ഉപയോഗപ്രദമായ ആ സാങ്കൽപ്പിക രേഖകൾ
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ഒരു ലോക ഭൂപടത്തിൽ അല്ലെങ്കിൽ ഗ്ലോബിൽ നോക്കുക. അതിൽ ആസകലം വരച്ചിരിക്കുന്ന ലംബവും തിരശ്ചീനവുമായ രേഖകളുടെ ജാലിക നിങ്ങൾ കാണുന്നുവോ? ഭൂപടത്തിന്റെ മദ്ധ്യത്തിലൂടെ ഭൂമദ്ധ്യരേഖ എന്ന പേരിൽ തിരശ്ചീനമായി പോകുന്ന ഒന്നു നിങ്ങൾ പെട്ടെന്നു തിരിച്ചറിയുമെന്നുള്ളതിനു സംശയമില്ല. എന്നാൽ മററു രേഖകൾസംബന്ധിച്ചെന്ത്? അവ എന്താണ്?
അവയാണ് അക്ഷാംശരേഖകളും രേഖാംശരേഖകളും എന്നു വിളിക്കപ്പെടുന്നവ. ഭൂപടത്തിൽ തിരശ്ചീനമായി പോകുന്ന അക്ഷാംശരേഖകൾ അല്ലെങ്കിൽ സമാന്തരരേഖകൾ ഭൂമദ്ധ്യരേഖയിൽനിന്ന് ഒരേ അകലത്തിലുള്ള ഭൂപ്രതലത്തിലെ ബിന്ദുക്കളെ യോജിപ്പിക്കുന്നു. മറിച്ച്, രേഖാംശരേഖകൾ അഥവാ ധ്രുവരേഖകൾ ഒരു ധ്രുവത്തിൽനിന്നു മറേറതിലേക്ക്, വടക്കുനിന്നു തെക്കോട്ടു വരയ്ക്കുന്ന രേഖകളാണ്. നിങ്ങളുടെ സ്കൂളിലെ ഭൂമിശാസ്ത്ര പാഠത്തിൽനിന്ന് അത്രത്തോളം നിങ്ങൾക്ക് ഓർമയുണ്ടായിരിക്കാം. എന്നാൽ ഈ രേഖാവ്യൂഹത്തിന്റെ ഉദ്ദേശ്യമെന്താണ്? അത് എങ്ങനെ പ്രാവർത്തികമാകുന്നു? അത് എങ്ങനെ ഉത്ഭവിച്ചു?
നിങ്ങൾ എവിടെയാണെന്നു ചൂണ്ടിക്കാണിക്കൽ
അക്ഷാംശരേഖകളുടെയും രേഖാംശരേഖകളുടെയും ഈ പരസ്പരബന്ധിത ശൃംഖലയാൽ ഭൂപ്രതലത്തിലെ ഏതു സ്ഥാനവും നിർദേശാങ്കങ്ങൾ എന്നു വിളിക്കപ്പെടുന്ന രണ്ട് അളവുകൾ ഉപയോഗിച്ചു കണ്ടുപിടിക്കാൻ കഴിയും. ദൃഷ്ടാന്തത്തിന്, ഉത്തര അക്ഷാംശം 40°42’, പശ്ചിമ രേഖാംശം 74°0’ എന്ന പരാമർശത്താൽ ഭൂപടത്തിൽ നിങ്ങൾക്കു ന്യൂയോർക്കു നഗരം കണ്ടുപിടിക്കാൻ കഴിയും. അതിന്റെ അർഥം ആ നഗരം ഭൂമദ്ധ്യരേഖക്ക് 40 ഡിഗ്രി 42 മിനിററ് വടക്കും ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ഒരു ചെറുപട്ടണമായ ഗ്രീനിച്ചിലൂടെ കടന്നുപോകുന്ന രേഖാംശരേഖയായ, അന്താരാഷ്ട്ര അംഗീകാരമുള്ള പ്രധാന ധ്രുവരേഖക്ക് 74 ഡിഗ്രി പടിഞ്ഞാറും സ്ഥിതിചെയ്യുന്നു എന്നാണ്.a ഈ നിർദേശാങ്കങ്ങളോടു സെക്കണ്ടുകൾ കൂട്ടുന്നുവെങ്കിൽ ഒരു നഗരത്തിനുള്ളിലെ കെട്ടിടങ്ങൾപോലും കണ്ടുപിടിക്കാൻ കഴിയും. ഉദാഹരണത്തിന്, ന്യൂയോർക്ക് നഗരത്തിലെ നഗരശാല ഉത്തര അക്ഷാംശം 40°42’45”-ലും പശ്ചിമ രേഖാംശം 74°0’23”-ലുമാണ്.
