ശിക്ഷണം എന്റെ രക്ഷയായിരിക്കുന്നു
എനിക്കു നാലു വയസ്സായിരുന്നപ്പോൾ മാതാപിതാക്കൾ എന്നെ ഒരു വ്യായാമ ക്ലാസ്സിൽ ചേർത്തു. അത് പരിശീലനം ആവശ്യമാക്കിത്തീർത്തു. മറ്റു പെൺകുട്ടികളോടൊത്ത് ഞാൻ പ്രവർത്തിക്കണമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഒരു നർത്തകിയാകാനുള്ള പരിശീലനം ആരംഭിച്ചു. ശിക്ഷണം എന്റെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നു.
എന്റെ മാതാപിതാക്കൾ ശിക്ഷണകാര്യത്തിൽ നല്ല നിഷ്കർഷയുള്ളവരായിരുന്നു. തങ്ങളുടെ കുട്ടികൾ നല്ല പെരുമാറ്റവും സൽസ്വഭാവവും ആദരവുമുള്ളവരായിരിക്കാൻ അവർ പ്രതീക്ഷിച്ചു. ചിലപ്പോൾ അവർ കാണിക്കുന്നത് അന്യായമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ സ്വന്തം മൂന്നു കുട്ടികളെ വളർത്തിയ ഞാൻ പിന്തിരിഞ്ഞുനോക്കുമ്പോൾ ശിക്ഷണത്തിന്റെ മൂല്യം മനസ്സിലാക്കുന്നു. വളരെയധികം കരുതൽ പ്രകടമാക്കിയതിന് ഞാൻ എന്റെ മാതാപിതാക്കൾക്കു തീർച്ചയായും നന്ദി കൊടുക്കുന്നു.
ആത്മശിക്ഷണത്തിലെ എന്റെ ആദ്യകാല പരിശീലനവും അതുപോലെതന്നെ ഒരു ടീമിന്റെ ഭാഗമായി പ്രവർത്തിച്ചതും പിൽക്കാല ജീവിതത്തിൽ എന്നെ സഹായിച്ചു.
വെല്ലുവിളികളെ നേരിടൽ
എട്ടാമത്തെ വയസ്സിൽ എനിക്കു വാതപ്പനി പിടിപെട്ടതുനിമിത്തം ഞാൻ കിടപ്പിലായി. രണ്ടു കാൽമുട്ടുകളിലും എനിക്കു തീവ്രമായ വേദന അനുഭവപ്പെട്ടു. 12 മാസത്തേക്ക് എനിക്കു നടക്കാൻ അനുവാദമില്ലായിരുന്നു. സ്നേഹമുള്ള എന്റെ കുടുംബം എല്ലായിടത്തും എന്നെ എടുത്തുകൊണ്ടുപോയി. വീണ്ടുമെനിക്കു നൃത്തം ചെയ്യാൻ കഴിയുമെന്ന് ആരും വിചാരിച്ചിരുന്നില്ല. മുഖ്യമായി മാതാപിതാക്കളിൽനിന്ന് എനിക്കു ലഭിച്ച ശ്രദ്ധയും അതോടൊപ്പം ഞങ്ങളുടെ കുടുംബ ഡോക്ടറുടെ വൈദഗ്ധ്യവും ക്ഷമയും നിമിത്തം ഞാൻ പൂർണമായി സുഖംപ്രാപിക്കയും ഏറ്റവും മികച്ച നർത്തകിയായിത്തീരാനുള്ള എന്നത്തേതിലും ഉറച്ച തീരുമാനത്തോടെ നൃത്തത്തിലേക്കു തിരിച്ചുചെല്ലുകയും ചെയ്തു.
