വിദഗ്ധ എഞ്ചിനിയർമാർ
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
ഈ പേജിൽ ചിത്രീകരിച്ചിരിക്കുന്നതു പോലുള്ള സ്വാഭാവിക നിർമിതികൾ നിങ്ങൾ എന്നെങ്കിലും കണ്ടിട്ടുണ്ടോ? ആഫ്രിക്കയിലെ തുറസ്സായ സ്ഥലങ്ങളിൽ ചിതൽപ്പുററുകൾ ഒരു സാധാരണദൃശ്യമാണ്. ചിലതിന്റെ ആകൃതി വണ്ണംകുറഞ്ഞ ചിമ്മിനികൾ പോലെയാണ്, അവയ്ക്കു ചിലപ്പോൾ 6 മീറററിലധികം ഉയരമുണ്ട്. മററു ചിലതു സിംഹങ്ങൾ പോലുള്ള ഇരപിടിയൻമാർക്കു പററിയ നിരീക്ഷണസ്ഥാനമായി ഉതകുന്ന വലിയ മൺപുററുകളാണ്.
ഓരോ പുററിന്റെയും ഉള്ളിൽ അസംഖ്യം വഴികളും അറകളുമുണ്ട്. അവയിൽ ലക്ഷക്കണക്കിനു ചെറിയ ചിതലുകൾ വസിക്കുന്നുണ്ടാകാം. ചിലതരം ചിതലുകൾ തങ്ങളുടെ സ്വന്തം പൂപ്പൽ തോപ്പുകൾ വളർത്തുന്നു, വരൾച്ചയുടെ വർഷങ്ങളിൽപ്പോലും അവ നല്ലവണ്ണം നനയ്ക്കാൻ അവയ്ക്കു കഴിയും. എങ്ങനെയാണതു സാധ്യമായിരിക്കുന്നത്? കടുത്ത വരൾച്ച ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങളെ നശിപ്പിച്ച 1930-കളിൽ, പ്രകൃതി ശാസ്ത്രജ്ഞനായ ഡോ. യൂജിൻ മാറെ ഒരു തുരങ്കത്തിൽ രണ്ടു ചിതൽസ്തംഭങ്ങൾ കണ്ടെത്തി. ഒന്നു താഴ്ന്നു പോകുന്നതും മറെറാന്ന് ഉയർന്നു വരുന്നതും. ഈ ചെറുജീവികൾ ഏതാണ്ട് 30 മീറററോളം ആഴത്തിൽ മാളമുണ്ടാക്കിയിരുന്നു! അവ പ്രകൃത്യായുള്ള ഒരു കിണറുവരെ എത്തിയിരുന്നു. വരൾച്ചയുടെ സമയത്തു തങ്ങളുടെ പൂപ്പൽ തോപ്പുകൾ നനവുള്ളതാക്കി നിർത്താൻ അവയ്ക്കെങ്ങനെ കഴിഞ്ഞുവെന്നു മാറെ കണ്ടെത്തി.
കലഹാരി [ഇംഗ്ലീഷ്] എന്ന തന്റെ പുസ്തകത്തിൽ മൈക്കിൾ മാൻ ഇങ്ങനെ വിശദീകരിക്കുന്നു: ഒരു സാധാരണ ചിതൽപ്പുററ് “ലോകത്തിൽ മൃഗങ്ങൾ നിർമിക്കുന്ന കൂടുകളിൽ വച്ചേററവും പുരോഗമിച്ചതാണെന്നു കരുതപ്പെടുന്നു. . . . ഉള്ളിലെ ഈർപ്പം 100 ശതമാനമായും താപനില 29°സെൽഷ്യസിനും 31°സെൽഷ്യസിനും ഇടയിലായും നിലനിർത്താൻ എല്ലാവരും പരിശ്രമിക്കുന്നു, അതു പൂപ്പലിനും ചിതലിനും അനുയോജ്യമാണ്. . . . ഓരോ കൂടും പൂർണമായും ഫലപ്രദമായും എയർ കണ്ടീഷൻ ചെയ്ത ഒരു ഘടകമാണ്.”
ഈ കൂടുകൾ എങ്ങനെയാണു നിർമിക്കുന്നതെന്നു നോക്കുക. ചിതലുകൾ ഒരു ചെറിയ മണൽത്തരി പോളീഷു ചെയ്തു മറെറാന്നിനോട് ഒട്ടിക്കുന്നു. ഒരു പുററു നിർമിക്കാൻ എത്ര ലക്ഷം മണൽത്തരികൾ വേണമെന്നു സങ്കൽപ്പിച്ചു നോക്കുക! “ഈജിപ്ററിലെ പിരമിഡുകൾ, ലണ്ടനിലെ ഭൂഗർഭ റെയിൽവേ, ന്യൂയോർക്കിലെ അംബരചുംബികൾ . . . തുടങ്ങി ഭൂമിയിൽ മനുഷ്യൻ പണിതീർത്തിട്ടുള്ള ഏററവും ശക്തമായ നിർമിതികളെ ചിതലിന്റെ പണികളോടു താരതമ്യപ്പെടുത്തുന്നതു ചെറിയ മൺകൂനകളെ പർവതങ്ങളോടു താരതമ്യപ്പെടുത്തുന്നതുപോലെയാണ്” എന്നു ചിതലിന്റെ വീര്യം [ഇംഗ്ലീഷ്] എന്ന തന്റെ പുസ്തകത്തിൽ മാറെ എഴുതി. അദ്ദേഹം തുടരുന്നു: “വലിപ്പം നോക്കിയാൽ, നാൽപ്പത് അടി ഉയരമുള്ള ഒരു ചിതൽ സ്തംഭത്തോടു തന്റെ കൈവേല തുല്യമാകണമെങ്കിൽ [സ്വിററ്സർലൻഡിലെ 14,692 അടി ഉയരമുള്ള പർവതമായ] മാററർഹോണിനോളം പൊക്കമുള്ള ഒരു കെട്ടിടം മനുഷ്യൻ പണിയേണ്ടിവരും.”
എന്നാൽ ചിതലുകൾ മനുഷ്യന് എന്ത് ഉപകാരമാണു ചെയ്യുന്നത്? ഒരു സംഗതി, ചിതലുകൾ നിർജീവസസ്യങ്ങൾ തിന്നു ജീവിക്കുന്നുവെന്നതാണ്, അങ്ങനെ അവ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു. “ഈ ഉണങ്ങിയ വസ്തു മണ്ണിനടിയിലേക്കു വലിച്ചിഴയ്ക്കുകവഴി അവ തീപിടിത്തമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല, അടിമണ്ണിനെ വളക്കൂറുള്ളതാക്കുകയും ചെയ്യുന്നു” എന്നു ക്രഗർ ദേശീയ പാർക്കിലെ ഒരു സൈൻബോർഡ് പ്രസ്താവിക്കുന്നു.
വിദഗ്ധ എഞ്ചിനിയർമാർ എന്ന പേരിന് ഈ ചെറു ചിതലുകൾ അർഹരാണ് എന്നതിനോട് ഒരുപക്ഷേ നിങ്ങളും യോജിക്കുമായിരിക്കും. (g93 11/8)