എയ്ഡ്സ് പടർന്നുപിടിക്കുന്നിടം
പതിനഞ്ചു വർഷംപോലുമായിട്ടില്ല, അതിനോടകംതന്നെ ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലും എയ്ഡ്സ് അതിന്റെ കരിനിഴൽ വിരിച്ചുകഴിഞ്ഞിരിക്കുന്നു. ഏതാനും വർഷങ്ങൾക്കൊണ്ട് ഈ ജീവശാസ്ത്ര ബോംബ് അതിഭീമമായ അനുപാതങ്ങളിൽ പൊട്ടിത്തെറിച്ചിരിക്കുന്നു. ഓരോ ദിവസവും ലോകമൊട്ടാകെ 5,000 ആളുകൾക്കു രോഗം ബാധിക്കുന്നതായി ഡബ്ലിയുഎച്ച്ഒ (ലോകാരോഗ്യസംഘടന) കണക്കാക്കിയിരിക്കുന്നു. അതായത് ഓരോ മിനിറ്റിലും മൂന്നിലധികം പേർ! ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യങ്ങൾ കൂടുതൽ ദരിദ്രമായവയാണ്, വികസ്വരലോകം എന്നു വിളിക്കപ്പെടുന്നതിലെ തന്നെ. 2000-ാമാണ്ടാകുന്നതോടെ മുഴു എച്ച്ഐവി രോഗബാധകളുടെയും 90 ശതമാനവും, ക്രമേണ മുഴു എയ്ഡ്സ് കേസുകളുടെ തന്നെയും 90 ശതമാനവും, ഈ രാജ്യങ്ങളിലായിരിക്കുമെന്ന് ഡബ്ലിയുഎച്ച്ഒ മുൻകൂട്ടിപ്പറഞ്ഞു.
ഏറ്റവുമധികം ആഘാതമേറ്റവർ
27 വയസ്സുള്ള വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായിരുന്ന റോസിന്റെ ഭർത്താവിനു പെട്ടെന്നായിരുന്നു രോഗംബാധിച്ചത്. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ മരിച്ചു. അവളുടെ ഭർത്താവിന്റെ മരണകാരണം എന്തെന്ന് ആ സമയത്തു തീർച്ചയില്ലായിരുന്നു. ക്ഷയരോഗമാണെന്നു ഡോക്ടർമാർ രോഗനിർണയം നടത്തി. അയാൾക്കു ഭൂതബാധയേറ്റിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവിന്റെ കുടുംബത്തിലുള്ളവർ റോസിന്റെ വസ്തു കൈക്കലാക്കിത്തുടങ്ങി. അവൾ വീട്ടിലില്ലാതിരുന്നപ്പോൾ അവളുടെ ഭർത്തൃബന്ധുക്കൾ കുട്ടികളെ ബലാൽക്കാരമായി പിടിച്ചുകൊണ്ടുപോയി. സ്വഗ്രാമത്തിലേക്കു മടങ്ങിപ്പോകാൻ റോസ് നിർബന്ധിതയായി. രണ്ടുവർഷം കഴിഞ്ഞപ്പോൾ അവൾക്കു ഛർദിയും വയറിളക്കവും കൊണ്ടുപിടിച്ചു. അപ്പോഴാണ് തന്റെ ഭർത്താവ് മരിച്ചുപോയത് എയ്ഡ്സു മൂലമാണെന്നും തനിക്കും എയ്ഡ്സ് പിടിപെട്ടിരിക്കുകയാണെന്നും അവൾ തിരിച്ചറിഞ്ഞത്. മൂന്നു വർഷം കഴിഞ്ഞപ്പോൾ 32-ാമത്തെ വയസ്സിൽ അവൾ മരണമടഞ്ഞു.
ഇതുപോലുള്ള ദുരന്ത കഥകൾ ഇപ്പോൾ സാധാരണമാണ്. ചില പ്രദേശങ്ങളിൽ മുഴു കുടുംബങ്ങളും ഗ്രാമങ്ങൾത്തന്നെയും തുടച്ചുനീക്കപ്പെട്ടിരിക്കുന്നു.
