ഉപേക്ഷിക്കപ്പെടുന്നവരും ഒളിച്ചോടിപ്പോകുന്നവരും
“ഞാൻ എന്റെ മുടി വെട്ടി, ഒരു പുരുഷനെപ്പോലെ വസ്ത്രംധരിച്ചു, ചെയ്നുകളും താഴുകളും കഴുത്തിലണിഞ്ഞു, കവിളിൽ ഒരു സേഫ്ററി പിൻ കുത്തി, പങ്ക് (punk) സ്റൈറലിലുള്ള ജീവിതം ഞാൻ അങ്ങനെ ആരംഭിച്ചു.”—തമാര.
നിങ്ങൾ തമാരയെ തെരുവിൽ കണ്ടിരുന്നെങ്കിൽ, കിട്ടാൻ കൊതിച്ചിരുന്ന ശ്രദ്ധയും സ്നേഹവും കുടുംബജീവിതത്തിൽ കിട്ടാതിരുന്ന ഏകയും ദ്രോഹിക്കപ്പെട്ടവളുമായ ഒരു കൗമാരപ്രായക്കാരിയായിരുന്നു അവളെന്ന് നിങ്ങൾ ഊഹിക്കുമായിരുന്നോ? നിയമസംബന്ധമായ കുഴപ്പങ്ങൾ ഉണ്ടാക്കാനും ഒരുപക്ഷേ കുററകൃത്യത്തിന്റേതായ ഒരു ജീവിതം നയിക്കാനും ഇറങ്ങിപ്പുറപ്പെട്ട ഒരു വിപ്ലവകാരിയായിരുന്നു അവളെന്ന് നിങ്ങൾ വിചാരിക്കുമായിരുന്നോ? 14-ാമത്തെ വയസ്സിൽ തുടങ്ങിയ അവളുടെ ജീവിതരീതിയിലേക്ക്, ഒരിക്കലും അവൾ ആഗ്രഹിച്ചിട്ടില്ലാഞ്ഞ ഒരു ജീവന ശൈലിയിലേക്ക്, അവളെ നയിച്ച പേടിപ്പെടുത്തുന്ന സംഭവങ്ങൾ തമാര ഉണരുക!ക്കു വെളിപ്പെടുത്തുന്നു.
ഉപേക്ഷിക്കപ്പെടുന്നവർ
തമാര ഇപ്രകാരം വിശദമാക്കുന്നു: “ഇററലിയിലെ ഒരു ചെറിയ പർവത പട്ടണത്തിൽ സ്നേഹമെന്തെന്ന് അറിയാൻ പാടില്ലാഞ്ഞ ഒരു കുടുംബത്തിലാണു ഞാൻ വളർന്നത്. ദുഃഖകരമെന്നു പറയട്ടെ, എന്റെ മാതാപിതാക്കൾക്കിടയിൽ പൊട്ടിത്തെറിച്ച പൊരിഞ്ഞ തർക്കങ്ങൾക്കും ആ സന്ദർഭങ്ങളിൽ അവർ തമ്മിൽ കൈമാറിയ പറയാൻ പോലും കൊള്ളാത്ത നിന്ദാവാക്കുകൾക്കും ഞാൻ സാക്ഷിയായി. ഒടുവിൽ പലപ്പോഴും ഞാനും വഴക്കിൽ പങ്കുകൊണ്ടു, ഹൃദയശൂന്യനായ എന്റെ പിതാവ് എന്നെ നിർദയം മർദിക്കുകയും ചെയ്തു. ആ അടിയുടെ പാടുകൾ ഞാൻ ആഴ്ചകളോളം കൊണ്ടുനടന്നിരുന്നു.
