ലോകത്തെവീക്ഷിക്കൽ
മാനവരാശിയുടെ നല്ലൊരുപങ്ക് ക്ഷാമത്തിന്റെ പിടിയിൽ
മാനവരാശിയെ പോററാൻ മുമ്പൊരിക്കലും ഭൂമി ഇത്രയധികം ഭക്ഷ്യം ഉത്പാദിപ്പിച്ചിട്ടില്ല; എന്നിട്ടും മുമ്പൊരിക്കലും ഇത്രയധികം മനുഷ്യർ ക്ഷാമത്തിന്റെ പിടിയിലമർന്നിട്ടില്ല. ലോകബാങ്കിൽനിന്നുള്ള ഏററവും പുതിയ സ്ഥിതിവിവരക്കണക്കുകളനുസരിച്ച് 1990-ൽ ക്ഷാമത്തിന്റെ കരാളഹസ്തത്തിൽ അമർന്നത് ഏതാണ്ട് 113 കോടി ആളുകളുടെ ജീവിതമാണ് എന്ന് വാർത്താ ഏജൻസിയായ ഫ്രാൻസ് പ്രസ് റിപ്പോർട്ടു ചെയ്യുന്നു. അതു മുമ്പെന്നത്തേതിലുമധികമാണ്. വികസ്വര രാജ്യങ്ങളിൽ ജീവിക്കുന്ന ഏതാണ്ട് 30 ശതമാനം പേരെ അതു ബാധിച്ചു. ഇതു ലോകത്തിൽ ഏററവും ദാരുണമായി ബാധിച്ച പ്രദേശങ്ങൾ തെക്കൻ ഏഷ്യയിലേതാണ്. ക്ഷാമം നിമിത്തം 56.2 കോടി ആളുകൾ (ജനസംഖ്യയുടെ 49 ശതമാനം) അവിടങ്ങളിൽ കഷ്ടമനുഭവിക്കുന്നു; ആഫ്രിക്കയിൽ 21.6 കോടി (ജനസംഖ്യയുടെ 47.8 ശതമാനം) പേർ; ഏഷ്യയുടെ തെക്കുപടിഞ്ഞാറും ആഫ്രിക്കയുടെ വടക്കുമുള്ള പ്രദേശങ്ങളിൽ 7.3 കോടി (ജനസംഖ്യയുടെ 33.1 ശതമാനം) പേർ; ലാററിനമേരിക്കയിലും കരീബിയൻ മേഖലയിലും 10.8 കോടി (ജനസംഖ്യയുടെ 25.2 ശതമാനം) പേർ. ഇതിലൊന്നും വികലപോഷിതരായ വേറെ ഒരു 100 കോടിയാളുകൾ ഉൾപ്പെടുന്നില്ല.
വികാരോജ്ജ്വലമായ ഒരു വിധത്തിൽ വരുമാനം കൂട്ടുന്നു
സാമാന്യാതീത ശാസ്ത്രത്തെക്കുറിച്ചു ശാസ്ത്രഗവേഷണം നടത്തുന്ന ജർമനിയിലുള്ള ഒരു സംഘടന 1993-ന്റെ തുടക്കത്തിൽ ജ്യോത്സ്യൻമാർ നടത്തിയ 70 പ്രവചനങ്ങൾ സമാഹരിച്ചു. എന്നിട്ട് ആ വർഷാവസാനമായപ്പോഴേക്കും അവയുടെ ഫലങ്ങൾ വിലയിരുത്തിനോക്കി. മുൻ വർഷങ്ങളിൽ നടത്തിയ പ്രവചനങ്ങൾ (ഉണരുക! 1992 ജൂൺ 8 ലക്കത്തിന്റെ 29-ാം പേജും 1993 