സംഭാഷണത്തെ ഉണർത്തിവിടുന്ന ഒരു ഭക്ഷണസാധനം
മധുരപലഹാരം? . . . മധുരപലഹാരം! . . . എപ്പോഴെങ്കിലും ഒരു വിരുന്നു സത്കാരത്തിനായി പ്ലാൻ ചെയ്തിട്ട് ‘മധുരപലഹാരമായി ഞാൻ എന്താണു കൊടുക്കുക’ എന്നു നിങ്ങൾ സ്വയം ചോദിച്ചിട്ടുണ്ടോ? സാധാരണ ഉണ്ടാകാറുള്ള ഈ പ്രശ്നം ഒരുപക്ഷേ പാചകക്കുറിപ്പുകളുടെയും പുസ്തകങ്ങളുടെയും താളുകൾ തോറും തിരച്ചിൽ നടത്താൻ നിങ്ങളെ പ്രേരിപ്പിച്ചിരിക്കും, നിങ്ങളുടെ കൂടിവരവിന് ഏററവും പററിയ ഒരു മധുരപലഹാരം തിരഞ്ഞുകൊണ്ട്.
ഒരു ഫോണ്ട്യു പരീക്ഷിച്ചുനോക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ? അതു കാണുമ്പോൾത്തന്നെ നാം അതിനെപ്പററി സംസാരിക്കാൻ തുടങ്ങും. മാത്രമല്ല വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാവുന്നതുമാണ്. എന്താണ് ഈ ഫോണ്ട്യു? ഏററവും ലളിതമായിപ്പറഞ്ഞാൽ, അത് ഒരു കലത്തിൽ ചില ചേരുവകൾ ഉരുക്കിയുണ്ടാക്കുന്ന ഒരു മിശ്രിതമാണ്. പിന്നെ “ഡിപ്പറുകൾ” എന്നു വിളിക്കാവുന്ന മററു ചില സാധനങ്ങൾ നാം ആ മിശ്രിതത്തിൽ മുക്കി കഴിക്കുന്നു. “ഉരുക്കുക” എന്നർഥമുള്ള ഫോൺഡ്രി എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് ഫോണ്ട്യു എന്ന പദം ഉണ്ടായത്. ഉദാഹരണത്തിന്, ചോക്ലേററ് ഫോണ്ട്യു മധുരപലഹാരത്തിലെ മിശ്രിതം ചോക്ലേററ് ഉരുക്കിയതാണ്. അതിൽ ബേക്കുചെയ്ത പലഹാരങ്ങളും പഴങ്ങളും മുക്കി കഴിക്കുന്നു.
ചോക്ലേററ് ഫോണ്ട്യു മധുരപലഹാരം
ചോക്ലേററ് ഫോണ്ട്യു മധുരപലഹാരത്തിന്റെ ഒരു പാചകക്കുറിപ്പ് ഇതാ ഇടതുവശത്തു കൊടുത്തിരിക്കുന്നു. നിങ്ങൾ ഇതുവരെ അത് പരീക്ഷിച്ചു നോക്കിയിട്ടില്ലെങ്കിൽ ഇതാ ആഹ്ലാദകരമായ ഒരു ആശ്ചര്യാനുഭൂതി നിങ്ങളെ കാത്തിരിക്കുന്നു!
ഒരു സോസ്പാനിൽ ചോക്ലേററ് ഉരുക്കുക. ബാക്കിയുള്ള ചേരുവകൾ അതിലേക്കു ചേർക്കുക. എന്നിട്ട് മിശ്രിതം കട്ടിയാകുന്നതുവരെ ഇളക്കുക. ഈ മിശ്രിതം പിന്നീട് ഒരു ഫോണ്ട്യു കലത്തിലേക്കു പകർന്ന് ചെറുതീയിൽ ചൂടാക്കുക.
