പുരാതനസാങ്കേതികവിദ്യ—ആധുനിക അത്ഭുതം
“ഭൂമിയിൽ ഏററവും ചൂടുള്ളതും ഏററവും നിവാസയോഗ്യമല്ലാത്തതുമായ ഒരു പ്രദേശത്തുള്ള [തുർഫാൻ] പട്ടണം 2,000 വർഷം പഴക്കമുള്ള സാങ്കേതികവിദ്യയുടെ ഫലമായി സസ്യശ്യാമളമായ ഒരു മരുസങ്കേതമായി നിലകൊള്ളുന്നു” എന്നു കാനഡയിലെ ടൊറൊന്റൊയിൽനിന്നുള്ള ദ ഗ്ലോബ് ആൻറ് മെയിൽ റിപ്പോർട്ടു ചെയ്തു.
ചൈനയിലെ ഏററവും ചൂടുകൂടിയ നഗരമെന്നു പേരുകേട്ട തുർഫാൻ, ഭൂമിയിൽവെച്ച് ഏററവും ചൂടുകൂടിയതും വരണ്ടതുമായ സ്ഥലങ്ങളിൽ ഒന്നുകൂടിയാണ്. ഏകദേശം 1,80,000-വരുന്ന അതിലെ ജനങ്ങൾ തക്ക്ലാ മക്കാൻ മരുഭൂമിയുടെ ഒരു വിസ്തരണമായ തുർഫാൻ താഴ്വരയുടെ വടക്കെ അററത്തു വസിക്കുന്നു. മഴ അവർക്കു തീർത്തും അജ്ഞാതമാണ്. അവിടത്തെ കടുത്ത ചൂടു കാരണം അല്പം മഴ പൊടിയുന്നതു പോലും നിലത്തെത്തുന്നതിനു മുമ്പു തന്നെ ആവിയായിപ്പോകുന്നു. വേനൽക്കാലമാസങ്ങളിൽ താപനില സാധരണമായി തണലിൽ 54 ഡിഗ്രി സെൻറിഗ്രേഡിൽ എത്തുന്നു.
എന്നിരുന്നാലും, തുർഫാന്റെ ചുററുപാടും ഏതാണ്ടു 8,000 ഏക്കർ സ്ഥലം മുഴുവനും മരങ്ങളും കുററിച്ചെടികളുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അതിന്റെ നാല് അതിർത്തിക്കുള്ളിൽ നിരന്തരം ചുഴററിയടിക്കുന്ന ഊററമായ മണൽക്കാററിനെതിരെ നിവാസികൾക്ക് അവ ഒരു സംരക്ഷണമായി ഉതകുന്നു. കൊടുങ്കാററുകൾ തക്ക്ലാ മക്കൻ മരുഭൂമിയിൽ രൂപംപ്രാപിക്കുകയും ഫലഭൂയിഷ്ഠമായ വയലുകളെ അമർത്തിക്കളയാനും കെട്ടിടങ്ങളെ പൂർണ്ണമായി കുഴിച്ചുമൂടാനും കഴിയുന്ന വളരെയധികം മണൽ പറത്തിക്കൊണ്ടുവരുകയും ചെയ്യുന്നു. അങ്ങനെ മരങ്ങളും കുററിച്ചെടികളും മരുഭൂമിയുടെ നശീകരണശക്തിയിൽനിന്നും മരുസങ്കേത നഗരത്തെ സംരക്ഷിക്കുന്നു.
താറുമാറാക്കുന്ന മണൽക്കാററുകളുടെയും പൊള്ളുന്ന ചൂടിന്റെയും പ്രതികൂല സാഹചര്യമുണ്ടായിരുന്നിട്ടും, ഒരു കാർഷിക കേന്ദ്രം എന്നനിലയിൽ തുർഫാൻ തഴച്ചുവളരുന്നു. മരുഭൂമിയിലെ ഈന്തപ്പഴം, മുന്തിരി, തണ്ണിമത്തൻ, മാതളനാരങ്ങ, പീച്ചുപഴം, ശീമബദാംപഴം, ആപ്പിൾ, കത്തിരിച്ചെടി, ഉള്ളി എന്നിവയും ഗോതമ്പും മററു ധാന്യങ്ങളം ഉത്പാദിപ്പിച്ചുകൊണ്ടു വിദേശ ഭക്ഷണസാധനങ്ങളുടെ ഒരു അസ്സൽ സൂപ്പർമാർക്കററാണ് ഈ പ്രദേശം. ചൈനയിൽ വളരുന്ന മേൻമയുള്ള നീണ്ട പരുത്തിനൂലിനെപ്പററി എടുത്തു പറയേണ്ടതില്ലല്ലോ. ഓർമ്മയുള്ള കാലത്തോളം കാർഷികോത്പന്നങ്ങളുടെ വൈവിദ്ധ്യത്തിനും ഗുണമേൻമയ്ക്കും തുർഫാൻ അറിയപ്പെട്ടിരുന്നു. ആയിരക്കണക്കിനു വർഷങ്ങളായി, അതു ഫലഭൂയിഷ്ഠമായ ഒരു മരുസങ്കേതത്തിൽ തഴച്ചുവളരുന്ന ഒരു സമുദായമായിരുന്നിട്ടുണ്ട്.
