ലോകത്തെ വീക്ഷിക്കൽ
നിറം പോയ “മുത്ത്”
ഒരു കാലത്ത് “കത്തോലിക്ക മതത്തിന്റെ മുത്താ”യിരുന്നു സ്പെയിൻ മേലാൽ “മതവിശ്വാസത്തിന്റെയോ സഭയോടുള്ള കൂറിന്റെയോ ശക്തമായ ഒരു കോട്ട”യായിരിക്കുന്നില്ല എന്ന് ഡെർ സ്പീജെൽ എന്ന ജർമ്മൻ ന്യൂസ് മാസിക കുറിക്കൊള്ളുന്നു. “യുവജനങ്ങൾ കത്തോലിക്കാ മതത്തെ ഒരു ലേബലായി മാത്രമേ കാണുന്നുള്ളു.” അതു വെറുമൊരു സാമൂഹ്യ ആചാരം, കുടുംബത്തിലെ വിവാഹം ശവസംസ്ക്കാരം എന്നിവ പോലുള്ള അവസരങ്ങളിലെ ‘പകിട്ടുള്ള ഒരു ചട്ടകൂടാ’യിത്തീർന്നിരിക്കുന്നു എന്ന് നിരീക്ഷകർ കുറിക്കൊള്ളുന്നു. “പരമ്പരാഗതമായിതുടർന്നുപോരുന്ന വിശുദ്ധ വാരത്തിലെ ഘോഷയാത്ര പോലും ഭക്തിയുടെ ഒരു പ്രകടനമെന്നതിനേക്കാളേറെ ഒരു പവിത്രമായ നാടോടി കഥയാണ് എന്ന് ലേഖനം പറയുന്നു. ഇപ്പോഴത്തെ അധഃപതനം സ്ഥിതിവിവര കണക്കുകളിൽനിന്ന് കാണാൻ കഴിയും. മരിച്ചു പോകുന്ന പുരോഹിതൻമാരിൽ പകുതിയിൽ കുറച്ചു പേർക്കു മാത്രമേ പകരക്കാർ പട്ടമേൽക്കുന്നുള്ളു; അതുകൊണ്ട് പുരോഹിതൻമാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു. ജനങ്ങളിൽ മൂന്നിലൊന്നു മാത്രമേ ക്രമമായി കുർബാനയിൽ സംബന്ധിക്കുകയോ പാപ്പായ്ക്ക് തെററാവരമുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്യുന്നുള്ളു. കത്തോലിക്കാ സഭയുടെ പഠിപ്പിക്കലിന് വിരുദ്ധമായി മിക്ക സ്ത്രീകളും ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു. സ്പെയിനിൽ ഓരോ വർഷവും 1,00,000 ഗർഭമലസിപ്പിക്കലും 29,000 വിവാഹമോചനങ്ങളും നടക്കുന്നു.
അഴിമതി റിപ്പോർട്ട് കേന്ദ്രങ്ങൾ
ഉദ്യോഗസ്ഥൻമാരെ ഉത്തരവാദിത്വബോധമുള്ളവരും സത്യസന്ധരുമായി നിലനിർത്താൻ ചൈന രാജ്യത്തുടനീളം അഴിമതി റിപ്പോർട്ട് കേന്ദ്രങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. “ഗവൺമെൻറിന്റെ നിയമാനുസൃതമായ പ്രവർത്തനത്തിൽ മേൽനോട്ടം വഹിക്കാൻ സാധാരണ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക, ഗവൺമെൻറ് ഡിപ്പാർട്ടുമെൻറിന്റെയും ഉദ്യോഗസ്ഥൻമാരുടെ ഭാഗത്തെ അധികാര ദുർവിനിയോഗം പുറത്തുകൊണ്ടു വരുവാൻ ഒരു മാർഗ്ഗം പ്രദാനം ചെയ്യുക എന്നിവയാണ് ഇതിന്റെ ഉദ്ദേശ്യം എന്ന് ചൈന റീകൺസ്ട്രക്ററസ് എന്ന മാസിക വിശദീകരിക്കുന്നു. രാജ്യത്തുള്ള ഏതൊരാൾക്കും ചൈനാക്കാരനോ വിദേശിയോ ആയാലും പരാതി രജിസ്ററർ ചെയ്യാം. സമീപകാലത്തുണ്ടായ മാററങ്ങൾ ഉദ്യോഗസ്ഥൻമാർക്ക് കൂടുതലായ അഴിമതിക്കും കുററകൃത്യങ്ങൾക്കുമുള്ള അവസരങ്ങൾ നൽകിയിട്ടുള്ളതുകൊണ്ടാണ് ഈ സെൻററുകൾ ആവശ്യമായിത്തീർന്നത്. പരാതികൾക്ക് പരാതി സംബന്ധിച്ച് എന്തു നടപടി സ്വീകരിച്ചു എന്ന വിവരം ലഭിക്കും. മാത്രവുമല്ല അവർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകാതിരിക്കാൻ അവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. അത്തരം സെൻററുകൾ രാജ്യത്തെ എല്ലാ കൗണ്ടികളിലും ജൂൺ അവസാനമാകുമ്പോഴേക്കും സ്ഥാപിക്കാനാണ് പരിപാടിയിട്ടിരിക്കുന്നത്.
