ജാതകത്തിൽ ആശ്രയിക്കാൻ കഴിയുമോ?
രണ്ടാം ലോകമഹായുദ്ധത്തിലെ ഭീകര കുറ്റകൃത്യങ്ങളിൽ ഡോ. മാഴ്സെൽ പെറ്റിയോട്ട് ചെയ്തവ ഉൾപ്പെട്ടിരുന്നു. നാസി—അധീന ഫ്രാൻസിൽ നിന്ന് ഒരു സുരക്ഷിത വഴി പ്രദാനം ചെയ്തുകൊണ്ട് അയാൾ തന്റെ ജീവിതം നയിച്ചിരുന്നു. എന്നിരുന്നാലും അയാൾ തന്റെ കക്ഷികളെ കൊല്ലുകയും അവരുടെ വസ്തുവകകൾ മോഷ്ടിക്കുകയും അവരുടെ ശവശരീരങ്ങൾ ചുണ്ണാമ്പിൽ മുക്കി നശിപ്പിക്കയും ചെയ്തിരുന്നു. പിന്നീട് പെറ്റിയോട്ട് പിടിക്കപ്പെടുകയും അയാളുടെ മരണമുറിയിൽ വെച്ച് 63 ആളുകളെ കൊന്നതായി അയാൾ സമ്മതിക്കയും ചെയ്തു. എന്നാൽ, ഇതിനു ജാതകവുമായി എന്തു ബന്ധമാണുള്ളത്?
ജ്യോതിഷക്കാരുടെ അവകാശവാദങ്ങൾ 30 വർഷം അന്വേഷിച്ച ഡോ. മൈക്കിൾ ഗ്വാക്കെലിൻ, പെറ്റിയോട്ടിനെ ഒരു പരീക്ഷണ വിഷയമായി ഉപയോഗിക്കണമെന്നു തീരുമാനിച്ചു. കംപ്യൂട്ടർ ഉപയോഗിച്ച് പെറ്റിയോട്ടിന്റെ ജാതകം കുറിച്ച ഒരു ജ്യോതിഷ തൊഴിൽക്കാരന് അയാൾ ഡോക്ടറുടെ ജനന തീയതി അയച്ചുകൊടുത്തു. പിന്നീട് ഗ്വാക്കെലിൻ, ഏതൊരു അന്വേഷകനും ഒരു വ്യക്തിപരമായ ജാതകം സൗജന്യമായി അയച്ചുകൊടുക്കാമെന്ന് ഒരു ഫ്രഞ്ച് ദിനപ്പത്രത്തിൽ പരസ്യം ചെയ്തു. എന്നിരുന്നാലും അയാൾ യഥാർത്ഥത്തിൽ അയച്ചുകൊടുത്തത് കൊലയാളിയായ പെറ്റിയോട്ടിന്റേതായിരുന്നു!
ആരെങ്കിലും തനിക്കു ലഭിച്ചത് “തെറ്റായ” ജാതകമാണെന്ന് തിരിച്ചറിഞ്ഞിരുന്നോ? നേരെ മറിച്ചായിരുന്നു! ഗ്വാക്കെലിൻ ഇപ്രകാരം എഴുതുന്നു: “എനിക്ക് ഒരു ഡസൻ ഉത്സാഹഭരിതമായ മറുപടി കത്തുകൾ ലഭിച്ചു. തൊണ്ണൂറു ശതമാനം പേർ ആ വിവരണം വളരെ സത്യസന്ധവും തങ്ങളുടെ വ്യക്തിപരമായ പ്രയാസങ്ങൾ നന്നായി പ്രകടമാക്കിയിരുന്നതും ആയിരുന്നു എന്ന് വിചാരിച്ചു.” ഗ്വാക്കെലിൻ ഇങ്ങനെ തുടരുന്നു: “ജാതകത്തിൽ നാം നമ്മുടെ തന്നെ ഒരു പ്രതിഛായ കാണുന്നതിന് നമുക്കെല്ലാം ഒരു ചായ്വുണ്ടെന്ന് മനഃശാസ്ത്രജ്ഞൻമാർ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു വ്യക്തിക്കു—ഒരു കൊലയാളിക്കുമാത്രം യോജിച്ച വിധത്തിൽ തയ്യാറാക്കിയ ഒരു ബാഹ്യരേഖയിൽ ഈ ആളുകൾ ഒരു സദൃശ്യം കാണണമെന്നത് അതിലും അധികം ഉൽക്കണ്ഠാകുലമാണ്.” (g86 11/22)