മാനുഷ ഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു
നമുക്ക് വാസ്തവത്തിൽ ഗവൺമെൻറ് ആവശ്യമോ?
അരാജകത്വം: ഏതെങ്കിലും രൂപത്തിലുള്ള രാഷ്ട്രീയ അധികാരത്തിന്റെ അഭാവത്തിൽ ഗവൺമെൻറില്ലാത്ത ആളുകളുടെ സമൂഹം തങ്ങൾക്കു തന്നെ സമ്പൂർണ്ണ സ്വാതന്ത്ര്യംഅവകാശപ്പെടുന്ന സ്ഥിതി.
ഗ്രീക്ക് തത്വചിന്തകനായ അരിസ്റേറാട്ടിൽ എല്ലാ രൂപങ്ങളിലുമുള്ള മാനുഷ ഗവൺമെൻറുകളെ സ്വതവെ അസ്ഥിരവും താത്ക്കാലികവും എന്നു വിളിച്ചു. ഒരു എഴുത്തുകാരൻ പറയുന്നപ്രകാരം “സകല ഭരണകൂടങ്ങളുടെയും സ്ഥിരത കാലത്തിന്റെ ദ്രവീകരണശക്തിയാൽ താറുമാറാക്കപ്പെടുന്നു” എന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇത്തരം അവസ്ഥയുടെ വീക്ഷണത്തിൽ ചില ആളുകൾ ഗവൺമെൻറുണ്ടായിരിക്കുകയേ വേണ്ട എന്നോ ഗവൺമെൻറ് ഏററവും പരിമിതമായേ വേണ്ടൂ എന്നോ വാദിക്കുന്നതിൽ ആശ്ചര്യമില്ല. പക്ഷേ, ഗവൺമെൻറ് വേണ്ട എന്ന് വാദിക്കുന്നത് ഫലത്തിൽ അരാജകത്വത്തെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. ‘ഭരണാധികാരി ഇല്ല’ എന്നർത്ഥം വരുന്ന ഒരു ഗ്രീക്ക് പദത്തിൽനിന്ന് എടുത്തിട്ടുള്ള ഒരു വാക്കാണ് അരാജകത്വം എന്നത്.
ഇന്നേക്ക് കൃത്യം 150 വർഷങ്ങൾക്കുമുമ്പ് 1840ൽ ഒരു ഫ്രഞ്ച് രാഷ്ട്രീയ ലേഖകനായ പിയറെ ജോസഫ് പ്രൗദോൻ ആണ് അരാജകത്വം എന്ന പദം ഉപയോഗിച്ചത്. പക്ഷേ 200 വർഷങ്ങൾക്കു മുമ്പേ തന്നെ ഇംഗ്ലീഷുകാരനായ ജറാർഡ് വിൻസ്ററാൻലി അരാജകത്വ തത്വശാസ്ത്രത്തിന്റെ വ്യക്തമായ ബാഹ്യരേഖ തയ്യാറാക്കിയിരുന്നു. ന്യൂ എൻസൈക്ളോപ്പീഡിയ ബ്രിട്ടാനിക്കാ വിശദീകരിക്കുന്നപ്രകാരം വിൻസ്ററാൻലി അരാജകത്വവാദികൾക്കിടയിൽ പിൽക്കാലത്ത് അടിസ്ഥാന തത്വങ്ങളായിത്തീർന്ന പിൻവരുന്ന കാര്യങ്ങൾ രേഖപ്പെടുത്തി: “അധികാരം ദുഷിപ്പിക്കുന്നു; സമ്പത്ത് സ്വാതന്ത്ര്യത്തോട് പൊരുത്തപ്പെട്ടുപോകില്ല; അധികാരവും സമ്പത്തും അവക്കിടയിൽ തന്നെ കുററകൃത്യത്തിന്റെ ജനയിതാക്കളാണ്; തൊഴിലും അതിന്റെ ഉത്പന്നങ്ങളും പങ്കുവെക്കപ്പെടുന്ന ഭരണാധികാരികൾ ഇല്ലാത്ത ഒരു സമുദായത്തിൽ മാത്രമെ മനുഷ്യർ ഉയരത്തിൽനിന്ന് അനുശാസിക്കുന്ന നിയമങ്ങളനുസരിച്ച് പ്രവർത്തിക്കാതെ തങ്ങളുടെ മനസ്സാക്ഷിക്കനുസരിച്ച് പ്രവർത്തിച്ചുകൊണ്ട് സ്വതന്ത്രരും സന്തുഷ്ടരും ആയിരിക്കുകയുള്ളു.”
