ലോകത്തെ വീക്ഷിക്കൽ
എലികളെ ആരാധിക്കുന്നുവെന്നോ?
ദിവസവും 1,000-ത്തോളം ഭക്തജനങ്ങളും 70-ഓളം വിനോദയാത്രികരും ഇൻഡ്യയിൽ ദേശ്നോക്കിലെ കാർണീദേവീ ക്ഷേത്രം സന്ദർശിക്കുന്നു. എന്തിന്? ആ ക്ഷേത്രത്തിൽ ഭക്തൻമാർ വിഗ്രഹങ്ങൾക്കു തങ്ങളുടെ വഴിപാടുകൾ അർപ്പിക്കുമ്പോൾ 300-ഓളം എലികൾ സ്വതന്ത്രമായി ചുററിത്തിരിയുന്നുണ്ടാവും. അതിവത്സല ഭക്തൻമാർ എലികളെ പൂജിക്കുകയും അവയുടെ എല്ലാ ആവശ്യങ്ങളും പാലിക്കുകയും ചെയ്യുന്നു എന്ന് ന്യൂസിലൻഡിലെ ഈവനിങ് പോസ്ററ് പറയുന്നു. ക്ഷേത്ര പൂജാരിമാരും എലികളും ഒരേ തളികയിൽ നിന്നു തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യുന്നു. “ഇവ എലികളല്ല, ദൈവത്തിന്റെ ദൂതൻമാരാണ്, ഞങ്ങൾക്കു ദേവി തന്ന ഒരു സമ്മാനമാണ്” എന്ന് അതിൽ ഒരു പൂജാരി അവകാശപ്പെടുന്നു. ക്ഷേത്ര പൂജാരിമാർ മരിക്കുമ്പോൾ എലികളായി പുനർജൻമം പ്രാപിച്ച് അവർ രക്ഷപ്രാപിക്കുന്നുവെന്നും എലികൾ ചാകുമ്പോൾ അവ പൂജാരിമാരായി പുനർജൻമം പ്രാപിക്കുന്നുവെന്നും പൂജാരി പ്രസ്താവിച്ചതായി പോസ്ററ് പറയുന്നു. (g93 11/8)
ബൈബിൾ ഭാഗങ്ങൾ 2,000-ത്തിലധികം ഭാഷകളിൽ
1992-ൽ ബൈബിളിന്റെ ഭാഗങ്ങൾ കൂടുതലായ 31 ഭാഷകളിലേക്കും കൂടി പരിഭാഷപ്പെടുത്തിയെന്ന് ദ യുണൈററഡ് ബൈബിൾ സൊസൈററീസ് (യുബിഎസ്) അറിയിച്ചു; അങ്ങനെ, ബൈബിളിന്റെ ഒരു പുസ്തകമെങ്കിലും ലഭ്യമായിരിക്കുന്ന ഭാഷകളുടെ എണ്ണം ആകെ 2,009 ആയി. പെട്ടെന്നുതന്നെ ഈ സംഖ്യ ഇനിയും വർധിക്കും. എന്തുകൊണ്ടെന്നാൽ യുബിഎസ് ബൈബിളിന്റെ ഭാഗങ്ങൾ കൂടുതലായ 419 ഭാഷകളിലേക്കും കൂടി പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പൂർണബൈബിളുകൾ ഇപ്പോൾ 329 ഭാഷകളിലും “പുതിയ നിയമം” 770 മററുഭാഷകളിലും ലഭ്യമാണ്. “ലോകത്തിലെ ഭാഷകളുടെ എണ്ണം ആകെ 5,000 മുതൽ 6,500 വരെ ആണെന്നു കണക്കാക്കപ്പെടുന്നു” എന്ന് ഇക്യുമെനിക്കൽ പ്രസ്സ് സർവിസ് എഴുതുന്നു. രസാവഹമായി, 1993 വരെ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക് ഉൽപ്പാദിപ്പിച്ച മുഴുവനോ ഭാഗികമോ ആയ ബൈബിളുകളുടെ എണ്ണം ആകെ 8.3 കോടിയിലധികം വരും. (g93 10/22)
ഉപയോഗപ്രദമായ പഴയ റബർ ടയറുകൾ
