ചിതൽ—മിത്രമോ ശത്രുവോ?
കെനിയയിലെ ഉണരുക! ലേഖകൻ
“കുംബെ! മ്ഷ്വാ!” ഒരു ക്രിസ്തീയ ശുശ്രൂഷകനും മറ്റ് ആളുകളും തടികൊണ്ടുള്ള, കൊണ്ടുനടക്കാവുന്ന ഒരു കുളം എടുത്തുപൊക്കവേ ഇങ്ങനെ വിളിച്ചുപറഞ്ഞു. കെനിയയിലെ യഹോവയുടെ സാക്ഷികളുടെ സർക്കിട്ട് സമ്മേളനത്തിൽ ഒരു സ്നാപനക്കുളമായി ഉപയോഗിക്കാനിരിക്കുകയായിരുന്നു അവർ അത്. എന്നാൽ അതിന്റെ വളരെയധികം തടിയും തിന്നുപോയിരിക്കുന്നതു കണ്ട അവർ ഞെട്ടിപ്പോയി. അതുകൊണ്ടാണ് അവർ നിരാശയോടെ അങ്ങനെ പറഞ്ഞത്. അത് പരിഭാഷപ്പെടുത്തിയാൽ ഇങ്ങനെയിരിക്കും: “ഓ! ചിതല്!”
ഒരുപക്ഷേ മറ്റൊരു പ്രാണിയും ഈ കൊച്ചു ചിതലിന്റെയത്രയും വസ്തുനഷ്ടമുണ്ടാക്കുന്നില്ലായിരിക്കാം. എന്നാൽ യഥാർഥത്തിൽ ഈ കീടം മമനുഷ്യന്റെ ശത്രുവാണോ? ഉത്തരം കണ്ടുപിടിക്കുന്നതിന് നമുക്ക് ചിതലിനെ ഒന്ന് അടുത്തു നിരീക്ഷിക്കാം.
ചിതൽ കോട്ട
കെനിയയിൽ ഗോപുരസമാനമായ ചിതൽപ്പുറ്റുകൾ കാണാം. നിലത്തുനിന്ന് അഞ്ചുമുതൽ ആറുവരെ മീറ്റർ ഉയർന്നുനിൽക്കുന്ന ചിമ്മിനി സമാനമായ നിർമിതികളാണിവ. വിദഗ്ധ ശില്പികളെന്നു ചിതലുകളെ വിളിക്കത്തക്കവിധം അത്രമാത്രം കൃത്യതയോടെയാണ് അവ കോൺക്രീറ്റ് കൊത്തളങ്ങൾക്കു സമാനമായ ആ പുറ്റുകൾ പണിതീർത്തിരിക്കുന്നത്. നടക്കാൻ വേഗത തീരെ കുറവും—അന്ധരും എങ്കിലും ഈ ചെറുപ്രാണികൾക്ക് ഇത്രയും ചിത്തഹാരിയായ കോട്ടകൾ പടുത്തുയർത്താൻ കഴിയുമെന്നു വിചാരിക്കുന്നത് ഭാവനാശക്തിയെ വെല്ലുവിളിക്കുന്നില്ലേ?
ചിതൽപ്പുറ്റിന്റെ അകത്ത് അറകളുടെയും തുരങ്കങ്ങളുടെയും വിപുലമായ ഒരു നൂലാമാലതന്നെ കാണാം. ബഹളമയമായ ഈ വൻനഗരിക്ക് ഫലപ്രദമായ മലിനജലനിർഗമന പദ്ധതിയും വായുസഞ്ചാരത്തിനുള്ള സൗകര്യങ്ങളും എന്തിന്, എയർ-കണ്ടീഷനിങ് പോലുമുണ്ട്. പുറ്റിന്റെ മുകളിലുള്ള വാതായനങ്ങളിലൂടെ ചൂടുവായു പുറത്തുപോകുന്നു. തണുത്തവായു അടിയിൽനിന്നും വരുന്നു. ഇനിയും കൂടുതലായ തണുപ്പിക്കൽ ലഘുവായ ഒരു ബാഷ്പീകരണ പ്രക്രിയയിലൂടെയാണു നടക്കുന്നത്: ചിതലുകൾ അവയുടെ ഭിത്തിയിൽ തുപ്പിക്കൊണ്ട് ജലം സ്പ്രേ ചെയ്യുന്നു. ഈ ജലം ബാഷ്പീകരിക്കപ്പെടുമ്പോൾ അത് വായുവിനെ ശീതീകരിക്കുകയും വായുചംക്രമണത്തിന് സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ ദിവസം 24 മണിക്കൂറും ചിതൽക്കൂട് സുഖപ്രദമായ 30 ഡിഗ്രി സെൽഷ്യസിൽത്തന്നെ നിൽക്കുന്നു.