ദൈവത്തോട് കൂടുതൽ അടുത്ത്?
റോമിലെ വിശുദ്ധ പത്രോസിന്റെ ദേവാലയം മേലാൽ “ക്രിസ്തീയ” പള്ളികളിൽ ലോകത്തിൽ ഒന്നാംസ്ഥാനത്തായിരിക്കുകയില്ല. അതിന്റെ മുകളിലെ കുരിശ് 452 അടി ഉയരം വരെ എത്തി നിൽക്കുന്നു. അതിന്റെ ഒന്നാംസ്ഥാനം ഏറെറടുക്കുന്നത് 4,000 വ്യത്യസ്ത വർണ്ണ ചില്ലുകളും 272 ഡോറിക് തൂണുകളും 7.4 ഏക്കർ വിസ്തീർണ്ണമുള്ള മാർബിൾ തറയോട് പാകിയ ബൃഹത്തായ മുററവുമുള്ള പള്ളിയായിരിക്കും. അതു സമാധാന മാതാവിന്റെ പേരിൽ കോട്ട് ഡി ഐവേറിലെ യമൂസ്സോക്രോയിലാണ് പണിതിരിക്കുന്നത്. പണി പൂർത്തിയായിക്കഴിയുമ്പോൾ അതിന്റെ കുരിശ് 489 അടിവരെ ഉയർന്നു നിൽക്കും. പള്ളികെട്ടിടത്തിന് 623 അടി നീളമുണ്ട് അതായത് പത്രോസിന്റെ ദേവാലയത്തെക്കാൾ 20 അടി കൂടുതൽ. എണ്ണായിരം പേർക്കിരിക്കാവുന്ന പള്ളി എയർകണ്ടീഷൻ ചെയ്തിരിക്കും. ബസ്സിലിക്ക കോംപ്ലെക്സിന്റെ മൊത്തം നീളം 1,525 അടിയാണ്. അതേസമയം മൊറോക്കോയിലെ ഹസ്സൻ II രാജാവ് ലോകത്തിലേക്കും ഏററം വലിയ മുസ്സീം പള്ളി എന്ന് അവകാശപ്പെടാവുന്ന ഒന്നിന്റെ പണി കാസ്സാബ്ലാങ്കായിൽ ആരംഭിച്ചിരിക്കുന്നു. അതിന്റെ ഗോപുരത്തിന് 500 അടി ഉയരമുണ്ടായിരിക്കും. (g89 5/8)
മൊസാംബിക്കിൽ മതസ്വാതന്ത്ര്യം
മൊസാംബിക്കിൽ യഹോവയുടെ സാക്ഷികൾക്ക് 1988-ൽ ഒരു പരിധിവരെയുള്ള മതസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടതായി ആഫ്രിക്കാ ന്യൂസ്സ് റിപ്പോർട്ടു ചെയ്യുന്നു. 1975-ൽ അവരിൽ ആയിരക്കണക്കിനാളുകളെ, തങ്ങളുടെ ബൈബിൾ പരിശീലിത മനസ്സാക്ഷിക്കു വിരുദ്ധമായി രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിച്ചു പറയാൻ വിസമ്മതിച്ചതിന്റെ പേരിൽ ഗവൺമെൻറ് ആ രാജ്യത്തിന്റെ വടക്കൻ ഡിസ്ട്രിക്ററുകളിലേക്കു നാടുകടത്തി. 