ഒരു നർത്തകിയായുള്ള ജീവിതവൃത്തി എനിക്കു പിന്തുടരാൻ തക്കവണ്ണം 16 വയസ്സായപ്പോൾ പൊതു വിദ്യാഭ്യാസം അവസാനിപ്പിക്കാൻ മാതാപിതാക്കൾ എന്നെ അനുവദിച്ചു. അതു ഞാൻ ശുഷ്കാന്തിയോടും ഉത്സാഹത്തോടും കൂടിയാണു ചെയ്തത്. ക്രമേണ ഞാൻ ശാസ്ത്രീയ ബാലേയിൽ പരിശീലിക്കാൻ തുടങ്ങി. അത് എന്നത്തേതിലുമധികം ആത്മശിക്ഷണം ആവശ്യമാക്കിത്തീർത്തു. ആഴ്ചയിൽ ആറു ദിവസം വച്ച് മൂന്നര വർഷം ഞാൻ പഠിക്കുകയും പരിശീലിക്കുകയും ചെയ്തു.
എനിക്കു 19 വയസ്സായപ്പോൾ ഓസ്ട്രേലിയൻ ബാലേ സ്കൂളിനുവേണ്ടിയുള്ള പരിശോധനാ പ്രദർശനങ്ങൾ നടന്നു. ഈ പ്രശസ്ത സ്കൂളിലെ പ്രവേശനത്തിനുവേണ്ടിയുള്ള മത്സരം ഉഗ്രമായിരുന്നു. മുഴു ഓസ്ട്രേലിയയിൽനിന്നും ഏതാനും പേരെ മാത്രമേ തിരഞ്ഞെടുക്കുമായിരുന്നുള്ളൂ. എന്നെ ആഹ്ലാദിപ്പിക്കുമാറ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായിരുന്നു. അങ്ങനെ ഞാൻ 18 മാസത്തെ തീവ്ര പരിശീലനം തുടങ്ങി. സ്കൂളിൽ ബാലേ, മൂകനാടകം, നാടകം, കല എന്നിവയ്ക്കുള്ള ക്ലാസ്സുകൾ ഉൾപ്പെട്ടിരുന്നു. മനോജ്ഞമായ ഒരു നൃത്തരൂപമാണ് ബാലേ. എന്നാൽ ആയാസരഹിതമായി കാണപ്പെടാൻ ഇടയാക്കുന്നതിന് അതു യഥാർഥ ശക്തി ആവശ്യമാക്കിത്തീർക്കുന്നു. അതുകൊണ്ട് കാലുകൾ ബലിഷ്ഠമാക്കിത്തീർക്കുന്നതിനു ഞങ്ങൾ കായികാഭ്യാസക്കളരിയിൽ ആസൂത്രിത പരിശീലനം നേടി.
ഒടുവിൽ, 1970 ജൂണിൽ ഓസ്ട്രേലിയൻ ബാലേ കമ്പനിക്കുവേണ്ടിയുള്ള പരിശോധനാ പ്രദർശനങ്ങൾ നടന്നു. വീണ്ടും ഞാൻ തിരഞ്ഞെടുക്കപ്പെട്ടു, ഒരാഴ്ചക്കുള്ളിൽ ഞാൻ കമ്പനിയിൽ ചേർന്നു.
ഒരു വ്യത്യസ്ത ലോകത്തിലെ ജീവിതം
എന്താണു സംഭവിക്കുന്നതെന്നു മനസ്സിലായിവരും മുമ്പെ ഞാൻ വീട്ടിൽനിന്നു പോയിരുന്നു, ജീവിതത്തിൽ ആദ്യമായിട്ട്. വളരെ വ്യത്യസ്തമായ ഒരു ചുറ്റുപാടിനോട് ഇണങ്ങിച്ചേരാൻ ഞാൻ നിർബന്ധിതയായി. ഞങ്ങളുടെ കമ്പനി ഓസ്ട്രേലിയയിൽ പര്യടനം നടത്തി, പിന്നീട് ഏഷ്യയിലേക്കു പോകുകയും ചെയ്തു. സ്വന്തമായ നിയമങ്ങളും നിലവാരങ്ങളുമുള്ള മറ്റൊരു ലോകത്തു ജീവിക്കുന്നതുപോലെയായിരുന്നു അത്. ജോലിയുടെ ആയാസഭരിതമായ നീണ്ട ദിനരാത്രങ്ങൾക്കൊപ്പം കാലിൽ വ്രണങ്ങളും രക്തവാർച്ചയും കുമിളകളും ഉണ്ടായി. എന്നാൽ പ്രകടനങ്ങൾ ആ കഠിന പ്രയത്നത്തിനു തക്ക വിലയുള്ളതായിരുന്നു. സ്റ്റേജിലായിരിക്കുന്നത് അത്ഭുതകരമായിരുന്നു.
