ലോകത്തെ വീക്ഷിക്കൽ
അസൂയക്കാരിയായ ദേവി?
വടക്കൻ ജപ്പാനിൽ ഒരു തുരങ്കത്തിന്റെ പൂർത്തീകരണം കുറിക്കുന്നതിനായി അടുത്ത കാലത്തു നടന്ന ഒരു ചടങ്ങിൽ പത്രപ്രവർത്തകർ ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും ഒരു വനിതാ റിപ്പോർട്ടർക്ക് പ്രവേശനം തടയുകയുണ്ടായി. ആ പദ്ധതിയുടെ അസിസ്ററൻറ് സൂപ്പർവൈസർ ഇങ്ങനെ വിശദീകരിച്ചു: “ഒരു കാലക്കേടുണ്ട്. മലയുടെ ദൈവം ഒരു സ്ത്രീയായതുകൊണ്ട് മററ് സ്ത്രീകളാരെങ്കിലും സ്ഥലത്ത് പ്രവേശിച്ചാൽ അവർ കോപിഷ്ടയാകുകയും അപകടങ്ങൾ വരുത്തുകയും ചെയ്യും. ഏതെങ്കിലും ഒരു സ്ത്രീ അവിടെ വന്നുപോയാൽ ശേഷിക്കുന്ന പണി തങ്ങൾ തുടരുകയില്ലെന്നാണ് പുരുഷൻമാർ പറയുന്നത്. “ഇത്, സ്ത്രീകൾ മലിനരാണെന്ന ലിംഗപരമായ വിശ്വാസത്തിലധിഷ്ഠിതമാണെ”ന്ന് ഒരു മനശ്ശാസ്ത്ര പ്രൊഫസ്സർ പറയുകയുണ്ടായി. ഈ രീതി “വിവേചനാപരം” ആണെങ്കിലും “നിർമ്മാണത്തൊഴിലാളികളുടെ വികാരങ്ങളെ അവഗണിക്കാൻ പാടില്ലാത്തതാണ്,” എന്ന് നിർമ്മാണ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ സമ്മതിക്കുകയുണ്ടായി.
സ്വതന്ത്ര പതന ഗോപുരം
ശാസ്ത്രജ്ഞൻമാർക്ക് മിക്കപ്പോഴും തങ്ങളുടെ ഗവേഷണം ഗുരുത്വരഹിതമായ പരിതസ്ഥിതിയിൽ നടത്തേണ്ട ആവശ്യം വരും, പക്ഷേ അതിനായി ബാഹ്യാകാശത്തേക്കു പോകുക എന്നത് അപൂർവമായേ താങ്ങാൻ കഴിയൂ. അതുകൊണ്ടാണ് ജർമ്മനിയിലെ ബ്രെമെനിൽ സ്വതന്ത്ര-പതനാവസ്ഥയിലുള്ള വസ്തുക്കളെ വീക്ഷിക്കാൻ ശാസ്ത്രജ്ഞൻമാരെ അനുവദിക്കുന്ന ഒരു ഗോപുരം നിർമ്മിക്കപ്പെട്ടത്. ഈ ഗോപുരം 479 അടി ഉയരമുള്ളതാണ്, അതിൽ 361 അടി (110 മീ.) ഉയരവും 11.5 അടി (3.5 മീ.) വീതിയുമുള്ള ഒരു കുഴലുണ്ട്. കുഴലിനകത്തുള്ള 6.6 അടി (2 മീ.) നീളമുള്ള ക്യാപ്സൂളിനുള്ളിൽ വെക്കുന്ന വസ്തുക്കൾ സ്വതന്ത്ര പതനത്തിൽ താഴേക്കെത്താൻ മണിക്കൂറിൽ 106 മൈൽ വരെ വേഗതയിൽ 4.74 സെക്കണ്ടുകൾ ചെലവഴിച്ചു. പതന സമയത്ത് വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കപ്പെടുന്ന ഉപകരണങ്ങളിൽ സെക്കണ്ടിൽ 6000 ചിത്രങ്ങൾ എടുക്കുന്ന ഒരു ക്യാമറയുണ്ട്.