പക്ഷേ ഏതൊരു സംഘത്തിനും പ്രവർത്തിക്കുന്നതിന് ഒരു ചട്ടക്കൂട് ആവശ്യമുണ്ട് എന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നില്ലേ? “ആദിമകാലം മുതൽക്കുതന്നെ ഓരോ സമൂഹത്തിനും ഏതെങ്കിലും തരത്തിലുള്ള ഗവൺമെൻറ് ജീവത്പ്രധാനമായിരുന്നിട്ടാണുള്ളത്” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ കുറിക്കൊള്ളുന്നു. ആളുകളുടെ ഓരോ സമൂഹത്തിനും—ഒരു കുടുംബംതൊട്ട് ഒരു രാഷ്ട്രം വരെ—അതിന്റെ അംഗങ്ങളുടെ ജീവിതങ്ങളെ ഭരിക്കുന്ന പെരുമാററച്ചട്ട സംഹിതയുണ്ട്. അതിന്റെ എല്ലാ അംഗങ്ങൾക്കും ഉപകാരപ്രദമായ വിധത്തിൽ അതിന്റെ ഉദ്ദേശ്യങ്ങൾ നിറവേററാൻ അങ്ങനെയല്ലാതെ എങ്ങനെയാണ് സാദ്ധ്യമാവുക?
അതുകൊണ്ട് പൊതുനൻമക്കുവേണ്ടി അധികാരം പ്രയോഗിക്കാനുള്ള ന്യായമായ അവകാശം ചില അധികാരകേന്ദ്രങ്ങൾക്കുണ്ട് എന്ന ആശയം മിക്കയാളുകളും മനസ്സോടെ സ്വീകരിക്കും. സമൂഹത്തിനുവേണ്ടി തീരുമാനമെടുക്കാൻ ഒരു ഗവൺമെൻറ് ഇല്ലാത്തപ്പോൾ വിൻസ്ററാൻലി അഭിപ്രായപ്പെട്ടതുപോലെ ഓരോ വ്യക്തിയും തന്റെ സ്വന്തം മനസ്സാക്ഷിയുടെ അനുശാസനങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ വിടപ്പെടുന്നു. ഇത് ഐക്യം വരുത്തുമോ? അതോ മററുള്ളവരുടെ ന്യായമായ തുല്യാവകാശങ്ങളെ ധ്വംസിക്കുമാറ് ഓരോ വ്യക്തിയും തന്റെ സ്വന്ത താത്പര്യങ്ങളെ പിൻതുടരാനാണോ ഏറെ സാദ്ധ്യത?
അരാജകത്വംകൊണ്ടുള്ള പരീക്ഷണങ്ങൾ മനുഷ്യവർഗ്ഗത്തിന്റെ ജീവിതഭാഗധേയത്തെ മെച്ചപ്പെടുത്തിയിട്ടില്ല. തങ്ങളെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുള്ള ലക്ഷ്യത്തിൽ 20-ാം നൂററാണ്ടിലെ ഭീകരവാദികൾ സമൂഹത്തിന് അസ്ഥിരത വരുത്താൻ ചെയ്യുന്ന ശ്രമങ്ങൾ ഒന്നും കൈവരിക്കാനിടയായിട്ടില്ല.