ഈ രേഖകളോടുള്ള സംബന്ധത്തിൽ ദൂരങ്ങളും കണക്കാക്കപ്പെടുന്നു. ദൃഷ്ടാന്തത്തിന്, ഒരു നാവിക മൈലിന്റെ ദൈർഘ്യം ഒരു ധ്രുവരേഖയിലൂടെ അളക്കുന്ന ഒരു അക്ഷാംശമിനിററാണ്. ഒരു ധ്രുവം ഭൂമദ്ധ്യരേഖയിൽനിന്ന് 90 ഡിഗ്രി അല്ലെങ്കിൽ 5,400 മിനിററ് (90 X 60 = 5,400) അക്ഷാംശത്തിൽ ആകയാൽ ഒരു നാവികമൈൽ ധ്രുവത്തിൽനിന്നു ഭൂമദ്ധ്യരേഖയിലേക്കുള്ള ദൂരത്തിന്റെ 1⁄5,400 ആണ്. അങ്ങനെ ശരാശരി നാവികമൈൽ 1.8532 കിലോമീറററാണ്.
ഏതു സ്ഥാനത്തെയും കൃത്യമായി ചൂണ്ടിക്കാണിക്കാനുള്ള പ്രാപ്തി തീർച്ചയായും ഒരു വലിയ അനുഗ്രഹമാണ്, വിശേഷാൽ നാവികർക്ക്. എന്നിരുന്നാലും അത്തരമൊരു പദ്ധതി പ്രാവർത്തികമാകുന്നതിന് അതിനു ചില പ്രാമാണികസ്ഥാനങ്ങൾ ഉണ്ടായിരിക്കണം. അക്ഷാംശ അളവുകളുടെ അടിസ്ഥാനരേഖയെന്ന നിലയിൽ ഭൂമദ്ധ്യരേഖ ന്യായയുക്തമായ ഒരു തെരഞ്ഞെടുപ്പാണ്. എന്നാൽ പ്രധാന ധ്രുവരേഖാസ്ഥാനമായി, അതായത്, കിഴക്കു-പടിഞ്ഞാറ് രേഖാംശ അളവുകളുടെ പ്രാമാണിക സ്ഥാനമായി ഗ്രീനിച്ച് തിരഞ്ഞെടുത്തത് എന്തുകൊണ്ട്? യഥാർഥത്തിൽ, മനുഷ്യൻ തന്റെ ഭൂപടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഈ സാങ്കൽപ്പികരേഖകളുടെ മുഴു ആശയവും വികാസം പ്രാപിച്ചത് എങ്ങനെയാണ്?
ഒരു ചരിത്രമുള്ള രേഖകൾ
പൊ.യു.മു. രണ്ടാം നൂററാണ്ടോളം മുമ്പ് ഗ്രീക്ക് വാനശാസ്ത്രജ്ഞനായ ഹിപ്പാർക്കസ് ഭൂപ്രതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനനിർണയത്തിനു സാങ്കൽപ്പികരേഖകളുടെ ആശയം ഉപയോഗിച്ചു. അദ്ദേഹം കിഴക്കോട്ടും പടിഞ്ഞാറോട്ടുമുള്ള സ്ഥാനങ്ങൾ കണക്കുകൂട്ടാനുള്ള പ്രാമാണിക സ്ഥാനമായി റോഡ്സ് എന്ന ഗ്രീക്ക് ദ്വീപിലൂടെയുള്ള ഒരു രേഖ തെരഞ്ഞെടുത്തു. പൊ.യു. രണ്ടാം നൂററാണ്ടിലെ ഗ്രീക്ക് വാനശാസ്ത്രജ്ഞനായ ക്ലൗദ്യസ് റേറാളമിക്കാണു പൊതുവേ ഇന്ന് ഉപയോഗിക്കപ്പെടുന്നതിനോടു സമാനമായ ഒരു പദ്ധതിയുമായി മുമ്പോട്ടുവന്ന ആദ്യത്തെ ആളെന്ന ബഹുമതി. അദ്ദേഹത്തിന്റെ അക്ഷാംശരേഖകൾ ഭൂമദ്ധ്യരേഖക്കു സമാന്തരമായി വരക്കപ്പെട്ടു. രേഖാംശത്തിന് അദ്ദേഹത്തിന്റെ തുടക്കസ്ഥാനം തന്റെ നാളിൽ അറിയപ്പെട്ടിരുന്ന ലോകത്തിന്റെ പടിഞ്ഞാറേ അററമായ ഫോർച്ചുനററ് ഐൽസിലൂടെയുള്ള ഒരു രേഖയായിരുന്നു—അന്നു കാനറി ദ്വീപുകളുടെ പേര് അങ്ങനെയായിരുന്നു.