ഫോണ്ട്യുവിൽ മുക്കാൻ തുടങ്ങുന്നതിനു മുമ്പ് നിങ്ങൾ രണ്ട് ററീസ്പൂൺ ഇൻസ്ററൻറ് കോഫിയോ കാൽ ററീസ്പൂൺ കറുവാപ്പട്ടയോ ചേർത്ത് ആ മിശ്രിതം ഇളക്കിയേക്കാം. ഡിപ്പറുകളായി ഉപയോഗിക്കുന്ന പഴങ്ങൾ കറുത്തുപോകാതിരിക്കാൻ നാരങ്ങാനീര് വെള്ളം ചേർത്ത് അവയിൽ തളിക്കുക. ചോക്ലേററ് മിശ്രിതം തീരെ നേർത്തുപോയെങ്കിൽ കൂടുതൽ ചോക്ലേററ് ചേർക്കുക. അത് തീരെ കട്ടിയായെങ്കിൽ പാലു ചേർത്ത് നേർപ്പിക്കുക.
നിങ്ങൾ ഒരു ഇലക്ട്രിക്ക് ഫോണ്ട്യു കലമോ സ്ററൗവിന്റെ പുറത്തുവയ്ക്കുന്ന സുരക്ഷിതമായ ഫോണ്ട്യു കലമോ ആണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾക്ക് അതേ കലത്തിൽ തന്നെ പാകംചെയ്ത് വിളമ്പാൻ കഴിയും. എല്ലാവർക്കും എടുക്കത്തക്കവിധം ഫോണ്ട്യു കലം മേശയുടെ നടുവിൽ വയ്ക്കുക. ഒരു കലം കൊണ്ട് ആറുമുതൽ എട്ടുവരെ പേർക്കു വിളമ്പാം.
ചോക്ലേററ് മിശ്രിതം കുറച്ചു ബാക്കിവരുന്നെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഐസ്ക്രീമിനു നല്ല ഒന്നാന്തരം റേറാപ്പിങ് ആയി ഉപയോഗിക്കുകയും ചെയ്യാം.
സ്വിസ്സ് പാൽക്കട്ടി ഫോണ്ട്യു
ഒരു പാൽക്കട്ടി (cheese) ഫോണ്ട്യു പരീക്ഷിച്ചുനോക്കാൻ നിങ്ങളിഷ്ടപ്പെടുന്നോ? അതിന്റെ പാചകക്കുറിപ്പ് ഇതാ വലതുവശത്തു കൊടുക്കുന്നു. ഇത് ഒന്നുകിൽ വിശപ്പുളവാക്കുന്ന ഒരു വിഭവമായോ അല്ലെങ്കിൽ ഒരു മുഖ്യ വിഭവമായോ ഉപയോഗിക്കാം.
സോസ്പാന്റെ അകവശം മുറിച്ചെടുത്ത ഒരു വെളുത്തുള്ളിയല്ലികൊണ്ട് ഉരയ്ക്കുക. അല്ലി കളയുക. വീഞ്ഞും നാരങ്ങാനീരും കലത്തിലേക്ക് പകർന്ന് മിതമായ തീയിൽ ചൂടാക്കുക. അത് കുമിളിച്ചുപൊന്തുന്നു. വീഞ്ഞ് തിളയ്ക്കരുത്.
ഒരു കോപ്പയിൽ ചോളപ്പൊടിയോ മൈദയോ എടുത്ത് പാൽക്കട്ടി ചുരണ്ടിയതുമായി ചേർത്ത് ഇളക്കുക.
വീഞ്ഞു മിശ്രിതം തുടരെ ഇളക്കിക്കൊണ്ടിരിക്കവേ ഒരു പിടി പാൽക്കട്ടി അതിലേക്ക് ഇടുക. അത് ഉരുകിക്കഴിയുമ്പോൾ മറെറാരു പിടി കൂടെ ഇടുക. അതും ഉരുകുന്നതുവരെ ഇളക്കുക. മുഴുവൻ പാൽക്കട്ടിയും ഉരുകിത്തീരുന്നതുവരെ ഈ രീതി തുടരുക. സ്വാദുകൂട്ടാൻ ആഗ്രഹിക്കുന്നെങ്കിൽ ഒന്നുകിൽ വെളുത്ത കുരുമുളകിന്റെയും ജാതിക്കയുടെയും മിശ്രിതമോ അല്ലെങ്കിൽ പാപ്പ്രിക്കയുടെയും പൊടിച്ച ഗ്രാമ്പുവിന്റെയും മിശ്രിതമോ ചേർക്കുക.