ജൂലൈ 8 ലക്കത്തിന്റെ 29-ാം പേജും കാണുക, ഇംഗ്ലീഷ്) വിജയിക്കാതിരുന്ന സ്ഥിതിക്ക്, ജ്യോത്സ്യൻമാർക്ക് 1993-ൽ കൂടുതൽ നല്ല ഫലങ്ങളാണോ കിട്ടിയത്? അവർ “ഒരു കൂട്ടം നുണകൾ പറഞ്ഞു,” നാസയൂഷാ നോയിയ പ്രെസ റിപ്പോർട്ടു ചെയ്യുന്നു. “സ്വന്തം വാർഷിക പ്രവചനങ്ങൾ പോലും മിക്ക ജ്യോത്സ്യൻമാരും വിശ്വസിക്കുന്നില്ല” എന്ന് ആ സംഘടനയുടെ ഒരു വക്താവ് അഭിപ്രായപ്പെടുന്നു. എന്നാൽ ജർമനിയിൽ ജ്യോതിഷം പ്രതിവർഷം 5.7 കോടി ഡോളർ (10 കോടി ജർമൻ മാർക്ക്) ലാഭമുണ്ടാക്കുന്ന ഒരു വൻ ബിസിനസ്സാണ്. വികാരോജ്ജ്വലമായ ഒരു വിധത്തിൽ പ്രവചനങ്ങൾ നടത്തുന്നത് വരുമാനം വർധിപ്പിക്കാൻ വേണ്ടി “ശ്രദ്ധ പിടിച്ചുപററാനുള്ള ഫലപ്രദമായ ഒരു മാർഗ”മാണെന്നു ഭാവി പറയുന്നവരിൽ പലരും കരുതുന്നു.
കുട്ടികളുടെ തൊഴിൽക്കമ്പോളം
കണക്കനുസരിച്ച് 80 ലക്ഷം കുട്ടികളെക്കൊണ്ട് ബ്രസ്സീലിൽ പണിയെടുപ്പിക്കുന്നു എന്ന് ഓ എസ്റേറഡോ ഡെ സാവുങ് പൗലൂ പ്രസ്താവിക്കുന്നു. മുതിർന്നവർ ചെയ്യുന്ന അതേ ജോലിതന്നെ ഈ കൊച്ചു ജോലിക്കാർ ചെയ്തേക്കാം. എന്നാൽ, താഴ്ന്ന കൂലി കിട്ടുന്ന അവർ കുടുംബത്തിലേക്കു കാര്യമായൊന്നും കൊടുക്കാറില്ല. വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്ത, പ്രായം കുറഞ്ഞ ഈ ജോലിക്കാർ തങ്ങളുടെ മാതാപിതാക്കളെപ്പോലെതന്നെ നന്നായി വായന അറിയാത്തവരും ദരിദ്രരുമാണ്. തൊഴിൽ മന്ത്രാലയത്തിലെ ലൂയിസ് ക്ലൗഡ്യൂ ഡി വാസ്കോൺസേലോസ് ഇപ്രകാരം പ്രസ്താവിക്കുന്നു: “തൊഴിൽ ചെയ്യുന്ന ബാലൻ മററു കുടുംബനാഥൻമാരുടെ പണി മുട്ടിക്കുന്നു, കാരണം മുതിർന്ന ഒരു വ്യക്തിക്കു കിട്ടുന്ന വരുമാനത്തിന്റെ മൂന്നിലൊന്നു വാങ്ങിക്കൊണ്ടു പണിയെടുക്കാൻ അവൻ സന്നദ്ധനാണ്.”