1884-ൽ ആണു കിഴക്കും പടിഞ്ഞാറുമുള്ള സ്ഥാനങ്ങൾ അളക്കുന്നതിനുള്ള തുടക്കസ്ഥാനമായി ഒരു പ്രധാന രേഖാംശരേഖയുടെ തിരഞ്ഞെടുപ്പുസംബന്ധിച്ചു ലോകവ്യാപകമായ യോജിപ്പിലെത്തിയത്. ആ വർഷത്തിൽ വാഷിംഗ്ടൺ ഡി.സി.യിലെ ഇൻറർനാഷനൽ മെറിഡിയൻ കോൺഫറൻസിൽ 25 രാജ്യങ്ങളിൽനിന്നുള്ള 41 പ്രതിനിധികൾ പങ്കെടുത്തു. പ്രധാന ധ്രുവരേഖയിങ്കൽ നടത്തേണ്ട അവശ്യ വാനനിരീക്ഷണങ്ങൾക്കുവേണ്ടി സുസജ്ജമായ ഒരു നിരീക്ഷണാലയത്തിലൂടെ കടന്നുപോകുന്ന രേഖയെ പ്രതിനിധികൾ അനുകൂലിച്ചു. അവർ ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലൂടെ കടന്നുപോകുന്ന രേഖ ബഹുഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തു.
സഞ്ചാര, സമയ മേഖലകൾ
പ്രധാന ധ്രുവരേഖാസ്ഥാനമെന്ന നിലയിൽ ഗ്രീനിച്ച് തെരഞ്ഞെടുത്തതു യാദൃച്ഛികസംഭവമായിരുന്നില്ല. 18-ാം നൂററാണ്ടുമുതൽ തിരക്കുള്ള ലണ്ടൻതുറമുഖത്തുനിന്നു കപ്പലേറിയ കപ്പിത്താൻമാർ അററ്ലാൻറിക്കിലൂടെ പടിഞ്ഞാറോട്ടു സമുദ്രയാത്ര നടത്തിയപ്പോൾ ഓരോ ദിവസവും സൂര്യൻ താമസിച്ച് ഉച്ചസ്ഥാനത്തെത്തുന്നതായി ശ്രദ്ധിച്ചിരുന്നു. ഭൂമി ഓരോ 24 മണിക്കൂറിലും 360 ഡിഗ്രി കറങ്ങുന്നതിനാൽ ഒരു മണിക്കൂർ വരുന്ന ഒരു സമയവ്യത്യാസം ഗ്രീനിച്ചിൽനിന്ന് 15 രേഖാംശ ഡിഗ്രികളെ പ്രതിനിധാനംചെയ്തതായി അവർ മനസ്സിലാക്കി. അങ്ങനെ, ഗ്രീനിച്ച് നക്ഷത്രബംഗ്ലാവിലെ മാസ്ററർ ഘടികാരത്തിനനുസൃതമായി ക്രമീകരിച്ച സമയമാപിനികൾ ഉപയോഗിച്ചു ഗ്രീനിച്ച് സമയവും അവരുടെ തദ്ദേശസമയവും തമ്മിലുള്ള വ്യത്യാസം നിരീക്ഷിച്ചുകൊണ്ടുമാത്രം അവർക്കു പുറങ്കടലിലെ സ്ഥാനം കണക്കുകൂട്ടി കണ്ടുപിടിക്കാൻ കഴിയുമായിരുന്നു. ദൃഷ്ടാന്തത്തിന്, സൂര്യൻ ഗ്രീനിച്ച്സമയം 3:30 p.m.ന് അതിന്റെ ഉച്ചസ്ഥാനത്ത് എത്തുന്ന ഒരു സ്ഥാനത്താണെങ്കിൽ (തദ്ദേശസമയം ഉച്ചയ്ക്കു 12:00) അപ്പോൾ ലളിതമായ ഒരു കണക്കുകൂട്ടലിനാൽ അവർക്കു തങ്ങളുടെ സ്ഥാനം ഗ്രീനിച്ചിന് 52.5 ഡിഗ്രി (15 X 3.5) പടിഞ്ഞാറ് എന്നു നിശ്ചയിക്കാൻ കഴിയുമായിരുന്നു, അതായത്, അവർ അതേ അക്ഷാംശത്തിൽ നിന്നിരുന്നെങ്കിൽ, ന്യൂഫൗണ്ട്ലാൻഡിന്റെ കിഴക്കേ തീരത്തോടടുത്തായിരിക്കുമായിരുന്നു.