1986-ൽ മൊസാമ്പിക് ഗവൺമെൻറ് വിരുദ്ധരായ പോരാളികൾ അവരെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകയും സ്ത്രീകളെ അടിമകളാക്കുകയും ഡസൻ കണക്കിനു ആളുകളെ കൊല്ലുകയും ചെയ്യുന്നതുവരെ അവർ അവിടെ ഒററപ്പെട്ട് കഴിഞ്ഞുകൂടി. അവർ അയൽരാജ്യമായ മലാവിയിലേക്ക് പലായനം ചെയ്തു. എന്നാൽ ഐക്യരാഷ്ട്ര സംഘടന അവരെ തങ്ങളുടെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ആ രാജ്യം ആവശ്യപ്പെട്ടു. പിന്നീട് മൊസാമ്പിക് ഗവൺമെൻറ് നിയന്ത്രണങ്ങളിൽ അയവു വരുത്തുകയും 14 വർഷം മുമ്പ് തങ്ങൾ ഉപേക്ഷിച്ചു പോയ ഭവനങ്ങളിലേക്ക് മടങ്ങിവരാൻ സാക്ഷികളെ അനുവദിക്കുകയും ചെയ്തു. അവർ ഇപ്പോഴും തങ്ങളുടെ ക്രിസ്തീയ നിഷ്പക്ഷത വിശ്വസ്തതയോടെ മുറുകെ പിടിച്ചിരിക്കുന്നു. ഇപ്പോൾ സമാധാനത്തോടെ ജീവിക്കാനും ആരാധന നടത്താനും ഗവൺമെൻറ് അവരെ അനുവദിച്ചിരിക്കുന്നു എന്നത് ശ്ലാഘനീയമാണ്.
അത്യാഗ്രഹം വൃക്ഷങ്ങളെ നശിപ്പിക്കുന്നു
ഇൻഡ്യയിലെ ഉത്തർപ്രദേശ് എന്ന സംസ്ഥാനത്തിന് 1952 മുതലിങ്ങോട്ട് അതിന്റെ വിലപ്പെട്ട വനഭൂമിയിൽ പകുതിയോളം നഷ്ടമായിരിക്കുന്നു. എന്നാൽ അതു തടി വെട്ടു മൂലമല്ല. നിയമവിരുദ്ധമായി പൈൻ വൃക്ഷങ്ങളിൽ നിന്ന് കറ ഊററിയെടുക്കുന്നതാണ് ഏററം കൂടുതൽ ദ്രോഹം ചെയ്യുന്നത് എന്ന് ഇൻഡ്യ ററുഡേ മാസിക റിപ്പോർട്ടു ചെയ്യുന്നു. മരങ്ങൾക്ക് കേടുവരുത്താതെ കറ എടുക്കുന്നതു സംബന്ധിച്ച് വനം വകുപ്പ് നിയമങ്ങൾ വച്ചിട്ടുണ്ട്, എന്നാൽ ആ നിയമങ്ങൾ നടപ്പാക്കാൻ കഴിയാതെയാണ് ഇരുന്നിട്ടുള്ളത്. അതേസമയം ആളുകൾ അത്യാഗ്രഹത്തോടെ കറയെടുക്കുന്നതിൽ തുടരുന്നതിനാൽ കറയുല്പാദിപ്പിക്കുന്നതിൽ ഈ മരങ്ങൾ വർഷങ്ങളോളം ഉപയോഗശൂന്യമായിത്തീരുന്നു എന്നതു കൂടാതെ അവ കൊടുങ്കാററിൽ കടപുഴകി വീഴുകയും ചെയ്യുന്നു. ചില വൃക്ഷങ്ങളിൽ നിന്ന് കറ ഊററിയെടുത്തശേഷം തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവു നശിപ്പിക്കാൻ വേണ്ടി അവ കത്തിച്ചു കളയുന്നു. ഇതു ചിലപ്പോൾ വനത്തിൽ തീപിടുത്തത്തിന് ഇടയാക്കുന്നു. ഇൻഡ്യ ററുഡേ പറയുന്നതനുസരിച്ച് “ഇത് അത്യാഗ്രഹത്തിന്റെ ഏററം നല്ല ഉദാഹരണമാണ്, പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുന്നതുപോലെതന്നെ.”
