ബൈബിളിന്റെ വീക്ഷണം
സ്പോർട്ട്സിലെ പ്രാർത്ഥന ദൈവം കേൾക്കുന്നുവോ?
തങ്ങളുടെ ഇഷ്ടപ്പെട്ട ടീമിന് പിന്തുണ ഉദ്ഘോഷിച്ചുകൊണ്ട് ആയിരക്കണക്കിന് സ്പോർട്ട്സ്പ്രേമികൾ സ്റേറഡിയത്തിലേക്ക് പ്രവഹിച്ചപ്പോൾ അന്തരീക്ഷം ആവേശഭരിതമായി. കളിക്കാർ തങ്ങളുടെ ഒരുക്കവ്യായാമങ്ങൾ പൂർത്തിയാക്കി. കളി തുടങ്ങാനുള്ള വിസിൽ ഊതാറായി. കളത്തിന്റെ ഒരു വശത്ത് കളിക്കാർ കുത്തിയിരിക്കുന്നു, മദ്ധ്യത്തിൽ ക്യാപ്ററൻ മുട്ടുകുത്തി പ്രാർത്ഥിക്കുന്നു: “ദൈവമേ, ദയവായി ഞങ്ങളുടെ ടീമിനെ അനുഗ്രഹിക്കേണമേ. എതിരാളികളുടെമേൽ ഞങ്ങൾക്കു വിജയംനൽകുകയും ഞങ്ങളെ പരിക്കുകളിൽനിന്ന് രക്ഷിക്കുകയും ചെയ്യേണമേ. ആമേൻ.” കൂട്ടം ഒരു ഉറച്ച അട്ടഹാസത്തോടെ പിരിയുന്നു, കളിക്കാർ കളത്തിൽ തങ്ങളുടെ സ്ഥാനങ്ങളിൽ നിലയുറപ്പിക്കുന്നു. വിസിൽ ഊതുന്നു. അമേരിക്കൻ ഫുട്ബോളിന്റെ സംഘടിത അക്രമം തുടങ്ങുന്നു.
വിവിധ കളികൾക്കു മുമ്പും കളിസമയത്തും ശേഷവും ഒററക്കും കൂട്ടായതുമായ പ്രാർത്ഥന ഒരു സാധാരണകാഴ്ചയായിത്തീർന്നിട്ടുണ്ട്. എന്നാൽ ദൈവം കേൾക്കുന്നുവോ? അല്ലെങ്കിൽ ചിലർ വാദിക്കുന്നതുപോലെ, ഇത് പ്രാർത്ഥനയെ പരിഹാസ്യമാക്കുന്നുവോ?
“നിന്റെ അയൽക്കാരനെ തകർക്കുക”
ലോകത്തിലെങ്ങും ഫലത്തിൽ ഓരോ സ്പോർട്ടും അക്രമത്താൽ വികലമായിരിക്കുകയാണ്—കളത്തിലും സ്ററാൻഡുകളിലും. ഐക്യനാടുകളിലെ ഒരു മുൻപ്രൊഫഷണൽ ഫുട്ബോൾകളിക്കാരൻ ഇങ്ങനെ എഴുതി: “യുദ്ധത്തിൽ കൊലയും അംഗഭംഗപ്പെടുത്തലുംപോലെ, ശാരീരിക തകർക്കലാണ് ഫുട്ബോളിന്റെ ആശയംതന്നെ.” അയാൾ കൂടുതലായി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മത്സരാത്മകവും സംഘടിതവുമായ പരിക്കേൽപ്പിക്കൽ നമ്മുടെ ജീവിതരീതിക്ക് അവിഭാജ്യമാണ്. ഫുട്ബോൾ കൂടുതൽ ഗ്രാഹ്യമായ കണ്ണാടികളിലൊന്നാണ് . . . നിന്റെ അയൽക്കാരനെ തകർക്കുന്നത് എത്ര ആവേശകരവും പ്രതിഫലദായകവുമാണെന്ന് നമ്മെ കാണിക്കുന്നതുതന്നെ.”
