“എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ”
1 ക്രിസ്തീയ ജീവിത രീതിയിൽ ‘എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിക്കുന്നത്’ ഉൾപ്പെട്ടിരിക്കുന്നു. (1 തെസ്സ. 5:15) ഡിസ്ട്രിക്റ്റ് കൺവെൻഷനു ഹാജരാകുമ്പോൾ മറ്റുള്ളവർക്കു നന്മ ചെയ്യാനുള്ള ധാരാളം അവസരങ്ങൾ നമുക്കു ലഭിക്കും. മുമ്പെന്നത്തെക്കാളും ഈ വർഷം നാം പൊതുജനങ്ങളുടെ ശ്രദ്ധാകേന്ദ്രമാകും, പ്രത്യേകിച്ച് 5,000-ത്തിനും 10,000-ത്തിനും ഇടയ്ക്ക് ഹാജർ പ്രതീക്ഷിക്കുന്ന കൊച്ചി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ. കൺവെൻഷനെ കുറിച്ചു കേൾക്കുകയും അതു കാണുകയും ചെയ്യുന്നവർ അതിന്റെ അടിസ്ഥാനത്തിൽ നമ്മളെ കുറിച്ച് അഭിപ്രായങ്ങൾ രൂപീകരിക്കും. യഹോവയുടെ സാക്ഷികളുടെ സത്പേരിനു മാറ്റു കൂട്ടുന്നതിനുള്ള മഹത്തായ അവസരമാണു നമുക്കുള്ളത്. ബൈബിൾ പഠിപ്പിക്കലുകൾ നമ്മെ വ്യത്യസ്തരാക്കിയിരിക്കുന്നു എന്നു നമ്മോട് ഇടപെടുന്നവർ തിരിച്ചറിയണം എന്നതാണു നമ്മുടെ ആഗ്രഹം. അടുക്കും ചിട്ടയുമുള്ള നമ്മുടെ പ്രവർത്തനം, ശുചിത്വം, നല്ല പെരുമാറ്റ രീതികൾ എന്നിവയെ കുറിച്ചെല്ലാം അവർ അഭിപ്രായം പറഞ്ഞു കേൾക്കാൻ നമുക്ക് ആഗ്രഹമുണ്ട്. നമ്മുടെ ഇടയിൽ നിസ്വാർഥമായ സാഹോദര്യത്തിന്റെ ആത്മാവ് യഥാർഥത്തിൽ സ്ഥിതി ചെയ്യുന്നുവെന്നും നാം ‘സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ നോക്കുന്നു’ എന്നും അവർ നേരിട്ടു കണ്ടറിയാൻ നാം ആഗ്രഹിക്കുന്നു. (ഫിലി. 2:4) ഈ കൺവെൻഷനുകളിൽ നമുക്ക് അതു ചെയ്യാൻ കഴിയുന്ന വിധങ്ങൾ പരിചിന്തിക്കുക.
2 നിങ്ങൾ താമസത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു കഴിഞ്ഞോ? (1) നാം നേരത്തേ തന്നെ ബുക്കു ചെയ്യുന്നെങ്കിൽ കുറഞ്ഞ നിരക്കിൽ ലോഡ്ജുകളും ഡോർമിറ്ററികളും ക്രമീകരിക്കാൻ അതു സഹോദരങ്ങളെ സഹായിക്കും. ഒരിക്കൽ ബുക്കു ചെയ്താൽ മെച്ചപ്പെട്ട സൗകര്യമുള്ള മറ്റൊരു സ്ഥലം കണ്ടെത്തിയാൽപ്പോലും അതു മാറ്റാതിരിക്കുന്നതു പ്രധാനമാണ്. നമ്മുടെ ‘ഉവ്വ് എന്ന വാക്ക്, ഉവ്വ് എന്നുതന്നെയായിരിക്കാൻ’ നാം ശ്രദ്ധിക്കണം. (മത്താ. 5:37) (2) ഉചിതമായ ഒരു തുക മുൻകൂർ നൽകാത്തപക്ഷം നിങ്ങൾക്കായി മുറി ബുക്കു ചെയ്തിരിക്കും എന്നു പ്രതീക്ഷിക്കരുത്. (3) ഹോട്ടലിലെ എല്ലാ ജീവനക്കാരോടും ക്ഷമയും ആദരവും പ്രകടമാക്കുക, തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ അവർ അമാന്തിക്കുന്നെങ്കിൽ പോലും. (4) ഹോട്ടൽ ജീവനക്കാർ നിങ്ങളുടെ മുറി വൃത്തിയാക്കിയേക്കാം എങ്കിലും, നിങ്ങൾ മുറി വിട്ടുപോരുമ്പോൾ അത് ശുചിത്വം സംബന്ധിച്ച യഹോവയുടെ മാനദണ്ഡങ്ങൾ പ്രതിഫലിപ്പിക്കുന്ന വിധത്തിലായിരിക്കണം. (5) ഹോട്ടൽ അധികാരികൾ വെച്ചിരിക്കുന്ന എല്ലാ നിബന്ധനകളും കൃത്യമായി പാലിക്കുക. (6) റൂം ബോയിക്കും തൂപ്പുകാർക്കും ന്യായമായ ടിപ്പ് നൽകുക.
