ലോകത്തെ വീക്ഷിക്കൽ
ആഫ്രിക്കൻ പ്രതിസന്ധി
ക്ഷാമത്തിന്റെയും വരൾച്ചയുടെയും കടബാദ്ധ്യതയുടെയും രണ്ടു ദശാബ്ദങ്ങൾ ആഫ്രിക്കയിൽ ഒരു‘അസാധരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു— “ഒരു ലോകമഹായുദ്ധത്തിന്റെ കെടുതികളോടു് അതിനെ താരതമ്യം ചെയ്യാൻ” കഴിയുമാറു് അത്ര രൂക്ഷമായ ഒന്നു് എന്നു് ആഫ്രിക്കൻ വികസന തന്ത്രങ്ങളുടെ സമിതിയിൽ നിന്നുള്ള ഒരു യു. എസ്. റിപ്പോർട്ട് പറയുന്നു. അതു് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അതിന്റെ അനുപതങ്ങൾ രാക്ഷസരൂപം പൂണ്ടിട്ടുള്ളവയും അതിന്റെ കാഠിന്യം ലോകത്തിൽ ശേഷമുള്ളവർക്കു് വിഭാവനചെയ്യാനോ ഗ്രഹിക്കാനോ കഴിയാത്തിടത്തോളവും ആണു്.” ഈസ്റ്റൺ പെൻസിൽവേനിയായിൽ നിന്നുള്ള ദ എക്സ്പ്രെസ്സ് റിപ്പോർട്ട് ചെയ്തതുപോലെ ആഫ്രിക്കൻ “ഭൂഖണ്ഡത്തിലാണു് ലോകത്തിലെ ഏറ്റവും ദരിദ്രരായ 34 രാജ്യങ്ങളിൽ 20 ലധികവും ഉള്ളതു്” ലോകത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യാ വർദ്ധനനിരക്കും “പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥൻമാരുടെ ഗുരുതരമായ കുറവും” അവിടെത്തന്നെയാണുള്ളതു്. ആഫ്രിക്കയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇപ്പോൾപോലും തികയാത്ത കാർഷികോത്പാദനം ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ഇനിയും കുറഞ്ഞുപോകും എന്നു് പ്രതീക്ഷിക്കുന്നു. ആഫ്രിക്കയുടെ അവസ്ഥ പ്രത്യാശയറ്റതല്ല എന്നു് കുറിക്കൊണ്ടു്കൊണ്ടു് “ത്യാഗങ്ങൾ” ആവശ്യമാക്കിത്തീർക്കുന്ന അനവധി നിർദ്ദേശങ്ങൾ ആ സമിതി മുന്നോട്ടു വച്ചു.
ചെറുപ്പക്കാരായ പുകവലിക്കാർ
മുതിർന്നവരെക്കാൾ കൂടുതൽ കുട്ടികൾ പുകവലിക്കുന്നു എന്നു ഈയിടെ നടത്തിയ ഒരു ഓസ്ത്രേലിയൻ സർവ്വേ കാണിക്കുന്നു. മുവ്വായിരം സ്കൂൾകുട്ടികളിൽ നടത്തിയ സർവ്വേ ഓസ്ത്രേലിയൻ ക്യാൻസർ സൊസൈറ്റി ആണു് ഏർപ്പെടുത്തിയതു്. കഴിഞ്ഞ ആഴ്ച നിങ്ങൾ പുകവലിച്ചിരുന്നുവോ എന്നു ചോദിച്ചപ്പോൾ 16 വയസ്സുകാരിൽ 40 ശതമാനം പേർ അങ്ങനെ ചെയ്തിരുന്നതായി സമ്മതിച്ചു എന്നു് ദ ഓസ്ത്രേലിയൻ റിപ്പോർട്ട് ചെയ്തു. മുതിർന്നവരിൽ 27 ശതമാനമേ തങ്ങൾ പുകവലിക്കുന്നുണ്ടു് എന്നു പറഞ്ഞുള്ളു. ചെറിയ കുട്ടികളിലനേകർ—15 വയസ്സുകാരിൽ 8 ശതമാനവും 12 വയസ്സുകാരിൽ 1 ശതമാനവും ഇടതടവില്ലാത്ത പുകവലിക്കാരാണു് തങ്ങൾ എന്നുവരെ അവകാശപ്പെട്ടു. മൊത്തമായെടുത്താൽ ആൺകുട്ടികളെക്കാൾ അധികം പെൺകുട്ടികൾ പുകവലിച്ചിരുന്നു. പുകവലി ഉപേക്ഷിക്കാനാകും എന്നു മിക്ക വിദ്യാർത്ഥികളും വിശ്വസിച്ചു.
