അതുല്യമായ മാറ്റർഹോൺ
സ്വിററ്സർലണ്ടിലെ ഉണരുക! ലേഖകൻ
“മുഴുഭൂമിയിലുമായി ഒരു മാററർഹോൺ മാത്രമേയുള്ളൂ; അത്തരം സന്തുലിത രൂപത്തോടുകൂടിയ ഒന്നു മാത്രം. ഒരു വിസ്മയകരമായ കാഴ്ച തന്നെ!” ഇറ്റാലിയൻ പർവതാരോഹകനായ ഗ്വിഡോ റേ അപ്രകാരം പറഞ്ഞു.
തീർച്ചയായും, മാററർഹോൺ ഒരു അസാധാരണ കൊടുമുടിയാണ്; ലോകത്തിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന പർവതങ്ങളിലൊന്നുതന്നെ. ഈ പേജുകളിലെ ഫോട്ടോ മിക്കവാറും ഈ ശ്രദ്ധേയമായ പർവതത്തിന്റെ നിങ്ങൾ കണ്ടിട്ടുള്ള ആദ്യത്തെ ചിത്രമായിരിക്കുകയില്ല.
സ്വിറ്റ്സർലണ്ടിലെ സെർമാട്ട് ഗ്രാമത്തിനു പത്തു കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഇറ്റലിയുടേയും സ്വിറ്റ്സർലണ്ടിന്റേയും അതിർത്തിയിൽ പിരമിഡ് സമാനമായ മാറ്റർഹോൺ സ്ഥിതിചെയ്യുന്നു. ആ പട്ടണത്തിന്റെ പേരാണു കൊടുമുടിക്കു ലഭിച്ചിരിക്കുന്നത്. ഇതിനു 4,478 മീറ്റർ ഉയരമുണ്ട്. കൂടാതെ 100 മീറ്റർ വ്യത്യാസത്തിൽ ഇതിനു രണ്ടു കൊടുമുടികളുണ്ട്.
മാറ്റർഹോൺ സെൻട്രൽ ആൽപ്സിന്റെ ഭാഗമാണെങ്കിലും, തൊട്ടടുത്തെങ്ങും മറ്റു കൊടുമുടികളില്ലാതെയാണ് ഇതിന്റെ നിൽപ്പ്. നാനാദിശകളിൽനിന്നും പർവതത്തിന് ഒരു പകിട്ടേറിയ വീക്ഷണ മുള്ളതിനും കൂടുതൽ ആകർഷകമായിരിക്കുന്നതിനുമുള്ള കാരണം അതാണ്.
ഒരു ഏകശിലാസ്തംഭത്തിന്റെ ആകൃതിയാണു മാറ്റർഹോണിനുള്ളതെന്നു ചിലർ ഉചിതമായി വിവരിച്ചിട്ടുണ്ട്. ഇതിന്റെ നാലുവശങ്ങളും നാലു ദിക്കുകളിലേക്കു ദൃശ്യമാകുന്നു. ഒരു പർവതശിഖരം ഓരോ വശത്തെയും വ്യക്തമായി വേർതിരിച്ചിട്ടുണ്ട്.
ഇത്ര ഉയരമുണ്ടായിരുന്നിട്ടും മാറ്റർഹോണിനെ എല്ലായ്പോഴും മഞ്ഞുമൂടുന്നില്ല. വസന്തത്തിന്റെ അവസാനത്തോടെ മേൽഭാഗത്തെ കുത്തനെയുള്ള ശിലകളിലെ മഞ്ഞിന്റെ ആവരണം സൂര്യന്റെ ചൂടിൽ ഉരുകിയൊലിക്കുന്നു. താഴെ കിഴക്കും വടക്കുപടിഞ്ഞാറുമായി ഹിമപ്പരപ്പ് പർവതത്തെ പുതഞ്ഞുകിടക്കുന്നു. ഇതു വർഷം മുഴുവൻ അതു വെള്ള അരക്കച്ച ചുറ്റിയിരിക്കുന്ന പ്രതീതിയുളവാക്കുന്നു.
എപ്രകാരം ഈ അതുല്യമായ പർവതം ഉത്ഭവിച്ചുവെന്ന് അനേകം ആരാധകരും അത്ഭുതപ്പെട്ടിട്ടുണ്ട്. ഇത് എന്തിൽനിന്നെങ്കിലും രൂപപ്പെട്ടുവന്നുവെന്നു കരുതാൻ തക്കവണ്ണം അതിനുചുറ്റും കൽക്കൂമ്പാരങ്ങളൊന്നുംതന്നെ കാണാനില്ല. ഗണനാതീതമായ ആയിരക്കണക്കിനു വർഷങ്ങളായി അതു സ്ഥിതിചെയ്യുന്നതിനാൽ അങ്ങനെയുള്ള കൽക്കൂമ്പാരങ്ങൾ നീങ്ങിപ്പോയിട്ടുണ്ടാവണം. പ്രകൃതിയുടെ എത്രശക്തമായ കരുത്ത് ഈ മനോഹരദൃശ്യത്തിനു സംഭാവന ചെയ്തിട്ടുണ്ടാവണം!
പുരാതന അധിവാസം
റോമൻ സാമ്രാജ്യത്തിന്റെ കാലത്തുതന്നെ മാറ്റർഹോണിന്റെ ചുവട്ടിലേക്കുനയിക്കുന്ന ആൽപ്സ് താഴ്വര ജനവാസമുള്ളതായിരുന്നു. പൊതുയുഗത്തിനുമുമ്പ് 100-ാമാണ്ടിൽ റോമൻ ജനറലായിരുന്ന മേരിയസ് മാറ്റർഹോണിനു കിഴക്കു 3,322 മീറ്ററുയരത്തിൽ തെയോഡൂൾ മലയിടുക്കിലൂടെ കടന്നുപോയെന്നു ചരിത്രം റിപ്പോർട്ടു ചെയ്യുന്നു. മധ്യയുഗങ്ങളിൽ തെക്കുനിന്നു വടക്കോട്ടു സാധനങ്ങൾ കൊണ്ടുപോകുന്നതിനായും ഈ മലമ്പാത ഉപയോഗിച്ചു.
ആ നാളുകളിൽ അവിടുത്തെ നിവാസികൾ മാറ്റർഹോണിനെ വളരെ ബഹുമാനത്തോടെ, അന്ധവിശ്വാസപരമായ ഭയത്തോടെപോലും, നോക്കിയിരുന്നു. പർവതത്തിൽ കയറാൻ അവർ ഒരിക്കലും ശ്രമിച്ചിരുന്നില്ല. അതു പിശാചിന്റെ വാസസ്ഥലമാണെന്ന് അവർ വിചാരിച്ചിരുന്നു! വീടുകളോളം വലിപ്പമുള്ള മഞ്ഞുകട്ടകളും ഹിമപാളികളും പാറകളും മറ്റാരാണു താഴേയ്ക്കു വലിച്ചെറിയുക?
പ്രകൃതിശാസ്ത്രത്തിൽ വർധിച്ചുവരുന്ന താത്പര്യം
ഭയം നിമിത്തം ആ എളിയ ജനങ്ങൾ എന്തിൽനിന്നു മാറിനിന്നോ അതു പിന്നീട് ഇംഗ്ലണ്ടിലെ ഉന്നതസമൂഹത്തിനു ഹരമായിത്തീർന്നു. ഭൂതത്ത്വശാസ്ത്രം, സ്ഥലവിവരണശാസ്ത്രം, സസ്യശാസ്ത്രം എന്നിവപോലുള്ള അറിവിന്റെ മേഖലകളിൽ പഠനം നടത്തുന്നതിനായി പര്യവേക്ഷകരെ പർവതാരോഹണത്തിനു പ്രേരിപ്പിച്ചുകൊണ്ടു ശാസ്ത്രീയ താത്പര്യം വളരാൻ തുടങ്ങി.