നിന്റെ അയൽക്കാരനെ തകർക്കുകയോ? നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ യേശു പറഞ്ഞു. (മത്തായി 22:39) എങ്ങനെയും ജയിക്കുന്നതിന് ഊന്നൽകൊടുക്കുന്ന ഇന്നത്തെ ഏതെങ്കിലും സ്പോർട്ട്സിൽ സ്നേഹത്തിന്റെ ദൈവം ഹാജരായി അനുഗ്രഹിക്കുമെന്ന് വിചാരിക്കുക അസാദ്ധ്യമാണ്.—1 യോഹന്നാൻ 4:16.
ദൈവം സ്പോർട്ട്സുകൾക്ക് ഹാജരാകുന്നുവോ?
സ്പോർട്ട്സിലെ പ്രാർത്ഥനക്ക് പ്രോൽസാഹിപ്പിക്കുന്ന ഒരു ഘടകം ദൈവം എല്ലായിടത്തുമുണ്ടെന്നും അവൻ എല്ലാ സമയങ്ങളിലും നിലവിലുള്ള സ്ഥലങ്ങളിലും സംഭവങ്ങളിലും സന്നിഹിതനാണെന്നുമുള്ള മതപരമായ പഠിപ്പിക്കലാണ്. ദൃഷ്ടാന്തത്തിന്, ദൈവം ഫുട്ബോൾ കളിക്കു പോകുന്നു എന്ന പുസ്തകത്തിൽ വൈദികനും മുൻ സ്പോർട്ട്സ് ടീം ക്യാപ്ററനുമായിരുന്ന എൽ. എച്ച്. ഹോളിംഗ്സ്വേർത്ത് ഇങ്ങനെ പറയുന്നു: “ദൈവത്തെക്കുറിച്ചു നമുക്കുള്ള ഏതു ഔദ്യോഗിക വിശ്വാസത്തിലും അവന്റെ സർവ്വസാന്നിദ്ധ്യത്തിന്റെ ആശയം ഉൾപ്പെടുന്നു, നാം നമ്മുടെ മതേതര അനുഭവം എന്നു വിളിക്കുന്നതിൽ അവൻ തീർച്ചയായും സന്നിഹിതനാണെന്നുള്ള ആശയംതന്നെ . . .അതായത്, ദൈവം പള്ളിയിൽ പോകുന്നു, ദൈവം ഫുട്ബോൾകളികൾക്കു പോകുന്നു.”
എന്നാൽ ദൈവം സർവസാന്നിദ്ധ്യവാനാണെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല. ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ക്രിസ്തു സ്വർഗ്ഗത്തിലേക്കുതന്നെ പ്രവേശിച്ചു . . . നമുക്കുവേണ്ടി ദൈവവ്യക്തിയുടെ മുമ്പാകെ ഇപ്പോൾ പ്രത്യക്ഷപ്പെടാൻതന്നെ.” (എബ്രായർ 9:24) ദൈവം ഒരു ആത്മവ്യക്തിയാണെന്നും അവന് സ്വർഗ്ഗത്തിൽ ഒരു സ്ഥാപിതനിവാസസ്ഥലമുണ്ടെന്നുമുള്ള രണ്ട് മർമ്മപ്രധാനമായ ആശയങ്ങൾ മനസ്സിലാക്കാൻ ഈ വാക്യം നമ്മെ സഹായിക്കുന്നു. (1 രാജാക്കൻമാർ 8:49; യോഹന്നാൻ 4:24) അതുകൊണ്ട് അവന് ഒരേ സമയത്തുതന്നെ മറെറവിടെയെങ്കിലുമായിരിക്കാൻ കഴികയില്ല.