എയ്ഡ്സ് ലോകജനസംഖ്യയെ മർദിച്ചൊതുക്കുന്നു
◻ “എച്ച്ഐവിയുടെ ഏററവും ഉയർന്ന വ്യാപനനിരക്കുള്ള 15 രാജ്യങ്ങളിൽ എയ്ഡ്സിനു മനുഷ്യജീവൻ നാശോൻമുഖമായ വിലയൊടുക്കേണ്ടി വരും.” ഐക്യരാഷ്ട്ര ജനസംഖ്യാ ഫണ്ടിന്റെ പോപ്പൂളൈ എന്ന മാസികയാണ് ഈ മുന്നറിയിപ്പു മുഴക്കുന്നത്. വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ററ്സ്: ദ 1992 റിവിഷൻ എന്ന അടുത്ത കാലത്തെ ഒരു യുഎൻ റിപ്പോർട്ടിനെ അധികരിച്ച് ഈ മാസിക ഇപ്രകാരം പ്രവചനം നടത്തുന്നു: ഇപ്പോൾമുതൽ പത്തു വർഷക്കാലം “ഈ രാജ്യങ്ങളിലെ ജനസംഖ്യാ വർധനവ് എയ്ഡ്സ് നിമിത്തം 1.2 കോടി കുറവായിരിക്കും. കൂടാതെ ഈ രാജ്യങ്ങളിൽ എയ്ഡ്സ് മൂലം ഏതാണ്ട് 90 ലക്ഷം ആളുകൾ മരിക്കും. കുട്ടികളെ പ്രസവിക്കുന്ന പ്രായത്തിൽ സ്ത്രീകൾ മരണമടയുന്നതു മൂലം ജനിക്കുന്ന കുട്ടികളുടെ എണ്ണവും കുറവായിരിക്കും.”
◻ 1993 ഡിസംബർ 1-ന് ലോക എയ്ഡ്സ് ദിനം ആചരിക്കപ്പെട്ടു. ഈ രോഗത്തെ ചെറുക്കാനുള്ള പ്രചരണപരിപാടികളുടെ ഫലങ്ങളിൽ ആഘോഷിക്കാനുള്ള വകയൊന്നുമില്ലായിരുന്നു. ഒരു ഡബ്ലിയുഎച്ച്ഒ (ലോകാരോഗ്യസംഘടന) ഉദ്യോഗസ്ഥൻ ഇപ്രകാരം സമ്മതിച്ചു: “ആഫ്രിക്കയിൽ എയ്ഡ്സിന്റെമേൽ നാം എന്തെങ്കിലും ഫലമുളവാക്കിയതായി എനിക്കു സത്യമായും തോന്നുന്നില്ല.” ഈ രോഗത്തെ ചെറുക്കുന്നതിൽ വൈവാഹിക വിശ്വസ്തതയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകേണ്ടതിന്റെ ആവശ്യത്തെ അദ്ദേഹം അംഗീകരിച്ചു. “ലോകത്തിലെ എയ്ഡ്സ് രോഗികളിൽ മൂന്നിലൊന്നുള്ളത്” ആഫ്രിക്കയിലാണെന്ന് കേപ് ടൈംസ് എന്ന വർത്തമാനപത്രം പറഞ്ഞു. ഡബ്ലിയുഎച്ച്ഒ പറയുന്നതനുസരിച്ച് ആഫ്രിക്കയിലെ സഹാറായുടെ തെക്കൻ പ്രദേശത്ത് എയ്ഡ്സുള്ള മുതിർന്നവരുടെ സംഖ്യ പത്തുലക്ഷമാണെന്നു കണക്കാക്കപ്പെടുന്നു.
