വർഗം ഒരു പ്രമാദവിഷയം ആയിരിക്കുന്നത് എന്തുകൊണ്ട്?
രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന്റെ ആരംഭംമുതൽത്തന്നെ “അവർ,” “ഞങ്ങൾ” എന്ന ധാരണാബോധം ആളുകളുടെ ചിന്തയെ ഭരിച്ചുപോന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളും ശരിയായി ചെയ്യുന്ന ലക്ഷണം തികഞ്ഞ ആളുകൾ തങ്ങൾ മാത്രമാണെന്ന് അവർ സ്വയം ധരിച്ചുവച്ചിരിക്കുന്നു. ഒരുവന്റെ സ്വന്തം ആളുകൾക്കും സമ്പ്രദായങ്ങൾക്കും മാത്രമേ വിലയുള്ളു എന്ന ഈ ധാരണയെയാണു ശാസ്ത്രജ്ഞർ സ്വവർഗശ്രേഷ്ഠവാദം എന്നു വിളിക്കുന്നത്.
ദൃഷ്ടാന്തത്തിന് പുരാതന ഗ്രീക്കുകാർ “ബർബരൻമാർക്ക്” അത്ര വലിയ വില കൽപ്പിച്ചിരുന്നില്ല, ഗ്രീക്കുകാരനല്ലാത്ത ആരെയും “ബർബരൻ” എന്ന് അവർ വിളിച്ചു. മററു ഭാഷകൾ ഗ്രീക്കു കാതുകൾക്ക് ഒട്ടും വ്യക്തതയില്ലാത്ത വെറും “ബർ-ബർ” ശബ്ദം പോലെയാണു തോന്നിയത്. അതിൽനിന്നു വികാസം പ്രാപിച്ചതാണു “ബർബരൻ” എന്ന പദം. അവർക്കു മുമ്പുണ്ടായിരുന്ന ഈജിപ്ററുകാരും അവർക്കു ശേഷമുണ്ടായിരുന്ന റോമാക്കാരും മററുള്ളവരെക്കാൾ ശ്രേഷ്ഠരായി സ്വയം കരുതിപ്പോന്നു.
നൂററാണ്ടുകളോളം ചൈനാക്കാർ തങ്ങളുടെ രാജ്യത്തെ ഷോംങ് ഗ്വോ അഥവാ മധ്യരാജ്യം എന്നു വിളിച്ചു, കാരണം ചൈന പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലെന്നു വന്നാൽപ്പോലും ലോകത്തിന്റെ കേന്ദ്രമാണെന്ന് അവർ വിശ്വസിച്ചിരുന്നു. പിൽക്കാലത്തു ചെമ്പിച്ച തലമുടിയും പച്ചക്കണ്ണുകളും ചുവന്ന നിറവും ഉള്ള യൂറോപ്യൻ മിഷനറിമാർ ചൈനയിലെത്തിയപ്പോൾ ചൈനാക്കാർ അവരെ “മറുനാടൻ പിശാചുക്കൾ” എന്നു മുദ്രകുത്തി. അതുപോലെതന്നെ പൗരസ്ത്യർ ആദ്യമായി യൂറോപ്പിലും വടക്കേ അമേരിക്കയിലും എത്തിയപ്പോൾ അവരുടെ ഇടുങ്ങിയ കണ്ണുകളും വിചിത്രമായി തോന്നിയ ആചാരങ്ങളും അവരെ എളുപ്പം പരിഹാസത്തിന്റെയും സംശയത്തിന്റെയും അനായാസ ലക്ഷ്യങ്ങളാക്കിത്തീർത്തു.
