ലോകത്തെ വീക്ഷിക്കൽ
പുകവലി കുട്ടികൾക്കു ഭീഷണി
ആസ്ത്രേലിയയിൽ ഓരോ വർഷവും പത്തിനും ഇരുപതിനുമിടക്കു ശിശുമരണങ്ങൾ മാതാപിതാക്കളുടെ പുകവലിമൂലം സംഭവിക്കുന്നതായി ദി വീക്കെൻഡ് ആസ്ത്രേലിയൻ റിപ്പോർട്ടു ചെയ്യുന്നു. ആയിരക്കണക്കിനു ശിശുക്കൾ ആശുപത്രിയെ അഭയം തേടുകയും ചെയ്യുന്നു. ശ്വാസകോശസംബന്ധമായ രോഗങ്ങൾ മൂലം ആശുപത്രിയിലെത്തിയ 500ഓളം കുട്ടികളിലെ ഒരു പഠനം ലേഖനത്തിലുദ്ധരിക്കുന്നു. കുട്ടികളെ പരിപാലിക്കുന്നവരുടെ സിഗരററുകളിൽ നിന്നുള്ള പുക ശ്വസിച്ചത് കുട്ടികളുടെ രോഗകാരണമായിത്തീർന്നതിന്റെ രസകരമായ ശക്തമായ തെളിവ് ഗവേഷകൻ കണ്ടെത്തി. പുകവലി സഹിക്കുന്നതും ന്യൂമോണിയ, ഇൻഫ്ളുവൻസ, ശൈശവാവസ്ഥയിലെ ആസ്ത്മ, SIDC (സഡൻ ഇൻഫൻറ് ഡെത്ത് സിൻഡ്രോം) എന്നീ രോഗങ്ങളുമായുള്ള ബന്ധങ്ങൾ ലേഖനം ചർച്ചചെയ്തു. അതിങ്ങനെ ഉപസംഹരിച്ചു: “ഏററവും ഉൽക്കണ്ഠാകുലമായ കാര്യം പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതാണ്.”
പോപ്പിന്റെ ഇടവകയെപ്പററി റിപ്പോർട്ട്
സ്വന്തം ബിഷപ്പായ പോപ്പിനോട് ഈ വർഷത്തെ അദ്ദേഹവുമായുള്ള വാർഷികയോഗത്തിൽ റിപ്പോർട്ടു ചെയ്യാൻ റോമിലെ ഇടവകപ്പട്ടക്കാർക്കു ഹൃദയഭേദകമായ ചില വാർത്തകളുണ്ടായിരുന്നു. കത്തോലിക്കാ വർത്തമാനപ്പത്രമായ അവനൈർ പറയുന്നതനുസരിച്ച് സ്വന്തം ഇടവകയിലെ “ഭയജനകമായ മതപരിത്യാഗ”ത്തെക്കുറിച്ച് ഒരു പുരോഹിതൻ ദു:ഖം പ്രകടിപ്പിച്ചു. “മൂന്നു ശതമാനം മാത്രം കുർബ്ബാനയിൽ ഹാജരാകുന്നു. വിവാഹിതരാകാൻ ആഗ്രഹിക്കുന്ന 90 ശതമാനത്തിന് മതത്തെപ്പററി ‘യാതൊന്നും അറിഞ്ഞുകൂടാ.’” “കഴിഞ്ഞ വർഷം 18 ശവസംസ്ക്കാരങ്ങളുണ്ടായിരുന്നുവെങ്കിലും ആരും കൂദാശ ആവശ്യപ്പെട്ടില്ല” എന്ന് പുരോഹിതൻ തുടർന്നു പറഞ്ഞു. ഇടവകപ്പട്ടക്കാരെ അഭിമുഖീകരിക്കുന്ന മറെറാരു പ്രശ്നം “വ്യാപകമായി വളർന്നുകൊണ്ടിരിക്കുന്ന” യഹോവയുടെ സാക്ഷികളുടെ സാന്നിദ്ധ്യമാണെന്നു അവെനയർ ചൂണ്ടിക്കാട്ടി. അവർ “റോമിനെ യൂറോപ്പിനും ഏഷ്യക്കും ആഫ്രിക്കക്കും വേണ്ടിയുള്ള തലസ്ഥാനമാക്കിയിരിക്ക”യാണെന്നു ഒരു ദു:ഖിതനായ പുരോഹിതൻ പറഞ്ഞു. എന്നാൽ അത് വാസ്തവമല്ല.
