മാനുഷ ഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു
ഭാഗം 1 ഗവൺമെൻറിലേക്ക് പ്രകാശധാര തിരിക്കുമ്പോൾ
യൂറോപ്പിൽ 1989-ൽ അരങ്ങേറിയ രാഷ്ട്രീയ മാററങ്ങൾ ലോകദൃഷ്ടിയെ ഒരു അനന്യസാധാരണമായ വിധത്തിൽ ഗവൺമെൻറ് എന്ന വിഷയത്തിലേക്ക് തിരിച്ചു. ഒരു വാർത്താ പത്രിക കുറിക്കൊണ്ടത്, “1989 എന്ന വർഷത്തെ കിഴക്കൻ യൂറോപ്പിന് മാററം ഭവിച്ച വർഷം എന്നല്ല പിന്നെയോ നാം നാലു പതിററാണ്ടുകളായി അറിഞ്ഞുപോന്ന രൂപത്തിലുള്ള കിഴക്കൻ യൂറോപ്പിന് അന്തം വന്ന വർഷം” എന്നാണ്.
കുറേക്കൂടി മുമ്പോട്ട് പൊയ്ക്കൊണ്ട്, യു.എസ്. സ്റേറററ് ഡിപ്പാർട്ടുമെൻറിന്റെ നയരൂപീകരണ സ്ററാഫംഗമായ ഫ്രാൻസിസ് ഫുക്കുയാമ അടുത്ത കാലത്ത് എഴുതിയത്, “നാം സാക്ഷ്യം വഹിക്കുന്നത് ശീതയുദ്ധത്തിന്റെ അറുതിക്കു മാത്രമല്ല, അല്ലെങ്കിൽ ശീതയുദ്ധാനന്തര ചരിത്രത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തിന്റെ നീങ്ങിപ്പോക്കിനു മാത്രമല്ല പിന്നെയോ ചരിത്രത്തിന്റെ തന്നെ അന്ത്യത്തിനാണ്: അതായത് മനുഷ്യവർഗ്ഗത്തിന്റെ പ്രത്യയശാസ്ത്ര പരിണാമത്തിന്റെ അവസാന ദശക്കുതന്നെ,” എന്നാണ്.
ഈ വീക്ഷണം വലിയൊരു തർക്കവിഷയമായിരുന്നേക്കാമെങ്കിലും അത് നമ്മുടെ ശ്രദ്ധയെ ചില അതിപ്രധാന ചോദ്യങ്ങളിലേക്ക് തിരിക്കുന്നു. ദൃഷ്ടാന്തത്തിന് നമുക്ക് പിൻപിൽ കിടക്കുന്ന നൂററാണ്ടുകൾനീണ്ട മാനുഷഭരണം സംബന്ധിച്ച് എന്തുപറയാൻ കഴിയും? “ചരിത്രത്തിന്റെ തന്നെ അന്ത്യം” എന്ന് അദ്ദേഹം പറയാൻ കഴിയത്തക്ക ഒരു സമയസന്ധിയിൽ മനുഷ്യവർഗ്ഗം എത്തിച്ചേർന്നുവോ? ഗവൺമെൻറുകൾക്ക് ഭാവി എന്തു കരുതിയിരിക്കുന്നു? ഈ ഭാവി സംഭവങ്ങൾക്ക് വ്യക്തികളെന്ന നിലയിൽ നമ്മുടെമേൽ എന്തു സ്വാധീനഫലമാണുള്ളത്?
ഗവൺമെൻറിനെ സംബന്ധിച്ച് ജനങ്ങൾക്ക് എന്തുതോന്നുന്നു?
ദശലക്ഷക്കണക്കിനാളുകൾക്ക് തങ്ങളുടെ രാഷ്ട്രീയ നേതാക്കളിൽ ആശ നശിച്ചിരിക്കുന്നു. ഇത് യൂറോപ്പിൽ മാത്രം ജീവിക്കുന്ന ചിലരെ സംബന്ധിച്ചു മാത്രമല്ല, വ്യത്യസ്ഥ തോതിൽ എല്ലായിടങ്ങളിലുമുള്ള പൗരൻമാരെ സംബന്ധിച്ചും സത്യമാണ്. ദൃഷ്ടാന്തത്തിന് ലാററിൻ അമേരിക്കയിലെ രാജ്യങ്ങളിലേക്ക് നോക്കാം.