ബ്രസീലിൽ വർഷംതോറും 1.7 കോടി കാർ ടയറുകൾ മാററിവയ്ക്കേണ്ടി വരുന്നു. എന്നിരുന്നാലും, റബർ പുനഃസംസ്കരിച്ച് മൺകീലുമായി (asphalt) ചേർത്ത് ഹൈവേകളുടെ ഉപരിതലം മിനുക്കുന്നതിന് ഉപയോഗിച്ചുകൊണ്ട് അത്തരം പഴയ ടയറുകളുടെ നല്ല ഉപയോഗം നടത്താമെന്ന് സൂപ്പറിന്റെറെസാന്റെ എന്ന മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. റബർ ടയറുകളുടെ പുനഃസംസ്കരണം എന്ന സങ്കൽപ്പം പുതിയതല്ലെങ്കിലും ടയറുകൾ മൺകീലുമായി ചേർത്തുപയോഗിക്കുന്ന സങ്കൽപ്പം പുതിയതാണ്. “ഭൂഗ്രഹത്തിൽ കുമിഞ്ഞുകൂടുന്ന വലിയ ചപ്പുചവറു കൂനകൾ ഒരു വലിയ അളവുവരെ കുറയ്ക്കുന്ന”തിന് ഈ നടപടി സഹായകമാകും എന്നു നമുക്ക് ആശിക്കാം. (g93 10/22)
കോളറായോടു പൊരുതുന്നു
ബ്രസീലിയൻ മാഗസിൻ മാൻഷെററീ പറയുന്നതനുസരിച്ച് ചുമന്ന വീഞ്ഞിൽ നിന്നുണ്ടാക്കുന്ന വിന്നാഗിരി കോളറായുടെ വ്യാപനത്തെ തടയുന്നു. രോഗം ബാധിച്ച പച്ചക്കറികൾക്കു രോഗാണുനാശം നടത്തുന്നതിന് ഉപയോഗിക്കുന്ന ബ്ലീച്ചിനെക്കാൾ ചുമന്ന വീഞ്ഞിൽനിന്നുണ്ടാക്കുന്ന വിന്നാഗിരി നൂറുമടങ്ങു പ്രവർത്തനക്ഷമമാണെന്ന് ഫുഡ് ഇൻസ്ററിററ്യൂട്ട് ഓഫ് ദ സെക്രട്ടറി ഓഫ് അഗ്രിക്കൾച്ചറും സപ്ലൈസ് ഓഫ് സാവോ പോളോയും നടത്തിയ ഒരു പരിശോധന വെളിപ്പെടുത്തി. ക്ലോറിൻ ചേർത്ത വെള്ളം ഉവർച്ചീരയിൽ കോളറാ ബാക്ടീരിയയുടെ അളവു 100-ൽ ഒന്നായി കുറച്ചപ്പോൾ വിന്നാഗിരി കോളറാ ബാക്ടീരിയയുടെ അളവു 10,000-ത്തിൽ ഒന്നായി കുറച്ചുവെന്ന് മാഗസിൻ റിപ്പോർട്ടു ചെയ്തു. ഓരോ ലിററർ വെള്ളത്തിലും അഞ്ചു ടേബിൾസ്പൂൺ വിന്നാഗിരിയുടെ ഒരു മിശ്രിതമാണ് ശുപാർശചെയ്ത ലായനി. (g93 11/8)
പേപ്പട്ടിവിഷബാധ വീണ്ടും വരുന്നു
ദക്ഷിണാഫ്രിക്കയുടെ നേററൽ പ്രവിശ്യയിൽ നിന്ന് ഒരിക്കൽ പിഴുതെറിയപ്പെട്ട പേപ്പട്ടിവിഷബാധ ഇപ്പോൾ വ്യാപിച്ചുവരികയാണ്. നേററലിലും അയൽപ്രദേശമായ മൊസാമ്പിക്കിലും, അനേകർ ഗ്രാമപ്രദേശങ്ങൾ വിട്ട് പട്ടണപ്രദേശങ്ങളിലേക്കു കുടിയേറിപ്പാർത്തു. അവർ തങ്ങളോടൊപ്പം ഓമനമൃഗങ്ങളെയും കൊണ്ടുവന്നു. സ്ഥലംമാറിയ ഈ എല്ലാ ആളുകളുടെയും അടുക്കൽ വാക്സിൻ പദ്ധതി എത്തിക്കാൻ കഴിഞ്ഞില്ല. 1992-ൽ ഈ പ്രദേശത്ത് പേപ്പട്ടിവിഷബാധയുടെ 300-ലധികം കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. അതിൽ മരണമടഞ്ഞ 29 പേരിൽ അധികവും കുട്ടികളായിരുന്നു. മൃഗചികിത്സാ പ്രവിശ്യാ ഡയറക്ടറായ പോൾ ക്ലുക്ക് ദാരുണമായി ഇപ്രകാരം സൂചിപ്പിക്കുന്നു: “നിയമവിരുദ്ധമായി കുടിയേറിപ്പാർക്കുന്ന അനവധി ആളുകളുടെ അടുക്കൽ എത്തിച്ചേരുക എന്നത് അങ്ങേയററം ദുഷ്കരമാണ്.” അദ്ദേഹം പറയുന്നു: “രാഷ്ട്രീയ അക്രമവും സാംസ്കാരിക തടസ്സങ്ങളും കൂടിവരാനുള്ള ഭീതിയും ഞങ്ങളുടെ പരിപാടികൾക്കു വിഘാതം സൃഷ്ടിക്കുന്നു.” (g93 10/22)
ജാസ്സ് സംഗീതത്തോടുകൂടിയ ബുദ്ധമതം
വിചിത്രകരമെന്നു പറയട്ടെ, ടോക്കിയോയിലെ ഭീമാകാരമായ നിപ്പോൺ ബൂഡോകാനിൽ ഷോമ്യോയും ജാസ്സും കൂട്ടിക്കലർത്തി ഒരു സംഗീതക്കച്ചേരി നടത്താൻ വലിയ ജാസ്സ് സംഗീത വിദഗ്ധരോടൊപ്പം മുഴു ജപ്പാനിലും നിന്ന് ആയിരം ബുദ്ധമത പുരോഹിതൻമാർ സമ്മേളിച്ചു. ഷോമ്യോ അടിസ്ഥാനപരമായി പാശ്ചാത്യ സംഗീതത്തിൽനിന്നു വളരെ വ്യത്യസ്തമായ, ഇന്ത്യൻ രീതിയിലുള്ള, സൂക്തങ്ങളുടെ തത്ക്ഷണമുള്ള പാട്ടോ സ്വരതാളമേളങ്ങളോടെയുള്ള ആലാപനമോ ആണ്. ബുദ്ധമതക്കാർക്കു വ്യത്യസ്ത രീതികളിലുള്ള സംഗീതമാണുള്ളതെങ്കിലും ജാസ്സ് സംഗീതജ്ഞർക്കു തങ്ങളുടെ സംഗീതം അവരുടെ സൂക്തങ്ങളോടു ലയിപ്പിക്കുന്നതിൽ ഒരു വിഷമവും ഉണ്ടായിരുന്നില്ല. “തത്ക്ഷണ ആലാപനം മതത്തിലെ ആത്മീയ ഉണർവിനോട് എന്തുകൊണ്ടോ അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്നു ഞാൻ വിചാരിക്കുന്നു” എന്ന് പ്രസിദ്ധനായ ഒരു ജാസ്സ് പിയാനിസ്ററ് പറയുന്നതായി ദ ഡെയ്ലി യോമീയുരീ ഉദ്ധരിച്ചു. “ഞാനല്ല പിയാനോ വായിക്കുന്നത്, പിന്നെയോ വേറൊരു ലോകത്തുനിന്നുള്ള ഏതോ വിചിത്ര ശക്തിയാണ് എന്ന് എനിക്കു ചിലപ്പോൾ തോന്നിപ്പോകുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. (g93 10/22)
“കൊലപാതകത്തിന്റെ ലോകാസ്ഥാനം”
“ജോഹാനെസ്ബർഗ് കൊലപാതകത്തിന്റെ ലോകാസ്ഥാനം എന്ന കുപ്രസിദ്ധ സ്ഥാനം തീർച്ചയായും കരസ്ഥമാക്കിയിരിക്കുന്നു” എന്ന് ദക്ഷിണാഫ്രിക്കൻ വർത്തമാനപത്രമായ ദ സ്ററാർ പ്രസ്താവിക്കുന്നു. “പൊലീസിന്റെ സ്ഥിതിവിവരക്കണക്കനുസരിച്ച് ജോഹാനെസ്ബർഗിലും സൊവെറേറായിലുമായി 1992-ൽ 3 402 കൊലപാതകങ്ങൾ നടന്നു. അതായത് ഒരു ദിവസം 9,3 പേർ, അല്ലെങ്കിൽ ഓരോ 2 