ചിതൽ സമൂഹം
ഇതിലും അത്ഭുതകരമാണ് ചിതൽ സമൂഹത്തിന്റെ കാര്യം. ചില ചിതൽപ്പുറ്റുകൾ 50 ലക്ഷംവരെ ചിതലുകളുടെ പ്രവർത്തനക്ഷമമായ സമൂഹങ്ങളെ അല്ലെങ്കിൽ കോളനികളെ പാർപ്പിക്കുന്നു. ഇവയിൽ യാതൊരു കുഴച്ചിലുമില്ല. പകരം ഓരോ കോളനിയും പ്രവർത്തനക്ഷമതയുടെ ഓരോ മാതൃകയാണ്. ചിതൽ കുടുംബത്തിൽ മൂന്നു വർഗങ്ങളുണ്ട്: ജോലിക്കാർ, സൈനികർ, പുനരുത്പാദകർ. സിമൻറിനുവേണ്ടി ഉമിനീർ ഉപയോഗിച്ചുകൊണ്ട് ചിതൽപ്പുറ്റുകളുടെ യഥാർഥ നിർമാണം നടത്തുന്നതു ജോലിക്കാരാണ്.
സൈനികർ കുടുംബത്തിലെ കുറേക്കൂടെ അക്രമാസക്തരായ അംഗങ്ങളാണ്. ശക്തമായ താടിയെല്ലുകളാലും കൂർത്ത പല്ലുകളാലും സജ്ജരായ അവ സൈന്യ ഉറുമ്പുകൾപോലെയുള്ള കടന്നാക്രമികളിൽനിന്നു കോട്ടയെ സംരക്ഷിക്കുന്നു. ആഹാരം തേടി ജോലിക്കാർ സാഹസികമായി പുറ്റിനു വെളിയിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ അവരുടെ അംഗരക്ഷകരായും അവ വർത്തിക്കുന്നു. ആവശ്യംവന്നാൽ സൈനികർ രാസയുദ്ധത്തിനും തുനിയും. ഒരു മാരക ദ്രാവകം ഉത്പാദിപ്പിച്ചുകൊണ്ട് ഒരു പ്രത്യേക ഗ്രന്ഥി ജലത്തോക്കായി വർത്തിക്കുന്നു.
തങ്ങളുടെ സേവനത്തിന് ഈ സൈനികർക്ക് എങ്ങനെയാണ് പ്രതിഫലം ലഭിക്കുന്നത്? കൊള്ളാം, സ്വയം ആഹാരം ചവച്ചിറക്കാൻ പറ്റാത്തവിധം അവയുടെ താടിയെല്ലുകൾ വളരെ വലുതാണെന്നു തോന്നുന്നു. അതുകൊണ്ട് സൈനികന് വിശക്കുമ്പോൾ അവൻ തന്റെ സ്പർശിനികൊണ്ട് ഒരു ജോലിക്കാരന്റെ തലയിൽ ഉരസുന്നു. അതിന്റെ അർഥം “എനിക്കു ഭക്ഷണം താ!” എന്നാണ്. ജോലിക്കാരൻ സൈനികന്റെ വായിലേക്ക് ആഹാരം തികട്ടിക്കൊടുത്തുകൊണ്ട് പ്രതികരിക്കുന്നു.
പള്ളിയറയിൽ, കൂരാക്കൂരിരുട്ടിലാണ് പുനരുത്പാദകരുടെ—രാജാവിന്റെയും രാജ്ഞിയുടെയും—ജീവിതം. തന്റെ കുറിയ ഇണയോടു താരതമ്യപ്പെടുത്തുമ്പോൾ രാജ്ഞിക്ക് വല്ലാത്ത വലിപ്പം തന്നെ. മുട്ടകൾക്കൊണ്ട് വീർത്തിരിക്കുന്ന അവളുടെ അടിവയറ് അത്ഭുതകരമായ പുനരുത്പാദന പ്രാപ്തികളുടെ തെളിവാണ്. അവൾക്ക് ഒരു ദിവസം 4,000 മുതൽ 10,000 വരെ മുട്ടകളിടാൻ കഴിയും എന്ന് കണക്കാക്കപ്പെടുന്നു. “താനേ പ്രവർത്തിക്കുന്ന മുട്ടയിടൽ യന്ത്രം” എന്ന് ചിലർ ഈ രാജ്ഞിയെ വിളിച്ചിരിക്കുന്നതിൽ അതിശയമില്ല.