“നമ്മുടെ നാളിലെ ഏറ്റവും വലിയ ആരോഗ്യപ്രശ്നം”
ഈ രോഗത്തെ തരണംചെയ്യാൻ ശ്രമിക്കുന്ന വികസ്വര രാജ്യങ്ങളിലെ ഗവൺമെന്റുകൾ വല്ലാത്ത വൈഷമ്യത്തിലാണ്. സാമ്പത്തിക വിഭവങ്ങളുടെ അഭാവവും അടിയന്തിരവും ചെലവേറിയതുമായ മറ്റു മുൻഗണനകളും നിമിത്തം എയ്ഡ്സിനു മറ്റെല്ലാറ്റിനുംശേഷമേ പരിഗണന ലഭിക്കുന്നുള്ളൂ. ലോകവ്യാപക സാമ്പത്തിക മാന്ദ്യവും ഭക്ഷ്യ ദൗർലഭ്യങ്ങളും പ്രകൃതി വിപത്തുകളും യുദ്ധങ്ങളും സാംസ്കാരിക മാമൂലുകളും അന്ധവിശ്വാസങ്ങളും പ്രശ്നത്തെ കൂടുതൽ വഷളാക്കുകയേ ചെയ്യുന്നുള്ളൂ. കൂടെക്കൂടെയുണ്ടാകുന്ന രോഗബാധകൾക്കു വേണ്ട ഉപകരണങ്ങളും ഔഷധങ്ങളും നൽകിക്കൊണ്ട് എയ്ഡ്സ് രോഗികൾക്കു പ്രത്യേക ശ്രദ്ധ നൽകുന്നതു ചെലവേറിയതാണ്. മിക്ക പ്രമുഖ ആശുപത്രികളും ഇപ്പോൾ ആൾതിങ്ങിയതും ഇടിഞ്ഞുപൊളിഞ്ഞതും വേണ്ടത്ര ജോലിക്കാരില്ലാത്തവയുമാണ്. സഹായമാവശ്യമുള്ള സദാ വർധിച്ചുവരുന്ന മറ്റു രോഗികൾക്ക് ഇടംകൊടുക്കാൻ തക്കവണ്ണം ഭൂരിപക്ഷം എയ്ഡ്സ് രോഗികളെയും ഇപ്പോൾ മരിക്കാനായി വീട്ടിലേക്കു പറഞ്ഞുവിടുകയാണ്. ക്ഷയരോഗം പോലെയുള്ള, എയ്ഡ്സിനോടു ബന്ധപ്പെട്ട ദ്വിതീയ രോഗബാധകളിൽ ഒരു ഞെട്ടിക്കുന്ന വർധനവ് ഉണ്ടായിരിക്കുന്നു. ക്ഷയരോഗ മരണങ്ങൾ കഴിഞ്ഞ മൂന്നു വർഷംകൊണ്ട് ഇരട്ടിയായതായും ആശുപത്രിയിൽ ആക്കപ്പെട്ടിരിക്കുന്ന എയ്ഡ്സ് രോഗികളിൽ 80 ശതമാനത്തിനു ക്ഷയരോഗം ഉള്ളതായും ചില രാജ്യങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നു.
