സത്പ്രവൃത്തികളിൽ മാതൃകയായിരിക്കുക
1. ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ നമ്മുടെ നടത്ത സംബന്ധിച്ച് നാം വിശേഷാൽ ശ്രദ്ധയുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
1 ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ പോലുള്ള സാക്ഷികളുടെ വലിയ കൂടിവരവുകളിൽ നമ്മുടെ പ്രവൃത്തികളും മറ്റുള്ളവരോടു നാം ഇടപെടുന്ന വിധവുമെല്ലാം ആളുകൾ പ്രത്യേകം ശ്രദ്ധിക്കാൻ ഇടവരുന്നു. അതുകൊണ്ട്, ‘സുബോധമുള്ളവരായിരിക്ക, സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക’ എന്ന ബൈബിൾ ബുദ്ധിയുപദേശത്തിന് നാം ഓരോരുത്തരും പ്രത്യേക ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. (തീത്തൊ. 2:6, 7) “സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ നോക്കേണം” എന്ന ഉദ്ബോധനം പിൻപറ്റാൻ കൂടുതലായ ശ്രമം ആവശ്യമായി വന്നേക്കാം. (ഫിലി. 2:4) വരാനിരിക്കുന്ന, “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ഈ ബുദ്ധിയുപദേശം പ്രാവർത്തികമാക്കാൻ കഴിയുന്ന ചില മേഖലകൾ നമുക്കു പരിചിന്തിക്കാം.
2. താമസസൗകര്യ ക്രമീകരണത്തോടുള്ള ബന്ധത്തിൽ നാം എന്തു മനസ്സിൽ പിടിക്കണം?
2 താമസസൗകര്യ ക്രമീകരണം: താമസസൗകര്യം ഏർപ്പെടുത്തുമ്പോൾ നമുക്ക് സത്പ്രവൃത്തികൾ പ്രകടമാക്കാൻ നല്ല ഒരു അവസരം ലഭിക്കുന്നു. നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ഹോട്ടൽ മുറി മാത്രം ബുക്ക് ചെയ്യാൻ ദയവായി ശ്രദ്ധിക്കുക. ആവശ്യമായ അഡ്വാൻസ് നൽകുന്നുവെന്ന് ഉറപ്പുവരുത്തുക. സാധാരണഗതിയിൽ ഹോട്ടലുകളിൽ, ആളുകൾ മുറി എടുക്കുകയും ഒഴിഞ്ഞുകൊടുക്കുകയും ചെയ്യുന്ന സമയങ്ങളിൽ വലിയ തിരക്കായിരിക്കും. അങ്ങനെയുള്ള അവസരങ്ങളിൽ നാം ദൈവാത്മാവിന്റെ ഫലം പ്രകടമാക്കുന്നത് വിശേഷാൽ പ്രശംസനീയമായിരിക്കും.—ഗലാ. 5:22, 23.
3. കൺവെൻഷൻ സ്ഥലത്ത് യഹോവയ്ക്ക് പുകഴ്ച കൈവരുത്താൻ നമുക്ക് എങ്ങനെ സാധിക്കും?
3 കൺവെൻഷൻ സ്ഥലത്ത്: നാം കൺവെൻഷനു വേണ്ടി വാടകയ്ക്ക് എടുക്കുന്ന കെട്ടിടങ്ങൾ സാധാരണഗതിയിൽ വർഷങ്ങളായി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നവയായിരിക്കും. മുമ്പ് അത് ഉപയോഗിച്ചവർ കെട്ടിടത്തിനും അതിനുള്ളിലെ സാധനങ്ങൾക്കുമെല്ലാം കേടുപാടു വരുത്തിയിട്ടുണ്ടായിരിക്കും, അതുപോലെ ഹാളിലും പരിസരങ്ങളിലും കടലാസ്സും മറ്റു സാധനങ്ങളും അലക്ഷ്യമായി ഇട്ടിട്ടുപോയിട്ടുണ്ടാകും. ടോയ്ലെറ്റുകളും പരിസരവും നമ്മുടെ പരിശുദ്ധ ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിലുള്ളവ ആയിരിക്കില്ല. ഇത് മാറ്റിയെടുക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ടോയ്ലെറ്റുകൾ വൃത്തിയാക്കുക, ഓഡിറ്റോറിയം അടിച്ചുവാരുക, ഇരിപ്പിടങ്ങൾ തുടയ്ക്കുക തുടങ്ങിയ ജോലികൾ ചെയ്യാൻ നിങ്ങൾക്ക് സ്വമേധയാ പേര് നൽകാൻ സാധിക്കും. കൺവെൻഷൻ സ്ഥലത്തിന്റെ ഓരോ മൂലയും നമ്മുടെ ശുദ്ധിയുള്ള ദൈവത്തിന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ഇതെല്ലാം നിരീക്ഷകരിൽ മതിപ്പ് ഉളവാക്കും. അത് യഹോവയുടെ ‘പുകഴ്ചെക്കും കീർത്തിക്കും മാനത്തിന്നും’ സംഭാവന ചെയ്യും.—ആവ. 26:19.
