എന്റെ സിക്ക് പൈതൃകവും എന്റെ സത്യാന്വേഷണവും
ബാൽബെർസിംഗ് ഡിയോ പറഞ്ഞപ്രകാരം
ആളുകൾക്ക മതത്തെ പ്രതി അന്യോന്യമുള്ള വിദ്വേഷം കാണുന്നത് എന്നെ ദുഃഖിപ്പിക്കുന്നു. ഇവിടെ ഇൻഡ്യയിൽ പോലും ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെടുന്നവർക്ക് രാഷ്ട്രീയത്തിലും ദേശീയത്വയുദ്ധങ്ങളിലുമുള്ള പങ്ക് സുപ്രസിദ്ധമാണ്.
എന്തിന്, രണ്ടു ലോകയുദ്ധങ്ങൾ നടത്തപ്പെട്ടത് മിക്കവാറും ക്രിസ്തീയമെന്നു സ്വയം വിളിക്കുന്ന രാഷ്ട്രങ്ങളാലാണ്! കഴിഞ്ഞ കാലത്തു “ക്രിസ്ത്യാനികളുടെ” ആഭിമുഖ്യത്തിൽ നടന്ന ദണ്ഡനങ്ങളും കൊലകളും വടക്കൻ അയർലണ്ട് പോലുള്ള സ്ഥലങ്ങളിൽ ഇന്നും തുടരുകയാണ്, അവിടെ കത്തോലിക്കരും പ്രോട്ടസ്റ്റൻറുകാരും അന്യോന്യം പൊരുതുകയും കൊല്ലുകയും ചെയ്യുന്നു. ഈ നിരന്തര പോരാട്ടവും ഒപ്പം ആഹാരം കൊടുത്തു പുതുവിശ്വാസികളെ വാങ്ങുന്നതിലുള്ള കീർത്തിയും ഒരു അനുകൂല ധാരണ അശേഷം അവശേഷിപ്പിച്ചിട്ടില്ല. ഇൻഡ്യാക്കാരായ നമ്മിലനേകർക്ക് ക്രിസ്ത്യാനിത്വമെന്ന് വിളിക്കപ്പെടുന്നതിനോട് ഇത്ര വിപ്രതിപത്തി ഉള്ളതെന്തുകൊണ്ടെന്ന് നിങ്ങൾക്കു കാണാൻ കഴിയുമോ?
അതേസമയം ഒരുവൻ ഒരു ഹിന്ദു ആയിരിക്കാതെ സിക്കുകാരൻ ആയിരിക്കുന്നതുകൊണ്ടും അല്ലെങ്കിൽ മുസ്ലീം ആയിരിക്കാതെ ഹിന്ദു ആയിരിക്കുന്നതുകൊണ്ടും ഇൻഡ്യാക്കാർക്ക് അന്യോന്യമുള്ള വിദ്വേഷം കാണുന്നതും എനിക്ക് സങ്കടമായിരുന്നു. സത്യാരാധകർ വ്യത്യസ്തമായി വിശ്വസിക്കുന്നവരെ പോലും സ്നേഹിക്കണമെന്നു ഞാൻ വിചാരിച്ചു. ഇവിടെ ഇൻഡ്യയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഹിന്ദുക്കളും സിക്കുകാരും ഉൾപ്പെട്ട ഭീകര പ്രവർത്തനവും വിശേഷാൽ ഞെട്ടിക്കുന്നതാണ്.
എന്നിരുന്നാലും, അക്രമത്തിന്റെ തുടരെയുള്ള കഥകളൊക്കെയുണ്ടായിട്ടും എനിക്കോ എന്റെ മൂത്ത മൂന്നു സഹോദരൻമാർക്കോ എന്റെ ജ്യേഷ്ഠന്റെ ഭാര്യക്കോ വലിയ ഭയമുണ്ടായില്ല. എന്റെ സഹോദരിയും അവളുടെ ഭർത്താവും അക്രമത്തിൽ നിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നതായി വിചാരിച്ചു. ഞങ്ങൾ ഏഴുപേരും സിക്കുകാരായി വളർത്തപ്പെട്ടിട്ടും ഇതെന്തുകൊണ്ട്? വിശദീകരിക്കുന്നതിനു മുമ്പ് സിക്കുകാരെക്കുറിച്ചു ഞാൻ നിങ്ങളോട് അല്പം ചിലതു പറയട്ടെ.
സിക്ക് മതം
സിക്കു മതം സ്വന്തം തിരുവെഴുത്തുകളും ദീക്ഷാസംസ്ക്കാരങ്ങളും കർമ്മങ്ങളും വിവാഹത്തിന്റെയും ശവസംസ്ക്കാരത്തിന്റെയും ചടങ്ങുകളും തീർത്ഥാടനസ്ഥലങ്ങളും ആരാധനയുമുള്ള ഏകദൈവ വിശ്വാസത്തോടുകൂടിയ ഒരു മതമാണ്. 150 ലക്ഷം വരുന്ന സിക്കുകാർ, നാനാക്ക് എന്നു പേരുണ്ടായിരുന്ന 15-ാം നൂറ്റാണ്ടിലെ ഒരു ഇൻഡ്യൻ ഗുരുവിൽനിന്നാണ് തങ്ങളുടെ വിശ്വാസങ്ങൾ ഉത്ഭവിച്ചതെന്നു പറയുന്നു. അദ്ദേഹത്തിന്റെ അനുഗാമികൾ സിക്കുകാർ എന്നറിയപ്പെട്ടു. “ശിഷ്യൻ” എന്നർത്ഥമുള്ള ഒരു സംസ്കൃതപദത്തിൽ നിന്നാണ് അത് ഉളവാകുന്നത്.