വാസ്തവത്തിൽ, 1857-ൽ ലണ്ടനിൽ ആൽപിയൻ ക്ലബ്ബിന് അടിസ്ഥാനമിട്ടു. തുടർന്ന് അനേകം സമ്പന്നരായ ഇംഗ്ലീഷുകാർ ആൽപ്സിന്റെ കീഴടക്കലിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസിലേക്കും ഇറ്റലിയിലേക്കും അല്ലെങ്കിൽ സ്വിറ്റ്സർലണ്ടിലേക്കും യാത്ര ചെയ്തു. സാഹസികർ മോൺട് ബ്ലാൻക് ഉൾപ്പെടെ അനേകം കൊടുമുടികൾ കയറി. ഈ പർവതം 4,807 മീറ്ററുള്ള, യൂറോപ്പിലെ ഏറ്റവും ഉയരമുള്ള പർവതമാണെങ്കിലും പർവതാരോഹകർക്ക് ഇതു മാറ്റർഹോണിനെക്കാൾ പ്രയാസം കുറഞ്ഞതാണ്.
ഈ പരിശ്രമങ്ങളെല്ലാം പൂർണമായും പ്രകൃതിശാസ്ത്രത്തിന്റെ പേരിലായിരുന്നില്ല. വിജയാഭിലാഷം ഇഴഞ്ഞുകയറി. ഒന്നാമനാകുന്നതിന്റെയും, ഏറ്റവും ധൈര്യശാലിയും സാഹസികനും ആയിരിക്കുന്നതിന്റെയും പ്രശസ്തി ഒരു വലിയ ഘടകമായിരുന്നു. ആ കാലത്ത് ഇംഗ്ലണ്ടിൽ “സ്പോർട്ട്” എന്ന പദം പ്രധാനമായും പർവതാരോഹണത്തെ അർഥമാക്കി.
1865-ലെ ഗ്രീഷ്മകാലം പർവതാരോഹണത്തിൽ, പ്രത്യേകിച്ചും മാറ്റർഹോണിന്റെ സംഗതിയിൽ, ഏറ്റവും തിരക്കുപിടിച്ച ഒന്നായിരുന്നു. കീഴടക്കപ്പെടാതെ അവശേഷിച്ചിരുന്ന അവസാനത്തെ കൊടുമുടികളിൽ ഒന്നായിരുന്നു ഈ മനംകവരുന്ന പിരമിഡ്. ഇതു കീഴടക്കുക സാധ്യമല്ലെന്നു കരുതിയിരുന്നു, മാത്രവുമല്ല, പ്രാദേശിക വഴികാട്ടികൾ ഒന്നു ശ്രമിക്കാൻപോലും സമ്മതിക്കില്ലായിരുന്നു. ‘മറ്റേതു കൊടുമുടിയുമാവാം, പക്ഷേ ഹോൺ പറ്റില്ല എന്നായിരുന്നു അവരുടെ മനോഭാവം.’
എന്നിരുന്നാലും, മാറ്റർഹോണിന്റെ കീഴടക്കൽ ഒഴിച്ചുകൂടാനാവാത്തതായിരുന്നു. 1860-കളുടെ പ്രാരംഭത്തിൽ അനേകം ആൽപിയൻ കൊടുമുടികൾ കീഴടക്കപ്പെട്ടു. പർവതാരോഹകർ അനുഭവപരിചയത്തിലൂടെ പഠിക്കുകയും പുതിയ വിദ്യകൾ വികസിപ്പിക്കുകയും ചെയ്തു. ആൽപിയൻ ദൃശ്യങ്ങളുടെ ചിത്രങ്ങളെടുക്കാനായി ഇംഗ്ലണ്ടിൽനിന്നുള്ള 20 വയസ്സുകാരനായ എഡ്വേർഡ് വിംപെറിനെ ഒരു ലണ്ടൻ പത്രാധിപർ സ്വിറ്റ്സർലണ്ടിലേക്കയച്ചു. ഇത് ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിനുവേണ്ട ചിത്രങ്ങൾ ലഭിക്കുന്നതിനായിരുന്നു. പർവതങ്ങൾ വിംപെറിനെ വളരെയധികം ആകർഷിച്ചു, പർവതാരോഹണം അദ്ദേഹത്തിന്റെ ആവേശമായിത്തീർന്നു. ഫ്രാൻസിലും സ്വിറ്റ്സർലണ്ടിലുമായി അദ്ദേഹം അനേകം കൊടുമുടികൾ കീഴടക്കുകയും മാറ്റർഹോൺ കയറാൻ ധാരാളം ശ്രമങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ ഹോൺ ചെറുത്തുനിന്നു.