അതേ അക്ഷാംശത്തിൽ നിൽക്കുന്നത് അല്ലെങ്കിൽ സമാന്തര സഞ്ചാരം ലളിതമായ ജോലിയായിരുന്നു. നൂററാണ്ടുകളിൽ ഉത്തരാർദ്ധഗോളത്തിലെ നാവികർ ധ്രുവനക്ഷത്രം അല്ലെങ്കിൽ പോളാരിസ് മററു മിക്ക നക്ഷത്രങ്ങളുടെയും രാത്രിയിലെ ചലനത്തോടു താരതമ്യപ്പെടുത്തുമ്പോൾ ഫലത്തിൽ നിശ്ചലമായി കാണപ്പെടുന്നതായി നിരീക്ഷിച്ചു. ചക്രവാളത്തിനു മുകളിലുള്ള ആ നക്ഷത്രത്തിന്റെ ഉയരം അളന്നുകൊണ്ട് അവർ എത്ര വടക്കും തെക്കുമാണെന്നു കണക്കുകൂട്ടിത്തുടങ്ങി. പുറങ്കടലിൽ അകലെയായിരുന്നപ്പോൾ ആ നക്ഷത്രം ഒരേ ഉയരത്തിൽ നിന്നടത്തോളം നേരം അവർ നേരേ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ സഞ്ചരിക്കുകയാണെന്ന് അവർ മനസ്സിലാക്കി.
ഗ്രീനിച്ചിനെ ഒരു പ്രാമാണികമായി തിരഞ്ഞെടുത്തത് ഇംഗ്ലണ്ടിനു മററു പ്രയോജനങ്ങൾ നൽകി. അവിടത്തെ തീവണ്ടിയാത്രയുടെ ആഗമനത്തോടെ രാജ്യത്തിനുള്ളിൽ സമയത്തെ പ്രാമാണികമാക്കുന്ന ഒരു പദ്ധതി ആവശ്യമായിവന്നു. ഇംഗ്ലണ്ടിലെ എക്സെററർ റെയിൽവേ സ്റേറഷനിൽ 11:33-ന്റെ തീവണ്ടിയിൽ കയറാൻ വന്ന യാത്രക്കാരൻ അത് 14 മിനിററുമുമ്പേ വിട്ടുവെന്നു കണ്ടെത്തിയത് എത്ര നിരാശാജനകമായിരുന്നു! പ്രശ്നമെന്തായിരുന്നു? അയാൾ എക്സെററർ സമയമായിരുന്നു ഉപയോഗിച്ചത്; റെയിൽവേ ലണ്ടൻ സമയം ഉപയോഗിച്ചു. ദേശത്തുടനീളം ഗ്രീനിച്ച് മധ്യമാനസമയത്തിന്റെ അംഗീകരണം ആ പ്രയാസങ്ങൾക്ക് അറുതിവരുത്തി.
ഐക്യനാടുകളിൽ ഇതിലും വലിയ പ്രശ്നങ്ങൾ പോലും ഉണ്ടായിരുന്നു. വ്യത്യസ്ത റെയിൽവേകൾ വ്യത്യസ്ത സമയങ്ങൾ പാലിച്ചു. ഈ സാഹചര്യം 1883-ൽ നടത്തിയ റെയിൽവേകളുടെ ഒരു പൊതു സമയ കൺവെൻഷനിലേക്കു നയിച്ചു. ഏതാണ്ട് 15 രേഖാംശ ഡിഗ്രികളുടെ അല്ലെങ്കിൽ ഒരു മണിക്കൂർ സമയത്തിന്റെ വ്യത്യാസത്തിൽ ഐക്യനാടുകളെ മുഴുവൻ ഉൾപ്പെടുത്തുന്ന നാലു സമയമേഖലകൾ അംഗീകരിക്കപ്പെട്ടു. ഒരു മേഖലക്കുള്ളിലെ സകല പട്ടണങ്ങളും ഒരേ സമയം പാലിക്കണമായിരുന്നു.