നാനാക്ക് വടക്കെ ഇൻഡ്യയിലെ പഞ്ചാബ് പ്രദേശത്ത് ഹൈന്ദവ മാതാപിതാക്കൾക്ക് ജനിച്ചവനായിരുന്നു. അദ്ദേഹത്തിന്റെ ജൻമസ്ഥലം ഇപ്പോൾ പാകിസ്ഥാന്റെ ഭാഗമാണ്. സിക്കുകാർ ഇൻഡ്യയിലെങ്ങും മാത്രമല്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കുടിപാർക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ അനുഗാമികളിൽ ഭൂരിപക്ഷവും പഞ്ചാബിൽനിന്നുള്ളവരാണ്. ബ്രിട്ടനിൽതന്നെ 3,00,000-ത്തോളം സിക്കുകാരുണ്ട്.
നാനാക്കിന്റെ ജീവിതത്തിന്റെ ആദ്യകാലത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും നിരന്തരപോരാട്ടത്തിലായിരുന്നു. ഇരുപക്ഷത്തെയും യുദ്ധകാലകഷ്ടപ്പാട് അദ്ദേഹത്തെ ആഴമായി ബാധിച്ചു. താൻ ഏതു മതം പിന്തുടരുമെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: ‘ഹിന്ദുവുമില്ല, മുസ്സൽമാനുമില്ല, അതുകൊണ്ട് ഞാൻ ആരുടെ വഴി പിന്തുടരാനാണ്? ഞാൻ ദൈവത്തിന്റെ വഴി പിന്തുടരും. ദൈവം ഹിന്ദുവോ മുസ്സൽമാനോ അല്ല, ഞാൻ പിന്തുടരുന്നത് ദൈവത്തിന്റെ വഴിയാണ്.’
ഒരു പുതിയമതം സ്ഥാപിക്കാനുദ്ദേശിച്ചിരുന്നില്ലെങ്കിലും നാനാക്ക് ഒരു മതപ്രസ്ഥാനത്തിന്റെ നേതാവായിത്തീർന്നു. തന്റെ നാളിലെ മറ്റുള്ളവരെപ്പോലെ ഇൻഡ്യയിൽ പ്രബലപ്പെട്ടിരുന്ന ജാതി വ്യവസ്ഥ തിൻമയാണെന്ന് അദ്ദേഹം പഠിപ്പിച്ചു. അദ്ദേഹം തന്റെ സന്ദേശത്തെ മൂന്ന് അടിസ്ഥാന കല്പനകളിൽ സംഗ്രഹിച്ചു: ജോലി ചെയ്യുക, ആരാധിക്കുക, ധർമ്മം കൊടുക്കുക.
അവസാനത്തെ ഗുരു
ദൈവം തന്നേത്തന്നെ വെളിപ്പെടുത്തുന്നത് ഗുരുവിലൂടെയാണെന്ന് ഗുരു നാനാക്കിൽ വിശ്വസിച്ചവർ മനസ്സിലാക്കി. ഇത് പിൻഗാമികളെ ആവശ്യമാക്കി. തന്നിമിത്തം ഏതാണ്ട് 200 വർഷക്കാലത്ത് പത്തു വ്യത്യസ്ത ഗുരുക്കൾ വർദ്ധിച്ചുവന്ന സിക്കുകാർക്ക് നേതൃത്വം നൽകി. ഒടുവിൽ പത്താമത്തെ ഗുരുവായിരുന്ന ഗോവിന്ദസിംഗ് തന്റെ പിൻഗാമി ഒരു മനുഷ്യനായിരിക്കുകയില്ലെന്നു സൂചിപ്പിച്ചു. പകരം, നാനാക്കിന്റെയും പിൽക്കാല സിക്ക് ഗുരുക്കൻമാരുടെയും ഹിന്ദു മുസ്ലീം “വിശുദ്ധൻമാരുടെയും” തിരുവെഴുത്തുകൾ മനുഷ്യഗുരുക്കളുടെ സ്ഥാനത്ത് വരും. ഈ എഴുത്തുകൾ ഗുരു ഗ്രൻഥ സാഹിബ് എന്നറിയപ്പെട്ട ഒരു പുസ്തകമായി ശേഖരിക്കപ്പെട്ടു. സിക്കുകാർ അവയെ ദൈവവചനമായി വീക്ഷിക്കാനിടയായി.