പാൽക്കട്ടി മിശ്രിതം ഫോണ്ട്യു കലത്തിലേക്കു പകർന്ന് മിതമായ തീയിൽ വെയ്ക്കുക. ഓരോരുത്തർക്കും നീണ്ട പിടിയുള്ള പ്രത്യേകം ഫോണ്ട്യു ഫോർക്കും ഡിന്നർ പ്ലേററും ഡിന്നർ ഫോർക്കും ഉണ്ടായിരിക്കും. ഒരു ഡിപ്പർ ഫോർക്കിൽ കുത്തിയെടുത്ത് ഫോണ്ട്യുവിലിട്ട് വട്ടത്തിലോ എട്ടിന്റെ ആകൃതിയിലോ കറക്കുക. ഡിപ്പർ ഡിന്നർ പ്ലേററിൽവെച്ച് ഡിന്നർ ഫോർക്ക് ഉപയോഗിച്ചു കഴിക്കുക.
ഫോണ്ട്യു വല്ലാതെ നേർത്തുപോയെങ്കിൽ കൂടുതൽ പാൽക്കട്ടി ചേർക്കുക. അതു കൂടുതൽ മുറുകിപ്പോകുന്നെങ്കിൽ കുറച്ചു വീഞ്ഞ് ചൂടാക്കിയൊഴിച്ച് ഇളക്കുക. പാൽക്കട്ടി ഉരുക്കിയതിൽനിന്ന് വീഞ്ഞ് വേർതിരിയുന്നെങ്കിൽ സ്ററൗവിലെ തീ കൂട്ടി നന്നായി യോജിപ്പിച്ചശേഷം തീ കുറയ്ക്കുക. ഡിപ്പർ മുക്കുമ്പോഴെല്ലാം മിശ്രിതം ഇളക്കുന്നെങ്കിൽ അത് വേർതിരിയില്ല.
ലഹരിപദാർഥം ചേരാത്ത ഒരു തരം ഫോണ്ട്യുവാണു വേണ്ടതെങ്കിൽ പാൽക്കട്ടി-സോസ് മുഖ്യമായുള്ള ഒരു പാചകവിധി തയ്യാർ ചെയ്യുക. വെണ്ണയും മാവും നാലു ററീസ്പൂൺ വീതം യോജിപ്പിക്കുക. മിശ്രിതം ചെറുതീയിൽ വേവിക്കുക. രണ്ടു കപ്പ് തണുത്തപാൽ ചേർത്ത് സാവധാനം തിളപ്പിച്ച് മിശ്രിതം രണ്ടു മിനിററുനേരത്തേക്ക് വേവിക്കുക. പിന്നെ പാൽക്കട്ടി (ചുരണ്ടിയത്) ഒന്നര കപ്പ് ഇട്ട് അത് ഉരുകുന്നതുവരെ ഇളക്കുക. ഉപ്പും കുരുമുളകും ഇട്ട് സ്വാദുകൂട്ടുക. പിന്നെ മേൽവിവരിച്ചതുപോലെ മുക്കി ഉപയോഗിക്കുക.
ഒടുവിൽ ഒരു മധുരം
മധുരപലഹാരം അടുത്ത തവണ ഒരു പ്രശ്നമാകുമ്പോൾ നിങ്ങൾക്കു ചോക്ലേററ് ഫോണ്ട്യു ഒന്നു പരീക്ഷിച്ചുനോക്കാം. അല്ലെങ്കിൽ സദ്യയ്ക്കുവേണ്ടി നിങ്ങൾ ഇറച്ചി ഫോണ്ട്യു ഉണ്ടാക്കിയേക്കാം.