പുകവലി നിയന്ത്രണത്തിന് ആക്കം കൂടുന്നു
പുകവലിയുടെ അപകടങ്ങളെക്കുറിച്ചു ചില പ്രത്യേക മുന്നറിയിപ്പുകൾ ആവശ്യപ്പെടുന്ന പുതിയ നിയമങ്ങൾ ഓസ്ട്രേലിയൻ ക്യാപിററൽ ടെറിറററിയിൽ പാസാക്കിയിരിക്കുന്നു. “പുകവലി ആളെ കൊല്ലുന്നു,” “നിങ്ങളുടെ പുകവലിക്കു മററുള്ളവരിൽ അപകടം വരുത്തിവെക്കാനാകും,” “പുകവലി ആസക്തിയുളവാക്കുന്നതാണ്,” “ഗർഭിണിയായിരിക്കുമ്പോഴുള്ള പുകവലി ശിശുവിന് ഉപദ്രവം ചെയ്യുന്നു” എന്നിങ്ങനെയുള്ള മുന്നറിയിപ്പുകൾ 1994 ഏപ്രിൽ 1 മുതൽ എല്ലാ സിഗരററ് പായ്ക്കററുകളിലും വ്യക്തമായി കാണാവുന്ന വിധത്തിൽ ഉണ്ടായിരിക്കണം. ദ കാൻബെറാ ടൈംസ് പറയുന്നതനുസരിച്ച് ഈ മുന്നറിയിപ്പുകൾക്കു വേണ്ടി പായ്ക്കററിന്റെ മുൻവശത്തിന്റെ കുറഞ്ഞത് 25 ശതമാനം ഭാഗം നീക്കിവെച്ചിരിക്കണം. പായ്ക്കററിന്റെ പിൻവശത്തിന്റെ മൂന്നിലൊന്നു ഭാഗത്ത് പിൻവരുന്ന ഈ പ്രസ്താവന ഉണ്ടായിരിക്കണം: “പുകയിലധൂമത്തിൽ ക്യാൻസറിനിടയാക്കുന്ന അനേകം രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്. പുക അകത്തേക്കു വലിച്ചെടുക്കുമ്പോൾ ഈ രാസപദാർഥങ്ങൾക്കു ശ്വാസകോശത്തിൽ കേടു വരുത്തിവെക്കാനാകും. അതിനു ക്യാൻസറുണ്ടാക്കാനും കഴിയും. പുകവലി നിമിത്തമുണ്ടാകുന്ന അർബുദത്തിൽ ഏററവും സാധാരണമായത് ശ്വാസകോശാർബുദമാണ്. അറിയാൻ കഴിയുന്നതിനു മുമ്പുതന്നെ ശ്വാസകോശാർബുദം വളർന്നുവ്യാപിക്കും. മിക്ക കേസുകളിലും അതു സത്വരം മരണത്തിനു കാരണമാകുന്നു. ലഹരിപദാർഥവും മററു മയക്കുമരുന്നുകളും മൂലം മരിക്കുന്നവരുടെ ഏതാണ്ടു മൂന്നു മടങ്ങ് ആളുകളെ [പുകവലി] കൊന്നൊടുക്കുന്നു. ഓരോ വർഷവും കാറപകടങ്ങളിൽ മൃതിയടയുന്നവരെക്കാൾ ആറിരട്ടി ആളുകൾ പുകവലിയുടെ ഫലങ്ങൾ നിമിത്തം മരണമടയുന്നുണ്ട്.”
പഴം പറിക്കുന്ന യന്ത്രമനുഷ്യൻ
ഇററാലിയൻ കാർഷിക സങ്കേതികവിദ്യയിലെ ഏററവും വലിയ പുതുമ. ഒരു കമ്പ്യൂട്ടർവത്കൃത യന്ത്രമനുഷ്യനു “വൃക്ഷങ്ങളിൽനിന്നു നേരിട്ട് മണിക്കൂറിൽ 2,500 ഓറഞ്ചുവരെ” പറിച്ചെടുക്കാനുള്ള കഴിവുണ്ടെന്നതാണ്. ഈ യന്ത്രം “അങ്ങേയററം സംവേദനക്ഷമതയുള്ള” എട്ട് യന്ത്രഭുജങ്ങളാൽ സജ്ജമാണ്. ഓരോ ഭുജത്തിനും ഒരു ഇലക്ട്രോണിക് നേത്രമുണ്ട്. “നിറങ്ങളുടെ തീവ്രത