അത്രയ്ക്ക് അത്ഭുതകരമായ ഒരു വിജയകഥ നിലനിർത്തുന്ന 2,000 വർഷത്തെ പഴക്കമുള്ള സാങ്കേതികവിദ്യ എന്താണ്? നഗരം അതിന്റെ വിജയത്തിനു “മനുഷ്യസമുദായത്തിന്റെ ഏററവും വിദഗ്ദ്ധവും നിലനില്ക്കുന്നതുമായ ശില്പവിദ്യയാകുന്ന ഒരു പുരാതന ജലസേചനസമ്പ്രദായത്തോടു കടപ്പെട്ടിരിക്കുന്നുവെന്ന്” ദ ഗ്ലോബ് ആൻറ് മെയിൽ അവകാശപ്പെടുന്നു. പത്രം തുടർന്ന് ഇങ്ങനെ പറയുന്നു: “പ്രാദേശികഭാഷയായ വീഗുറിൽ കാരേത്സ് എന്നറിയപ്പെടുന്ന അവിശ്വസനീയമാംവിധം സങ്കീർണ്ണമായ ഭൂഗർഭജലസേചന പാതകളും കിണറുകളുമാണു [തുർഫാന്റെ] അതിജീവനത്തിന്റെ രഹസ്യം. അത് 80 കിലോമീററർ [50 മൈൽ] വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മഞ്ഞുമൂടിയ ററ്യാൻ ഷാൻ മലകളിൽനിന്ന് ഒഴുകിപ്പോകുന്ന വെള്ളം ശേഖരിക്കുന്നു.” വിസ്തൃതമായ ജലസേചനപദ്ധതി ശതക്കണക്കിനു ഭൂഗർഭപാതകളിലൂടെ വിതരണം ചെയ്തില്ലായിരുന്നെങ്കിൽ, വെള്ളം നഗരത്തിലെ കനാലുകളിലെത്തുന്നതിനു മുമ്പ് ആവിയായിപ്പോയേക്കുമായിരുന്നു.
വീഗുമുകൾ അവരുടെ ജലസേചനപദ്ധതി വികസിപ്പിച്ചെടുത്തതിനു വളരെ മുമ്പു പുരാതന പേർഷ്യക്കാർ ഭൂഗർഭജലസേചനപാതകളുടെ സമാനമായ ഒരു ശൃംഖല ഉപയോഗിച്ചിരുന്നു. ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “ഉപരിതലത്തിനു പലപ്പോഴും നൂറുകണക്കിന് അടി താഴെയായി 12 മൈൽവരെ [19 കിലോമീററർ] നീളത്തിൽ കുന്നുകളിലേക്കു ടണലുകൾ അല്ലെങ്കിൽ കാനാത്സ് കുഴിച്ചുകൊണ്ട്, ഭൂഗർഭ ജലഉറവുകൾ പേർഷ്യക്കാർ വികസിപ്പിച്ചെടുത്തിരുന്നു”. തീർച്ചയായും, ഈ പുരാതന ജലസേചനസാങ്കേതികവിദ്യ ഭൂമിയിലെ ഏററവും ചൂടുകൂടിയതും വരണ്ടതുമായ സ്ഥലങ്ങളിലൊന്നിൽ ഒരു മരുസങ്കേതം നിലനിർത്തുമ്പോൾ ഈ ആധുനികനാളിൽ പോലും അത് ഒരു അത്ഭുതമാണ്.
പുരാതനവും നൂതനവുമായ സാങ്കേതികവിദ്യ മരുഭൂമികളെ മനോഹരങ്ങളായ ഉദ്യാനങ്ങളാക്കിമാററുന്നു എന്നിരിക്കെ, അനതിവിദൂരഭാവിയിൽ യഹോവ അവിടുത്തെ രാജ്യഗവൺമെൻറു മുഖാന്തരം ഭൂമിയിലെ എല്ലാ മരുഭൂമികളും മനുഷ്യകുടുംബത്തിന്റെ ആനന്ദത്തിനായി പുഷ്പിക്കാൻ ഇടയാക്കും. യഹോവയുടെ പ്രവാചകൻ പറയുന്നു: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും. അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിന്നു കൊടുക്കപ്പെടും; അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.”—യെശയ്യാവു 35:1, 2. (g93 2⁄22)