മാരകമായ ഒരു വിള
യു. എസ്. സ്റേറററ് ഡിപ്പാർട്ടുമെൻറിന്റെ അഭിപ്രായത്തിൽ മയക്കുമരുന്നുകളുടെ ആഗോള ഉൽപ്പാദനം കുതിച്ചുയരുകയാണ്. 1987-88 കാലത്ത് പിൻവരുന്ന വിളവുകൾ വർദ്ധിച്ചു: മാരിഹ്വാന 22 ശതമാനം; കറുപ്പ് 15 ശതമാനം; ഹാഷിഷ് 11 ശതമാനം; കൊക്കൊ നാലു രാജ്യങ്ങളിൽ 7.2 ശതമാനം. കൂടുതൽ അറസ്ററുകളും കൂടുതൽ മയക്കുമരുന്നുപിടിത്തങ്ങളും കൃഷിനശിപ്പിക്കലും അന്തർദ്ദേശീയ സഹകരണത്തിനുള്ള കൂടുതൽ ഉടമ്പടികളും ഉണ്ടായിരുന്നിട്ടും മാരകമായ വിളകൾ വമ്പിച്ച അളവിൽ ഉൽപ്പാദിപ്പിക്കപ്പെട്ടു. ന്യൂയോർക്ക് ടൈംസിന്റെ അഭിപ്രായത്തിൽ സ്റേറററ് ഡിപ്പാർട്ടുമെൻറ് റിപ്പോർട്ട് “മയക്കുമരുന്നുകൾക്കെതിരെ തനിയെ പോരാടാനുള്ള അപ്രാപ്തിയുടെ ആനുകാലികമായ സമ്മതമായിത്തീർന്നിരിക്കുന്നു.”
നാലുകാലുള്ള കോഴി
ഫ്രൈഡ് ചിക്കൻ വ്യവസായത്തിനു സ്വാഗതാർഹമായിത്തീരാവുന്നത് ജപ്പാനിലെ ഹിറോഷിമയിലുള്ള കുറെ ജൂണിയർ ഹൈസ്കൂൾ അദ്ധ്യാപകർക്ക് ബുദ്ധിമുട്ടായിത്തീർന്നു. കോഴിയുടെ ചിത്രം വരക്കാൻ 153 കുട്ടികളോട് ആവശ്യപ്പെട്ടപ്പോൾ 12 ശതമാനത്തിലധികം പേർ നാലുകാലുള്ള കോഴിയെ വരച്ചു. ഒൻപതു ഘടകങ്ങൾ പരിശോധിച്ചപ്പോൾ “മൂന്നു കുട്ടികൾ മാത്രം കോഴിയുടെ ചിത്രം കൃത്യമായി വരച്ചതായി” കണ്ടു എന്ന് അസാഹി ഷിംബൂൺ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. “മുമ്പത്തെക്കാൾ പ്രകൃതിയുമായുള്ള ബന്ധം കുറഞ്ഞു”വെന്നു സർവ്വെ നടത്തിയ അദ്ധ്യാപകൻ വിശദീകരിക്കുന്നു.
തായ്ലണ്ട് വനങ്ങൾ സംരക്ഷിക്കുന്നു
ഇല്ലാതായിക്കൊണ്ടിരിക്കുന്ന വനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരവസാനയത്നത്തിൽ തായ്ലണ്ട് ഗവൺമെൻറ് അടുത്തയിട രാജ്യത്ത് സകല മരംമുറിക്കലും നിരോധിച്ചു. രണ്ടാം ലോകയുദ്ധാനന്തരം ഉണ്ടായിരുന്ന 70 ശതമാനത്തിൽ നിന്നു കുറഞ്ഞത് 18 ശതമാനം മാത്രമേ തായ്ലണ്ടിൽ വനമവശേഷിക്കുന്നുള്ളുവെന്ന് അധികാരികൾ കണക്കാക്കുന്നു. വനസംരക്ഷണവാദികൾ ഇപ്പോൾ 12 ശതമാനം വനമേയുള്ളുവെന്നു പറയുന്നു. 350 പേരുടെ മരണത്തിനിടയാക്കിക്കൊണ്ട് രാജ്യത്തിന്റെ ദക്ഷിണഭാഗത്ത് അടുത്തകാലത്തുണ്ടായ വെള്ളപ്പൊക്കവും മണ്ണൊലിപ്പും നിയമവിരുദ്ധമായ മരംവെട്ടുകൊണ്ടുണ്ടായതാണ്. മരവ്യവസായത്തിൽ നിന്നു കഠിനമായ എതിർപ്പുണ്ടായിരുന്നിട്ടും നിരോധനം പ്രാബല്യത്തിലാക്കാൻ മേൽപ്പറഞ്ഞ അത്യാഹിതം ഗവൺമെൻറിനെ സഹായിച്ചു.