“14 വയസ്സായപ്പോൾ പിതാവ് എനിക്ക് ഏതാനും ഡോളറും ഏററവുമടുത്ത നഗരത്തിലെത്താനുള്ള തീവണ്ടി ടിക്കററും തന്നു. അവിടെ അനേകം ആപത്തുകൾ എനിക്കുവേണ്ടി പതിയിരിപ്പുണ്ടായിരുന്നു. ആർക്കും വേണ്ടാത്ത എന്നെപ്പോലെയുള്ള മററു ചെറുപ്പക്കാരുമായി ഞാൻ കൂട്ടുകൂടി. ഞങ്ങളിൽ പലരും മദ്യാസക്തരായിത്തീർന്നു. ഞാൻ അഹങ്കാരിയും ആഭാസയും അക്രമിയുമായിത്തീർന്നു. എനിക്കു പലപ്പോഴും ഭക്ഷണം ലഭിച്ചിരുന്നില്ല. മഞ്ഞുകാലത്തെ ഒരു വൈകുന്നേരം ഞാനും എന്റെ കൂട്ടുകാരും വീട്ടുസാമാനങ്ങൾ കത്തിച്ചാണ് തീകാഞ്ഞത്. എനിക്കുവേണ്ടി കരുതാനും എന്റെ വികാരങ്ങളിലും ഉത്കണ്ഠകളിലും ഭയങ്ങളിലും താത്പര്യം വെക്കാനും ഒരു കുടുംബമുണ്ടായിരുന്നെങ്കിൽ ഞാൻ അത് എത്ര ഇഷ്ടപ്പെടുമായിരുന്നു. എന്നാൽ എനിക്ക് ആരുമില്ലായിരുന്നു, ഒററക്കുഞ്ഞു പോലും.”
ഇന്നത്തെ ലോകത്തിൽ ലക്ഷക്കണക്കിന് “തമാരമാർ” ഉണ്ട്. തങ്ങളുടെ കടമകളുടെ നേരെ കണ്ണടയ്ക്കുന്ന മാതാപിതാക്കളാൽ അവഗണിക്കപ്പെട്ടിരിക്കുന്ന കുട്ടികൾ എല്ലാ ഭൂഖണ്ഡങ്ങളിലുമുണ്ട്.
ഒളിച്ചോടിപ്പോകുന്നവർ
മററുചില യുവജനങ്ങൾ വീടുവിടാൻ തീരുമാനമെടുക്കുന്നതിന്റെ കാരണം “അത് അവരെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ കേവലം വളരെ ഭയാനകമായ സ്ഥലമാണെന്നതാണ്; അത് വളരെ വേദനാകരമാണ്, വളരെ അപകടകരവും, അതുകൊണ്ട് അവർ തെരുവിലേക്ക് ഓടുന്നു.”—ന്യൂയോർക്ക് സ്റേറററ് ജേണൽ ഓഫ് മെഡിസിൻ.
അമ്മ വീണ്ടും വിവാഹം കഴിച്ചപ്പോൾ ഒൻപതു വയസ്സുകാരൻ ഡോമിങ്ങോസിനെ ഒരു അനാഥമന്ദിരത്തിൽ തള്ളി. പുരോഹിതൻ ഏൽപ്പിച്ച മർദനങ്ങൾ കാരണം അവൻ പുറത്തുചാടാൻ പദ്ധതിയിട്ടു. എന്നാൽ അമ്മ അവനെ വീട്ടിലേക്കു തിരിച്ചു കൊണ്ടുവന്നു, പക്ഷേ രണ്ടാനപ്പൻ അവനെ സ്ഥിരം തല്ലിത്തുടങ്ങി. വീട്ടിലെ ക്രൂരതയിൽനിന്നു രക്ഷനേടാൻ അവൻ കണ്ട ഒരേ ഒരു മാർഗം ഒളിച്ചോടിപ്പോകുന്നതായിരുന്നു.
ദുഃഖകരമെന്നു പറയട്ടെ, “ഭദ്രമായ കരുതലിന്റെ ഏററവും കുറഞ്ഞ ഒരു അളവിനുവേണ്ടിപ്പോലും ദശലക്ഷക്കണക്കിനു കുട്ടികൾക്ക് അവരുടെ സ്വന്തം വീട്ടിലുള്ള മുതിർന്നവരെ ആശ്രയിക്കാൻ കഴിയുന്നില്ല” എന്ന് അപഹരിക്കപ്പെട്ട ബാല്യം—കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി തിരയുന്നു (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ അനുരാധ വിററാച്ചി എഴുതുന്നു. അവർ ഇങ്ങനെയും എഴുതുന്നു: “ഐക്യനാടുകളിൽ ഓരോ ദിവസവും മൂന്നു കുട്ടികൾ വീതം തങ്ങളുടെ മാതാപിതാക്കളിൽനിന്നുള്ള ദ്രോഹത്തിന്റെ ഫലമായി മരണമടയുന്നതായി കണക്കാക്കപ്പെടുന്നു.” വളരെയധികം കേസുകളിൽ കുട്ടിയുടെ ലൈംഗികത കുടുംബാംഗത്താൽ സംരക്ഷിക്കപ്പെടേണ്ടതിന്നു പകരം അതിക്രമിക്കപ്പെടുന്നു.