മുൻ മനുഷ്യഗുരുക്കൾക്ക് ലഭിച്ചിരുന്ന അതേ ബഹുമതിയും ആദരവും ഗുരു ഗ്രൻഥ സാഹിബ് എന്ന പുസ്തകത്തിനു കൊടുക്കപ്പെടുന്നു. സിക്ക് ഭവനങ്ങളിൽ ഒരു പ്രത്യേക മുറിയിൽ ഈ പുസ്തകം പ്രദർശിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു. ഗുരുദ്വാരകളിൽ (സിക്ക് ആരാധനാസ്ഥലങ്ങൾ) വിഗ്രഹങ്ങളോ ഔപചാരിക ശുശ്രൂഷകളോ ഇല്ല. യാഗപീഠമോ പ്രസംഗപീഠമോ ഇല്ല. ഗുരുഗ്രൻഥ സാഹിബ് ഒരു ഉയർന്ന പ്ലാറ്റ്ഫോമിൽ കുഷ്യനുകളിൻമേൽ വെക്കപ്പെടുകയും ഒരു മേൽ തട്ടുകൊണ്ട് മൂടപ്പെടുകയും ചെയ്യുന്നു. അതിലെ വാക്യങ്ങൾ ശ്രോതാക്കൾക്കായി വായിക്കപ്പെടുകയും ആലപിക്കപ്പെടുകയും ചെയ്യുന്നു.
അവസാനത്തെ മനുഷ്യഗുരു ആയിരുന്ന ഗോവിന്ദസിംഗ് ഖൽസാ (നിർമ്മലർ) എന്നു വിളിക്കപ്പെടുന്ന ഒരു സംഘടനയും രൂപവൽക്കരിച്ചു. ഇത് തങ്ങളുടെ ജീവിതത്തെ മതതത്വങ്ങൾക്ക് മുഴുവനായി ഏൽപ്പിച്ചുകൊടുക്കാൻ സന്നദ്ധരായ സിക്കുകാരുടെ ഒരു പ്രത്യേക സഹോദരവർഗ്ഗമാണ്. തങ്ങളുടെ മുൻ കുടുംബപ്പേരുകളാൽ സൂചിപ്പിക്കപ്പെടുന്ന ഏതു വർഗ്ഗ വ്യത്യാസങ്ങളെയും നീക്കം ചെയ്യുന്നതിന് ഖൽസാ അംഗങ്ങൾ സിംഗ് എന്ന കുടുംബപ്പേർ സ്വീകരിച്ചു, സിംഹമെന്നാണതിന്റെ അർത്ഥം. ഖൽസയിലെ വനിതാംഗങ്ങൾ കൗർ (സിംഹിയും പ്രഭ്വിയും) എന്ന കുടുംബപ്പേർ സ്വീകരിച്ചു. ചിലപ്പോൾ അങ്ങനെയുള്ള കുടുംബപ്പേരുകളെ തുടർന്ന് തിരിച്ചറിയിക്കുന്ന വേറൊരു കുടുംബനാമവും ഉണ്ടായിരിക്കും.
പുരുഷ ഖൽസാംഗങ്ങളെ അവരുടെ ചമയത്താൽ തിരിച്ചറിയുന്നതിന് അഞ്ചു കെ-കളുടെ ധരിക്കലും ആവശ്യപ്പെട്ടിരുന്നു. ഒന്നാമത് കേശം, അതായത് മുറിക്കാത്ത താടിമീശയും തലയിൽ ഭംഗിയായി കെട്ടിവെക്കുന്ന നീണ്ടമുടിയും. രണ്ടാമത്, മുടി ഒരു കാംഗാ അഥവാ ചീപ്പുകൊണ്ട് ഉറപ്പിക്കുകയും സാധാരണയായി ഒരു തലപ്പാവുകൊണ്ടു മൂടുകയും ചെയ്യുന്നു. മൂന്നാമത്, അടിവസ്ത്രമായി ധരിക്കുന്ന കാക്ക്സ് അഥവാ നീളം കുറഞ്ഞ പാൻറ്സ്
ഉണ്ട്. നാലാമത് കാരാ, അതായത് ഒരു ഉരുക്ക് കങ്കണം. ഒടുവിൽ, മതവിശ്വാസങ്ങളുടെ പരിത്രാണനത്തിനായി ഒരു കൃപാൺ, അഥവാ വാൾ കൊണ്ടുനടക്കുന്നു. ഈ അഞ്ച് കെ—കൾ തിരിച്ചറിയിക്കുന്ന ഒരു യൂണിഫോം ആയി ഉതകുകയും സിക്കുകാരെ മറ്റ് ഇൻഡ്യൻ സമൂഹങ്ങളിൽനിന്ന് വേർതിരിക്കുകയും ചെയ്തു. ചിലപ്പോൾ പരിഷ്ക്കാരങ്ങൾ വരുത്തുന്നുണ്ടെങ്കിലും ഖൽസാ അംഗങ്ങൾ അങ്ങനെയുള്ള പാരമ്പര്യങ്ങൾ ഇന്നും തുടരുന്നു.
