വർഗ്ഗത്തെ സംബന്ധിച്ച് നമുക്കറിയാവുന്നത്
ഏതാണ്ട് 500 വർഷം മുമ്പ് യൂറോപ്യൻമാർ ഭൂപര്യവേക്ഷണത്തിനായി കപ്പലോട്ടം നടത്തിയപ്പോൾ തങ്ങൾ ഏതു തരം ആളുകളെ കണ്ടെത്തുമെന്ന് അവർ അതിശയിച്ചു. സമുദ്രത്തിലൂടെ ഇറങ്ങിച്ചെന്ന് ഒററക്കൈ കൊണ്ട് ഒരു കപ്പൽ ഞെരിച്ചുകളയാൻ കഴിവുള്ള രാക്ഷസൻമാരെക്കുറിച്ചുള്ള ഐതീഹ്യങ്ങൾ ഉണ്ടായിരുന്നു. തീ ഊതിവിടുന്ന പട്ടിത്തലയുള്ള മനുഷ്യരെക്കുറിച്ചുള്ള കഥകളുണ്ടായിരുന്നു. കഥയിൽ പച്ചമാംസം തിന്നുന്നവരും വെയിലേൽക്കാതിരിക്കാൻ തണൽനൽകുന്ന ഉന്തിനിൽക്കുന്ന വലിയ ചിറിയുള്ളവരുമായ “സാമൂഹ്യവിരുദ്ധരെ” അവർ കാണുമോ? അല്ലെങ്കിൽ ആപ്പിളുകൾ മണത്തുകൊണ്ട് ജീവിച്ച വായില്ലാത്ത മനുഷ്യരെ അവർ കാണുമോ? ചിറകുകളായി ഉതകാൻ തക്ക വലിപ്പമുള്ള ചെവികളുള്ളവരോ തങ്ങളുടെ വലിയ ഒരു പാദത്തിന്റെ തണലിൽ മലർന്നുകിടക്കുന്നവരോ ആയവരെ സംബന്ധിച്ചെന്ത്?
മനുഷ്യർ സമുദ്രസഞ്ചാരവും പർവതാരോഹണവും നടത്തുകയും കാടുകളിലൂടെ നടന്നുനീങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവർ ഒരിടത്തും അത്തരം വിചിത്രജീവികളെ കണ്ടെത്തിയിട്ടില്ല. പകരം, ഏറെയും തങ്ങളേപ്പോലെയുള്ള ആളുകളെ കണ്ടെത്തിയതിൽ പര്യവേക്ഷകർ അതിശയിച്ചുപോയി. ക്രിസ്ററഫർ കൊളംബസ് ഇങ്ങനെ എഴുതി: “ഈ ദ്വീപുകളിൽ [വെസ്ററിൻഡീസ്] ഞാൻ അനേകർ പ്രതീക്ഷിച്ചതുപോലെ മനുഷ്യ രാക്ഷസൻമാരെ ഇതുവരെ കണ്ടെത്തിയില്ല, മറിച്ച്, ഈ ആളുകളുടെയെല്ലാമിടയിൽ സൗന്ദര്യം വിലമതിക്കപ്പെടുന്നുണ്ട്. . . . അങ്ങനെ മനുഷ്യമാംസം തിന്നുന്ന ഒരു ജനത്തെയൊഴിച്ച്. . .രാക്ഷസൻമാരെ കണ്ടെത്തുകയോ അവരെക്കുറിച്ചുള്ള ശ്രുതി കേൾക്കുകയോ ചെയ്തില്ല. . . അവർ മററുള്ളവരെക്കാൾ വിരൂപരല്ല.”