1⁄2 മണിക്കൂറിലും ഒരാൾ വീതം.” ഇതു പഴയ “കൊലപാതക ആസ്ഥാന”മായ റിയോ ഡി ജനീറോയെ രണ്ടാം സ്ഥാനത്തേക്കു തള്ളിമാററി. റിയോയിലെ കൊലപാതകങ്ങളുടെ ശരാശരി എണ്ണം കഴിഞ്ഞ ദശകത്തിൽ ഓരോ വർഷവും 8,722 ആയിരുന്നു. എന്നിരുന്നാലും ജോഹാനെസ്ബർഗിന്റെയും സൊവെററായുടെയും മൊത്തം ജനസംഖ്യ 22 ലക്ഷമായിരിക്കുമ്പോൾ റിയോയുടെ ജനസംഖ്യ 1 കോടിയിലധികമാണ്. ജോഹാനെസ്ബർഗിന്റെ ജനസംഖ്യക്ക് ഏകദേശം തുല്യമായ ജനസംഖ്യയുള്ള പാരീസിന് ഒരു വർഷം 153 കൊലപാതകങ്ങളുടെ ഒരു ശരാശരിയുണ്ട്. കൊലചെയ്യപ്പെടുന്നതിനുള്ള സാധ്യതകൾ താഴെപ്പറയുന്നതുപോലെയാണു നൽകപ്പെട്ടിരുന്നത്: ജോഹാനെസ്ബർഗിൽ 647-ൽ ഒരാൾ; റിയോ ഡി ജനീറോയിൽ 1,158-ൽ ഒരാൾ; ലോസാഞ്ചലസിൽ 3,196-ൽ ഒരാൾ; ന്യൂയോർക്കിൽ 4,303-ൽ ഒരാൾ; മിയാമിയിൽ 6,272-ൽ ഒരാൾ; മോസ്കോയിൽ 10,120-ൽ ഒരാൾ; പാരീസിൽ 14,065-ൽ ഒരാൾ. (g93 11/8)
കുട്ടികളെ കാണാതെപോകുന്നു
ഇററലിയിൽ ഓരോ വർഷവും നൂറുകണക്കിനു കുട്ടികൾ ഒരു സൂചനയും ഇല്ലാതെ അപ്രത്യക്ഷമാകുന്നു. പലരും രാവിലെ വീടുവിട്ടു സ്കൂളിൽ പോകുന്നു. എന്നാൽ ഒരിക്കലും തിരിച്ചുവരുന്നില്ല. 1992-ൽ മാത്രം, പ്രായപൂർത്തിയെത്താത്ത 734 കുട്ടികളെ കാണാതായി. തലേവർഷത്തെക്കാൾ 245 പേർ കൂടുതൽ. ഇററലിയിലെ ആഭ്യന്തര മന്ത്രിസഭയുടെ ഒരു റിപ്പോർട്ടനുസരിച്ച് പുതുതായി ലഭിച്ച കേസുകൾ മൊത്തം 3,063 ആയിരുന്നു. ആൺകുട്ടികളെക്കാളധികം പെൺകുട്ടികളെയാണു കൂടുതൽ കാണാതെപോകുന്നത്. (g93 10/22)
നിങ്ങളെ സന്തുഷ്ടരാക്കുന്നത് എന്താണ്?
ഏറെ പണം ഉണ്ടായിരിക്കുന്നത് ആളുകളെ ഏറെ സന്തുഷ്ടരാക്കുന്നില്ല എന്നതു സ്പഷ്ടമാണ്. “ഒരുവന്റെ വരുമാനം ദാരിദ്ര്യരേഖയ്ക്കു മുകളിലാണെങ്കിൽ അതിശയകരമെന്നുപറയട്ടെ, വരുമാനത്തിലുള്ള വർധനവിന് വ്യക്തികളുടെ സന്തോഷവുമായി ഒരു ബന്ധവുമില്ല” എന്ന് സൈക്കോളജി ററുഡേ എന്ന മാഗസിൻ പറയുന്നു. പിൻവരുന്ന ഘടകങ്ങൾ സന്തുഷ്ടിക്കു സുപ്രധാനമായിരിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു: ശുഭാപ്തിവിശ്വാസത്തോടെയുള്ള, എന്നാൽ യഥാർഥമായ ഒരു വീക്ഷണഗതി; ഇടപെടുകയും കൂട്ടുകൂടുകയും ചെയ്യുന്ന രീതി; “സമയം ഫലപ്രദമായി ഉപയോഗിക്കുന്നു” എന്നതുൾപ്പെടെ ജീവിതം നിയന്ത്രണത്തിലാണെന്ന തോന്നൽ; “സജീവമായ ഒരു മതവിശ്വാസം.” (g93 10/22)