എന്നിരുന്നാലും, മനുഷ്യവർഗവിഭാഗങ്ങൾ എന്ന പുസ്തകം പറയുന്നതുപോലെ പരിഗണനയിലെടുക്കേണ്ട ഒരു സുപ്രധാന വസ്തുതയുണ്ട്: “ഒരുവന്റെ വർഗീയ ശ്രേഷ്ഠതയിൽ വിശ്വസിക്കുന്നത് എളുപ്പമാണ്; ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ ഉപയോഗിച്ച് അതു തെളിയിക്കാൻ ഒരുമ്പെടുന്നതു മറെറാരു കാര്യമാണ്.” ഒരു വർഗം മറെറാന്നിനെക്കാൾ ശ്രേഷ്ഠമാണെന്നു തെളിയിക്കാനുള്ള ശ്രമങ്ങൾ താരതമ്യേന പുതിയ കാര്യമാണ്. “മാനസികവും അതുപോലെതന്നെ ശാരീരികവുമായി പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്ന സ്വഭാവികമോ ജീവശാസ്ത്രപരമോ ആയ മനുഷ്യവർഗങ്ങൾ ഉണ്ടെന്നുള്ള ആശയം പതിനെട്ടാം നൂററാണ്ടിന്റെ ഉത്തരാർധത്തിൽ മാത്രം ആവിർഭവിച്ച ഒരു സങ്കല്പമാണ്” എന്നു നരവംശശാസ്ത്രജ്ഞനായ ആഷ്ലി മോൺടേഗ്യു എഴുതി.
വർഗീയ ശ്രേഷ്ഠത സംബന്ധിച്ച വാദവിഷയം 18-ഉം 19-ഉം നൂററാണ്ടുകളിൽ വളരെ പ്രമുഖമായിത്തീർന്നത് എന്തുകൊണ്ടാണ്?
അടിമക്കച്ചവടവും വർഗവും
ലാഭകരമായ അടിമക്കച്ചവടം അപ്പോഴേക്കും അതിന്റെ ഉച്ചാവസ്ഥയിൽ എത്തിയിരുന്നു എന്നതാണ് ഒരു മുഖ്യ കാരണം. ലക്ഷക്കണക്കിന് ആഫ്രിക്കക്കാരെ ബലം പ്രയോഗിച്ചു കൊണ്ടുപോയി യൂറോപ്പിലും അമേരിക്കകളിലും അവരെ നിർബന്ധിച്ച് അടിമകളാക്കി. പുരുഷൻമാരും സ്ത്രീകളും കുട്ടികളും വീണ്ടുമൊരിക്കലും പരസ്പരം കണ്ടുമുട്ടാൻ കഴിയാത്തവിധം ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് അയയ്ക്കപ്പെട്ടപ്പോൾ മിക്കപ്പോഴും കുടുംബങ്ങൾ ശിഥിലമായി. ഏറെപ്പേരും ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ട അടിമക്കച്ചവടക്കാർക്കും അടിമകളുടെ ഉടമകൾക്കും അത്തരം മനുഷ്യത്വരഹിതമായ ചെയ്തികളെ എങ്ങനെ ന്യായീകരിക്കാൻ കഴിയുമായിരുന്നു?
കറുത്ത ആഫ്രിക്കക്കാർ ജൻമനാ താഴ്ന്നവരാണെന്ന വീക്ഷണം പ്രചരിപ്പിക്കുകവഴി. “എല്ലാ നീഗ്രോകളും, പൊതുവേ മറെറല്ലാ മനുഷ്യജാതികളും ജൻമനാ വെളുത്തവരെക്കാൾ താഴ്ന്നവരാണെന്നു ഞാൻ സംശയിച്ചുപോകുന്നു,” 18-ാം നൂററാണ്ടിലെ സ്കോട്ടിഷ് തത്ത്വചിന്തകനായ ഡേവിഡ് ഹ്യൂം എഴുതി. വാസ്തവത്തിൽ ഒരുവന് “[നീഗ്രോകൾ]ക്കിടയിൽ വിദഗ്ധമായ യാതൊരു കണ്ടുപിടിത്തങ്ങളാകട്ടെ, കലയാകട്ടെ, ശാസ്ത്രമാകട്ടെ കണ്ടെത്താൻ കഴിയില്ല” എന്ന് അദ്ദേഹം അവകാശപ്പെട്ടു.