1988-ലെ യുദ്ധങ്ങൾ
യുദ്ധം അതിന്റെ ഭീകരമായ കൊയ്ത്തു തുടരുന്നു. 1988-ൽ ലോകത്തിലെല്ലാമായി 22 യുദ്ധങ്ങൾ നടന്നു. ഒരു കണക്കനുസരിച്ച് 4,16,000 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തു. യു. എസ്സ്. ഏ. യിലെ മിസ്സോറിയിലുള്ള സെൻറ് ലൂയിസ്സിലെ ലെൻറ്സ് പീസ് റിസേർച്ച് ലാബിന്റെ ഡയറക്ടർ പറയുന്നതനുസരിച്ച് ഇവയുടെ മുഖ്യ കാരണം വിഭിന്ന വർഗ്ഗങ്ങൾ തമ്മിലുള്ള ഏററുമുട്ടലായിരുന്നു, ഏഴുയുദ്ധങ്ങളെങ്കിലും അതിന്റെ ഫലമായിട്ടായിരുന്നു. മററു കാരണങ്ങൾ രാഷ്ട്രീയ പാർട്ടികളിലെ ഇടതുംവലതും ചേരികൾ തമ്മിലുള്ള മത്സരം, മതവിഭാഗങ്ങൾ തമ്മിലുള്ള അധികാര വടംവലി, ഭൂപ്രദേശം സംബന്ധിച്ചുള്ള ഏററുമുട്ടലുകൾ “സ്വാതന്ത്ര്യത്തിന്” വേണ്ടിയുള്ള സമരങ്ങൾ എന്നിവയായിരുന്നു. കൊല്ലപ്പെട്ടവരിൽ മിക്കവരും പടയാളികളായിരുന്നില്ല, സാധാരണ പൗരജനങ്ങളായിരുന്നു.
പുരാതന കാർഷിക രഹസ്യങ്ങൾ
നൂററാണ്ടുകളായി അറിയപ്പെടാതെ കിടക്കുന്ന പുരാതന പെറൂവിയൻ കൃഷി സമ്പ്രദായം ആധുനിക സമ്പ്രദായങ്ങളേക്കാൾ ഫലപ്രദമായിരിക്കാം എന്ന് പുരാവസ്തു ഗവേഷകർ മനസ്സിലാക്കിയിരിക്കുന്നു. ററിററിക്കാക്കാ തടാകത്തിനു ചുററുമുള്ള സമതലങ്ങളിൽ ഏതാനും നൂററാണ്ടുകൾക്ക് മുമ്പുവരെ നിലവിലിരുന്ന സമ്പ്രദായം വളരെ ലളിതമായിരുന്നു: കൃഷിസ്ഥലങ്ങളിൽ 13 മുതൽ 33 വരെ അടി വീതിയും 3 അടി ഉയരവും 33 മുതൽ 330 വരെ അടി നീളവുമുള്ള തടങ്ങൾ തീർത്തിരുന്നു. ഇവയ്ക്കിടയിൽ അതേ വീതിയിലും ആഴത്തിലുമുള്ള നീർചാലുകൾ കീറിയിരുന്നു. വരൾച്ചക്കാലത്ത് ഈ നീർച്ചാലുകളിൽ നിന്നുള്ള പായൽ കൃഷിയ്ക്ക് വളമായി തടത്തിലേക്ക് കോരിയിടും. ജലം ചൂട് സംഭരിച്ചു വയ്ക്കും എന്നുള്ളതിനാൽ തണുപ്പുകാലത്ത് ഈ കനാലുകൾ ചെടികൾക്ക് ആവശ്യമായ ചൂട് നല്കുന്നു. ഇങ്ങനെ തടം തീർത്ത വയലുകൾ സാധാരണ വയലുകളെക്കാൾ വർഷക്കാലത്തും വരൾച്ചക്കാലത്തും മെച്ചമാണ്. ആധുനികകാല പരീക്ഷണങ്ങളിൽ ഈ പുരാതന കൃഷി രീതി സാധാരണ കൃഷിരീതിയേക്കാൾ പതിൻമടങ്ങ് വിളവ് നൽകി—അതും യന്ത്രസാമഗ്രികൾക്കും കൃത്രിമ വളങ്ങൾക്കുമുള്ള ചിലവ് കൂടാതെ തന്നെ.
