ദൈവം സ്പോർട്സിൽ പക്ഷം പിടിക്കുന്നുവോ?
വിജയം വരിച്ച ഒരു ഓട്ടക്കാരി താൻ കൈവരിച്ച നേട്ടത്തിനു മുട്ടുകുത്തി നന്ദി പറഞ്ഞുകൊണ്ടു പ്രാർഥനാപൂർവകമായ ഒരു വിധത്തിൽ ആംഗ്യങ്ങൾ കാണിക്കുന്നു. എന്നാൽ മത്സരത്തിൽ പങ്കെടുത്ത മററു പല ഓട്ടക്കാരും വിജയത്തിനു വേണ്ടി ദൈവത്തോടു പ്രാർഥിച്ചിട്ടും തോററുപോയി എന്നു നാം മനസ്സിലാക്കണം.
രണ്ടു ബോക്സർമാർ തങ്ങളുടെ പോരാട്ടത്തിന്റെ ആദ്യ റൗണ്ടിനു മുമ്പ് ബോക്സിങ് റിങ്ങിന്റെ എതിർകോണുകളിൽ മുട്ടുകുത്തിനിൽക്കുന്നു. വിജയിക്കാൻ ദൈവത്തോടുള്ള നിശബ്ദ പ്രാർഥനയുടെ ഒരു രൂപമെന്നനിലയിൽ ഇരുവരും കുരിശു വരയ്ക്കുന്നു. എന്നിട്ട് ഒരുവൻ മറേറവനെ ഇടിച്ചു തോൽപ്പിക്കുന്നു. എന്നാൽ മററു ചില പോരാട്ടങ്ങളിൽ വിജയം വരിക്കാൻ ഒരു പോരാളി മാത്രമേ ദൈവത്തോടു പ്രാർഥിക്കുന്നുള്ളായിരിക്കാം, എന്നാലും അവൻ വിജയിക്കുന്ന അത്രയും പ്രാവശ്യംതന്നെ തോറെറന്നും വരാം.
ടീമുകൾ പങ്കെടുക്കുന്ന സ്പോർട്സിൽ കളിക്കു മുമ്പും കളി നടക്കുന്ന സമയത്തും കളിക്കുശേഷം പോലും കളിക്കാരുടെ സംഘങ്ങൾ പ്രാർഥിച്ചേക്കാം. ഉദാഹരണത്തിന്, ഒരു അമേരിക്കൻ സൂപ്പർ ബൗൾ ഫുട്ബോൾ കളിയുടെ അവസാന നിമിഷങ്ങളിൽ നിർണായകമായ ഒരു ഫീൽഡ് ഗോൾ അടിക്കാൻ ഒരു കളിക്കാരൻ തയ്യാറായി നിന്നു. ആ ഗോളടിക്കാൻ കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ടീം ജയിക്കുമായിരുന്നു, ഇല്ലെങ്കിൽ തോൽക്കുമായിരുന്നു. ആ കളിക്കാരൻ പിന്നീട് ഇങ്ങനെ പറഞ്ഞു: “ഞാൻ അതിനെക്കുറിച്ചു പ്രാർഥിക്കുകയായിരുന്നു.” എന്നാൽ എതിർ ടീമിലെ ചിലരും അതേക്കുറിച്ചു പ്രാർഥിക്കുകയായിരുന്നു—വിപരീത ഫലത്തിനു വേണ്ടി.
ഇരുപക്ഷവും പ്രാർഥിച്ചേക്കാമെങ്കിലും ഒരു പക്ഷം തോററുപോകുമെന്ന കാര്യത്തിൽ തർക്കമില്ല. വിജയിക്കുന്ന ടീം ജയിക്കാൻ പ്രാർഥിച്ചാൽപ്പോലും അടുത്ത മത്സരത്തിൽ അവർ പരാജയപ്പെടാം. ഔദ്യോഗിക മത്സരക്കാലത്തിന്റെ അവസാനം ഫലത്തിൽ മറെറല്ലാ ടീമുകളും പരാജയപ്പെടുമെന്നതു തീർച്ച, കാരണം പല ടീമുകൾ ഉണ്ടെങ്കിലും ടീമുകളിൽ ഓവറോൾ ചാമ്പ്യനാകുന്നത് ഒരു ടീം മാത്രമാണ്. എന്നാൽ തോററുപോകുന്ന മിക്ക ടീമുകളിലെയും കളിക്കാരും വിജയത്തിനു വേണ്ടി പ്രാർഥിച്ചവരായിരുന്നു.