എയ്ഡ്സിന്റെ സാമൂഹിക സ്വാധീനം
എയ്ഡ്സിന്റെ പടർന്നുപിടിക്കൽ ആരോഗ്യസംരക്ഷണ വ്യവസ്ഥയെ മാത്രമല്ല, സാമ്പത്തിക, സാമൂഹിക വ്യവസ്ഥകളുടെ മുഴു ഭാഗങ്ങളെയും ബാധിക്കുന്നു. രോഗബാധിതരിൽ 80 ശതമാനത്തോളം 16-നും 40-നും ഇടയ്ക്കു പ്രായമുള്ളവരാണ്, സമൂഹത്തിലെ ഏറ്റവും ഉത്പാദനക്ഷമതയുള്ള പ്രായഗ്രൂപ്പ്. കുടുംബത്തിലെ ശംബളക്കാരുടെ ഭൂരിപക്ഷവും ഈ പ്രായപരിധിയിലുള്ളവരാണ്. മിക്ക കുടുംബങ്ങളും അവരെ ആശ്രയിച്ചാണു കഴിയുന്നത്. എന്നാൽ അവർ രോഗികളായിത്തീരുകയും ഒടുവിൽ മരിക്കുകയും ചെയ്യുമ്പോൾ വളരെ കൊച്ചുകുട്ടികൾക്കും പ്രായംചെന്നവർക്കും തുണയില്ലാതാകുന്നു. ഒരു കുട്ടിയുടെ മാതാപിതാക്കൾ മരിക്കുമ്പോൾ ആ കുട്ടിയെ കൂട്ടുകുടുംബ വ്യവസ്ഥയിലേക്കു സ്വീകരിച്ച് അതിന്റെ ഭാഗമാക്കി തീർക്കുന്നത് ഏതൊരു ആഫ്രിക്കൻ സമൂഹത്തിലെയും പരമ്പരാഗത രീതിയാണ്. എന്നാൽ ഇന്ന്, മാതാപിതാക്കൾ മരിക്കുമ്പോൾ മിക്കപ്പോഴും വല്യമ്മവല്യപ്പൻമാർ അല്ലെങ്കിൽ ജീവിച്ചിരിപ്പുള്ള മറ്റു ബന്ധുക്കൾ വളരെ പ്രായംചെന്നവരോ തങ്ങളുടെ സ്വന്തം കുട്ടികളുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ പണിപ്പെട്ടുകൊണ്ട് ഇപ്പോൾത്തന്നെ ഭാരം പേറുന്നവരോ ആയിരിക്കും. ഈ സാഹചര്യം അനാഥ പ്രതിസന്ധിയിലേക്കും തെരുവു കുട്ടികളുടെ എണ്ണത്തിലെ വർധനവിലേക്കും നയിച്ചിരിക്കുന്നു. സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ ഭാഗത്തു മാത്രം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഒരു കോടിയിലധികം കുട്ടികൾ അനാഥരാക്കപ്പെടുമെന്ന് ഡബ്ലിയുഎച്ച്ഒ പ്രവചിക്കുന്നു.
സ്ത്രീകൾ ഈ എയ്ഡ്സ് ബാധയെ ഇരട്ടി കഷ്ടകരവും ഭാരിച്ചതുമായി കണ്ടെത്തുന്നു. ദിവസം 24 മണിക്കൂറും ആവശ്യമായ പരിപാലനത്തിനായി രോഗികളും മരിച്ചുകൊണ്ടിരിക്കുന്നവരും മുഖ്യമായും ആശ്രയിക്കുന്നതു സ്ത്രീകളെയാണ്—അവർ ചെയ്യുന്ന മറ്റെല്ലാ വീട്ടുജോലികൾക്കും പുറമേയാണിത്.
ചെയ്തുകൊണ്ടിരിക്കുന്നത്
എയ്ഡ്സിനോടു ബന്ധപ്പെട്ട അവമാനത്താൽ മുൻവിധി പൂണ്ടും അത് എത്രവേഗം വ്യാപിക്കുന്നു എന്നതു സംബന്ധിച്ച അജ്ഞതമൂലവും 1980-കളുടെ ആദ്യം പല ഗവൺമെൻറ് ഉദ്യോഗസ്ഥൻമാരും ഇതു സംബന്ധിച്ച് ഉദാസീനരും ചിന്തയില്ലാത്തവരുമായിരുന്നു. എന്നാൽ, 1986-ൽ ഉഗാണ്ട ഗവൺമെന്റ് എയ്ഡ്സിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. “ഇന്നുവരെ ആവിഷ്കരിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും നവീനമായ എയ്ഡ്സ് ശ്രമങ്ങൾ” നടത്തുന്നതിനുള്ള ബഹുമതി കഴിഞ്ഞ ഒൻപതു വർഷത്തിലധികമായി ഉഗാണ്ടയ്ക്കു ലഭിച്ചിരിക്കുകയാണ്.