ശൂന്യാകാശത്തിലെ പാഴ്വസ്തുക്കൾ
മലിനീകരണം കൊണ്ടുള്ള മനുഷ്യവർഗ്ഗത്തിന്റെ കഷ്ടപ്പാടുകൾ വ്യാപിക്കുകയാണ്—ബാഹ്യാകാശത്തിലേക്ക് പോലും. വർഷങ്ങളായി, യന്ത്രസാമഗ്രികൾ ഭ്രമണപഥത്തിലെത്തിക്കുന്ന രീതി, അതു മൂലം അവശേഷിപ്പിക്കുന്ന പാഴ്വസ്തുക്കൾ കണക്കിലെടുക്കാത്തതിനാൽ ഇന്ന് അതിന്റെ വില ഈടാക്കാൻ തുടങ്ങിയിരിക്കുന്നു. പുതിയ ശൂന്യകാശ പേടകങ്ങൾ തൊടുത്തുവിടാൻ ആസൂത്രണം ചെയ്യുന്ന ശാസ്ത്രജ്ഞൻമാർ സെക്കൻഡിൽ ഏഴു മൈൽ എന്ന വേഗതയിൽ ശൂന്യാകാശത്തുകൂടെ പാഞ്ഞുപോകുന്ന പാഴ്വസ്തുക്കളിൽ നിന്ന് അവരെ സംരക്ഷിക്കാനുള്ള മാർഗ്ഗവും കൂടെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അത്രയും വേഗതയിൽപായുമ്പോൾ ഒരു മാർബിളിന്റെ വലിപ്പമുള്ള ഒരു വസ്തുവിൽ “ഒരു കൈബോംബിന്റെ സ്ഫോടകശക്തി അടങ്ങിയിരിക്കും” എന്ന് ദി ന്യൂയോർക്ക് ടൈംസ് പറയുന്നു. ശൂന്യാകാശത്തെ പാഴ്വസ്തുക്കൾ ശേഖരിച്ച് നശിപ്പിക്കാൻ ഒരു എൻജിനീയർ ഭ്രമണപഥത്തിലെത്തിക്കാൻ ഒരു റോബോട്ട് പരിചാരകനെ രൂപസംവിധാനം ചെയ്തിരിക്കുന്നു. എന്നാൽ ശൂന്യാകാശത്തെ പാഴ്വസ്തുക്കൾ ശേഖരിക്കുക എന്നത് ഒരു എളുപ്പ സംഗതിയല്ല. ലക്ഷക്കണക്കിന് വസ്തുക്കൾ ഭൂമിയിൽ നിന്ന് തിരിച്ചറിയാൻ മാത്രം വലിപ്പമുള്ളവയല്ല; എന്നിരുന്നാലും അവ മാരകമായിരിക്കാൻ തക്ക വലിപ്പമുള്ളവയാണ്. ഒരു ശാസ്ത്രജ്ഞൻ ടൈംസിനോട് പറഞ്ഞപ്രകാരം: “തികച്ചും ശുദ്ധമായിരിക്കേണ്ട പരിസ്ഥിതി ഇത്ര കുഴഞ്ഞ അവസ്ഥയിലാക്കിയിരിക്കുന്നതിലും കൂടുതൽ വഷളാകുന്നതായി കാണപ്പെടുന്നതിലും നിരാശയും വെറുപ്പുമുണ്ട്.”
