കാൻസർ ഇല്ലാതാകുമ്പോൾ
“തികച്ചും അപ്രതീക്ഷിതമായ മാദ്ധ്യമത്തിലൂടെ ക്രി. വ. 2100 ആകുന്നതോടെ ജീവശാസ്ത്രത്തിലെ അടിസ്ഥാനപരമായ ഗവേഷണപുരോഗതികൾ കാൻസറിനെ തടഞ്ഞേക്കും.”—കാൻസറിന്റെ കാരണങ്ങൾ.
ബൈബിൾ പ്രവചനമനുസരിച്ച്, അതിനു മുമ്പുതന്നെ കാൻസർ നിർമ്മാർജ്ജനം ചെയ്യപ്പെടും; മുകളിൽ ഉദ്ധരിച്ച പുസ്തകത്തിന്റെ എഴുത്തുകാർ പറയുന്നതുപോലെ “തികച്ചും അപ്രതീക്ഷിതമായ മാദ്ധ്യമത്തിലൂടെ”തന്നെ. നാം അത്തരം അവകാശവാദം നടത്തുന്നതെന്തുകൊണ്ട്?
എന്തുകൊണ്ടെന്നാൽ 1900 വർഷങ്ങൾക്കു മുമ്പ് ഭൂമിയിലേക്കയയ്ക്കപ്പെട്ട യേശുക്രിസ്തുവിന് ഭൂമിയിൽ ജീവനും ആരോഗ്യവും പുനഃസ്ഥിതീകരിക്കാനുള്ള അധികാരം നൽകപ്പെട്ടു. ഒരവസരത്തിൽ അവൻ രോഗിയെ കാണാതെതന്നെ ഒരു റോമൻ ശതാധിപന്റെ ദാസനെ സുഖപ്പെടുത്തി. അവൻ “തളർവാതം പിടിപെട്ട് കഠിനമായി വേദനയനുഭവിച്ചുകൊണ്ട് വീട്ടിൽ കിടപ്പി”ലായിരുന്നു. (മത്തായി 8:5-13) മറ്റൊരവസരത്തിൽ അവൻ തന്റെ ശിഷ്യനായ പത്രോസിന്റെ അമ്മാവിയമ്മയെ സുഖപ്പെടുത്തി. അവൾ പനിപിടിച്ച് കിടപ്പിലായിരുന്നു. അവൻ ഇത് എങ്ങനെയാണ് ചെയ്തത്? “അവൻ അവളുടെ കൈ തൊട്ടു, പനി അവളെ വിട്ടുപോയി, അവൾ എഴുന്നേൽക്കുകയും ചെയ്തു.”—മത്തായി 8:14-17.
യേശുവിന്റെ ശുശ്രൂഷയുടെ ഒരപഗ്രഥനം അവൻ വ്യത്യസ്തപ്രായത്തിലുള്ള സ്ത്രീപുരുഷൻമാരുടെ വ്യത്യസ്തരോഗങ്ങൾ സുഖപ്പെടുത്തിയെന്ന് കാണിക്കുന്നു. അവൻ മുടന്തരെയും വികലരെയും അന്ധരെയും മൂകരെയും ചുഴലി ദീനക്കാരെയും തളർവാതക്കാരെയും രക്തസ്രാവം പിടിപെട്ട ഒരു സ്ത്രീയെയും വരണ്ട കൈയുള്ള ഒരു മനുഷ്യനെയും മഹോദരം പിടിപെട്ട മറ്റൊരു മനുഷ്യനെയും സുഖപ്പെടുത്തി. അവൻ മരിച്ചവരെ ഉയർപ്പിക്കുകയും ചെയ്തു. അവൻ ഇത് എങ്ങനെയാണ് ചെയ്തത്? ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ചികിത്സയിലൂടെയായിരുന്നോ?