മാറ്റർഹോൺ കീഴടക്കപ്പെട്ടു!
അവസാനം, 1865 ജൂലൈയിൽ മൂന്നു പർവതാരോഹണ സംഘങ്ങൾ സെർമാട്ടിൽ കണ്ടുമുട്ടാനിടയായി. ഇവരെല്ലാവരും മാറ്റർഹോൺ കയറാൻ ലക്ഷ്യമിട്ടിരുന്നു. അതു വേഗത്തിൽ വേണമായിരുന്നു, കാരണം ഒരു ഇറ്റാലിയൻ സംഘം അവരുടെമേൽ വിജയം നേടിയേക്കുമായിരുന്നു. അതുകൊണ്ട് ഈ മൂന്നു സംഘങ്ങൾ ഒരു കോർഡേ അല്ലെങ്കിൽ വടംകൊണ്ടു കൂട്ടിബന്ധിപ്പിച്ച ആരോഹണക്കാരുടെ ഒരു നിരയായി ഒന്നിച്ചുകൂടാൻ തീരുമാനിച്ചു. ഏഴംഗങ്ങളടങ്ങുന്ന ഒരു സംഘം രൂപീകരിക്കപ്പെട്ടു. എഡ്വേർഡ് വിംപെർ, ലോർഡ് ഫ്രാൻസിസ് ഡഗ്ലസ്, ചാൾസ് ഹഡ്സനും അദ്ദേഹത്തിന്റെ യുവ സുഹൃത്ത് ഹാഡോയും—എല്ലാവരും ഇംഗ്ലീഷുകാർ—കൂടാതെ വഴികാട്ടിയായി അവർ രണ്ടു സ്വിറ്റ്സർലണ്ടുകാരെയും ഒരു ഫ്രഞ്ചുകാരനെയും ഏർപ്പെടുത്തി.
ജൂലൈ 13-ന് സെർമാട്ട് വിട്ട അവർ കിഴക്കുനിന്നു തിരക്കുകൂട്ടാതെ പർവതത്തെ സമീപിച്ചു. താഴ്ഭാഗം കയറാൻ താരതമ്യേന എളുപ്പമാണെന്ന് അവർ കണ്ടെത്തി. ഏകദേശം 3,300 മീറ്റർ ഉയരത്തിൽ കൂടാരമടിച്ചു വെയിലുള്ള ആ ദിവസത്തിന്റെ ബാക്കി സമയം അവർ വിശ്രമിക്കുകയും നന്നായി ആസ്വദിക്കുകയും ചെയ്തു.
അടുത്ത പ്രഭാതത്തിൽ, അതായത് ജൂലൈ 14-ന്, പുലർച്ചയ്ക്കു മുമ്പുതന്നെ അവർ കയറാൻ തുടങ്ങി. വടം വല്ലപ്പോഴുമേ ആവശ്യമായിരുന്നുള്ളൂ. ചില ഭാഗങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ചു കൂടുതൽ വിഷമകരമായിരുന്നു; പക്ഷേ കൂടുതൽ പ്രയാസമേറിയ തടസ്സങ്ങളെ മറികടക്കാൻ പലപ്പോഴും അവർ മറ്റെന്തെങ്കിലും പോംവഴി കണ്ടുപിടിച്ചിരുന്നു. രണ്ടു വിശ്രമവേളകൾക്കു ശേഷം അവർ ഏറ്റവും നിർണായകമായ ഭാഗത്തെത്തി. അവസാനത്തെ 70 മീറ്റർ ദൂരത്തിൽ വിശാലമായ ഒരു ഹിമതലം ഉൾപ്പെട്ടിരുന്നു. 1:45. p.m.,-ന് അവർ ഉച്ചിയിൽ എത്തിച്ചേർന്നു. മാറ്റർഹോൺ കീഴടക്കപ്പെട്ടു!