4, 5. യഹോവയ്ക്കു മഹത്ത്വം കരേറ്റാൻ കുട്ടികൾക്ക് എങ്ങനെ സാധിക്കും, മാതാപിതാക്കൾക്ക് എന്ത് ഉത്തരവാദിത്വം ഉണ്ട്?
4 മാതാപിതാക്കളും കുട്ടികളും: യുവജനങ്ങളിൽ മിക്കവരും വളരെ മോശമായ പെരുമാറ്റം കാഴ്ചവെക്കുന്ന ഈ ലോകത്ത്, നമ്മുടെ കുട്ടികൾ ശ്രദ്ധേയമാംവിധം വ്യത്യസ്തത പുലർത്തുന്നു. അത് യഹോവയ്ക്കും അവന്റെ സംഘടനയ്ക്കും സ്തുതി കരേറ്റുന്നു. എന്നിരുന്നാലും ചിലപ്പോൾ കുട്ടികൾക്ക് ശരിയായ മേൽനോട്ടം ലഭിക്കാതെ വരുമ്പോൾ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. (സദൃ. 29:15) മാതാപിതാക്കൾ തങ്ങളുടെ മേൽനോട്ടമില്ലാതെ കുട്ടികളെ ഹോട്ടലിലോ അവിടത്തെ നീന്തൽക്കുളത്തിനരികെയോ കൺവെൻഷൻ സ്ഥലത്തോ തനിച്ചു വിടരുത്.
5 കൺവെൻഷനു മുമ്പുതന്നെ കുട്ടികളുമൊത്ത്, അവർ എങ്ങനെയാണു പെരുമാറാൻ പ്രതീക്ഷിക്കുന്നത് എന്ന കാര്യം പരിചിന്തിക്കുന്നത് സഹായകമാണെന്ന് ചില മാതാപിതാക്കൾ കണ്ടെത്തിയിരിക്കുന്നു. (എഫെ. 6:4) യഥാർഥ ക്രിസ്തീയ സ്നേഹം “അയോഗ്യമായി നടക്കുന്നില്ല” അല്ലെങ്കിൽ “സ്വാർത്ഥം അന്വേഷിക്കുന്നില്ല” എന്നു മനസ്സിലാക്കാൻ അവർ തങ്ങളുടെ മക്കളെ സഹായിക്കുന്നു. (1 കൊരി. 13:5) യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിന് നീക്കിവെക്കപ്പെട്ടിരിക്കുന്ന ഒരു സമയമാണ് ഡിസ്ട്രിക്റ്റ് കൺവെൻഷൻ. കൺവെൻഷൻ സ്ഥലത്തും അതുപോലെ മറ്റ് ഇടങ്ങളിലും തങ്ങൾ കാഴ്ചവെക്കുന്ന പെരുമാറ്റത്താൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഈ ക്രമീകരണത്തോട് ആദരവു കാണിക്കാൻ കഴിയും.—യെശ. 54:13.
6. നമ്മുടെ നല്ല നടത്തയ്ക്ക് മറ്റുള്ളവരുടെ മേൽ എന്തു ഫലം ഉളവാക്കാൻ കഴിയും?
6 നമ്മുടെ നല്ല നടത്തയിലൂടെ തെറ്റിദ്ധാരണകൾ തിരുത്താനും ആളുകളെ സത്യാരാധനയിലേക്ക് ആകർഷിക്കാനും നമുക്കു സാധിക്കും. (മത്താ. 5:16; 1 പത്രൊ. 2:12) ഡിസ്ട്രിക്റ്റ് കൺവെൻഷൻ സമയത്ത് നമ്മളുമായി സമ്പർക്കത്തിൽ വരുന്ന ഏവർക്കും നമ്മുടെ പ്രവൃത്തികളും നാം അവരോട് ഇടപെടുന്ന വിധവും അനുകൂലമായ ഒരു സാക്ഷ്യം നൽകുമാറാകട്ടെ. അതുവഴി, നാം നമ്മെത്തന്നെ ‘സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്കുകയും’ യഹോവയ്ക്ക് മഹത്ത്വം കരേറ്റുകയും ചെയ്യും.—തീത്തൊ. 2:7.
[4-ാം പേജിലെ ചതുരം]
മറ്റുള്ളവരോടു പരിഗണന കാണിക്കുക
▪ നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന മുറി മാത്രം ബുക്ക് ചെയ്യുക
▪ ഹോട്ടലിലെ റിസപ്ഷനിൽ തിരക്കുള്ള സമയത്ത് ക്ഷമ പ്രകടമാക്കുക
▪ കൺവെൻഷൻ സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നതിൽ സഹകരിക്കുക
▪ കുട്ടികളുടെ കാര്യത്തിൽ ശരിയായ മേൽനോട്ടം ഉണ്ടായിരിക്കുക
▪ ഉചിതമായ ടിപ്പ് നൽകുക