വാസ്തവത്തിൽ, മോഹന നിദ്രാപ്രയോഗം കൊണ്ടുള്ള ചികിത്സയിലൂടെയോ അബോധവിശ്ലേഷണം പ്രയോഗിച്ചുള്ള ചികിത്സയിലൂടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ചികിത്സാരീതിയിലൂടെയോ ആയിരുന്നില്ല. അത് യേശുവിന്റെ വ്യക്തിപരമായ ജ്ഞാനവും അറിവും ശക്തിയും ഉപയോഗിച്ചുകൊണ്ടും ആയിരുന്നില്ല. മറിച്ച് അത് ഒരു മനുഷ്യാതീത ഉറവിൽനിന്നുള്ള അത്ഭുതകരമായ സൗഖ്യം വരുത്തലായിരുന്നു. (മത്തായി 8:17; യെശയ്യാവ് 53:4) സൗഖ്യം വരുത്തിയത് അവന്റെ പിതാവിന്റെ ആത്മാവും ശക്തിയുമായിരുന്നു. എന്നിരുന്നാലും അത് ക്രിസ്തുവിന്റെ നാളിലെ ചുരുക്കം രോഗികളിലേ പ്രയോഗിച്ചുള്ളു. അത് അവരെ പിന്നീട് മരിക്കുന്നതിൽനിന്ന് തടഞ്ഞുമില്ല. അങ്ങനെയെങ്കിൽ, വാസ്തവത്തിൽ അത് എന്ത് ലക്ഷ്യം സാധിച്ചു?
യേശു നിർവ്വഹിച്ച സൗഖ്യമാക്കൽ ദൈവത്തിന്റെ ദാനമായിരിക്കുന്ന ആരോഗ്യത്തിന്റെയും ജീവന്റെയും പുനഃസ്ഥിതീകരണത്തിൽ നിന്ന്, അനുസരണമുള്ള മുഴു മനുഷ്യവർഗ്ഗവും പ്രയോജനമനുഭവിക്കുന്ന ഒരു ദിവസത്തിലേക്ക് വിരൽചൂണ്ടി. നമുക്ക് ബൈബിളിന്റെ ഈ നിശ്വസ്ത വാഗ്ദാനമുണ്ട്: “നോക്കൂ! ദൈവത്തിന്റെ കൂടാരം മനുഷ്യവർഗ്ഗത്തോടുകൂടെ, അവൻ അവരോടുകൂടെ വസിക്കും, അവർ അവന്റെ ജനമായിരിക്കും [ഇവിടെ ഭൂമിയിൽ]. . . . അവൻ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കുന്നതല്ല. പൂർവ്വകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.”—വെളിപ്പാട് 21:3, 4.
നീങ്ങിപ്പോകുന്ന പൂർവ്വകാര്യങ്ങളിൽ കാൻസറും അതിന്റെ കാരണങ്ങളും ഉൾപ്പെടുന്നു. ക്രിസ്തുവിനാലുള്ള ദൈവരാജ്യ ഗവൺമെൻറിന്റെ ഭരണത്തിൻകീഴിൽ മരണകരമായ സാഹചര്യങ്ങൾ നിർമ്മാർജ്ജനം ചെയ്യപ്പെടും. മനുഷ്യനെ ദുർബ്ബലമാക്കുന്ന പിരിമുറുക്കം ഇല്ലായ്മ ചെയ്യും. രോഗവിമുക്തമായ ശരീരാവയവങ്ങൾ സ്രഷ്ടാവിന്റെ ഉദ്ദേശ്യപ്രകാരം പ്രവർത്തിക്കും. യഥാർത്ഥ ആത്മീയ മൂല്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന ആരോഗ്യമുള്ള മനസ്സുകൾ ആരോഗ്യമുള്ള ശരീരങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും.—യെശയ്യാവ് 33:24; 25:5, 6.
ഇവയെല്ലാം സംഭവിച്ചുകാണുന്നത് വളരെ ശ്രേഷ്ഠമായിരിക്കുമെന്ന് തോന്നുന്നുണ്ടോ? കൂടാതെ, ബൈബിൾ പറയുന്നപ്രകാരം, നമുക്ക് ദൈവത്തിന്റെ ഉറപ്പുണ്ട്: “സിംഹാസനത്തിലിരിക്കുന്നവൻ പറഞ്ഞു: ‘നോക്കൂ! ഞാൻ സകലതും പുതുതാക്കുന്നു. . . . എഴുതുക, എന്തുകൊണ്ടെന്നാൽ ഈ വചനങ്ങൾ വിശ്വാസയോഗ്യവും സത്യവുമാകുന്നു.’” (വെളിപ്പാട് 21:5) ഈ സജീവ പ്രത്യാശയാണ് കാൻസറിന്റെ ആക്രമണങ്ങളോ മരണംപോലുമോ സഹിക്കുന്നതിന് യഹോവയുടെ സാക്ഷികളെ പ്രാപ്തരാക്കുന്നത്. യഹോവയാം ദൈവം “പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയും” വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അവർക്കറിയാം.—യെശയ്യാവ് 65:17, 18. (g86 10/8)