ലളിതമായിപ്പറഞ്ഞാൽ ‘ഗവൺമെൻറില്ലാത്ത’ സ്ഥിതി അസ്വസ്ഥത വിളിച്ചുവരുത്തുന്നു. അതുകൊണ്ട് ചോദ്യം ‘ഗവൺമെൻറ് ഉണ്ടായിരിക്കണമോ ഇല്ലായിരിക്കണമോ’ എന്നതല്ല പിന്നെയോ ‘ഉത്തമ ഫലങ്ങൾക്കു ഏതുതരം ഗവൺമെൻറ്?’ എന്നതാണ്.
മാനുഷഭരണത്തിന്റെ ആവിർഭാവം
ആറായിരം സംവത്സരങ്ങൾക്കു മുമ്പ് ഏദൻതോട്ടത്തിൽവെച്ച് മനുഷ്യനുവേണ്ടി വെക്കപ്പെട്ട ആദിമ മാതൃക ദൈവഭരണമാണ്. തന്നിലും താൻ കാര്യാദികളെ നയിക്കുന്ന വിധത്തിലും മനുഷ്യനുണ്ടായിരിക്കേണ്ട ആശ്രയത്വം ദൈവം ഊന്നിപ്പറഞ്ഞു. ഇത് പിൽക്കാലത്ത് ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്ന പിൻവരുന്ന തത്വത്തിനു ചേർച്ചയിലാണ്: “തന്റെ ചുവടുകളെ നയിക്കുന്നതുപോലും മനുഷ്യനുള്ളതല്ല.” (യിരെമ്യാവ് 10:23) അല്ലെങ്കിൽ ഒരു ചൈനീസ് ചൊല്ല് ദൃഢമായി പ്രസ്താവിക്കുന്നതുപോലെ: “സ്വർഗ്ഗസഹായമില്ലാതെ മനുഷ്യന് ഒരിഞ്ചുപോലും നടക്കാനാവില്ല.”
ആദ്യമനുഷ്യജോടി പക്ഷേ വിപരീത നിഗമനം ചെയ്തു. അവർ ‘സ്വർഗ്ഗസഹായമില്ലാതെ’ നടക്കാൻ പ്രിയപ്പെടുകയും അനന്തരം ദൈവം അവർക്ക് നൽകിയ പറുദീസയിൽ നിന്ന് ഇറങ്ങിപ്പോകാൻ നിർബ്ബന്ധിതരാകയും ചെയ്തു. പിന്നീട് മാനുഷ കുടുംബം വളർന്നപ്പോൾ ഈ കുടുംബത്തിനുള്ളിൽ സമാധാനവും ക്രമവും ഉറപ്പുവരുത്തുന്നതിന് ഭരണചട്ടങ്ങളുടെ ആവശ്യവും വർദ്ധിച്ചു. ഒരിക്കൽ സ്വർഗ്ഗീയഭരണം തിരസ്കരിക്കപ്പെട്ടു. ആ ശൂന്യത നികത്തുന്നതിന് മാനുഷഭരണം രംഗപ്രവേശം ചെയ്യേണ്ടത് ആവശ്യമായി വന്നു.
സകലവും സമാനം—എങ്കിലും ഭിന്നം
അശുഭമായ ഈ തുടക്കം മുതൽ മാനുഷ ഗവൺമെൻറുകൾ പലരൂപങ്ങൾ കൈക്കൊണ്ടിരിക്കുന്നു. അവ വളരെ ലളിതമാകട്ടെ അങ്ങേയററം സങ്കീർണ്ണമാകട്ടെ, അവക്കെല്ലാം തന്നെ ചില സാമ്യങ്ങളുണ്ട്. ചിലത് പിൻവരുന്നവയാണ്:
ഗവൺമെൻറുകൾ അവയുടെ പ്രജകളുടെ ആവശ്യങ്ങൾക്കായി കരുതുന്നു: ഇങ്ങനെ ചെയ്യാൻ പരാജയപ്പെടുന്ന ഒരു ഗവൺമെൻറിന് അതിന്റെ സാധുത നഷ്ടപ്പെടുന്നു.