എന്നിരുന്നാലും, അത്തരം അവകാശവാദങ്ങൾ തെററായിരുന്നു. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ (1973) ഇപ്രകാരം കുറിക്കൊണ്ടു: “നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ വളരെയധികം വികസിതമായ നീഗ്രോ രാജ്യങ്ങൾ നിലനിന്നിരുന്നു. . . . 1200-നും 1600-നും ഇടയ്ക്കു പശ്ചിമാഫ്രിക്കയിലെ ററിംബുക്ററുവിൽ ഒരു നീഗ്രോ-അറേബ്യൻ സർവകലാശാല പടർന്നു പന്തലിച്ചു, അതു സ്പെയ്നിലും വടക്കേ ആഫ്രിക്കയിലും മധ്യപൂർവദേശത്തും പ്രസിദ്ധമായിത്തീരുകയും ചെയ്തു.” എന്നിരുന്നാലും, കറുത്തവർ വെള്ളക്കാരെക്കാളും, മനുഷ്യരെക്കാൾപോലും അധമരായ ഒരു വർഗമാണെന്ന ഹ്യൂമിനെപ്പോലുള്ള തത്ത്വചിന്തകൻമാരുടെ വീക്ഷണത്തെ സ്വീകരിക്കാൻ അടിമക്കച്ചവടത്തിൽ ഉൾപ്പെട്ടിരുന്നവർ തിടുക്കം കൂട്ടി.
മതവും വർഗവും
തങ്ങളുടെ വർഗീയ വീക്ഷണങ്ങൾക്കു മതനേതാക്കൻമാരിൽനിന്നുള്ള ഗണ്യമായ പിന്തുണ അടിമക്കച്ചവടക്കാർക്കു കിട്ടി. ആയിരത്തിനാനൂററമ്പത് എന്ന വർഷത്തോളം മുമ്പുതന്നെ റോമൻ കത്തോലിക്കാ പാപ്പാമാരുടെ കല്പനകൾ, “പുറജാതീയരുടെ”യും “വഴിപിഴച്ചവരുടെ”യും “ആത്മാക്കൾ” “ദൈവരാജ്യ”ത്തിനുവേണ്ടി രക്ഷപെടാൻ തക്കവണ്ണം അവരെ കീഴടക്കിവെച്ച് അടിമവേല ചെയ്യിക്കുന്നതിനുള്ള അനുവാദം നൽകി. സഭയുടെ അനുഗ്രഹം ലഭിച്ചതുകൊണ്ടു പുരാതന യൂറോപ്യൻ പര്യവേക്ഷകർക്കും അടിമക്കച്ചവടക്കാർക്കും അതതു ദേശങ്ങളിലെ നാട്ടുകാരായ ആളുകളോടു മൃഗീയമായി പെരുമാറുന്നതിൽ യാതൊരു മനസ്സാക്ഷിക്കുത്തും തോന്നിയില്ല.
“പിന്നീടു വന്ന പല ദശകങ്ങളിലും സത്യമായിരുന്നതുപോലെ 1760-കളിൽ കത്തോലിക്കരും ആംഗ്ലിക്കരും ലൂഥറൻമാരും പ്രസ്ബിറേററിയൻമാരും നാനവാദികളും ആയ പുരോഹിതൻമാരും ദൈവശാസ്ത്രജ്ഞരും കറുത്തവരെ അടിമകളാക്കുന്ന സമ്പ്രദായത്തിന് അനുമതി നൽകി” എന്ന് അടിമത്തവും മനുഷ്യപുരോഗതിയും (Slavery and Human Progress) എന്ന പുസ്തകം പറയുന്നു. “അടിമകളെ സ്വന്തമാക്കിവെക്കുന്നതിൽനിന്നോ വിൽക്കുന്നതിൽനിന്നുപോലുമോ അംഗങ്ങളെ നിരുത്സാഹപ്പെടുത്താൻ യാതൊരു ആധുനിക സഭയോ മതവിഭാഗമോ തുനിഞ്ഞിരുന്നില്ല.”
സാർവത്രിക ക്രിസ്തീയ സാഹോദര്യത്തെക്കുറിച്ചു ചില സഭകൾ സംസാരിച്ചെങ്കിലും വർഗീയവിദ്വേഷം ആളിക്കത്തിച്ച പഠിപ്പിക്കലുകളെ അവർ പ്രോത്സാഹിപ്പിച്ചു. ദൃഷ്ടാന്തത്തിന്, “ദീർഘമായ പോരാട്ടങ്ങൾക്കും ദൈവശാസ്ത്രപരമായ ചർച്ചകൾക്കും ശേഷമാണ് അമേരിക്കയിൽ തങ്ങൾ കണ്ടെത്തിയ തദ്ദേശ വർഗക്കാർ ആത്മാക്കളുള്ള മനുഷ്യരാണെന്നു സ്പാനീഷുകാർ അംഗീകരിച്ചത്” എന്ന് എൻസൈക്ലോപീഡിയ ജൂഡൈക്ക പ്രസ്താവിക്കുന്നു.