ഒടുവിൽ ഈ മേഖലാ ക്രമീകരണം ലോകവ്യാപകമായി അംഗീകാരംനേടി. ലോകം 24 സമയമേഖലകളായി വിഭജിക്കപ്പെട്ടു. ഈ പദ്ധതിയുടെ കേന്ദ്രം 0 മേഖലയായിരുന്നു, അതു ഗ്രീനിച്ച്രേഖയുടെ ഇരുവശത്തും 7 1⁄2 ഡിഗ്രി വ്യാപിച്ചുകിടന്നു. ആരെങ്കിലും കിഴക്കോട്ടു യാത്ര ചെയ്യവേ, അയാൾ ഓരോ മേഖലയിലൂടെയും കടന്നുപോയപ്പോൾ തന്റെ വാച്ച് ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചുവെക്കുമായിരുന്നു. പടിഞ്ഞാറോട്ടാണെങ്കിൽ അയാൾ തന്റെ വാച്ച് ഒരു മണിക്കൂർ പിറകോട്ട് ഇറക്കിവെക്കും.
ഗ്രീനിച്ചിൽനിന്നു ലോകത്തിന്റെ പാതിദൂരം സഞ്ചരിച്ചുകഴിയുമ്പോൾ ഒരു കൗതുകകരമായ സാഹചര്യം ഉടലെടുക്കുന്നു. ഇവിടെ 180 ഡിഗ്രിരേഖാംശത്തിൽ രേഖയുടെ ഒരു വശത്തുനിന്നു മറേറ വശംവരെ 24 മണിക്കൂറിന്റെ വ്യത്യാസമുണ്ട്. തത്ഫലമായി, 180 ഡിഗ്രി ധ്രുവരേഖ, ദേശീയ അതിർത്തികളെ ക്രമപ്പെടുത്താനുള്ള നിസ്സാരമാററങ്ങളോടെ അന്താരാഷ്ട്ര ദിനാങ്കരേഖയായിത്തീർന്നു. പശ്ചിമദിശയിൽ ഈ രേഖ കടക്കുമ്പോൾ ഒരു യാത്രികന് ഒരു ദിവസം നഷ്ടപ്പെടുന്നു. മറിച്ച്, കിഴക്കോട്ട് ഈ രേഖ കടന്നുപോകുമ്പോൾ യാത്രികന് ഒരു ദിവസത്തിന്റെ നേട്ടമുണ്ടാകുന്നു.
ഇപ്പോഴും അനുപേക്ഷണീയം
രേഖാംശം കണക്കുകൂട്ടാൻ സമയമാപിനികൾ ഗ്രീനിച്ചിൽ പരിശോധന നടത്തിയശേഷം കടലിലേക്കു കൊണ്ടുപോകുന്ന നാളുകൾ കഴിഞ്ഞുപോയിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യ അതിനെല്ലാം മാററംവരുത്തിയിരിക്കുന്നു. റേഡിയോ മാർഗദീപങ്ങൾ, റഡാർ, ഇൻറർനാഷനൽ ടെലികമ്മ്യൂണിക്കേഷൻസ് എന്നിവ കൂടുതൽ കൃത്യമായ വിവരങ്ങൾ നൽകുന്നു. എന്നിരുന്നാലും, ഒരു ചാർട്ടിൽ അല്ലെങ്കിൽ ഭൂപടത്തിൽ നിങ്ങളുടെ സ്ഥാനത്തെ നിർണയിക്കുന്നത് ഇപ്പോഴും ആ സാങ്കൽപ്പിക അക്ഷാംശരേഖകളെയും രേഖാംശരേഖകളെയും ആശ്രയിച്ചാണ്. വളരെ ഉപയോഗപ്രദമായ ആ സാങ്കൽപ്പികരേഖകൾക്കായി നമുക്കു നന്ദിയുള്ളവരായിരിക്കാം.
[അടിക്കുറിപ്പുകൾ]
a കോണീയ അളവിൽ, ഒരു ഡിഗ്രി (°) 60 മിനിററായും (’) ഓരോ മിനിററും 60 സെക്കണ്ടായും (”) വിഭജിക്കപ്പെട്ടിരിക്കുന്നു.