അനേകം ദൈവങ്ങളുള്ള ഹിന്ദുക്കൾക്കു വിപരീതമായി സിക്കുകാർ ഒരു ദൈവത്തിൽ വിശ്വസിക്കുന്നു. സിക്കുകാർ സന്യാസത്തെയും ഉപവാസത്തെയും സസ്യഭോജന വാദത്തെയും തള്ളിക്കളയുന്നു. എന്നാൽ ഹിന്ദുക്കളെപ്പോലെ സിക്കുകാർ പ്രബുദ്ധതയാൽ വിമോചിതരാകാത്തപക്ഷം മനുഷ്യൻ ഒരു പുനർജൻമ ചക്രത്തോടു ബന്ധിതനാണെന്ന് പൊതുവേ വിചാരിക്കുന്നു. അങ്ങനെയുള്ള വിമോചനത്തിനുള്ള ഏക ഉപാധി ഗുരു നൽകിയ ദൈവവചനമാണെന്ന് വിശ്വസിക്കപ്പെടുന്നു. മനുഷ്യന്റെ പരമായ ഉദ്ദേശ്യം ഭൗതിക ശരീരത്തിൽ നിന്ന് വിമുക്തമായി ദൈവത്തോടു ചേരുകയെന്നതാണെന്ന് വിചാരിക്കപ്പെടുന്നു.
വ്യക്തിപരമായ ഒരു അന്വേഷണം
ഒരു സിക്കുകാരനായി വളർത്തപ്പെട്ടെങ്കിലും എന്റെ ജീവിതത്തിലെ സംഭവങ്ങൾ ചോദ്യങ്ങളുയർത്തി. അതേസമയം, എന്റെ പിതാവിനാലുള്ള വളർത്തൽ ഞങ്ങളുടെ കുടുംബത്തിന്റേതിൽനിന്നു വ്യത്യസ്തമായ ആശയങ്ങളെ അഭിമുഖീകരിച്ചപ്പോൾ ഒരു തുറന്ന മനസ്സുണ്ടായിരിക്കാൻ എന്നെ അനുവദിച്ചു.
എനിക്ക് ഏഴുവയസ്സായിരുന്നപ്പോൾ അമ്മ മരിച്ചു. ഇത് എന്നെ നിസ്സഹായനും കുഴഞ്ഞവനുമെന്ന തോന്നലുള്ളവനാക്കി. ‘നല്ലവർ ചെറുപ്പത്തിലെ മരിക്കുന്നു’ എന്നും ‘അവൾ ഇപ്പോൾ സ്വർഗ്ഗത്തിൽ സമാധാനമനുഭവിക്കുന്നു’ എന്നും പറഞ്ഞ് ബന്ധുക്കൾ ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഞാൻ അമ്മക്ക് എഴുത്തുകൾ എഴുതുകയും അനന്തരം അവ ദഹിപ്പിക്കുകയും ചെയ്യുമായിരുന്നു, ഞങ്ങൾക്ക് അമ്മയുടെ നഷ്ടം എത്രമാത്രം അനുഭവപ്പെടുന്നുണ്ടെന്ന് ഈ വിധത്തിൽ അമ്മ അറിയുമെന്നായിരുന്നു പ്രത്യാശ. എന്നിട്ടും അമ്മയെ എന്നെങ്കിലും വീണ്ടും കാണാമെന്നുള്ള പ്രത്യാശ ഇല്ലാഞ്ഞതുകൊണ്ട് എനിക്ക് ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്.
എനിക്ക് പ്രായമേറിവന്നതോടെ ഞാൻ ഗൗരവതരമായി സിക്കുമതത്തെ പരിശോധിക്കുകയും ക്രമായി ഗുരുഗ്രൻഥ സാഹിബ് വായിക്കുകയും ഗുരുനാനാക്കിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്തു. ഞങ്ങൾ ഏകദൈവത്തിലാണ് വിശ്വസിച്ചതെങ്കിലും, നാനാക്കിനോട് പ്രാർത്ഥിക്കുന്നതും ഞങ്ങളുടെ പതിവായിരുന്നു. ദൈവത്തോടു കൂടുതലടുക്കാൻ ഞങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരാളായിട്ടാണ് ഞങ്ങൾ അദ്ദേഹത്തെ വീക്ഷിച്ചത്. എങ്കിലും ആളുകൾ തിൻമ ചെയ്യുന്നതെന്തുകൊണ്ടെന്നുള്ളതിൽ ഞാൻ അന്ധാളിച്ചു.
സാദ്ധ്യമാകുന്നതിലേക്കും നല്ല വിദ്യാഭ്യാസം ഞങ്ങൾക്കു ലഭിക്കണമെന്നുള്ള ആഗ്രഹത്താൽ എന്റെ അപ്പൻ ഞങ്ങളെ ഒരു “ക്രിസ്തീയ” സ്കൂളിലയച്ചു. ക്രിസ്ത്യാനികളെന്നവകാശപ്പെട്ട ചുരുക്കം ചിലർ ആത്മാർത്ഥതയുള്ളവരെന്നു തോന്നിയെങ്കിലും അവരിൽ ഭൂരിപക്ഷത്തിന്റെയും കപടഭാവം കാണുക എളുപ്പമായിരുന്നു. ഞങ്ങളും മറ്റ് ക്രിസ്തീയേതരരും പള്ളിയിൽ ഹാജരാകുകയും അതിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയുമാണെങ്കിൽ ഞങ്ങളുടെ വിദ്യാഭ്യാസച്ചെലവ് ഒരു വിദേശ രക്ഷാധികാരി വഹിക്കുമെന്ന് ഞങ്ങളോടു പറയപ്പെട്ടു. അങ്ങനെയുള്ള വാഗ്ദാനങ്ങൾ എനിക്ക് ഒരു കൈക്കൂലിപോലെയാണു തോന്നിയത്.