അറിയപ്പെടുന്ന ഒരു ജർമ്മൻ വ്യാപാര പത്രിക, 1988 അവസാനത്തിൽ അവിടെ നിലവിലിരുന്ന രാഷ്ട്രീയസ്ഥിതി, “നാശശിഷ്ടങ്ങളുടെ കൂമ്പാരത്തെക്കാൾ തെല്ലും ഭേദമല്ലാത്ത” വിധമായിരുന്നു എന്ന് വർണ്ണിക്കുകയുണ്ടായി. വിശദാംശങ്ങളിലേക്ക് കടന്നുകൊണ്ട് അത് ഇങ്ങനെ പറഞ്ഞു: “ആർജൻറീനയുടെ സമ്പദ്വ്യവസ്ഥ തുന്നിച്ചേർത്തിടത്തുവെച്ചുതന്നെ വിണ്ടുകീറുന്നു. ബ്രസീൽ മേലാൽ ഭരിക്കാൻ അസാദ്ധ്യമാകുമാറ് ഭീഷണി ഉയർത്തുന്നു. പെറു അതിന്റെ നെല്ലിപ്പലകയിലെത്തിയിരിക്കുന്നു. ഉറുഗ്വേ കുഴപ്പങ്ങളിലൂടെ ഇഴഞ്ഞുനീങ്ങുന്നു. ഇക്വഡോർ, നിഷേധിക്കാനാകാത്തവിധം അടിയന്തിരമായിരിക്കുന്ന ഒരു അവസ്ഥാവിശേഷത്തിന്റെ ആഴം അളന്നുകൊണ്ടിരിക്കുന്നു. കൊളംബിയയും വെനിസ്വേലയും ജനാധിപത്യത്തിന്റെ ഒരു ദുർബലമായ പാരമ്പര്യം നിലനിർത്തിപ്പോരുന്നു. മെക്സിക്കോയിൽ വെല്ലുവിളികളില്ലാതെ, കഴിഞ്ഞ 50 വർഷം ഭരിച്ചുപോന്ന ഭരണകക്ഷിയുടെ സ്ഥിരത സകലരുടെയും കൺമുമ്പാകെ തകർന്നുകൊണ്ടിരിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എൺപതുകളെ ഒരു “നഷ്ടദശകം” എന്ന് എഴുതിത്തള്ളിയിരിക്കുന്നു.
ചില പ്രദേശങ്ങളിൽ രാഷ്ട്രീയക്കാരുടെ ജനപ്രീതി എക്കാലത്തേതിലും താണ നിലയിലേക്ക് അധ:പതിച്ചിരിക്കുന്നു. അന്തസ്സിന്റെ ക്രമത്തിൽ 21 തൊഴിലുകളെ പട്ടികപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ ജനങ്ങൾ രാഷ്ട്രീയക്കാരെ 19-ാം സ്ഥാനത്ത് നിർത്തി. ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിൽ നടത്തിയ ഒരു ജനാഭിപ്രായ വോട്ടെടുപ്പ് വെളിപ്പെടുത്തിയത് ചോദ്യം ചെയ്യപ്പെട്ട പൗരൻമാരിൽ 62 ശതമാനം പേർക്ക് രാഷ്ട്രീയക്കാരിൽ തുലോം തുച്ഛമായ ഉറപ്പേ ഉണ്ടായിരുന്നുള്ളു എന്നാണ്.
ബോൺ സർവകലാശാലയിലെ മനഃശാസ്ത്ര ഇൻസ്ററിററ്യൂട്ടിന്റെ ഡയറക്ടറായ പ്രൊഫസ്സർ റീൻഹോൾഡ് ബെർഗ്ളർ, “രാഷ്ട്രം, രാഷ്ട്രീയം, രാഷ്ട്രീയക്കാർ എന്നിവക്ക് നേരെ ചെറുപ്പക്കാർ പുറംതിരിഞ്ഞു കളയുന്നതിന്റെ വക്കിലാണ്” എന്ന് മുന്നറിയിപ്പ് നൽകുന്നു. ഈ ചെറുപ്പക്കാരിൽ 46 ശതമാനം പേർ രാഷ്ട്രീയക്കാരെ “അലമുറയിടുന്നവർ” ആയും 44 ശതമാനം പേർ അവരെ “അഴിമതിയിലാഴുന്നവർ” ആയും വീക്ഷിച്ചു.