ക്രിസ്ത്യാനിത്വത്തിലേക്കു മതപരിവർത്തനം ചെയ്യപ്പെടുകമൂലം അത്തരം തദ്ദേശ വർഗക്കാരുടെ “ആത്മാക്കൾ രക്ഷിക്ക”പ്പെടുന്നിടത്തോളം അവർ ശാരീരികമായി എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതു പ്രധാനമല്ല. കറുത്തവരുടെ കാര്യത്തിലേക്കു വന്നപ്പോൾ അവരെ ദൈവം ശപിച്ചതാണെന്നു പല മതനേതാക്കൻമാരും വാദിച്ചു. ഇതു തെളിയിക്കാൻ തിരുവെഴുത്തുകൾ തെററായി ബാധകമാക്കി. പുരോഹിതൻമാരായ റോബർട്ട് ജെമിസണും എ. ആർ. ഫോസ്സററും ഡേവിഡ് ബ്രൗണും തങ്ങളുടെ ബൈബിൾ ഭാഷ്യത്തിൽ ഇപ്രകാരം ഉറപ്പിച്ചു പറയുന്നു: “കനാൻ ശപിക്കപ്പെടട്ടെ [ഉല്പത്തി 9:25]—ഈ വിധി കനാന്യരുടെ നാശത്തിൽ—ഈജിപ്ററിന്റെ അധഃപതനത്തിലും ഹാമിന്റെ പിൻഗാമികളായ ആഫ്രിക്കക്കാരുടെ അടിമത്തത്തിലും—നിവൃത്തിയായി.”—സമ്പൂർണ ബൈബിളിനെ സംബന്ധിച്ച വിമർശനപരവും വിശദീകരണപരവും ആയ ഭാഷ്യം (Commentary, Critical and Explanatory, on the Whole Bible).
കറുത്തവർഗക്കാരുടെ പൂർവപിതാവു ശപിക്കപ്പെട്ടു എന്ന പഠിപ്പിക്കൽ ബൈബിളിൽ പഠിപ്പിച്ചിട്ടേയില്ല. കറുത്തവർഗം കൂശിൽനിന്ന് ഉണ്ടായി എന്നുള്ളതാണു സത്യം, കനാനിൽ നിന്നല്ല. കറുത്തവരുടെ സ്വാഭാവിക അവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ട് അവരെ അടിമകളാക്കുന്നതിനെ ന്യായീകരിക്കാൻ ബൈബിൾപരമായ ശാപത്തെ ഉപയോഗിക്കുന്നത്, “അടിയുറച്ച ധാർമിക തത്ത്വങ്ങളാൽ ഭരിക്കപ്പെടാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ഏതൊരാളുടെയും മനസ്സിന് അംഗീകരിക്കാനാകാത്തവിധം ഘോരമായ ഒരു സങ്കല്പമാണ്.”
അബദ്ധശാസ്ത്രവും വർഗവും
കറുത്തവർ ഒരു താഴ്ന്ന വർഗമാണെന്ന സിദ്ധാന്തത്തെ പിന്താങ്ങാനുള്ള ശ്രമത്തിൽ അബദ്ധശാസ്ത്രവും അതിന്റെ ശബ്ദം കൂട്ടിച്ചേർത്തു. പത്തൊമ്പതാം നൂററാണ്ടിലെ ഫ്രഞ്ച് എഴുത്തുകാരനായ ജോസഫ് ഡി ഗൊബിനോ രചിച്ച വർഗങ്ങളുടെ അസമത്വത്തെക്കുറിച്ചുള്ള ഒരു ഉപന്യാസം (Essay on the Inequality of Races) എന്ന പുസ്തകം വരാനിരുന്ന അത്തരം പല കൃതികൾക്കുമുള്ള അടിത്തറ പാകി. അതിൽ ഗൊബിനോ മഹിമയുടെ അവരോഹണക്രമത്തിൽ മനുഷ്യവർഗത്തെ മൂന്നു വ്യത്യസ്ത വർഗങ്ങളായി വിഭജിച്ചു: വെളുത്തവർ, മഞ്ഞനിറമുള്ളവർ, കറുത്തവർ. ഓരോ വർഗത്തിന്റെയും അനന്യസാധാരണമായ ഗുണങ്ങൾ രക്തത്തിൽ കുടികൊള്ളുന്നുണ്ടെന്നും മിശ്രവിവാഹത്തിലൂടെ ഇടകലരുന്നത് ശ്രേഷ്ഠ ഗുണങ്ങളുടെ ശോഷണത്തിലും നഷ്ടത്തിലും കലാശിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആര്യൻമാർ എന്നു ഗൊബിനോ വിളിച്ച വെളുത്ത, ഉയരമുള്ള, ധവള കേശമുള്ള, നീലക്കണ്ണുകളുള്ള ഒരു ശുദ്ധ വർഗം ഒരിക്കൽ നിലനിന്നിരുന്നുവെന്ന് അദ്ദേഹം വാദിച്ചു. ഇൻഡ്യയിലേക്കു നാഗരികതയും സംസ്കൃതവും കൊണ്ടുവന്നവർ ആര്യൻമാരായിരുന്നുവെന്നും പുരാതന ഗ്രീസിലെയും റോമിലെയും സംസ്കാരങ്ങൾ സ്ഥാപിച്ചവർ ആര്യൻമാരായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ശ്രേഷ്ഠത കുറഞ്ഞ പ്രാദേശിക ആളുകളുമായി മിശ്രവിവാഹം ചെയ്യുകവഴി ഒരിക്കലുണ്ടായിരുന്ന സമ്പന്ന സംസ്കാരങ്ങൾ ആര്യവർഗത്തിലെ പ്രതിഭകളോടും വൈശിഷ്ട്യങ്ങളോടും കൂടെ തിരോഭവിച്ചു. ശുദ്ധ ആര്യൻമാരോട് ഏററവും അടുത്തായി ഇപ്പോൾ അവശേഷിക്കുന്ന ആളുകളെ വടക്കൻ യൂറോപ്പിലും, അതായത് നോർമാൻഡിക്കുകളുടെ ഇടയിലും കുറെക്കൂടെ പോയാൽ ജർമൻ ജനങ്ങളുടെ ഇടയിലും കണ്ടെത്താമായിരുന്നു എന്നു ഗൊബിനോ പ്രസ്താവിച്ചു.
ഗൊബിനോയുടെ അടിസ്ഥാന ആശയങ്ങൾക്ക്—ത്രിവർഗ തരംതിരിക്കൽ, രക്തബന്ധം, ആര്യൻവർഗം എന്നിവയ്ക്ക്—ശാസ്ത്രീയ തെളിവ് ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഇന്നത്തെ ശാസ്ത്രീയ സമൂഹം അവയെ പാടേ തള്ളിക്കളയുന്നു. എന്നിരുന്നാലും മററുള്ളവർ അവയെ പെട്ടെന്നുതന്നെ സ്വാംശീകരിച്ചു. അക്കൂട്ടത്തിൽപ്പെട്ട ആളാണ് ഇംഗ്ലീഷുകാരനായ ഹസ്ററൺ സ്ററുവാർട്ട് ചേംബർലയിൻ. അദ്ദേഹം ഗൊബിനോയുടെ ആശയങ്ങളാൽ അത്യന്തം ആകൃഷ്ടനായി ജർമനിയിൽ പാർപ്പുറപ്പിക്കുകയും ജർമൻകാരിലൂടെ മാത്രമേ ആര്യവർഗത്തിന്റെ വിശുദ്ധിയെ കാത്തുസൂക്ഷിക്കാൻ പ്രത്യാശിക്കാനാവുകയുള്ളുവെന്ന വാദത്തെ പിന്തുണയ്ക്കുകയും ചെയ്തു. ചേംബർലയിന്റെ കൃതികൾ ജർമനിയിൽ വ്യാപകമായി പ്രചരിച്ചു എന്നു പറയേണ്ടതില്ലല്ലോ, അതിന്റെ അനന്തരഫലം മോശമായിരുന്നു.