എനിക്കു 17 വയസ്സായപ്പോൾ ബൈബിളിലുള്ള എന്റെ താൽപ്പര്യത്തെ ജ്വലിപ്പിച്ച ഒരു സംഭവമുണ്ടായി. യുദ്ധങ്ങളും മറ്റനേകം ആധുനിക പ്രശ്നങ്ങളും ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നുവെന്ന് ഒരു സുഹൃത്ത് എന്നോടു പറഞ്ഞു. അതു സത്യമായിരിക്കാവുന്നതാണെന്ന് ഞാൻ വിശ്വസിച്ചില്ല. തന്നിമിത്തം മത്തായി 24-ാം അദ്ധ്യായം എന്നെ കാണിച്ചപ്പോൾ, പ്രവചിക്കപ്പെട്ടിരുന്ന കാര്യങ്ങളിൽ ഞാൻ അത്ഭുതസ്തബ്ധനായി. തീർച്ചയായും ബൈബിളിൽ വളരെയധികം സത്യം അടങ്ങിയിട്ടുണ്ടായിരിക്കണമെന്ന് ഞാൻ വിചാരിച്ചു.
സാക്ഷികൾ സന്ദർശിക്കുന്നു
യഹോവയുടെ സാക്ഷികളിൽപെട്ട ഒരു ചെറുപ്പക്കാരൻ 1976-ൽ ഒരു ദിവസം കൽക്കട്ടായിലുള്ള ഞങ്ങളുടെ വീട്ടിൽ പ്രത്യക്ഷപ്പെട്ടു. അയാൾ നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക എന്ന പ്രസിദ്ധീകരണത്തിന്റെ ഒരു പ്രതി എനിക്കു തന്നു. ഞാൻ അതു മുഴുവൻ ഒറ്റ ദിവസംകൊണ്ടു വായിച്ചു. അയാൾ മടങ്ങിവരുകയും രാജ്യഹാളിലെ ഒരു യോഗത്തിന് എന്നെ ക്ഷണിക്കുകയും ചെയ്തു. ഞാൻ ഹാജരായി, പെട്ടെന്നുതന്നെ എനിക്കു ബോദ്ധ്യം വന്നു.
ഞാൻ അശ്രദ്ധമായി റ്റി-ഷർട്ടും ജീൻസും ധരിച്ചിരുന്നെങ്കിലും ഹാജരായിരുന്നവരുടെ ഇടയിൽ വസ്ത്രധാരണവും സാമ്പത്തികനിലയും പ്രായവും വർഗ്ഗവും അഥവാ കുടുംബപശ്ചാത്തലവും സംബന്ധിച്ച് വ്യക്തമായി വ്യത്യാസം കൽപ്പിച്ചിരുന്നില്ല. ആളുകളുടെ ഇടയിൽ ആത്മാർത്ഥമായ ഊഷ്മളത ഉണ്ടായിരുന്നു. മുൻനിരയിൽ ഇരിക്കാൻ ഞാൻ ക്ഷണിക്കപ്പെട്ടു. അവിടെ “ബൈബിൾ പരസ്പരവിരുദ്ധമോ?” എന്ന അർത്ഥവത്തായ ഒരു പ്രസംഗം ഞാൻ ശ്രദ്ധിച്ചു. ഞാൻ രാജ്യഹാളിൽ കണ്ടുമുട്ടിയ ഒരു സാക്ഷിയുടെ സഹായത്തോടെ ബൈബിൾ പഠിക്കാൻ തുടങ്ങി. അധികം താമസിയാതെ ഞാൻ എല്ലാ മീറ്റിംഗുകൾക്കും ക്രമായി ഹാജരായി.
ഞാൻ പഠിച്ചത് ഞാൻ പഠിച്ച “ക്രിസ്തീയ” സ്കൂളിൽ കേട്ടതിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു. യഹോവയുടെ സാക്ഷികൾ യേശുവിനെ ആരാധിക്കുന്നില്ല. പകരം, അവർ യേശുതന്നെ ആരാധിച്ച സർവ്വശക്തനാം ദൈവത്തെ ആരാധിക്കുന്നു. തന്നെയുമല്ല, ബൈബിളിൽ കൊടുത്തിരിക്കുന്ന പ്രകാരം ദൈവത്തിന്റെ പേർ യഹോവ എന്നാണ്.—സങ്കീർത്തനം 83:18.