ഞങ്ങൾ ഓസ്ട്രേലിയയിൽ തിരിച്ചെത്തിക്കഴിഞ്ഞ് ഫ്ളൂ പകർച്ചവ്യാധി കമ്പനിയിലാകമാനം പടർന്നുപിടിച്ചു. ഞങ്ങളിൽ പലർക്കും ജോലി ചെയ്യാൻ പറ്റാതെ വന്നു. എനിക്കു മൂന്നു മാസത്തേക്കു നൃത്തം ചെയ്യാൻ കഴിഞ്ഞില്ല. ബാലേ കമ്പനിയിൽ തിരിച്ചെത്തിയപ്പോൾ ഒരു നർത്തകിയായി ജീവിതം നയിക്കുന്നതിൽ എനിക്കു പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങി—അതിൽ എപ്പോഴും പൂർണത കൈവരിക്കാനുള്ള കഠിനപ്രയത്നം ഉൾപ്പെട്ടിരുന്നു, കൂടാതെ സമയക്കുറവും ക്ഷീണവും സാമൂഹിക ജീവിതത്തിനു പ്രതിബന്ധം സൃഷ്ടിച്ചതിനാൽ ബാലേ ഒഴിച്ചുള്ള എല്ലാ സാമൂഹിക പ്രവർത്തനത്തെയും അതു തടഞ്ഞിരുന്നു. ഇക്കണ്ട വർഷങ്ങളിലെയെല്ലാം പരിശീലനത്തിനുശേഷം ഇത് എന്റെ ജീവിതവൃത്തിയുടെ അവസാനമായിരുന്നോ?
എനിക്കു ഭ്രാന്തമായ, സമ്മിശ്രമായ, വികാരങ്ങൾ ഉണ്ടായി തുടങ്ങി. തീരെ അന്തർമുഖിയായിത്തീർന്ന ഞാൻ മറ്റുള്ളവരിൽനിന്ന് എന്നെത്തന്നെ ഒറ്റപ്പെടുത്തി. ഒടുവിൽ, ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ യുർട്ടികേറിയ എന്നു പറയുന്ന ഗുരുതരവും അലർജിസംബന്ധവുമായ ഒരു ക്രമക്കേട് എന്നെ ബാധിച്ചു. അതിന്റെ ഫലമായി വീർത്തതും ചൊറിച്ചിലോടുകൂടിയതുമായ ചുമന്ന തടിപ്പുകൾ എന്റെ ശരീരമാകമാനം വ്യാപിച്ചു. അവ പരസ്പരം കൂടിച്ചേർന്ന് ഞാൻ വലിയൊരു ചുമന്ന ഉരുളയായിത്തീർന്നു. ഇതുംകൂടെയായപ്പോൾ എനിക്ക് ഒട്ടും സഹിക്കാൻ പറ്റാതായി—ഞാൻ ഓസ്ട്രേലിയൻ ബാലേ കമ്പനിയിൽനിന്നു രാജിവച്ചു. ഞാൻ സുഖംപ്രാപിക്കാൻ മാസങ്ങളെടുത്തു. ഒരിക്കൽക്കൂടെ മാതാപിതാക്കളുടെ പരിപാലനം നിമിത്തം എനിക്ക് ആരോഗ്യം തിരികെക്കിട്ടി.
വിവാഹവും കുടുംബവും
1974-ൽ ഞാൻ ഒരു നല്ല ചെറുപ്പക്കാരനെ കണ്ടുമുട്ടി. ഒരു നടനായിരുന്ന അദ്ദേഹത്തിനു സ്വന്തമായി ബിസിനസ് ഉണ്ടായിരുന്നു. ഞങ്ങൾ വിവാഹിതരാകുകയും യൂറോപ്പിലാകമാനം സഞ്ചരിക്കുകയും ചെയ്തു. ഓസ്ട്രേലിയയിൽ മടങ്ങിയെത്തിയശേഷം 1976-ൽ ഞങ്ങളുടെ ആദ്യത്തെ കുട്ടി ജസ്റ്റിൻ ജനിച്ചു. പിന്നീടു ഞങ്ങൾ പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തലസ്ഥാനമായ പെർത്തിലേക്കു മാറിപ്പാർത്തു. അവിടെ ഒരു ഹോട്ടൽ വാങ്ങിക്കുകയും ചെയ്തു. അതു ജീവിതരീതിയിൽ എന്തൊരു മാറ്റമാണ് ഉളവാക്കിയത്!
ഹോട്ടൽ ഞങ്ങൾ സ്വയം നടത്താൻ ശ്രമിച്ചതുകൊണ്ടു ജോലിഭാരം അതിഭീമമായിരുന്നു. ഞാൻ രാവിലെ നാലുമണിക്ക് എഴുന്നേൽക്കുമായിരുന്നു. ചിലപ്പോൾ പിറ്റേന്നു രാവിലെയാണു ജോലി തീർന്നിരുന്നത്. ഈ സമ്മർദം കൂടാതെ ഹോട്ടലിൽ ശക്തമായ സാത്താന്യ സ്വാധീനങ്ങളും ഉണ്ടായിരുന്നു. ഇതു പതുക്കെ ഞങ്ങളുടെ ജീവിതരീതിയെ ബാധിക്കാൻ തുടങ്ങി, പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട ഭർത്താവിന്റെ ജീവിതത്തെ. അതുകൊണ്ട് മൂന്നു വർഷം കഴിഞ്ഞപ്പോൾ ദാമ്പത്യപരവും പണപരവുമായ പ്രശ്നങ്ങൾ മൂലം ഞങ്ങൾ ഹോട്ടൽ വിൽക്കാനും ഞങ്ങളുടെ വിവാഹത്തെ തകർച്ചയിൽനിന്നു രക്ഷിക്കാൻ കഴിവതു ചെയ്യാനും തീരുമാനിച്ചു.
ഞങ്ങളുടെ രണ്ടു പെൺകുട്ടികളായ ബിയാങ്കായുടെയും വിക്ടോറിയയുടെയും ജനനത്തോടെ ഞങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണം അഞ്ചായിത്തീർന്നു. ഹോട്ടൽ പെട്ടെന്നു വിൽക്കാൻ കഴിഞ്ഞില്ല. ഈ സമയത്തായിരുന്നു ഞാൻ സഹായത്തിനായി ദൈവത്തിലേക്കു നോക്കാൻ തുടങ്ങിയത്. ഒരു കുട്ടിയായിരുന്നപ്പോൾ കാണാതെപഠിച്ച സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർഥന ഞാൻ ഓർമിച്ചു. അത് എല്ലായ്പോഴും എന്റെ മനസ്സിൽ ഉണ്ടായിരുന്നു, ഞാൻ അത് എപ്പോഴും പറഞ്ഞുകൊണ്ടുമിരുന്നു.