മനുഷ്യവർഗ്ഗത്തെ വർഗ്ഗീകരിക്കൽ
അങ്ങനെ, ഭൂപര്യവേക്ഷണത്തോടെ മനുഷ്യ വൈവിദ്ധ്യം യക്ഷിക്കഥയുടെയും മിത്തിന്റെയും മണ്ഡലത്തിൽനിന്ന് നീക്കംചെയ്യപ്പെട്ടു. മനുഷ്യരെ നിരീക്ഷിക്കാനും പഠിക്കാനും കഴിഞ്ഞു. കാലക്രമത്തിൽ ശാസ്ത്രജ്ഞൻമാർ അവരെ വർഗ്ഗീകരിക്കാൻ ശ്രമിച്ചു.
സ്വീഡിഷ് ജന്തുശാസ്ത്രജ്ഞനായ കാരലസ് ലിന്നയൂസ് 1735-ൽ തന്റെ സിസ്ററമാ നാച്ചുറെ പ്രസിദ്ധപ്പെടുത്തി. അതിൽ മനുഷ്യൻ ഹോമോ സാപ്യൻസ് എന്ന് നാമകരണം ചെയ്യപ്പെട്ടു, അതിന്റെ അർത്ഥം “ജ്ഞാനിയായ മനുഷ്യൻ” എന്നാണ്, അത് ഏതെങ്കിലും ജാതിക്ക് കൊടുക്കപ്പെട്ടിട്ടുള്ളതിലേക്കും ഏററം ചപലമായ ഔദ്ധത്യത്തോടെ കൊടുക്കപ്പെട്ട നിർവചനമായിരിക്കാനാണ് സാദ്ധ്യതയെന്ന് ഒരു എഴുത്തുകാരൻ പറയുകയുണ്ടായി! ലിന്നയൂസ് മനുഷ്യവർഗ്ഗത്തെ അഞ്ച് കൂട്ടങ്ങളായി പിരിച്ചു. അവയെ അദ്ദേഹം പിൻവരുന്ന പ്രകാരം വർണ്ണിച്ചു:
ആഫ്രിക്കൻ: കറുത്തവർ, കഫപ്രകൃതമുള്ളവർ, വിശ്രമപ്രിയർ, കറുത്ത ചുരുളൻമുടിയുള്ളവർ; പട്ടുപോലുള്ള ത്വക്ക്; പരന്ന മൂക്ക് ; വീർത്ത ചുണ്ടുകൾ; ഉപായികൾ; അലസർ; അശ്രദ്ധർ; കൊഴുപ്പു തേക്കുന്നു; ചാപല്യത്താൽ ഭരിക്കപ്പെടുന്നു.
അമേരിക്കൻ: ചെമ്പുനിറമുള്ളവർ, പിത്തപ്രകൃതമുള്ളവർ, നേരെ നിൽക്കുന്നവർ; കറുത്ത, നേരെ നിൽക്കുന്ന, ഇടതൂർന്ന മുടിയുള്ളവർ; വിസ്തൃതമായ നാസാരന്ധ്രമുള്ളവർ; പരുക്കൻ മുഖം; തുച്ഛമായ താടിമീശ; ശാഠ്യക്കാർ; സംതൃപ്ത സ്വതന്ത്രർ; നേർത്ത ചുവന്ന രേഖകൾ ശരീരത്തിൽ വരക്കുന്നു; ആചാരങ്ങളാൽ ക്രമവൽക്കരിക്കപ്പെടുന്നു.
ഏഷ്യാററിക്ക്: ദുഃഖഭാവമുള്ളവർ; കടുപ്പക്കാർ; കറുത്ത മുടിയുള്ളവർ; ഇരുണ്ട കണ്ണുകളുള്ളവർ; കഠിനർ; ഉദ്ധതർ; അത്യാഗ്രഹികൾ; അയഞ്ഞ അങ്കികൾ ഇടുന്നവർ; അഭിപ്രായങ്ങളാൽ ഭരിക്കപ്പെടുന്നവർ.