വർഗീയവാദത്തിന്റെ മോശമായ അനന്തരഫലം
മീൻ കാംഫ് (എന്റെ പോരാട്ടം) എന്ന തന്റെ ഗ്രന്ഥത്തിൽ, ജർമൻ വർഗം ലോകത്തെ ഭരിക്കാൻ നിയോഗിക്കപ്പെട്ട ആര്യ ശ്രേഷ്ഠവർഗമാണെന്ന് അഡോൾഫ് ഹിററ്ലർ ഉറപ്പിച്ചു പറഞ്ഞു. ജർമൻ സമ്പദ്വ്യവസ്ഥയുടെ അട്ടിമറിക്ക് ഉത്തരവാദികളായിരുന്നുവെന്നു ഹിററ്ലർ പറഞ്ഞ യഹൂദൻമാർ ഈ മഹത്തരമായ നിയോഗത്തിനു തടസ്സമായിരുന്നുവെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ യഹൂദരുടെയും യൂറോപ്പിലെ മററു ചില ന്യൂനപക്ഷങ്ങളുടെയും ഉൻമൂലനം തുടർന്നുണ്ടായി, നിസ്സംശയമായും അതു മനുഷ്യചരിത്രത്തിന്റെ ഏടുകളിലെ ഇരുണ്ട അധ്യായങ്ങളിലൊന്നായിരുന്നു. ഗൊബിനോയുടേതും ചേംബർലയിന്റേതും ഉൾപ്പെടെയുള്ള വർഗീയ ചിന്താഗതികളുടെ വിപത്കരമായ പരിണതഫലം ഇതായിരുന്നു.
എന്നിരുന്നാലും അത്തരം വിലക്ഷണത യൂറോപ്പിൽ മാത്രം ഒതുങ്ങിനിന്നില്ല. സമുദ്രത്തിനപ്പുറത്തെ പുതിയ ലോകം എന്നു വിളിക്കപ്പെട്ട ദേശത്തും അതേതരം അടിസ്ഥാനമില്ലാത്ത ആശയഗതികൾ നിർദോഷികൾക്കു തലമുറകളോളം പറഞ്ഞറിയിക്കാനാവാത്ത യാതനകൾ കൈവരുത്തി. ആഭ്യന്തരയുദ്ധത്തെത്തുടർന്ന് ഐക്യനാടുകളിൽ ആഫ്രിക്കൻ അടിമകൾ സ്വതന്ത്രരാക്കപ്പെട്ടെങ്കിലും, മററു പല പൗരൻമാരും ആസ്വദിച്ചിരുന്ന അനേക പദവികളിൽനിന്നും കറുത്തവരെ മാററിനിർത്തുന്ന നിയമങ്ങൾ മിക്ക സംസ്ഥാനങ്ങളിലും പാസാക്കി. എന്തുകൊണ്ട്? പൗരധർമങ്ങളിലും ഭരണത്തിലും പങ്കുപററാനുള്ള ബുദ്ധിപരമായ കഴിവു കറുത്ത വർഗക്കാർക്ക് ഇല്ലെന്നു വെളുത്ത പൗരൻമാർ കരുതി.
ആൻറിമിസെജെനേഷൻ നിയമം ഉൾപ്പെടുന്ന ഒരു കേസ് അത്തരം വർഗീയ വികാരങ്ങൾ എത്ര ആഴത്തിൽ വേരോടിയിരുന്നുവെന്നു പ്രകടമാക്കുന്നു. ഈ നിയമം കറുത്തവരും വെള്ളക്കാരും തമ്മിലുള്ള വിവാഹത്തെ വിലക്കി. ഈ നിയമത്തെ ലംഘിച്ച ഒരു ദമ്പതികൾക്കു ശിക്ഷ വിധിച്ചുകൊണ്ടു ജഡ്ജി ഇങ്ങനെ പ്രസ്താവിച്ചു: “സർവശക്തനായ ദൈവം വെളുത്തവരെയും കറുത്തവരെയും മഞ്ഞനിറമുള്ളവരെയും മലയൻമാരെയും ചെമന്നവരെയും സൃഷ്ടിച്ച് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാക്കിവെച്ചു. അവിടുത്തെ ഈ ക്രമീകരണത്തെ ലംഘിക്കുകയെന്നതല്ലാതെ അത്തരം വിവാഹങ്ങൾക്കു മററു യാതൊരു പ്രേരക കാരണവും ഉണ്ടായിരിക്കുകയില്ല.”