രണ്ടു മുകൾപ്പരപ്പുകളിലും സന്ദർശകർ അവിടെ ചെന്നതിന്റെ യാതൊരു ലക്ഷണവുമില്ലായിരുന്നു. അതുകൊണ്ടു വ്യക്തമായും അവരായിരുന്നു ആദ്യത്തെ സന്ദർശകർ. എന്തോരനുഭൂതി! ഏകദേശം ഒരു മണിക്കൂറോളം എല്ലാ ദിശയിലെയും ഞെട്ടിക്കുന്ന ദൃശ്യം ആസ്വദിച്ചശേഷം ഈ വിജയശ്രീലാളിത സംഘം തിരികെയിറങ്ങാൻ തയ്യാറായി. അതേ ദിവസംതന്നെ കയറാൻ ശ്രമിച്ചുകൊണ്ടിരുന്ന ഇറ്റാലിയൻ പർവതാരോഹകർ വളരെ പിന്നിലായിരുന്നു. പരാജിതരായെന്നു തിരിച്ചറിഞ്ഞതോടെ അവർ പിൻവാങ്ങി.
ഒരു വളരെ ഉയർന്ന വില
എന്നിരുന്നാലും, ആരോഹകരുടെ വിജയം, അവർ ഒരു വലിയ വില കൊടുക്കുന്നതിനിടയാക്കുകയായിരുന്നു. അവരോഹണ സമയത്ത് ഒരു വിഷമമേറിയ പാതയിലെത്തിയപ്പോൾ അവർ വടംകൊണ്ട് ഒരുമിച്ചു ബന്ധിച്ചു; ഏറ്റവും പരിചയമുള്ള വഴികാട്ടിയുടെ നേതൃത്വവുമുണ്ടായിരുന്നു. അവർക്കു ജാഗ്രതയുണ്ടായിരുന്നിട്ടും പ്രായം കുറഞ്ഞ വ്യക്തിയുടെ കാൽ വഴുതി മുകളിലുള്ളവരെ തന്നോടൊപ്പം വലിച്ചിഴച്ചുകൊണ്ട് അയാൾ താഴെയുള്ള മമനുഷ്യന്റെ മുകളിലേക്കു വീണു. നിലവിളി കേട്ടു പരിഭ്രാന്തരായ മറ്റു മൂന്നുപേർക്കു ചില പാറകളിൽ പിടിച്ചുനിൽക്കാൻ സാധിച്ചു. പക്ഷേ വടം പൊട്ടി സെക്കൻറിന്റെ ഒരംശത്തിനുള്ളിൽ ആദ്യത്തെ നാലുപേരും താഴെ അഗാധഗർത്തത്തിൽ അപ്രത്യക്ഷരായി.
സ്തബ്ധരായ എഡ്വേർഡ് വിംപെറും സ്വിറ്റ്സർലണ്ടുകാരായ രണ്ടു വഴികാട്ടികളും വളരെ നിർണായകമായ ഒരു ഘട്ടത്തിലായി. അവർ രാത്രി അവിടെ കഴിച്ചുകൂട്ടി. പിറ്റേദിവസം സെർമാറ്റിലേക്കു തിരിക്കണമായിരുന്നു. അങ്ങനെ അതിജീവകരുടെ ശേഷിച്ച ജീവിതത്തിൽ മായാത്ത അടയാളമിട്ട ഒരു ദുരന്തത്തിലേക്ക് ആ ദിവസത്തിന്റെ കീർത്തി പെട്ടെന്നു തകിടംമറിഞ്ഞു.
അപകടസ്ഥലത്തിനു 1,200 മീറ്റർ താഴെ ഒരു ഹിമപ്പരപ്പിൽനിന്നു നാലു മൃതദേഹങ്ങളിൽ മൂന്നെണ്ണവും പിന്നീടു വീണ്ടെടുത്തു. നാലാമത്തേത്, ലോർഡ് ഡഗ്ലസിന്റെ, കണ്ടെത്താൻ കഴിഞ്ഞതേയില്ല.