ഒടുവിൽ ഹോട്ടൽ വിറ്റു. എന്നാൽ പെർത്തിൽനിന്നു മെൽബണിലേക്കു ഞങ്ങൾ പോകേണ്ടിയിരുന്നതിന് വെറും മൂന്നാഴ്ച മുമ്പ് ധമനിവീക്കം മൂലം എന്റെ ഭർത്താവു മരിച്ചു. അദ്ദേഹത്തിന് 32 വയസ്സേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ദുഃഖം അടക്കാൻ കഴിഞ്ഞില്ല. എന്റെ ഭർത്താവിനു ഭൂതങ്ങളുടെ ഉപദ്രവമുണ്ടായിരുന്നതുകൊണ്ട് അവയുടെ ദുഷിച്ച സ്വാധീനം സംശയമെന്യേ എന്റെമേലും ഉണ്ടെന്ന് മെൽബണിലെ ഒരു കത്തോലിക്കാ പുരോഹിതൻ പറഞ്ഞപ്പോൾ എന്റെ ദുഃഖം വർധിക്കുകയാണുണ്ടായത്. അതുകൊണ്ട് അദ്ദേഹം എന്റെയും കുഞ്ഞുങ്ങളുടെയും ശരീരമാകമാനവും ഞങ്ങൾ താമസിച്ചിരുന്ന എന്റെ അമ്മയുടെ വീട്ടിലെ മുറികളിലെല്ലായിടത്തും “ആനാംവെള്ളം” തളിക്കാൻ തുടങ്ങി.
ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
വർഷങ്ങൾ പലതു കടന്നുപോയി. ഞാൻ ദൈവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. എന്നാൽ കത്തോലിക്കാ മതത്തിൽനിന്ന് എനിക്കു സംതൃപ്തികരമായ യാതൊരു ഉത്തരവും ലഭിച്ചില്ല. അങ്ങനെയിരിക്കെ ഞാൻ ഞങ്ങളുടെ കുടുംബവുമായി മെൽബണിൽനിന്ന് ചൂടുകൂടിയ കാലാവസ്ഥയുള്ള ക്വീൻസ്ലൻഡിലേക്കു പോകാൻ തീരുമാനിച്ചു. അവിടെ ബ്രിസ്ബെനിൽ ഞങ്ങൾ സഭയുടെ പ്രവർത്തനങ്ങളിൽ ആഴമായി ഉൾപ്പെട്ടു. കുട്ടികൾ കത്തോലിക്കാ സ്കൂളുകളിൽ പഠിച്ചു, ഞങ്ങളെല്ലാവരും പതിവായി പള്ളിയിൽ പോയി, ഉപവാസമെടുത്തു, കൊന്ത ചൊല്ലി, അങ്ങനെ ദൈവം ഞങ്ങളിൽനിന്ന് ആവശ്യപ്പെടുന്നതായി ഞാൻ കരുതിയതെല്ലാം ചെയ്തു.
എന്റെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാഞ്ഞതിനാൽ എനിക്കു സ്വന്തമായി ഉത്തരം കണ്ടുപിടിക്കാമോയെന്നു നോക്കുന്നതിന് എന്നും ബൈബിളിന്റെ ഒരു ഭാഗം സ്വകാര്യമായി വായിക്കാൻ ഞാൻ തീരുമാനിച്ചു. ഒടുവിൽ എന്നെ അത്ഭുതപ്പെടുത്തിയ മത്തായി 7:7 ഞാൻ വായിച്ചു. അതു കേവലം ചോദിച്ചുകൊണ്ടിരിക്കാനും അന്വേഷിച്ചുകൊണ്ടിരിക്കാനുമാണു പറഞ്ഞത്. ‘അത് എളുപ്പമാണ്,’ ഞാൻ വിചാരിച്ചു. അതുകൊണ്ടു ഞാൻ അങ്ങനെതന്നെ ചെയ്തു. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായത്തിനായി ഞാൻ ദൈവത്തോടു ചോദിച്ചുകൊണ്ടേയിരുന്നു.