എന്നിരുന്നാലും, ഈ രാജകീയ ദമ്പതികൾക്ക് വലിയ സ്വകാര്യതയൊന്നും ഇല്ല. എന്തുകൊണ്ടെന്നാൽ ചിതൽ ജോലിക്കാരുടെ ഒരു സംഘം അവരെ പരിചരിക്കുന്നുണ്ട്. അവളുടെ അടിയന്തിര ആവശ്യങ്ങൾക്കുവേണ്ടി കരുതിക്കൊണ്ടും അവൾക്ക് ആഹാരം നൽകിക്കൊണ്ടും അവ അവളെ ചുറ്റിപ്പറ്റി നിൽക്കുന്നു. മുട്ടകളിട്ടുകഴിയുമ്പോൾ ജോലിക്കാർ അവ താടിയെല്ലുകൾക്കിടയിൽ എടുത്തുകൊണ്ട് നേഴ്സറി അറയിലേക്കു പോകുന്നു.
മിത്രങ്ങളോ ശത്രുക്കളോ?
ഈ പ്രാണികൾ ആകർഷണീയരല്ലെന്ന് ആരുംതന്നെ പറയുകയില്ലെങ്കിലും മിക്കവരും അവയെ ഇപ്പോഴും കീടങ്ങൾ—ശത്രുക്കൾ—ആയാണ് വീക്ഷിക്കുന്നത്! കെനിയയിലെ ദേശീയ മ്യൂസിയത്തിലെ നട്ടെല്ലില്ലാത്ത ജീവികളുടെ ജന്തുശാസ്ത്ര ഡിപ്പാർട്ടുമെൻറിന്റെ തലവൻ ഡോ. റിച്ചർഡ് ബെഷിൻ ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “ഏറ്റവും വിനാശകാരികളായ ജീവികളിൽ ഒന്നായിട്ടാണ് ആളുകൾ ചിതലുകളെ കാണുന്നത് എന്നതു സത്യമാണ്. എന്നാൽ ശാസ്ത്രജ്ഞൻമാർ ചിതലുകളെ വ്യത്യസ്തമായാണ് കാണുന്നത്. അവയുടെ സ്വാഭാവിക ചുറ്റുപാടിൽ ചിതലുകൾ ജന്തു, സസ്യ സമൂഹങ്ങൾക്ക് ഉപകാരിയായ അംഗങ്ങളാണ്.
“ഒന്നാമതായി, അവ ജീവനില്ലാത്ത സസ്യപദാർഥങ്ങളെ വിഘടിപ്പിക്കുന്നു. അങ്ങനെ ചിതലുകൾ സസ്യങ്ങൾക്കാവശ്യമായ പോഷകപദാർഥങ്ങൾ വീണ്ടും പ്രദാനം ചെയ്യുന്നു. രണ്ടാമതായി, അവ ആഹാരത്തിന്റെ സുപ്രധാനമായ ഒരു ഉറവാണ്. മിക്കവാറും എല്ലാത്തരം പക്ഷികളും പല സസ്തന ജീവികളും ഉരഗങ്ങളും ഉഭയജീവികളും മറ്റു പ്രാണികളും അവയെ തിന്നുന്നു. പശ്ചിമ കെനിയയിലും ഉത്തര കെനിയയിലുമുള്ള പലരും അവയുടെ മധുരമുള്ള, സമൃദ്ധമായ സ്വാദ് ആസ്വദിക്കുന്നു; അവയിൽ കൊഴുപ്പും മാംസ്യവും വളരെ സമൃദ്ധമായുണ്ട്. മൂന്നാമതായി, അവ മണ്ണുണ്ടാക്കാൻ സഹായിക്കുന്നു. അവ അടിമണ്ണും മേൽമണ്ണും തമ്മിൽ കൂട്ടിക്കലർത്തിയാണ് കൂടുകൾ ഉണ്ടാക്കുന്നതും അവയുടെ കേടുപാടുതീർക്കുന്നതും. അവ ജീവനില്ലാത്ത സസ്യപദാർഥങ്ങളുടെ വലിയ കഷണങ്ങളെ ചെറിയവയായി വിഘടിപ്പിച്ച് ജൈവമണ്ണ് ഉണ്ടാക്കുന്നു. മണ്ണിൽക്കൂടി സഞ്ചരിച്ചുകൊണ്ട് അവ സസ്യവേരുകൾക്ക് ആവശ്യമായ വായുവിനും ജലത്തിനും വഴിയുണ്ടാക്കിക്കൊടുക്കുന്നു. അങ്ങനെ ചിതലുകൾ മണ്ണിന്റെ ഗുണവും ഘടനയും ഫലഭൂയിഷ്ഠതയും മെച്ചപ്പെടുത്തുന്നു.”