രാജ്യഹാളിലെ യോഗങ്ങളിൽ ഞങ്ങൾ യഥാർത്ഥമായി ബൈബിൾ പഠിച്ചു. “ക്രിസ്തീയ” സ്കൂളിൽ ഞങ്ങൾ അതു ചെയ്തിരുന്നില്ല. ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന കത്തോലിക്കാ, പ്രോട്ടസ്റ്റൻറ് മതങ്ങളും ബൈബിൾ യഥാർത്ഥമായി പഠിപ്പിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ എനിക്ക് സന്തോഷമായി. “ക്രിസ്തീയ” മതങ്ങൾ അവരുടെ രാഷ്ട്രീയ നേതാക്കൾ പ്രോത്സാഹിപ്പിക്കുന്ന യുദ്ധങ്ങൾക്കു കൊടുക്കുന്ന പിന്തുണയെ യഹോവയാം ദൈവം കുറ്റംവിധിക്കുന്നുവെന്ന് യഹോവയുടെ സാക്ഷികൾ എന്നെ കാണിച്ചു—യോഹന്നാൻ 17:14; 18:36; മത്തായി 26:52; യെശയ്യാവ് 2:4.
എന്റെ സഹകാരികൾ ഒരു വ്യത്യസ്ത വെളിച്ചത്തിൽ എന്നെ വീക്ഷിച്ചു തുടങ്ങിയത് മനസ്സിലാക്കാവുന്നതാണ്. ‘നീ ഒരു വൈകാരികാനുഭവത്തിലൂടെ കടന്നുപോകുന്നുവെന്നേയുള്ളു’ എന്ന് എന്റെ സുഹൃത്തുക്കൾ അവകാശപ്പെട്ടു. ബന്ധുക്കൾ വളരെ അതിശയിക്കുകയും എന്റെ നിലപാടിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, എന്നെ സംബന്ധിച്ച് ബൈബിളിലെ സത്യം പഠിക്കുന്നത് ക്ഷണികമായ ഒരു വൈകാരികാനുഭവമായിരുന്നില്ല. പകരം അത് എന്റെ ജീവിതത്തെ സമ്പന്നമാക്കുകയും എനിക്ക് അഗാധമായ സംതൃപ്തി നൽകുകയും ചെയ്തു. ഓരോ വ്യക്തിയും വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും യഥാർത്ഥമായി സ്നേഹം ആചരിക്കുന്ന ഒരു ലോകവ്യാപകസഹോദരവർഗ്ഗത്തെ വേറെ എവിടെ ഒരുവനു കണ്ടെത്താൻ കഴിയും?
എന്റെ കുടുംബം താത്പര്യം കാണിക്കുന്നു
ബൈബിൾ പഠനം ഒരു ഭ്രമം മാത്രമാണെന്ന് എന്റെ കുടുംബവും വിചാരിക്കുകയും അത് മാറിപ്പോകുമെന്നു പ്രതീക്ഷിക്കുകയും ചെയ്തു. ഒടുവിൽ എന്റെ ഏറ്റവും മൂത്ത സഹോദരൻ രാജീന്ദർ ഈ യോഗങ്ങളിലൊന്നിന് എന്റെ കൂടെ വരാൻ തീരുമാനിച്ചു. അയാൾ ഊഷ്മളമായി സ്വാഗതം ചെയ്യപ്പെടുകയും താൻ കണ്ടതിൽ അയാൾക്ക് മതിപ്പുളവാകുകയും ചെയ്തു. അയാൾ എന്നോടുകൂടെ ഹാജരായിത്തുടങ്ങി. എന്നാൽ ഞങ്ങളുടെ ബൈബിൾ താത്പര്യം ഞങ്ങളുടെ മതപരമായ വളർത്തലിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നതുകൊണ്ട് ഞങ്ങളിലാരും അത് വീട്ടിൽ പരസ്യമായി ചർച്ച ചെയ്തിരുന്നില്ല. ഇത് സമീപകാലത്തു വിവാഹിതനായിരുന്ന രാജീന്ദറിന് കുറേ പ്രശ്നങ്ങളുളവാക്കി.
അയാളുടെ ഭാര്യയായ സുനിത തന്റെ ഭർത്താവ് തന്നെവിട്ട് എന്നോടൊത്ത് ഓരോ വാരത്തിലും പലപ്രാവശ്യം രാജ്യഹാളിലേക്ക് പോയപ്പോൾ വ്യാകുലപ്പെടാൻ തുടങ്ങി. ‘എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്?’ അവൾ അതിശയിച്ചു. കുറേ ചർച്ചക്കുശേഷം തെറ്റിദ്ധാരണകൾ നീങ്ങി. രാജീന്ദർ ഞങ്ങളോടുകൂടെ ചേരാൻ തന്റെ ഭാര്യയെ ക്ഷണിച്ചു. ആദ്യം, ചർച്ച ചെയ്യപ്പെടുന്നത് പൂർണ്ണമായി മനസ്സിലായില്ലെങ്കിലും സുനിത ഞങ്ങളോടൊത്ത് യോഗങ്ങൾക്കു ഹാജരാകാനും ബൈബിൾ പഠിക്കാനും തുടങ്ങി.