ഇന്ന്, എയ്ഡ്സിന്റെ വ്യാപനത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിൽ തത്പരരായിരിക്കുന്ന 600-ലധികം ദേശീയ അന്താരാഷ്ട്ര സ്ഥാപനങ്ങളും ഏജൻസികളും ഉഗാണ്ടയിലുണ്ട്. ഈ മനുഷ്യത്വ ഏജൻസികൾ രാജ്യമൊട്ടാകെ എയ്ഡ്സ് വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ഒരു ശൃംഖലതന്നെ സ്ഥാപിച്ചിരിക്കുന്നു. നാടകങ്ങൾ, നൃത്തങ്ങൾ, പാട്ടുകൾ, റേഡിയോ-ടിവി പരിപാടികൾ, പത്രങ്ങൾ, ടെലഫോൺ എന്നിവയിലൂടെ എയ്ഡ്സ് ബാധയെക്കുറിച്ചുള്ള പൊതുജ്ഞാനം ആളുകളുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നു. എയ്ഡ്സുള്ളവർക്കും വിധവകൾക്കും അനാഥർക്കും വീട്ടിൽ ലഭിക്കുന്ന ശ്രദ്ധയ്ക്കും ഭൗതിക സഹായത്തിനുംപുറമേ ഉപദേശവും നൽകപ്പെടുന്നു.
യഹോവയുടെ സാക്ഷികൾക്കിടയിൽ, അനാഥരെയും വിധവമാരെയും പരിപാലിക്കുന്നതു ക്രിസ്തീയ ആരാധനയുടെ ഒരു ഭാഗമായി വീക്ഷിക്കപ്പെടുന്നു. (യാക്കോബ് 1:27; 2:15-17; 1 യോഹന്നാൻ 3:17, 18) തങ്ങളുടെ സ്വന്തം കുടുംബത്തെ പരിപാലിക്കുന്നതിനുള്ള കുടുംബാംഗങ്ങളുടെ ഉത്തരവാദിത്വം സഭ ഏറ്റെടുക്കുന്നില്ല. എന്നാൽ അടുത്ത കുടുംബാംഗങ്ങളാരും ഇല്ലാതിരിക്കയോ തങ്ങൾക്കുവേണ്ടിത്തന്നെ കരുതാൻ അനാഥർക്കും വിധവമാർക്കും കേവലം കഴിയാതിരിക്കുകയോ ആണെങ്കിൽ സഭ സ്നേഹപൂർവം അവരുടെ സഹായത്തിനായി എത്തുന്നു.
ഉദാഹരണത്തിന്, ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ താമസിക്കുന്ന യഹോവയുടെ സാക്ഷികളിൽ ഒരുവളായിരുന്നു ജോയ്സ്. എയ്ഡ്സിനിരയായിരുന്ന അവൾ 1993 ആഗസ്റ്റിൽ മരണമടഞ്ഞു. മരിക്കുന്നതിനു മുമ്പ് അവൾ പിൻവരുന്ന വിവരണം എഴുതി: “ഒരു പ്രോട്ടസ്റ്റൻറ് ആയി വളർന്ന ഞാൻ പിന്നീട് ഒരു കത്തോലിക്കനെ വിവാഹം കഴിച്ചു. എന്റെ പള്ളിയിലെ പലരും അധാർമികമായി ഇടപെടുന്നത് എനിക്കു കാണാൻ കഴിഞ്ഞു, അതുകൊണ്ട് ഞാൻ പള്ളിയിൽപോക്കു നിർത്തി. എന്റെ ഏറ്റവും മൂത്ത സഹോദരി യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ അടുത്തു വന്നപ്പോൾ ചേച്ചി ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങളെക്കുറിച്ച് എന്നോടു പറഞ്ഞു.