യൂറോപ്യൻമാർ: സുന്ദരർ, രക്തവർണ്ണമുള്ളവർ, ദൃഢാംഗികൾ; മഞ്ഞ, തവിട്ട്, നിറത്തിൽ നീണ്ട മുടിയുള്ളവർ; നീലക്കണ്ണുള്ളവർ; ശാന്തർ, സൂക്ഷ്മബുദ്ധിയുള്ളവർ, കണ്ടുപിടുത്തത്തിൽ സമർത്ഥർ. ഒതുങ്ങിയ വസ്ത്രം ധരിക്കുന്നവർ; നിയമങ്ങളാൽ ഭരിക്കപ്പെടുന്നവർ.
കാട്ടുമനുഷ്യൻ: നാൽക്കാലികൾ, മൂകർ, രോമാവൃതർ.
ലിന്നയൂസ് മനുഷ്യവർഗ്ഗത്തെ ജനിതകമായി ആർജ്ജിച്ച ലക്ഷണങ്ങളനുസരിച്ച് (ത്വക്കിന്റെ നിറം, മുടിയുടെ ഘടന മുതലായവ) വർഗ്ഗീകരിച്ചുവെന്നിരിക്കെ, അദ്ദേഹം മുൻവിധിയോടുകൂടിയ വ്യക്തിത്വവിലയിരുത്തലും നടത്തിയതായി ശ്രദ്ധിക്കുക. യൂറോപ്യൻമാർ “ശാന്തരും സൂക്ഷ്മബുദ്ധികളും കണ്ടുപിടുത്തത്തിൽ സമർത്ഥരു”മാണെന്ന് തറപ്പിച്ചുപറയുകയും അതേസമയം ഏഷ്യാററിക്കുകളെ “കഠിനരും ഉദ്ധതരും അത്യാഗ്രഹികളു”മായും ആഫ്രിക്കക്കാരെ “ഉപായികളും അലസരും അശ്രദ്ധരു”മായും വരച്ചുകാട്ടുകയും ചെയ്തു!
എന്നാൽ ലിന്നയൂസിന് തെററുപററിയിരുന്നു. അങ്ങനെയുള്ള വ്യക്തിത്വ ലക്ഷണങ്ങൾക്ക് ആധുനിക വർഗ്ഗീകരണത്തിൽ സ്ഥാനമില്ല, കാരണം ഓരോ മനുഷ്യ ജനസമൂഹത്തിലും പ്രകൃതങ്ങളുടെ ഒരേ വൈവിദ്ധ്യവും അതുപോലെതന്നെ ബുദ്ധിശക്തിയുടെ സമാനമായ വ്യാപ്തിയുമുണ്ടെന്ന് ഗവേഷണം പ്രകടമാക്കിയിരിക്കുന്നു. മററു വാക്കുകളിൽ പറഞ്ഞാൽ, നാം ഓരോ ജനവർഗ്ഗത്തിലും ഗുണപരവും നിഷേധാത്മകവുമായ ഗുണങ്ങൾ കണ്ടെത്തുന്നു.
ആധുനിക രീതികൾ മിക്കപ്പോഴും മനുഷ്യരെ കർശനമായി ശാരീരിക വ്യത്യാസങ്ങളെ അടിസ്ഥാനപ്പെടുത്തി മൂന്നു കൂട്ടങ്ങളായി തരംതിരിക്കുന്നു: (1) വെള്ളക്കാർ, സുന്ദരമായ ത്വക്കും നേരെയുള്ളതോ തരംഗിതമോ ആയ മുടിയുമുള്ളവർ; (2) മംഗോളിയൻവർഗ്ഗം, മഞ്ഞനിറമുള്ള ത്വക്കും കണ്ണുകൾക്കു ചുററും നേത്രപര്യന്തോപരി മടക്കുകളുമുള്ളവർ; (3) നീഗ്രോ വർഗ്ഗം, കറുത്ത ത്വക്കും കമ്പിളിപോലുള്ള മുടിയുമുള്ളവർ. എന്നാൽ എല്ലാവരും ഈ വർഗ്ഗങ്ങളിലൊന്നിനോട് ഭംഗിയായി യോജിക്കുന്നില്ല.