ചൂഷണം ചെയ്യപ്പെടുകയും സമനിലതെററുകയും ചെയ്തു
കൊള്ളയിലും മോഷണത്തിലും ഏർപ്പെടുകയും അതുപോലെതന്നെ മയക്കുമരുന്നുകൾ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്തിരുന്ന മററു തെരുവു പിള്ളേരോടൊപ്പം ജീവിക്കാൻ ഡോമിങ്ങോസ് നിർബന്ധിതനായി. ദാരുണമെന്നു പറയട്ടെ, വീട്ടിലെ മോശമായ സാഹചര്യങ്ങളിൽനിന്ന് ഒളിച്ചോടിപ്പോകുന്ന പലരും പെൺവിടൻമാരാലും ശിശുലൈംഗികവികടൻമാരാലും അശ്ലീല സംഘങ്ങളാലും ചൂഷണം ചെയ്യപ്പെടുന്നു. ഒററയ്ക്കും വിശന്നും നടക്കുന്ന ഈ കുട്ടികൾക്ക് താമസസ്ഥലവും “കരുതലുള്ള” ഒരു മുതിർന്നയാളിന്റെ സ്വന്തമായിരിക്കുന്നതിനുള്ള വാഗ്ദാനങ്ങളും നൽകപ്പെടുന്നു, എന്നാൽ ഒരു വേശ്യാജീവിതത്തിൽ ഏർപ്പെട്ടുകൊണ്ട് അവർ തങ്ങളുടെ ശരീരങ്ങൾകൊണ്ട് പ്രതിഫലം വീട്ടണമെന്നു മാത്രം. ജോലി വൈദഗ്ധ്യങ്ങളില്ലാത്ത ഇവർ പലരും വഴിപിഴപ്പിച്ചും വഴിപിഴപ്പിക്കപ്പെട്ടും തങ്ങൾക്കു സാധ്യമായ ഏതെങ്കിലും വിധത്തിൽ തെരുവിൽ കഴിഞ്ഞുകൂടാൻ പഠിക്കുന്നു. ചിലർ അതിജീവിക്കുന്നില്ല. മയക്കുമരുന്നുകൾ, മദ്യം, കൊലപാതകം, ആത്മഹത്യ എന്നിവ അനേകം യുവ ഇരകളെ കൊന്നൊടുക്കുന്നു.
തെരുവു കുട്ടികളുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയവേ, ഒരു മുൻ ബാലവേശ്യ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ വെളിയിൽ ഭയാകുലരാണ്. എന്നെ അലോസരപ്പെടുത്തുന്നത് എന്താണെന്നുവെച്ചാൽ ഒരു കുട്ടി ട്രെയിനിൽ കിടന്നുറങ്ങുകയോ സദാ കറങ്ങിയടിച്ചു നടക്കുകയോ ചെയ്യുന്നതു കാണുമ്പോൾ അവർക്കങ്ങനെയായിത്തീരാൻ ആഗ്രഹമുള്ളതുകൊണ്ടാണതെന്ന് അനേകം [ആളുകൾ] വിചാരിക്കുന്നുവെന്നതാണ്. ഇപ്പോൾ ഞാൻ വലുതായതുകൊണ്ട് ആ വിധത്തിൽ ഞാൻ അതിനെ വീക്ഷിക്കുന്നില്ല. ഈ കുട്ടികളിൽ ഓരോരുത്തരും അവരവരുടേതായ പ്രത്യേക രീതിയിൽ കരയുന്നുണ്ട്. അങ്ങനെയായിരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല, എന്നാൽ മാതാപിതാക്കൾക്ക് അവരെ വേണ്ട.”