ജോലിസ്ഥലത്തു് പോഷണം
വൻ ബഹുരാഷ്ട്ര കോർപ്പറേഷനുകൾ തൊട്ടു് ചെറിയ കുടുംബങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ വരെയുള്ള ബിസിനസ്സ് ശാലകളും വ്യവസായങ്ങളും ഐക്യനാടുകളിൽ, ജോലിസ്ഥലത്തു് വച്ച് നൽകുന്ന നല്ല പോഷണത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നു് ദ ന്യൂയോർക്ക് റൈംസ് വാരിക റിപ്പോർട്ട് ചെയ്യുന്നു. ഈ പരിപാടിയുടെ വക്താക്കൾ പറയുന്നതു്, ജോലിയോടൊത്തുള്ള പോഷകാഹാര ശരീര വ്യായാമ പരിപാടികൾ തൊഴിലാളികൾക്കുവേണ്ടിയുള്ള ആരോഗ്യപരിപാലന ചെലവുകൾ കുറയ്ക്കുകയും ഉത്പാദനം വർദ്ധിപ്പിക്കുകയും തൊഴിലാളികളുടെ സന്തുഷ്ടിയുള്ള ഒരു ഗുണത്തെ വാർത്തെടുക്കുകയും ചെയ്യും എന്നാണു്. പരിപാടികൾ ലഘുഭക്ഷണശാലയിലെ ഭക്ഷണങ്ങളുടെ ഇനങ്ങൾ കൂടുതൽ ആരോഗ്യവഹമായ തെരഞ്ഞെടുത്ത വിഭവങ്ങൾ ആക്കുക എന്ന ഏറ്റവും ലഘുവായതു തൊട്ടു് ഹൃദയാരോഗ്യ സംരക്ഷണത്തിനുള്ള ഏർപ്പാടുകളും ജിംനേഷ്യവും വ്യായാമസജ്ജീകരണങ്ങളും നീന്തൽക്കുളവും എല്ലാം ഒത്തിണങ്ങിയ . . .ഒരു 37000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള (3440 ചതു.മീ.) വിപുലമായ കായികാരോഗ്യ സംവിധാനം” വരെയാകാം എന്നു് ലേഖനം പറയുന്നു. നിരവധി കമ്പനികളുടെ ലഘുഭക്ഷണശാലകൾ അവ നൽകുന്ന ഭക്ഷ്യവിഭവങ്ങളോടൊത്തു് അവയിലടങ്ങിയിരിക്കുന്ന കലോറിയുടെയും കൊളസ്റ്ററോളിന്റെയും കണക്കുകൂടി നൽകുന്നു. ഹൃദ്രോഹബാധയുള്ള രോഗികൾക്കു് അവർ കൊഴുപ്പിന്റെയും സോഡിയത്തിന്റെയും അളവ് കുറഞ്ഞതും തന്തുക്കൾ കൂടിയതുമായ ഭക്ഷ്യവിഭവങ്ങളുടെ കൂട്ടും നൽകുന്നു.