ഉപേക്ഷിക്കാൻ ഒട്ടും വൈകിപ്പോയിട്ടില്ല
നിങ്ങൾ എത്രവേഗം പുകവലി ഉപേക്ഷിക്കുന്നുവോ ശ്വാസകോശാർബുദത്താൽ മരണമടയുന്നതിനുള്ള നിങ്ങളുടെ സാധ്യത അത്രകണ്ടു കുറവാണ്. 9,00,000 അമേരിക്കക്കാരെക്കുറിച്ചു നടത്തിയ അടുത്തകാലത്തെ ഒരു പഠനം പിൻവരുന്ന സംഗതി വെളിപ്പെടുത്തിയതായി ദ ലാൻസെററ് റിപ്പോർട്ടു ചെയ്യുന്നു. പുകവലിക്കാത്തവരുടെ ഇടയിൽ 75 വയസ്സാകുന്നതിനു മുമ്പ് ശ്വാസകോശാർബുദത്താൽ മരണമടഞ്ഞവരുടെ എണ്ണം 1,00,000-ത്തിന് 50-ൽ താഴെയായിരുന്നു. തങ്ങളുടെ 30-കളിൽ പുകവലി നിർത്തിയവരുടെ മരണനിരക്ക് 1,00,000-ത്തിന് ഏതാണ്ട് 100 പേർ എന്നതിലേക്ക് ഉയർന്നു. തങ്ങളുടെ 60-കളിൽ പുകവലി നിർത്തിയവരുടെ മരണനിരക്ക് 1,00,000-ത്തിൽ 550 എന്ന കണക്കിലേക്ക് ഉയർന്നു. പുകവലി ഒരിക്കലും ഉപേക്ഷിക്കാഞ്ഞവരുടെ ഇടയിൽ ശ്വാസകോശാർബുദം കൊണ്ടുള്ള മരണസംഖ്യ 1,00,000-ത്തിന് 1,250 എന്ന നിരക്കിലായിരുന്നു. ശ്വാസകോശാർബുദത്താലുള്ള സ്ത്രീകളുടെ മരണനിരക്ക് കുറവായിരുന്നു. എങ്കിലും സമാനമായ ഒരു പ്രകൃതമുണ്ടായിരുന്നു. (g93 10/22)
ലബോറട്ടറിയിലെ കൈയബദ്ധങ്ങൾ
മെഡിക്കൽ ലബോറട്ടറികളിലെ അബദ്ധങ്ങൾ നിമിത്തം ഓരോ വർഷവും ശതസഹസ്രക്കണക്കിനാളുകൾ മരണമടയുകയോ ഗുരുതരമായി രോഗബാധിതരാകുകയോ ചെയ്യുന്നു എന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിക്കുന്നു. രോഗങ്ങൾ കണ്ടുപിടിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും ആയി രക്തവും മനുഷ്യകലയും പരിശോധിക്കുന്നതിൽ ലാബുകൾ ഒരു സുപ്രധാന പങ്കു വഹിക്കുന്നു. തെററായ പരിശോധനാ ഫലങ്ങൾക്ക് തെററായ രോഗനിർണയത്തിലേക്കും ചികിത്സയിലേക്കും നയിക്കാൻ കഴിയും. ഈ പ്രശ്നം ചർച്ചചെയ്യുന്നതിനായി കഴിഞ്ഞ വർഷം ഏപ്രിലിൽ ലോകത്തിനു ചുററുനിന്നും 90-ലധികം വിദഗ്ധർ സ്വിററ്സർലൻഡിലെ ജനീവയിൽ സമ്മേളിച്ചു. (g93 10/22)
“മഹാനഗരങ്ങൾ”