മറ്റൊരു സഹോദരനായ ഭൂപിന്ദർ ഞങ്ങളുടെ പ്രവർത്തനങ്ങളിൽ താൽപ്പര്യം കാട്ടാൻ തുടങ്ങി. ഞങ്ങൾ പഠിക്കുകയും ജീവിതത്തിൽ പ്രായോഗികമാക്കുകയും ചെയ്യുന്നതിന്റെ മൂല്യം അയാൾക്കു കാണാൻ കഴിഞ്ഞു. അയാളും പഠിക്കാൻ തുടങ്ങി. ഞങ്ങളുടെ ശേഷിച്ച സഹോദരനായ യശ്പാലിന് ഞങ്ങൾ യഹോവയുടെ സാക്ഷികളോടു സഹവസിക്കുന്നത് ഇഷ്ടപ്പെട്ടില്ല. എന്നെ കളിയാക്കുന്നതിലാണ് അയാൾക്കിഷ്ടം തോന്നിയത്. എന്നാൽ കുറേ കാലം കഴിഞ്ഞ് അയാൾ ബൈബിളുപദേശത്തിന്റെ ജ്ഞാനത്തെ വിലമതിക്കുകയും പഠിക്കാൻ തുടങ്ങുകയും ചെയ്തു. ഈ പഠനങ്ങളുടെ ഫലമായി ഞാൻ യഹോവയുടെ സാക്ഷികളിലൊരാളായി 1978-ൽ സ്നാനമേറ്റു. രാജീന്ദറും സുനിതയും ഭൂപിന്ദറും യശ്പാലും 1979-ൽ സ്നാനമേറ്റു.
പിന്നീട്, ഇംഗ്ലണ്ടിൽ അഞ്ചുവർഷം ജീവിച്ചശേഷം എന്റെ സഹോദരിയായ ബാവിയും അവളുടെ ഭർത്താവായ കർത്താറും ഇൻഡ്യയിലേക്കു മടങ്ങി. യഹോവയുടെ സാക്ഷികളാകുകയെന്നതു ഞങ്ങളുടെ തീരുമാനമാണെന്ന് ബാവിക്കു തോന്നി. എന്നാൽ അവൾ വ്യക്തിപരമായി സാക്ഷികളുമായി യാതൊരു ബന്ധവും പുലർത്താനാഗ്രഹിച്ചില്ല. ഞങ്ങൾ അവളുടെ വിചാരങ്ങളെ മാനിക്കുകയും ഞങ്ങളുടെ വിശ്വാസങ്ങൾ അവളുടെമേൽ അടിച്ചേൽപ്പിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നിരുന്നാലും, ബാവിയും ഭർത്താവും അധികം താമസിയാതെ ഞങ്ങളോട് അനേകം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഒടുവിൽ ഇത് ഒരു ബൈബിളദ്ധ്യയനത്തിലേക്കു നയിച്ചു. യഹോവയിലുള്ള അവരുടെ വിശ്വാസവും അവനോടുള്ള സ്നേഹവും വളരാൻ തുടങ്ങി. ഇത് ഇൻഡ്യയിലെ ഒരു മതപരമായ അക്രമ കാലത്ത് ഒരു സംരക്ഷണമായി ഉതകി.
സത്യം ഒരു സംരക്ഷണമായിരുന്നു
മിസ്സിസ് ഗാന്ധിയുടെ വധദിവസമായ 1984 ഒക്ടോബർ 31 രാത്രിയിൽ ബാവിയും കർത്താറും അശേഷം ഉറങ്ങിയില്ല. ആ സമയത്ത് അവർ ഞങ്ങളുടെ കുടുംബത്തിൽ ശേഷിച്ചവരെ വിട്ട് വടക്കേ ഇൻഡ്യയിൽ താമസിക്കുകയായിരുന്നു. അവിടെ ജനക്കൂട്ടങ്ങൾ അനേകം സിക്കുകാരെ കൊന്നുകൊണ്ടിരുന്നു. ചില നിവാസികൾ സിക്കുകാർ പാർത്തിരുന്ന വീടുകൾ അനായാസം തിരിച്ചറിഞ്ഞു—ഫലത്തിൽ അവർ തങ്ങളുടെ സിക്ക് അയൽവാസികൾക്ക് മരണവിധി കൽപ്പിക്കുകയായിരുന്നു.
അടുത്ത പ്രഭാതത്തിൽ ബാവിയും കർത്താറും മരണത്തിന്റെയും നാശത്തിന്റെയും പേടിസ്വപ്നത്തിലേക്കാണ് ഉണർന്നത്. അവർക്കു ചുറ്റും പലതും സംഭവിച്ചുകൊണ്ടിരുന്നിട്ടും, അവർ സിംഗ് എന്ന കുടുംബപ്പേർ വഹിച്ചിരുന്നിട്ടും, അവർ ഉപദ്രവിക്കപ്പെട്ടില്ല. അവർ പഠിക്കുക മാത്രമേ ചെയ്തിരുന്നുള്ളുവെങ്കിലും അവരുടെ അയൽക്കാർ അവരെ യഹോവയുടെ സാക്ഷികളായിട്ടാണ് അറിഞ്ഞിരുന്നത്. അവരുടെ വീട് ആക്രമിക്കപ്പെട്ടില്ല. അങ്ങനെതന്നെ കൽക്കട്ടയിലും എന്റെ സഹോദരൻമാർ ജനസമുദായത്തിൽ യഹോവയുടെ സാക്ഷികളിലെ ശുശ്രൂഷകരായിട്ടാണ് അറിയപ്പെടുന്നത്. ഇത് അവർക്ക് ഒരു സംരക്ഷണമാണ്.