3 നന്മ ചെയ്യാൻ കുട്ടികളെ പഠിപ്പിക്കുക: ആളുകൾ നമ്മുടെ കുട്ടികളെ നിരീക്ഷിക്കും എന്നതിനു സംശയമില്ല. മിക്കപ്പോഴും നിരീക്ഷകരിൽ ഏറെ മതിപ്പുളവാക്കുന്നത് അവരാണ്. മാതാപിതാക്കളേ, എല്ലാ സ്ഥലത്തും എല്ലാ സമയത്തും കുട്ടികൾക്ക് ഉണ്ടായിരിക്കേണ്ട ക്രിസ്തീയ നടത്തയെ കുറിച്ച് അവരുമായി ചർച്ച ചെയ്യാൻ അൽപ്പ സമയം വിനിയോഗിക്കുന്നത് പ്രയോജനകരമായിരിക്കും. കൺവെൻഷനു ഹാജരാകുന്നതിനു മുമ്പു നിങ്ങൾക്കതു ചെയ്യാൻ കഴിയും. (എഫെ. 6:4) ഉദാഹരണത്തിന്, യഥാർഥ ക്രിസ്തീയ സ്നേഹം “അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല” എന്നത് അവർക്കു കാണിച്ചു കൊടുക്കുക. (1 കൊരി. 13:5) എല്ലാവർക്കും കാണാൻ കഴിയുന്ന വിധത്തിൽ നല്ല ദൃഷ്ടാന്തം വെച്ചുകൊണ്ടു മുതിർന്നവർക്ക് ഈ വാക്കുകൾ അടിവരയിട്ട് ഉറപ്പിക്കാൻ കഴിയും. കുട്ടികളേ, മാതാപിതാക്കളെ അനുസരിച്ചുകൊണ്ടും ഹോട്ടലിലെ വസ്തുവകകളോട് ആദരവു കാണിച്ചുകൊണ്ടും ചുറ്റുമുള്ളവരോടു പരിഗണനയോടെ ഇടപെട്ടുകൊണ്ടും നിങ്ങൾക്കു നന്മ ചെയ്യാൻ കഴിയും. (കൊലൊ. 3:20) നാം ഐക്യത്തിൽ എല്ലാവർക്കും നന്മ ചെയ്യാൻ ശ്രമിക്കുമ്പോൾ, നാം “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരി”ക്കുന്നു.—തീത്തൊ. 2:9.
4 നമ്മുടെ നല്ല നടത്ത പൊതുവേ നമ്മെ നിരീക്ഷിക്കുന്നവരുടെമേൽ മാത്രമല്ല, ഓരോ കാരണങ്ങളുടെ പേരിൽ നമ്മെ വിമർശിക്കുന്നവരുടെമേലും അനുകൂല ഫലം ഉളവാക്കും. കൺവെൻഷൻ സ്ഥലത്തും കൺവെൻഷൻ നഗരത്തിലും—വഴിനടക്കുമ്പോഴോ ഹോട്ടലിൽ ആഹാരം കഴിക്കുമ്പോഴോ താമസസ്ഥലത്തു വിശ്രമിക്കുമ്പോഴോ അനൗപചാരിക സാക്ഷീകരണത്തിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുമ്പോഴോ ഒക്കെ ആണെങ്കിലും—നമ്മുടെ ക്രിസ്തീയ സംസാരവും നടത്തയും നന്മ ചെയ്യാനുള്ള നമ്മുടെ ആഗ്രഹത്തെ തെളിയിക്കേണ്ടതുണ്ട്.
[4-ാം പേജിലെ ചതുരം]
ദയവായി ഓർമിക്കുക:
■ നിങ്ങളുടെ താമസസ്ഥലത്തെ എല്ലാ ജീവനക്കാരോടും ക്ഷമയും ആദരവും പ്രകടമാക്കുക.
■ ഹോട്ടലിലെയോ ഡോർമിറ്ററിയിലെയോ നിയമങ്ങൾ അനുസരിക്കുക, അത് അവിടെ താമസിക്കുന്ന സകലർക്കും പ്രയോജനം ചെയ്യും.
■ മുറികൾ കഴിയുന്നത്ര വൃത്തിയായും ചിട്ടയായും സൂക്ഷിക്കുക.
■ നിങ്ങളുടെ കുട്ടികൾ എന്തു ചെയ്യുന്നു എന്നതു സംബന്ധിച്ചു ശ്രദ്ധയുള്ളവരായിരിക്കുക.