ദൈവം തന്റെ സുഹൃത്തുക്കളെ കേൾക്കുന്നു
ശരി, ദൈവം സ്പോർട്ട്സുകൾക്ക് ഹാജരാകുന്നില്ലെങ്കിൽ അവൻ പ്രാർത്ഥനകൾ കേൾക്കുകയെങ്കിലും ചെയ്യുന്നുണ്ടോ? ആരുടെ മുമ്പാകെ യേശു പ്രത്യക്ഷപ്പെട്ടോ ആ സ്വർഗ്ഗത്തിലെ ഈ ദൈവത്തിന്റെ കേൾക്കുന്ന കാതുകളിൽ പ്രാർത്ഥനകളെത്തുന്നതിന് പ്രാർത്ഥിക്കുന്നയാൾക്ക് ദൈവോദ്ദേശ്യങ്ങളെയും അവന്റെ വ്യക്തിത്വത്തെയും അവന്റെ ഗുണങ്ങളെയും അവന്റെ വഴികളെയും അവന്റെ നാമത്തെയുംകുറിച്ചുള്ള അറിവുണ്ടായിരിക്കണം. (യാക്കോബ് 4:3) ദൈവത്തെ അറിയേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞുകൊണ്ട് യേശു ഇങ്ങനെ പ്രാർത്ഥിച്ചു: “അവർ ഏകസത്യദൈവമായ നിന്നെയും . . . കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതിന്റെ അർത്ഥം നിത്യജീവൻ എന്നാകുന്നു.”—യോഹന്നാൻ 17:3.
ആരെയെങ്കിലും അറിയുന്നതിന് ആശയവിനിയമം ആവശ്യമാണ്. ദൈവം ബൈബിളിലൂടെ മനുഷ്യനുമായി ആശയവിനിയമം നടത്തുന്നു. ബൈബിളിലൂടെയാണ് നാം സ്വർഗ്ഗത്തിലെ ദൈവത്തെ അറിയുന്നത്. അത് യഹോവ എന്ന അവന്റെ നാമത്തെക്കുറിച്ചു പറയുന്നു. (സങ്കീർത്തനം 83:18) മനുഷ്യന് നിത്യജീവന്റെ അവസരം ലഭിക്കേണ്ടതിന് തന്റെ ഏകജാതനായ പുത്രനെ ഇവിടെ ഭൂമിയിലേക്കയക്കത്തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചുവെന്നും ബൈബിൾ പറയുന്നു. (യോഹന്നാൻ 3:16) നാം ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ യഹോവ നമുക്ക് യഥാർത്ഥമായിത്തീരുന്നു. നാം യേശുവിലൂടെ അവനിലേക്ക് ആകർഷിക്കപ്പെടുന്നു. (യോഹന്നാൻ 6:44, 65; യാക്കോബ് 4:8) യഹോവ യഥാർത്ഥമായതുകൊണ്ട് നമുക്ക് അവനോട് വ്യക്തിപരമായ ഒരു അടുത്ത ബന്ധം വളർത്താൻ കഴിയും.
എന്നിരുന്നാലും, ദൈവവുമായുള്ള സൗഹൃദത്തിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള ആശയവിനിയമം ഉൾപ്പെടുന്നു. ഇത് പ്രാർത്ഥനയിലൂടെ യഹോവയോട് സംസാരിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. ദൈവം പ്രാർത്ഥന കേൾക്കുന്നവനാണെന്നും “അവൻ നമ്മിലോരോരുത്തരിൽനിന്നും അകലെയല്ല” എന്നും ബൈബിൾ പറയുന്നു. (സങ്കീർത്തനം 65:2; പ്രവൃത്തികൾ 17:27) എന്നിരുന്നാലും, ദൈവം എല്ലാ പ്രാർത്ഥനകളും കേൾക്കുന്നുവെന്ന് ഇതിനർത്ഥമില്ല. (യെശയ്യാവ് 1:15-17) ആരുടെ പ്രാർത്ഥനകൾ കേൾക്കാനാണ് ദൈവത്തിന് മനസ്സുള്ളത്?
സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പറഞ്ഞു: “യഹോവയുമായുള്ള അടുപ്പം അവനെ ഭയപ്പെടുന്നവർക്കാണുള്ളത്.” (സങ്കീർത്തനം 25:14) മൂല എബ്രായയിൽ “അടുപ്പം” (സോദ്) എന്നതിന്റെ ധാതുവിന്റെ അർത്ഥം “മുറുക്കുക” എന്നാണ്. അതുകൊണ്ട് ഈ വാക്യം യഹോവയുടെ ഉൾവൃത്തങ്ങളിലേക്കുള്ള പ്രവേശനം അഥവാ അവനുമായുള്ള ഒരു സൗഹൃദ ഉടമ്പടിയിലേക്കുള്ള പ്രവേശനം അനുവദിക്കുന്നുവെന്ന ആശയം നൽകുന്നു. ഉചിതമായ ആദരവു കാട്ടുന്ന ആരാധകർമാത്രമേ പ്രവേശിപ്പിക്കപ്പെടുന്നുള്ളു. അങ്ങനെ, ദൈവവുമായുള്ള നമ്മുടെ അടുത്ത സൗഹൃദം ഒരു സ്പോർട്ട്സ്വിജയം ഉറപ്പുവരുത്തുന്നതിനുള്ള മന്ത്രമായി പ്രാർത്ഥനയെ കരുതുന്നതുപോലെ അവനെ അപ്രീതിപ്പെടുത്തുന്ന എന്തെങ്കിലും ചെയ്യുന്നതിനാൽ ആ ബന്ധത്തെ ഭഞ്ജിക്കുന്നതിലുള്ള ഭയം ഉളവാക്കുന്നു.
യഹോവയുമായുള്ള സൗഹൃദം തേടുന്ന പരമാർത്ഥഹൃദയികളുടെ പ്രാർത്ഥനകൾ അവൻ കേൾക്കുന്നു. അവൻ പക്ഷപാതിത്വമുള്ളവനല്ല. അവൻ ഒരു ദേശീയകൂട്ടത്തെയോ വർഗ്ഗത്തെയോ സ്പോർട്ട്സ്ടീമിനെപ്പോലുമോ മറെറാന്നിനെ അപേക്ഷിച്ച് കൂടുതൽ അനുകൂലിക്കുകയോ മാനിക്കുകയോ ചെയ്യുന്നില്ല. (സങ്കീർത്തനം 65:2; പ്രവൃത്തികൾ 10:34, 35) ദൈവം സ്പോർട്ട്സ്പോരാളികളുടെ പ്രാർത്ഥനകൾ കേൾക്കുകതന്നെ ചെയ്യുന്നുവെങ്കിൽ, ഇരുപക്ഷങ്ങളും വിജയത്തിനായി അവനോടു പ്രാർത്ഥിക്കുകയും ചെയ്യുന്നുവെങ്കിൽ, ഏതിനെ അവൻ അനുഗ്രഹിക്കും? അല്ലെങ്കിൽ കളിസമയത്ത് ഒരു കളിക്കാരന് ഗുരുതരമായ പരിക്കേററുവെങ്കിൽ, ദൈവത്തെ കുററപ്പെടുത്തണമോ?
അതുകൊണ്ട്, നാം ശരിയായ കാര്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം. അപ്പോസ്തലനായ യോഹന്നാൻ അത് ഈ വിധത്തിൽ വിശദീകരിക്കുന്നു: “നാം അവന്റെ ഇഷ്ടപ്രകാരം എന്തുതന്നെ ചോദിച്ചാലും അവൻ നമ്മെ കേൾക്കുന്നു.” (1 യോഹന്നാൻ 5:14) യഹോവ തന്റെ ഇഷ്ടത്തിനു ചേർച്ചയായ പ്രാർത്ഥനകൾ കേൾക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ അവന്റെ ഇഷ്ടത്തോടും ഉദ്ദേശ്യത്തോടും ചേർച്ചയിലായിരിക്കേണ്ടതിന് നാം അവ അറിയേണ്ടതുണ്ട്.
ദൈവത്തിന്റെ ഇഷ്ടവും ഉദ്ദേശ്യങ്ങളും അവന്റെ മഹത്തായ നാമവും ഇന്നത്തെ മത്സരാത്മകവും അക്രമാസക്തവുമായ സ്പോർട്ട്സുകളോടു ബന്ധപ്പെട്ടിരിക്കുന്നില്ല. ദൈവം പക്ഷപാതിത്വമുള്ളവനല്ല. അങ്ങനെ, ഈ സംഭവങ്ങളിൽ പ്രാർത്ഥനകൾ അർപ്പിക്കപ്പെടുമ്പോൾ ദൈവം കേൾക്കുന്നുണ്ടോ? തീർത്തുമില്ല! (g90 5⁄8)