ജഡ്ജി ഇതു പറഞ്ഞത് 19-ാം നൂററാണ്ടിലോ പ്രാചീന കാലത്തോ അല്ല, പിന്നെയോ 1958-ൽ ആണ്—യു.എസ്. കോൺഗ്രസ്സ് സമ്മേളനമന്ദിരത്തിൽനിന്നും കഷ്ടിച്ച് 100 കിലോമീററർ അകലെവച്ച്! തീർച്ചയായും, വർഗങ്ങൾ തമ്മിലുള്ള വിവാഹങ്ങൾക്കെതിരായ എല്ലാ നിയമങ്ങളെയും സുപ്രീം കോടതി റദ്ദ് ചെയ്തത് 1967-ൽ മാത്രമായിരുന്നു.
അത്തരം വിവേചനാപരമായ നിയമങ്ങൾ—അതുപോലെതന്നെ സ്കൂളുകളിലും പള്ളികളിലും പൊതുസ്ഥാപനങ്ങളിലും മാററിനിർത്തലും ജോലിയിലും പാർപ്പിടത്തിലും ഉള്ള വിവേചനവും—ഐക്യനാടുകളിലും മററു പല സ്ഥലങ്ങളിലും യാഥാർഥ്യങ്ങളായി മാറിക്കഴിഞ്ഞിരുന്ന ആഭ്യന്തര കുഴപ്പത്തിലേക്കും പ്രതിഷേധ പ്രകടനങ്ങളിലേക്കും അക്രമത്തിലേക്കും നയിച്ചു. ജീവന്റെയും സ്വത്തിന്റെയും നാശം ഒഴിച്ചുനിർത്തിയാൽ തന്നെ, ഇതുളവാക്കിയ വേദനയും വിദ്വേഷവും വ്യക്തിപരമായ അപകർഷതയും യാതനകളും സംസ്കാരസമ്പന്നമെന്നഭിമാനിക്കുന്ന സമൂഹത്തിന്റെ നാണക്കേടും അപമാനവും ആയി മാത്രമേ കാണാൻ കഴിയുകയുള്ളു.
വർഗീയവാദം, മനുഷ്യരെ മഥിക്കുന്ന ഏററവും വലിയ വിഭാഗീയ ശക്തികളിൽ ഒന്നായിത്തീർന്നിരിക്കുന്നു. നമ്മോട് തന്നെ ഇങ്ങനെ ചോദിച്ചുകൊണ്ടു നമ്മുടെ ഹൃദയങ്ങൾ പരിശോധിക്കുന്നത് ഉചിതമാണ്: ഒരു വർഗത്തെ മറെറാന്നിനെക്കാൾ ശ്രേഷ്ഠമായി കരുതുന്ന ഏതു പഠിപ്പിക്കലുകളെയും ഞാൻ തള്ളിക്കളയുന്നുവോ? സാധ്യതയനുസരിച്ചു വർഗീയ ശ്രേഷ്ഠത സംബന്ധിച്ച് അവശേഷിക്കുന്ന ഏതെങ്കിലും ധാരണകൾ തുടച്ചുനീക്കാൻ ഞാൻ പ്രയത്നിച്ചിട്ടുണ്ടോ?
നാം ഇങ്ങനെ ചോദിക്കുന്നതും ഉചിതമാണ്: ഇന്നു വളരെ വ്യാപകമായിരിക്കുന്ന വർഗീയ മുൻവിധിയും സംഘർഷവും എന്നെങ്കിലും ദൂരീകരിക്കപ്പെടും എന്നതിന് എന്തു പ്രത്യാശയുണ്ട്? വ്യത്യസ്ത ദേശീയതയും ഭാഷകളും ആചാരരീതികളും ഉള്ള ആളുകൾക്കു സമാധാനത്തിൽ ഒത്തു വസിക്കാൻ കഴിയുമോ?
[7-ാം പേജിലെ ചിത്രം]
ഒട്ടനവധി വെള്ളക്കാർ മനുഷ്യരെക്കാൾ താഴ്ന്നവരായി കറുത്തവരെ വീക്ഷിച്ചുപോന്നു
[കടപ്പാട്]
Reproduced from DESPOTISM—A Pictorial History of Tyranny
[8-ാം പേജിലെ ചിത്രം]
നാസി ഉൻമൂലന പാളയങ്ങൾ വർഗീയ ആശയഗതികളുടെ വിപത്കരമായ ഒരു അനന്തരഫലമായിരുന്നു
[കടപ്പാട്]
U.S. National Archives photo