ജീ. എം. റ്റിയോടു് വിട
ആയിരത്തി എണ്ണുറ്റി എൺപ്പത്തിനാലിൽ ഗ്രീൻവിച്ച് സമയവും ഗ്രീൻവിച്ച് ധ്രുവരേഖയും സമയപാലനത്തിന്റെയും നാവിക യാത്രയുടെയും പ്രമാണങ്ങളായിമാറിയിരുന്നു. വാസ്തവത്തിൽ 1675-ൽ റോയൽ ഗ്രീൻവിച്ച് വ്യോമനിരീക്ഷണശാല സമയനിർണ്ണയം തുടങ്ങി. നാവികർക്കു് അവരുടെ യാത്രയാരംഭിക്കുന്നതിനു മുമ്പു് അവരുടെ ഘടികാരം കൃത്യമാക്കി വയ്ക്കുന്നതിനു് അതൊരു പ്രമാണമായി ഉപകരിച്ചു. ഇന്നു് വ്യോമനിരീക്ഷണശാലയുടെ ആറ് ആണവ ക്ലോക്കുകൾ മുടങ്ങാതെ നടത്തുന്നതിനു് ഒരു വർഷം ഏകദേശം 100000 യു. എസ് ഡോളറും അതിന്റെ ഒരു സീസിയം (ഫോട്ടോ ഇലക്ട്രിക് സെല്ലുകളിൽ ഉപയോഗിക്കുന്ന ഒരു രാസവസ്തു) റ്റ്യൂബു് മാറ്റുന്നതിനു് 30000 യു. എസ്. ഡോളറും ചെലവ്വരും ഈ പണം ഏറെ പ്രയോജനകരമായി മറ്റെവിടെങ്കിലും ചെലവിടാമെന്നും റ്റ്യൂബുകൾ പ്രവർത്തനക്ഷമല്ലാതാവുമ്പോൾ അവയെ മാറ്റേണ്ടതില്ലെന്നും ബ്രിട്ടൺ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നു. പക്ഷെ പാരീസ് കേന്ദ്രമാക്കിയുള്ള സാർവ്വത്രിക സംയോജിത സമയം (കോഓർഡിനേറ്റഡ് സ്റ്റാൻഡേർഡ് റൈം) സംവിധാനത്തിലൂടെ പ്രമാണ സമയം കാത്തുപരിപാലിക്കപ്പെടും. ലോകമൊട്ടാകെയുള്ള 150 ആറ്റൊമിക് ക്ലോക്കുകളിൽ നിന്നാണു് അവിടെ സമയം ലേഖനം ചെയ്യപ്പെടുന്നതു്—ഗ്രീൻവിച്ച് വാനനിരീക്ഷണശാലയ്ക്കും ഇതിലൊരു പങ്കുണ്ടു്.
ജപ്പാനിലെ തൊഴിലാളികൾ
“ജപ്പാന്റെ വൻപിച്ച വ്യാവസായിക വിജയത്തിന്റെ രഹസ്യം അവിടത്തെ ജനങ്ങളുടെ പ്രവർത്തനാസക്തി ആണു്. എന്നു് പരേഡ് മാസിക പറയുന്നു. “കുട്ടിക്കാലം മുതൽക്കു് തന്നെ. . .സെന്യു കൊരാക്കു—‘ആദ്യം അദ്ധ്വാനിക്കുക പിന്നീടു് ആസ്വദിക്കുക’ എന്ന തങ്ങളുടെ രാജ്യത്തിന്റെ ചരിത്രപ്രധാനമായ ആദർശവാക്യം ജപ്പാൻകാരേവർക്കും പഠിപ്പിക്കപ്പെടുന്നു. തൽഫലമായി മിക്ക ജപ്പാൻകാരും വിശ്രമവേളകളെക്കാൾ ജോലിചെയ്തുകൊണ്ടിരിക്കുന്നതു് ഇഷ്ടപ്പെടുന്നു. അനേകർ അവരുടെ അവധിക്കാലം മുഴുവൻ ഉപയോഗപ്പെടുത്തുവാൻ വിസമ്മതിക്കുകപോലും ചെയ്യുന്നു. ജോലിയോടും തൊഴിലുടമയോടും ഉള്ള ഈ പ്രതിബദ്ധത പ്രശ്നങ്ങൾ സൃഷ്ടിക്കാതിരുന്നിട്ടില്ല. “ജപ്പാനിലെ തൊഴിലാളികളിൽ ജോലിക്കിടക്കു് അൽപ്പസമയം വിശ്രമിക്കാനെടുക്കുന്നവരിൽ പകുതിപ്പേർ പിരിമുറുക്കം നിമിത്തവും അതേസമയം 20-ൽ ഒരാൾ വീതം. . .ഉദരത്തിലെ അൾസർ, തൊണ്ടവീക്കം എന്നിവപോലുള്ള സംഘർഷം സംബന്ധമായ രോഗാവസ്ഥകൾ നിമിത്തവും ആണു്.” അങ്ങനെ ചെയ്യുന്നതു് എന്നു് മെയ്നിച്ചി ഡെയ്ലി ന്യൂസ് പറയുന്നു. അറുപതിനായിരം തൊഴിലാളികളെ സർവ്വേ ചെയ്തതിൽ സ്ത്രീകളിൽ 72.5 ശതമാനവും പുരുഷൻമാരിൽ 62.9 ശതമാനവും ഏതെങ്കിലും രൂപത്തിലുള്ള സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്തു. ഓരോ മാസവും 30 ലധികം മണിക്കൂറുകൾ ഓവർടൈം പണി ചെയ്യുന്ന ഭരണ ജോലി നിർവ്വഹിക്കുന്നവരിൽ ഇതു് ഏറ്റവും ഉയർന്ന തോതിലാണു്.