മനസ്സിലാക്കാൻ” കഴിയുംവിധമാണ് ഇവ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ യന്ത്രമനുഷ്യൻ “മൂക്കാത്തവ മൃദുവായി തൊട്ടുനോക്കിയശേഷം അവ തെററി പറിക്കാതെ മൂത്ത ഫലങ്ങൾ മാത്രം” തിരഞ്ഞു പറിക്കുന്നു. ലാ സ്ററാമ്പ എന്ന പത്രമാണ് ഇങ്ങനെ പ്രസ്താവിക്കുന്നത്. ട്രാക്ക് സജ്ജമായ ഈ യന്ത്രമനുഷ്യനെ “പ്രവർത്തിപ്പിക്കുന്നത് ഒരു ഡീസൽ എഞ്ചിനാണ്, അതിനു മോശമായ കാലാവസ്ഥയിൽപ്പോലും പണിയെടുക്കാനാവും. മൂന്നര മീററർ [11 അടി] ഉയരമുള്ള വൃക്ഷത്തിൽനിന്ന് ഓറഞ്ചുകൾ പറിച്ചെടുക്കാനും കഴിയും. . . . പഴം പറിക്കുന്ന സമയത്ത് അതു നീങ്ങുന്ന ഏററവും കൂടിയ വേഗത മണിക്കൂറിൽ എട്ടു കിലോമീററർ [5 മൈൽ] ആണ്. എന്നാൽ 500 കിലോഗ്രാം [1,100 പൗണ്ട്] ഭാരം വഹിക്കുന്ന ഒരു ട്രെയിലറും വലിച്ചുകൊണ്ടുള്ള അതിന്റെ സഞ്ചാരവേഗത മണിക്കൂറിൽ 14 കിലോമീററർ [9 മൈൽ] ആണ്.”
കളകൾക്കു ജനപ്രീതിയുള്ളിടം
“പാർക്കിൽ നിറയെ കളകൾ, ധാരാളം ഫലവൃക്ഷങ്ങളും കാട്ടുമരങ്ങളും കാണാം” എന്ന് ടോക്കിയോയിലെ പുതിയ ഒരുതരം പാർക്കിനെക്കുറിച്ച് ആസാഹി ഈവനിങ് ന്യൂസ് പറയുന്നു. ഇവിടെ കല്ലുപാകിയ തറകളില്ല. “സാധാരണ പാർക്കുകളിലുള്ള ഊഞ്ഞാലുകളും സൈഡ്ളറുകളും മണൽപ്പെട്ടികളും കാണാനില്ല.” സമീപവാസികൾ ആഹ്ലാദഭരിതരാണ്. രണ്ടു വർഷം മുമ്പ് നഗര കൗൺസിലിനു നൽകിയ ഒരു നിർദ്ദേശത്തിൽ, പാർക്കിനുള്ളിൽ “പുല്ലു വളരണമെന്നും പ്രാണികളും ചെറിയ മൃഗങ്ങളും ഉണ്ടായിരിക്കണമെന്നും” അവർ ആവശ്യപ്പെട്ടു. “അവിടെ കുട്ടികൾക്ക് കുഴിയുണ്ടാക്കി മണ്ണിൽ കളിക്കാൻ കഴിയണം. എന്തിനെയെങ്കിലും വിലക്കുന്ന ഒരു എഴുത്തുകളും ഉണ്ടാകരുത്.” അപ്പോൾ മുതൽ “നിറയെ കളകൾ വളരുന്ന പ്രകൃത്യാവസ്ഥയോട് അടുത്ത” എന്നു വർണിക്കപ്പെടുന്ന രണ്ടാമതൊരു പാർക്കും ടോക്കിയോയിൽ നിർമിക്കപ്പെട്ടിരിക്കുന്നു. ഇത്തരം പാർക്കുകൾ നഗരവാസികൾ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നു കാണാൻ നഗര ആസൂത്രകരും പാർക്ക് സംവിധായകരും രാജ്യമൊട്ടും ആശ്ചര്യമുള്ളവരായിരുന്നു. നഗരവാസികൾക്ക് അത്തരമൊന്നു ലഭിച്ചുകഴിയുമ്പോൾ അതു വൃത്തിയും വെടിപ്പുമുള്ളതായി നിലനിർത്തുന്ന കാര്യത്തിൽ അവർ ആകാംക്ഷാപൂർവം പങ്കുപററുന്നു.