“സ്വാതന്ത്ര്യം” തേടൽ
തെരുവിലുള്ളതായി അവർ സങ്കൽപ്പിക്കുന്ന സ്വാതന്ത്ര്യങ്ങളാൽ അവിടേക്കു പ്രലോഭിപ്പിക്കപ്പെടുകയും വീട്ടിൽനിന്നു കാണാതായതായി റിപ്പോർട്ടു ചെയ്യപ്പെടുകയും ചെയ്ത ലക്ഷക്കണക്കിന് മററു യുവജനങ്ങളുണ്ട്. ചിലർക്കു പട്ടിണിയിൽനിന്നുള്ള സ്വാതന്ത്ര്യമാണ് ആവശ്യം. മററുചിലർ ആഗ്രഹിക്കുന്നത് അത്യന്തം നിയന്ത്രണാത്മകമെന്ന് അവർക്കു തോന്നുന്ന, മാതാപിതാക്കളുടെ അധികാരത്തിൽനിന്നും നിയമങ്ങളിൽനിന്നുമുള്ള സ്വാതന്ത്ര്യമാണ്.
മാതാപിതാക്കളുടെ നിയന്ത്രണത്തിൽനിന്നും ഒരു ക്രിസ്തീയ ഭവനത്തിലെ തത്ത്വങ്ങളിൽനിന്നുമുള്ള സ്വാതന്ത്ര്യം എന്നു പറയുന്നതു രുചിച്ചുനോക്കിയ ഒരാളായിരുന്നു ഇമ എന്നു പേരുള്ള ഒരു യുവതി. കൂട്ടുകാരുമൊത്തുള്ള ഒരു ജീവിതത്തിനുവേണ്ടി വീടുവിട്ടുപോയ അവൾ മയക്കുമരുന്നുകൾക്ക് അടിമയായിത്തീർന്നു. എന്നാൽ തെരുവിലെ മൃഗീയത അനുഭവിച്ചു കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനും മയക്കുമരുന്നു ശീലം നിർത്താനും ഇമ ആഗ്രഹം പ്രകടിപ്പിച്ചു. എന്നിരുന്നാലും, ദുഃഖകരമെന്നു പറയട്ടെ, അവൾ ചീത്ത കൂട്ടുകെട്ടു വിച്ഛേദിച്ചില്ല. അങ്ങനെ വേനൽക്കാലത്തെ ഒരു വൈകുന്നേരം തന്റെ കൂട്ടുകാരോടൊത്ത് അവൾ ഹെറോയിൻ കുത്തിവെച്ചു. ഇമയെ സംബന്ധിച്ചിടത്തോളം അത് അവസാനത്തേതായിരുന്നു. അവൾ ഗാഢനിദ്രയിലാകുകയും പിറേറ ദിവസം മരണമടയുകയും ചെയ്തു, ആരോരുമില്ലാതെ, “സുഹൃത്തുക്ക”ളാൽ അവഗണിക്കപ്പെട്ട്.
മാതാപിതാക്കളുടെയും മററുള്ളവരുടെയും ക്രൂരതകൾക്ക് ഇരകളായിത്തീരുന്ന കുട്ടികളുടെ ഭാവി മെച്ചമായിരിക്കാൻ കഴിയുമോ? യുവജനങ്ങളെ മേലാൽ ചൂഷണം ചെയ്യാത്ത ഒരു ലോകം എന്നെങ്കിലും ഉണ്ടാകുമോ? ഒളിച്ചോടിപ്പോകാൻ യുവജനങ്ങൾ ആഗ്രഹിക്കാത്തവിധം കുടുംബജീവിതം പുരോഗമിക്കുകയും വിലമതിക്കപ്പെടുകയും ചെയ്യുമെന്നുള്ളതിന് എന്തു പ്രത്യാശയാണുള്ളത്? ഉത്തരങ്ങൾ പിൻവരുന്ന ലേഖനത്തിൽ കണ്ടെത്താൻ കഴിയും.