സൈനീക ചെലവ്
തുടർന്നു് പൊയ്ക്കൊണ്ടിരിക്കുന്ന ആയുധസമാഹരണത്തിനു് മനുഷ്യവർഗ്ഗം നൽകേണ്ടിവരുന്ന വിലയെന്താണു്? ലോക സൈനീക സാമൂഹ്യ ചെലവുകൾ 1985 എന്ന ഗ്രന്ഥത്തിന്റെ കർത്താവായ രൂത്ത് ലിഗർ സിവാർഡ് ഈ സ്ഥിതിവിവരക്കണക്കുകൾ നൽകുന്നു. രണ്ടാംലോക മഹായുദ്ധത്തെത്തുടർന്നുള്ള സൈനീക നീക്കിയിരിപ്പ് 17 ട്രില്യൺ ഡോളർ ആണെന്നു് കൂട്ടിക്കിട്ടുന്നു. (1982-ലെ വിലകളുടെയും വിനിമയ മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ )—മൂന്നാം ലോക രാജ്യങ്ങളിലെ ജനതയുടെ വാർഷിക വരുമാനമായ 3.6 ബില്യണിന്റെ ആറു് മടങ്ങ്. ഏതാണ്ടു് 3 ട്രില്യൺ ഡോളർ തൊട്ടു് 4 ട്രില്യൺ ഡോളർ വരെ ന്യൂക്ലിയർ ആയുധങ്ങൾക്കുവേണ്ടി ചെലവഴിച്ചു കഴിഞ്ഞു. ഇവ ഇന്നു് ജീവിക്കുന്ന ഓരോ വ്യക്തിയെയും 12 ആവർത്തി കൊന്നുകളയാൻ തക്ക ശക്തിയുള്ളവയാണു്. സൈനീക ചെലവുകൾ ഓരോ വർഷവും 800 ബില്യൺ ഡോളർ എന്നായിട്ടുണ്ടിപ്പോൾ. സകല വികസ്വര രാജ്യങ്ങളിലുമായി വിദ്യാഭ്യാരോഗ്യ പരിപാലനം എന്നിവക്കായി ചെലവഴിക്കുന്നതിനേക്കാൾ കവിഞ്ഞ തുക സോവിയറ്റ് യൂണിയൻ ഒരു വർഷം സൈനീക പ്രതിരോധനത്തിനായി ചെലവിടുന്നു. അതേ സമയം യു. എസ്. വ്യോമസേനയുടെ ബജറ്റ് ലാറ്റിൻഅമേരിക്കയിലെയും ആഫ്രിക്കായിലെയും ഏഷ്യയിലെയും (ജപ്പാനൊഴികെ) 1.2 ബില്യൺ കുട്ടികളുടെ വിദ്യാഭ്യാസത്തിനു് ചെലവിടുന്ന തുകയെക്കാൾ വളരെ കൂടുതൽ ആണു്. ഒരു വിമാനവാഹിനിക്കപ്പൽ ഒരു ദിവസം പ്രവർത്തിപ്പിക്കുന്നതിനു് തന്നെ 5,90,000 ഡോളർ ആവശ്യമായിവരുന്നു. ഇന്നു് ലോകവ്യാപകമായി ഓരോ 43 പേർക്കും ഒരു പട്ടാളക്കാരൻ വച്ചുള്ളപ്പോൾ ഓരോ 1030 പേർക്കും ഒരു വൈദ്യൻ വച്ചേ ഉള്ളു. (1 ട്രിലൺ—പതിനായിരം കോടി)
കാലികൾക്കു് മദ്യപാനീയം