ഒടുവിൽ ഉത്തരങ്ങൾ നൽകപ്പെട്ടു
അധികം താമസിയാതെ യഹോവയുടെ സാക്ഷികൾ എന്റെ വീടു സന്ദർശിച്ചത് ഒരു യാദൃച്ഛിക സംഭവമായിരുന്നില്ലെന്നു പിന്തിരിഞ്ഞുനോക്കുമ്പോൾ എനിക്കു കാണാൻ കഴിയും. അവർ പറഞ്ഞത് അത്ഭുതകരമായി തോന്നി. താത്പര്യത്തോടെ ശ്രദ്ധിച്ചെങ്കിലും ഇത്രയുംനാൾ തിരഞ്ഞുകൊണ്ടിരുന്നത് ഇതാണെന്നു മനസ്സിലാക്കാൻ ഞാൻ പരാജയപ്പെട്ടു. അതുകൊണ്ട് ഏതാനും സന്ദർശനങ്ങൾ കഴിഞ്ഞപ്പോൾ ഇനി വരേണ്ടതില്ലെന്ന് എന്നെ സന്ദർശിച്ച സ്ത്രീകളോടു ഞാൻ പറഞ്ഞു.
അന്ന്, അതായത് 1987-ന്റെ ആദ്യം ഞാൻ വളരെ തിരക്കിലായിരുന്നു. എന്റെ വീട് പുതുക്കിപ്പണിയലിന്റെ അവസാന ഘട്ടങ്ങളിലായിരുന്നു. പണി പൂർത്തിയാകണമെങ്കിൽ ഒരു നല്ല പെയിന്ററെ ആവശ്യമുണ്ടായിരുന്നു. പീറ്റർ എന്നു പേരുള്ള സൗഹൃദ സ്വഭാവവും ആദരവും സഹായമനസ്ഥിതിയും ഉള്ള ഒരു ചെറുപ്പക്കാരനായ പെയിന്ററെ കെട്ടിടം പണിക്കാരൻ ശുപാർശ ചെയ്തു. പീറ്റർ തന്റെ ഭാര്യയെയും മക്കളെയും കുറിച്ച് സ്നേഹപൂർവം സംസാരിച്ചു. അദ്ദേഹത്തിന് ആരോഗ്യവും വെടിപ്പുമുള്ള ഒരു ആകാരം ഉണ്ടായിരുന്നു. അതേ ആകാരം ഉണ്ടായിരിക്കാനാണു ഞാനും ആഗ്രഹിച്ചത്. അതുകൊണ്ട് ഒരുദിവസം രാവിലെ അദ്ദേഹം ഒരു പലകത്തട്ടിൽ നിന്ന് ബാലൻസുപിടിച്ചു ജോലിചെയ്യുമ്പോൾ ഞാൻ അദ്ദേഹത്തോടു ചോദിച്ചു: “താങ്കൾ ഏതു പള്ളിയിലാണു പോകുന്നത്?”
അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹം രാവിലെ ജോലിക്കു വരുന്നതുമുതൽ ഉച്ചകഴിഞ്ഞ് ക്ഷീണിച്ചവശനായി തിരികെ പോകുന്നതുവരെ ഞാൻ ചോദ്യശരങ്ങൾക്കൊണ്ട് അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു. അവയ്ക്കെല്ലാം ഉത്തരം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഞാൻ രാപകൽ പഠനം തുടങ്ങി. ബൈബിൾ യാഥാർഥ്യമായി തീരാൻ തുടങ്ങി. ആനന്ദാധിക്യം നിമിത്തം മുഴു കുടുംബത്തിനും വേണ്ടി ഒരു കുടുംബ ബൈബിളധ്യയനത്തിനു ഞാൻ സമ്മതിച്ചു. ഞങ്ങൾ സത്യം കണ്ടെത്തിയിരിക്കുന്നുവെന്ന് അറിഞ്ഞതുമൂലമുള്ള സന്തോഷം നിമിത്തം അതായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദപൂർണമായ സമയം.