“എന്റെ ബൈബിൾ പഠനത്തോട് ഭർത്താവിനു വളരെയധികം എതിർപ്പായിരുന്നു. എന്റെ മാതാപിതാക്കൾപ്പോലും എന്നോട് എതിർത്തു തുടങ്ങി, പ്രത്യേകിച്ച് എന്റെ പിതാവ്. ഈ എതിർപ്പ് രണ്ടു വർഷത്തേക്കു തുടർന്നു. എന്നാൽ ഞാൻ പഠിക്കുന്നതു സത്യമാണെന്ന് എനിക്കു ബോധ്യമുണ്ടായിരുന്നതുകൊണ്ട് അതെന്നെ നിരുത്സാഹപ്പെടുത്തിയില്ല. ഞാൻ സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്നുവെന്നു ഭർത്താവിനോടു പറഞ്ഞപ്പോൾ അദ്ദേഹം കുപിതനായി. അദ്ദേഹം എന്നെ ശാരീരികമായി ദ്രോഹിക്കുകയും വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ പറയുകയും ചെയ്തു. അതുകൊണ്ട് ഞാൻ വീട് ഉപേക്ഷിക്കുകയും ഒരു ചെറിയ വാടക മുറിയിൽ ഒറ്റയ്ക്കു പാർക്കുകയും ചെയ്തു.
“കുറെ നാൾ കഴിഞ്ഞപ്പോൾ ഭർത്താവ് എന്നോടു തിരിച്ചുചെല്ലാൻ ആവശ്യപ്പെട്ടു. ഞാൻ തിരിച്ചുചെന്ന് അധികനാളാകുന്നതിനുമുമ്പ് അദ്ദേഹം ക്ഷീണിതനും രോഗിയുമായിത്തീർന്നുതുടങ്ങി. അദ്ദേഹം എല്ലായ്പോഴും നല്ല ആരോഗ്യമുള്ള ആളായിരുന്നതുകൊണ്ട് ഞാൻ അത്ഭുതപ്പെട്ടു. അദ്ദേഹത്തിന് എയ്ഡ്സാണെന്ന് ഒടുവിൽ ഞങ്ങൾ മനസ്സിലാക്കി. അദ്ദേഹം 1987-ൽ മരിച്ചു. അപ്പോഴേക്കും ഞാനൊരു നിരന്തര പയനിയർ [മുഴു സമയ സുവിശേഷക] ആയിക്കഴിഞ്ഞിരുന്നു. ഇപ്പോൾ അഞ്ചു മക്കളുള്ള ഒരു വിധവയായിരുന്നെങ്കിലും ഞാൻ പയനിയർ സേവനത്തിൽ തുടർന്നു.
“നാലു വർഷം കഴിഞ്ഞപ്പോൾ, അതായത് 1991-ൽ, എനിക്ക് ഭർത്താവിൽനിന്ന് എയ്ഡ്സ് പിടിച്ചിരിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കി. എന്റെ ശരീരം ക്ഷീണിച്ചുതുടങ്ങുകയും തൊലിപ്പുറമേയുള്ള ചുമന്ന കുരുക്കൾ, പെട്ടെന്നുള്ള തൂക്കക്കുറവ്, ഫ്ളൂവിന്റെ സ്ഥിരമായുള്ള ആക്രമണം എന്നിവ മൂലം ഞാൻ ബുദ്ധിമുട്ടുകയും ചെയ്തു. എന്നിട്ടും ഞാൻ പയനിയറിങ് തുടർന്നു. 20 ബൈബിളധ്യയനങ്ങളും നടത്തുന്നുണ്ടായിരുന്നു. എന്നാൽ എന്റെ ശക്തി ക്ഷയിച്ചതോടെ എനിക്ക് അവ 16 ആയി കുറയ്ക്കേണ്ടിവന്നു. ഈ വിദ്യാർഥികളിൽ ഏഴുപേർ ക്രമേണ സ്നാപനമേറ്റു.