പന്നികുട്ടികളിൽ ഗ്രഹണി ഒഴിവാക്കാനുള്ള മാർഗ്ഗമെന്താണു്? ലഹരി ചേർത്ത മധുരപാനീയം—ഏതായാലും ഒരു പശ്ചിമ ആസ്ത്രേലിയൻ പന്നിവളർത്തലുകാരന്റെ നിഗമനമെങ്കിലും അങ്ങനെയാണു്. മുലയൂട്ടു നിർത്തിയ പന്നികുട്ടികൾക്കുള്ള കുടിവെള്ളിത്തിൽ മധുരം ചേർത്ത മദ്യം കലർത്തിയപ്പോൾ, തുടന്നു് ഒരുപന്നികുട്ടിപോലും ഗ്രഹണിപിടിച്ചു് ചത്തതായി കണ്ടില്ല. പന്നികുട്ടികൾ അവരുടെ അമ്മയിൽനിന്നു് വേർപെടുത്തപ്പെട്ടിട്ട് അവർ കട്ടിയായ ആഹാരം കഴിച്ചു തുടങ്ങുന്ന ഉടനെ രോഗം സാധാരണയായി പിടിപെടുന്നു. റാസ്പ്ബെറി എന്ന പഴത്തിന്റെ മധുരചാറ് ചേർത്ത ലഹരിപാനീയം പന്നികളുടെ കുടിവെള്ളത്തിൽ കാണുന്ന ബാക്ടീരിയാകളെ നശിപ്പിക്കാൻ ഉത്തമം ആണെന്നു് ഒരു ഗവേഷണ സംഘം റിപ്പോർട്ട് ചെയ്യുന്നു.
കടൽ കൊള്ളരൂക്ഷമാകുന്നു.
“കടൽക്കൊള്ളയും സായുധമായ കൊള്ളയും 1985-ൽ വഷളായിത്തീർന്നിരിക്കുന്നു” എന്നു് ലണ്ടനിലെ ദ ഗാർഡിയൻ എന്ന പത്രം റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര മാരിറ്റൈം ബ്യൂറോ വിശേഷിച്ച് മൂന്നു് അപകടമേഖലകളെ തിരിച്ചറിയിക്കുന്നു: പശ്ചിമാഫ്രിക്കൻ തീരസമുദ്രം സൗത്തു് ചൈനാക്കടൽ കരീബിയൻ കടൽ തുടങ്ങിയവ. ചെറിയ ബോട്ടുകളിൽ സഞ്ചരിച്ച അഭയാർത്ഥികൾ കൊല്ലപ്പെടുകയും ബലാൽസംഗം ചെയ്യപ്പെടുകയും ചെയ്ത തയ്ലാൻറ് ഉത്ക്കലിൽ വച്ചാണു് അന്ത്യന്തം വഷളായ ആക്രമണങ്ങളിൽ ചിലതു് നടന്നതു്. ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയഞ്ചു് ഡിസംബർ പകുതിക്കു നടന്ന ഒരു കിരാതമായ ആക്രമണത്തിൽ മലേഷ്യയിലേക്കു് പലായനം ചെയ്തുപോയ 50 വിയറ്റ്നാമീസ് ബോട്ടു യാത്രക്കാർ കൊള്ളയുടെയും ബലാൽസംഗത്തിന്റെയും ഭീകര താണ്ഡവത്തിൽ കൊല്ലപ്പെട്ടു. പശ്ചിമാഫ്രിക്കയുടെ പുറം കടലിൽ 30-ഓളം സായുധരായ ആളുകൾ വീതം വരുന്ന സംഘടിത സംഘങ്ങൾ രാത്രിയിൽ നങ്കൂരമടിച്ചു കിടന്നിരുന്ന ചരക്കുകപ്പലുകളിൽ കയറി അതിന്റെ ജോലിക്കാരെ വരിഞ്ഞുകെട്ടുകയും ചരക്കു് മുഴുവൻ കൊള്ളയടിക്കുകയും ചെയ്തു. കരീബിയൻ കടലിലൂടെ പോകുന്ന നൗകകൾ മയക്കുമരുന്നു കള്ളക്കടത്തുകാർ തട്ടിയെടുത്തിട്ടുണ്ടു്. കടൽക്കൊള്ളക്കാരെ തകർക്കുന്നതിനും അവരുടെ തീരദേശ താവളങ്ങളെ നശിപ്പിക്കുന്നതിനും ബ്യൂറോ ഗവൺമെന്റുകളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു.