ഫിലിപ്പീൻസിൽ ബാലജന വ്യഭിചാരം
ഫിലിപ്പീൻസിലെ ഒരു ചെറു പട്ടണത്തിൽ ബാലജന വ്യഭിചാരം വ്യാപകമായിത്തീർന്നിരിക്കുന്നു, എന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. വ്യഭിചാര ശാലകൾ നടത്തിയതിന് 1988-ൽ 22 വിദേശികൾ അറസ്ററു ചെയ്യപ്പെട്ടു. അവരിൽ ഒരാളുടെ പക്കൽ ആ പ്രദേശത്തെ നൂറുക്കണക്കിന് ബാലൻമാരുടെ അശ്ലീല ചിത്രങ്ങൾ, അവരുടെ പേരുകളും മററു വിവരങ്ങളും സഹിതം, ഉണ്ടായിരുന്നു. കുട്ടികളുടെ സംരക്ഷണത്തിനുള്ള പൗരസമിതി എന്ന പേരിലുള്ള ഒരു പ്രാദേശിക സംഘടന ഈ വഷളായ വ്യാപാരം തടയാനുള്ള ശ്രമങ്ങൾ നടത്തിയിരിക്കുന്നു. എന്നാൽ അവർക്ക് ശക്തമായ എതിർപ്പിനെ നേരിടേണ്ടി വന്നിരിക്കുന്നു! ആ കുട്ടികളുടെ മാതാപിതാക്കളിൽ നിന്നുപോലും പ്രത്യക്ഷത്തിൽ പണക്കാരായ വിദേശ ഇടപാടുകാർ ആ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വിലപ്പെട്ട സമ്മാനങ്ങൾ കൊടുക്കുന്നുണ്ട്. സംഘടനയുടെ കണക്കനുസരിച്ച് പട്ടണത്തിലെ കുട്ടികളിൽ മൂന്നിലൊന്നെങ്കിലും ഈ വ്യാപാരത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. “ശക്തമായ കത്തോലിക്കാ സഭ ഈ വ്യഭിചാരവൃത്തി സംബന്ധിച്ച് ഒന്നുംതന്നെ പറയാത്തതും . . . അതേസമയം അതിന് നേരെ വിപരീതമായി കൃത്രിമ ഗർഭനിരോധനത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുന്നതും” ശ്രദ്ധാർഹമാണെന്ന് ദി ടൈംസ് അഭിപ്രായപ്പെടുന്നു.
ആത്മീയമായി മൃതർ
ഇററലിയിലെ മനേർബാ എന്ന കൊച്ചു പട്ടണത്തിന്റെ നോട്ടീസ് ബോർഡിൽ അടുത്തകാലത്ത് ഒരു അസാധാരണ ചരമ അറിയിപ്പ് പ്രത്യക്ഷപ്പെട്ടു. കറുത്ത ബോർഡറുകളോടുകൂടിയ ആ നോട്ടീസ് ഭാഗികമായി ഇങ്ങനെ വായിക്കപ്പെടുന്നു: “വിനോദ സഞ്ചാരം, മടുപ്പ്, ഹാജരില്ലായ്മ എന്നിവ മൂലമുണ്ടായ ദീർഘവും സാവകാശത്തിലുള്ളതുമായ രോഗത്തെ തുടർന്നുണ്ടായ മനോർബാ പട്ടണത്തിന്റെ ആത്മീയ മരണം ഇടവക ഖേദപൂർവ്വം അറിയിക്കുന്നു. മൃതരായവർ ഇപ്പോഴും കാലൂന്നി നടക്കുന്നതുകൊണ്ട് ശവസംസ്ക്കാരം നടത്തപ്പെടുന്നതല്ല. ഇപ്പോഴും ഞായറാഴ്ച കുർബാനക്ക് പോകുന്ന ചുരുക്കം ചിലർക്കും ഭാവിയിൽ പോകാൻ ആഗ്രഹിച്ചേക്കാവുന്നവർക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു.” ഇതേപ്പററിയുള്ള റിപ്പോർട്ടിൽ ഇൽ ജിയോർനാലെ ദി ബ്രെഷ്യാ ഇപ്രകാരം കുറിക്കൊണ്ടു: “ഓരോ വേനൽക്കാലത്തിന്റെയും അവസാനം വിശ്വാസികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഓരോ വർഷവും സഭയിൽ അനുഭവപ്പെട്ടുക്കൊണ്ടിരിക്കുന്ന കുറവ് ഉൽക്കണ്ഠ ഉളവാക്കുന്ന ഒരു പ്രതിഭാസമായിത്തീരുന്നു.” ഈ നോട്ടീസിന്റെ എഴുത്തുകാരൻ സ്ഥലത്തെ പുരോഹിതനായ മാരിയോ ഫിലിപ്പി ഇപ്രകാരം കൂട്ടിച്ചേർത്തു: “ഗാർഡാ തടാകത്തിന്റെ തീരത്തുള്ള മററു പട്ടണങ്ങളും ഇതേ അവസ്ഥയിലാണെന്ന് എനിക്കറിയാം. ഒരുപക്ഷേ ഈ സാഹചര്യം വളരെ വ്യാപകമാണ്.” (g89 5/22)