നറുമണം പകരുന്ന, സാധനങ്ങൾ ഉരുക്കുന്നതിനുള്ള ഈ കലം നിങ്ങൾക്കും സുഹൃത്തുക്കൾക്കും എന്നുമെന്നും പ്രിയങ്കരമായിത്തീരും എന്നതിനു സംശയമില്ല. എല്ലാവർക്കും ഒരേ കലത്തിൽനിന്നു മുക്കി തിന്നാൻ പററുന്നതിലാണ് അതിന്റെ ആകർഷണീയത. അത് സൗഹൃദത്തിന്റെ ഒരു ഊഷ്മളാന്തരീക്ഷം സൃഷ്ടിക്കുന്നു. സംഭാഷണത്തെ ഉണർത്തിവിടുന്ന ഈ ആഹാരപദാർഥത്തിന്റെ മുഖ്യ ചേരുവയും ഇതുതന്നെ!—സംഭാവനചെയ്തത്.
[22-ാം പേജിലെ ചതുരം]
ചോക്ലേററ് ഫോണ്ട്യു മധുരപലഹാരത്തിന്റെ പാചകവിധി
മധുരം ചേർക്കാത്ത ചോക്ലേററ് - 170 ഗ്രാം
പഞ്ചസാര - 1 1/2 കപ്പ്
പാൽപ്പാട നേർപ്പിച്ചത് - 1 കപ്പ്
കൃത്രിമവെണ്ണയോ അല്ലാത്ത വെണ്ണയോ - 1/2 കപ്പ്
ഉപ്പ് - 1/8 ററീസ്പൂൺ
അല്ലെങ്കിൽ ലളിത പാചകവിധി:
പകുതി മധുരംചേർത്ത ചോക്ലേററ് - 340 ഗ്രാം
ചോക്ലേററ് കഷണങ്ങളോ പാചകത്തിനുപയോഗിക്കുന്ന മധുരമുള്ള ചോക്ലേറേറാ
(പാൽപ്പാടയും പാടനീക്കാത്ത പാലും) പകുതി വീതം - 1/2 കപ്പ്
കേക്ക് ഡിപ്പറുകൾ:
ഏഞ്ചൽ ഫുഡ് കേക്ക്, ലേഡിഫിങ്കേഴ്സ്, ഡൗനട്ട്സ്, പൗണ്ട്-കേക്ക് എന്നീ കേക്കുകളുടെ ക്യൂബാകൃതിയിലുള്ള കഷണങ്ങൾ
പഴവർഗത്തിൽപ്പെട്ട ഡിപ്പറുകൾ, ഒന്നോ എല്ലാമോ:
ആപ്പിൾ, വാഴപ്പഴം, ചെറി, ഈന്തപ്പഴം, മുന്തിരിങ്ങ, ഓറഞ്ച്, മത്തങ്ങ, കപ്പളങ്ങ, പീച്ച്, പേയെഴ്സ്, കൈതച്ചക്ക കഷണങ്ങളാക്കിയത്, സ്ട്രോബെറി
[23-ാം പേജിലെ ചതുരം]
സ്വിസ്സ് പാൽക്കട്ടി ഫോണ്ട്യുവിന്റെ പാചകവിധി
വെളുത്തുള്ളിയല്ലി രണ്ടായി മുറിച്ചത് - 1
മധുരമില്ലാത്ത, വെളുത്ത വീഞ്ഞ് - 1 1/2 കപ്പ്
നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
ചോളപ്പൊടിയോ മൈദയോ - 1 1/2-യോ 2-ഓ ടേബിൾസ്പൂൺ
സ്വിസ്സ് പാൽക്കട്ടി ചുരണ്ടിയത് (അല്ലെങ്കിൽ സ്വിസ്സ് പാൽക്കട്ടിയുടെയും ഗ്രുയിർ പാൽക്കട്ടിയുടെയും മിശ്രിതം) - 435 ഗ്രാം
കീർഷ് മദ്യം - 2 മുതൽ 3 വരെ ടേബിൾസ്പൂൺ (വേണമെങ്കിൽമാത്രം)
ഇഷ്ടമെങ്കിൽ, വെളുത്ത കുരുമുളകും ജാതിക്കായുമോ പാപ്പ്രിക്കയും വെളുത്തുള്ളിയല്ലിയുമോ ചേർക്കാവുന്നതാണ്.