“സഭ ഒരു യഥാർഥ സഹായമായിരുന്നതിനാൽ ഒറ്റപ്പെടലോ നിരാശയോ എനിക്ക് ഒരിക്കലും തോന്നിയില്ല. ക്രമേണ, ശാരീരിക ദൗർബല്യം നിമിത്തം എനിക്കു ചില യോഗങ്ങളിൽ സംബന്ധിക്കാൻ പറ്റാതായി. സഹോദരൻമാർ അവ എനിക്കുവേണ്ടി ഓഡിയോകാസെറ്റിൽ റെക്കോർഡ് ചെയ്തു. അങ്ങനെ ഞാൻ ആത്മീയമായി സദാ പോഷിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. എന്റെ ആത്മീയ സഹോദരിമാർക്കു മാറിമാറി എന്റെ ആവശ്യങ്ങളിൽ ശ്രദ്ധിക്കാനും രാത്രിമുഴുവനും എന്നോടൊപ്പം താമസിക്കാൻ പോലും കഴിയത്തക്കവണ്ണം സഭാമൂപ്പൻമാർ ഒരു ലിസ്റ്റു തയ്യാറാക്കി. എങ്കിലും ഒരു കാര്യം എന്നെ അസ്വസ്ഥയാക്കിയിരുന്നു—എന്റെ കുട്ടികൾ. ‘ഞാൻ പോയി കഴിയുമ്പോൾ അവരുടെ കാര്യം എന്താകും?’ ഞാൻ അമ്പരന്നു.
“മരിച്ച വ്യക്തിയുടെ വസ്തു മിക്കപ്പോഴും ബന്ധുക്കൾ കൈക്കലാക്കുന്നതാണ് ആഫ്രിക്കയിലെ പതിവ്. അതുകൊണ്ട് ഞാൻ ഇതിനെക്കുറിച്ചു യഹോവയോട് എല്ലായ്പോഴും പ്രാർഥിച്ചുകൊണ്ടിരുന്നു. ഞാൻ എന്റെ വീടു വിൽക്കുകയും ചെറിയ വാടക മുറികൾ പണിയുകയും ചെയ്തു. അതുമൂലം എന്റെ കുട്ടികൾക്ക് എല്ലായ്പോഴും തലചായ്ക്കാൻ ഒരിടവും ഒരു നിശ്ചിത വരുമാനവും ഉണ്ടാകുമായിരുന്നു. എനിക്കുവേണ്ടി വീടു വിൽക്കുകയും മറ്റൊരു പുരയിടം വാങ്ങുകയും ചെയ്തതു സഭയിലെ സഹോദരങ്ങളാണ്. എനിക്കുവേണ്ടി വാടക മുറികൾ പണിതതും അവർ തന്നെ. അവയിൽ ഒന്നിൽ ഞാൻ താമസിച്ചു. എന്റെ കുട്ടികൾ സംരക്ഷിക്കപ്പെട്ടുകൊള്ളുമെന്നറിഞ്ഞത് എന്റെ മനസ്സിനു സമാധാനം നൽകി.
“ഞാൻ വീടു വിറ്റതിൽ എന്റെ ബന്ധുക്കൾ കുപിതരായി. അവർ എനിക്കെതിരെ നിയമയുദ്ധം ആരംഭിച്ചു. ഒരിക്കൽക്കൂടെ സഹോദരങ്ങൾ എന്റെ സഹായത്തിനു വരുകയും എനിക്കുവേണ്ടി ഇടപെടുകയും ചെയ്തു. ഞങ്ങൾ നിയമ നടപടിയിൽ വിജയിച്ചു. ഞാനിപ്പോൾ കൂടുതൽ ക്ഷീണിതയാണെങ്കിലും യഹോവയുടെ സ്നേഹപുരസ്സരമായ സ്ഥാപനവും രാജ്യപ്രത്യാശയും എന്നെ മുമ്പോട്ടുപോകാൻ സഹായിക്കുന്നു. എന്റെ സാഹചര്യം നിമിത്തം എന്നെ ഇപ്പോൾ ആശുപത്രിയിൽ ആക്കിയിരിക്കുകയാണ്. ആവശ്യത്തിനു ഭക്ഷണമോ കിടക്കയോ പ്രദാനം ചെയ്യാൻ ആശുപത്രിക്കു കഴിയാത്തതുകൊണ്ട് ഇപ്പോഴും എന്റെ ആത്മീയ സഹോദരിമാർ എന്റെ ആവശ്യങ്ങളിൽ ശ്രദ്ധിച്ചുകൊണ്ട് രാപകൽ എന്റെയടുത്തു നിൽക്കുന്നു.”