ഗവൺമെൻറുകൾ ഒരു പെരുമാററ ചട്ട സംഹിത ഏർപ്പെടുത്തുന്നു: അതു പ്രജകൾ പിൻപററിയില്ലെങ്കിൽ ശിക്ഷക്ക് കാരണമാകുന്നു. ഈ ചട്ടസംഹിത, ചട്ടങ്ങളും നിയമങ്ങളും നൂററാണ്ടുകളിലൂടെ വികാസംകൊണ്ട പാരമ്പര്യങ്ങളും ക്രോഡീകരിച്ചുണ്ടാക്കിയതാണ്. പൗരൻമാരിൽ ഏറിയപങ്കും പെരുമാററച്ചട്ട സംഹിത അനുസരിക്കുന്നത് ഒന്നുകിൽ അങ്ങനെ ചെയ്യുന്നതിൽനിന്ന് കൈവരുന്ന പ്രയോജനങ്ങൾ അവർ തിരിച്ചറിയുന്നതുകൊണ്ടോ ‘ചെയ്യേണ്ടത് ഇതാണ്’ എന്നുതോന്നുന്നതുകൊണ്ടോ അവർ സുഹൃത്തുക്കളുടെ സമർദ്ദത്തിന് വിധേയരാക്കപ്പെടുന്നതുകൊണ്ടോ അല്ലെങ്കിൽ കേവലം അവർ അങ്ങനെ ചെയ്തില്ലെങ്കിൽ ശിക്ഷിക്കപ്പെടും എന്നതുകൊണ്ടോ ആയിരിക്കാം.
ഗവൺമെൻറുകൾ നിയമനിർമ്മാണപരവും കാര്യനിർവഹണ സംബന്ധവും നീതിന്യായ നിർവഹണ സംബന്ധവുമായ സേവനങ്ങൾ ഏതെങ്കിലും രൂപത്തിലുള്ള സംഘടനാക്രമീകരണത്തിലൂടെ അനുഷ്ഠിക്കുന്നു. നിയമങ്ങൾക്ക് രൂപം നൽകപ്പെടുന്നു, നീതി അനുശാസിക്കപ്പെടുന്നു, നയങ്ങൾ നടപ്പാക്കപ്പെടുന്നു.
ഗവൺമെൻറുകൾ വ്യാപാരലോകവുമായി ശക്തമായ സാമ്പത്തിക ബന്ധങ്ങൾ പുലർത്തുന്നു.
ഗവൺമെൻറുകൾ ഏതെങ്കിലും രൂപത്തിൽ ഉള്ള മതവുമായി സ്വയം സഖ്യതയിലാവുകയും ചെയ്യുന്നു. ചിലവയോട് മററുള്ളവയോടുള്ളതിലും അധികം അടുപ്പം കാട്ടുന്നു. ഇത് അവർ ചെയ്യുന്നത് അവരുടെ ഭരണത്തിന് മററുവിധത്തിൽ ലഭിക്കാത്ത ഒരു പ്രത്യേക സാധുത—‘സ്വർഗ്ഗീയ അനുഗ്രഹാശിസ്സ്’—ഉറപ്പാക്കുന്നതിനാണ്.