മാറ്റർഹോണിന്റെ ചെരിവുകളുടെ അവസാനത്തെ ഇരകൾ ഇവരായിരുന്നില്ല. ശിലാഭിത്തികൾക്കു കുറുകെയോ മുകളിലോ ഉള്ള വിവിധ വഴികളിലുള്ള പാറയിലും പാറപ്പിളർപ്പുകളിലും ബലമായി ഉറപ്പിച്ച അനേകം കയറുകളുണ്ടായിരുന്നിട്ടും, വർധിച്ച അനുഭവപരിചയവും പർവതാരോഹകരുടെ കൂടുതൽ മെച്ചപ്പെട്ട ഉപകരണങ്ങളുണ്ടായിരുന്നിട്ടും, ഈ പർവതത്തിൽ മാത്രമായി ഏകദേശം 600 മരണങ്ങൾ നടന്നിട്ടുണ്ട്.
അപകടങ്ങൾ
അപകടത്തിനു കൂടുതലായി സംഭാവനചെയ്യുന്ന ഒരു സംഗതി കാലാവസ്ഥയാണ്. അതിനു വളരെപ്പെട്ടെന്നു മാറാൻ കഴിയും. ഒരു ദിവസം മനോഹരമായി ആരംഭിച്ചേക്കാം; പക്ഷേ ഒരു വ്യക്തി അതിനെക്കുറിച്ച് അറിയുന്നതിനുമുമ്പു കനത്ത മൂടൽമഞ്ഞിനാലോ കടുത്ത കറുത്തിരുണ്ട മേഘങ്ങളാലോ പിരമിഡ് മൂടിപ്പോകാനും ഒരു ഭയജനകമായ കൊടുങ്കാറ്റ് ഉരുണ്ടുകൂടാനും കഴിയും. ഇതിനോടു ചേർന്നു പേടിപ്പെടുത്തുന്ന ഇടിമിന്നലും ഇടിവെട്ടലും കാറ്റും കോളും ഉണ്ടായേക്കാം. അതു കനത്ത ഹിമപാതത്തിൽ അവസാനിക്കുന്നു. ഇതെല്ലാം ഒരു മനോഹരമായ വേനൽക്കാല ദിവസത്തിലാണു സംഭവിക്കുന്നത്!
ഇങ്ങനെയുള്ള അവസ്ഥാവ്യതിയാനങ്ങൾ കയറ്റക്കാരെ പിടികൂടുന്നെങ്കിൽ തങ്ങൾക്കു കഷ്ടിച്ചു നിൽക്കാൻമാത്രം കഴിയുന്ന തുറസ്സായ, ഒരുപക്ഷേ ചെറിയ പ്ലാറ്റ്ഫോമിലൂടെ രാത്രി കടന്നുപോകേണ്ടിവന്നേക്കാം. താപനിലകൾക്കു ഖരാങ്കത്തിലും വളരെ താഴെയായിരിക്കാൻ കഴിയും. അടിയിൽ അഗാധഗർത്തമാണ്. അപ്പോൾ വളരെ ദൂരെനിന്നുമാത്രം മാറ്റർഹോണിനെ ഉപചാരപൂർവം നോക്കിക്കാണാനാവും ഒരുവൻ ആഗ്രഹിക്കുക!
മറ്റൊരപകടം കല്ലുവീഴ്ചയാണ്. ചിലപ്പോൾ അലക്ഷ്യരായ കയറ്റക്കാർത്തന്നെ കല്ലുകളുടെ വീഴ്ചയ്ക്കു കാരണമാകുന്നു. എന്നിരുന്നാലും, ഏറിയപങ്കും പ്രകൃതിജന്യമായ കാരണങ്ങളാലാണ്. താപവ്യതിയാനങ്ങൾ, ഐസുകട്ടകൾ, മഞ്ഞ്, കോരിച്ചൊരിയുന്ന മഴ, പൊള്ളുന്ന വെയിൽ, ഹോണിനു ചുറ്റും വീശിയടിക്കുന്ന ശക്തമായ കാറ്റുകൾ, ഇവയെല്ലാം വലിയ കഷണങ്ങളെ ഇളകിമാറുന്നതിന് ഇടയാക്കിക്കൊണ്ടു പാറകളുടെമേൽ പ്രവർത്തിക്കുന്നു. അവ ചിലപ്പോൾ ശിലാപാളികളുടെ ഒരു വലിയ കൂമ്പാരംപോലെ വർഷങ്ങളോളം അവിടെത്തന്നെ സ്ഥിതിചെയ്യുന്നു. എന്നാൽ പർവതശിഖരത്തിൽനിന്നു വീഴുന്ന വലിയ മഞ്ഞുകട്ടികൾ അവസാനം അവയെ നീങ്ങുന്നതിനും നിലംപതിക്കുന്നതിനും കാരണമാക്കിയേക്കാം.