ദൃഷ്ടാന്തത്തിന്, ദക്ഷിണാഫ്രിക്കയിലെ സാനിനും കോയ്കോയിക്കും ചെമ്പുനിറമുള്ള ത്വക്കും കമ്പിളിപോലുള്ള മുടിയും മംഗോളിയൻമാതൃകയിലുള്ള മുഖ ലക്ഷണങ്ങളുമുണ്ട്. ചില ഇൻഡ്യൻ ജനവർഗ്ഗങ്ങൾക്ക് കറുത്ത ത്വക്കും എന്നാൽ വെള്ളക്കാരുടെ മുഖസവിശേഷതകളുമാണുള്ളത്. ആസ്ത്രേലിയൻ ആദിവാസികൾക്ക് കറുത്ത ത്വക്കുണ്ട്, എന്നാൽ അവരുടെ കമ്പിളിപോലുള്ള മുടിക്ക് മിക്കപ്പോഴും ധവളവർണ്ണമാണുള്ളത്. ചില മംഗോളിയൻ വർഗ്ഗക്കാർക്ക് വെള്ളക്കാരുടേതുപോലെയുള്ള കണ്ണാണുള്ളത്. വ്യക്തമായ വിഭജനരേഖ സ്ഥിതിചെയ്യുന്നില്ല.
ഈ പ്രശ്നങ്ങൾ ചില നരവംശ ശാസ്ത്രജ്ഞൻമാർ മനുഷ്യവർഗ്ഗത്തെ തരംതിരിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കാനും “വർഗ്ഗം” എന്ന പദത്തിന് ശാസ്ത്രീയമായ അർത്ഥമോ മൂല്യമോ ഇല്ലെന്ന് തറപ്പിച്ചുപറയാനുമിടയാക്കിയിരിക്കുന്നു.
യുനെസ്ക്കോ പ്രഖ്യാപനങ്ങൾ
ഒരുപക്ഷേ വർഗ്ഗത്തെ സംബന്ധിച്ച ഏററവും പ്രാമാണികമായ ശാസ്ത്രീയ പ്രഖ്യാപനങ്ങൾ യൂനെസ്ക്കോ (ഐക്യരാഷ്ട്ര, വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടന) വിളിച്ചുകൂട്ടിയ ഒരു കൂട്ടം വിദഗ്ദ്ധർ നടത്തിയവയാണ്. 1950, 1951, 1964, 1967, എന്നീ വർഷങ്ങളിൽ മീററിംഗുകൾ നടത്തപ്പെട്ടു, അവയിൽ നരവംശ ശാസ്ത്രജ്ഞൻമാരുടെയും ജന്തുശാസ്ത്രജ്ഞൻമാരുടെയും ഡോക്ടർമാരുടെയും ശരീര ശാസ്ത്രജ്ഞൻമാരുടെയും ഒരു അന്താരാഷ്ട്ര ഗണവും മററു ചിലരും സംയുക്തമായി വർഗ്ഗത്തെ സംബന്ധിച്ച് നാലു പ്രസ്താവനകളിറക്കി. ഒടുവിലത്തെ പ്രസ്താവന ചുവടെ ചേർക്കുന്ന മൂന്ന് പോയിൻറുകൾ ഊന്നിപ്പറഞ്ഞു:
എ ഇന്നു ജീവിക്കുന്ന സകല മനുഷ്യരും ഒരേ ജാതിയിൽ പെട്ടവരും ഒരേ കുടുംബത്തിൽനിന്ന് ഉത്ഭവിക്കുന്നവരുമാണ്.” ഈ പോയിൻറ് അതിനെക്കാൾ പ്രമുഖമായ ഒരു പ്രമാണത്താൽ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ബൈബിൾ പറയുന്നു: “മുഴു ഭൂതലത്തിലും വസിക്കുന്നതിന് [ദൈവം] ഒരു മനുഷ്യനിൽനിന്ന് [ആദാം] സകല മനുഷ്യ ജനതയെയും നിർമ്മിച്ചു.”—പ്രവൃത്തികൾ 17:26.