തീർച്ചയായും ഗവൺമെൻറുകൾ ഭിന്നമാണ്. രാഷ്ട്രീയ ശാസ്ത്രകാരൻമാർ അവയെ നിരവധി വിധങ്ങളിൽ തരം തിരിച്ച് പട്ടികപ്പെടുത്തുന്നു. “ഉദാഹരണത്തിന് ഭരണകർത്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ചിരപ്രതിഷ്ഠനേടിയ ഒരു വ്യത്യാസം ഗവൺമെൻറുകൾ തമ്മിലുണ്ട്—ഏക മനുഷ്യനാലുള്ള ഗവൺമെൻറ് (രാജാധിപത്യം അഥവാ സ്വേച്ഛാധിപത്യം), ചുരുക്കം ചിലരാലുള്ള ഗവൺമെൻറ് (പ്രഭുത്വാധിപത്യം അഥവാ സംഘാധിപത്യം), അനേകരാലുള്ള ഗവൺമെൻറ് (ജനാധിപത്യം),” എന്ന് ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക എഴുതുന്നു.
ചിലപ്പോൾ ഗവൺമെൻറുകൾ അവയുടെ മുഖ്യ ഭരണസ്ഥാപനത്തെ ആസ്പദമാക്കിയോ (പാർലമെൻററി സമ്പ്രദായം, കാബിനററ് ഗവൺമെൻറ്) തങ്ങളുടെ രാഷ്ട്രീയ അധികാരത്തിന്റെ ആധാര തത്വങ്ങളുടെ അടിസ്ഥാനത്തിലോ (പരമ്പരാഗതം, നേതൃത്വ വിശേഷതയിൽ ആധാരിതം) അവരുടെ സാമ്പത്തിക ഘടനയുടെ അടിസ്ഥാനത്തിലോ അധികാരത്തിന്റെ ഉപയോഗ, ദുരുപയോഗങ്ങളുടെ അടിസ്ഥാനത്തിലോ തരം തിരിക്കപ്പെടുന്നു. “ഇതൊന്നുംതന്നെ സമഗ്രമല്ല എങ്കിലും വിശകലനത്തിന് ആസ്പദമായ ഈ തത്വങ്ങൾ ഓരോന്നിനും തെല്ല് പ്രസക്തി ഉണ്ടുതാനും,” എന്ന് ഈ റഫറൻസ് ഗ്രന്ഥം കുറിക്കൊള്ളുന്നു.
നാം അവയെ തരംതിരിക്കുന്നതെങ്ങനെയെന്ന് ഗണ്യമാക്കാതെ ഓർമ്മിക്കേണ്ട ഒരു ജീവൽപ്രധാനമായ സംഗതി വിവിധ രൂപങ്ങളിലുള്ള മാനുഷ ഭരണങ്ങൾ ഒട്ടൊഴിയാതെ ഇപ്പോൾ തുലാസിൽ തൂക്കപ്പെടുകയാണ് എന്നതാണ്. ഇത് നമുക്കെല്ലാം ദൂരവ്യാപകമായ പരിണതഫലങ്ങൾ ഉളവാക്കും. (g90 8/8)
[6-ാം പേജിലെ ചതുരം]
ഈ കാലം വരെയും ഭരിച്ചുപോന്നിട്ടുള്ള ഭരണാധികാരികളെ സംബന്ധിച്ച് എഴുതവെ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “സകല ദേഹികളും ശ്രേഷ്ഠാധികാരങ്ങൾക്ക് കീഴടങ്ങിയിരിക്കട്ടെ.” (റോമർ 13:1, 7) ഇപ്രകാരം ബൈബിളിന്റെ മാർഗ്ഗ ദർശനത്തെ മനസ്സാക്ഷിപൂർവം പിൻപററുന്ന ക്രിസ്ത്യാനികൾ പരമോന്നതമായ ദൈവത്തിന്റെ നിയമങ്ങളെ ലംഘിക്കാൻ ആവശ്യപ്പെടാത്തടത്തോളം അവർ ജീവിക്കുന്ന ദേശത്തെ സകല നിയമങ്ങളും അനുസരിക്കുന്നു.
[7-ാം പേജിലെ ചിത്രം]
ഗവൺമെൻറ് അവശ്യം വേണ്ടിയിരിക്കുന്നു—ഗതാഗത നിയന്ത്രണം പോലെ—കുഴപ്പങ്ങൾ തടയുന്നതിന്