[20-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ഗ്രീനിച്ച് മധ്യമാന സമയം
1675-ൽ ഇംഗ്ലണ്ടിലെ ചാൾസ് II-ാമൻ രാജാവ് “കപ്പലോട്ടത്തിനും വാനശാസ്ത്രത്തിനും പൂർണത നൽകാൻ സ്ഥലങ്ങളുടെ രേഖാംശം കണ്ടുപിടിക്കുന്നതിന്” ഇപ്പോൾ ലണ്ടനിലെ ഗ്രീനിച്ച് എന്ന ചെറുപട്ടണമായിരിക്കുന്നടത്ത് “ഒരു ചെറിയ നക്ഷത്രബംഗ്ലാവ്” പണിയാൻ നിയോഗം കൊടുത്തു. ഭൂമിയുടെ കറക്കം കൃത്യമായി കണക്കുകൂട്ടാൻ 4 മീററർ നീളമുള്ള ദോലകങ്ങളോടെ പുതുതായി കണ്ടുപിടിച്ച രണ്ടു ഘടികാരങ്ങൾ സ്ഥാപിക്കപ്പെട്ടു.
രാജകീയ നക്ഷത്രബംഗ്ലാവിലെ ശാസ്ത്രജ്ഞൻമാർ ഭൂമിയുടെ കറക്കം സമകാലികം അല്ലെന്ന് അല്ലെങ്കിൽ സ്ഥിരവേഗത്തിൽ അല്ലെന്നു താമസിയാതെ കണ്ടുപിടിച്ചു. അതിനുകാരണം സൂര്യനെ ചുററിയുള്ള ഭൂമിയുടെ ഭ്രമണപഥം ഒരു പൂർണവൃത്തമല്ലെന്നുള്ളതും ഭൂമിയുടെ അച്ചുതണ്ടു ചെരിഞ്ഞതാണെന്നുള്ളതുമാണ്. അതുകൊണ്ട്, സൗര്യദിനത്തിന്—ഉച്ചമുതൽ ഉച്ചവരെയുള്ള ഇടവേളക്ക്—വർഷത്തിലുടനീളം ദൈർഘ്യവ്യത്യാസം ഉണ്ടാകുന്നു. ഗ്രീനിച്ച് ക്ലോക്കുകൾ പ്രവർത്തിച്ചതുകൊണ്ടു ദിവസത്തിന് ഒരു മധ്യമാന അഥവാ ശരാശരി ദൈർഘ്യം സ്ഥാപിക്കുന്നതിനുള്ള കണക്കുകൂട്ടലുകൾ സാധ്യമായിരുന്നു.
ഗ്രീനിച്ച് മധ്യമാന ഉച്ചസമയം ഗ്രീനിച്ച് രേഖാംശരേഖയിലെ അഥവാ ധ്രുവരേഖയിലെ (ലാററിൻ, മെറിഡിയാനസ്, ദിവസമദ്ധ്യം) ഏതു സ്ഥാനത്തിൻമീതെയും സൂര്യൻ ഉച്ചസ്ഥാനത്തെത്തുന്ന നിമിഷമാണ്. ഈ ലാററിൻ പദത്തെ അടിസ്ഥാനപ്പെടുത്തി ഉച്ചക്കു മുമ്പുള്ള സമയം ആൻറീ മെറിഡിയം (a.m.) അല്ലെങ്കിൽ ഉച്ചക്കു മുമ്പ് എന്നും ഉച്ചക്കു ശേഷമുള്ള സമയം പോസ്ററ് മെറിഡിയം (p.m.) എന്നും അറിയപ്പെടാനിടയായി.
[ചിത്രങ്ങൾ]
മുകളിൽ: ഗ്രീനിച്ച് രാജകീയ നക്ഷത്രബംഗ്ലാവ്. വലത്ത്: ഉരുളൻകല്ലു പാകിയ അങ്കണത്തിൽ മുഖ്യ ധ്രുവരേഖ
[18-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ലോക സമയ മേഖലകൾ
-11 4:00
-10 5:00
-9 6:00
-8 7:00
-7 8:00
-6 9:00
-5 10:00
-4 11:00
-3 12:00
-2 1:00
-1 2:00
0 3:00
+1 4:00
+2 5:00
+3 6:00
+4 7:00
+5 8:00
+6 9:00
+7 10:00
+8 11:00
+9 12:00
+10 1:00
+11 2:00
+12 3:00