ഒരു അമേരിക്കൻ അഭിപ്രായ വോട്ടെടുപ്പുകാരൻ 1970കളിൽ എഴുതവെ ഇങ്ങനെ കുറിക്കൊണ്ടു: “വോട്ടർമാർക്ക് അവരുടെ ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കാൻ നിർവാഹമില്ലാത്തവിധം (രാഷ്ട്രീയ) പ്രക്രിയ പ്രതികരണ ക്ഷമതയോ സത്യസന്ധതയോ ഇല്ലാത്ത ഒന്നാണ് എന്നൊരു ധാരണയുണ്ട്.” “നിങ്ങൾക്കെന്ത് ഭവിക്കുന്നു എന്നത് രാഷ്ട്രീയക്കാർക്ക് പ്രശ്നമല്ല” എന്ന് കരുതുന്ന ആളുകളുടെ സംഖ്യ ഐക്യനാടുകളിൽ 1966-ലെ 29 ശതമാനത്തിൽ നിന്ന് കുത്തനെ 1980കളിലെ 58 ശതമാനമായി ഉയർന്നു. ജർമ്മൻ വാർത്താ പത്രമായ സ്ററട്ട്ഗാർട്ടർ നാച്ച്റിക്റെറൻ അത്തരമൊരു വിലയിരുത്തലിനെ ന്യായീകരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “അനേക രാഷ്ട്രീയക്കാർക്കും തങ്ങളുടെ സ്വന്ത താത്പര്യമാണ് മനസ്സിൽ ആദ്യമുള്ളത്, തുടർന്ന്, ഒരുപക്ഷേ തങ്ങളുടെ വോട്ടർമാരുടേത് അത്യാവശ്യത്തിന് മാത്രവും.”
മനസ്സിലാക്കാവുന്നതുപോലെ രാഷ്ട്രീയകാര്യങ്ങളോടുള്ള താത്പര്യമില്ലായ്മ വളരുകയാണ്. യു.എസ്. പൗരൻമാരിൽ 53 ശതമാനം പേർ മാത്രമെ 1980ൽ വോട്ടിംഗിൽ പങ്കെടുത്തുള്ളു. റിപ്പോർട്ടുചെയ്യപ്പെടുന്ന പ്രകാരം ഇത് വോട്ടിംഗ് സംഖ്യയിൽ തുടർച്ചയായുണ്ടായ 5-ാമത്തെ അധഃപതനം ആയിരുന്നു. വോട്ടർമാരുടെ എണ്ണം 1988 ആയപ്പോഴേക്ക് വെറും 50 ശതമാനമായി ചുരുങ്ങി.
രാഷ്ട്രീയക്കാർ പ്രശ്നം തിരിച്ചറിയുന്നു. വിഖ്യാതനായ ഒരു ലോക നേതാവ് ഇങ്ങനെ ഏററുപറഞ്ഞു: “രാഷ്ട്രീയ ജീവിതത്തിൽ . . . വളരെ അധികം കാപട്യമുണ്ട്.” എന്തുകൊണ്ട് എന്ന് വിശദീകരിക്കവെ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: “അധികാരത്തിലേറുന്നതിനും അധികാരം നിലനിർത്തുന്നതിനും ഇത് അനിവാര്യമാണ്.” പ്രസ്താവന ചെയ്ത ആൾ ആരെന്നോ? മുൻ യു.എസ്. പ്രസിഡൻറ് റിച്ചാർഡ് നിക്സൻ തന്നെ. പ്രസിഡൻറ് പദത്തിലിരിക്കാനുള്ള അദ്ദേഹത്തിന്റെ കാലാവധി വെട്ടിച്ചുരുക്കിയ അപവാദങ്ങളുടെ വെളിച്ചത്തിൽ താൻ സംസാരിക്കുന്നതെന്തെന്ന് അദ്ദേഹം അറിഞ്ഞിരുന്നു എന്ന കാര്യത്തിൽ സംശയമുള്ളവർ ചുരുങ്ങും.
രാഷ്ട്രീയ അപര്യാപ്തതകൾ, ഉത്തമ ഗവൺമെൻറ് സാദ്ധ്യംപോലുമാണോ എന്ന് സത്യസന്ധരായ ആളുകൾ സംശയിക്കാൻ ഇടയാക്കുന്നു. യാതൊരു ഗവൺമെൻറും കൂടാതെ നമുക്ക് ക്ഷേമമായിരിക്കാൻ കഴിയുമോ? ഒരു പക്ഷേ ‘ഒരു ഗവൺമെൻറും ഇല്ലാതിരിക്കുക’ എന്നതായിരിക്കുമോ ഉത്തരം? (g90 8/8)
[4-ാം പേജിലെ ചതുരം]
“വിദഗ്ദ്ധമായ നേതൃത്വം ഇല്ലാത്തിടത്ത് ജനം അധോഗതി പ്രാപിക്കുന്നു.”—സദൃശവാക്യങ്ങൾ 11:14.