ബ്രിട്ടീഷ് കാറുകെണികൾ
ബ്രിട്ടനിൽ കഴിഞ്ഞ വർഷം മോഷ്ടിക്കപ്പെട്ട 3,78,000 കാറുകൾക്കു ആവശ്യപ്പെട്ട ഇൻഷുറൻസ് തുക 500 ദശലക്ഷം ഡോളർ ആയിരുന്നു. മോഷ്ടാക്കളെ പിടികൂടുന്നതിന് പോലീസ് പലയിടങ്ങളിൽ ഇപ്പോൾ എലിക്കെണി എന്നു സാധാരണയായി വിളിക്കപ്പെടുന്ന പ്രത്യേക മാററം വരുത്തിയ കാറുകൾ ഉപയോഗിച്ചു വരുന്നു. മാററം വരുത്താൻ ഓരോന്നിനും 1800 ഡോളർ ചെലവു വരുന്ന ഈ വണ്ടികൾ തട്ടിക്കൊണ്ട് പോകാൻ കുററവാളികളെ പ്രലോഭിപ്പിക്കുമാറ് അവയുടെ എഞ്ചിനിൽ താക്കോലോടു കൂടിത്തന്നെ വഴിയിൽ ഇട്ടേക്കും. പക്ഷേ ഈ കാറുകളിലേതെങ്കിലും ഒന്ന് 15 മീററർ യാത്ര ചെയ്തു കഴിഞ്ഞാലുടനെ എഞ്ചിൻ നിലയ്ക്കുകയും വാതിലുകൾക്ക് പൂട്ട് വീഴുകയും ഉടയാത്ത ചില്ലോ പ്ലാസ്ററിക്കോ കൊണ്ടുള്ള അതിന്റെ ജനൽപ്പാളികൾ തുറക്കാനാവാത്ത അവസ്ഥയിലാകുകയും ചെയ്യുന്നു. അതേ സമയം റേഡിയോ അലാറങ്ങൾ പോലീസിന് വിവരം നൽകുകയും അവർ ഉടനെ തന്നെ രംഗപ്രവേശം ചെയ്ത് ഡ്രൈവറെ അറസ്ററു ചെയ്യുകയും ചെയ്യുന്നു. പൗര സ്വാതന്ത്ര്യത്തിന്റെ ദേശീയ കൗൺസിൽ ഈ രീതി സംബന്ധിച്ച് ആശങ്കയുണർത്തുകയുണ്ടായി, എന്നാൽ ആഭ്യന്തര വകുപ്പിലെ നാഷനൽ ക്രൈം പ്രിവൻഷൻ സെൻററിന്റെ ഡയറക്ടർ, ഈ സ്വയം പൂട്ടു വീഴുന്ന വണ്ടികൾ “കാർ മോഷ്ടാക്കൾക്കെതിരെയുള്ള യുദ്ധത്തിലെ ഒരു വിലയേറിയ ആയുധമാണ്” എന്ന് പ്രസ്താവിച്ചതായി ലണ്ടനിലെ ദ സൺഡേ റൈറംസ് റിപ്പോർട്ടു ചെയ്യുന്നു.
അമ്ലമഴയിൽ നിന്നു വിമുക്തി നേടുന്നു
ലോകവ്യാപകമായി ശുദ്ധജല തടാകങ്ങളിൻമേൽ അമ്ലമഴ വരുത്തിക്കൂട്ടുന്ന ഹാനികൾ രണ്ടു കനേഡിയൻ ജീവശാസ്ത്രജ്ഞൻമാരുടെ അഭിപ്രായപ്രകാരം ഉൽക്രമണീയമാണ്. അവർ കാനഡായിലെ ഒൺടാറിയോയിലെ വൈററ്പൈൻ തടാകത്തെക്കുറിച്ചുള്ള തങ്ങളുടെ പത്തു വർഷം നീണ്ട പഠനം ആ തടാകത്തിലെ ജലത്തെ അമ്ലമഴ മലിനീകരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആരംഭിച്ചു. ജലത്തിന്റെ അമ്ലത്വം വർദ്ധിച്ചു വന്നതോടെ തടാകത്തിലുണ്ടായിരുന്ന പൂമീനുകളുടെയും മററ് വർഗ്ഗങ്ങളിൽപ്പെട്ട മത്സ്യങ്ങളുടെയും സംഖ്യ കുറയാൻ തുടങ്ങി. എങ്കിലും മലിനീകരണം നിലച്ച് ആറു വർഷം കഴിയുകയും തടാകത്തിന്റെ അമ്ലനില സാധാരണയിലേക്ക് മടങ്ങി വരുകയും ചെയ്തപ്പോൾ ആദ്യമുണ്ടായിരുന്നതിന്റെ മൂന്നിൽരണ്ടു സംഖ്യ പൂമീനുകൾ വീണ്ടും പ്രത്യക്ഷപ്പെടുകയുണ്ടായി. കൂടാതെ മററ് ജലജീവ രൂപങ്ങളും വർദ്ധിക്കുന്നതിൽ തുടർന്നു. അതുകൊണ്ട് അമ്ലമഴയാൽ ഹനിക്കപ്പെട്ടവയിൽ ഏററവും കുറഞ്ഞത് ഏതാനും ചില തടാകങ്ങൾക്കെങ്കിലും മനുഷ്യ ഇടപെടൽ കൂടാതെ പ്രകൃത്യാ തന്നെ പൂർവാവസ്ഥ പ്രാപിക്കാൻ കഴിയുമെന്ന് കാണപ്പെടുന്നു.—മലിനീകരണത്തിന്റെ ഉറവ് നീക്കം ചെയ്യണമെന്ന് മാത്രം.