പരിഛേദനയുടെ പ്രയോജനങ്ങൾ
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പരിഛേദനയെക്കുറിച്ചുള്ള നിലപാട് മാറേറണ്ടതായി വന്നിരിക്കുന്നു. നവജാതരായ ആൺകുട്ടികളെ ക്രമപ്രകാരം പരിഛേദനക്കു വിധേയമാക്കുന്നതു പ്രയോജനകരമാണെന്നുറപ്പാക്കുന്ന “പ്രബലവൈദ്യശാസ്ത്രസൂചനകൾ ഒന്നുമില്ലെ”ന്നായിരുന്നു 1971ൽ പ്രസ്തുത സംഘം കരുതിയിരുന്നത്. എങ്കിലും അപകടകരമായിത്തീരാവുന്ന കിഡ്നി മൂത്രനാളരോഗങ്ങളെ തടയാൻ പരിഛേദന സഹായിച്ചേക്കുമെന്ന് പഠനങ്ങൾ കാണിച്ചിരിക്കുന്നു. പരിഛേദനയേററ ആൺകുട്ടികളെക്കാൾ പരിഛേദനയേൽക്കാത്തവർ മൂത്രനാളരോഗങ്ങൾക്കു വിധേയരാവാൻ 11 മടങ്ങ് സാദ്ധ്യത കൂടുതലുണ്ടെന്നു ഒരു പഠനം വ്യക്തമാക്കി. പരിഛേദനക്ക് “വൈദ്യശാസ്ത്രപരമായ ഏറെ ഗുണങ്ങളും പ്രയോജനങ്ങളും ഉണ്ടെന്ന് പീഡിയാട്രിക് അക്കാദമി ഇപ്പോൾ പറയുന്നു. പരിഛേദന ആവശ്യമാക്കുന്ന മോശൈക നിയമത്തിനു ക്രിസ്ത്യാനികൾ വിധേയരല്ലെങ്കിലും അതനുസരിച്ച പുരാതന യിസ്രായേല്യർക്ക് ആ നിയമം പ്രയോജനകരം ആയിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാക്കിയിട്ടുള്ള അറിവ് ചൂണ്ടിക്കാണിക്കുന്നു.
ക്രൈസ്തവലോകം ചൈനയിൽ
“അടുത്തകാലത്തായി ക്രിസ്ത്യാനിത്വം ചൈനയിൽ വേരുറപ്പിക്കുന്നു” എന്ന് ഔദ്യോഗിക ചൈനീസ് പത്രമായ ന്യൂസ് ഡൈജസ്ററിനെ ഉദ്ധരിച്ചുകൊണ്ട് ന്യൂസിലാൻഡ് ഹെരാൾഡ് പറയുന്നു. മൂന്നു വർഷങ്ങൾക്കു മുമ്പ് രാജ്യത്ത് ക്രിസ്ത്യാനികൾ എന്നവകാശപ്പെട്ടിരുന്നവർ പ്രായമേറിയവരും അക്ഷരാഭ്യാസമില്ലാത്തവരും അൽപ്പംമാത്രമക്ഷരാഭ്യാസമുള്ളവരും ആയിരുന്നത്രെ. ചൈനയിലെ എഴുപതു ലക്ഷം ക്രൈസ്തവവിശ്വാസികളിൽ ഒരു വലിയ വിഭാഗം—25 ശതമാനത്തോളം—ഡോക്ടർമാരും സർവ്വകലാശാലാ പ്രൊഫസർമാരും വിദ്യാർത്ഥികളും എഴുത്തുകാരും എഞ്ചിനിയർമാരുമായ “ബുദ്ധിജീവികളാ”ണെന്ന് ഒരു പുതിയ സർവ്വെ കാണിക്കുന്നതായി ദി ഡൈജസ്ററ് പ്രസ്താവിച്ചു. (g89 6/22)