ഈ സംഭവവികാസം ആയിരക്കണക്കിനു വർഷങ്ങളായി തുടർന്നുപോരുന്നുണ്ടെങ്കിലും അതിന്റെ ആകൃതിയിൽ മാററത്തിന്റെ അടയാളങ്ങളില്ലാതെ അത് അതിന്റെ ലോലമായ ഏകശിലാസ്തംഭത്തിന്റെ രൂപം നിലനിർത്തുന്നതിൽ അനേകം പർവതാരോഹകർ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാലും അതിന്റെ കണക്കാക്കപ്പെട്ട 250 കോടി ഘനമീറ്റർ പാറക്കെട്ടിനോടു താരതമ്യപ്പെടുത്തിയാൽ, അതിൽനിന്നു താഴെവീഴുന്ന കല്ലുകൾ അതിന്റെ ആകൃതിക്കു മാറ്റംവരുത്തുവാൻ പര്യാപ്തമല്ല. എന്നിരുന്നാലും, അവ പരുക്കിനും ജീവനഷ്ടത്തിനും കാരണമാകുകതന്നെ ചെയ്യുന്നു.
ഇതിനിടെ, മാറ്റർഹോൺ കയറുന്നത് അനേകർക്കും കഴിയുന്ന ഒരു സംഗതിയായിത്തീർന്നു. ചില വഴികാട്ടികൾ നൂറുകണക്കിനു പ്രാവശ്യം അതിന്റെ മുകളിൽ കയറിയിട്ടുണ്ട്. മാത്രവുമല്ല, ഓരോ പ്രാവശ്യവും ഒരു വ്യത്യസ്ത വഴി തിരഞ്ഞെടുത്തുകൊണ്ട് അനേകം പുരുഷന്മാരും സ്തീകളും ഈ അഭ്യാസക്കളി ആവർത്തിക്കുന്നു.
എന്നാൽ കയറാൻ ഒരു ശ്രമം ചെയ്യുകയും പക്ഷേ ചുറ്റുപാടുകൾ അനുകൂലമല്ലെന്നോ അല്ലെങ്കിൽ തങ്ങളുടെതന്നെ കഴിവോ ശാരീരികസ്ഥിതിയോ പരിശീലനമോ അപര്യാപ്തമാണെന്നോ തിരിച്ചറിയുന്നവരുമുണ്ട്. അതുകൊണ്ട് അവർ കയറ്റം തുടരുന്നില്ല, എന്നാൽ മാറ്റർഹോൺ “കയറുന്നതിൽ വിജയിച്ചു” എന്ന പ്രശസ്തിയുടെമേൽ വിജയം വരിക്കാൻ അവർ ന്യായബോധത്തെ അനുവദിക്കുന്നു.
എന്നിരുന്നാലും, നിങ്ങൾ ഫോട്ടോകളിലോ ചലച്ചിത്രങ്ങളിലോ ഈ ശ്രദ്ധേയമായ പർവതം കണ്ടിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ സൂര്യോദയത്തിലോ സൂര്യാസ്തമയത്തിലോ അതിന്റെ ഉജ്ജ്വലമായ വർണങ്ങൾ വീക്ഷിച്ചു ഭയഭക്തിയോടെ അതിനടുത്തു നിന്നിട്ടുണ്ടെങ്കിലോ, അതു മഹാനായ ശില്പിയെക്കുറിച്ചു നിങ്ങളെ ഓർമിപ്പിച്ചിട്ടുണ്ടാവാം. അവന്റെ കൈവേലയോടുള്ള ആഴമായ ബഹുമാനത്തോടെ നിങ്ങളുടെ ഹൃദയം സങ്കീർത്തനം 104:24-ലെ വാക്കുകൾ നന്നായി പ്രതിധ്വനിപ്പിച്ചിട്ടുണ്ടാവാം: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.”