നരകാഗ്നിയെ തണുപ്പിക്കുന്നു
മുൻകാലങ്ങളിൽ ചെയ്തിട്ടുള്ളതുപോലെ, “സഭകൾ തീയെയും ഗന്ധകത്തെയും കുറിച്ചുള്ള പഴഞ്ചൻ പ്രസംഗങ്ങൾക്ക് ഊന്നൽ നൽകുന്നില്ല” എന്നു പ്രിൻസ്ററൺ യൂണിവേഴ്സിററിയിലെ സാമൂഹ്യശാസ്ത്രജ്ഞനായ റോബർട്ട് വുത്ഥൗ പറയുന്നു. എന്തുകൊണ്ടില്ല? “നിത്യനാശത്തെക്കുറിച്ചുള്ള ആളുകളുടെ വീക്ഷണത്തിനു മാററം വന്നിരിക്കുന്നു” എന്ന് ഒരു കനേഡിയൻ വർത്തമാനപത്രമായ ദ എഡ്മോൺടൺ ജേർണൽ പ്രസ്താവിക്കുന്നു. അമേരിക്കക്കാരിൽ 60 ശതമാനം പേർ അഗ്നിനരകത്തിൽ വിശ്വസിക്കുന്നതായി അടുത്ത കാലത്തെ ഒരു അഭിപ്രായ വോട്ടെടുപ്പു സർവേ പ്രകടമാക്കി. അവരിൽ 4 ശതമാനം പേർക്കേ നരകത്തിൽ പോകുമെന്ന വിചാരമുള്ളൂ. കാനഡയിൽ സർവേ ചെയ്യപ്പെട്ടവരിൽ 38 ശതമാനം പേർ അഗ്നിനരകത്തിൽ വിശ്വസിക്കുന്നവരാണ്; സ്പെയിനിൽ 27 ശതമാനം പേർ; സ്വീഡനിൽ 7 ശതമാനം പേർ. “നരകത്തെക്കുറിച്ചുള്ള ചിന്ത ദൈവത്തെ സേവിക്കാനോ രക്ഷകനായി ക്രിസ്തുവിനെ സ്വീകരിക്കാനോ ആളുകളെ പ്രേരിപ്പിക്കുന്നതായി തോന്നുന്നില്ല” എന്ന് പെന്തക്കോസ്ത് പുരോഹിതനായ ബ്രൂസ് ക്ലെപ്പ് അവകാശപ്പെടുന്നു. അഗ്നിനരകത്തെക്കുറിച്ചുള്ള “പഠിപ്പിക്കൽ അന്തിമമായ യാതൊരു ധാർമിക ബോധവും ഉളവാക്കുന്നില്ല,” ദ ടൊറന്റോ സ്ററാറിലെ ടോം ഹാർപ്പർ അവകാശപ്പെടുന്നു.