ഡിപ്പറുകൾ:
3 സെൻറിമീററർ ക്യൂബ് വലിപ്പത്തിൽ മുറിച്ചെടുത്ത മൊരിഞ്ഞ 2 ഫ്രെഞ്ച് ബ്രഡ്ഡിന്റെ (അല്ലെങ്കിൽ ഇററാലിയൻ ബ്രഡ്ഡിന്റെയോ ഹാർഡ് റോൾസിന്റെയോ) കഷണങ്ങൾ, ഓരോന്നിന്റെയും ഓരോ വശം മൊരിഞ്ഞതായിരിക്കണം
കോഴിയിറച്ചി, പന്നിയിറച്ചി, ചെമ്മീൻ എന്നിവ പാകംചെയ്തത്
വേവിക്കാത്തതോ വേവിച്ചതോ ആയ പച്ചക്കറികൾ
[24-ാം പേജിലെ ചതുരം]
മുക്കി കഴിക്കുന്നതിനുള്ള സോസുകൾ:
ഹോഴ്സ്റാഡിഷ് സോസ്
പാകംചെയ്ത ഹോഴ്സ്റാഡിഷ് - 3 ടേബിൾസ്പൂൺ
ഡയറിയിൽനിന്നു കിട്ടുന്ന പുളിപ്പിച്ച വെണ്ണ - 1 കപ്പ്
നാരങ്ങാനീര് - 1 ററീസ്പൂൺ
പാപ്പ്രിക്ക - 1/8 ററീസ്പൂൺ
ചേരുവകളെല്ലാം യോജിപ്പിക്കുക
മേയനെയ്സും കറി സോസും
മേയനെയ്സ് - 1/2 കപ്പ്
ഡയറിയിൽനിന്നു കിട്ടുന്ന പുളിപ്പിച്ച വെണ്ണ - 1/2 കപ്പ്
നാരങ്ങാനീര് - 1 ററീസ്പൂൺ
മസാലപ്പൊടി - 1 ററീസ്പൂൺ
ചേരുവകളെല്ലാം യോജിപ്പിക്കുക
ഉപ്പും കുരുമുളകും ആവശ്യത്തിന്
കടുകു സോസ്
കടുക് തയ്യാർചെയ്തത് - 3 ററീസ്പൂൺ
ഉള്ളി കഷണങ്ങളായി മുറിച്ചത് - 2 ടേബിൾസ്പൂൺ
ഡയറിയിൽനിന്നു കിട്ടുന്ന പുളിപ്പിച്ച വെണ്ണ - 1 കപ്പ്
ചേരുവകളെല്ലാം യോജിപ്പിക്കുക
ഉപ്പും കുരുമുളകും ആവശ്യത്തിന്
ഇറച്ചി ഫോണ്ട്യുവിന്റെ പാചകവിധി
ഇറച്ചി - 1 കിലോഗ്രാം
സസ്യ എണ്ണ
കുറിപ്പ്: ഫോണ്ട്യു കലം വാർപ്പിരുമ്പുകൊണ്ടോ ചെമ്പുകൊണ്ടോ സ്ററീലുകൊണ്ടോ ഉള്ളതായിരിക്കണം. മൺകലങ്ങൾ എണ്ണ ഫോണ്ട്യു ഉണ്ടാക്കാൻ പററിയതല്ല. എണ്ണ നന്നായി ചൂടാകുമ്പോൾ കലം പൊട്ടാൻ ഇടയാകുന്നു
[23-ാം പേജിലെ ചിത്രം]
ചോക്ലേററ് ഫോണ്ട്യു മധുരപലഹാരം
[24-ാം പേജിലെ ചിത്രം]
സ്വിസ്സ് പാൽക്കട്ടി ഫോണ്ട്യു