“ഈ നൂററാണ്ടിന്റെ ഒടുവിൽ 1 കോടിയോ അതിലധികമോ ജനസംഖ്യ വരുന്ന 21 ‘മഹാനഗരങ്ങൾ’ ഉണ്ടായിരിക്കും” എന്ന് ടൈം മാസിക പ്രസ്താവിക്കുന്നു. “ഇവയിൽ 18 എണ്ണം ലോകത്തിലെ ഏററവും ദരിദ്രരാജ്യങ്ങളിൽ ചിലതുൾപ്പെടെ വികസ്വര രാജ്യങ്ങളിലായിരിക്കും.” 1 കോടിയോ അതിലധികമോ ആളുകൾ മുഖ്യനഗരപ്രദേശങ്ങളിൽ ഇപ്പോൾത്തന്നെ ഉള്ള 13 രാജ്യങ്ങൾ പട്ടികയിലുണ്ട്. ഏകദേശം 2.6 കോടി ജനങ്ങളുള്ള ടോക്കിയോയാണു മുന്നിൽ. സാവോ പോളോ, ന്യൂയോർക്ക് നഗരം, മെക്സിക്കോ നഗരം, ഷാൻഹായ്, ബോംബെ, ലോസാഞ്ചലസ്, ബ്യൂനസ് എയേഴ്സ്, സിയോൾ, ബെയ്ജിങ്, റിയോ ഡി ജനീറോ, കൽക്കട്ട, ജക്കാർത്ത എന്നീ നഗരങ്ങൾ തൊട്ടുപിന്നിലും. ആഫ്രിക്കയിലെ ചില നഗരങ്ങൾ പ്രതിവർഷം 10 ശതമാനം വച്ച് വർധിക്കുന്നു—രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏററവും വേഗത്തിലുള്ള നഗരവത്കരണ നിരക്കാണിത്—എന്ന് ലോകബാങ്ക് പറയുന്നു. മിക്കപ്പോഴും വലിയ ജനസംഖ്യകളോടൊപ്പം വർധിച്ച മലിനീകരണവും രോഗഭീഷണിയും ഉണ്ടായിരിക്കും. (g93 10/22)
ശിശു ഘാതകർ
ഓരോ വർഷവും വികസ്വര രാജ്യങ്ങളിലെ കുട്ടികളുടെ ഇടയിൽ ഉണ്ടാകുന്ന 1.3 കോടി മരണങ്ങളിൽ ഏതാണ്ട് മൂന്നിൽ രണ്ടിനും ഇടയാക്കുന്നതു മൂന്നു രോഗങ്ങളാണെന്ന് ലെസോത്തോ ററുഡേ എന്ന ആഫ്രിക്കൻ പത്രം സൂചിപ്പിച്ചു. ന്യൂമോണിയ, അതിസാരം, അഞ്ചാംപനി എന്നിവയാണ് ഈ രോഗങ്ങൾ. പിടിയിലൊതുങ്ങുന്നതും ലഭ്യവുമായ മാർഗങ്ങളിലൂടെ ചികിത്സിക്കാനോ പ്രതിരോധിക്കാനോ കഴിയുന്നതാണ് ഈ രോഗങ്ങൾ എന്ന് റിപ്പോർട്ടു കൂട്ടിച്ചേർക്കുന്നു. ഉദാഹരണം പറഞ്ഞാൽ, ഏററവും വലിയ ശിശു ഘാതകനായ ന്യൂമോണിയ ഒരു വർഷം 35 ലക്ഷം കുട്ടികളുടെ മരണത്തിന് ഉത്തരവാദിയാണ്. മിക്കപ്പോഴും ബാക്ടീരിയയാണു കാരണം. 25 സെൻറു വിലവരുന്ന ആൻറിബയോട്ടിക്കുകളുടെ 5 ദിവസത്തെ ഒരു കോഴ്സുകൊണ്ട് ഇതു നിയന്ത്രിക്കാൻ കഴിയും. അതിസാരം ഓരോ വർഷവും മുപ്പതു ലക്ഷം കൊച്ചു കുട്ടികളുടെ മരണത്തിന് ഇടയാക്കുന്നു. വായിലൂടെ നടത്തുന്ന ചെലവു കുറഞ്ഞ ഒരു റിഹൈഡ്രേഷൻ തെറാപ്പി മാതാപിതാക്കൾ കുട്ടികൾക്കുവേണ്ടി നടത്തിയിരുന്നെങ്കിൽ ആ മരണങ്ങളിൽ പകുതിയോളം തടയാമായിരുന്നു. അഞ്ചാംപനി ഓരോ വർഷവും 8,00,000 ശിശുമരണങ്ങൾക്കു കാരണമാകുന്നു. പ്രതിരോധ കുത്തിവയ്പിലൂടെ ഇതു തടയാമായിരുന്നെന്നു റിപ്പോർട്ടു സൂചിപ്പിക്കുന്നു. ഒരു കുട്ടിക്കുള്ള അഞ്ചാംപനിയുടെ പ്രതിരോധ കുത്തിവയ്പിന് 50 സെൻറു പോലും വില വരില്ല. (g93 11/8)