കാരാവോക്കെ സംസ്കാരം
മെറിയം-വെബ്സ്റേറഴ്സ് കൊളീജിയേററ് ഡിക്ഷ്ണറിയുടെ പത്താം പതിപ്പിലുള്ള ഒരു വാക്കാണ് “കാരാവോക്കെ.” ഈ പദം, “തിരഞ്ഞെടുത്ത ഒരു കൂട്ടം പാട്ടുകൾക്കു വേണ്ടി വാദ്യഘോഷങ്ങൾ ആലപിക്കുന്ന ഒരു ഉപകരണ”ത്തെ സൂചിപ്പിക്കുന്നു. അത് ഉപയോഗിക്കുന്നയാൾ കൂടെ പാടുകയും ചെയ്യുന്നു. ഈ ജാപ്പനീസ് വാക്കു വരുന്നത് “ശൂന്യമായ” എന്നർഥമുള്ള കാരാ എന്ന വാക്കിൽനിന്നും “വാദ്യവൃന്ദം” എന്ന വാക്കിന്റെ ഹ്രസ്വരൂപമായ ഓക്കി എന്ന പദത്തിൽനിന്നുമാണ്. എല്ലാ വാദ്യോപകരണങ്ങളോടും കൂടെ പാടാൻ പ്രയോക്താവിനെ അനുവദിക്കുന്ന ഇത് അയാളുടെ അഹംബോധത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. ജപ്പാനിൽ ഇതാദ്യമായി ഒരു “സാംസ്കാരിക പ്രവർത്തന”മെന്ന നിലയ്ക്ക് “വിദ്യാഭ്യാസ ധവളപത്ര”ത്തിൽ കാരാവോക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതു രാജ്യത്ത് ഏററവും ജനപ്രീതിയുള്ള ഒന്നാണ്. 19 വയസ്സിനും 29 വയസ്സിനും ഇടയിലുള്ള 74 ശതമാനം പേർ സർവേക്കു മുമ്പുള്ള ഒരു വർഷക്കാലയളവിൽ അതിൽ പങ്കെടുത്തു. ജപ്പാൻകാരുടെ മനോഭാവത്തിലുള്ള പരിവർത്തനത്തെക്കുറിച്ചു സംസാരിക്കവേ ഒരു സാമൂഹ്യശാസ്ത്ര പ്രൊഫസ്സറായ ടെററ്സുവോ സക്കുറെയ്, മൈനീച്ചി ഡെയ്ലി ന്യൂസിൽ ഇപ്രകാരം പറഞ്ഞു: “സ്വതന്ത്രമായും പരസ്യമായും ആശയപ്രകടനം നടത്താൻ ആളുകൾ ഇപ്പോൾ ആകാംക്ഷയുള്ളവരാണ്.”
മനുഷ്യാവകാശ സ്ഥിതിവിശേഷം: “വേദനാജനകം”
“മാനവരാശിയുടെ ഭാവി ക്ഷേമത്തിനു മനുഷ്യാവകാശങ്ങളോടുള്ള ആദരവ് അതിപ്രധാനമാണ്.” മനുഷ്യാവകാശ അസിസ്ററൻറ് സെക്രട്ടറി ജനറലായ ഇബ്രാഹിം ഫോൾ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച ഒരു യുഎൻ ലോകസമ്മേളനത്തിലാണ് അങ്ങനെ പ്രസ്താവിച്ചത്. “എന്നാൽ പല [രാജ്യങ്ങളിലും] തുടർന്നുപോകുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ അളവ് വേദനാകരമാണ്,” അദ്ദേഹം സൂചിപ്പിച്ചു. ഇന്നു മനുഷ്യാവകാശ ലംഘനങ്ങളാൽ ലോകജനസംഖ്യയിൽ ചുരുങ്ങിയത് പകുതി പേർ കഷ്ടമനുഭവിക്കുന്നുവെന്ന് ഒരു യുഎൻ വാർത്താക്കുറിപ്പായ വേൾഡ് കോൺഫറൻസ് ഓൺ ഹ്യൂമൻ റൈററ്സ് ഉറപ്പിച്ചു പറയുന്നു. മിസ്ററർ ഫോൾ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “മരണം, നാശം, വിവേചനം, ദാരിദ്ര്യം, പീഡനം, ബലാൽസംഗം, അടിമത്തം, പട്ടിണി, വികലമായ ജീവിതങ്ങൾ ഇവയെല്ലാമാണ് ലക്ഷക്കണക്കിനാളുകളുടെ നിത്യശാപം.” ആ ശാപം വ്യാപിക്കുകയാണ് എന്നത് ഏറെ ദുഃഖകരമാണ്, കാരണം “അവകാശപ്രശ്നങ്ങൾ കുതിച്ചുയരുകയാണ്” എന്ന് യുഎൻ മുന്നറിയിപ്പു നൽകുന്നു.