എങ്കിൽപ്പിന്നെ ചിതലുകൾ മമനുഷ്യന്റെ പാർപ്പിടം ആക്രമിക്കുന്നതെന്തിനാണ്? ഡോ. ബെഷിൻ ഇപ്രകാരം പറയുന്നു: “വാസ്തവത്തിൽ, ആളുകൾ ചിതലുകൾ പാർക്കുന്നിടത്തേക്കു ചെന്ന് അവ ഉപയോഗിച്ചുകൊണ്ടിരുന്ന സസ്യവിഭവങ്ങൾ മിക്കവയും നീക്കംചെയ്തിരിക്കുന്നു. ജീവിക്കണമെങ്കിൽ ചിതലിന് തിന്നേ പറ്റൂ. അവയുടെ സാധാരണ ആഹാരം ജീവനില്ലാത്ത സസ്യങ്ങളാണ്. ഇവ അവരിൽനിന്ന് തട്ടിയെടുക്കുമ്പോൾപ്പിന്നെ അവ വീടുകൾ, പത്തായങ്ങൾ തുടങ്ങിയ മനുഷ്യ നിർമിത വസ്തുക്കൾ തിന്നുന്നു.”
അതുകൊണ്ട് ചിലപ്പോഴൊക്കെ ചിതൽ ഒരു ക്ഷുദ്രജീവിയാണെന്നു തോന്നിയേക്കാമെങ്കിലും അതു തീർച്ചയായും നമ്മുടെ ശത്രുവല്ല. വാസ്തവത്തിൽ, അത് യഹോവയുടെ സൃഷ്ടി വൈദഗ്ധ്യത്തിന്റെ ഒരു മികച്ച ദൃഷ്ടാന്തമാണ്. (സങ്കീർത്തനം 148:10, 13; റോമർ 1:20) ദൈവത്തിന്റെ ആഗതമാകുന്ന പുതിയ ലോകത്തിൽ മനുഷ്യൻ മൃഗലോകവുമായി യോജിപ്പിൽ ജീവിക്കാൻ പഠിക്കുമ്പോൾ അവൻ ഈ ചെറു ചിതലിനെ ഒരു ശത്രുവായി കാണുന്നതിനുപകരം മിത്രമായി കാണുമെന്നതിന് രണ്ടുപക്ഷമില്ല.—യെശയ്യാവു 65:25.
[17-ാം പേജിലെ ചിത്രങ്ങൾ]
കൊട്ടാരസമാനമായ ഒരു സാധാരണ ചിതൽപ്പുറ്റ്
ഇൻസെറ്റ്: ജോലിക്കാരായ ചിതലുകൾ
[18-ാം പേജിലെ ചിത്രം]
മാരകമായ രാസപദാർഥങ്ങൾ ഉത്പാദിപ്പിക്കുന്ന വലിയ തലയും ഗ്രന്ഥികളുമുള്ള സൈനികൻ ചിതൽ, ചിതൽ കോളനിയെ പ്രതിരോധിക്കാൻ തയ്യാറെടുപ്പോടെ
[18-ാം പേജിലെ ചിത്രം]
രാജ്ഞി മുട്ടകൾകൊണ്ട് വീർത്ത അടിവയറുമായി
[18-ാം പേജിലെ ചിത്രം]
രാജ്ഞി പരിചാരക വൃന്ദത്തോടൊപ്പം