“ദയവായി നിങ്ങളുടെ പ്രാർഥനകൾ കേൾക്കേണമേ” എന്നൊരു ലേഖനത്തിൽ ഒരു സ്പോർട്സ് കോളമെഴുത്തുകാരൻ ഇപ്രകാരമെഴുതി: “ദൈവത്തോടു നിങ്ങൾക്ക് എത്രമാത്രം അടുപ്പമുണ്ടെന്നു വീരവാദം മുഴക്കിയാലും അവശ്യം അത് സത്യമായിരിക്കണമെന്നില്ല. . . . രണ്ടാം ലോകമഹായുദ്ധത്തിൽ ജർമൻ പട്ടാളക്കാരുടെ ബെൽററ് ബക്കിളിൽ ഒരു വാചകം എഴുതിയിരുന്നു: ഡോട്ട് മിററ് ഊൺസ്. ‘ദൈവം നമ്മോടുകൂടെ ഉണ്ട്’ എന്നതാണ് അതിന്റെ പരിഭാഷ.” മറെറാരു സ്പോർട്സ് എഴുത്തുകാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ദൈവം ഫുട്ബോൾ കളികളിൽ പക്ഷം പിടിക്കുന്നില്ല. ഇത്തരം ക്ഷണിക കാര്യങ്ങളിൽ സ്ത്രീപുരുഷൻമാരാണു തീരുമാനിക്കുന്നത്, അല്ലാതെ സർവശക്തനല്ല.”
അപ്പോസ്തലനായ പത്രോസ് ഇങ്ങനെ എഴുതി: ‘ദൈവത്തിന്നു മുഖപക്ഷമില്ല, ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.’ അക്രമാസക്തമായ സ്പോർട്സിൽ ഏർപ്പെടുന്നതു ‘നീതി പ്രവർത്തിക്കൽ’ അല്ല. (പ്രവൃത്തികൾ 10:34, 35; റോമർ 14:19) വിജയത്തിനു വേണ്ടി പ്രാർഥിക്കുന്നവരുടെ പ്രാർഥനകൾ ദൈവം യഥാർഥത്തിൽ കേൾക്കുകയും അതേസമയംതന്നെ മത്സരിക്കുന്ന ഒരുവന് പരിക്കേൽക്കുകയും അല്ലെങ്കിൽ അവൻ മരിക്കുകയും ചെയ്യുന്നെങ്കിൽ അതിനു ദൈവത്തെ കുററപ്പെടുത്താനാകുമോ?
ദൈവവചനം ഇങ്ങനെ പ്രസ്താവിക്കുന്നു: “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു.” [ചെരിച്ചെഴുത്ത് ഞങ്ങളുടേത്. (1 യോഹന്നാൻ 5:14)] പ്രാർഥനകൾക്ക് ഉത്തരം കിട്ടണമെങ്കിൽ ഒരുവൻ ദൈവത്തിന്റെ ഇഷ്ടവും ഉദ്ദേശ്യങ്ങളും അറിയണം, മാത്രമല്ല അവന്റെ പ്രവർത്തനങ്ങൾ അവയ്ക്കു ചേർച്ചയിലുമായിരിക്കണം.—താരതമ്യം ചെയ്യുക: മത്തായി 6:9, 10.
ഇല്ല, ദൈവത്തിന്റെ ഇഷ്ടവും ഉദ്ദേശ്യങ്ങളും സ്പോർട്സ് ഇനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. അതുകൊണ്ട്, സ്പോർട്സ് ഇനങ്ങളിൽവെച്ച് വിജയത്തിനു വേണ്ടി പ്രാർഥിച്ചാൽ ദൈവം കേൾക്കുമോ? ഇല്ല, നിശ്ചയം.
[14-ാം പേജിലെ ചിത്രത്തിന് (ങ്ങൾക്ക്) കടപ്പാട്]
UPI/Bettmann