അലഞ്ഞു നടക്കുന്ന ദ്വീപ്
ഏതാണ്ട് 154 കിലോമീററർ ദൈർഘ്യവും 35 കിലോമീററർ വീതിയും 230 മീററർ കനവുമുള്ള ഒരു വലിയ ദ്വീപ് സമുദ്രത്തിൽ ഒഴുകി നടക്കുന്നത് ഒന്ന് സങ്കൽപ്പിക്കുക. ശാസ്ത്രജ്ഞൻമാർ ബി-9 എന്ന് പേരിട്ട ഹിമശില അത്തരത്തിലൊന്നായിരുന്നു. അത് 1978-ൽ അൻറാർട്ടിക് റോസ്സ് ഐസ് ഷെൽഫിൽ നിന്ന് അടർന്നുപോന്നതായിരുന്നു. ഉപഗ്രഹങ്ങൾ ആദ്യം ബി-9-നെ കണ്ടു പിടിച്ചു, പിന്നീട് ശാസ്ത്രജ്ഞൻമാർ അതിന്റെ ഉപരിതലത്തിലേക്ക് ഒരു റേഡിയോ ബീക്കൺ (മുന്നറിയിപ്പ് കുറി) നിക്ഷേപിച്ച്, അതുപയോഗിച്ച് അതിന്റെ നീക്കങ്ങൾ പിന്തുടർന്നു. അൻറാർട്ടിക്കായുടെ ഒരു പ്രസിദ്ധ ഭൂമിശാസ്ത്ര സവിശേഷതയായ വെയ്ൽസ് ഉൾക്കടലിലെ തുടച്ചു നീക്കിയ ബി-9 അതു അടർന്നുപോന്നതിനു ശേഷം ഏതാണ്ട് 2000 കിലോ മീററർ സഞ്ചരിക്കുകയുണ്ടായി. ഈ സഞ്ചാരത്തിനിടയിൽ അത് മൂന്നു ബൃഹത്തായ കഷണങ്ങളായി പിളരുകയും അങ്ങനെ അൻറാർട്ടിക്കായ്ക്ക് ചുററുമുള്ള അളക്കാൻ കഴിയാത്ത സങ്കീർണ്ണങ്ങളായ സമുദ്ര പ്രവാഹങ്ങളെ സംബന്ധിച്ച് വളരെയധികം കാര്യങ്ങൾ ശാസ്ത്രജ്ഞൻമാരെ പഠിപ്പിക്കുകയും ചെയ്തു. അതിന്റെ ആദ്യാവസ്ഥയിൽ അതിനുള്ളിൽ 1196 ഘന കിലോ മിററർ ഘനീഭവിച്ച ശുദ്ധജലമടങ്ങിയിരുന്നു—ഒരു എസ്ററിമേററ് പ്രകാരം ഭൂമിയിലുള്ള സകലർക്കും ഏകദേശം രണ്ടായിരം വർഷത്തേക്ക് ദിവസേന ഈരണ്ടു ഗ്ലാസ്സ് വെള്ളം വീതം നൽകാൻ പര്യാപ്തമായത്രയും. (g91 2/22)