ആറു മാസം ആശുപത്രിയിൽ ചെലവഴിച്ചുകഴിഞ്ഞപ്പോൾ ജോയ്സിനെ വീട്ടിലേക്കു പറഞ്ഞയച്ചു. രണ്ടു ദിവസം കഴിഞ്ഞ് അവൾ മരിച്ചു. മൂന്നു മക്കളുള്ള ഒരു പയനിയർ സഹോദരിയാണ് അവളുടെ അഞ്ചു മക്കളെയും ഇപ്പോൾ പരിപാലിക്കുന്നത്.
പരിഹാരം
എയ്ഡ്സ് ഇപ്പോൾത്തന്നെ പടർന്നുപിടിച്ചിരിക്കുന്ന ഉഗാണ്ടയിൽ അവിടത്തെ പ്രസിഡൻറ് ആയ യോവിരി കാഗുടാ മൂസിവെനി ഇപ്രകാരം പ്രസ്താവിച്ചു: “ഓരോ വ്യക്തിയും അവന്റെ അല്ലെങ്കിൽ അവളുടെ അയൽക്കാരനോടു കാണിക്കാൻ കടപ്പെട്ടിരിക്കുന്ന ആദരവും ബഹുമാനവും ഉത്തരവാദിത്വവും പരസ്യമായും വളച്ചുകെട്ടില്ലാതെയും വീണ്ടും ഉറപ്പിച്ചുപറയുന്നതാണ് എയ്ഡ്സും ലൈംഗികമായി പകരുന്ന മറ്റു രോഗങ്ങളും ഉയർത്തുന്ന ഭീഷണിക്കുള്ള ഏറ്റവും പറ്റിയ പ്രതികരണം എന്നു ഞാൻ വിശ്വസിക്കുന്നു.” ചുരുക്കിപ്പറഞ്ഞാൽ, വിവാഹ ക്രമീകരണത്തിനുള്ളിലെ ഏകഭാര്യാ ധാർമികതയിലേക്കു തിരിച്ചുവരേണ്ടതിന്റെ ആവശ്യമുണ്ട്. സുരക്ഷിതമായിരിക്കാനുള്ള ഏക മാർഗവും എയ്ഡ്സിനെ നിയന്ത്രിക്കാനുള്ള ഏക മാർഗവും ഇതാണെന്ന് എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, അത്തരമൊരു ധാർമിക നിലവാരം പ്രാപ്യമാണെന്നു കുറച്ചുപേരേ വിശ്വസിക്കുന്നുള്ളൂ.
അത്തരം ധാർമികത സാധ്യമാണെന്നു വിശ്വസിക്കുക മാത്രമല്ല, അതു നടപടിയിൽ വരുത്തുകയും ചെയ്യുന്നവരുടെ കൂട്ടത്തിലാണു യഹോവയുടെ സാക്ഷികൾ. കൂടാതെ, നീതിവസിക്കുന്ന പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തിൽ അവർ, ജോയ്സിനെപ്പോലെ, വിശ്വസിക്കുകയും ചെയ്യുന്നു. (2 പത്രൊസ് 3:13) എല്ലാ ദുഷ്ടതയും തുടച്ചുനീക്കപ്പെട്ട ഒരു ലോകത്തിൽ വെളിപ്പാടു 21:4-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദാനം യഹോവയാം ദൈവം നിവർത്തിക്കും: ‘അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.’
[10-ാം പേജിലെ ചിത്രം]
ഒരു പിതാവ് എയ്ഡ്സു മൂലം മരിച്ച തന്റെ മകനെ അടക്കുന്നതിന് എടുത്തുകൊണ്ടുപോകുന്നു
[കടപ്പാട്]
WHO/E. Hooper