ബ്രിട്ടീഷ് ബാലജനദ്രോഹം
കുട്ടികളോടുള്ള ക്രൂരത തടയുന്നതിനുള്ള ദേശീയ സമൂഹം പ്രസിദ്ധീകരിച്ച അതിന്റെ ഏറ്റവും ഒടുവിലത്തെ വാർഷിക റിപ്പോർട്ടുപ്രകാരം ബ്രട്ടനിൽ ബാലജനദ്രോഹം കേസുകളുടെ എണ്ണം നാടകീകമായി വർദ്ധിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലും വെയ്ൽസിലും കുട്ടികൾക്കുനേരെയുള്ള ശരീരിക ദ്രോഹം 1979-നും 1984നു മിടയ്ക്കു് 70 ശതമാനം വർദ്ധിച്ചിട്ടുണ്ടു്. ലൈംഗികമായി ദ്രോഹിക്കപ്പെട്ട, കുട്ടികളുടെ എണ്ണത്തിലാണു് ഏറ്റവും വലിയ വർദ്ധനവു്. പതിനഞ്ചു് വയസ്സിനു് താഴെ പ്രായമുള്ള 7035 കുട്ടികൾ 1984-ൽ ശരീരദ്രോഹത്തിനു വിധേയമാക്കപ്പെട്ടുവെന്നും ആഴ്ചയിൽ ഒരു കുട്ടിയുടെ വീതം മരണത്തിനു് മതാപിതാക്കളായിരുന്നു ഉത്തരവാദികളെന്നും സൊസൈറ്റി നിർണ്ണയം ചെയ്യുന്നു. “മാനസ്സിക രോഗികളുടെ കയ്യാൽ കൊല്ലപ്പെട്ടതിലേറെ കുട്ടികൾ മതാപിതാക്കളുടെ കയ്യാൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു് ലണ്ടനിലെ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. തൊഴിലില്ലായ്മ വൈവാഹിക പ്രശ്നങ്ങൾ, കടബാദ്ധ്യത എന്നിവയാണു് ശിശുദ്രോഹത്തിലേക്കു് നയിക്കുന്ന ഘടകങ്ങളായി കാണിക്കപ്പെട്ടിരിക്കുന്നതു്.
മാനത്തുനിന്നു് പരിശോധന
മെൽബണിലെ ആറ് സൂപ്പർമാർക്കറ്റുകൾ തങ്ങളുടെ കാണാതായ ട്രോളികളെ ചൊല്ലി അക്ഷരാർത്ഥത്തിൽ ആകാശമദ്ധ്യത്തിലാണു്. അവരുടെ ഷോപ്പിംഗ് ട്രോളികളിൽ (ചെറിയ ഉന്തുവണ്ടികൾ) 35000 എണ്ണം കടയിലേക്കു് ഓരോ വർഷവും തിരികെ എത്താതായിട്ടുള്ളതായി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. ഓരോ ഉന്തുവണ്ടിയും പകരം വാങ്ങുന്നതിനു 150 ആസ്ത്രേലിയൻ ഡോളർ വേണ്ടിവരും. അതു് സൂപ്പർമാർക്കറ്റിന്റെ നഷ്ടം വർദ്ധിപ്പിക്കും. അതുകൊണ്ടു് അവർ ഒരു ഹെലികോപ്റ്റർ വാടകയ്ക്കെടുത്തു് നഗരത്തിനു് മുകളിലൂടെ പറക്കുകയും നഷ്ടമായ ട്രോളികൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. വെറും ഒരു നാലുമണിക്കൂർ അന്വേഷണത്തിൽ നിന്നു് പടിഞ്ഞാറെ പ്രാന്ത പ്രദേശത്തുള്ള പാഴ്പ്പറമ്പുകളിലും പിൻ മുറ്റങ്ങളിലും ചാലുകളിൽ പോലുമായി 110 ട്രോളികൾ കണ്ടെത്താനിടയായി. നഗരത്തിന്റ മിക്ക ഭാഗവും പരിശോധിക്കുന്ന ഒരാഴ്ച നീണ്ട വാന പരിശോധനയിലൂടെ കുറഞ്ഞതു് 500 ട്രോളികളെങ്കിലും കണ്ടെടുക്കാനാവുമെന്നു് സൂപ്പർമാർക്കറ്റു ശൃംഗലകൾ പ്രതീക്ഷിക്കുന്നു.