യുനെസ്ക്കോ പ്രസ്താവന ഇങ്ങനെ തുടരുന്നു:
ബി മനുഷ്യജാതിയുടെ വർഗ്ഗങ്ങളായുള്ള തിരിക്കൽ ഭാഗികമായി പരമ്പരാഗതവും ഭാഗികമായി സ്വേച്ഛാപരവുമാണ്, ഏതെങ്കിലും സ്ഥാനാനുക്രമത്തെ സൂചിപ്പിക്കുന്നുമില്ല. . . .
സി “നിലവിലുള്ള ജീവശാസ്ത്രപരമായ അറിവ് സാംസ്കാരികനേട്ടങ്ങൾ ജനിതകപ്രാപ്തിയിലെ വ്യത്യാസങ്ങൾ നിമിത്തമാണെന്ന് ആരോപിക്കാൻ നമ്മെ അനുവദിക്കുന്നില്ല. വ്യത്യസ്തജനങ്ങളുടെ നേട്ടങ്ങളിലെ വ്യത്യാസങ്ങൾ മുഴുവനായും അവരുടെ സാംസ്കാരിക ചരിത്രത്തിന്റേതായി ആരോപിക്കപ്പെടേണ്ടതാണ്. ഇന്നത്തെ ലോകത്തിലെ ജനങ്ങൾക്ക് നാഗരികതയുടെ ഏതു തലത്തിലുമെത്തുന്നതിന് ജീവശാസ്ത്രപരമായ തുല്യപ്രാപ്തികളുള്ളതായി കാണപ്പെടുന്നു.”
വർഗ്ഗീയതയാകുന്ന ബാധ
ഏതെങ്കിലും വർഗ്ഗത്തിന് മറെറാന്നിനെ ഭരിക്കാൻ അവകാശമുണ്ടെന്നോ ഒന്നു മറെറാന്നിനെക്കാൾ സഹജമായി മികച്ചതാണെന്നോ വിശ്വസിക്കുന്നതിന് അടിസ്ഥാനമില്ല. എന്നാൽ ആളുകൾ എല്ലായ്പ്പോഴും വസ്തുതകൾക്കനുയോജ്യമായി പ്രവർത്തിച്ചിട്ടില്ല. ദൃഷ്ടാന്തത്തിന്, ആഫ്രിക്കൻ അടിമവ്യാപാരത്തിന്റെ കാര്യം പരിഗണിക്കുക.
യൂറോപ്യൻ രാഷ്ട്രങ്ങൾ കൊളോണിയൽ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാൻ തുടങ്ങിയപ്പോൾ അവർക്ക് നാട്ടുകാരെ ചൂഷണംചെയ്യുന്നത് സാമ്പത്തികമായി ലാഭകരമായിരുന്നു. എന്നാൽ ഇവിടെ ഒരു വിരോധാഭാസമുണ്ടായിരുന്നു. ദശലക്ഷക്കണക്കിന് ആഫ്രിക്കക്കാർ തങ്ങളുടെ ഭവനങ്ങളിൽനിന്ന് വലിച്ചിഴക്കപ്പെടുകയും തങ്ങളുടെ പ്രിയപ്പെട്ടവരിൽനിന്ന് പറിച്ചുമാററപ്പെടുകയും ചങ്ങലയിടപ്പെടുകയും ചാട്ടകൊണ്ട് അടിക്കപ്പെടുകയും ചൂടിരുമ്പുകൊണ്ട് പൊള്ളിച്ചടയാളമിടപ്പെടുകയും മൃഗങ്ങളെപ്പോലെ വിൽക്കപ്പെടുകയും അവർ മരിക്കുന്ന ദിവസം വരെയും യാതൊരു ശമ്പളവും കൊടുക്കാതെ പണിചെയ്യാൻ നിർബന്ധിക്കപ്പെടുകയും ചെയ്തു. ക്രിസ്തീയമെന്ന് അവകാശപ്പെട്ടതും തങ്ങളുടെ അയൽക്കാരനെ തങ്ങളെപ്പോലെതന്നെ സ്നേഹിക്കുന്നതായി സങ്കൽപ്പിക്കപ്പെട്ടതുമായ രാഷ്ട്രങ്ങൾക്ക് ഇതിനെ ധാർമ്മികമായി എങ്ങനെ ന്യായീകരിക്കാൻ കഴിയുമായിരുന്നു?—ലൂക്കോസ് 10:27
അവർ തെരഞ്ഞെടുത്ത പരിഹാരം തങ്ങളുടെ ഇരകളെ നിർമാനവീകരിക്കുയെന്നതായിരുന്നു. ഇത് 1840കളിലെ ഒരു നരവംശ ശാസ്ത്രജ്ഞന്റെ ന്യായവാദമായിരുന്നു.