അപ്പന്റെ പ്രതികരണം
ഞങ്ങളുടെ സിക്ക് പിതാവ് തന്റെ നാലു പുത്രൻമാരിൽനിന്നും ഒരു പുത്രിയിൽനിന്നും പ്രതീക്ഷിച്ച പരിണതഫലം അദ്ദേഹം കണ്ടില്ലെന്നുള്ളത് സത്യംതന്നെ. എന്റെ മൂന്നു സഹോദരൻമാർ കുടുംബ ബിസിനസ്സിൽ സഹായിക്കുന്നുണ്ടെങ്കിലും, ഇൻഡ്യൻ വ്യാപാരികളിൽ വളരെ സാധാരണമായിരിക്കുന്ന, ക്ഷണിക ഭൗതികധനം വർദ്ധിപ്പിക്കാനുള്ള വ്യഗ്രത അവർക്കില്ല. അവരുടെ മനസ്സും ഹൃദയവും നിലനിൽക്കുന്ന ആത്മീയധനത്തിലും യഹോവയാം ദൈവം മനുഷ്യവർഗ്ഗത്തിനു വാഗ്ദത്തം ചെയ്തിരിക്കുന്ന സമാധാനപൂർണ്ണമായ പുതിയഭൂമിയിലും ദൃഢമായി കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്റെ സഹോദരൻമാരിലൊരാൾ ക്രിസ്തീയ സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു. ഞങ്ങളിൽ രണ്ടുപേർ ശുശ്രൂഷാദാസൻമാരാണ്. എന്റെ പ്രിയ പത്നിയായ ലവീനിയായ്ക്കും എനിക്കും ഇൻഡ്യയിൽ മുഴുസമയ ശുശ്രൂഷകരായി സേവിക്കുന്നതിനുള്ള പദവിയുമുണ്ട്. ഇപ്പോൾ ആഫ്രിക്കയിൽ വസിക്കുന്ന എന്റെ സഹോദരിയും അവളുടെ ഭർത്താവും 1986-ൽ സ്നാനമേറ്റു സാക്ഷികളായിത്തീർന്നു.
ബൈബിളിലെ നീതിനിഷ്ഠമായ പ്രമാണങ്ങൾക്ക് ഞങ്ങളുടെ മേലുണ്ടായ നല്ല ഫലങ്ങൾ ഞങ്ങളുടെ പിതാവു കണ്ടിരിക്കുന്നു. ഇത് അപ്പനെ സന്തുഷ്ടനാക്കുന്ന കാര്യങ്ങളാണ്. അപ്പൻ മറ്റുള്ളവരോടു തന്റെ സന്താനങ്ങളെക്കുറിച്ചു പറയുമ്പോൾ ഞങ്ങളെക്കുറിച്ച് അഭിമാനമാണു പ്രകടമാക്കുന്നത്. ‘യഹോവയുടെ സാക്ഷികളെന്ന നിലയിൽ എന്റെ മക്കൾ എന്തു തെറ്റാണു ചെയ്യുന്നതെന്ന് എന്നോടു പറയൂ, ഞാൻ അവരെ വീട്ടിൽനിന്നു പുറത്താക്കാം’ എന്ന് അപ്പൻ വെല്ലുവിളിച്ചിട്ടുണ്ട്.
ഞങ്ങളുടെ ശ്രമങ്ങൾ ധനത്തിന്റെയും കീർത്തിയുടെയും സമ്പാദനത്തെക്കാൾ വളരെ വിലയേറിയതും നിലനിൽക്കുന്നതുമായ ഒന്നിലേക്കാണെന്ന് എന്റെ അപ്പൻ തിരിച്ചറിയാനിടയാക്കിയിട്ടുണ്ട്. അടുത്ത കാലത്തെ അക്രമത്തിന്റെ സമയത്ത് ഞങ്ങൾക്കു ലഭിച്ച സംരക്ഷണവും അദ്ദേഹം വ്യക്തിപരമായി കണ്ടിരിക്കുന്നു. ഒരു നാളിൽ, സത്യാന്വേഷികളായ മറ്റനേകരോടൊപ്പം അദ്ദേഹവും ഭൂവ്യാപകമായ ഒരു യഥാർത്ഥ സാഹോദര്യത്തിൽ സത്യദൈവത്തെ ആരാധിക്കുന്നതിൽ ഞങ്ങളോടുകൂടെ ചേരണമെന്നാണ് ഞങ്ങളുടെ ആത്മാർത്ഥമായ ആഗ്രഹം. (g87 12/22)
[22-ാം പേജിലെ ആകർഷകവാക്യം]
ഗുരു ഗ്രൻഥ സാഹിബ് എന്നറിയപ്പെട്ട ഒരു പുസ്തകം സിക്കുകാരാൽ ദൈവവചനമായി വീക്ഷിക്കപ്പെട്ടു
[20-ാം പേജിലെ ബാൽബെർസിംഗ് ഡിയോയുടെ ചിത്രങ്ങൾ]
[24-ാം പേജിലെ ചിത്രം]
എന്റെ ഭാര്യയോടുകൂടെ