യുന്നതിനാൽ അവരാണ് കൂടുതൽ കാലം ജീവിച്ചിരിക്കാൻ സാദ്ധ്യതയുള്ളത്.
ദുരിതാശ്വാസം
പട്ടിണികിടക്കുന്ന ആഫ്രിക്കാക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ഏറ്റവും തടസ്സമായി നിൽക്കുന്നത് അത് അവിടെ എത്തിക്കുന്നതിനുള്ള ചിലവാണെന്ന് ഏർത്ത് സ്കാൻ ബള്ളറ്റിൻ അഭിപ്രായപ്പെട്ടിരിക്കുന്നു. ആഫ്രിക്കയിൽ പ്രവർത്തിക്കുന്ന ഒരു ദുരിതാശ്വാസ സംഘടന കപ്പൽകൂലിയിനത്തിൽ 17 ദശലക്ഷം ഡോളർ ചിലവഴിച്ചതായി അവകാശപ്പെടുന്നു. ഇതിനുള്ള ഒരു ദീർഘകാല പരിഹാരമെന്നനിലയിൽ റോഡുകൾ നിർമ്മിക്കുന്നതിന് സാഹേലിൽമാത്രം 200 ദശലക്ഷം ഡോളർ ചിലവാകുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. എന്നാൽ അതിലും ചിലവു കുറഞ്ഞരീതിയിൽ സാധനങ്ങൾ കയറ്റി അയയ്ക്കാനുള്ള മാർഗ്ഗം നിർമ്മാണത്തിലിരിക്കുന്നു. 27 ടൺ ഭാരം കയറ്റാവുന്നതും 145 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നതുമായ ലോഹനിർമ്മിതമായ ഒരു ആകാശകപ്പൽ 13 ദശലക്ഷം ഡോളർ ചിലവു ചെയ്തു ഒരു ബ്രിട്ടീഷ് കമ്പനി നിർമ്മിക്കുന്നുണ്ട്. അതു ഹീലിയം വാതകം നിറച്ചതാണ്. അതിന് 5000 മൈൽ (8000 കിലോമീറ്റർ) ദൂരം വരെ പറക്കാനാവും. ഈ ആകാശകപ്പലിൽ ഒരേ സമയം 200 യാത്രക്കാരെ കയറ്റാനാവും. ഇത്തരം ആകാശക്കപ്പലുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും എന്ന് മേൽപറഞ്ഞ ബുള്ളറ്റിൻ ചൂണ്ടിക്കാട്ടുന്നു.
രണ്ടു ഹാലീസ് കോമറ്റുകളോ?
ഹാലീസ് കോമറ്റ് 1910-ൽ കാണപ്പെട്ടപ്പോഴത്തേക്കാൾ വളരെ പ്രകാശം കുറഞ്ഞതായിരുന്നതിൽ അനേകർക്ക് നിരാശ തോന്നി. എന്നാൽ ദക്ഷിണാർദ്ധ ഗോളത്തിൽ നിന്ന് കോമറ്റിനെ നിരീക്ഷിച്ചവർക്കിടയിൽ വലിയ ഉത്സാഹമുണ്ടാകാൻ ഒരു സംഗതി ഇടയാക്കി. ഒരു ദക്ഷിണാഫ്രിക്കൻ പത്രമായ “ദി നേറ്റൽ സാക്ഷി” ഇപ്രകാരം പ്രസ്താവിച്ചു. “ഹാലിയുടെ മങ്ങിയ പ്രത്യക്ഷതയിൽ നിരാശരാകുന്നതിനു പകരം രണ്ടു കോമറ്റുകൾ കണ്ടതായി നഗരത്തിൽ നിന്നുള്ള നിരീക്ഷകർ അവകാശപ്പെടുന്നു.” ഏപ്രിൽ മദ്ധ്യത്തോടെ പഞ്ഞിക്കെട്ടുപോലെയുള്ള രണ്ടു പ്രകാശഗോളങ്ങൾ ദക്ഷിണാകാശത്തിൽ അടുത്തടുത്തായി കാണാൻ കഴിഞ്ഞു. ഒന്നു വാസ്തവത്തിൽ ഹാലീസ് കോമറ്റ് തന്നെയായിരുന്നു. മറ്റേതോ? ഗോളാകൃതിയിലുള്ളതും ഒരു കേന്ദ്രത്തെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്നതുമായ ഒരു ദശലക്ഷം നക്ഷത്രങ്ങൾ ഉൾപ്പെട്ട ഒമേഗാ സെൻറ്റൗറി എന്ന നക്ഷത്ര വ്യൂഹമായിരുന്നു. ഹാലീസ് കോമറ്റിൽനിന്നും വ്യത്യസ്തമായി ഇതിനെ കാണാൻ നിരീക്ഷകർക്ക് 76 വർഷങ്ങൾ കാത്തിരിക്കേണ്ടതില്ല. ക്രിസ് ലേക്ക് എന്ന ഒരു പ്രാദേശിക വാനനിരീക്ഷകൻ വിശദീകരിച്ച പ്രകാരം “നഗ്നനേത്രങ്ങൾക്ക് ദൃശ്യമായതും ഗോളാകൃതിയിലുള്ളതുമായ ചുരുക്കം ചില നക്ഷത്ര വ്യൂഹങ്ങളിൽ ഏറ്റവും വലിയവയിൽ ഒന്നാണിത്.”
ബ്രിട്ടീഷ് സ്കൂളുകളിലെ പ്രാർത്ഥനകൾ
പ്രാർത്ഥനകൾ ഇന്ന് അനേകം ബ്രിട്ടീഷ് സ്കൂളുകളിലെ ദിനചര്യയുടെ ഭാഗമായിരിക്കുന്നില്ല. “ബ്രിട്ടനിലെ ബഹുഭൂരിപക്ഷം സ്കൂളുകളും ഓരോ ദിവസവും ക്ലാസ്സിനു മുമ്പ് ഒത്തു ചേർന്നു പ്രഭാത പ്രാർത്ഥന നടത്താതിരിക്കുക വഴി നിയമലംഘനം നടത്തുകയാണ്,” എന്ന് ഫ്രഞ്ച് കത്തോലിക്ക ദിനപ്പത്രമായ ല ക്രോയിക്സ് വിശദീകരിച്ചു. ഈ സംഗതിയിൽ അവർ എന്തുകൊണ്ടാണ് ബ്രിട്ടനിലെ നിയമം അനുസരിക്കാത്തത്? മതിയായ സൗകര്യങ്ങളില്ല എന്ന പരാതിക്കു പുറമേ “വിദ്യാർത്ഥികൾ മുസ്ലീമുകളും ഹിന്ദുക്കളും ഉൾപ്പെടെ അനേകം വർഗ്ഗങ്ങളിലും മതങ്ങളിലും പെട്ടവരാണ്, അത് ഒരു പ്രാർത്ഥന തിരഞ്ഞെടുക്കുക പ്രയാസകരമാക്കിത്തീർക്കുന്നു” എന്ന് പ്രസ്തുത ലേഖനം പറയുന്നു.” മറ്റൊരു ഘടകം ഇത്തരം പ്രാർത്ഥനായോഗങ്ങൾ പഴഞ്ചനാണെന്ന് കണക്കാക്കി അതിനെ എതിർക്കുന്ന സ്റ്റേറ്റ് അദ്ധ്യാപകരുടെ മനസ്സില്ലായ്മയാണ്.” (g86 8/22)