“നീഗ്രോയും ആസ്ത്രേലിയനും നമ്മുടെ സഹജീവികളും നമ്മുടെ ഏക കുടുംബത്തിൽപെട്ടവരുമായിരിക്കാതെ ഒരു ഹീനവർഗ്ഗത്തിൽപ്പെട്ടവരാണെങ്കിൽ, ക്രിസ്തീയ ലോകത്തിന്റെ ധാർമ്മികത അടിസ്ഥാനപ്പെട്ടിരിക്കുന്ന ക്രിയാത്മക കല്പനകളിലൊന്നിലും . . . അവരോടുള്ള നമ്മുടെ കടമകൾ വിചിന്തനം ചെയ്യപ്പെടുന്നുമില്ലെങ്കിൽ, ഈ ഗോത്രങ്ങളോടുള്ള നമ്മുടെ ബന്ധങ്ങൾ നമ്മളും വാലില്ലാക്കുരങ്ങുകളുടെ ഒരു വർഗ്ഗവുമായുള്ളതായി സങ്കൽപ്പിക്കപ്പെടാവുന്ന ബന്ധങ്ങളിൽനിന്ന് വളരെ വ്യത്യാസമില്ലാത്തതായി തോന്നും.”
വെള്ളക്കാരല്ലാത്ത ആളുകൾ അധമ മനുഷ്യരാണെന്നുള്ള ആശയത്തിന് പിന്തുണ തേടിയവർ ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ കയറിപ്പിടിച്ചു. കോളണികളിലെ ആളുകൾ പരിണാമ ഗോവണിയിൽ വെള്ളക്കാരെക്കാൾ താണ ഒരു പടിയിലാണെന്ന് അവർ വാദിച്ചു. വെള്ളക്കാരല്ലാത്തവർ ഒരു വ്യത്യസ്ത പരിണാമ പ്രക്രിയയുടെ ഫലമാണെന്നും പൂർണ്ണമായും മനുഷ്യരല്ലെന്നും മററു ചിലർ അവകാശപ്പെട്ടു. മററു ചിലർ തങ്ങളുടെ വർഗ്ഗീയ വീക്ഷണങ്ങളെ പിന്താങ്ങുന്നതിന് തിരുവെഴുത്തുകളെ വളച്ചൊടിച്ചുകൊണ്ട് ബൈബിളിനെ ഉദ്ധരിച്ചു.