ഞങ്ങൾ ചപ്പുചവറുകളെല്ലാം ദൂരെക്കളഞ്ഞു—ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന കാര്യങ്ങളും വിഗ്രഹാരാധനാപരമായ വസ്തുക്കളും തന്നെ. ഞങ്ങളുടെ വീട്ടിൽനിന്നു ബാഗുകൾനിറയെ സാധനങ്ങൾ നീക്കംചെയ്യുകയും ചപ്പുചവർ നിക്ഷേപസ്ഥലത്തേക്ക് അയയ്ക്കുകയും ചെയ്തു. അധികം താമസിയാതെ തന്നെ കത്തോലിക്കാ സ്കൂളുകളിൽനിന്നു വിട്ടുപോകാൻ എന്റെ കുട്ടികളോടു മര്യാദപൂർവം ആവശ്യപ്പെട്ടു. യഹോവയെക്കുറിച്ചുള്ള അവരുടെ സാക്ഷീകരണം വിലമതിക്കപ്പെട്ടില്ല.
സത്യാരാധനയിൽ ഏകീകൃതർ
ഞങ്ങൾ നാലുപേരും ഇപ്പോൾ സ്നാപനമേറ്റ സാക്ഷികളാണ്. ജസ്റ്റിനും ബിയാങ്കായും സ്കൂൾ പഠനം കഴിഞ്ഞ് മുഴുസമയ ശുശ്രൂഷയിൽ പയനിയർമാരായി സേവിക്കുന്നു. വിക്ടോറിയക്ക് 16 വയസ്സുണ്ട്. അവൾ ഇപ്പോഴും സ്കൂളിലാണ്. ഞാൻ ആറു വർഷമായി ഒരു പയനിയറാണ്.
ഞങ്ങൾ ബ്രിസ്ബെൻ സഭയിൽ ആറു വർഷം ചെലവഴിച്ചു. അവിടെ പ്രായംചെന്ന രണ്ടു പ്രിയ സ്ത്രീകളെ ഞാൻ സഹായിച്ചു. അവർ വേഗംതന്നെ യഹോവയാം ദൈവത്തിനു തങ്ങളുടെ ജീവിതത്തെ സമർപ്പിച്ചു. 1994-ൽ ഞങ്ങൾ രാജ്യ പ്രസംഗകരുടെ ആവശ്യം കൂടുതലുണ്ടായിരുന്ന ഒരു പ്രദേശത്തേക്കു മാറിത്താമസിച്ചു. തെക്കുപടിഞ്ഞാറൻ ക്വീൻസ്ലൻഡിലെ ചാർലിവിൽ എന്നു പേരുള്ള ഒരു ചെറിയ ഗ്രാമ പട്ടണത്തിലാണു ഞങ്ങളിപ്പോൾ സേവിക്കുന്നത്. ഞങ്ങളുടെ പ്രസംഗ പ്രദേശം വളരെ വലിയ സ്ഥലമാണ്. ഓസ്ട്രേലിയയുടെ ദ്വീപ സംസ്ഥാനമായ ടാസ്മേനിയയുടെ അത്രയും തന്നെ ഏകദേശം വലിപ്പംവരും അതിന്!
എന്റെ ബാല്യകാലത്തെയും പരിശീലനത്തെയും കുറിച്ചു തിരിഞ്ഞുചിന്തിക്കുമ്പോൾ ശിക്ഷണത്തിൽനിന്നു ഞാൻ എത്രമാത്രം പ്രയോജനമനുഭവിച്ചിരിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കുന്നു. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാനും ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും അതെന്നെ സഹായിച്ചിരിക്കുന്നു. വാസ്തവത്തിൽ ഇപ്പോൾ യഹോവയിൽനിന്നു ശിക്ഷണം ലഭിക്കുന്നത് എനിക്കും എന്റെ പ്രിയ കുടുംബത്തിനും പൂർണ ആനന്ദവും അനന്തമായ അനുഗ്രഹങ്ങളുടെ പ്രത്യാശയും കൈവരുത്തുന്നു.—സദൃശവാക്യങ്ങൾ 6:23; 15:33.—സൂ ബർക്ക് പറഞ്ഞപ്രകാരം.
[21-ാം പേജിലെ ചിത്രം]
എന്റെ മൂന്നു മക്കളോടൊപ്പം