തീർച്ചയായും, അനേകർ ഈ ചിന്തയെ അപ്പാടെ വിഴുങ്ങിയില്ല. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളിലും അടിമത്വം നിർത്തലാക്കപ്പെട്ടിരുന്നു. എന്നാൽ വിവേചനവും മുൻവിധിയും വർഗ്ഗീയ വാദവും തുടരുകയും ആളുകളുടെ ഭാവനയിൽ മാത്രം വർഗ്ഗങ്ങളായിരുന്ന വംശീയ സമൂഹങ്ങളിലേക്ക് പടരുകയും ചെയ്തു. ഒരു ജന്തുശാസ്ത്ര പ്രൊഫസ്സർ ഇങ്ങനെ പറഞ്ഞു: “തന്റെ മോഹചിന്തക്ക് അനുയോജ്യമാകുമാറ് വർഗ്ഗങ്ങൾ സൃഷ്ടിക്കാൻ ഏതൊരാൾക്കും അവകാശമുണ്ടെന്ന് തോന്നുമെന്നുള്ളതിനാൽ രാഷ്ട്രീയക്കാരും പ്രത്യേക അഭിഭാഷകരും ശുദ്ധ സാഹസികരും വർഗ്ഗ തരംതിരിക്കലിൽ ഏർപ്പെട്ടിരിക്കുന്നു. തങ്ങളുടെ ഇഷ്ടധാരണകൾക്കും മുൻവിധികൾക്കും ‘ശാസ്ത്രീയ മാന്യതയുടെ ഒരു പ്രഭ കൊടുക്കുന്നതിന് അവർ പുറംപകിട്ടുള്ള വർഗ്ഗീയ ലേബലുകൾ കണ്ടുപിടിച്ചു.”
നാസി ജർമ്മനിയുടെ വർഗ്ഗീയ നയങ്ങൾ ഒരു മുഖ്യ ദൃഷ്ടാന്തമായി നിലകൊള്ളുന്നു. അഡോൾഫ് ഹിററ്ലർ ആര്യൻവർഗ്ഗത്തെ പ്രകീർത്തിച്ചെങ്കിലും ജീവശാസ്ത്രപരമായി അങ്ങനെയൊന്നില്ല. ഒരിക്കലും ഉണ്ടായിരുന്നിട്ടുമില്ല. സ്വീഡനിൽ ധവളനിറവും നീലനിറവുമുള്ള കണ്ണുകളോടുകൂടിയ യഹൂദൻമാരുണ്ട്, എത്യോപ്യയിൽ കറുത്ത യഹൂദൻമാരുണ്ട്. ചൈനയിൽ മംഗോളിയൻസമാന യഹൂദൻമാരുണ്ട്. എന്നിരുന്നാലും, യഹൂദൻമാരും മററു ചിലരും ഒരു വർഗ്ഗീയ നയത്തിന്റെ ഇരകളായിരുന്നു. ആ നയം തടങ്കൽപാളയങ്ങളിലേക്കും ഗാസ് ചേമ്പറുകളിലേക്കും അറുപതു ലക്ഷം യഹൂദൻമാരുടെയും പോളണ്ടിൽനിന്നും സോവ്യററ് യൂണിയനിൽനിന്നുമുള്ള സ്ലാവുകൾ പോലെയുള്ള മററു ജനങ്ങളുടെയും മരണത്തിലേക്കും നയിച്ചു. (g90 12⁄8)
[5-ാം പേജിലെ ആകർഷകവാക്യം]
ഓരോ മനുഷ്യ സമൂഹത്തിലും ബുദ്ധിശക്തിയുടെ ഒരേ വൈവിദ്ധ്യമുണ്ടെന്ന് ശാസ്ത്രീയ ഗവേഷണം തെളിയിച്ചിട്ടുണ്ട്.
[6-ാം പേജിലെ ആകർഷകവാക്യം]
‘രാഷ്ട്രീയക്കാരും പ്രത്യേക അഭിഭാഷകരും ശുദ്ധ സാഹസികരും തങ്ങളുടെ ഇഷ്ടധാരണകൾക്കും മുൻവിധികൾക്കും “ശാസ്ത്രീയ” മാന്യതയുടെ ഒരു പ്രഭ കൊടുക്കുന്നതിന് പുറംപകിട്ടുള്ള വർഗ്ഗീയ ലേബലുകൾ കണ്ടുപിടിച്ചു.’
[7-ാം പേജിലെ ചിത്രങ്ങൾ]
ഈ നോട്ടീസുകൾ പ്രകടമാക്കുന്ന പ്രകാരം, ആഫ്രിക്കക്കാർ കന്നുകാലികളായിരിക്കുന്നതുപോലെ, പരസ്യം ചെയ്യപ്പെടുകയും വിൽക്കപ്പെടുകയുംചെയ്തു